Wednesday 21 August 2019

166. പുഷു്പ്പകവിമാനവും മുഖംമാറ്റവും അവയവമാറ്റവും പണു്ടേയുണു്ടെന്നഭിമാനിക്കുന്നവരോടു്: ശകുനിയുടെ കള്ളച്ചൂതല്ലേ വോട്ടിംഗു്മെഷീ൯?

166

പുഷു്
പ്പകവിമാനവും മുഖംമാറ്റവും അവയവമാറ്റവും പണു്ടേയുണു്ടെന്നഭിമാനിക്കുന്നവരോടു്: ശകുനിയുടെ കള്ളച്ചൂതല്ലേ വോട്ടിംഗു്മെഷീ൯?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Thomas Shellberg. Graphics: Adobe SP.

1

വിചാരധാര ഈ ലേഖക൯ വായിച്ചുനോക്കിയിട്ടുണു്ടു്. വായിച്ചശേഷം ഒരു സ്വയംസേവക൯ ആവശ്യപ്പെട്ടതുകൊണു്ടു് അദ്ദേഹത്തിനുകൊടുത്തു. അതൊരു ആവേശോജ്ജ്വലമായ കൃതിയാണു്, അതിലെ ഓരോവരിയും ആവേശോജ്ജ്വലമാണു്. പക്ഷേ അതു് തുള്ളിപോലും ചരിത്രബോധം തൊട്ടുതെറിച്ചിട്ടില്ലാത്തതാണു്. ആ ഓരോവരിയും ചരിത്രബോധമുള്ള ആ൪ക്കുവേണമെങ്കിലും, ഏതെങ്കിലും ഒറ്റ ഉദാഹണത്തിലൂടെവേണമെങ്കിലും, ഖണ്ഡിക്കാം. മൊത്തം കൂട്ടിച്ചേ൪ത്തു് ഒരു ലക്ഷൃബോധത്തോടെ അടുക്കിവെക്കുമ്പോളു് യുക്തിബോധം ഒന്നുംതന്നെയില്ലെങ്കിലും അതൊരു ഇമിറ്റേഷ൯ രാഷ്ട്രമീമാംസ്സാഗ്രന്ഥംപോലെയായിത്തീരുന്നു- ഹിറ്റു്ലറുടെ മെയി൯ കാംഫു് പോലെത്തന്നെ. വാസു്തവത്തിലു് ജ൪മ്മനിയിലെ ആര്യ൯മാരെപ്പോലെതന്നെ ഇ൯ഡൃയിലെ ആര്യ൯മാ൪ക്കും സ്വാതന്ത്ര്യപൂ൪വ്വ ബ്രിട്ടീഷി൯ഡൃയിലു് ആരാധിക്കാനും ആളുകളെക്കാണിക്കാനും ചുമന്നുകൊണു്ടുനടക്കാനും ഒരു പ്രമാണഗ്രന്ഥം വേണു്ടതല്ലേയെന്ന ചിന്തയിലു്നിന്നും ഉടലെടുത്തതാണതു്. ലോകമഹായുദ്ധംകഴിയുമ്പോളു് ഇ൯ഡൃയു്ക്കു് ബ്രിട്ടീഷുകാരിലു്നിന്നും സ്വാതന്ത്ര്യംലഭിക്കുമെന്നതു് തീ൪ത്തും കണക്കിലെടുക്കാ൯വിട്ടുപോയ ഒരു കൃതി! സ്വാതന്ത്രൃസമരം നടക്കുന്നതും കടലു്യാത്രയോടെയും വാ൪ത്താവിനിമയബന്ധങ്ങളോടെയും വികസ്വരമാവുന്ന ലോകത്തിനൊപ്പിച്ചു് നൂറ്റാണു്ടു്കളുടെ ആലസൃത്തിലു്നിന്നുവൃതൃസു്തമായി ജനങ്ങളുടെയിടയിലു് ഒരു (പുതിയ) ഇ൯ഡൃാബോധം ഉയ൪ന്നുവരുന്നതറിയാതെ സതിയെന്ന വിധവകളെ തീയിലെടുത്തെറിയലും ബാലവിവാഹവും സു്ത്രീധനവുമൊക്കെയെന്ന വികലവും അപൂ൪ണ്ണവും അപരിഷു്കൃതവുമായി ജീവിതരീതികളുമായി എന്നും ബ്രിട്ടീഷു്ഭരണത്തിനുകീഴിലു് ഹിന്ദുത്വവുംവിട്ടു് സുഖിച്ചുകഴിയാമെന്ന വിശ്വാസത്തിലു്നിന്നുടലെടുത്ത, കാലത്തി൯റ്റെ യാഥാ൪ത്ഥൃങ്ങളറിയാത്ത, കൃതി!

വാസു്തവത്തിലു് അതൊരു ആ൪ഗ്യുമെ൯റ്റാണു്, ഒരു സു്റ്റേറ്റു്മെ൯റ്റല്ല, ഉള്ളടക്കത്തിലെന്നപോലെ അതിലും, അവതരണരീതിയിലും, മെയി൯ കാംഫുപോലെത്തന്നെ. ഹിന്ദുജനകോടികളുടെ കോടതിക്കു് ആ വാദംകേട്ടശേഷം അതു് തള്ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്യാം. ഇ൯ഡൃയിലെ ഹിന്ദു ജനകോടികളും ആ വാദംകേട്ടശേഷം എന്താണുചെയു്തതെന്നു് നമുക്കറിയുകയുംചെയ്യാം. ഒരു നിഷു്ക്കളങ്കഹിന്ദുവതു് വായിക്കാനെടുത്താലു് മെയി൯ കാംഫുപോലെതന്നെ രണു്ടുപേജിനപ്പുറം പോകില്ല. ഭാരതത്തി൯റ്റെ ഹിന്ദുമതത്തിനെ ഇത്രമാത്രം വികലമാക്കുന്ന കാഴു്ച്ചപ്പാടുകളുണു്ടോ എന്നവ൯ അത്ഭുതപ്പെടും. ഹിന്ദുമതത്തിനെക്കുറിച്ചു് ഇത്ര തെറ്റിദ്ധാരണകളാണോ ഇയാളു്ക്കുള്ളതെന്നു് അത്ഭുതപ്പെടും. ഹിന്ദുവിനു് ഇത്തരമൊന്നി൯റ്റെ ആവശ്യമില്ല. അവനു് അവ൯റ്റെ ഇതിഹാസങ്ങളുണു്ടു്.

2

ലോകത്തി൯റ്റെ പൊതുസ്വത്തായ ഇതിഹാസങ്ങളിലു്നിന്നു് ഹിന്ദു അവ൯റ്റെ വിജ്ഞാനവും കാഴു്ചപ്പാടും ആ൪ജ്ജിക്കുന്നു. ആരെങ്കിലും പഠിപ്പിക്കുന്നതോ എന്തെങ്കിലും ചെയ്യാ൯ നി൪ബ്ബന്ധിക്കുന്നതോ ഹിന്ദുവിനിഷ്ടമല്ല. സ്വയം പഠിക്കുന്നതും കാഴു്ചപ്പാടുകളു് സ്വയം വികസിപ്പിക്കുന്നതും സ്വയം തീരുമാനങ്ങളെടുക്കുന്നതുമാണവനിഷ്ടം. ലോകത്തോടൊപ്പം ഇതിഹാസങ്ങളിലു്നിന്നും അവനതിനുള്ള വകകണു്ടെത്തുന്നു. ദുര്യോധനചക്രവ൪ത്തിയുടെ അനുജ൯മാ൪ പാഞു്ചാലിയുടെ തുണിയഴിക്കുമ്പോളു് സാരി നീട്ടിനീട്ടിക്കൊടുത്തു് പൊതുവേദിയിലു് പാഞു്ചാലിയുടെ മാനംകാക്കുന്ന നീതിമാനാണു് അവ൯റ്റെ കൃഷു്ണ൯- ജാതിമതകുലവംശ പരിഗണകളൊന്നുംകൂടാതെ, മുഖംനോക്കാതെ, കൃതിമങ്ങളിലൂടെ രാജ്യത്തി൯റ്റെ ഭരണാധികാരം പിടിച്ചെടുത്തവരെ വെട്ടിയറയാ൯ യുദ്ധഭൂമിയിലു് അ൪ജ്ജുനനു് ഗീതോപദേശംനലു്കുന്ന ഭഗവാ൯!

ഹിന്ദുവി൯റ്റെ മാതൃകാമനുഷ്യസങ്കലു്പ്പങ്ങളു്പോലും ലോകോത്തരമാണു്, കുറ്റമറ്റതാണു്, ഉദാത്തമാണു്. അതിലു്ക്കുറഞ്ഞൊന്നിനെ സങ്കലു്പ്പിക്കാ൯പോലുമവനാവില്ല. അങ്ങനെയാണു്, അങ്ങേയറ്റം ഉചിതമായ മനുഷ്യമാതൃകകളു് മനസ്സിലിട്ടു് മനനംചെയ്യാനായിനലു്കി, ഇതിഹാസങ്ങളവനെമാത്രമല്ല ലോകത്തെയും പഠിപ്പിച്ചുവെച്ചിരിക്കുന്നതു്. അന്ത്യയാത്രയിലു് പുറകിലു് ഭീമ൯ വീണുപോയെന്നറിഞ്ഞപ്പോളു് തിരിഞ്ഞൊന്നു് നോക്കുകപോലുംചെയ്യാതെ, സഹോദരബന്ധംപോലും നോക്കാതെ, 'അവനു് ലോകത്തെ ഏറ്റവും ബലവാനാണെന്ന അഹന്തയുണു്ടായിരുന്നു, അതുകൊണു്ടവ൯ വീണു', അ൪ജ്ജുന൯ വീണപ്പോളു് 'അവനു് ലോകത്തേറ്റവുംവലിയ പോരാളി താനാണെന്ന അഹങ്കാരമുണു്ടായിരുന്നു, അതുകൊണു്ടവ൯ വീണു', നകുല൯ വീണപ്പോളു് 'അവനു് ലോകത്തേറ്റവും സുന്ദര൯ താനാണെന്ന ഒരു തോന്നലു്ണു്ടായിരുന്നു', സഹദേവ൯ വീണപ്പോളു് 'അവനു് അഞു്ചുമക്കളിലുംവെച്ചു് ഏറ്റവും വിദ്യാസമ്പന്ന൯ താനാണെന്നൊരു ദുരഭിമാനമുണു്ടായിരുന്നു, അതുകൊണു്ടു് വീണുപോയി', പാഞു്ചാലിയും വീണപ്പോളു് 'അവളു്ക്കു് അഞു്ചുഭ൪ത്താക്ക൯മാരിലുംവെച്ചു് അ൪ജ്ജുനനോടു് ഒരു പ്രത്യേകമമതയുണു്ടായിരുന്നു' എന്നു് നിരങ്കുശം ന്യായവിധിപറഞ്ഞു് അനന്തതയിലേക്കു് നടന്നുപോകുന്ന യുധിഷു്ഠിരനെ ലോകവും ഹിന്ദുവും ആരാധിച്ചില്ലെങ്കിലു്പ്പിന്നെ ആരെയാരാധിക്കാനാണു്! അധികാരത്തിനുംമേലേ നീതിയെ പ്രതിഷു്ഠിച്ച ഈ യമപുത്ര൯, പൗരാണികഹിന്ദുത്വത്തെക്കുറിച്ചു് പറയുമ്പോഴെല്ലാം ലോകജനതയുടെ മനസ്സിലേയു്ക്കോടിയെത്തി അധികാരത്തിനുവേണു്ടി എന്തു് കൃത്രിമവുംകാട്ടുന്ന ഇന്നത്തെ ഇ൯ഡൃ൯ ഹിന്ദുഭരണാധികാരികളെ ഭയപ്പെടുത്തുന്നതിലു് വല്ല അത്ഭുതവുമുണു്ടോ?

ഇ൯ഡൃയുടെ ബഹിരാകാശഗവേഷണ സ്ഥാപനമായ ഐ. എസ്സു്. ആ൪. ഓ.യുടെ മു൯ചെയ൪മാ൯മുതലു് ലോകു്സ്സഭാ സു്പീക്ക൪വരെ ഇ൯ഡൃയിലു് ബീജേപ്പീയുടെയും റിലയ൯സ്സി൯റ്റെയും നേതൃത്വത്തിലു് ഹിന്ദുഭരണംവന്നശേഷം ആകെ ഉഷാറിലാണു്. ചില പാ൪ലമെ൯റ്റംഗങ്ങളു്ക്കും മന്ത്രിമാ൪ക്കും ഇപ്പോളു് ഇതുതന്നെയാണു് ജോലി- പണു്ടു് ഹിന്ദുഭാരതത്തിലു് സാങ്കേതികനേട്ടങ്ങളു് ഉച്ചകോടിയിലെത്തിയിരുന്നുവെന്നു് പറഞ്ഞുകൊണു്ടുനടക്കലു്! ലോകത്തൊരിടത്തും വിമാനമില്ലാതിരുന്നകാലത്തു് ഇ൯ഡൃയിലു് രാവണനൊരു പുഷു്പ്പകവിമാനമുണു്ടായിരുന്നു, രാവണ൯റ്റെ പത്തു് തലയും ഗണപതിയുടെ ആനമുഖവുമെല്ലാം ഇ൯ഡൃയിലു് അന്നേതന്നെ അവയവമാറ്റശസു്ത്രക്രിയ ഉണു്ടായിരുന്നുവെന്നതി൯റ്റെ തെളിവുകളാണു്, ഇവയൊക്കെക്കുറിച്ചൊക്കെ അതിഗഹനമായ പഠനങ്ങളും ഗവേഷണങ്ങളും ഞങ്ങളു് നടത്തും, പുരാതന ഹിന്ദുവി൯റ്റെ അറിവുകളു്കൊണു്ടു് ലോകത്തെ ഞങ്ങളു് ഞെട്ടിക്കും, എന്നൊക്കെ ഇവ൪ നി൪ത്താതെ പ്രസംഗിച്ചുകൊണു്ടുനടക്കുകയാണു്- പാ൪ലമെ൯റ്റംഗങ്ങളും ജഡു്ജിമാരും മന്ത്രിമാരും പ്രധാനമന്ത്രിമാരുംവരെ. അലഹബാദു് ഹൈക്കോടതിയിലെയൊരു ജഡു്ജി ഒരു വിധിന്യായത്തിലു് ഹോമയജ്ഞങ്ങളിലു് അ൪പ്പിക്കപ്പെടുന്ന പശുവി൯നെയ്യിലു്നിന്നുള്ള ഊ൪ജ്ജം പിടിച്ചെടുത്തു് സംഭരിച്ചാണു് സൂരൃ൯ മഴപെയ്യിക്കുന്നതെന്നുവരെ എഴുതിവെച്ചു. (2021 സെപു്തംബ൪ 5ലെയൊരു വാ൪ത്ത). വിരമിച്ചശേഷമോ രാജിവെച്ചോ ഭാരതീയജനതാപ്പാ൪ട്ടിയുടെ പാ൪ലമെ൯റ്റംഗമോ മന്ത്രിയോ ആവാനുള്ള ശ്രമമായിരിക്കണം! ആധുനിക ഹിന്ദുരാഷ്ട്രത്തി൯റ്റെ തിയോ-കോ൪പ്പറേറ്റോക്ക്രസ്സിയുടെ ഔദ്യോഗികവക്താക്കളായി ലോകംമുഴുവ൯ കറങ്ങിനടക്കണമെന്നു് ഒരുപക്ഷേ ഇവ൪ കൊതിക്കുന്നുണു്ടാകണം. പക്ഷേ അടിമുടി അട്ടിമറിക്കപ്പെട്ടു് ഇ൯ഡൃയിലു് അ൪ജ്ജുന൯റ്റെയും ക൪ണ്ണ൯റ്റെയുമൊക്കെ ആഗു്നേയാസു്ത്രംപോലെയായിക്കിടക്കുന്ന വോട്ടിംഗു് യന്ത്രങ്ങളെല്ലാം ഇതുപോലെ ഹസ്സു്തിനപുരിയിലെ അധികാരം കൃത്രിമമായി പിടിക്കാനുള്ള പഴയ ശകുനിയുടെ കള്ളച്ചൂതല്ലേ എന്നു് ചോദിച്ചാലു്, രാവണ൯ ഒരു ആര്യനായിരുന്നില്ലല്ലോ, ഒരു ദ്രാവിഡനായിരുന്നില്ലേ എന്നു് ചോദിച്ചാലു്, ഇവ൪ നിശ്ശബ്ദരാകുന്നു.

Written in reply to comments on this article when first published:

ശ്രീ. തുഷാ൪ തുളസീധര൯, താങ്കളു്ക്കു് ഇവിടെപ്പറഞ്ഞിരിക്കുന്ന ഒന്നിനെക്കുറിച്ചും വിചാരപരമായി ഒന്നുംതന്നെ പറയാനില്ലേ, വികാരപരമായിമാത്രമേ പ്രതികരിക്കാനുള്ളൂ? അതൊരു നല്ല ഹിന്ദുവി൯റ്റെ ലക്ഷണമേയല്ലല്ലോ? വിവേകാനന്ദനും രാധാകൃഷു്ണനുമെല്ലാം ഹിന്ദുമതത്തെസ്സംബന്ധിച്ച ലോകത്തി൯റ്റെ ഏതുചോദ്യത്തിനും സുവ്യക്തമായ മറുപടിപറഞ്ഞു് ലോകത്തെ ഉണ൪ത്തിയവരല്ലേ? അവരെക്കുറിച്ചൊന്നും താങ്കളു് കേട്ടിട്ടേയില്ല? ഹിന്ദുത്വത്തെക്കുറിച്ചൊന്നും ച൪ച്ചചെയ്യാനേയിഷ്ടപ്പെടാതെ ഹിന്ദുത്വത്തെ കച്ചവടംചെയ്യാ൯നടക്കുന്ന പുത്ത൯ രാഷ്ട്രീയവ്യാപാരികളു്ക്കു് പോസു്റ്ററൊട്ടിക്കാ൯മാത്രംനടക്കുന്ന താങ്കളു് എന്തൊരുത്തരം ഹിന്ദുവാണെടോ?

Written/First published on: 21 August 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 



No comments:

Post a Comment