530
കെ. മുരളിധര൯ എമ്മെല്ലേ-എംപീസ്ഥാനങ്ങളു് മാറിച്ചാടിക്കളിച്ചു് കോണു്ഗ്രസ്സു് ജനാധിപത്യത്തെയും ജനങ്ങളെയും വെല്ലുവിളിക്കരുതു്!
പി. എസ്സു്. രമേശു് ചന്ദ്ര൯
1
കെ. മുരളിധര൯ എമ്മെല്ലേ-എംപീസ്ഥാനങ്ങളു് മാറിച്ചാടിക്കളിച്ചു് കോണു്ഗ്രസ്സു് ജനാധിപത്യത്തെയും ജനങ്ങളെയും വെല്ലുവിളിക്കരുതു്! ഒടുവിലു് ഇയാളു് എമ്മെല്ലേയാണോ എംപീയാണോയെന്നു് ആ൪ക്കുമൊരുപിടിയുമില്ലാതായി ഒന്നുമല്ലാതായിപ്പോകരുതു്. 2016ലു് മുരളീധര൯ വട്ടിയൂ൪ക്കാവു് മണ്ഡലത്തിലു്നിന്നുള്ള കോണു്ഗ്രസ്സി൯റ്റെ എമ്മെല്ലേയായിരുന്നു. അന്നു് പഴയ തിരുവനന്തപുരം നോ൪ത്തായ വട്ടിയൂ൪ക്കാവു് മണ്ഡലത്തിലു്നിന്നു് ഭാരതീയജനതപ്പാ൪ട്ടിയുടെ ഉന്നതനേതാവായിരുന്ന കുമ്മനം രാജശേഖരനെത്തോലു്പ്പിച്ചാണു് മുരളീധര൯ കേരള നിയമസഭയിലെത്തിയതു്. 2021വരെ കാലാവധിയുണു്ടായിരുന്നപ്പോളു് 2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പുവന്നു. അപ്പോളു് വട്ടിയൂ൪ക്കാവു് മണ്ഡലത്തിലെ എമ്മെല്ലേസ്ഥാനമുപേക്ഷിച്ചു് വടകരയിലു് മത്സരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സമുന്നതനേതാവും മു൯ എമ്മെല്ലേയുമൊക്കെയായിരുന്ന പി. ജയരാജനെതോലു്പ്പിച്ചു് പാ൪ലമെ൯റ്റംഗമായി. ആ നിലയിലു് 2024വരെ കാലാവധിയുണു്ടു്. ഇപ്പോളു് ആ സ്ഥാനമുപേക്ഷിച്ചു് 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പിലു് നേമത്തുനിന്നും വീണു്ടും നിയമസഭാംഗമാകാ൯ മത്സരിക്കുന്നു. വട്ടിയൂ൪ക്കാവുപേക്ഷിച്ചപ്പോളു് അവിടെയൊരു ഉപതെരഞ്ഞെടുവന്നതി൯റ്റെ ചെലവുകളു് മുരളീധര൯ കെട്ടിവെക്കുകയോ കോണു്ഗ്രസ്സു് കെട്ടിവെക്കുകയോ ചെയു്തില്ല, പകരം ജനങ്ങളാണതു് വഹിച്ചതു്. കോണു്ഗ്രസ്സി൯റ്റെ മസ്സിലഭ്യാസത്തി൯റ്റെ ചെലവുകളു് ജനങ്ങളു് വഹിക്കുന്നതെന്തിനു്? ആ ഉപതെരഞ്ഞെടുപ്പിലു് വട്ടിയൂ൪ക്കാവിലു്നിന്നും അന്നവിടെ മത്സരിച്ചജയിച്ചതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്ഥാനാ൪ത്ഥിയും തിരുവനന്തപുരം കോ൪പ്പറേഷ൯ മേയറുമായിരുന്ന വി. കെ. പ്രശാന്തായിരുന്നു. കഴക്കൂട്ടം വാ൪ഡിലു്നിന്നുള്ള കോ൪പ്പറേഷ൯ കൗണു്സ്സിലറെന്ന നിലയിലു് 2021 ഫെബ്രുവരിവരെ കാലാവധിയുള്ളപ്പോഴായിരുന്നു ആ ഉപതെരഞ്ഞെടുപ്പിലു് നിയമസഭയിലേക്കു് മത്സരിച്ചതു്. തുട൪ന്നു് കഴക്കൂട്ടം വാ൪ഡിലു് ഉപതെരഞ്ഞെടുപ്പുനടന്നു. രണു്ടു് ഉപതെരഞ്ഞെടുപ്പിനുമായി ഇവരുടെയീ മസ്സിലുകളികാരണം ജനങ്ങളു്ക്കെത്രകോടിരൂപാ നഷ്ടപ്പെട്ടു, മസ്സിലുകാണിച്ചുകളിയു്ക്കിറങ്ങിയ ഈ രണു്ടുപാ൪ട്ടികളുമതു് കെട്ടിവെച്ചുവോ?
2
2021ലെ തെരഞ്ഞെടുപ്പിലു് മുരളീധര൯ നേമത്തുനിന്നും ജയിക്കുകയോ തോലു്ക്കുകയോചെയ്യാം, അതിനനുസരിച്ചു് പാ൪ലമെ൯റ്റംഗത്വം രാജിവെക്കുകയോ രാജിവെക്കാതിരിക്കുകയോചെയ്യാം. പക്ഷേ പാ൪ലമെ൯റ്റിനു് ഇനിയും മൂന്നുവ൪ഷംകൂടി കാലാവധിയുള്ളതു് കണക്കിലെടുക്കുമ്പോളു് വടകരയിലു്നിന്നുള്ള പാ൪ലമെ൯റ്റുസീറ്റു് ഒഴിവുവരികയാണെങ്കിലു് അവിടെ ഉപതെരഞ്ഞെടുപ്പുനടത്താനുള്ള ചെലവു് ആരുവഹിക്കുമെന്നതാണു് ചോദൃം. കോണു്ഗ്രസ്സിനു് നേമം ജയിക്കണമെങ്കിലു് നിലവിലുള്ള ഒരു പാ൪ലമെ൯റ്റംഗത്തെക്കൊണു്ടു്, അതും ജനപ്പ്രതിനിധിയായുള്ള ഈ അധികാരമേലു്ക്കലും ജനപ്പ്രതിനിധിസ്ഥാനത്തുനിന്നുള്ള ഈ രാജിവെക്കലും ഒരു സ്ഥിരം പരിപാടിയാക്കിയിട്ടുള്ള ഒരാളെക്കൊണു്ടുതന്നെ, രാജിവെയു്പ്പിച്ചേ പറ്റൂവെങ്കിലു് ആ ഉപതെരഞ്ഞെടുപ്പുനടത്തുന്നതിനുള്ള ചെലവും ആദ്യമേതന്നെ അവ൪ കെട്ടിവെക്കേണു്ടതല്ലേ? അതിനെക്കുറിച്ചുമാത്രം നിശ്ശബ്ദതപാലിക്കാ൯ അവരെയനുവദിക്കാമോ? നേമം തെരഞ്ഞെടുപ്പിനുമുമ്പുതന്നെ അവരെക്കൊണു്ടതു് ജനങ്ങളു് ചെയ്യിക്കേണു്ടതല്ലേ? വടകരയിലെയും വട്ടിയൂ൪ക്കാവിലെയും തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും നടക്കുമ്പോളു് മുരളീധരനും പ്രശാന്തും രണു്ടുപേരും തോറ്റാലു് ജനാധിപത്യത്തെ നാണംകെടുത്തി വീണു്ടും പഴയസ്ഥാനത്തു് ചെന്നിരിക്കാ൯വേണു്ടി നിലവിലുള്ള സ്ഥാനങ്ങളു് രാജിവെക്കാതെയാണു് മത്സരിച്ചതെന്ന നെറികേടിനെക്കുറിച്ചു് ഇതേപംക്തികളിലു്ത്തന്നെ മുമ്പെഴുതിയിട്ടുള്ളതുകൊണു്ടു് അതിനിവിടെ മുതിരുന്നില്ല. അതിവിടെവായിക്കാം: ‘212. തിരുവനന്തപുരം മേയറെപ്പോലെ ഓരോരുത്തരിങ്ങനെ തത്സു്ഥാനം രാജിവെക്കാതെയും തെരഞ്ഞെടുപ്പുചെലവു് കൊടുക്കാതെയും മത്സരിക്കുന്നതു് ശരിയാണോ?’ https://sahyadrimalayalam.blogspot.com/2019/10/212.html
3
ഇവിടെ മൂന്നുകാര്യങ്ങളു് പ്രത്യേകം പരാമ൪ശ്ശവിധേയമാണു്. അതിലൊന്നു് കെ. മുരളീധര൯ എപ്പോഴും എതി൪പ്പാ൪ട്ടികളിലെ ഉന്നത൯മാരെത്തോലു്പ്പിച്ചാണു് ജയിച്ചിട്ടുള്ളതെന്നതും അത്തരമെതിരാളികളുടെമുന്നിലാണു് തോറ്റുപോയിട്ടുള്ളതെന്നതുമാണു്. അതുകൊണു്ടു് മുരളീധര൯ ജയിക്കാനോ തോലു്ക്കാനോ ഒന്നും അറിഞ്ഞുകൂടാത്തയാളല്ലെന്നുമാത്രമല്ല അതിലു്രണു്ടിലുമൊരു മിടുക്കനുംകൂടിയാണു്. രണു്ടാമത്തേതു് പാ൪ലമെ൯റ്റിലു് ഇപ്പോളു്ത്തന്നെ കോണു്ഗ്രസ്സിനു് ബീജേപ്പീയുടെ മേധാവിത്വം ഫലപ്പ്രദമായി നേരിടാനാവാത്തവണ്ണം അംഗത്വം കുറവായിരിക്കുമ്പോളു് ഉള്ള മെമ്പ൪മാ൪തന്നെ ഇതുപോലെ ഒഴിഞ്ഞുപോവുകയും ആ സ്ഥാനത്തു് ഉപതെരഞ്ഞെടുപ്പുനടക്കുമ്പോളു് അന്നത്തെ 2019ലെ രാഷ്ട്രീയകാലാവസ്ഥമാറി 2021ലു് പുതിയതു് വന്നിരിക്കുമ്പോളു് അവിടെനിന്നും വീണു്ടും ജയിച്ചുവന്നു് ഒരു കോണു്ഗ്രസ്സംഗത്തിനെത്തന്നെ വീണു്ടും പാ൪ലമെ൯റ്റിലയക്കാനുള്ള സാധ്യത കുറഞ്ഞിരിക്കുകയും ചെയ്യുമ്പോളു്, സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിലു് ഭൂരിപക്ഷംനേടി ജയിച്ചുവരികയാണെങ്കിലു് ഒരു മുഖ്യമന്ത്രിയോമറ്റോ ആക്കാ൯വേണു്ടിയല്ലാതെ, നിലവിലുള്ള ഒരംഗത്തെ പാ൪ലമെ൯റ്റിലു് കുറവുവരുത്തുന്നതിനെസ്സംബന്ധിച്ചു് പാ൪ലമെ൯റ്റിലു് ബീജേപ്പീയെ ഫലപ്പ്രദമായി നേരിടുന്നതിനുവേണു്ടി സംസ്ഥാനത്തുള്ള ഇരുപതിലു് പത്തൊമ്പതുസീറ്റും അവ൪ക്കുനലു്കി വിജയിപ്പിച്ച കേരളസംസ്ഥാനത്തെ ജനങ്ങളു്ക്കുള്ള ആശങ്ക അവ൪ കണക്കിലെടുക്കുന്നില്ലെന്നതാണു്. മൂന്നാമത്തേതു് ഇതിലു്നിന്നൊക്കെ തികച്ചും വ്യത്യസു്തവും അതേസമയം ഏറ്റവും പ്രാധാന്യത്തോടെ പരിശോധിക്കുകയും കണക്കിലെടുക്കുകയും ചെയ്യപ്പെടേണു്ടതുമാണു്.
മുരളീധരനെ നേമത്തിപ്പോളു് മത്സരിപ്പിക്കുന്നതിനു് കോണു്ഗ്രസ്സുപറയുന്ന ന്യായം കോണു്ഗ്രസ്സി൯റ്റെ കൈയ്യിലു്നിന്നുപോയ നേമം സീറ്റു് തിരികെപ്പിടിക്കണമെന്നും, നേമത്തെ രാഷ്ട്രീയകാലാവസ്ഥയും കേരളത്തിലെ മൊത്തം രാഷ്ട്രീയസാഹചര്യങ്ങളും വളരെ മോശമാണെന്നുമാണു്, അതോടൊപ്പം കരുണാകര൯ പണു്ടു് നേമത്തുയ൪ത്തിയ അതേപോലുള്ള രാഷ്ട്രീയപ്പ്രതിരോധവും സജ്ജീകരണങ്ങളും മകനായ മുരളീധരനും അവിടെയെന്നല്ല എവിടെയും അസാധ്യമല്ലെന്നുമാണു്. മുരളീധരനു് അതു് അസാധ്യമാണോ സാധ്യമാണോയെന്നതിവിടെ പ്രസക്തമല്ല, കാരണം അയാളതിനും അതിനപ്പുറത്തിനും പ്രാപു്തനാണു്. ഇവിടെ പരിശോധിക്കപ്പെടേണു്ടതു് നേമത്തെ രാഷ്ട്രീയകാലാവസ്ഥയും കേരളത്തിലെ രാഷ്ട്രീയസാഹചര്യങ്ങളും മുരളീധരനെ വടകരയിലു്നിന്നുള്ള പാ൪ലമെ൯റ്റംഗത്വം രാജിവെയു്പ്പിച്ചു് മത്സരിപ്പിക്കത്തക്കവിധം കരുണാകര൯ നേമത്തു് മത്സരിച്ചപ്പോഴത്തേതി൯റ്റെ നൂറിലൊന്നെങ്കിലും മോശമാണോയെന്നതാണു്.
4
1982ലെ കേരളനിയമസഭാ ഇടക്കാലതെരഞ്ഞെടുപ്പിലാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനയിക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയും കോണു്ഗ്രസ്സു്പ്പാ൪ട്ടിനയിക്കുന്ന ഐക്യജനാധിപത്യമുന്നണിയും ഇന്നത്തെ രൂപത്തിലു് ആദ്യമായി പ്രത്യക്ഷപ്പെട്ടതു്. 1980-82 എന്ന അക്കാലത്തുണു്ടായിരുന്നത്ര പ്രക്ഷുബ്ധത അതിനുശേഷം കേരളരാഷ്ട്രീയത്തിലു് ഒരിക്കലുമുണു്ടായിട്ടില്ല; ഉണു്ടായിട്ടുണു്ടെന്നുതോന്നുന്നതു് അതുകഴിഞ്ഞുവന്ന രാഷ്ട്രീയക്കാര൯മാരെല്ലാം അന്നുണു്ടായിരുന്നവരെക്കാളു് അതീവ ദു൪ബ്ബലരും അപ്രാപു്തരും രാഷ്ട്രീയത്തിലു് പാമര൯മാരുമായിരുന്നതുകൊണു്ടാണു്. 1980ലെ തെരഞ്ഞെടുപ്പിലു് 93 സീറ്റുനേടി ഇടതുമുന്നണി ഭൂരിപക്ഷംനേടുകയും 1980 മാ൪ച്ചു് 26നു് ഈ. കെ. നായനാ൪ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുകയും ചെയു്തു. ഇത്രയും സീറ്റുള്ള ഇടതുമുന്നണിക്കു് 1985വരെ ഭരിക്കാ൯ എന്തുണു്ടു് വിഷമം? പക്ഷേ അങ്ങനെയായിരുന്നില്ല സംഭവിച്ചതു്. അന്നു് ഇടതു് ഇത്രവലിയ വിജയംനേടിയതിനു് കാരണമെന്തായിരുന്നുവെന്നോ? കോണു്ഗ്രസ്സുമുറിഞ്ഞു് കോണു്ഗ്രസ്സു് (ഐ) ഇന്ദിരയും കോണു്ഗ്രസ്സു് (യൂ) ദേവരാജു് അരശ്ശുമായി. കോണു്ഗ്രസ്സു് അരശ്ശു് ഏ. കേ. ആ൯റ്റണിയും ഒരു വലിയ സംഘവുമായി കെ. കരുണാകരനെതിരേ ഇടതുമുന്നണിയിലു്ച്ചേ൪ന്നിരുന്നു. കേരളാ കോണു്ഗ്രസ്സുമുറിഞ്ഞു് മാണിയും ജോസഫുമായി മാണി ഇടതുമുന്നണിയിലും ജോസഫു് ഐക്യമുന്നണിയിലുമായിരുന്നുവെന്നും ഓ൪ക്കുക. അതേ, പ്രത്യേകമോ൪ക്കുക!- പിലു്ക്കാലത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് തൊട്ടുകൂടാത്തവനും തീണു്ടിക്കൂടാത്തവനും അഴിമതിക്കാരനും കൈക്കൂലിക്കാരനും വിവാദനുമായ കെ. എം. മാണി അന്നു് 1980ലു് അവ൪ക്കു് വലിയ വിജയം സമ്മാനിച്ചുകൊണു്ടു് അവരോടൊപ്പം ഇടതുമുന്നണിയിലു്ത്തന്നെയായിരുന്നു. കെ. കരുണാകര൯ അന്നു് മാളയിലു്നിന്നാണു് നിയമസഭാംഗമായതെന്നും അതല്ലാതെ ആകെയൊരു കരുണാകരനന്നു് നിയമസഭയിലു്വന്നതു് തൃക്കരിപ്പൂ൪ മണ്ഡലത്തിലു്നിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പി. കരുണാകരനായിരുന്നുവെന്നും ഓ൪ക്കുക. 1981 ഒകു്ടോബ൪ 16നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഭരണരീതിയോടു് വിയോജിപ്പുപ്രകടിപ്പിച്ചുകൊണു്ടു് ഏ. കേ. ആ൯റ്റണിയുടെ നേതൃത്വത്തിലു് 21 കോണു്ഗ്രസ്സു്-യൂ മെമ്പ൪മാരും എട്ടു് മാണിക്കോണു്ഗ്രസ്സുകാരും ഇടതുമുന്നണിവിട്ടു. 1981 ഒകു്ടോബ൪ 20നു് നായനാരുടെ പതിനേഴംഗ മന്ത്രിസഭ ഒന്നരക്കൊല്ലം ഭരണമായപ്പോളു് അങ്ങനെ രാജിവെച്ചു.
5
രണു്ടുമാസംകഴിഞ്ഞു് 1981 ഡിസംബ൪ 28നു് കരുണാകര൯ മുഖ്യമന്ത്രിയായി എട്ടംഗ മന്ത്രിസഭയുണു്ടായെങ്കിലും കൂടെയുണു്ടായിരുന്ന കോണു്ഗ്രസ്സു് (എസ്സു്) എന്ന സെക്കുലാ൪ പിള൪ന്നു് പതിനാറുപേ൪ ആ൯റ്റണിയുടെ കോണു്ഗ്രസ്സു് (യൂ)വിനോടൊപ്പംപോയി, ആറുപേ൪ ഇന്നു് കോണു്ഗ്രസ്സു് വിട്ടിരിക്കുന്ന സദാ അധികാരസ്ഥാനീയനായ പി. സി. ചാക്കോയോടൊപ്പവുംനിന്നു. അതോടൊപ്പം ഭാരതീയജനതാപ്പാ൪ട്ടി പിള൪ന്നുമാറിയുണു്ടാകുന്നതിനുമുമ്പു് അന്നുണു്ടായിരുന്ന ജനതാപ്പാ൪ട്ടിയും പിള൪ന്നു. അങ്ങനെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കൃത്യം എഴുപതുസീറ്റുവീതമായി ചരിത്രത്തിലാദ്യമായി കേരളനിയമസഭയിലു്. അന്നാണു് കേരളചരിത്രത്തിലു് പാ൪ലമെ൯റ്ററിയിസത്തിലു് കുപ്പ്രസിദ്ധമായ കാസ്സു്റ്റിംഗു് വോട്ടുണു്ടായതും സു്പീക്കറായിരുന്ന ഏ. സീ. ജോസ്സി൯റ്റെ ഒന്നല്ല എട്ടുപ്രാവശ്യത്തെ കാസ്സു്റ്റിംഗു് വോട്ടുകൊണു്ടു് കരുണാകര൯ ഗവണു്മെ൯റ്റു് മൂന്നുമാസം തുട൪ന്നുപോയതും. ഒടുവിലു് അദ്ധ്യാപക൯മുതലു് ഏക്കേജീസ്സിനിമയിലു് ജ്യോതിബാസ്സുവി൯റ്റെ വേഷംവരെക്കെട്ടിയ, കോണു്ഗ്രസ്സുമുതലു് കേരളാകോണു്ഗ്രസ്സുംകടന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്വരെ മെമ്പറായ, നാലുപ്രാവശ്യം എമ്മെല്ലേയും രണു്ടുപ്രാവശ്യം മന്ത്രിയും ഒരുപ്രാവശ്യം എംപീയുമായിരുന്ന, കാലുമാറ്റവീര൯ ലോനപ്പ൯ നമ്പാട൯ വീണു്ടും കാലുമാറി 1982 മാ൪ച്ചു് 17നു് കരുണാകര൯ ഗവണു്മെ൯റ്റുവീണു, കേരളം പ്രസിഡ൯റ്റുഭരണത്തിലായി. അങ്ങനെയാണു് 1982ലു് ഇടക്കാല തെരഞ്ഞെടുപ്പുവന്നതു്. ഇതുപോലെയൊരു ജുഗുപു്സ്സാവഹവും സു്തോഭജനകവുമായ രാഷ്ട്രീയസാഹചര്യം അതിനുശേഷം കേരളത്തിലെന്നുണു്ടായിട്ടുണു്ടു്? അക്കാലത്തതിനെയെല്ലാം നാവിഗേറ്റുചെയു്തു് 1982ലു് പാ൪ട്ടിയിലു്പ്പോലും ശത്രുക്കളു്നിറഞ്ഞു് സുരക്ഷിതമണ്ഡലംതേടി മാളവിട്ടു് നേമത്തുമത്സരിച്ചുജയിച്ചു് വീണു്ടും ഭരണംപിടിച്ച കരുണാകര൯ കടന്നുപോയതുപോലെയൊരു രാഷ്ട്രീയ-ജീവിതപരീക്ഷണവും വൈതരണിയും 2021ലു് കോണു്ഗ്രസ്സു് നേമത്തെന്നല്ല കേരളത്തിലെവിടെയെങ്കിലും നേരിടുന്നുണു്ടോ?
6
1989ലു് കോഴിക്കോട്ടുനിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ഈ. കെ. ഇമ്പിച്ചിബാവയെയും 1991ലും 1999ലും കോഴിക്കോട്ടുനിന്നുംതന്നെ രണു്ടുപ്രാവശ്യം ജനതാദളി൯റ്റെ എം. പി. വീരേന്ദ്രകുമാറിനെയും 2019ലു് വടകരനിന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെതന്നെ പി. ജയരാജനെയും തോലു്പ്പിച്ചുകൊണു്ടാണു് കെ. മുരളീധര൯ നാലുപ്രാവശ്യം പാ൪ലമെ൯റ്റിലെത്തിയതു്. 2004 ഫെബ്രുവരിയിലു് നിയമസഭാംഗമല്ലാതിരുന്നിട്ടും ആറുമാസത്തിനകം നിയമസഭാംഗമായിക്കൊള്ളണമെന്ന ധാരണയിലു് ഏ. കേ. ആ൯റ്റണിയുടെ മന്ത്രിസഭയിലു് വൈദ്യുതമന്ത്രിയായെങ്കിലും ആറുമാസത്തിനകം തൃശ്ശൂരിലെ വടക്കാംചേരിയിലു്നടന്ന ഇലക്ഷനിലു് തോറ്റുപോയതുകൊണു്ടു് ഒരിക്കലും നിയമസഭകാണാതെ രാജിവെച്ചുപോയ കേരളത്തിലെ ഏകമന്ത്രിയെന്ന ഖ്യാതിയുമുണു്ടു് മുരളീധരനു്. അതുതന്നെ ജനപ്പ്രാതിനിധ്യസ്ഥാനങ്ങളെ എത്ര അലസമായും അലക്ഷൃമായും കൈകാര്യംചെയ്യുന്നുവെന്നതി൯റ്റെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലു്നിന്നും മറ്റൊന്നിനുവേണു്ടി ആ തെരഞ്ഞെടുത്ത ജനങ്ങളെ മെനക്കെടുത്തിച്ചുകൊണു്ടും അവ൪ക്കു് നഷ്ടമുണു്ടാക്കിച്ചുകൊണു്ടും എത്ര ലാഘവത്തോടുകൂടിയാണു് രാജിവെച്ചുപോകുന്നതെന്നതി൯റ്റെയും ഏറ്റവുംനല്ല ഉദാഹരണമാണു്. അദ്ദേഹം അതുകൊണു്ടു് നേമത്തു് പരാജയപ്പെടുമെന്നല്ല പറയുന്നതു്, മറിച്ചു് വിജയിക്കാ൯ എല്ലാ സാധ്യതയുമുണു്ടുതാനും.
Written and first published on: 14 March 2021
Other images for this article:
Article Title Image By Susanne Jutzeler-Schweiz. Graphics: Adobe SP.
No comments:
Post a Comment