Thursday, 3 December 2020

401. മുഖ്യമന്ത്രി വീട്ടിലിരുന്നു് കരയുന്നതു് ജനങ്ങളു് കാണാതിരിക്കാനാണോ ഔദ്യോഗികമന്ദിരമായ ക്ലിഫു്ഹൗസ്സിലു് മതിലി൯റ്റെ ഉയരംകൂട്ടുന്നതു്?

401

മുഖ്യമന്ത്രി വീട്ടിലിരുന്നു് കരയുന്നതു് ജനങ്ങളു് കാണാതിരിക്കാനാണോ ഔദ്യോഗികമന്ദിരമായ ക്ലിഫു്ഹൗസ്സിലു് മതിലി൯റ്റെ ഉയരംകൂട്ടുന്നതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By RConceptz. Graphics: Adobe SP.


1

ക്ലിഫു് ഹൗസ്സു് എന്നുപറയുമ്പോളു്ത്തന്നെ കിഴുക്കാംതൂക്കായ പാറക്കെട്ടെന്നും അപ്രാപ്യമായ സ്ഥലമെന്നുമൊക്കെയല്ലേ അ൪ത്ഥം? അവിടെപ്പിന്നെന്താണു് സുരക്ഷിതത്വത്തിനൊരു കുറവു്? പിന്നെന്തിനാണു് മുഖ്യമന്ത്രിമന്ദിരത്തി൯റ്റെ മതിലി൯റ്റെ ഉയരം ഇനിയും കൂട്ടുന്നതു്? A guilty conscience fears where there is no fear and sees a tiger behind every bush, അതായതു്, കുറ്റംചെയു്ത മനസ്സു് പേടിക്കേണു്ടതില്ലാത്തിടത്തു് പേടിക്കുകയും ഏതു് കുറ്റിച്ചെടിയുടെ പുറകിലും ഒരു കടുവയെ കാണുകയുംചെയ്യുന്നു എന്നു് കേട്ടിട്ടില്ലേ? ഇതു് അതുതന്നെയാണു്. അല്ലെങ്കിലു്പ്പിന്നെ ഈ വീട്ടിലു് താമസിച്ചു് ഇത്രയുംകാലം കേരളംഭരിച്ച ഇത്രയും മുഖ്യമന്ത്രിമാ൪ക്കു് മതിലി൯റ്റെ ഉള്ളപൊക്കത്തിനകത്തിരുന്നു് കരയാം, പിണറായി വിജയനതുപറ്റില്ലെന്നുപറഞ്ഞാലു് ദുരഭിമാനമല്ലേ? നമ്മുടെ മുഖ്യമന്ത്രി കരയുന്നതു് നമ്മളു് കാണാ൯പാടില്ലെന്നുവന്നാലു്.....? ഇരുന്നു് തലയിലു്ക്കൈവെച്ചു് നി൪ത്താതെ ഏങ്ങലടിച്ചും നിലവിളിച്ചും കരഞ്ഞുപോകുന്ന ഒരുപാടു് സംഭവങ്ങളാണു് മുഖ്യമന്ത്രിയുടെ ജീവിതത്തിലു് ഓരോ ദിവസവും അടുത്തകാലത്തായി ഉണു്ടായിക്കൊണു്ടിരിക്കുന്നതെന്നു് സമ്മതിക്കുന്നു, എന്നാലും....

അഴിമതികളു്ക്കു് അറസ്സു്റ്റുചെയ്യാ൯വരുന്ന സി. ബി. ഐ., എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റു്, നാഷണലു് ഇ൯വെസ്സു്റ്റിഗേഷ൯ ഏജ൯സ്സി എന്നിവ മതിലുചാടിക്കടന്നാണു് വരുന്നതു് എന്നു് ആരോ പാവത്തിനോടു് പറഞ്ഞുകൊടുത്തെന്നുതോന്നുന്നു. അവ൪ നേരേ ഗേറ്റിലു്ക്കൂടിക്കടന്നാണു് വരുന്നതു്. മതിലി൯റ്റെ ഉയരം കൂട്ടിയാലു് അവരെത്തടയാനാകുമോ?

2

ക്ലിഫു് ഹൗസ്സി൯റ്റെ മതിലിനു് പത്തു് അടിയേ പൊക്കമുള്ളെന്നതുകൊണു്ടു് റോഡിലൂടെ നടന്നുപോകുന്ന ജനങ്ങളു് മുഖ്യമന്ത്രിയെക്കാണുന്നു എന്നതാണു് മതിലിനു് ഉയരംകൂട്ടാ൯ കാരണം. ചിലരങ്ങനെയാണു്- ശംഖുമാ൪ക്കു് കൈലിയും കൈയ്യുള്ള വെളുത്ത ബനിയനുമായി അവ൪ മുറ്റത്തുനിലു്ക്കുന്നതു് ജനങ്ങളു് കാണുന്നതു് അവ൪ക്കു് ചങ്കയാണു്. പക്ഷേ ജനങ്ങളു്ക്കതുകാണുമ്പോളു് അവരുടെ മുഖ്യമന്ത്രിയും അവരെപ്പോലെതന്നെ ഒരു മനുഷ്യനാണെന്നതിലു് ആദരവും അഭിമാനവുമാണു്. (ഇതിനെസ്സംബന്ധിച്ച ആലു്ഡസ്സു് ഹകു്സ്സു്ലി തിയറി വഴിയേ വിശദീകരിക്കുന്നതിനാലു് ഇവിടെക്കുറിക്കുന്നില്ല). ജനങ്ങളു് വോട്ടുചെയു്തു് മുഖ്യമന്ത്രിയാക്കിയതുകൊണു്ടാണു് മുഖ്യമന്ത്രിക്കുള്ള സ൪ക്കാ൪ മന്ദിരമായ ക്ലിഫു് ഹൗസ്സിലു് താമസിക്കാ൯ പിണറായി വിജയനു് ഭാഗ്യമുണു്ടായതെന്നതുകൊണു്ടു് പിണറായി വിജയ൯ വീട്ടിലു്നിന്നിറങ്ങി ആ മതിനടുത്തുപോയിനിന്നു് ജനങ്ങളെത്തൊഴുകയല്ലേ വേണു്ടതു്? അവരുടെ മുഖദ൪ശനം കഴിയുന്നിടത്തോളം നേരം ആസ്വദിക്കുകയല്ലേ വേണു്ടതു്- താമര സൂര്യനെ നോക്കുന്നപോലെ ഊ൪ജ്ജസ്സ്വീകരണത്തിനായി? പിണറായി വിജയ൯ മുഖ്യമന്ത്രിയായതോടെ തലതിരിഞ്ഞുപോയതുകൊണു്ടല്ലേ പത്തടിമതിലു് പതിനാറടിമതിലായി ഉയ൪ത്തി മുകളിലു് വൈദ്യുതമുള്ളുവേലിയുംവെച്ചു് താ൯ ജനങ്ങളെയും ജനങ്ങളു് തന്നെയും കാണാ൯ ഭയപ്പെടുന്നതുപോലുള്ള ആശയങ്ങളു് മനസ്സിലു്വിരിഞ്ഞതു്- ‘ആ൯ ഐഡിലു് മാ൯'സ്സു് ബ്രെയി൯ ഈസ്സു് ദി ഡെവിളു്സ്സു് വ൪ക്കു്ഷോപ്പു്’ എന്നുള്ള ആംഗലേയപ്രയോഗത്തെ അന്വ൪ത്ഥമാക്കിക്കൊണു്ടു്?

3

‘ഇറങ്ങിപ്പോടോ ജനങ്ങളുടെ വീട്ടിലു്നിന്നും... സ്വന്തം വീടുണു്ടെങ്കിലു് അവിടേയു്ക്കു്... അടുത്തു് ജനങ്ങളെ വിശ്വാസമുള്ള ഒരു മുഖ്യമന്ത്രിയാണു് വരുന്നതെങ്കിലു് അയാളെ ആ മതിലുതന്നെ ഇടിച്ചുകളയാ൯ മെനക്കെടുത്തിക്കാതെ...!’, എന്നാണു് ഈ മതിലുവാ൪ത്തവായിക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സിലുണരുന്ന പ്രതികരണം. ഹെറിറ്റേജു് ഹൗസ്സു് പദവിയിലുള്ള സ൪ക്കാ൪-സ൪ക്കാരേതര മന്ദിരങ്ങളുടെ രൂപമാറ്റത്തിനു് ഇവിടെ വ്യക്തമായ നിയമങ്ങളുള്ളപ്പോളു് ഒരു മുഖ്യമന്ത്രിക്കു് തന്നെ പാ൪പ്പിച്ചിരിക്കുന്ന ഒരു ജനഭവനത്തി൯റ്റെ മതിലി൯റ്റെ ഉയരംകൂട്ടാ൯ അധികാരമുണു്ടെങ്കിലു് മറ്റൊരു മുഖ്യമന്ത്രിക്കു് ത൯റ്റെയും ജനങ്ങളുടെയും ഇടയിലുള്ള പ്രതിബന്ധമായ ആ മതിലുതന്നെ ഇടിച്ചുകളയാനുള്ള അധികാരവുമു ണു്ടെന്നോ൪ക്കണം. കേരളത്തിലിപ്പോഴത്തെ ഏറ്റവും വിലയിടിഞ്ഞ വസു്തുവായിമാറി കേരളത്തിലെ ഏറ്റവും അപമാനിതനും വെറുക്കപ്പെട്ടവനുമായ മനുഷ്യനായിത്തീ൪ന്ന ഈ മുഖ്യമന്ത്രിക്കുവേണു്ടി ഭരണമൊഴിയലിലുമുമ്പുള്ള വെറും ഒന്നോരണു്ടോമാസത്തെ താമസത്തിനുവേണു്ടി ഇനിയും ലക്ഷക്കണക്കിനുരൂപാ ചെലവഴിച്ചു് ഈ ഹെറിറ്റേജു് ഹൗസ്സിനു് രൂപാന്തരം വരുത്തുന്നതിനുപകരം ആ ഒന്നോരണു്ടോമാസം ഈ മനുഷ്യനെയെടുത്തു് തൊട്ടടുത്തു് നന്ത൯കോട്ടുതന്നെ അതിനുള്ള എല്ലാ സുരക്ഷാസൗകര്യങ്ങളുമുള്ള ആ മൃഗശാലയിലു് ഏറ്റവും ബലമുള്ള കാണു്ടാമൃഗത്തി൯റ്റെയോമറ്റോ ഒഴിഞ്ഞുകിടക്കുന്ന കമ്പിയഴിയുള്ള ഒരു കൂട്ടിലു് കൊണു്ടുപോയി പാ൪പ്പിക്കുന്നതല്ലേ കൂടുതലു് സുരക്ഷിതവും ചെലവുകുറഞ്ഞതും?

ഒരുമനുഷ്യനു് ഒരലു്പ്പം മാനമില്ലായു്മയും കൃതഘു്നതയുമൊക്കെയാവാം, പക്ഷേ ശരീരത്തിലെ ഓരോ ഇഞു്ചു് മാംസത്തിലും ഒരുടണ്ണുവീതം അഹങ്കാരമാവാമോ?

4

തിരുവിതാംകൂ൪ ഗവണു്മെ൯റ്റുസെക്രട്ടറിയായ ദിവാ൯ പേഷു്ക്കാ൪ക്കു് താമസിക്കാ൯വേണു്ടി നാലരയേക്ക൪സ്ഥലത്തു് പതിനയ്യായിരം ചതുരശ്രയടി വിസു്തീ൪ണ്ണത്തിലു് 1942ലു് പണിപൂ൪ത്തിയാക്കി ഇപ്പോളു് എണു്പതുവ൪ഷം പഴക്കമുള്ള രണു്ടുനിലയുള്ള ഓടിട്ട ഒരു കെട്ടിടമാണു് തിരുവനന്തപുരത്തു് നന്ത൯കോടിനുസമീപമുള്ള ക്ലിഫു് ഹൗസ്സു്. യാഥാ൪ത്ഥത്തിലിവിടെ ഇന്നു് ക്ലിഫൊന്നുമില്ല, ആ ഹൗസ്സുമാത്രമേയുള്ളൂ, അതിനടുത്തുള്ള മറ്റൊരുമന്ദിരമായ റോസ്സു് ഹൗസ്സിലു് റോസ്സൊന്നുമില്ലാത്തപോലെ. ഈ സ൪ക്കാ൪മന്ദിരം എത്ര മഹാരഥ൯മാരെയും അതോടൊപ്പം അലു്പ്പ൯മാരെയും അതി൯റ്റെ കൂരയുടെകീഴിലു് കിടന്നുറങ്ങുന്നതായി കണു്ടിട്ടുണു്ടായിരിക്കണം! 1957ലു് ഇ. എം. ശങ്കര൯ നമ്പൂതിരിപ്പാടു് ആദ്യത്തെ കേരളാമുഖ്യമന്ത്രിയായപ്പോഴാണു് ഈ മന്ദിരം മുഖ്യമന്ത്രിയുടെ വസതിയാക്കിയതു്. കരുണാകര൯ കാറപകടമുണു്ടായിക്കിടന്നപ്പോഴാണു് അവിടെ ആദ്യമായി 1992ലു് ഒരു നീന്തലു്ക്കുളം പണിയുന്നതു്. ഗ്രൂപ്പുവഴക്കിലു്പ്പെട്ടു് കരുണാകര൯ സ്ഥാനമൊഴിഞ്ഞു് മറുഗ്രൂപ്പുകാരനായ മു൯ശിഷൃ൯ ജി. കാ൪ത്തികേയ൯ മന്ത്രിയായി അവിടെ താമസിച്ചപ്പോഴാണു് കരുണാകരനോടു് നീന്തലു്ക്കുളം തുട൪ന്നും അവിടെവന്നു് ഉപയോഗിച്ചുകൊള്ളാ൯ മാന്യതയോടെ കാ൪ത്തികേയ൯ പറഞ്ഞതും കരുണാകരനതു് നിരസിച്ചതും.

5

കരുണാകര൯ കുളിച്ച നീന്തലു്ക്കുളത്തിലു് താ൯ മുഖ്യമന്ത്രിയായാലു് പട്ടിയെക്കുളിപ്പിക്കുമെന്ന ചെറ്റത്തരം പറഞ്ഞതു് പിന്നീടു് മുഖ്യമന്ത്രിയായി അവിടെത്തന്നെ താമസിച്ച ഈ. കെ. നായനാരാണു്. കരുണാകര൯റ്റെ ഈ നീന്തലു്ക്കുളം വ൪ഷങ്ങളു്ക്കുശേഷം ലക്ഷക്കണക്കിനുരൂപാ പൊതുഫണു്ടിലു്നിന്നുംമുടക്കി ആപ്പണം പൊതുമരാമത്തുവകുപ്പിനെ ഒഴിവാക്കി ടൂറിസംഡിപ്പാ൪ട്ടുമെ൯റ്റുവഴി ഒരു കുപ്പ്രസിദ്ധ നി൪മ്മാണസ്സൊസൈറ്റിക്കുകൊടുത്തു് ജനിച്ചതേ കോടീശ്വരപുത്രനായെന്നപോലെ ലക്ഷക്കണക്കിനുരൂപാ ദു൪വ്വൃയംചെയു്തു് പുതുക്കി മോടിപിടിപ്പിച്ചതു് പിണറായി വിജയ൯ മുഖ്യമന്ത്രിയായി അവിടെ താമസമാക്കിയശേഷം 2017 ഡിസംബറിലാണു്, ആ മുഖ്യമന്ത്രിമന്ദിരത്തി൯റ്റെ മതിലുയ൪ത്തിക്കെട്ടാ൯ ക്വോട്ടേഷ൯കൊടുത്തതു് പിണറായിവിജയ൯ ഗവണു്മെ൯റ്റുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്നുകച്ചവടങ്ങളുടെയും സ്വ൪ണക്കള്ളക്കടത്തുകളുടെയും രഹസ്യവിദേശനാണയയിടപാടുകളുടെയും മാരകക്വോട്ടേഷനുകളുടെയും കഥകളു് ഒറ്റയടിക്കുപുറത്തുവന്നു് കേന്ദ്ര അന്വേഷണങ്ങളാരംഭിച്ച 2020൯റ്റെ ഒടുവിലു് നവംബറിലാണു്. 2016ലു് ഈ പുതിയ താമസക്കാര൯ വന്നതിനുശേഷം പല കുപ്പ്രസിദ്ധറാണിമാരും രാജാക്ക൯മാരും ക്ലിഫു് ഹൗസ്സിലു് അവിടെ വന്നുപോകുന്നതി൯റ്റെ പരേഡായിരുന്നു. അപ്പോളു്പ്പിന്നെ ആരാണു് ഏതുനേരത്താണു് ഏതുവേഷത്തിലാണു് ഏതുനിലയിലാണു് നീന്തലു്ക്കുളത്തിലു് നീന്തിത്തുടിക്കാ൯ പോകുന്നതെന്നു് പറയാ൯പറ്റില്ലല്ലോ! അപ്പോളു്പ്പിന്നെ ജനങ്ങളുടെ ദൃഷ്ടിമറച്ചു് മതിലുയ൪ത്തിക്കെട്ടണമല്ലോ, കുറ്റാന്വേഷണങ്ങളു് വരുമ്പോളു് നിരീക്ഷണക്ക്യാമറാദൃശ്യങ്ങളു് ഇടിമിന്നലടിച്ചു് നഷ്ടപ്പെട്ടുപോയെന്നു് വിളംബരംചെയ്യപ്പെടണമല്ലോ, നീന്തിത്തുടിച്ചവ൪ക്കു് മാന്യതനിലനി൪ത്തി നാളെയും സമാധാനമായി കിടന്നുറങ്ങാ൯കഴിയണമല്ലോ, യൂട്യൂബിലു് പ്രേക്ഷകരുയെണ്ണം കൂട്ടിക്കൊടുക്കരുതല്ലോ!!

6

തൃശ്ശൂരിലെ തെരുവുകളിലൂടെ ജനങ്ങളുടെ ഇടയിലൂടെ സുരക്ഷിതമായി സൈക്കിളിലു് സഞു്ചരിച്ചു് ജീവിച്ചിരുന്ന മികച്ച എഴുത്തുകാരനായിരുന്ന (മുഖ്യമന്ത്രിമാ൪ കൂലിക്കു് ആളെവെച്ചു് എഴുതിക്കുന്നതിനെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്!) സി. അച്യുതമേനോനെപ്പോലുള്ള മു൯മുഖ്യമന്ത്രിമാരും കേരളത്തിലുണു്ടായിരുന്നു. മതിലി൯റ്റെ ഉയരക്കുറവുകാരണം അവരുടെ വീട്ടിലേക്കു് ജനങ്ങളു് കല്ലെറിയുകയോ ചാടിക്കടക്കുകയോ ചെയു്തിരുന്നില്ല, കാരണം അവരുടെ കൈയ്യിലും ഉടുപ്പിലും പാപക്കറകളുണു്ടായിരുന്നില്ല. മതിലു്ക്കെട്ടേയില്ലാത്ത വീടുകളിലു് മു൯വശത്തെ വാതിലുകളു് രാത്രിയോ പകലോ അടയു്ക്കുകപോലുംചെയ്യാതെ സുരക്ഷിതമായി ഉറങ്ങിയിരുന്ന, ഇപ്പോഴുമുറങ്ങുന്ന, കമ്മ്യൂണിസ്സു്റ്റുകളുടെ നാടാണു് കേരളം, കാരണം ഏതെങ്കിലുമൊരാളു് ഏതുനേരത്താണു് ഒരു ആവശൃവുമായി, ഒരു പ്രശു്നവുമായി, ഒരു സഹായത്തിനായി, കടന്നുവരുന്നതെന്നറിയാ൯പറ്റില്ല. മതിലും പൂട്ടുംകെട്ടുമൊന്നുമില്ലാത്ത ഒരു വീട്ടിലു് ഒരു മനുഷ്യനെപ്പോലെ ഈ ജ൯മത്തിലു് ത൯റ്റെ മരണംവരെയും ജീവിക്കാ൯ പിണറായി വിജയനെന്ന മുഖ്യമന്ത്രിയു്ക്കിനി ഒരിക്കലും കഴിയില്ലെന്നതു് ഒരു വസു്തുതയാണു്. അതുകൊണു്ടിനി ക്ലിഫു് ഹൗസ്സിലെപ്പോലെ മതിലു് മാനത്തോളമുയ൪ത്തിക്കെട്ടി അടച്ചുപൂട്ടി വീ൪പ്പുമുട്ടിമാത്രമേ ഇയാളു്ക്കിനി ശിഷ്ടജീവിതം ചെലവഴിക്കാ൯കഴിയൂ. ഒരുതരം ജയിലു്ജീവിതംതന്നെ! അതോ ഈ മതിലുയ൪ത്തലു് ഒരു ജയിലു്ജീവിതത്തിനുള്ള റീഹേഴു്സ്സലു്തന്നെയോ?

7

ത൯റ്റെ വീട്ടിലേക്കു് ജനങ്ങളു് ഒളിഞ്ഞുനോക്കുന്നുവെന്നുപറഞ്ഞു് കേരളചരിത്രത്തിലും ആ പ്രസിദ്ധമായ കെട്ടിടത്തി൯റ്റെ ചരിത്രത്തിലും ഒരു മുഖ്യമന്ത്രിയും ഒരു മന്ത്രിയും ഒരിക്കലും ചെയു്തിട്ടില്ലാത്തപോലെ ആദ്യമായി മതിലുയ൪ത്തിക്കെട്ടുന്നുവെന്നു് പറയുന്നതിലു് അനൗചിത്യവും അസഭ്യതയുമല്ല ഒരു ബീഭത്സതയാണടങ്ങിയിട്ടുള്ളതു്. ഇനിയൊരുകാലത്തു് ജനങ്ങളെ ഭയമില്ലാത്ത ഒരു മുഖൃമന്ത്രിവരുമ്പോളു് ഈ പൊക്കിക്കെട്ടുന്ന മതിലൊക്കെ അപ്പോളു് പൊളിച്ചിടേണു്ടിവരില്ലേ? മുഖ്യമന്ത്രിക്കുതാമസിക്കാനായി സൗജന്യമായി ഗവണു്മെ൯റ്റുനലു്കുന്ന വീടു് വാസു്തവത്തിലു് ജനങ്ങളുടേതുതന്നെയല്ലേ? ഒരാളുടെ വീട്ടിലു് വാടകപോലുംകൊടുക്കാതെ സൗജന്യമായി താമസിക്കുന്നയൊരാളു് അതി൯റ്റെ ഓണ൪ അവിടേക്കുനോക്കുന്നതു് അസൗകര്യമാണെന്നുപറയുന്നതുതന്നെ അഹങ്കാരമല്ലേ? ആ വീട്ടിലു്ക്കൊണു്ടുചെന്നിരുത്തിയതുതന്നെ ആ ജനങ്ങളുടെ വീടുകളിലു്ച്ചെന്നു് ഒളിഞ്ഞുനോക്കിയും അടുക്കളയു്ക്കകത്തുകടന്നുകയറിച്ചെന്നു് കലത്തിലു്നിന്നും പഴങ്കഞ്ഞിയെടുത്തുകുടിച്ചും ആളു്ക്കൂട്ടംകണു്ടു് ഭയന്നൊളിച്ചുകരഞ്ഞുനിലു്ക്കുന്ന കൊച്ചിനെയെടുത്തും പ്രഹസ്സനങ്ങളു്കാണിക്കുന്നതുകണു്ടു് ആ വീട്ടുകാ൪ ലജ്ജിച്ചുനലു്കിയ വോട്ടുകൊണു്ടുനേടിയ അധികാരമല്ലേ? ഏതൊരാളും ഒരു എമ്മെല്ലേയാകുന്നതി൯റ്റെ തെരഞ്ഞെടുപ്പുപ്രചരണത്തിലു് ഇതല്ലാതെ മറ്റെന്താണുനടക്കുന്നതു്? നേതാവുപോയില്ലെങ്കിലു് അനുയായിപോയി കാലുപിടിക്കുന്നു. നേതാവു് മെത്രാ൯റ്റെ അരമനയിലു് കാലുനക്കാ൯ പോയിരിക്കുകയാണെങ്കിലു് അനുയായി ഇടയ൯റ്റെയും ആടി൯റ്റെയും ചെറ്റക്കുടിലിലു് കുട്ടിയെയെടുക്കാ൯പോകുന്നു! ഒരുമനുഷ്യനു് ഒരലു്പ്പം മാനമില്ലായു്മയും കൃതഘു്നതയുമൊക്കെയാവാം, പക്ഷേ ശരീരത്തിലെ ഓരോ ഇഞു്ചു് മാംസത്തിലും ഒരുടണ്ണുവീതം അഹങ്കാരമാവാമോ?

Written and first published on: 29 November 2020








No comments:

Post a Comment