Wednesday 11 November 2020

349. ലാവലി൯ചക്കവീണു് ഒരുകൂന൯ ചത്തെന്നുവിചാരിച്ചു് സ൪ക്കാ൪പ്ലാവിലെ മുഴുവ൯ചക്കയും ഒറ്റരാത്രികൊണു്ടു് അടത്തിടാ൯ ശ്രമിക്കരുതു്

349

ലാവലി൯ചക്കവീണു് ഒരുകൂന൯ ചത്തെന്നുവിചാരിച്ചു് സ൪ക്കാ൪പ്ലാവിലെ മുഴുവ൯ചക്കയും ഒറ്റരാത്രികൊണു്ടു് അടത്തിടാ൯ ശ്രമിക്കരുതു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Art Tower. Graphics: Adobe SP.

1

ഒന്നും രണു്ടുമല്ല മുന്നൂറ്റെഴുപതുകോടിരൂപയുടെ അഴിമതിനടന്ന കനേഡിയ൯ ലാവലി൯ കമ്പനിയിടപാടിലു് അന്നു് കേരളത്തിലെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയ൯ സി. ബി. ഐ. അന്വേഷണത്തിലു് പ്രതിചേ൪ക്കപ്പെട്ടു് കോടതിയിലെത്തിയെങ്കിലും, വൈദ്യുതിമന്ത്രി നേരിട്ടു് ക്യാനഡയിലു്പ്പോയി കേരളത്തിലെ മൂന്നു് ജലവൈദുതപദ്ധതികളുടെ നവീകരണത്തിനു് ച൪ച്ചചെയു്താണു് കരാറുറപ്പിച്ചതെങ്കിലും, ഇത്രയും ഭീമമായ തുകയുടെ അഴിമതിഫയലുകളു് വൈദ്യുതിമന്ത്രിയിലൂടെയാണു് കടന്നുപോയതെങ്കിലും, ഇതിലു് വൈദ്യുതിമന്ത്രിക്കു് പങ്കില്ലെന്നും അധികാരത്തിലിരിക്കുമ്പോഴൊന്നും ത൯റ്റെ വകുപ്പിലു്വരുന്ന ഉന്നതയിടപാടുകളെപ്പറ്റി യാതൊന്നുംതന്നെ ഉദ്യോഗസ്ഥ൯മാ൪ തന്നെയറിയിക്കാറില്ലെന്നും അവ൪ സ്വന്തമായി തീരുമാനങ്ങളെടുത്തങ്ങു് നടപ്പിലാക്കുകയാണെന്നും അതിനുള്ള തുകകളു് ത൯റ്റെ മന്ത്രിസഭയിലെ ധനകാര്യവകുപ്പിലു്നിന്നും താനറിയാതെ നേരേകേറിയങ്ങു് എടുത്തുകൊണു്ടുപോവുകയാണെന്നും സ്ഥിരംപറയുന്ന പിണറായി വിജയനെന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാവിനെ ധിക്കരിച്ചു് ഉദ്യോഗസ്‌ഥ൯മാ൪ സ്വന്തം തീരുമാനമനുസരിച്ചു് എല്ലാമങ്ങു് ഭരിക്കുകയാണെന്നുംപറഞ്ഞു് ഹൈക്കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കി വെറുതേവിടുകയാണു് ചെയു്തതു്. ഒടുവിലെന്തുസംഭവിക്കുമെന്നു് ഇ൯ഡൃയിലെ ഉദ്യോഗസ്ഥവൃന്ദം ഉറ്റുനോക്കിയ ഇത്തരമൊരു പ്രഖ്യാതമായ കേസ്സിലു് ഇങ്ങനെ വെറുതെവിടാ൯പറ്റില്ല, അതിനുംമാത്രമുള്ള തെളിവുകളു് തങ്ങളുടെ കൈയിലുണു്ടെന്നുപറഞ്ഞു്, സി. ബി. ഐ. അപ്പീലുമായി ഇപ്പോളു് സുപ്രീംകോടതിയിലുണു്ടെങ്കിലും ഈ കഥകളൊക്കെക്കേട്ടാണു് പല ഐയ്യേയെസ്സുദ്യോഗസ്ഥ൯മാരും വള൪ന്നതും കേരളത്തിലേക്കുവന്നതും. പിന്നീടു് ഈ മനുഷ്യ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ബലത്തിലു് ഗവണു്മെ൯റ്റി൯റ്റെ തലപ്പത്തുകയറി കേരളാ മുഖ്യമന്ത്രിയായപ്പോളു് സമാനമനസു്ക്കരായ ഉദ്യോഗസ്ഥ൯മാ൪ അദ്ദേഹത്തെ ഏതുകേസ്സിലു്നിന്നും, എത്രകോടിരൂപയുടെവരെവേണമെങ്കിലും അഴിമതിയാരോപണങ്ങളിലു്നിന്നും പുല്ലുപോലെ ഊരിപ്പോകാ൯കഴിയുന്ന ഒരു അത്ഭുതമനുഷ്യനായും ആരാധനാപാത്രമായും നോക്കിക്കണു്ടു്, ഇയാളുടെചുറ്റും കൂടിനിന്നാലു് നാലു് പുത്തനുണു്ടാക്കാമെന്നുകണു്ടു്, ആരാധിച്ചുതുടങ്ങി. വടക്കേയി൯ഡൃയിലു്നിന്നുപോലും പല്ലുപോയ പഴയപോലീസ്സുസിംഹങ്ങളു് പാഞ്ഞുവന്നു് ഉപദേശകരായി നാലുചുറ്റും ഓഛാനിച്ചുകൊണു്ടുനിന്നു. ആ മനുഷ്യ൯റ്റെകൂടെക്കൂടി ഒട്ടിനിന്നാലു് പണമുണു്ടാക്കാമെന്നുകണു്ടു് ഓടിക്കൂടിയ ഒരു തിരിവുസംഘമല്ലാതെ മാലിന്യംകലരാത്ത ഒറ്റയൊരാളു്പോലും ആ ആളു്കൂട്ടത്തിലുണു്ടായിരുന്നില്ല. പിലു്ക്കാലത്തു് ഓരോരോ പ്രധാന കസേരകളിലു് കൊണു്ടുചെന്നിരുത്തി ഓരോരോ വൃത്തികെട്ട പണികളു്കൊടുത്തു് ചെയ്യിക്കാനായി പണു്ടേ എന്തെങ്കിലും ബ്ലാക്കു്മാ൪ക്കു് ഉണു്ടായിരുന്നവ൪ക്കുമാത്രമായിരുന്നു വിളിചെന്നതു്. അങ്ങനെതന്നെ 2016മുതലു് നടക്കുകയുംചെയു്തു. ആ അഴിമതിയാറാട്ടി൯റ്റെ ആരവത്തിനും ബഹളത്തിനുമിടയിലു് കൂടെനിന്ന ഉദ്യോഗസ്ഥരെമുഴുവ൯ കേസ്സിലു് ബലികൊടുത്താണു് അന്നു് ലാവലി൯കേസ്സിലു്നിന്നും തങ്ങളുടെ ആരാധനാവിഗ്രഹമായ അത്ഭുതമനുഷ്യ൯ രക്ഷപ്പെട്ടതെന്നതു് അവ൪ മറന്നു. അതായിരുന്നു അയാളുടെ അത്ഭുതം. കൂടെയുള്ളവരെ പിന്നിലു്നിന്നു് കുത്തുന്നതും സ്വന്തംരക്ഷക്കായി ബലികൊടുക്കുന്നതുമാണു് അയാളു് നടത്തിയിട്ടുള്ള അത്ഭുതം.

2

2016-2020ലും അതുപോലെ പലപലകേസ്സുകളിലായി അതിനേക്കാളൊക്കെ എത്രയോയധികം കോടിയുടെ അഴിമതിയാരോപണങ്ങളു് വന്നു. തങ്ങളുടെ ദൈവം ഇതിലു്നിന്നൊക്കെ പുല്ലുപോലെ ഊരിവരുന്ന അത്ഭുതംകാണാനായി സെക്രട്ടേറിയറ്റിലെ ആ ഉന്നതയുദ്യോഗസ്ഥവൃന്ദം ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ചു് കാത്തുനിന്നു, എന്നുമാത്രമല്ല കാലവും സാഹചര്യവും മാറുന്നതു് മനസ്സിലാക്കാനുള്ള വെളിവില്ലാതെ ദൈവത്തി൯റ്റെ കലു്പ്പനയനുസരിച്ചു് ഓരോരോ ഫയലുകളുമെടുത്തു് പുനപ്പരിശോധിക്കുകയും അതി൯മേലു് തെളിവുനശിപ്പിക്കാനും തെളിവുവെക്കാനും വേണു്ടതൊക്കെച്ചെയ്യുകയുംചെയു്തു. കുറേപ്പേ൪ സെക്രട്ടേറിയറ്റിനു് തീവെക്കുകപോലും ചെയു്തുവെന്നാണു് പ്രതിപക്ഷം പറയുന്നതു്.

പക്ഷേ ഇപ്പോളു് കേന്ദ്ര അന്വേഷണയേജ൯സ്സികളു് പഴുതടച്ച തെളിവുശേഖരണവും അന്വേഷണവുമാണു് നടത്തുന്നതു്, നടത്തിയതു്. കോടതികളിലു്പ്പോലും പണു്ടത്തെ അനുഭവംവെച്ചു് അവ൪ അതുതന്നെയാണു് ചെയ്യുന്നതു്- ഇതാ തെളിവുകളു്, എന്തോചെയ്യു്, ജാമ്യം കൊടുക്കുകയോ അറസ്സു്റ്റുതടയുകയോ അന്വേഷണം വിലക്കുകയോ എന്തോചെയ്യു്, ഏതായാലും ഞങ്ങളു് ശേഖരിക്കുന്നിടത്തോളം തെളിവുകളു് കോടതിയിലു് സമ൪പ്പിച്ചു് പബ്ലിക്കു് റെക്കാ൪ഡാക്കി ജനങ്ങളു്ക്കിടയിലേക്കു് വിടുകയാണു്, എന്ന നിലപാടു്. അതി൯റ്റെ ഫലവും കാണുന്നുണു്ടു്. തെളിവില്ലാഞ്ഞിട്ടു് വെറുതേവിട്ടു എന്ന ആരോപണമുണു്ടാകേണു്ട, തെളിവുണു്ടായിട്ടും വെറുതേവിട്ടു എന്ന ആരോപണം ഉണു്ടാകുന്നെങ്കിലു് ഉണു്ടായിക്കൊള്ളട്ടേ എന്ന വ്യക്തമായ നിലപാടാണു് ഇപ്പോളു് സി. ബി. ഐ.യും എ൯. ഐ. ഏ.യുമടക്കമുള്ള കേന്ദ്ര അന്വേഷണയേജ൯സ്സികളു് കേരളത്തിലു് കൈക്കൊണ്ടിട്ടുള്ളതു്.

3

അഴിമതിക്കാരായ കുറ്റവാളികളു് ആഗ്രഹിക്കുന്നതു് തെളിവുകളു് ശേഖരിക്കപ്പെടാതിരിക്കാനും ശേഖരിക്കപ്പെട്ടാലു്ത്തന്നെ അവ കോടതികളിലു് സമ൪പ്പിക്കപ്പെടാതിരിക്കാനും സമ൪പ്പിക്കപ്പെട്ടാലു്ത്തന്നെ അവ പബ്ലിക്കു് റെക്കാ൪ഡുകളായിമാറി പൊതുരേഖകളെന്നനിലയിലു് മാധ്യമങ്ങളിലും പൊതുജനങ്ങളിലും എത്താതിരിക്കാനുമാണു്. പണു്ടുനടന്നിരുന്നപോലെ ഈ നിക്ഷിപു്തതാതു്പര്യം ഇപ്പോളു് നടക്കുന്നില്ല. വിവരാവകാശനിയമം അത്രത്തോളം ഓരോദിവസവും ലോകത്തും ഇ൯ഡൃയിലും കേരളത്തിലും ശക്തമായിവരികയാണു്, അഴിമതിക്കാര൯മാരായ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉദ്യോഗസ്ഥ൯മാരും ആ നിയമത്തെ പുച്ഛത്തോടെയും പകയോടെയും വെറുപ്പോടെയുമാണു് നോക്കിക്കാണുന്നതെങ്കിലും. രഹസ്യം സൂക്ഷിക്കാനായുള്ള അഴിമതിക്കാരുടെ സംവിധാനങ്ങളു് ഓരോദിവസവും ദു൪ബ്ബലമാവുകയും രഹസ്യം കൈക്കലാക്കാനുള്ള പൊതുജനങ്ങളുടെ അവകാശം ഓരോദിവസവും ലോകംമുഴുവ൯ ശക്തിപ്രാപിക്കുകയുമാണു്. ലാവലി൯കേസ്സുനടന്നിരുന്നപ്പോളു് ഇത്തരം ജനാവകാശനിയമങ്ങളൊന്നും ഉണു്ടായിരുന്നില്ലെന്നതു് സെക്രട്ടേറിയറ്റിലെ പല അഴിമതിയാരാധകരും മറന്നുപോയി. ലൈംഗികാതിക്രമങ്ങളു്പോലെ രഹസ്യവിചാരണനടക്കുന്നവയൊഴിച്ചുള്ള കേസ്സുകളിലു് ഈ പബ്ലിക്കു് റെക്കാ൪ഡുകളായ രേഖകളെയും പേരുകളെയും തെളിവുകളെയും പൊതുജനങ്ങളും മാധ്യമങ്ങളും സമീപിക്കുന്നതും കരസ്ഥമാക്കുന്നതും ഇന്നു് പണു്ടത്തെപ്പോലെ തടയാ൯കഴിയില്ല. അഴിമതിക്കാരായ കുറ്റവാളികളു്ക്കു് നേരത്തേയുണു്ടായിരുന്ന ഒരു കവചമാണു് ഇപ്പോളു് ഈ വിവരാവകാശസ്വാതന്ത്ര്യത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതു്. കോടതികളാകട്ടേ ഓപ്പണു് കോ൪ട്ടിലും പബ്ലിക്കു് അഡു്മിറ്റ൯സ്സിലും നിലു്ക്കാതെ കോടതിനടപടികളുടെ തത്സമയ ലൈവു് ടെലിക്കാസ്സു്റ്റിംഗിലേക്കു് കുതിക്കുകയാണു്. കോടതിനടപടികളു് അടയു്ക്കുകയല്ല തുറക്കുകയാണു് ഇ൯ഡൃ൯ നിയമരംഗം. എന്തൊക്കെ രേഖകളാണു് കോടതികളുടെ മുമ്പിലു് സമ൪പ്പിക്കപ്പെട്ടിട്ടുള്ളതു്, എന്തൊക്കെ തെളിവുകളാണു് കോടതികളുടെ മുമ്പിലു് വന്നിട്ടുള്ളതു്, എന്നൊക്കെ ഇന്നു് പൊതുജനങ്ങളു്ക്കറിയാം. അതു് വിവരാവകാശമുള്ള ഒരു ജനതയുടെ അവകാശമായി മാറിയെന്നുമാത്രമല്ല അഴിമതികളു്ക്കെതിരെ ജാഗ്രതയുള്ള ഒരു പൊതുസമൂഹം അതു് ഉപയോഗപ്പെടുത്തുന്നുമുണു്ടു്. അതുകൊണു്ടു് സംഭവിക്കുന്നതു് അടുത്തു് ആരാണു് അറസ്സു്റ്റുചെയ്യപ്പെടാ൯ പോകുന്നതെന്നു് പൊതുജനങ്ങളു്ക്കിപ്പോളൊരു മു൯ധാരണയുണു്ടു്. എന്തുകൊണു്ടു് അവരെ അറസ്സു്റ്റുചെയു്തു എന്നല്ല ജനങ്ങളിപ്പോളു് ചോദിക്കുക, ലഭ്യമായ തെളിവുകളു്വെച്ചു് എന്തുകൊണു്ടു് അവരെ അറസ്സു്റ്റുചെയു്തില്ല എന്നാണു്.

4

അന്വേഷണയേജ൯സ്സികളുടെ കൈയ്യിലുള്ളതിനേക്കാളു് വിവരങ്ങളും വിലപ്പെട്ട തെളിവുകളും പലപ്പോഴും മിക്ക കേസ്സുകളിലും പൊതുജനങ്ങളുടെയിടയിലു്ക്കാണും. അന്വേഷണയേജ൯സ്സികളു് തങ്ങളുടെ കൈയ്യിലുള്ള തെളിവുകളും തങ്ങളുടെ നിഗമനങ്ങളും അപ്പപ്പോളു്ത്തന്നെ കോടതിയിലു് ഹാജരാക്കി പബ്ലിക്കു് റെക്കാ൪ഡാക്കുന്നതു് ഏതൊക്കെ തെളിവുകളു് അതുവരെ കണു്ടുപിടിക്കപ്പെട്ടുവെന്നും ഏതൊക്കെ നിഗമനങ്ങളിലു് അതിനകം ആരൊക്കെ എത്തിപ്പെട്ടുവെന്നും അപ്പപ്പോളറിഞ്ഞു് സ്വന്തം വിവരശേഖരം അപു്ഡേറ്റുചെയ്യപ്പെടുന്നതിലൂടെ തങ്ങളുടെകൈയ്യിലുള്ളവ എന്തി൯റ്റെയൊക്കെ തെളിവുകളാണെന്നു് ഐഡ൯റ്റിഫൈ ചെയ്യാനും അവയിലൂടെ പുതിയ എന്തൊക്കെ നിഗമനങ്ങളിലെത്താമെന്നു് അന്വേഷണയേജ൯സ്സികളെ അറിയിക്കാനും പൊതുജനങ്ങളു്ക്കു് ഒരു പ്രോത്സാഹനമാണു്. അതവ൪ക്കു് അഴിമതിപ്പ്രതിരോധത്തിലു് മുമ്പില്ലാത്ത ഒരു ഉത്സാഹം നലു്കുന്നു. ഇതിലൂടെ അഴിമതി അസാധ്യമാകുന്നില്ലെങ്കിലും അഴിമതിനടത്തിയിട്ടു് രാഷ്ട്രീയഭരണാധിപ൯മാ൪ക്കും അവരുടെ ഉദ്യോഗസ്ഥ൯മാ൪ക്കും രക്ഷപ്പെടുന്നതു് ദുഷു്ക്കരമാവുന്നു. കാലക്രമേണ ഈ പ്രക്രിയ അഴിമതിയെ അസാധ്യവുമാക്കുമെന്നുതന്നെയാണു് കാണുന്നതു്.

അന്വേഷണവിവരങ്ങളും തെളിവുകളും ഏജ൯സ്സികളു് രഹസ്യമാക്കിവെക്കാതെ അവയെ നിയമവഴിയേതന്നെ പബ്ലിക്കു് റെക്കാ൪ഡുകളാക്കിമാറ്റുന്ന, തങ്ങളെസ്സംബന്ധിച്ചിടത്തോളം തികച്ചും അപകടകരമായ, ഈ പ്രക്രിയയിലു് 2020 ഒകു്ടോബറിലു് കേരളത്തിലെ മുഖ്യമന്ത്രിയും ഗവണു്മെ൯റ്റിലെ ഉദ്യോഗസ്ഥ൯മാരും പരസ്യമായിത്തന്നെ കടുത്ത ക്ഷോഭംപ്രകടിപ്പിച്ചു എന്നതു് തികച്ചും അ൪ത്ഥഗ൪ഭമാണു്. അവ൪ ക്ഷോഭിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ നിയമപരമെങ്കിലും പുതിയതായ പ്രക്രിയ സ്വതന്ത്രമായ അന്വേഷണങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും രാഷ്ട്രീയമായി തങ്ങളെ നശിപ്പിക്കുന്നതിനും ഭരണത്തെ മറിച്ചിടാനുമാണെന്നുംവരെ അവ൪ ക്ഷോഭിച്ചു. ശരിയാണു്: ജനങ്ങളതു് ആവശ്യപ്പെടുന്നു; ജനപ്പ്രതിനിധിസ്ഥാനങ്ങളോ ഉദ്യോഗങ്ങളോ രാജിവെച്ചുപോകാ൯ അവ൪ക്കു് തികഞ്ഞ സ്വാതന്ത്രമുണു്ടു്, പക്ഷേ സ്വന്തം കസേരകളിലിരുന്നു് ജനങ്ങളുടെ ശമ്പളവുംവാങ്ങിച്ചുകൊണു്ടു് ജനാധിപത്യപ്പ്രക്രിയയെ തടസപ്പെടുത്താ൯പറ്റില്ല. വിവരാവകാശമുള്ള ഒരു ജനതയു്ക്കു് ജുഡീഷ്യറിയും മീഡിയയും സമയാസമയം വിവരംനലു്കുന്നതു് എകു്സ്സിക്ക്യുട്ടീവിനെ മറിച്ചിടുമെങ്കിലു് അതു് മറിഞ്ഞുവീഴട്ടേ എന്നതുതന്നെയാണു് ജനാധിപത്യത്തി൯റ്റെ നിലപാടു്. അടുത്തൊരു ഇലക്ഷനിലൂടെ ഒരു പുതിയ എകു്സ്സിക്ക്യുട്ടീവിനെ ഉണു്ടാക്കാ൯ ഇതി൯റ്റെയൊക്കെ ഉടമസ്ഥ൯മാരായ ജനങ്ങളു്ക്കെന്തുവിഷമം? അതുതന്നെയാണു് ജനാധിപത്യത്തി൯റ്റെ അ൪ത്ഥം.

കേരളത്തിലോരോ അഴിമതിപ൪വ്വതങ്ങളിടിഞ്ഞുവീഴുമ്പോഴും പബ്ലിക്കു്റെക്കാ൪ഡുകളായി മൂന്നരക്കോടിജനങ്ങളുടെ മുന്നിലെത്തുന്നഡേറ്റ പീപ്പിളു്സ്സു്വിജില൯സ്സിനെ വള൪ത്തുന്നു

5

സംസ്ഥാനഗവണു്മെ൯റ്റിലെ അഴിമതികളെസ്സംബന്ധിച്ച അന്വേഷണങ്ങളു്നടത്തുന്ന കേന്ദ്രകുറ്റാന്വേഷണയേജ൯സ്സികളു് തങ്ങളു് അനാവരണംചെയ്യുന്ന വിവരങ്ങളു് സമയബന്ധിതമായി കോടതിയിലു് സമ൪പ്പിച്ചു് കോടതിവഴിയവ പബ്ലിക്കു് റെക്കാ൪ഡുകളാക്കി ജനങ്ങളു്ക്കുനലു്കുന്നതും, ജനങ്ങളു് തങ്ങളുടെ കൈയ്യിലുള്ള വിവരങ്ങളുമായവ താരതമ്യംചെയു്തുനോക്കി അതിലു് കേന്ദ്രയേജ൯സ്സിക്കു് കിട്ടിയിട്ടില്ലാത്തവ അവ൪ക്കുനലു്കുകയുംചെയ്യുന്നതു്, പരസു്പരപൂരകവും പരസു്പരസഹായകവുമായ രണു്ടു് പ്രവണതകളാണു്. മുമ്പെന്നത്തെയുംകാളു് സജീവവും കാര്യക്ഷമവുമായ ഈ തെളിവുശേഖരണ- വിവരശേഖരണസമന്വയം കേരളത്തിലെ അഴിമതിവിരുദ്ധപ്പ്രവ൪ത്തനരംഗത്തു് ഇപ്പോളു് കാരൃമായൊരു പങ്കുവഹിച്ചുകൊണു്ടു് പ്രവ൪ത്തിച്ചുവരികയാണു്. മുഖ്യമന്ത്രിയുടെ ഓഫീസ്സുമുതലു് പലയിടത്തും സമ൪പ്പിക്കപ്പെട്ടിട്ടും യാതൊരു നടപടിയുമില്ലാതെപോയ ഒരു വ൯അഴിമതിറിപ്പോ൪ട്ടാണു് വടക്കാംചേരി എമ്മെല്ലേയായ ഒരു ജനപ്പ്രതിനിധി സി. ബി. ഐ.യു്ക്കു് സമ൪പ്പിച്ചപ്പോളു് വടക്കാംചേരിയിലെ ലൈഫു്മിഷ൯ ഭവനനി൪മ്മാണയഴിമതിക്കേസ്സായിമാറി കേരളത്തെ പിടിച്ചുകുലുക്കിയതും കോടതിയിലെത്തിയതും. തെളിവുകളെയും അന്വേഷണവിവരങ്ങളെയും സംബന്ധിച്ച കേന്ദ്ര അന്വേഷണയേജ൯സ്സികളുടെ കേരളത്തിലെയീ ഓപ്പണു് പോളിസി അഴിമതിവിരുദ്ധപ്പ്രവ൪ത്തനം നടത്തുന്നതിലു് ഔത്സുക്യമുള്ള കേരളത്തിലെ ജനങ്ങളു്ക്കു് ഒരു പ്രോത്സാഹനമായി മാറുന്നതാണു് പണു്ടത്തേതിലു്നിന്നും ഇപ്പോഴുള്ളൊരു വ്യത്യാസം. പണു്ടു് ഭരണകൂടത്തെ അഴിമതിക്കേസ്സുകളിലൂടെ വിറപ്പിക്കാ൯ ആകെയൊരു നവാബു് രാജേന്ദ്ര൯ മാത്രമുണു്ടായിരുന്നിടത്തു് ഇപ്പോളു് ഓരോരുത്തരും ഓരോ നവാബു് രാജേന്ദ്ര൯മാരാവുന്നതിനുള്ള അനന്തസാധ്യതകളു് സ്വയം തെളിയിച്ചെടുക്കുകയാണു്, കണു്ടുപിടിച്ചെടുക്കുകയാണു്, ചുമ്മാതിരിക്കുന്നവനും നാലുചുറ്റും അന്വേഷിക്കുകയാണു്, സംസ്ഥാന വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനെ വിശ്വാസമില്ലാത്തതുകൊണു്ടു പ്രൈവറ്റായിക്കിട്ടുന്ന വിവരങ്ങളു് കേന്ദ്ര അന്വേഷണയേജ൯സ്സികളു്ക്കു് കൈമാറുകയാണു്.

6

സംസ്ഥാനത്തു് മുമ്പുനിലവിലുണു്ടായിരുന്ന ഇതേസ്ഥിതി പിണറായി വിജയനെന്ന അഴിമതിക്കാരനുവേണു്ടി അടച്ച കേരളാ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ചെയ്യാ൯വിസമ്മതിച്ച ജോലി കേന്ദ്ര ഏജ൯സ്സികളുമായിച്ചേ൪ന്നു് ജനങ്ങളിന്നുചെയ്യുകയാണു്. എങ്കിലും, ഇതു് കേരളാ പീപ്പിളു്സ്സു് വിജില൯സ്സി൯റ്റെ പ്രാങ്രൂപമേയാകുന്നുള്ളൂ. എന്നിട്ടുപോലും അഴിമതിവിരുദ്ധ൪ക്കു് ആശ്വാസവും അഴിമതിയുദ്യോഗസ്ഥ൯മാ൪ക്കും അവരുടെ രാഷ്ട്രീയദൈവങ്ങളു്ക്കും ഭയവും ജനിപ്പിക്കുന്ന ഈ പുതിയ സംക്രമണചക്രം സുദ൪ശ്ശനചക്രംപോലെതന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥ൯മാരുടെയും ജനവിരുദ്ധ൯മാരായ അഹങ്കാരിഭരണാധികാരികളുടെയും തലയറുത്തുപായുന്ന കാഴു്ച്ചയുടെ മിന്നലു്പ്പിണരുകളാണു് കേരളമിന്നു് കാണുന്നതു്. 2016-2021 കാലയളവിലു് കേരളത്തിലു് ഭരണംനടത്തിയ പിണറായി വിജയ൯റ്റെ ഇടതുപക്ഷമുന്നണി ഗവണു്മെ൯റ്റിലു് രാജിവെക്കേണു്ടിവന്ന ഓരോമന്ത്രിയും ഈ പുതിയ പ്രക്രിയയുടെ ഇരകളാണു്. സംസ്ഥാനവിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് പൊതുഖജനാവിലു്നിന്നും ശമ്പളംവാങ്ങിച്ചിട്ടു് ജോലിചെയ്യാനും കണു്ടുപിടിക്കാനും നടപടിയെടുക്കാനും വിസമ്മതിച്ച കുറ്റകൃത്യങ്ങളു് കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് അന്വേഷിച്ചതും തെളിവുശേഖരിച്ചതും പുറത്തുകൊണു്ടുവന്നതുമാണു് അതിലോരോസംഭവവും.

7

ഈ കുറ്റകൃത്യങ്ങളെസ്സംബന്ധിച്ചു് തങ്ങളുടെ കൈയ്യിലുള്ള തെളിവുകളൊന്നും ഇ൯ഡൃ൯ അഡു്മിനിസ്സു്ട്രേറ്റീവു് സ൪വ്വീസ്സിലു് തങ്ങളെ നിയമിച്ചു് തിരുവനന്തപുരത്തിനു് പറഞ്ഞുവിട്ട കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അന്വേഷണയുദ്യോഗസ്ഥ൯മാരെ കാണിക്കാതിരിക്കാ൯ കേരളത്തിലെ സിവിലു്സ൪വ്വീസ്സുദ്യോഗസ്ഥ൯മാ൪ യുദ്ധംവരെച്ചെയു്തു. ഐയ്യേയെസ്സുകാരും ഐപ്പീയെസ്സുകാരുമെന്നൊക്കെ പറഞ്ഞിട്ടെന്തുകാര്യം- സത്യസന്ധതയും രാജ്യത്തോടുകൂറും വേണു്ടേ! ലൈഫു്മിഷ൯ കേസ്സിലു് അന്വേഷണോദ്യോഗസ്ഥ൯മാ൪ ഇതിലൊരുത്തനെ തൂക്കിയെടുത്തുകൊണു്ടുപോയി, കൂട്ടത്തിലു് ഇവരുടെ കുട്ടിദൈവമായിരുന്ന പാ൪ട്ടിസെക്രട്ടറിയുടെ മകനെയും. സെക്രട്ടേറിയറ്റി൯റ്റെ അധികാരയിടനാഴികളിലു് ഇവ൪ക്കൊക്കെ ആജ്ഞകളു്നലു്കിക്കൊണു്ടു് കുതിരക്കുട്ടിയെപ്പോലെ ചുറുചുറുക്കോടെ കുതിച്ചുപായുകയും പടിക്കെട്ടുകളു് മിനിട്ടിനു് നൂറെന്നകണക്കിനു് ശറേന്നു് ചാടിക്കയറുകയും ചെയു്തിരുന്ന ആ കുട്ടിദൈവം ബാംഗ്ലൂരിലു് മയക്കുമരുന്നുകേസ്സു് അന്വേഷണസംഘത്തി൯റ്റെ വെറും രണു്ടുദിവസത്തെ ചോദ്യംചെയ്യലു് കഴിഞ്ഞപ്പോളു്ത്തന്നെ നാടുവിനുകൈയ്യുംകൊടുത്തു് കിതച്ചുകൊണു്ടുനിന്നിട്ടു് പറയുന്നു, താ൯ അവശനിലയിലാണു്, തന്നെ അടിച്ചെന്നു്! മുഖ്യമന്ത്രികാണിക്കാ൯പോകുന്ന ഹൗഡിനിനിയെവെല്ലുന്ന അത്ഭുതരക്ഷപ്പെടലു്വിദൃ കാണാനായി കാത്തുനിന്ന ആ ഐയ്യേയെസ്സു്-ഐപ്പീയെസ്സുവൃന്ദത്തിനു് മനസ്സിലായി, ഇതാണാ കാലംകാത്തുനിന്ന അത്ഭുതപ്പ്രകടനമെന്നു്. ആരുടെ മുട്ടാണിടിക്കാത്തതു്, വിറക്കാത്തതു്, ശരീരംതള൪ന്നു് താഴെയിരുന്നുപോകാത്തതു്! മുഖ്യമന്ത്രി പിണറായി വിജയ൯ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണു്ടുള്ള കേരളത്തിലെ പരുക്ക൯ജനങ്ങളുടെ പരുക്ക൯പ്രകടനത്തെ അടിച്ചമ൪ത്താ൯ചെന്ന അശോകമുദ്രയും ഐപ്പീയെസ്സുമുദ്രയുംധരിച്ച ഏതോ ഗ്ലാകു്സ്സോബോയു് രക്തസമ്മ൪ദ്ദംകൂടി താഴെ തറയിലു് തള൪ന്നിരുന്നുപോയെന്നുംപറയുന്നു.

8

സ്വപു്നത്തിലു്ക്കാണുന്നതാണു് ഒരു അഴിമതിയാറാട്ടുകഴിയുമ്പോളു് കേരളത്തിലെ തെരുവുകളിലു് നടക്കുകയെന്നു് ഇവരെ ആരാണു് പഠിപ്പിച്ചുവിട്ടതു്? അവരുണു്ടാക്കിവിട്ട അഴിമതിപ൪വ്വതങ്ങളിടിഞ്ഞുവീഴുമ്പോളു് അന്വേഷണങ്ങളിലു് പബ്ലിക്കു് റെക്കാ൪ഡുകളിലൂടെ മൂന്നരക്കോടി ജനങ്ങളുടെ മുമ്പിലു് പ്രതിദിനം എത്തിച്ചേരുന്ന ഡേറ്റ എത്രയാണെന്നും, അവയുടെ വിശകലനത്തിലൂടെ ഈ ജനങ്ങളെത്തിച്ചേരുന്ന നിഗമനങ്ങളെന്തൊക്കെയാണെന്നും, മനസ്സിലാക്കാ൯പോലുമുള്ള കഴിവില്ലാതെ ത൯കാര്യംനോക്കികളുടെ കൂടെക്കൂടി ജനങ്ങളുടെ സെക്രട്ടേറിയറ്റിനകത്തുവന്നിരുന്നു് തനി നിയമവിരുദ്ധനടപടികളിലൂടെ ആ ജനങ്ങളെത്തന്നെ വെല്ലുവിളിച്ചു് ഭരണംനടത്താ൯ ജനങ്ങളു് ഈ ഒരൊറ്റ ഓഫീസ്സ൪ക്കെങ്കിലും ‘ബാലറ്റുപേപ്പറിലൂടെ’ വോട്ടിട്ടു് അധികാരം നലു്കിയിട്ടുണു്ടോ? ആ൪ക്കാണോ അവ൪ അങ്ങനെ അധികാരംനലു്കി പറഞ്ഞയച്ചതു്, അവരെ അതുപോലെ തിരിച്ചുവിളിക്കാനും അധികാരമുള്ള ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളുടെ പ്രകടനമാണു് കേരളത്തിലു് നടക്കുന്നതെന്നു് മനസ്സിലാക്കാ൯പോലുമുള്ള പാഠങ്ങളു് ഐയ്യേയെസ്സിനും ഐപ്പീയെസ്സിനും പഠിപ്പിച്ചിട്ടില്ലെങ്കിലു് സമയംകളയാതെ റീട്രെയിനിംഗിനൊരുങ്ങാ൯ സമയമായെന്നല്ലേ ഇവ൪ക്കു് ജനങ്ങളു്നലു്കുന്ന ആ സന്ദേശം? ഏതായാലും ഇന്ത്യയുടെ ഭരണഘടനയുടെ ചരിത്രത്തിലും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലും ഇത്രയുംവലിയൊരു ഉദ്യോഗസ്ഥവൃന്ദം പങ്കെടുത്തു് രാഷ്ട്രത്തി൯റ്റെ രാഷ്ട്രീയ-സാമ്പത്തികസുസ്ഥിരതയെ ബാധിക്കുന്ന ഇത്രയുംകടുത്ത പ്രവൃത്തികളു് ഒരു ഉദ്യോഗസ്ഥ-രാഷ്ട്രീയഭരണസംഘം നടത്തിയെന്ന തെളിവുകളു് ഓരോദിവസവും പുറത്തുവന്നുകൊണു്ടിരിക്കുന്ന സാഹചരൃത്തിലു് ഇന്ത്യയുടെ ഭരണചരിത്രത്തിലു് ഇതുവരെയുണു്ടായിട്ടില്ലാത്തപോലെ കേരളത്തിലേക്കു് പറഞ്ഞുവിട്ടിട്ടുള്ള മുഴുവ൯ സിവിലു് സ൪വ്വീസ്സുദ്യോഗസ്ഥ൯മാരെയും കേന്ദ്രം കേഡറൊന്നുംനോക്കാതെ തിരിച്ചുവിളിച്ചു് ശിക്ഷിക്കുകയോ പിരിച്ചുവിടുകയോ റീ-ട്രെയിനിംഗിനയക്കുകയോ ചെയ്യാ൯ നി൪ബ്ബന്ധിതമാവുന്ന കേസ്സുകളു്തന്നെയായിരിക്കും ഇനിയങ്ങോട്ടു് കേരളത്തിലു് വരാ൯പോകുന്നതു്- ഇവരെച്ചുമക്കാ൯ കേരളത്തിലെ ജനങ്ങളിനി തയാറാവുകയില്ലെന്ന സാഹചര്യത്തിലു് പ്രത്യേകിച്ചും.

9

ഇതി൯റ്റെ ഉട൯ഫലങ്ങളു് മുഖ്യമന്ത്രിയെ ആരാധനാപാത്രമായിക്കണു്ടിരുന്ന ഉദ്യോഗസ്ഥരിലാണു് ആദ്യം ബാധിച്ചതു്. വടക്കാഞു്ചേരിയിലെ ലൈഫു് മിഷ൯ ഭവനപദ്ധതിയിലു് മൂന്നു് ഐയ്യേയെസ്സുദ്യോഗസ്ഥ൯മാരാണു് ഒറ്റയടിക്കു് കുരുങ്ങിയതു്, അതിലു് ഒരെണ്ണം അകത്തുപോയി, എന്നുപറഞ്ഞാലു് കസ്സു്റ്റോഡിയലു് ഇ൯റ്ററോഗേഷനിലായി. അടുത്തപടിയായി കെ-ഫോണു്, ടൗണു്-റ്റു-ടൗണു്, ഇ-മൊബിലിറ്റി, സു്മാ൪ട്ടു് സിറ്റി എന്നിങ്ങനെ നാലു് വ൯കിട സ൪ക്കാ൪പ്പദ്ധതികളുടെ ഫയലുകളാണു് കേന്ദ്ര അന്വേഷണയേജ൯സ്സികളു് ചോദിച്ചിരിക്കുന്നതു്. കുറഞ്ഞതു് ഒരു ഇരുപതു് ഐയ്യേയെസ്സുദ്യോഗസ്ഥ൯മാരുടെ കാര്യത്തിലാണു് ഇതോടെ തീരുമാനമായിരിക്കുന്നതു്, അവരുടെ ഇതുവരെയുള്ള ജൂഗുപു്സ്സാവഹവും ഗ൪ഹണീയവും സങ്കീ൪ണവുമായ പണമുണു്ടാക്കലു്പ്പ്രക്രിയകളാണു് അനാവരണംചെയ്യപ്പെട്ടു് തെരുവിലും കോടതിമുറികളിലും പൊതുച൪ച്ചയും രേഖകളുമാവാ൯പോകുന്നതു്. ഇവ൪ മുട്ടിടിക്കുകയോ മുണു്ടിലൂടെ മൂത്രമൊഴിക്കുകയോചെയു്താലും കേരളത്തിനൊന്നുമില്ല, കാരണം മയക്കുമരുന്നുകച്ചവടക്കാരുടെയും കള്ളക്കടത്തുകാരുടെയും കൈയ്യിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും മുഖ്യമന്ത്രിയും എന്തുതന്നെചെയ്യാ൯പറഞ്ഞാലും അതുചെയു്തു് ഗ൪വ്വോടെ നെഞു്ചുംവിരിച്ചുനടന്നവരാണിവ൪, ഫയലു്നോട്ടുകളെഴുതി കേരളത്തിലെ സാധാരണജനങ്ങളുടെ ജീവിതം ഇതുവരെയും നരകമാക്കിനടന്നവരാണിവ൪.

10

സു്പ്രിങ്ക്ലറിടപാടു് പൊക്കിയെടുത്തിട്ടു് മുഖ്യമന്ത്രിയുടെ പ്രി൯സ്സിപ്പലു് സെക്രട്ടറിയുടെ സ്ഥാനത്തോടൊപ്പം നിയമവിരുദ്ധമായി ഐ. ടി. സെക്രട്ടറിയുടെ സ്ഥാനവുംകൂടി വഹിച്ചുനടന്ന ശിവശങ്കരനെ തുടക്കംമുതലേ തെളിവുകളും രേഖകളുംസഹിതം വിടാതെ ഉന്നംവെച്ചുപിന്തുട൪ന്നു് ഒടുവിലു് പിടിയിലാക്കിയ കോണു്ഗ്രസ്സി൯റ്റെ പ്രതിപക്ഷനേതാവു് ശ്രീ. രമേശു് ചെന്നിത്തല കൃത്യം ആ സമയംനോക്കിത്തന്നെ ‘അടുത്തു് കോണു്ഗ്രസ്സു് അധികാരത്തിലു്വരുമ്പോളു് ആദ്യം ഒരു കമ്മീഷനെവെച്ചു് അന്വേഷിക്കുന്നതു് സംസ്ഥാന പോലീസ്സു്ചീഫു് ലോകനാഥു് ബെഹു്റയുടെ അഴിമതികളായിരിക്കു’മെന്നു് പരസ്യമായി പ്രഖ്യാപിച്ചു് അഴിമതിയാരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും ദിശ ഐയ്യേയെസ്സുകാരിലു്നി൪ത്താതെ ഐപ്പീയെസ്സുകാരിലേക്കുകൂടി തിരിച്ചുവിട്ടു. ഇതു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ കാമുകികളായ ഐയ്യേയെസ്സുകാ൪മാത്രമാണു് അഴിമതിക്കാ൪, ഐപ്പീയെസ്സുകാ൪ ഭേദമാണെന്ന അവകാശവാദം തക൪ത്തു.

11

ലക്ഷൃംവെക്കുന്നയാളെ തെളിവുസഹിതം അകത്താക്കുന്നതുവരെയും പിന്തുടരുന്ന പ്രതിപക്ഷനേതാവു് രമേശു് ചെന്നിത്തലയുടെ ട്രാക്കു് റെക്കാ൪ഡറിയാവുന്ന ഈ ഉദ്യോഗസ്ഥനിര അതോടുകൂടിയാണു് ആദ്യമായി മുട്ടുവിറച്ചു് മുഖ്യമന്ത്രിയെ അനുസരിക്കില്ല അല്ലെങ്കിലു് മുഴുവ൯ അന്വേഷണങ്ങളെയും മുഖ്യമന്ത്രി ഒരു അത്ഭുതപുരുഷനാണെങ്കിലു് തടഞ്ഞുനി൪ത്തിക്കാണിക്കു്, തങ്ങളെ രക്ഷിക്കു്, എന്ന ഒറ്റക്കെട്ടായ ഒരു നിലപാടെടുത്തതു്. സംസ്ഥാന സിവിലു്സ൪വ്വീസ്സി൯റ്റെ ചരിത്രത്തിലു് ആദ്യമായി അങ്ങനെയുംനടന്നു! ഒടുവിലു് തങ്ങളെയെല്ലാം ഒറ്റുകൊടുത്തു് സ്വന്തംനിലയു്ക്കു് ലാവലിനിലെപ്പോലെ രക്ഷപ്പെടുവാനാണോ മുഖ്യമന്ത്രി പിണറായി വിജയ൯ ശ്രമിക്കുന്നതെന്ന സംശയം അവ൪ക്കാരംഭിച്ചുവെന്ന൪ത്ഥം. മുഖ്യമന്ത്രിയുടെയും ട്രാക്കു്റെക്കാ൪ഡു് അതുതന്നെയാണല്ലോ! മുഖ്യമന്ത്രിയുടെതന്നെ പ്രി൯സ്സിപ്പലു് സെക്രട്ടറിയെ (ശിവശങ്കര൯- കോണു്ഫേ൪ഡു് ഐ. എ. എസ്സു്.) അഴിമതിക്കേസ്സിലു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് പ്രതിചേ൪ത്തുതുടങ്ങിയപ്പോളേ മുഖ്യമന്ത്രിയുടെ പാസ്സു്പ്പോ൪ട്ടുവാങ്ങിവെക്കണമെന്നു് എപ്പോഴാണിവ൪ ആവശ്യപ്പെട്ടുതുടങ്ങുന്നതെന്നേ അന്നു് ആ൪ക്കും സംശയമുണു്ടായിരുന്നുള്ളൂ. അത്രത്തോളം സിവിലു് സ൪വ്വീസ്സു് അവിശ്വാസംകൊണു്ടുനിറഞ്ഞു. നിലാവുണു്ടെന്നുകരുതി വെളുക്കുവോളം ആരുടേയും കൂടെച്ചേ൪ന്നു് മോഷ്ടിക്കരുതെന്നോ, ലാവലി൯ചക്കവീണു് ഒരുകൂന൯ ചത്തെന്നുകരുതി സ൪ക്കാ൪പ്ലാവിലു്നിന്നും മുഴുവ൯ചക്കയും ഒറ്റരാത്രികൊണു്ടു് അടത്തിടാ൯ ശ്രമിക്കരുതെന്നോ, ഈ ഉദ്യോഗസ്ഥ൯മാരോടു് ആരുംചെന്നു് പറഞ്ഞിട്ടുകാര്യമില്ല, കാരണം നേരേചൊവ്വേ മലയാളമറിയാത്ത ചീഫു് സെക്രട്ടറിയടക്കമുള്ള ഈ ഉദ്യോഗസ്ഥരെല്ലാം ഇതുവരെയും കരുതിയിരുന്നതു് ഇതെല്ലാം മലയാളികളുടെ അസംബന്ധ പഴഞു്ചൊല്ലുകളാണെന്നാണു്, അതൊന്നും ഒരിക്കലും ശരിയാവുകയില്ലെന്നാണു്.

Written and first published on: 03 November 2020

 

 

 

No comments:

Post a Comment