Wednesday, 11 November 2020

355. നിങ്ങളു് ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടു് വരണു്ട ശ്രീമതീ.... ബീജേപ്പീയിലു് കലാപമുണു്ടാക്കി അലമ്പാക്കിയിട്ടു് തെരഞ്ഞെടുപ്പാകുമ്പോളു് വന്നാലു്മതി!

355

നിങ്ങളു് ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടു് വരണു്ട ശ്രീമതീ.... ബീജേപ്പീയിലു് കലാപമുണു്ടാക്കി അലമ്പാക്കിയിട്ടു് തെരഞ്ഞെടുപ്പാകുമ്പോളു് വന്നാലു്മതി!

 
പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Felix-Mittermeier.de. Graphics: Adobe SP.

1

2021ലെ അസ്സംബ്ലി തെരഞ്ഞെടുപ്പുജയിക്കാനായി മാറ്റിവെച്ചിരുന്നതിലു് കുറേപ്പണം ബീജേപ്പീയിലു് അലമ്പുണു്ടാക്കാനായി മുടക്കാ൯തന്നെ ഒടുവിലു് തീരുമാനിച്ചു. അത്ര കടുത്ത ആരോപണങ്ങളല്ലേ ആ കെ. സുരേന്ദ്ര൯ ഓരോദിവസവും ഉന്നയിച്ചുകൊണു്ടുവരുന്നതു്! സിദ്ധാന്തവുമായി ബന്ധമൊന്നുമില്ലാത്തവ൪ പാ൪ട്ടിയിലേക്കുവരുന്നതിനു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇപ്പോളു് തടസ്സമൊന്നുമില്ലാത്ത സ്ഥിതിക്കു് ഇപ്പോളു് ആ൪ക്കുവേണമെങ്കിലും വരാം. പാ൪ട്ടിയിലു് പ്രവ൪ത്തിച്ചതി൯റ്റെ സീനിയോറിറ്റി നോക്കിയല്ല എമ്മെല്ലേസീറ്റുകളും എംപീസീറ്റുകളും സംസ്ഥാനക്കമ്മിറ്റി-ജില്ലാക്കമ്മിറ്റിയംഗംത്വങ്ങളും ഏരിയാസെക്രട്ടറിസ്സ്ഥാനങ്ങളുമൊക്കെ കൊടുക്കുന്നതിനാലു് അന്യമതരാഷ്ട്രീയപ്പാ൪ട്ടികളിലു്നിന്നും അന്യപ്രത്യയശാസു്ത്രവിശ്വാസങ്ങളിലു്നിന്നും ഇന്നു് വന്നുകയറുന്നവ൪ക്കും ചോദിക്കുന്ന ഏതു് സ്ഥാനവും കൊടുക്കുന്നതിനും വിഷമമില്ല, അതെന്തുകൊണു്ടങ്ങനെ ചെയു്തെന്നു് ഒരുത്തനും എണീറ്റുനിന്നു് ചോദിക്കുകയുമില്ല, കാരണം ഒരുമാതിരിപ്പെട്ട എല്ലാവനും ഒരു സഹകരണബാങ്കിലോ പാലു്സ്സൊസൈറ്റിയിലോയെങ്കിലും ജോലിനലു്കിയിട്ടുണു്ടു്, അവനു് നലു്കിയിട്ടില്ലെങ്കിലു് അവളു്ക്കു് നലു്കിയിട്ടു്ണു്ടു്, അല്ലെങ്കിലു് മക്കളു്ക്കു് നലു്കിയിട്ടുണു്ടു്. മലപ്പുറം ഡി.സി.സി. പ്രസിഡ൯റ്റായിരുന്ന ടി. കെ. ഹംസയു്ക്കു് ഇതുപോലൊരു തെരഞ്ഞെടുപ്പുകാലത്തു് കോണു്ഗ്രസ്സു് സീറ്റുകൊടുക്കാത്തതുകൊണു്ടു് റെബലായി മത്സരിച്ചപ്പോളു് പിന്തുണകൊടുക്കുകയും പിന്നീടു് അടുത്തതവണ സ്വന്തംസ്ഥാനാ൪ത്ഥിയാക്കുകയും വലിയ പാ൪ട്ടിസ്ഥാനങ്ങളു് ഉട൯തന്നെ കൊടുക്കുകയും ഒടുവിലു് മന്ത്രിതന്നെയാക്കുകയും ചെയു്തില്ലേ? മുഴുത്ത മുസ്ലിംതീവ്രവാദിയായി മാ൪കു്സ്സിസ്സു്റ്റുവിരുദ്ധത പ്രസംഗിച്ചുനടന്ന കെ. ടി. ജലീലിനെ പാ൪ട്ടിയിലു് ചേ൪ക്കുകപോലുംചെയ്യാതെ മന്ത്രിയാക്കിയില്ലേ? പിന്നെ കടുത്ത ശബരിമലസ്സു്ത്രീവിരുദ്ധത പ്രസംഗിച്ചുനടന്ന ശ്രീമതിയെ ബീജേപ്പീയിലു് സ്ഥാനംകൊടുക്കാത്തതുകൊണു്ടു് പാ൪ട്ടിയിലെടുത്തു് തത്തുല്യമായ സ്ഥാനം കൊടുത്താലെന്താ? പോളിറ്റു് ബ്യൂറോയിലു്ത്തന്നെ എത്രയോസീറ്റുകളു് ഒഴിഞ്ഞുകിടക്കുന്നു!

2

പക്ഷേ ശ്രീമതിയോടുമാത്രംപറഞ്ഞു, നിങ്ങളു് ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടു് വരണു്ട ശ്രീമതീ.... ബീജേപ്പീയിലു് കലാപമുണു്ടാക്കി മൊത്തം അലമ്പാക്കിയിട്ടു് തെരഞ്ഞെടുപ്പാകുമ്പോളു്മാത്രം (അപ്പോഴും യുദ്ധരംഗത്തു് അവശേഷിക്കുമെങ്കിലു്) വന്നാലു്മതി, എന്നു്. അതൊരനീതിയായിപ്പോയി. എങ്കിലും ഒരനുരഞു്ജനമായി വാക്കുറപ്പിനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു്ച്ചെന്നു് അന്തരീക്ഷമൊക്കെ പഠിച്ചു് ഇവിടെ പലതിനും മറ്റിടത്തേക്കാളു് സുഖമാണെന്നു് റിപ്പോ൪ട്ടുചെയ്യാനായി ഏതാനും അനുയായികളെ ഉട൯തന്നെ പാ൪ട്ടിയിലെടുത്തു. (ഒടുവിലു് അവിടത്തെ ചതപ്പുകഴിഞ്ഞു് വന്നില്ലെങ്കിലു്ത്തന്നെയെന്താണു്, വല്ല നഷ്ടവുമുണു്ടോ, ബീജേപ്പീയു്ക്കു് കിട്ടാനുള്ളതു് കിട്ടിയില്ലേ?). ഒറ്റയൊരു കണു്ഡീഷ൯ മാത്രമാണു് ശ്രീമതിയോടു് പറഞ്ഞതു്: ശബരിമലയിലു് പെണ്ണുങ്ങളു് കയറുന്നതു് ആചാരവിരുദ്ധമാണെന്നു് തുള്ളിച്ചാടിനടന്നതുപോലെ ശബരിമലയിലു് വിമാനത്തിലും ഹെലിക്കോപ്പു്റ്ററിലും പലയിടത്തുനിന്നും പലപ്രായത്തിലുള്ള സായിപ്പുമാരും മദാമ്മമാരും അയ്യപ്പ൯റ്റെ ഉച്ചിയിലു് ചെന്നിറങ്ങുന്നതു് പരമ്പരാഗത ആചാരങ്ങളു്ക്കും അനുഷു്ഠാനങ്ങളു്ക്കും വിരുദ്ധമാണെന്നും അയ്യപ്പനെ അശുദ്ധമാക്കുമെന്നുമൊക്കെ പഴയപോലെ പ്രസംഗിച്ചുനടക്കാമെന്നു് കരുതരുതു്- അവിടെ വിമാനത്താവളമുണു്ടാക്കാ൯ നമ്മളുടെകൂടെച്ചേരുന്ന നമ്മുടെ സ്വന്തംസഖി ചെറുവള്ളി എസ്സു്റ്റേറ്റുമുതലാളി അതൊന്നും ഇഷ്ടപ്പെടില്ല.

എല്ലാത്തിനെയും എറണാകുളത്തു് ആറെസ്സെസ്സു് കാര്യാലയത്തിലു് വിളിപ്പിച്ചിട്ടുണു്ടു്, സന്ധിസംഭാഷണത്തിനു്. വന്നുകയറുന്നതിലു് മിക്കതും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചാര൯മാരും ചാരികളുമാണെന്നു് ആറെസ്സെസ്സിനു് അറിയാത്തതല്ല, പക്ഷേ എന്തുചെയ്യാ൯? സംഭാഷണം നടത്തിയല്ലേപറ്റൂ? തലയിരിക്കുമ്പോളു് വാലാടുകയും വാലു് വളഞ്ഞുതിരിഞ്ഞുവന്നു് തലയെത്തന്നെതിന്നുന്ന കാലവുമല്ലേ? പണു്ടാണെങ്കിലു് ആറെസ്സെസ്സുപറഞ്ഞാലു് ബീജേപ്പീകേളു്ക്കുമായിരുന്നു, ഇപ്പോളു് ബീജേപ്പീപറഞ്ഞാലു് ആറെസ്സെസ്സുകേളു്ക്കണം.


3

ഇതുപോലെ ഇരിക്കാ൯ സീറ്റുകിട്ടാതെ ഒരിടത്തുതന്നെനിന്നു് കാലുകഴച്ചു് ഒന്നു് നടന്നിട്ടുവരാ൯പോയി വഴിയിലു് വാതിലുംതുറന്നുവെച്ചു് ആദ്യംകാണുന്നിടത്തു് ചെന്നുകയറുന്നവരെവെച്ചുള്ള പൊറാട്ടുനാടകങ്ങളു്ക്കു് വേദിയൊരുങ്ങുകയാണു് കേരളത്തിലു് 2021ലെ അസംബ്ലിത്തെരഞ്ഞെടുപ്പുത്സവം വരുന്നതുപ്രമാണിച്ചു്. സാംബശിവ൯റ്റെ കഥാപ്രസംഗത്തി൯റ്റെയും കാളിദാസകലാകേന്ദ്രത്തി൯റ്റെ നാടകങ്ങളുടെയും കാലംകഴിഞ്ഞിടത്തു് ജോസ്സു് കെ. മാണിയുടെ മണികഥാകാലക്ഷേപവും ശോഭാസുരേന്ദ്ര൯റ്റെ ആ൪ഷഭാരതനാട്യവുമൊക്കെയാണിപ്പോളു് ആക൪ഷണം. സു്പെഷ്യലു്സ്സീസ്സണു്തിരക്കു് കണക്കിലെടുത്തു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മു൯വശത്തെ വാതിലുതന്നെ പൊളിച്ചുകളഞ്ഞിരിക്കുകയാണു്. എപ്പോഴാണു് ആരാണു് സംഘംസംഘമായി വന്നുകയറുന്നതെന്നറിഞ്ഞകൂടാ, പ്രത്യേകിച്ചും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റോക്കെ വന്നുകയറണമെങ്കിലു് എന്തുമാത്രം പൂത്തപണം കാണണമെന്നു് എല്ലാവ൪ക്കുമറിയാമെന്നിരിക്കുമ്പാളു്. വല്ല ശിവശങ്കര൯മാരോ ജലീലുമാരോ വന്നുകയറുമെങ്കിലു് ഉട൯ അകത്തുകയറ്റാനായി (തെറ്റിദ്ധരിക്കരുതു്!) ബീജേപ്പീയും കാത്തിരിക്കുകയാണു്, കൂട്ടത്തിലു് ആചാരാനുഷു്ഠാനങ്ങളോടെ തളിച്ചു് ശുദ്ധമാക്കി ഹൈന്ദവവിധിപ്പ്രകാരം അകത്തുകയറ്റാനായി നിലവിളക്കുകളും കുറേ ചാണകവുംകൂടി ഒരുക്കിവെച്ചിട്ടുണു്ടു്. പക്ഷേ കോണു്ഗ്രസ്സുമാത്രം അസ്സംബ്ലിത്തെരഞ്ഞെടുപ്പിനുമുമ്പേ പഞു്ചായത്തുതെരഞ്ഞെടുപ്പുംകൂടി വരുന്നതിനാലു് പുറത്തുനിന്നുള്ള സ്ഥാനാ൪ത്ഥിപ്പ്രവാഹവും അകത്തു് ഇപ്പോളു്ത്തന്നെയുള്ളവരുടെ ബാഹുല്യവും കണക്കിലെടുത്തു് അണക്കെട്ടി൯റ്റെ ഷട്ടറുകളും മു൯വശത്തെ പ്രവേശനകവാടത്തി൯റ്റെ ഗേറ്റുകളുംകൂടി അടച്ചിട്ടിരിക്കുന്നുവെന്നാണു് തോന്നുന്നതു്. ആളുതികഞ്ഞെന്നുതോന്നുന്നു.

Written and first published on: 07 November 2020





 

No comments:

Post a Comment