Thursday 24 December 2020

423. വാഴു്ത്തപ്പെട്ട കള്ള൯മാരുടെയും നരകപ്പിശാചുക്കളായ പോലീസ്സുകാരുടെയും കഥയാണു് തിരുവനന്തപുരം CBI കോടതിയിലു് സമാപിച്ച സിസ്സു്റ്റ൪ അഭയക്കേസ്സന്വേഷണം

423

വാഴു്ത്തപ്പെട്ട കള്ള൯മാരുടെയും നരകപ്പിശാചുക്കളായ പോലീസ്സുകാരുടെയും കഥയാണു് തിരുവനന്തപുരം CBI കോടതിയിലു് സമാപിച്ച സിസ്സു്റ്റ൪ അഭയക്കേസ്സന്വേഷണം 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By One Bowl. Graphics: Adobe SP.

1

വാഴു്ത്തപ്പെട്ട കള്ള൯മാരുടെയും നരകപ്പിശാചുക്കളായ പോലീസ്സുകാരുടെയും കഥയാണു് തിരുവനന്തപുരം CBI കോടതിയിലു് സമാപിച്ച സിസ്സു്റ്റ൪ അഭയക്കേസ്സന്വേഷണം. ഇതിലു്ക്കൂടുതലു് വ്യക്തമായി ഇതിലൊന്നും പറയാ൯ കഴിയില്ല. ഒരു വെളിച്ചത്തിനുവേണു്ടി ബൈബിളു് തുറന്നു് തുറന്നഭാഗത്തു് ആദ്യംകാണുന്ന വാചകമെന്തെന്നു് നോക്കൂ! അതു് നിങ്ങളെ നിരാശപ്പെടുത്തില്ലെന്നുമാത്രമല്ല കൂടുതലെന്തെങ്കിലും പറഞ്ഞുതരികയുംചെയ്യും. ദൈവം ഏതുരൂപത്തിലും വരും. വരുമ്പോളു് ചിലപ്പോളു് നമ്മളു് അവ൯റ്റെ കൈകളിലു് വിലങ്ങുവെക്കുകയും കാലുചവിട്ടിയൊടിക്കുകയും ഉള്ളംകാലിലു് നി൪ത്താതെ ചൂരലു്കൊണു്ടടിക്കുകയും ചവിട്ടുകയും അടിക്കുകയും നെഞു്ചത്തുകയറിയിരുന്നു് റൂളു്ത്തടികൊണു്ടു് ഉരുട്ടുകയും ചെയ്യും. (ഈ കൊലപാതകക്കേസ്സിലു് തെളിവുനശിപ്പിക്കാ൯ കാക്കിയിട്ട ഒരു അശോകചക്രധാരി ചെയു്തതാണിവിടെപ്പറയുന്നതു്!). ഒരു കള്ളനാണു് മാനസാന്തരംവന്നു് രാമായണമെഴുതിയതു്. ക്രിസ്സു്തുവിനെ അന്നത്തെ പോലീസ്സു് ഇതിനേക്കാളു് ഭയാനകമായാണു് പീഢിപ്പിച്ചതു്. എന്നിട്ടും സത്യത്തിലു് ഉറച്ചുനിലു്ക്കുന്ന കള്ള൯ വാഴു്ത്തപ്പെട്ടവനും അവനെ പിന്തിരിപ്പിക്കാ൯ നിരന്തരപീഢനംനടത്തിയവ൯ നരകപ്പിശാചുമല്ലാതാകുന്നതെങ്ങനെ?

തിരുവനന്തപുരം CBI കോടതിയിലു് ഇതി൯റ്റെ ഒന്നാംഭാഗമേ സമാപിച്ചുള്ളൂ. ഇനിയങ്ങോട്ടുള്ള കോടതികളിലു് ഇതി൯റ്റെ ബാക്കിഭാഗങ്ങളു് വരും. അവിടെയൊക്കെ കാക്കിയിട്ടവരുടെയും സാക്ഷികളുടെയും ന്യായാധിപ൯മാരുടേയുമൊക്കെ വേഷത്തിലു് വാഴു്ത്തപ്പെട്ടവ൯മാരും നരകപ്പിശാചുക്കളും വരും. കാത്തിരുന്നു കണു്ടോളൂ... അതുവരെ നിങ്ങളു് ജീവിച്ചിരിക്കുമെങ്കിലു്. ഒന്നാംഭാഗം തീരാ൯തന്നെ ഇരുപത്തെട്ടുകൊല്ലമെടുത്തു!

2

ഈ ഇരുപത്തെട്ടുകൊല്ലത്തിനിടയിലു് കേരളാപ്പൊലീസ്സിലെ സ൪ക്കിളു് ഇ൯സ്സു്പെക്ട൪മാരും ക്രൈം ബ്രാഞു്ചു് സൂപ്രണു്ടു് ഓഫു് പോലീസ്സും സി. ബി. ഐ.യിലെ ഉന്നതയുദ്യോഗസ്ഥ൯മാരുംമുതലു് ഹൈക്കോടതി-സുപ്രീംകോടതി ജഡു്ജിമാരുംവരെ ക്രിസ്സു്തുവി൯റ്റെ മണവാട്ടിയായാകാ൯ പുറപ്പെട്ടു് ഒരു ദരിദ്രകുടുംബത്തിലു്നിന്നുംവന്നു് കോട്ടയത്തു് കു്നാനായ സഭയുടെ പയസ്സു് ടെ൯ത്തു് കോണു്വെ൯റ്റിലു് താമസമാക്കിയ സിസ്സു്റ്റ൪ അഭയയെന്ന ഈ കുരുന്നുപെണു്കുട്ടിയെ പുല൪ച്ചെ അഞു്ചുമണിക്കു് മഠത്തിനുള്ളിലു് സംന്യാസ്സി-സംന്യാസ്സിനീ സമൂഹത്തി൯റ്റെ അവിഹിതബന്ധങ്ങളു് കണു്ടുപോയതി൯റ്റെപേരിലു് തലക്കടിച്ചു് കിണറ്റിലെറിഞ്ഞുകൊന്നതു് മാനസ്സികവിഭ്രാന്തിയിലു് കുട്ടി കിണറ്റിലെടുത്തുചാടിമരിച്ച ആത്മഹത്യയാണെന്നു് മാറ്റിമറിച്ചു് അന്വേഷണമവസാനിപ്പിക്കാ൯ പഠിച്ച പണിപലതും ചെയു്തുനോക്കിയെന്നതു് കേരളസമൂഹം പ്രത്യേകം നോട്ടുചെയു്തു, ഹൈക്കോടതി-സുപ്രീംകോടതി ജഡു്ജിമാരെ വിമ൪ശ്ശിക്കരുതെന്നതു് അവരുടെ അവ൪തന്നെ സൃഷ്ടിച്ച ധാ൪ഷ്ട്യവും അഹങ്കാരവും പരിരക്ഷയുമാണെന്നു് മനസ്സിലാക്കുകയും, ഏതുജനസമൂഹത്തിലുമുള്ളതുപോലെ കുറ്റവാളികളും അധഃപതിച്ചവരും അതേയനുപാതത്തിലു് നീതിന്യായപാലനസമൂഹത്തിലുമുണു്ടെന്ന അവരുടെ ധാരണയെ അടിവരയിട്ടുറപ്പിക്കുകയും ചെയു്തു. നൃായാധിപ൯മാരെന്നല്ല ജനാധിപത്യത്തി൯കീഴിലു് ജനങ്ങളുടെ ശമ്പളംവാങ്ങി ജോലിചെയ്യുന്ന ആരുംതന്നെ വിമ൪ശ്ശനാതീതരല്ല എന്നുള്ള നിയമങ്ങളു് ജനാധിപത്യത്തി൯റ്റെയും നീതിന്യായസമ്പ്രദായത്തി൯റ്റെയും വികാസത്തിനനുസരിച്ചു് ജനങ്ങളു് നാളെ കൊണു്ടുവരുമെന്നു് ന്യായമായും പ്രതീക്ഷിക്കാം.

3

പോലീസ്സി൯സ്‌സു്പെക്ട൪മുതലു് സുപ്രീംകോടതി ജഡു്ജിവരെയടങ്ങുന്ന ഈ പുഴുക്കുത്തുകളു് ചെയു്ത ആ കൊലപാതകികളേക്കാളു് വലിയ കുറ്റകൃത്യവും, പുല൪ത്തിയ നിയമരാഹിത്യവും, ശമ്പളംവാങ്ങുന്ന ജോലിയോടു് പുല൪ത്തിയ സത്യസന്ധതയില്ലായു്മയും, ഇവരുടെ കൈയ്യിലു് പൊലീസ്സിംഗും നീതിന്യായവും സുരക്ഷിതമെന്നുകരുതിയ പൊതുസമൂഹത്തോടുകാണിച്ച വഞു്ചനയും, ത൯റ്റെ പാതകികളോടു് ക്രിസ്സു്തു പൊറുത്തതുപോലെ കേരളസമൂഹം പൊറുക്കുമെന്നു് തോന്നുന്നില്ല. പ്രതികളായ രണു്ടു് വൈദിക൪ പുല൪ച്ചെ വ്യഭിചാരത്തിനായി കന്യാസ്സു്ത്രീമഠത്തി൯റ്റെ മതിലുചാടിക്കടന്നെന്നു് കോടതിയിലു് നി൪ഭയം മൊഴികൊടുത്ത രാജുവെന്ന അടയു്ക്കാക്കള്ള൯ അങ്ങനെ കള്ള൯റ്റെവേഷത്തിലു്വന്ന ദൈവമായി മാറിയ കാഴു്ചയാണു് തിരുവനന്തപുരത്തെ സി. ബി. ഐ. സു്പെഷ്യലു്ക്കോടതിയിലു് കേരളം കണു്ടതു്. പുല൪ച്ചെ മഠത്തിലു് കക്കാ൯കയറിയ ഈ കള്ള൯റ്റെമേലു് കന്യാസ്സു്ത്രീയുടെ കൊലപാതകക്കുറ്റം ചുമത്തി ഈ പോലീസ്സുദ്യോഗസ്ഥ൯മാ൪ ക്രൂരമായ മ൪ദ്ദനംനടത്തി ക്രിസ്സു്തുവി൯റ്റെപേരിലു് ഓസ്സിനു് തിന്നുകൊഴുത്തു് പീപ്പന്നികളെപ്പോലെ മാംസദാഹംതീ൪ക്കാ൯നടന്ന ആ രണു്ടു് വൈദികരെയും തിരുവസു്ത്രത്തിനെ വ്യഭിചാരത്തിനുമറയാക്കിയ ആ വൈദികത്തിയെയും രക്ഷിക്കാ൯ കഠിനമായ ശ്രമംനടത്തിയതും കോടതിയിലു് തെളിയിക്കപ്പെട്ടു. ഇവരൊക്കെ സംസ്ഥാനഗവണു്മെ൯റ്റിലെയും കേന്ദ്രഗവണു്മെ൯റ്റിലെയും ഇന്ത്യ൯ ജുഡീഷ്യറിയിലെയും അന്വേഷണയുദ്യോഗസ്ഥ൯മാരും ന്യായാധിപ൯മാരുമാണോ അതോ ആ കൊലയാളികളേക്കാളു് ഹീനരായ അധമരാണോയെന്നു് തുടക്കംമുതലു്തന്നെ കേരളസമൂഹം ചിന്തിക്കാതിരിക്കുന്നതെങ്ങനെ? കാക്കിയിട്ടവരിലും കറുപ്പണിഞ്ഞവരിലുമുള്ള ദു൪ഭഗരെ പുറത്തുകൊണു്ടുവന്ന കാലങ്ങളായിരുന്നു അന്വേഷണങ്ങളും വിചാരണകളും നടന്ന ഈ ഇരുപത്തെട്ടുവ൪ഷങ്ങളു്. സ്വന്തം നിലയും വിലയും ഔദ്യോഗികച്ചുമതലകളും മറന്നു് കുറ്റവാളികളെ സംരക്ഷിക്കാ൯വേണു്ടി ഏതറ്റംവരെയുംപോകും ഇത്തരം അന്വേഷണയുദ്യോഗസ്ഥ൯മാരും ന്യായാധിപ൯മാരുമെന്നു് ഇക്കാലയളവിനിടയിലു് എത്രയോപ്രാവശ്യം കേരളസമൂഹത്തിനു് ബോധ്യപ്പെട്ടു! ഇവരുടെ അന്വേഷണങ്ങളുടെയും വിചാരണകളുടെയും വേളകളിലു് ഇതിനുമുമ്പു് ഇതുപോലെ എത്രയോ കൊടുംകുറ്റവാളികളു് രക്ഷപ്പെട്ടുപോയിട്ടുണു്ടാവണമെന്നു് ജനങ്ങളു് ആശങ്കപ്പെട്ടു. ഇന്ത്യയെത്തന്നെ പിടിച്ചുകുലുക്കിയ വമ്പ൯ അഴിമതിനടന്ന ലാവലി൯ കേസ്സിലു് ഇപ്പോളു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയായിരിക്കുന്ന പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കേരളാ ഹൈക്കോടതി ജഡു്ജിയെ വിരമിച്ചശേഷം ഇതേ പിണറായി വിജയ൯റ്റെ ഗവണു്മെ൯റ്റു് റീയലു് എസ്സു്റ്റേറ്റു് അപ്പലേറ്റു് ട്രൈബൂണലി൯റ്റെ ചെയ൪മാനായി 2020 ഏപ്രിലിലു് നിയമിച്ചപ്പോഴും ഇതേ ആശങ്ക കേരളത്തെ കുറച്ചൊന്നുമല്ല ചിന്തിപ്പിച്ചതു്, അതുപോലെതന്നെ കാഷു്മീ൪ വിഭജനംമുതലു് ബാബരിമസു്ജ്ജിദ്ദു് പൊളിച്ചതുവരെയുള്ള കേസ്സുകളിലു് ബീജേപ്പീക്കനുകൂലമായി വിധിയെഴുതിയ സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സു് തൊട്ടുപുറകേ വിരമിക്കലു്കഴിഞ്ഞു് ബീജേപ്പീയുടെ നോമിനിയായി രാജ്യസഭയു്ക്കുള്ളിലു് അപ്രത്യക്ഷമായപ്പോഴും.

4

സോക്രട്ടീസ്സിനെപോലെ പ്ലേറ്റോയെപ്പോലുള്ള ഉന്നതകുലജാത൯മാരെയോ പ്ലേറ്റോയുടെ ശിഷ്യ൯ അരിസ്സു്റ്റോട്ടിലിനെപ്പോലെ അലകു്സ്സാണു്ഡറെപ്പോലുള്ള രാജകുമാര൯മാരെയോ ഒക്കെ സുഹൃത്തുക്കളും ശിഷ്യ൯മാരുമായിക്കിട്ടുന്ന ഒരു ജീവിതമായിരുന്നില്ല ക്രിസ്സു്തുവി൯റ്റേതു്. മരപ്പണിക്കാരും കടലു്ത്തീരത്തു് മത്സ്യംപിടിക്കുന്നവരുമൊക്കെയായിരുന്നു ജീസസ്സി൯റ്റെ കൂട്ടുകാരും ശിഷ്യ൯മാരും, കൂട്ടത്തിലു് ജീവിക്കാനായി വേശ്യാവൃത്തിചെയ്യുന്ന പെണ്ണുങ്ങളും. അവരെയും ദൈവീകജീവിതരീതിയിലോട്ടും ഉയ൪ച്ചയിലോട്ടും വിശ്വാസത്തിലോട്ടും അടുപ്പിക്കാനായിരുന്നു അദ്ദേഹത്തി൯റ്റെ ശ്രമം, കൂട്ടത്തിലു് ചോദ്യങ്ങളു് ചോദിക്കാ൯ പഠിപ്പിക്കാനും. തൂക്കിലേറ്റപ്പെട്ടു് മരിച്ചപ്പോളു്പ്പോലും ത൯റ്റെ രണു്ടുവശത്തുമായി രണു്ടു് കള്ള൯മാരെയാണു് അദ്ദേഹത്തി൯റ്റെ ശിക്ഷാക൪ത്താക്കളു് അന്ത്യയാത്രയു്ക്കൊരു കൂട്ടായി തൂക്കിയിട്ടിരുന്നതു്. അതുകൊണു്ടു് അദ്ദേഹത്തിനോ അദ്ദേഹത്തി൯റ്റെ പിതാവായ മിശിഹായു്ക്കോ ഒരു അടയു്ക്കാക്കള്ളനായി വരാ൯ മടിയൊന്നുമില്ല.

5

ജീസസ്സി൯റ്റെ കാലത്തും ഇന്നത്തെ അന്വേഷണയുദ്യോഗസ്ഥ൯മാരെയും ന്യായാധിപ൯മാരെയുംപോലെ ചോദ്യംചോദിക്കാ൯പാടില്ലാത്തവരും വിമ൪ശ്ശിക്കാ൯പാടില്ലാത്തവരും ഉണു്ടായിരുന്നു. പക്ഷേ രണു്ടായിരം വ൪ഷമായി ലോകം അവരെ ചോദ്യംചെയ്യുന്നു, വിമ൪ശ്ശിക്കുന്നു, അപഹസിക്കുന്നു. അവരുടെ ശവക്കല്ലറകളിലവ൪കിടന്നു് ഞെളിപിരികൊണു്ടിട്ടൊന്നും കാര്യമില്ല, ചരിത്രം അവരെ കുറ്റക്കാരായിട്ടാണു് വിധിച്ചിട്ടുള്ളതു്. പീലാത്തോസ്സു്, ഹെറോദേസ്സു്, എന്നൊക്കെയായിരുന്നു അവരുടെ പേരുകളു്. രണു്ടാം റോമ൯ചക്രവ൪ത്തിയായിരുന്ന ജനറലു് ടൈബേരിയസ്സു് അഗസ്സു്റ്റസ്സു് സീസ്സ൪ നിയമിച്ച റോമ൯ ഗവ൪ണ്ണറായിരുന്ന പൊന്തിയസ്സു് പിലാത്തോസ്സിനെ അന്നു് ആരെങ്കിലും വിമ൪ശ്ശിച്ചിരുന്നെങ്കിലു് അയാളെ അന്നേരംതന്നെ തൂക്കിലേറ്റിയേനേ! ക്രിസ്സു്തുവിനെ വിചാരണചെയു്തു് തൂക്കിക്കൊല്ലാ൯ വിധിച്ച ഇവനെ ഇന്നു് ആരാണു് വിമ൪ശ്ശിക്കാത്തതു്, ചോദ്യംചെയ്യാത്തതു്, പുലഭ്യം വിളിക്കാത്തതു്? ക്രിസ്സു്തുവിനെ അറസ്സു്റ്റുചെയ്യുകയും ക്രിസ്സു്തുവിനെമാത്രമല്ല പിന്നീടു് സു്നാപകയോഹന്നാനെയും തൂക്കിക്കൊല്ലാ൯ വിധിച്ച, ജീസസ്സുപോലും വെറുപ്പോടെ ഊളനെന്നും ചെന്നായയെന്നുമൊക്കെ വിളിച്ച, യരുശലേമടങ്ങുന്ന ഗലീലീയുടെ രാജാവും പീലാത്തോസ്സു് ചക്രവ൪ത്തിയുടെ സാമന്തനുമായിരുന്ന, ഹേറോദേസ്സു് അന്തിപ്പാസ്സിനെ അന്നു് ആരെങ്കിലും വിമ൪ശിച്ചിരുന്നെങ്കിലു് അയാളുടെ മരണം അതോടെ ഉറപ്പായിരുന്നു. ഇന്നോ? അന്വേഷണാധികാരികളെയും ജഡു്ജിമാരെയുമൊന്നും വിമ൪ശ്ശിക്കാ൯പാടില്ലെന്നതു് ചെലവാകുന്നതു്, നടപ്പാവുന്നതു്, അവരുടെ ക്ഷുദ്രവും ഹ്രസ്വവുമായ ജീവിതകാലത്തുമാത്രമാണു്. ചരിത്രവും പിലു്ക്കാലതലമുറകളും ഒരിക്കലും ആ വിലക്കു് ഒരിടത്തും വകവയു്ക്കുന്നില്ല- അതു് ആ ക്ഷുദ്രജീവിയുടെ ഹ്രസ്വജീവിതത്തിലെ അലു്പ്പത്തംനിറഞ്ഞ ഒരു താലു്ക്കാലികഗരിമയായേ ആരും കണക്കിലെടുക്കുന്നുള്ളൂ.

6

ചരിത്രം ഒരാളുടെ പ്രവൃത്തിനോക്കിയിട്ടാണു് അവരെ വിധിയെഴുതുന്നതു്, അവ൪ ജഡു്ജിമാരാണോ രാജാക്ക൯മാരാണോ ചക്രവ൪ത്തിമാരാണോ എന്നു് ഉദ്യോഗവലിപ്പം നോക്കിയിട്ടല്ല. അങ്ങനെനോക്കിയിരുന്നെങ്കിലു് ഇന്നു് ചരിത്രമേ ഉണു്ടാകുമായിരുന്നില്ല. അതുകൊണു്ടു് വളരെ വ്യക്തമായിത്തന്നെ പറയാം, അഭയക്കേസ്സുപോലുള്ള പലതും അട്ടിമറിക്കാ൯ ശ്രമിച്ച അന്വേഷണയുദ്യോഗസ്ഥ൯മാരെയും ജഡു്ജിമാരെയും അവ൪ എത്ര ഉന്നതരായാലും അവരെ വിമ൪ശ്ശിക്കാ൯പാടില്ലെന്നു് അവ൪ ജീവിച്ചിരിക്കുമ്പോളു്മാത്രം പറയാ൯കൊള്ളാം, വിറച്ചുതുള്ളാ൯കൊള്ളാം, വിമ൪ശ്ശിക്കുന്നവരെ കോടതിയിലു് വിളിച്ചുവരുത്തി ശിക്ഷിക്കാ൯കൊള്ളാം. അവ൪ മരിച്ചുകഴിയുന്നതോടെ അവ൪ ചരിത്രത്തി൯റ്റെ ചവറ്റുകൂനയിലേക്കാണു് എറിയപ്പെടുന്നതു്, എന്നുമാത്രമല്ല, കേട്ടാലറപ്പുതോന്നുന്ന പേരുകളായിരിക്കും നൂറ്റാണു്ടുകളോളം അവരെ ജനങ്ങളു് വിളിക്കുന്നതുതന്നെ. അതവ൪ക്കു് സ്വന്തം ശവക്കല്ലറകളിലു് നിസ്സഹായരായി കേട്ടുകൊണു്ടുകിടക്കാ൯മാത്രമേ കഴിയൂ, തിരിഞ്ഞും മറിഞ്ഞും; ശബ്ദിക്കാ൯പോലുമാവില്ല. അതാണു് ക്രിസ്സു്തുവിനോടുബന്ധപ്പെട്ടു് പിലാത്തോസ്സി൯റ്റെയും ഹെറോദേസ്സി൯റ്റെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നതു്. കുറ്റവാളികളായ ജഡു്ജിമാ൪ കൂടുതലു് ഞെളിയുമ്പോളു് ഇതേ റോമ൯ നിയമസംഹിതയാണു് തങ്ങളു് പിന്തുടരുന്നതെന്നും ഓ൪ക്കുക. ക്രിസ്സു്തുവിനോടുബന്ധപ്പെട്ടു് ഒരു കള്ള൯റ്റെ കുമ്പസാരമൊഴി റോമ൯നിയമസംഹിത പിന്തുടരുന്ന ഇന്ത്യ൯ ജുഡീഷ്യറിക്കു് പതിതമല്ല എന്നാണു് അഭയക്കേസ്സിലെ തിരുവനന്തപുരം സി. ബി. ഐ. സു്പെഷ്യലു്ക്കോടതിവിധി അടിവരയിട്ടുതെളിയിച്ചതു്. അതിനു് എത്ര തലങ്ങളിലു് അ൪ത്ഥമുണു്ടെന്നു് വരുംദശകങ്ങളിലു് തെളിയാ൯പോകുന്നതേയുള്ളൂ.

7

ദൈവനിയമത്തി൯റ്റെ തോളിലു്ക്കയറിയിരുന്നു് സ്വന്തം താതു്പര്യങ്ങളെ സംരക്ഷിക്കാനായി മനുഷ്യജീവ൯ വിധിച്ച പിലാത്തോസ്സി൯റ്റെയും ഹെറോദേസ്സി൯റ്റെയും പേരുകളു് ചരിത്രത്തിലുണു്ടാകാമെങ്കിലു് റോമ൯നിയമസംഹിതയും ഇന്ത്യ൯നിയമങ്ങളും പിന്തുടരുമ്പോളു്ത്തന്നെ അഭയക്കേസ്സട്ടിമറിക്കാ൯ അതൊരു ആത്മഹത്യയാണെന്നു് സ്ഥാപിക്കാ൯ മലകളിളക്കിമറിച്ച ക്രൈംബ്രാഞു്ചു് എസ്സു്പ്പീ മൈക്കിളി൯റ്റെയും സി. ബി. ഐ. ഉന്നത൯ ത്യാഗരാജ൯റ്റെയും പ്രതികളുടെ നാ൪ക്കോ-അനാലിസിസ്സു് ടെസ്സു്റ്റു് നടക്കുന്ന സ്ഥലത്തു് അവിഹിതമായി സ്വാധീനിക്കാ൯ നേരിട്ടെത്തിയ സുപ്രീംകോടതി ജഡു്ജി സിറിയക്കു് ജോസഫി൯റ്റെയും പേരുകളു് അവിടെ വേണു്ടേ, പിലു്ക്കാലതലമുറകളു്ക്കു് വിധിയെഴുതാനായി?

ജസ്സു്റ്റിസ്സു് സിറിയക്കിനെ ടെലികോം ഡിസ്സു്പ്യൂട്ടു്സു് സെറ്റിലു്മെ൯റ്റു് ആ൯ഡു് അപ്പെല്ലേറ്റു് ട്രൈബ്യൂണലി൯റ്റെ ചെയ൪മാനായി നിയമിക്കാനുള്ള 2013ലെ സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സി൯റ്റെ ശുപാ൪ശ്ശ നാലരക്കൊല്ലത്തെ സുപ്രീംകോടതിവാസ്സത്തിനിടയിലു് വെറും പത്തു് കേസ്സുകളിലു്മാത്രമേ വിധിപറഞ്ഞുള്ളൂവെന്ന ഇ൯റ്റല്ലിജ൯സ്സു് ബ്യൂറോയുടെ റിപ്പോ൪ട്ടിനെത്തുട൪ന്നാണു് കപിലു് സിബലു് കേന്ദ്രമന്ത്രിയായിരുന്നപ്പോഴുള്ള എതി൪പ്പിനെത്തുട൪ന്നു് തള്ളിപ്പോയതു്. നാഷണലു് ഹ്യൂമ൯ റൈറ്റു്സ്സു് കമ്മീഷ൯ ഓഫു് ഇ൯ഡൃയുടെ ചെയ൪മാനായി നിയമിക്കാനുള്ള തുട൪ന്നുള്ള ശുപാ൪ശ്ശ ബീജേപ്പീയുടെ എതി൪പ്പിനെത്തുട൪ന്നാണു് തള്ളിപ്പോയതു്. പല കേസ്സുകളും ലാവലി൯ കേസ്സുപോലെ തെളിവുണു്ടായിട്ടും വെറുതേവിടുകയും പല കേസ്സുകളും അഭയക്കേസ്സുപോലെ വ൪ഷങ്ങളോളം വലിച്ചിഴയു്ക്കുകയും കേരളത്തിലു് ഗവണു്മെ൯റ്ററ്റോ൪ണിയായി വ൪ഷങ്ങളോളം 'വിശിഷ്ടസേവനം' നടത്തുകയുംചെയു്ത ഇതുപോലൊരു മഹാനെ പക്ഷേ പിണറായി വിജയനെപ്പോലൊരു മാ൪കു്സ്സിസ്സു്റ്റുനേതാവിനു് അങ്ങനെയങ്ങു് തള്ളിക്കളയാ൯പറ്റുമോ? കേന്ദ്രത്തിലെ ഉന്നതയുദ്യോഗങ്ങളുടെ വഴിയടഞ്ഞപ്പോളു് സിസ്സു്റ്റ൪ അഭയക്കേസ്സു് അട്ടിമറിച്ചുവെന്നു് ആരോപിക്കപ്പെടുന്ന ജസ്സു്റ്റിസ്സു് സിറിയക്കു് ജോസഫിനെ വിരമിക്കലു്കഴിഞ്ഞു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് കേരളാ ലോകു് അയുക്തയായി 2019 മാ൪ച്ചു് 28നു് നിയമിച്ചു.

8

വിരമിച്ചെങ്കിലും പോലീസ്സു് ഡിപ്പാ൪ട്ടുമെ൯റ്റലു് നടപടിയെടുക്കണമെന്നു് വിധിയിലു്പ്പറയുന്ന ക്രൈംബ്രാഞു്ചു് സൂപ്രണു്ടു് മൈക്കിളിനെതിരേ നടപടിയെടുക്കുന്നതിനെക്കുറിച്ചു് പിണറായി വിജയ൯ ഗവണു്മെ൯റ്റു് ചിന്തിച്ചിട്ടുപോലുമില്ല. ഹൈക്കോടതിയിലും, പറ്റുമെങ്കിലു് സുപ്രീംകോടതിയിലും, അപ്പീലു്പോയി കഴിയുമെങ്കിലു് ഇനിയും ഒരു ഇരുപത്തഞു്ചുകൊല്ലംകൂടി ഈ കേസ്സു് വലിച്ചിഴച്ചു് മൈക്കിളിനെ രക്ഷിക്കാനേ ആ ഗവണു്മെ൯റ്റു് ആലോചിക്കുകയുള്ളൂ. മൈക്കിളും പോലീസ്സുംകൂടി ഇടിച്ചുപിഴിഞ്ഞു് പ്രതിയാക്കാ൯ശ്രമിച്ച ശ്രീ. അടയു്ക്കാ രാജുവിനു് നഷ്ടപരിഹാരം നലു്കുന്നതിനെക്കുറിച്ചു് ചിന്തിക്കാ൯പോലും പിണറായി വിജയ൯ ഗവണു്മെ൯റ്റിനു് കഴിയുകയില്ല, കാരണം അതോടുകൂടി അവരുടെ ഗവണു്മെ൯റ്റും പോലീസ്സും പാ൪ട്ടിക്കാരുംകൂടി ഇടിച്ചുപിഴിഞ്ഞ മുഴുവനാളുകളു്ക്കും അതുപോലെ നഷ്ടപരിഹാരം കൊടുക്കേണു്ടിവരും. പക്ഷേ കേരളത്തിലെ ജനങ്ങളു് മുഖ്യമന്ത്രിയെയും ഈ പോലീസ്സു് സൂപ്രണു്ടിനെയും ഈ ജഡു്ജിയെക്കാളുമൊക്കെ എത്രയോ എത്രയോ അന്തസ്സുള്ളവരാണെന്നു് തെളിയിച്ചു: അഭയക്കേസ്സന്വേഷണത്തിലെ മ൪ദനമേറ്റു് അവശനിലയിലായി ജീവിക്കാ൯പാങ്ങില്ലാതായി ഒന്നരസെ൯റ്റിനകത്തൊരു കുടിലിലു് കുടുംബമായി കഴിയുമ്പോഴും ക്രിസ്സു്തു വിളിച്ചപോലെ ഈ ഊള൯മാരുടെയും ചെന്നായു്ക്കളുടെയും ലക്ഷങ്ങളും വീടും നലു്കാമെന്ന പ്രലോഭനങ്ങളെ അതിജീവിച്ചു് സത്യസന്ധമായി തിരുവനന്തപുരം കോടതിയിലു് മൊഴിനലു്കി പ്രതികളു്ക്കു് ഒരു തുടക്കമെന്നനിലയിലു് ജീവപര്യന്തം തടവെന്ന ശിക്ഷ വാങ്ങിക്കൊടുത്ത അടയു്ക്കാ രാജുവിനെ ഒരു വാഴു്ത്തപ്പെട്ടവനായിത്തന്നെകണു്ടു് കേരളത്തിലും പുറത്തുമുള്ള മലയാളികളു് മറുനാട൯ മലയാളിയെന്ന വാ൪ത്താപ്പോ൪ട്ടലി൯റ്റെ തുടക്കവും അഭ്യ൪ത്ഥനയും മാനിച്ചു് പിരിവെടുത്തും പലരും സംഭാവനചെയു്തും ഇനിയുള്ള കാലമെങ്കിലും ഒരു വീടുവെച്ചു് ഈ വേട്ടപ്പട്ടികളുടെ ശല്യമില്ലാതെ കഴിയുന്നതിനായി പതിന്നാലുലക്ഷംരൂപാ 2020 ഡിസംബ൪ 26നും 27നുമായി ശ്രീ. രാജുവി൯റ്റെ ബാങ്കക്കൗണു്ടിലേക്കുനലു്കി. മറ്റുള്ള മഹാമനസ്സു്ക്കരറിഞ്ഞുവരുമ്പോളു്, രാജു തടഞ്ഞില്ലെങ്കിലു്, ഇനിയും നലു്കുമായിരിക്കും. വിചാരണയു്ക്കിടയു്ക്കു് അച്ഛനുമമ്മയും മരിച്ചുപോയ ആ ഹതഭാഗ്യയായ പെണു്കുട്ടിക്കു് ഒരച്ഛ൯റ്റെ സ്ഥാനത്തുനിന്നും കരുതലോടെ മൊഴിനലു്കി അവളുടെ ആത്മാവിനെങ്കിലും സമാധാനം നലു്കിയ ആ മനുഷ്യനെ തിരിച്ചറിയാ൯ ജനങ്ങളു്ക്കുകഴിഞ്ഞതിലു് കേരളത്തിനഭിമാനിക്കാം- ഇങ്ങനെയുള്ള ശപിക്കപ്പെട്ട ഉദ്യോഗസ്ഥ൯മാരുടെയും ന്യായാധിപ൯മാരുടെയും അപമാനഭാരം പേറുമ്പോഴും. ഈ മുഖ്യമന്ത്രിയും ഈ പോലീസ്സുദ്യോഗസ്ഥ൯മാരും ഈ ജഡു്ജിമാരും ആ ജനങ്ങളുടെ നിലവാരത്തിലേക്കുയരാതെങ്ങനെ കേരളത്തെ ദൈവത്തി൯റ്റെ സ്വന്തംനാടെന്നുവിളിക്കും?

Written and first published on: 23 December 2020


 

 

No comments:

Post a Comment