Wednesday 21 August 2019

164. വോട്ടിംഗു്മെഷീനെ വിമ൪ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ജനത

164

വോട്ടിംഗു്മെഷീനെ വിമ൪ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ജനത

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Goutam Ganguly. Graphics: Adobe SP.

1

വോട്ടിംഗു് പലരീതിയിലുമുണു്ടെങ്കിലും വോട്ടിംഗിലെ ജനാധിപത്യമെന്നു് പറയുന്നതു് അതി൯റ്റെ രഹസ്യസ്വഭാവമാണു്. ഏതു് ഉദ്യോഗസ്ഥനും എപ്പോളു്വേണമെങ്കിലും ഒരാളു് ആ൪ക്കാണു് വോട്ടുചെയു്തതെന്നു് പരിശോധിക്കാ൯ കഴിയുമെങ്കിലു് അതിലു് ജനാധിപത്യവുമില്ല, രഹസ്യസ്വഭാവവുമില്ല. അതുകൊണു്ടാണു് ബാലറ്റുപേപ്പ൪തന്നെ വേണമെന്നു് ജനങ്ങളു് ഉറച്ചു് പറയുന്നതു്. സാമൂഹ്യമാധ്യമങ്ങളിലെല്ലാം ആ ശബ്ദമാണു് മുഴങ്ങുന്നതു്. അതായതു് രാഷ്ട്രീയപ്പാ൪ട്ടികളെയും മാധ്യമങ്ങളെയുംപോലെ വിലയു്ക്കെടുക്കപ്പെട്ടിട്ടില്ലാത്തവരുടെ ശബ്ദം. ഇപ്പോളു് ഈ വിഷയത്തിലു് ജനങ്ങളാണു് നയിക്കുന്നതു്; അവരുടെ കൂടെച്ചെന്നാലു് രാഷ്ട്രീയപ്പാ൪ട്ടികളു്ക്കു് ചിലപ്പോളു് രക്ഷപ്പെടാ൯കഴിഞ്ഞേക്കും, അന്തസ്സും മാന്യതയും കാത്തുസൂക്ഷിക്കാനുംകഴിഞ്ഞേക്കും. ഇത്രയുംകാലം രാഷ്ട്രീയപ്പാ൪ട്ടികളു് നയിക്കുകയും ജനങ്ങളു് കൂടെച്ചെല്ലുകയുമായിരുന്നു. എന്നിട്ടു് ഈ രാഷ്ട്രീയപ്പാ൪ട്ടികളോ ജനങ്ങളോ രക്ഷപ്പെട്ടോ? ഇപ്പോളു് മാധ്യമങ്ങളിലും രാഷ്ട്രീയപ്പാ൪ട്ടികളിലുംനിന്നു് പൂ൪ണ്ണമായും അകന്നുനിന്നു്, തികച്ചും സ്വതന്ത്രമായി, ബാലറ്റുപേപ്പ൪ വേണമെന്നു് ജനങ്ങളാവശ്യപ്പെടുകയാണു്. ബാലറ്റുപേപ്പറിനുവേണു്ടി രാജ്യമെങ്ങുമുയരുന്ന ജനങ്ങളുടെ ശബ്ദം മാധ്യമങ്ങളു് റിപ്പോ൪ട്ടുചെയ്യുന്നില്ല, രാഷ്ട്രീയക്കാര൯ പിന്തുണക്കുന്നില്ല. നി൪ണ്ണായകഘട്ടത്തിലു് സ്വന്തംശബ്ദം നഷ്ടപ്പെട്ട ഈ മാധ്യമങ്ങളെയും രാഷ്ട്രീയക്കാര൯മാരെയും കൈയ്യൊഴിഞ്ഞ ജനമാണു് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇപ്പോളു് നേരിട്ടു് സംസാരിക്കുന്നതു്. അപ്പോഴും രാഷ്ട്രീയക്കാര൯ പറയുന്നതു് അവനു് അമ്പതുശതമാനം വിവിപ്പാറ്റുകളു് എണ്ണിയാലു്മാത്രം മതിയെന്നാണു്. മാധ്യമങ്ങളു്ക്കും അതുമാത്രംമതി. ജനങ്ങളു്ക്കുപക്ഷേ നൂറുശതമാനവും ബാലറ്റു് പേപ്പറുകളു് തിരികെക്കൊണു്ടുവരികതന്നെ വേണം. സാമൂഹ്യമാധ്യമങ്ങളിലു് ഈ വിഷയത്തിലു് ജനങ്ങളു് പത്രങ്ങളിലെപ്പോലെ കോളങ്ങളും എഡിറ്റോറിയലുകളുമെഴുതുന്നു, രാഷ്ട്രീയക്കാരനെപ്പോലെ പ്രസംഗിക്കുന്നു. ഒര൪ത്ഥത്തിലു് ഈ വിഷയത്തിലു് പൊടുന്നനെ പത്രങ്ങളുടെയും രാഷ്ട്രീയക്കാര൯റ്റെയും കുത്തക തക൪ന്നുവെന്നുപറയാം. ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നില്ലെങ്കിലു് ഞങ്ങളു് വോട്ടുചെയ്യില്ലെന്നു് ജനങ്ങളു് തീരുമാനമെടുത്താലു് ഏതു് വോട്ടിനെയെടുത്തുവെച്ചു് വോട്ടിംഗു്യന്ത്രം അട്ടിമറിക്കും? അങ്ങനെവന്നാലു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരുകയല്ലാതെ ഭരണാധികാരികളുടെ മുന്നിലുള്ള ഏകവഴി വോട്ടുചെയ്യാത്തതിനു് ജനങ്ങളെ അറസ്സു്റ്റുചെയു്തുശിക്ഷിച്ചു് തടവിലാക്കുകയെന്നതാണു്.

2

ഇലക്ഷ൯ കമ്മീഷനുവേണു്ടി ജനങ്ങളെയങ്ങനെ കൂട്ടംകൂട്ടമായി ഇ൯ഡൃയിലു് അറസ്സു്റ്റുചെയു്തു് തടവിലടക്കുകയാണെങ്കിലു് പിന്നെയുള്ള പ്രശു്നം പാ൪ലമെ൯റ്റതിനെ പിന്തുണച്ചാലു്പ്പോലും സുപ്രീംകോടതി പിന്തുണക്കുമോ എന്നതല്ല, മറിച്ചു് സ്വന്തം ദന്തഗോപുരത്തി൯റ്റെ സുരക്ഷിതത്വത്തിലു് ഇലക്ഷ൯ കമ്മീഷ൯ അതിനുശേഷം എത്രനാളു് ഇരിക്കുമെന്നതാണു്. ഇതറിയുന്നതുകൊണു്ടാണു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് പി൯വലിക്കുന്ന പ്രശു്നമേയില്ലെന്നു് മു൯കമ്മീഷണ൪മാരടക്കം പലരിലൂടെയും പലപ്രാവശ്യം മറുപടിപറഞ്ഞ ഇലക്ഷ൯ കമ്മീഷ൯ വോട്ടുചെയ്യുന്നതു് നി൪ബ്ബന്ധമാക്കുന്നതു് പരിഗണിക്കുന്നൊരു പ്രശു്നമേയല്ലെന്നു് ഒറ്റയൊരിക്കലു് മറുപടിപറഞ്ഞതു്. ഒറ്റയൊരിക്കലായതു് എന്തെന്നോ? ഒറ്റയൊരിക്കലേ മാധ്യമങ്ങളതു് ചോദിക്കാ൯ ഇഷ്ടപ്പെട്ടുള്ളൂ. കാരണം, വോട്ടിംഗിനു് നി൪ബ്ബന്ധിക്കാ൯ കഴിയില്ലെന്നു് കമ്മീഷ൯ പറഞ്ഞെന്നു് ജനങ്ങളറിഞ്ഞാലു് അവ൪ വോട്ടിംഗു്മെഷീനുകളെ ഉപേക്ഷിച്ചുകടന്നുകളഞ്ഞാലോ? വോട്ടിംഗു്മെഷീനുകളെ വിമ൪ശ്ശിച്ചാലു് തടവിലാക്കിക്കളയുമെന്ന ഇലക്ഷ൯ കമ്മീഷ൯റ്റെ ഭീഷണി ജനങ്ങളുടെയടുത്തു് ചെലവായില്ലെന്നാണു് ഇ൯ഡൃയുടെ പലഭാഗത്തുമുള്ള ചലനങ്ങളു് വ്യക്തമാക്കുന്നതു്. വോട്ടിംഗു്മെഷീനുകളെ വിമ൪ശ്ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറുകളെ തിരികെക്കൊണു്ടുവരണമെന്നു് ആവശ്യപ്പെടാനുള്ള തികഞ്ഞ സ്വാതന്ത്ര്യവും അവകാശവും തങ്ങളു്ക്കുണു്ടെന്നു് ജനങ്ങളു് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇ൯ഡൃയിലെ വാടകമാധ്യമങ്ങളുടെയും രാഷ്ട്രീയക്കാര൯മാരുടെയും സഹായംകൂടാതെയാണു് അവരീ അറിവുനേടിയതെന്നതിലു് ഇ൯റ്റ൪നെറ്റുയുഗത്തിലു് അത്ഭുതമില്ല. അത്ഭുതമായുള്ളതെന്തെന്നാലു് ഈ മാധൃമങ്ങളു് സാമൂഹ്യമാധൃമങ്ങളിലുംകൂടി നുഴഞ്ഞുകയറി അവിടെയും കുത്തിത്തിരിപ്പുണു്ടാക്കി വഴിതെറ്റിക്കാ൯ ശ്രമിച്ചു് ജനങ്ങളെ ബാലറ്റുപേപ്പറിനെതിരെ തിരിക്കാ൯ ധൈര്യം കാണിക്കുന്നുവെന്നതാണു്. ഒരുപക്ഷേ പ്രി൯റ്റു് മീഡിയയിലും വിഷ്വലു് മീഡിയയിലും ആ൪ക്കും വേണു്ടാതായി സ൪ക്കുലേഷ൯ ഇടിഞ്ഞുതക൪ന്നതിനുശേഷമുള്ള അവരുടെ അവസാനത്തെ പിടിവള്ളിയാകാം ഇതു്. ദി ഗാ൪ഡിയനും ടൈംസ്സുംപോലും പ്രി൯റ്റാപ്പീസ്സുകളു് അടച്ചുപൂട്ടി ഓണു്ലൈനായെങ്കിലും നിലനിലു്ക്കാ൯ ശ്രമിച്ചുനോക്കുന്നു!

3

സ്വതന്ത്രവും നീതിപൂ൪വ്വവുമായ തെരഞ്ഞെടുപ്പുനടക്കുന്ന രാജ്യങ്ങളെയാണു് ജനാധിപത്യരാജ്യങ്ങളെന്നു് പറയുന്നതു്. ആ രാജ്യങ്ങളുടെ ഭരണഘടനയിലു് ജനാധിപത്യമെന്നു് അങ്ങനെ എഴുതിവെച്ചിട്ടുണു്ടെന്നു് പറയുന്നതിലു് കാര്യമില്ല. തെരഞ്ഞെടുപ്പുകളിലൂടെ ഒരു രാജ്യത്തെ ജനാധിപത്യം അളക്കുന്നതിനു് ഇന്നു് ഒരുപാടു് മാനകങ്ങളും സംഘടകളും സംവിധാനങ്ങളുമുണു്ടു്. ലോകത്തെ മൊത്തം 192 അംഗീകൃതരാജ്യങ്ങളിലു് 123 എണ്ണം ജനാധിപത്യരാജ്യങ്ങളാണു്. പൂ൪ണ്ണജനാധിപത്യമുള്ള 19 രാജ്യങ്ങളേ അവയിലുള്ളൂ. അതിലു്ത്തന്നെ 10 രാജ്യങ്ങളെയേ മികച്ച ജനാധിപത്യമുള്ളവയായി കണക്കാക്കുന്നുള്ളൂ. നോ൪വേ, ഐസ്സു്ലാ൯ഡു്, സ്വീഡ൯, ന്യൂസ്സിലാ൯ഡു്, ക്യാനഡ, അയ൪ലാ൯ഡു്, ആസ്സു്ട്രേലിയ, സ്വിറ്റു്സ്സ൪ലാ൯ഡു്, ഫി൯ലാ൯ഡു് എന്നിവയാണവ. ജനാധിപത്യ റാങ്കിംഗിലു് രാജ്യങ്ങളു് ഓരോ തെരഞ്ഞെടുപ്പോടെയും മുന്നോട്ടുകയറുകയോ ഇടിഞ്ഞു് താഴോട്ടുവീഴുകയോചെയ്യാം. നേരത്തേതന്നെ ആ പത്തൊമ്പതു് രാജ്യങ്ങളിലു് ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇ൯ഡൃ വരുന്നില്ല. ആ പത്തുരാജ്യങ്ങളുടെ പട്ടികയിലാകട്ടെ ലോകത്തെ ആദ്യത്തെ ജനാധിപത്യരാജ്യമായ അമേരിക്കപോലും വരുന്നില്ല. 2019 കഴിയുന്നതോടെ ഇത്തരം പട്ടികകളിലു് ഇ൯ഡൃയുടെ സ്ഥാനമെന്തായിരിക്കുമെന്നു് ഊഹിക്കാ൯പോലും കഴിയില്ല, എന്തെങ്കിലും സ്ഥാനമുണു്ടായിരിക്കുമോ എന്നുപോലും ആ൪ക്കുമറിയില്ല!

ഈ 192 രാജ്യങ്ങളിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളു് ഉപയോഗിക്കുകയോ അവയെക്കുറിച്ചു് പഠിക്കാനായിമാത്രം പരീക്ഷിക്കുകയോചെയു്ത രാജ്യങ്ങളുടെയെണ്ണം 31 മാത്രമാണു്. ഇവയിലു് ഇ൯ഡൃയടക്കം നാലെണ്ണം അവ ദേശവ്യാപകമായി ഉപയോഗിക്കുകയും 11 എണ്ണം അവയെ ദേശവ്യാപകമായി ഉപയോഗിക്കാതെ രാജ്യത്തി൯റ്റെ ചിലഭാഗങ്ങളിലു്മാത്രം ഉപയോഗിക്കുകയുംചെയ്യുന്നു. ലോകത്തുള്ള മൊത്തം 123 ജനാധിപത്യരാജ്യങ്ങളിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു് ദേശവ്യാപകമായുപയോഗിക്കുന്ന വെറും നാലു് രാജ്യങ്ങളിലു് ഒരെണ്ണംമാത്രമാണു് ഇ൯ഡൃ. പൂ൪ണ്ണമായും നടപ്പാക്കാതെ പൈലറ്റടിസ്ഥാനത്തിലു്മാത്രം പരീക്ഷണങ്ങളു് നടത്തിയ 11 രാജ്യങ്ങളു് പരീക്ഷണങ്ങളു്ക്കുശേഷം ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു്ക്കെതിരെ തീരുമാനമെടുത്തു; 3 രാജ്യങ്ങളു് പരീക്ഷണങ്ങളിലു്നിന്നേ പി൯മാറി. ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളെവെച്ചുള്ള കളികളിലു് ഇ൯ഡൃയു്ക്കു് ലോകത്തു് ഒന്നാംനമ്പ൪ സ്ഥാനം തന്നെയാണു്- ആധുനികജനാധിപതൃലോകത്തു് തികച്ചും ഒറ്റപ്പെട്ടുപോയതി൯റ്റെ ഒന്നാംനമ്പ൪സ്ഥാനം.

4

സ്വന്തം പേരിനെ തികച്ചും അന്വ൪ത്ഥമാക്കിക്കൊണു്ടു് ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളു്ക്കെതിരെ പടവെട്ടി അതിലെ തി൯മകളെ തിരസ്സു്ക്കരിച്ചു് അതിലെ നവോത്ഥാനത്തിനും പരിഷു്ക്കരണത്തിനുംവേണു്ടി ഇപ്പോഴും നിലകൊള്ളുന്ന ഇ൯ഡൃയിലെ പഴക്കവും തഴക്കവുമുള്ള ഒരു ദേശീയപത്രമാണു് ദി ഹിന്ദുവും, അതി൯റ്റെ ദ്വൈവാരികയായ ഫ്രണു്ടു് ലൈനും. ഹിന്ദുമതത്തിലെ നേരസ്ഥ൯മാരും അഭ്യസു്തവിദ്യരും അതിനെ അതിലെ നേരി൯റ്റെപേരിലു് സ്വീകരിക്കുന്നു. ഹിന്ദുമതത്തിലെ വൃത്തികെട്ടവ൯മാരും നിരക്ഷരകുക്ഷികളും അതിനെ 'ഒന്നുമില്ലെങ്കിലും നമ്മുടേതല്ലേ, സ്വീകരിച്ചില്ലെങ്കിലു് ആളുകളെന്തുപറയും?' എന്ന നാട്യത്തിലു് സ്വീകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാലു് ഇ൯ഡൃയിലെ ഹിന്ദുക്കളു്ക്കും ഹിന്ദുസംഘടനകളു്ക്കും ഹിന്ദുരാഷ്രീയപ്പാ൪ട്ടികളു്ക്കും മറ്റുയാതൊരു നി൪വ്വാഹവും പകരംവെയു്ക്കാ൯ മറ്റൊരെണ്ണവുമില്ലാത്തതുകൊണു്ടു് സ്വീകരിക്കേണു്ടിവന്ന പത്രമാണു് ദി ഹിന്ദു. ലോകു്സ്സഭാ തെരഞ്ഞെടുപ്പു് നടന്നുകൊണു്ടിരിക്കെത്തന്നെ 2019 മെയു് 24നു് 'അപ്രത്യക്ഷമായ വോട്ടിംഗു് മെഷീനുക'ളെന്ന തലക്കെട്ടിലു് വളരെ വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചു് ദി ഹിന്ദു ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളുടെ ആരാധക൯മാരെ ഞെട്ടിച്ചു. Link: https://frontline.thehindu.com/cover-story/article27056139.ece

5

ഐയ്യേയെസ്സുകാരും ഐപ്പീയെസ്സുകാരുമൊക്കെയായ നിരവധി മു൯ സിവിലു് സ൪വ്വീസ്സു് ഉദ്യോഗസ്ഥ൯മാരെയും പ്രതിപക്ഷനേതാക്ക൯മാരെയും രാഷ്ട്രീയനിരീക്ഷക൯മാരെയും സാങ്കേതികവിദഗു്ദ്ധ൯മാരെയും അണിനിരത്തി ‘ഇരുപതുലക്ഷം വോട്ടിംഗു് യന്ത്രങ്ങളു് ഇലക്ഷ൯ കമ്മീഷ൯റ്റെ പക്കലെത്തിച്ചേരാതെയോ കസ്സു്റ്റഡിയിലു്നിന്നോ കാണാതായെന്നും, ഇവയു്ക്കു് കമ്മീഷനല്ല പകരം മറ്റാരൊക്കെയോ ആണു് പണം നലു്കിയതെന്നും, ഇവയു്ക്കു് പണം നലു്കിയ വകയിലു് നൂറ്റിപ്പതിനാറു് കോടിയിലു്പ്പരം രൂപയുടെ ക്രമക്കേടു് നടന്നിട്ടുണു്ടെന്നും, അതുകൂടാതെ യന്ത്രങ്ങളുടെ സപ്പു്ളെയിലും ഗതാഗതത്തിലും വിന്യസനത്തിലുമൊക്കെ വ൯ക്രമക്കേടുകളു് നടന്നിട്ടുണു്ടെന്നും, ഈ യന്ത്രങ്ങളിലെ അട്ടിമറികളു് തികച്ചും സാധ്യമാണെന്നും, ആരോപണങ്ങളെക്കുറിച്ചുള്ള ഇലക്ഷ൯ കമ്മീഷ൯റ്റെ പ്രതികരണങ്ങളെല്ലാം തികച്ചും ബാലിശവും പരിഹാസ്യവുമാണെന്നും,’ വളരെ വളരെ പഴക്കവും പാരമ്പര്യവുമുള്ള ഈ ദേശീയപത്രം ഇ൯ഡൃയിലെ ജനങ്ങളെ അറിയിച്ചു.

6

ബോടു്സ്സ്വാനയിലെ ഭരണകക്ഷിയായ ബി. ഡി. പി.യു്ക്കെതിരെ ഇ൯ഡൃ൯നി൪മ്മിത ഈ. വി. എമ്മുകളു് ഇറക്കുമതിചെയു്തു് തെരഞ്ഞെടുപ്പിലു് ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷകക്ഷിയായ ബി. സി. പി. കേസ്സുകൊടുക്കുകയും, ബീഡീപ്പീ അവ൪ക്കനുകൂലമായി അഫിഡവിറ്റും തെളിവും മൊഴിയും നലു്കാ൯ ആറുമാസമായി ഈവീയെമ്മുകളു് സപ്ലേചെയു്ത ഇ൯ഡൃ൯കക്ഷിയെ നി൪ബ്ബന്ധിച്ചുകൊണു്ടിരിക്കുകയും, സ്വദേശത്തു് ആരോപണങ്ങളുടെ അഗ്നികുണ്ഡത്തിലായ ഇ൯ഡൃ൯കക്ഷി ആ സമ്മ൪ദ്ദത്തെ ചെറുത്തുകൊണു്ടിരിക്കുകയുമാണു്. ഒരു ഈവീയെം നി൪മ്മാതാവും കയറ്റുമതിക്കാരനുമായ ഇ൯ഡൃയിലു്നിന്നും ഈ യന്ത്രങ്ങളു് വാങ്ങിക്കൊണു്ടുപോയ പല രാജ്യങ്ങളും രാഷ്ട്രീയപ്പ്രതിസന്ധിയിലേക്കു് നീങ്ങുകയാണു്. രണു്ടു് പ്രമുഖസ്ഥാപനങ്ങളായ ഭാരതു് ഇലകു്ട്രോണിക്കു്സ്സു് ലിമിറ്റഡും ഇലകു്ട്രോണിക്കു് കോ൪പ്പറേഷ൯ ഓഫു് ഇ൯ഡൃയുമാണു് ഇ൯ഡൃയിലു് ഇവ നി൪മ്മിക്കുന്നതും കയറ്റുമതിചെയ്യുന്നതും. ഇവരുണു്ടാക്കിയ ഇവയിലൊന്നായിരിക്കണം ഇവ വികസിപ്പിച്ചെടുക്കുന്നതിലു് പങ്കെടുത്ത ഒരാളടക്കം കരസ്ഥമാക്കി അനായാസേന ഇവയിലു് കൃത്രിമങ്ങളു് നടത്താമെന്നു് കാണിക്കാ൯ ലണു്ടനിലു് ഉപയോഗിച്ചതു്. ഇ൯ഡൃയുണു്ടാക്കുന്ന ഈവീയെമ്മുകളു് പൊളിച്ചടുക്കാനും പഠനത്തിനും പരിശീലനത്തിനുമായി പല ചെറുകിടരാജ്യങ്ങളിലും ഇപ്പോളു് ലഭ്യമായിരിക്കണം. ഇ൯ഡൃ൯ ജനാധിപത്യത്തിനു് ഇതിലടങ്ങിയിരിക്കുന്ന അപകടം കാണാതിരിക്കാനാവില്ല.

Written/First published on: 21 August 2019.


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 


No comments:

Post a Comment