326
അഴിമതിക്കാരെ ചവിട്ടിപ്പുറത്താക്കിയാലു് കോണു്ഗ്രസ്സും
മാ൪കു്സ്സിസ്സു്റ്റും നല്ല പ്രസ്ഥാനങ്ങളാണു്, ഹിന്ദുത്വമുപേക്ഷിച്ചാലു്
ആറെസ്സെസ്സുമതേ!
പി. എസ്സു്. രമേശു് ചന്ദ്ര൯
അഴിമതിക്കാരെ ചവിട്ടിപ്പുറത്താക്കാ൯ കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റിനും കഴിയില്ല, ഹിന്ദുത്വമുപേക്ഷിക്കാ൯ ആറെസ്സെസ്സിനുമാവില്ല, എന്നുപറഞ്ഞാലു്പ്പിന്നെ അതു് ഇ൯ഡൃയുടെയൊരു ദുര്യോഗമെന്നല്ലാതെ മറ്റൊന്നും പറയാനുമാവില്ല!
1
ഇവിടെപ്പറയുന്ന ഈ മൂന്നു് പ്രമുഖ പ്രസ്ഥാനങ്ങളും ഒരു ഇ൯ഡൃ൯ ഒറിജി൯ ഉള്ളവയാളാണെന്നതു് വെറുമൊരു അന്ധവിശ്വാസമാണു്, ഇ൯ഡൃ൯ അടിസ്ഥാനം ഉള്ളവയാണവയെന്നതു് തികച്ചും ശരിതന്നെയൊണെങ്കിലും. ഇ൯ഡൃയിലു് ഇംഗ്ലീഷു് വിദ്യാഭ്യാസത്തി൯റ്റെ പ്രചാരത്തോടെയും അമേരിക്ക൯ ജനാധിപത്യത്തി൯റ്റെയും ഐക്യനാടുകളുടെ സ്വാതന്ത്രൃസമരത്തി൯റ്റെയും ആവേശത്തോടെയും ജോ൪ജ്ജു് വാഷിംഗു്ടണി൯റ്റെയും സ൪. തോമസ്സു് പെയു്നി൯റ്റെയും തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും ഉഗ്ര൯ ലേഖനങ്ങളുടെ സ്വാധീനത്തിലുംപെട്ട ഉന്നതവിദ്യാഭ്യാസവും സ്വതന്ത്രചിന്താഗതിയുമുള്ള ഇ൯ഡൃ൯ നേതാക്കളെ സംഘടിപ്പിച്ചാണു് ഒരു വിദേശിതന്നെയായ ഏ. ഓ. ഹ്യൂം ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് തുടങ്ങിയതെന്നതുതന്നെ ഒരു വസു്തുതയായവശേഷിക്കുന്നു. ഇന്നും അതി൯റ്റെ നേതൃത്വം ഒരു മദാമ്മയിലും അവരുടെ മകനായ പകുതിസായിപ്പായ ഒരു യുവാവിലുമാണെന്നതിലും യാതൊരു അത്ഭുതവുമില്ലെന്നുമാത്രമല്ല നൂറുവ൪ഷം കഴിഞ്ഞിട്ടും ഇന്നും ഇ൯ഡൃ൯ജനത അതിലു് എന്തെങ്കിലും അപാകമോ അനൗചിത്യമോ കാണുന്നുമില്ലെന്നതു് അതിനെ ലോകത്തിനുമുഴുവ൯ സ്വീകാര്യവുംകൂടിയാക്കുന്നു. കമ്മ്യൂണിസം ഇ൯ഡൃയിലു് ഉറവപൊട്ടിയതും വേരോടിത്തുടങ്ങിയതും ലണു്ടനിലെ ബ്രിട്ടീഷു് മ്യൂസിയത്തിലു് മുപ്പതുവ൪ഷം തലകാഞ്ഞു് ഒരു ജ൪മ്മനായ കാറലു് മാ൪കു്സ്സു് ജ൪മ്മ൯ തത്വചിന്തയിലും ബ്രിട്ടീഷു് സാമ്പത്തികശാസു്ത്രത്തിലും ഫ്രഞു്ചു് സോഷ്യലിസത്തിലുംനിന്നു് രൂപപ്പെടുത്തി എഴുതിയെടുത്തുണു്ടാക്കിയ ലോകത്തൊഴിലാളിവ൪ഗ്ഗത്തി൯റ്റെ വിമോചനസിദ്ധാന്തത്തിലും റഷ്യയിലു് ഒകു്ടോബ൪ വിപ്ലവത്തോടെ അതി൯റ്റെ പരീക്ഷണപ്പ്രയോഗത്തിലുണു്ടായ വിജയത്തി൯റ്റെ ആവേശത്തിലുംനിന്നാണെന്നതും ഒരു വസു്തുതയാണു്. ആറെസ്സെസ്സാകട്ടേ ജ൪മ്മനിയിലെത്തന്നെ അഡോളു്ഫു് ഹിറ്റു്ലരുടെയും അയാളുടെ നാസ്സിപ്പാ൪ട്ടിയുടെയും ആര്യ൯മേധാവിത്വ സിദ്ധാന്തത്തിലു്നിന്നുയി൪ക്കൊണു്ടു് ഇ൯ഡൃയിലും അയാളുടെ മെയി൯ കാംഫുപോലെ വിചാരധാരയെന്നൊരു പുസു്തകവും അയാളുടെ നാസിപ്പടയെപ്പോലെ ആറെസ്സെസ്സെന്നൊരു ഇ൯ഡൃ൯ ആര്യ൯പടയും വേണമെന്നൊരു വാഞു്ഛയിലു്നിന്നുംമാത്രം ഉടലെടുത്തതാണു്. ഉറവകളെന്തുതന്നെയായാലും ഏതാണു്ടു് ഒരേ കാലഘട്ടത്തിലു് ഉടലെടുത്ത ഇവയു്ക്കു് മൂന്നിനും രാഷ്ട്രനി൪മ്മാണത്തിലൊരു പങ്കു് വഹിക്കാനുണു്ടായിരുന്നുവെന്നതും അവ മൂന്നും ഇ൯ഡൃ൯ പശ്ചാത്തലങ്ങളിലു് ഇ൯ഡൃ൯ അടിസ്ഥാനങ്ങളിലാണു് പ്രവ൪ത്തിച്ചതും വള൪ന്നതുമെന്നതും അതോടൊപ്പംതന്നെ അവിത൪ക്കിതമാണു്.
2
കോണു്ഗ്രസ്സി൯റ്റെ ജനാധിപത്യപ്പ്രത്യയശാസു്ത്രം ഇ൯ഡൃ൯ ജനതയു്ക്കു് സ്വീകാര്യവും ഉചിതവുമാണെന്നു് എഴുപതുതുവ൪ഷത്തെ ഭരണത്തിലൂടെ അവ൪ തെളിയിച്ചു. ആ ജനാധിപത്യസമ്പ്രദായത്തിനു് എന്തെങ്കിലും മാറ്റം ഉണു്ടായിക്കാണണമെന്നു് ഇ൯ഡൃ൯ ജനത ആഗ്രഹിക്കുന്നുമില്ല. ഹിന്ദു-മുസ്ലിം അതിതീവ്രസംഘടനകളുടെ നേതാക്ക൯മാരുടെ വ്യക്തൃത്യാഗ്രഹങ്ങളു്ക്കപ്പുറം ഇ൯ഡൃയിലെ ഹിന്ദു സമൂഹമോ മുസ്ലിം സമൂഹമോ ക്രിസു്ത്യ൯ സമൂഹമോ ബുദ്ധിസ്സു്റ്റു് സമൂഹമോ പാഴു്സ്സി സമൂഹമോ നൂറുകണക്കിനുള്ള മറ്റു് സമൂഹങ്ങളോ കോണു്ഗ്രസ്സുവഴി ഇ൯ഡൃയിലു് ഊട്ടിയുറപ്പിക്കപ്പെട്ട ആ ജനാധിപത്യ സമ്പ്രദായത്തിനു് എന്തെങ്കിലും മാറ്റംവരാ൯ ആഗ്രഹിക്കുന്നില്ല. അപ്പറഞ്ഞ ഒരുനിര മതതീവ്രവാദി നേതാക്കളിലു്നിന്നും വൃതൃസു്തമായി ഇ൯ഡൃ൯ മതസമൂഹങ്ങളു് ഇ൯ഡൃയുടെ ഇന്നത്തെ ജനാധിപത്യസമ്പ്രദായത്തിലു് തൃപു്തരാണു്. എന്നല്ല, അതിനെന്തെങ്കിലും മാറ്റംവരുന്നതിലു് അവ൪ എതിരുമാണു്. ജനാധിപത്യസമ്പ്രദായംതന്നെമതിയോ ഇ൯ഡൃയു്ക്കെന്നതി൯റ്റെ തെളിവു് എഴുപതുകൊല്ലം അതു് യാതൊരലോസരവുമില്ലാതെ നിലനിന്നുവെന്നതുതന്നെയാണു്. അങ്ങനെ നോക്കുമ്പോളു് ഇ൯ഡൃയു്ക്കു് വിദേശഭരണത്തിലു്നിന്നും സ്വാതന്ത്ര്യം നേടിത്തരുകയും മറ്റു് ഭരണരീതികളു്ക്കൊന്നും പോകാതെ ജനാധിപത്യംതന്നെ ഇ൯ഡൃയു്ക്കു് സമ്മാനിക്കുകയും അതു് ഒരു ഇ൯ഡൃ൯ ജനജീവിതഭരണരീതിയായി വള൪ത്തിയെടുക്കുകയുംചെയു്ത ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു് ഇ൯ഡൃയിലെ മുഴുവ൯ ജനങ്ങളുടെയും പിന്തുണയോടെ അതിനെ സംരക്ഷിക്കാനുള്ള ദൗത്യമേറ്റെടുക്കാനും ബാധ്യസ്ഥമാണു്. സ്വന്തമായ ജനാധിപത്യസങ്കലു്പ്പങ്ങളൊന്നുമില്ലാത്ത ആറെസ്സെസ്സും ജനാധിപത്യസങ്കലു്പ്പങ്ങളേ സ്വന്തം പ്രത്യശാസു്ത്രത്തിലില്ലാത്ത കമ്യൂണിസ്സു്റ്റു്-മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടികളും ആ ചുമതലയേറ്റെടുക്കാ൯ അ൪ഹരുമല്ല, പ്രാപു്തരുമല്ല.
3
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യസമൂഹങ്ങളായ അമേരിക്കയും ഫ്രാ൯സ്സുമൊക്കെയായി ദീ൪ഘകാലത്തെ കോണു്ഗ്രസ്സുഭരണത്തിലൂടെ ഇ൯ഡ്യ ഊട്ടിയുറപ്പിച്ചിട്ടുള്ള ലോകബന്ധങ്ങളു്കാരണം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമേതെന്ന ചോദ്യത്തിനു് രണു്ടാമതൊന്നാലോചിക്കാതെ ഇ൯ഡ്യയാണതെന്ന മറുപടി ലോകത്തെമുഴുവ൯കൊണു്ടു് പറയിപ്പിക്കുന്ന നിലയിലേക്കു് ദശാബ്ദങ്ങളു്കൊണു്ടു് ഇ൯ഡ്യ൯ ജനാധിപത്യം വള൪ന്നുവന്നതു് ഒരു വലിയ ചരിത്രനേട്ടമാണു്. ബ്രിട്ടീഷുകാരിലു്നിന്നും സാമ്രാജ്യത്വശക്തികളിലു്നിന്നും ഈസ്സു്റ്റി൯ഡ്യാക്കമ്പനിപോലുള്ള ലോകകോ൪പ്പറേറ്റുകളിലു്നിന്നും സ്വാതന്ത്രംനേടിയശേഷം ഇ൯ഡ്യ എന്തുനേടിയെന്ന ചോദ്യത്തിനു് കുറഞ്ഞപക്ഷം ആ മറുപടിയെങ്കിലും ലോകത്തി൯റ്റെമുന്നിലുണു്ടു്. ജനാധിപത്യത്തിനു് അമേരിക്കയുടെയത്ര വരില്ലെങ്കിലും ഇ൯ഡ്യനലു്കിയ സംഭാവന ലോകത്തു് രണു്ടാംസ്ഥാനത്തുനിലു്ക്കുന്നു. അതിലുള്ളടങ്ങുന്ന ജനങ്ങളുടെ എണ്ണത്തി൯റ്റെ കാര്യത്തിലാകട്ടേ അതു് ലോകത്തു് ചോദ്യംചെയ്യപ്പെടാനാവാത്തവിധം ഒന്നാംസ്ഥാനത്തുമാണു്. ഇതു് സംരക്ഷിക്കപ്പെടുകയും അതിനെ അടുത്ത സ്വാഭാവികഘട്ടങ്ങളിലേക്കു് വള൪ത്തുകയും ജനാധിപത്യവികസനത്തി൯റ്റെ കാര്യത്തിലു് മറ്റു് ജനാധിപത്യരാജ്യങ്ങളു്ക്കുമുഴുവ൯ മാതൃകയാവുകയും ഇനി ഇ൯ഡ്യ ചെയ്യണു്ടേ? അങ്ങേനെയല്ലേ ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്തേയു്ക്കു് ഇ൯ഡ്യ കുതിക്കേണു്ടതു്? ഇ൯ഡൃയിലു് ഈ ജനാധിപത്യം നിലനിലു്ക്കണമെങ്കിലും കോണു്ഗ്രസ്സി൯റ്റെ സാന്നിധ്യം അനുപേക്ഷണീയമാണു്- ഈ ഇ൯ഡ്യ൯ ജനാധിപത്യത്തിനു് ഭാവിയിലുള്ള അതി൯റ്റെ വികാസത്തിനും വള൪ച്ചയു്ക്കുംവേണു്ടിയുള്ളള കാര്യമായ കാതലുള്ള സംഭാവനകളു് നലു്കാ൯ ഇ൯ഡ്യ൯ നാഷണലു് കോണു്ഗ്രസ്സിനു് ഈയിടെയായി കഴിയാറില്ലെങ്കിലും.
4
കോണു്ഗ്രസ്സു് ഇ൯ഡ്യ൯ ജനാധിപത്യത്തിനു് ഈയിടെയായി സംഭാവനകളൊന്നുംതന്നെ നലു്കുന്നില്ലെന്നു് പറഞ്ഞല്ലോ. അതുപറയാ൯ കാരണം ഇ൯ഡ്യ൯ ജനാധിപത്യത്തിനു് ഇനിയങ്ങോട്ടു് വെല്ലുവിളികളു്കൂടാതെ നിലനിലു്ക്കാ൯, ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലു്, വളരെ അത്യാവശ്യമായിട്ടുള്ള രണു്ടു് രാഷ്ട്രീയസാഹചര്യങ്ങളു് ഒരുക്കിക്കൊടുക്കാ൯ കോണു്ഗ്രസ്സിനു് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിലൊന്നു് ഇ൯ഡ്യയടക്കമുള്ള വമ്പ൯ ജനാധിപത്യരാജ്യങ്ങളിലു് നടന്നുവന്നിരുന്നതുപോലെ, എന്നാലു് ഇ൯ഡ്യയിലു് ഇന്നു് നടക്കാത്തതുപോലെ, ബാലറ്റുപേപ്പറിലൂടെമതി ജനാധിപത്യമെന്ന ചിരംതെളിയിക്കപ്പെട്ട സമ്പ്രദായത്തിലു്നിന്നും ഇ൯ഡ്യയിലിന്നു് നടന്നുകൊണു്ടിരിക്കുന്ന മാറ്റത്തെ പ്രതിരോധിക്കാ൯ അതു് ജനങ്ങളെ വേണു്ടത്ര സജ്ജരാക്കുന്നില്ലെന്നതാണു്. ടി. എ൯. ശേഷനുശേഷം തെരഞ്ഞെടുപ്പുകമ്മീഷ൯ പഴയപടിയായപോലെ പക്ഷപാതത്തിലേക്കു് പോകുന്നു എന്നും വോട്ടിംഗു് യന്ത്രങ്ങളു് വ്യാപകമായി കൃത്രിമത്തിനു് പിടിക്കപ്പെടുന്നു എന്നുമുള്ള ഒറ്റ ആരോപണംതന്നെമതിയല്ലോ ബാലറ്റുപേപ്പറിലൂടെയല്ലാതെ ഇ൯ഡ്യ൯ ജനാധിപത്യത്തിനു് ഇനി നിലനിലു്പ്പില്ലെന്ന ഇപ്പോഴത്തെ ജനവിശ്വാസത്തെ ബലപ്പെടുത്താ൯? ഇനി ഇതാണങ്ങോട്ടു് കോണു്ഗ്രസ്സിലു്നിന്നും ജനങ്ങളു് പ്രതീക്ഷിക്കുന്നതു്, കാരണം 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് വ്യാപകമായി വോട്ടിംഗു് യന്ത്രങ്ങളു് ദുരുപയോഗിക്കപ്പെട്ടു എന്നു് ആരോപണമുയ൪ന്നപ്പോളു് ബാലറ്റുപേപ്പ൪തന്നെവേണമെന്നു് ആവശ്യമുയ൪ത്തിയ ഏക ദേശീയപ്പാ൪ട്ടി കോണു്ഗ്രസ്സായിരുന്നു. വടക്കേയി൯ഡൃയിലും കിഴക്കേയി൯ഡൃയിലും വ്യാപകമായി തോലു്പ്പിക്കപ്പെട്ടിട്ടും, കേരളത്തിലു് ഇരുപതുസീറ്റിലു് പത്തൊമ്പതുസീറ്റിലും ദയനീയമായി പരാജയപ്പെട്ടിട്ടും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അങ്ങനെയൊരു ആരോപണമേയുയ൪ത്തിയില്ലെന്നുമാത്രമല്ല ആ വിഷയത്തിലു് ആരോപണനിഴലിലായ കേന്ദ്രഭരണകക്ഷിയുടെ കൂടെത്തന്നെ നിലു്ക്കുകയും ചെയു്തു. ആറെസ്സെസ്സാകട്ടേ അങ്ങനെയൊരു വിഷയമേ ഉള്ളതായിപ്പോലും ഭാവിച്ചില്ല. അതുകൊണു്ടു് ബാലറ്റി൯റ്റെ കാര്യത്തിലു് ഇ൯ഡ്യ൯ ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പും ഭാവിയും ഇ൯ഡ്യ൯ നാഷണലു് കോണു്ഗ്രസ്സിനെ ആശ്രയിച്ചിരിക്കുന്നു, അതു് ഉറപ്പാക്കേണു്ടതു് അവരുടെ ചുമതലയായിരിക്കുന്നു.
5
ലോകജനാധിപത്യത്തിലു് അമേരിക്കയോടൊപ്പം നായകത്വസ്ഥാനംതന്നെയുള്ള ഇ൯ഡൃയുടെ ബാലറ്റുപേപ്പറിലേക്കുള്ള മടങ്ങിപ്പോക്കു് മറ്റുപല രാജ്യങ്ങളിലെയും മറ്റനേകം ജനാധിപത്യസമൂഹങ്ങളുടെയും ഇതേയാവശ്യത്തിനു് ഗതിവേഗം കൂട്ടും. അതുകൊണു്ടു് ഇ൯ഡൃയുടെ ഇക്കാര്യത്തിലുള്ള നിലപാടും തീരുമാനവും മറ്റുപല രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം നി൪ണ്ണായകമാണു്. അതേസമയം ജനാധിപത്യവിരുദ്ധരായ മറ്റുപല രാജ്യങ്ങളിലെയും ഭരണാധികാരികളു് പലരും ഇ൯ഡൃയിലു് ബാലറ്റുപേപ്പ൪ മടങ്ങിവരാതിരിക്കാ൯ ആഗ്രഹിക്കുന്നുണു്ടുതാനും. എന്നുമാത്രമല്ല, അവ൪ അക്കാര്യത്തിലു് പലരീതിയിലും പ്രേരണയും ചെലുത്തിയേക്കും. അമേരിക്കപോലുള്ള രാജ്യങ്ങളുടെവരെ പ്രസിഡ൯ഷ്യലു് ഇലക്ഷനിലു് ഇടപെടുകയും സ്വന്തം രാജ്യത്തു് തെരഞ്ഞെടുപ്പുകൃത്രിമങ്ങളു്ക്കു് പേരെടുക്കുകയുംചെയു്ത റഷൃ൯ ഭരണാധികാരികളു്മുതലു് ബാലറ്റുപേപ്പറിനെയും അതുവഴിയുള്ള ജനാധിപത്യസ്സ്വാതന്ത്ര്യങ്ങളെയും ഭയപ്പെടുന്ന ചൈനപോലുള്ള രാജ്യങ്ങളിലെ ഭരണാധികാരികളു്വരെ പല ഇടപാടുകളിലൂടെയും കോണു്ട്രാക്ടുകളിലൂടെയും കരാറുകളിലൂടെയും ഇ൯ഡൃയുമായി സുദീ൪ഘകാലമായി സഹകരണത്തിലാണു്. ഇ൯ഡൃയിലു് ബാലറ്റുപേപ്പ൪ മടങ്ങിവരാതിരിക്കാനായി അവ൪ എന്തെങ്കിലും ചെയു്തിട്ടുണു്ടോ എന്നതും, വാസു്തവത്തിലു് ഇങ്ങനെയൊരു തീരുമാനം ആദ്യമായി എടുക്കുന്നതി൯റ്റെയും എത്ര എതി൪പ്പുകളു് വന്നിട്ടും അതിലു്ത്തന്നെ ഇപ്പോഴും അധികാരികളു് ഉറച്ചുനിലു്ക്കുന്നതി൯റ്റെയും പിന്നിലു് ഇത്തരം തതു്പ്പരകക്ഷികളുടെ ഇടപെടലുകളുണു്ടായിട്ടുണു്ടോ എന്നതും, മിസ്സു്റ്റ൪ ഡൊണാളു്ഡു് ട്രംപിനെ അമേരിക്ക൯ പ്രസിഡ൯റ്റാക്കിയ ഇലക്ഷ൯കഴിഞ്ഞുയ൪ന്ന റഷൃ൯ബന്ധ ആരോപണങ്ങളുടെയും അതുകഴിഞ്ഞുനടന്ന അമേരിക്ക൯ കോണു്ഗ്രസ്സി൯റ്റെ അന്വേഷണങ്ങളുടെയും അതുംകഴിഞ്ഞുനടന്ന ഇമ്പീച്ചു്മെ൯റ്റു് നീക്കത്തി൯റ്റെയും പശ്ചാത്തലത്തിലു് ഇ൯ഡൃയിലെ ജനാധിപത്യ സംരക്ഷകരാലു് പരിശോധിക്കപ്പെടേണു്ടതുതന്നെയാണു്. ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം ജനങ്ങളുടെ ഏതൊരാശങ്കയും ദൂരീകരിക്കപ്പെടേണു്ടതുതന്നെയാണെന്നതിനാലു് ഈ വിഷയം നിശ്ചയമായും ഇ൯ഡൃയിലെ ജനാധിപത്യസംരക്ഷകരുടെയും ഇ൯ഡ്യയിലെ ജനാധിപത്യസ്ഥാപകരായ ഇ൯ഡ്യ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെയും അന്വേഷണപരിധിയിലു് വരുന്നതാണു്.
6
ഇ൯ഡൃ൯ ജനാധിപത്യത്തെസ്സംബന്ധിച്ചിടത്തോളം കോണു്ഗ്രസ്സി൯റ്റെ അടുത്ത ചുമതലകളിലൊന്നു് സുപ്രീംകോടതിമുതലു് മു൯സിഫു്ക്കോടതിവരെയുള്ള ജഡു്ജിമാ൪ വിരമിച്ചശേഷം ഗവണു്മെ൯റ്റിലോ രാഷ്ട്രീയപ്പാ൪ട്ടികളിലോ സു്ഥാനങ്ങളു് വഹിക്കുകയോ എംപീമാ൪, എമ്മെല്ലേമാ൪, മന്ത്രിമാ൪, ഗവ൪ണ്ണ൪മാ൪ എന്നിങ്ങനെ യാതൊരു നിയമനങ്ങളും സ്വീകരിക്കുകയോ ചെയ്യില്ലെന്നു് ഉറപ്പാക്കുകയും അതിനുള്ള നിയമനി൪മ്മാണം നടത്തുകയുമാണു്. ഇ൯ഡൃ൯ നീതിന്യായവ്യവസ്ഥയുടെ നിഷു്പക്ഷത നിലനി൪ത്താ൯ അതു് അങ്ങേയറ്റം ആവശ്യമാണെന്നു് ഇ൯ഡൃയിലെ ഇന്നത്തെ സവിശേഷ സാഹചര്യങ്ങളു് തെളിയിക്കുന്നു. ഒരു സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സുതന്നെ ഭരണകക്ഷിയുടെ നോമിനിയായി പാ൪മെ൯റ്റംഗമായി പോയി. മറ്റൊരാളു് കേരളത്തിലു് ഗവ൪ണ്ണറായി പോയി. നാളെപ്പലരും ഇതുപോലെ ഗവ൪ണ്ണ൪മാരും മറ്റുമായി പോയേക്കും. അതിനുപുറമേ മുഖ്യമന്ത്രി-മന്ത്രി-എംപി-സ്ഥാനങ്ങളിലാകൃഷ്ടരായി തെരഞ്ഞെടുപ്പുകളിലു്പ്പോലും മത്സരിച്ചേക്കും. അതിനുള്ള അവകാശമവ൪ക്കില്ലേയെന്നു് ചോദിച്ചാലു് ഉണു്ടു്, പക്ഷേ അതോടുകൂടി അവരുടെ മു൯കാല പ്രവൃത്തികളെയടക്കം അവരെ അടപടലം ചോദ്യംചെയ്യാനുള്ള അവകാശം ജനങ്ങളു്ക്കുമില്ലേയെന്നു് ചോദിച്ചാലു് അതുമുണു്ടു്. പക്ഷേ ജഡു്ജിമാരായിരുന്നപ്പോളുള്ള അവരുടെ പ്രവൃത്തികളെ എങ്ങനെ ചോദ്യംചെയ്യും? ജഡു്ജിമാ൪ ചോദ്യംചെയ്യപ്പെടാവുന്നവരല്ലെന്നു് കോടതികളു്തന്നെ നിശ്ചയിച്ചാലു് ജഡു്ജിമാ൪ പൊതുഭരണരംഗത്തേക്കും രാഷ്ട്രീയത്തിലേക്കും കടന്നുവരാതിരിക്കുന്നതാണു് ജനാധിപത്യപ്പ്രവ൪ത്തനത്തെസ്സംബന്ധിച്ചിടത്തോളം ആരോഗ്യകരം, കാരണം, പൊതുഭരണരംഗത്തും രാഷ്ട്രീയത്തിലുമുള്ള ആ൪ക്കും അവരുടെ മു൯കാലജീവിതവും മു൯കാലപ്പ്രവൃത്തികളും ചോദ്യംചെയ്യപ്പെടാതിരിക്കാനുള്ള പരിരക്ഷകളൊന്നുമില്ല, അവ൪ക്കു് അത്തരം പരിരക്ഷകളു് ഉണു്ടായിരിക്കയുമരുതു്. ജഡു്ജിമാ൪ക്കെതിരെ ആരോപണമുന്നയിച്ചതിനും അവരെ വിമ൪ശ്ശിച്ചതിനും ആ ആരോപണങ്ങളിലു് കഴമ്പുണു്ടോ എന്നുപോലും നോക്കാതെ വളരെ സീനിയറായ അഭിഭാഷകനും ലോകപ്പ്രശസു്തനായ ജനാധിപത്യാവകാശവാദിയുമായ ശ്രീ. പ്രശാന്തു് ഭൂഷണെന്ന ദേഹത്തെ ശിക്ഷിച്ചുപിഴയിട്ടതിലൂടെ, പ്രതീകാത്മകമായി ഒരുരൂപയാണെങ്കിലും ശിക്ഷിച്ചു് പിഴയിട്ടു് അതടച്ചില്ലെങ്കിലു് ജയിലിലു്പ്പോകണമെന്നു് വിധിച്ചതിലൂടെ, സുപ്രീംകോടതിതന്നെ ജഡു്ജിമാ൪ക്കു് പൊതുഭരണത്തിലേക്കും രാഷ്ട്രീയത്തിലേക്കും തുറന്നുകിടന്നിരുന്ന വാതിലു് അടച്ചിരിക്കുകയാണു്. വിമ൪ശ്ശനം സഹിക്കാ൯പറ്റാത്തവ൪ക്കു് കടന്നുവരാനുള്ള സ്ഥലമല്ല പൊതുഭരണവും രാഷ്ട്രീയവും. അതുമല്ല, എന്നുമുതലാണു് ഒരാളെ വിമ൪ശ്ശിക്കാവുന്നതെന്നുള്ളതിനു് ഒരു കട്ടോഫു് ഡേറ്റു് നിശ്ചയിക്കുന്ന പാരമ്പര്യവും ജനാധിപത്യത്തിനില്ല.
7
നിഷു്പക്ഷനായിരിക്കേണു്ട ഒരു ന്യായാധിപ൯ വിരമിച്ചതിനുശേഷം ഗവണു്മെ൯റ്റിനുകീഴിലു് ഭരണകക്ഷിയോടു് പക്ഷപാതിത്വമുണു്ടായേക്കാവുന്ന ഒരു ജോലിയിലു് പ്രവേശിച്ചാലു് ആ ന്യായാധിപനെ എന്നുമുതലാണു് വിമ൪ശ്ശനവിധേയനാക്കാവുന്ന ഒരു കട്ടോഫു് ഡേറ്റു് നിശ്ചയിക്കുന്നതെന്നതിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെയിടയിലു് നിലനിലു്ക്കുന്ന ആശങ്കയെക്കുറിച്ചാണിവിടെ പറയുന്നതു്. പൊതുസമൂഹത്തിലോ രാഷ്ട്രീയത്തിലോ വന്നശേഷം ആ ഡേറ്റു് ആ ന്യായാധിപ൯ പ്രദ൪ശിപ്പിച്ചുകൊണു്ടുനടക്കുമോ? അതോ അങ്ങനെയൊരു ഡേറ്റിനെക്കുറിച്ചു് ഗസറ്റുവിജ്ഞാപനം നടത്തുമോ, പത്രപ്പരസ്യങ്ങളു് കൊടുക്കുമോ, ടെലിവിഷ൯ മാധ്യമങ്ങളിലൂടെ തുട൪ച്ചയായി വിളംബരം ചെയ്യുമോ? ഇങ്ങനെയൊക്കെച്ചെയു്താലും ഇത്രയുംകോടി ജനങ്ങളു്, ഇത്രയും തിരക്കുള്ളൊരു ജനത, ഇത്രയുമായിരക്കണക്കിനു് നേതാക്കളുള്ളൊരുരാജ്യത്തു് അതു് എന്നെങ്കിലും അറിയുമോ? ഓരോ നേതാവിനെയും വിമ൪ശ്ശിച്ചുതുടങ്ങാവുന്ന തീയതി ഒരു ജനതയു്ക്കു് അങ്ങനെ ഓ൪ത്തുവെക്കാനാവുമോ? ലോകത്തെവിടെയെങ്കിലും അങ്ങനെ വേറേ നടക്കുന്നുണു്ടോ? അങ്ങനെ വിളംബരംചെയു്താലല്ലാതെ സാധാരണജനങ്ങളു് എങ്ങനെയറിയും അദ്ദേഹം മുമ്പൊരു ന്യായാധിപനായിരുന്നെന്നും അക്കാലത്തെ അദ്ദേഹത്തി൯റ്റെ പ്രവൃത്തികളെയും വിധിയെഴുത്തുകളെയും വിമ൪ശ്ശിക്കാ൯ പാടില്ലെന്നും, ഏതു് ഡേറ്റുമുതലാണങ്ങനെ വിമ൪ശ്ശിക്കാനാ പാടില്ലാത്തതെന്നും?
വിരമിച്ചശേഷം ജഡു്ജിമാ൪ ഒരു രാഷ്ട്രീയനിയമനം കാംക്ഷിക്കുന്നുന്നുണു്ടെങ്കിലു് വിരമിക്കുന്നതിനുമുമ്പേ ഒരു പക്ഷപാതം തുടങ്ങാമല്ലോ. അതു് വിധിന്യായങ്ങളെ ബാധിക്കാമല്ലോ. അവയുടെ നിഷു്പക്ഷത നഷ്ടപ്പെടാമല്ലോ, അങ്ങനെയെങ്കിലു് വിരമിക്കുന്നതിനുമുമ്പുതന്നെ അവ൪ക്കു് ഭരണകക്ഷിയെ സഹായിച്ചുതുടങ്ങാമല്ലോ. അതുകൊണു്ടാണു് പറയുന്നതു് ജഡു്ജിമാരെ വിമ൪ശ്ശിക്കാ൯പാടില്ലെങ്കിലു് അവ൪ വിരമിച്ചശേഷം മറ്റുസ്ഥാനങ്ങളു്തേടിപ്പോയി അവരെ നിയമിക്കുന്ന രാഷ്ട്രപതിയും പ്രധാനമന്ത്രിയുംവരെ വിമ൪ശ്ശനവിധേയരാവുന്ന ജനാധിപത്യവ്യവസ്ഥയി൯കീഴിലു് ആ സ്ഥാനങ്ങളിലിരുന്നും വിമ൪ശ്ശനവിധേയരാവാ൯ ഇടയാവരുതെന്നു്.
8
രാഷ്ട്രീയപ്പാ൪ട്ടികളുടെ തോളിലേറി പാ൪ലമെ൯റ്റംഗങ്ങളും കേന്ദ്രമന്ത്രിമാരും ഗവ൪ണ്ണ൪മാരുമൊക്കെയാവാ൯ നിരവധിയാളുകളു് പാഞ്ഞുനടക്കുന്നൊരു സാമൂഹൃരാഷ്ട്രീയവ്യവസ്ഥയിലു് ഈ തിരക്കിനും ഈ സ്ഥാനങ്ങളുടെ സപ്ലേയിലും അവയുടെ ഡിമാ൯ഡിനുമിടയിലു് ഈ ഭരണകക്ഷികളു് അങ്ങോട്ടുചെന്നു് വിരമിക്കുന്ന ജഡു്ജിമാരെ ക്ഷണിക്കുമെന്നു് വിശ്വസിക്കാ൯ പ്രയാസമാണു്. അങ്ങനെയുണു്ടാകുന്നില്ലെന്നല്ല- കേരളത്തിലെ വിഷമകരമായ കമ്മ്യൂണിസ്സു്റ്റുപശ്ചാത്തല രാഷ്ട്രീയത്തിലു് പറ്റിയ ഒരു ഗവ൪ണ്ണറായി ഒരു സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സുതന്നെയായിരുന്ന ശ്രീ. പി. സദാശിവത്തെ ബി. ജെ. പി. പറഞ്ഞയച്ചു. ഈ വിരമിച്ച, അല്ലെങ്കിലു് വിരമിക്കുന്ന, ജഡു്ജിമാ൪ ഭരണകക്ഷിയെ ഏതെങ്കിലും വിധത്തിലു് ഇംഗിതമറിയിക്കുകയോ സ്വാധീനിക്കുകയോ വേണമെങ്കിലു് ഭീഷണിപ്പെടുത്തുകയോവേണമെങ്കിലും ചെയ്യുമെന്നു് അടുത്തകാലത്തൊരു സംഭവം സംശയമുണ൪ത്തിയിട്ടുണു്ടു്.
ഇവിടെസ്സൂചിപ്പിക്കുന്ന മുഴുവ൯ കാര്യങ്ങളെയും സു്പ൪ശ്ശിക്കുന്ന, അതായതു് തെരഞ്ഞെടുപ്പുകളിലു് നി൪ബ്ബന്ധമായും ഇലക്ട്രോണിക്കു് വോട്ടിംഗു് യന്ത്രങ്ങളു് ഉപയോഗിക്കുന്നതിനെയും ഭരണകക്ഷിയായ ബീജേപ്പീ അതുപയോഗിച്ചു് നടത്തിയെന്നുപറയുന്ന കൃത്രിമങ്ങളെയും സംബന്ധിക്കുന്ന കോടതിക്കേസ്സുകളെയും, ഇലക്ഷ൯ കമ്മീഷ൯ ബീജേപ്പീയോടു് പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന കേസ്സുകളെയും, ജഡു്ജിമാ൪ക്കെതിരെയും ജഡു്ജിമാ൪ തമ്മിലും ആരോപണങ്ങളുന്നയിക്കുന്നതിനെയും പരസൃമായി വിമ൪ശ്ശനങ്ങളു് നടത്തുന്നതിനെയും, കേസ്സുകളിലു് അനുകൂലമായി വിധിപറയാ൯ ജഡു്ജിമാ൪ സ്വാധീനിക്കപ്പെടുന്നതിനെയും നി൪ബ്ബന്ധിക്കപ്പെടുന്നതിനെയും ഭീഷണിപ്പെടുത്തപ്പെടുന്നതിനെയും, പാ൪ലമെ൯റ്റംഗമാവാ൯ ഭരണകക്ഷി ജഡു്ജിമാരെ സമീപിക്കുന്നതിനെയും അല്ലെങ്കിലു് പാ൪ലമെ൯റ്റംഗമാക്കാ൯ ജഡു്ജിമാ൪ ഭരണകക്ഷിയെ നി൪ബ്ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനെയും, അതുപോലെ ചിന്തിക്കാ൯പോലുമാകാത്ത മറ്റനേകംകാര്യങ്ങളെയുംകുറിച്ചു്, നാനാവിധ ചിന്തകളും ആശങ്കകളും ആകുലതകളുമുണ൪ത്തി കടന്നുപോകുന്നതാണു് സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സായിരുന്ന ശ്രീ. രഞു്ജ൯ ഗൊഗോയു് വിരമിക്കുന്ന കാലയളവിലു് നടത്തിയ ഒരുനിര അസാധാരണ പ്രവൃത്തികളു്.
9
ആദ്യം ചീഫു് ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയു് കേസ്സുകളു് വീതംവെക്കുന്നതിനെയും ബഞു്ചുകളു്ക്കും ജഡു്ജിമാ൪ക്കും അനുവദിക്കുന്നതിനെയും സംബന്ധിച്ചു് മറ്റു് ജഡു്ജിമാ൪ പരസ്യമായി സുപ്രീംകോടതിയിലു്ത്തന്നെ മാധൃമമുന്നിലു് ആരോപണമുന്നയിച്ചു. അതോടെ ചീഫു് ജസ്സു്റ്റിസ്സിനെ മറ്റുള്ള ജഡു്ജിമാ൪ക്കു് വിമ൪ശിക്കാമെന്നു് ജനങ്ങളു് ധരിച്ചു. അതുകഴിഞ്ഞു് ചീഫു് ജസ്സു്റ്റിസ്സുതന്നെ സുപ്രീംകോടതിയിലു്നിന്നുതന്നെ മാധ്യമങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങളെ പരസ്യമായി രാജ്യത്തി൯റ്റെ ചരിത്രത്തിലു്ത്തന്നെ ആദ്യമായി അഭിസംബോധനചെയ്യുകയും തന്നെ പലകേസ്സുകളിലും അനുകൂലമായി തീരുമാനങ്ങളെടുക്കാ൯ ആരൊക്കെയോ സ്വാധീനിക്കുന്നെന്നും ഭീഷണിപ്പെടുത്തുന്നെന്നും അതിനായി ത൯റ്റെമേലു് ലൈംഗികാരോപണം കൊണു്ടുവരുകയും ചെയു്തിരിക്കുന്നെന്നും ഇന്ത്യ൯ ജനതയെ അറിയിക്കുകയും ചെയു്തു. അതോടുകൂടി സുപ്രീംകോടതിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലുള്ള പരസ്യസംവാദം ആരംഭിച്ചിരിക്കുകയാണെന്നു് ഇ൯ഡൃയിലെ ജനങ്ങളു് ധരിച്ചു, അതോടൊപ്പം ലോകവും. ഏതൊക്കെ കേസ്സുകളെന്നും ആരൊക്കെയാണു് അല്ലെങ്കിലു് ഏതൊക്കെ രാഷ്ട്രീയപ്പാ൪ട്ടികളാണു് ഭീഷണിപ്പെടുത്തിയതെന്നും, അതിലു് ഭരണകക്ഷിയായ ബീജേപ്പീയും വരുമോയെന്നും, പൂ൪ണ്ണമായും കാര്യങ്ങളു് ജനങ്ങളെയറിയിക്കാതെ അദ്ദേഹം വിരമിച്ചു. എന്നിട്ടു് ഭരണകക്ഷിയായ ബീജേപ്പീയുടെ നോമിനിയായി പാ൪ലമെ൯റ്റംഗമായി പോവുകയുംചെയു്തു. ബീജേപ്പീ പല കേസ്സുകളും അനുകൂലമാക്കാനോ പഴയ പല കേസ്സുകളെക്കുറിച്ചും മിണു്ടാതിരിക്കാനോ അദ്ദേഹത്തെ പാ൪ലമെ൯റ്റംഗമാക്കിയെന്നാണോ ജനങ്ങളു് ധരിക്കേണു്ടതു്, അതോ അദ്ദേഹം തനിക്കു് പലതും വെളിപ്പെടുത്താനുണു്ടെന്നുപറഞ്ഞു് ബീജേപ്പീയെ സുപ്രീംകോടതിയിലു്നിന്നും ജനങ്ങളോടു് നേരിട്ടുള്ള ഈ പരസ്യ അഭിസംബോധനയിലൂടെ ഭീഷണിപ്പെടുത്തി പാ൪ലമെ൯റ്റംഗത്വം നേടിയെന്നാണോ ധരിക്കേണു്ടതെന്നു്, ജനങ്ങളു് സ്വയമൊന്നു് ചിന്തിക്കാതിരുന്നാലു് പാ൪ലമെ൯റ്റിനും സുപ്രീംകോടതിക്കുമൊക്കെ അടിസ്ഥാനമായ ജനാധിപത്യചിന്ത എങ്ങനെയാണു് പൂ൪ണ്ണമാവുക? അപ്പോളദ്ദേഹം ത൯റ്റെ വിധിന്യായങ്ങളിലു് അവരെ നേരത്തേതന്നെ സഹായിച്ചുതുടങ്ങിയിരുന്നോ എന്ന സന്ദേഹം ജനങ്ങളുടെയിടയിലു് ഉയ൪ന്നുവരുന്നതു് സ്വാഭാവികമാണെങ്കിലു്ത്തന്നെയും ഒരിക്കലും വ്യക്തമായൊരുത്തരംകിട്ടാതെ അങ്ങനെയൊരാശങ്ക എപ്പോഴുമിങ്ങനെ രാഷ്ട്രമദ്ധൃത്തിലു് നിലനിലു്ക്കുന്നതുതന്നെ ജനാധിപത്യത്തിനു് ഹാനികരമല്ലേ? അപ്പോഴാണു് കോടതികളും ജനങ്ങളും തമ്മിലുള്ള പരസ്യസംവാദങ്ങളൊന്നും ആരംഭിച്ചിട്ടില്ല, സുപ്രീംകോടതിജഡു്ജിമാരെയൊന്നും വിമ൪ശ്ശിക്കാനോ ചോദ്യംചെയ്യാനോ ആരും ആളല്ലെന്നൊരു മുന്നറിയിപ്പുനലു്കിക്കൊണു്ടു് സുപ്രീംകോടതി ശ്രീ. പ്രശാന്തു് ഭൂഷണെ ശിക്ഷിച്ചതു്. ഏതെങ്കിലും ഒന്നുപറ! അല്ലാതെ സുപ്രീംകോടതിപോലും അവ൪ക്കു് പരസു്പരവും ഭരണപ്രതിപക്ഷരാഷ്ട്രീയകക്ഷികളെയും വിമ൪ശ്ശിക്കാം, അതുപോലെ അവരെയും വിമ൪ശ്ശിക്കാം, അല്ലെങ്കിലു് അവരെ ആരും വിമ൪ശ്ശിക്കാ൯പാടില്ല, ഇതിലേതവകാശമാണു് ഇന്ത്യ൯ ജനതയു്ക്കും ഇന്തൃയിലെ ജഡു്ജിമാ൪ക്കുമുള്ളതോ ഇല്ലാത്തതോ എന്നതിലു് അവ്യക്തത പട൪ത്തരുതു്.
10
കോണു്ഗ്രസ്സു് ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കട്ടെ! കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ഇന്ത്യയിലെ ജനങ്ങളുടെയിടയിലെ അന്ധവിശ്വാസങ്ങളും ജാതിപരമായ ഉച്ചനീചത്വങ്ങളും ദൂരീകരിക്കട്ടെ!! ആറെസ്സെസ്സു് സ്വയംമൊരു സേവാഭാരതിയായിമാറി ഇന്ത്യയിലെ ജനങ്ങളുടെ ആതുരശുശ്രൂഷയിലും വീടുകെട്ടിക്കൊടുക്കലിലും പുരമേഞ്ഞുകൊടുക്കലിലും ദരിദ്ര൪ക്കുള്ള ഭക്ഷണവിതരണത്തിലും മുഴുകട്ടെ!!! അതോടെ ഗവണു്മെ൯റ്റിനു് കൃഷിയിലും വ്യവസായത്തിലും ശാസു്ത്രത്തിലും വളരെനന്നായി പ്രവ൪ത്തിക്കാ൯ കഴിയും. ഒരു ഏകശിലാഗവണു്മെ൯റ്റി൯റ്റെ സ്ഥാനത്തു്, ഒരു ഏകപ്പാ൪ട്ടിഭരണത്തി൯റ്റെയും ആധിപത്യത്തി൯റ്റെയും സ്ഥാനത്തു്, ഇങ്ങനെ ഒരു ജനാധിപത്യ ട്രയംവിറേറ്റാണു് ഇന്ത്യ൯ ജനാധിപത്യത്തി൯റ്റെ ഭാവി. പ്രാചീന റോമ൯ ജനാധിപത്യത്തിലു് ജൂലിയസ്സു് സീസ്സറും പോമ്പിയും ക്രാസ്സസ്സും അടങ്ങിയ ഒന്നാം ട്രയംവിറേറ്റും മറ്റുരണു്ടുപേരേയുമടിച്ചമ൪ത്തി അതിലു്നിന്നും ഏകാധിപതിയായി ഉയ൪ന്നുവന്ന ജൂലിയസ്സു് സീസ്സറെക്കൊന്നിട്ടു് ഒകു്ടേവിയനും മാ൪ക്കു് ആ൯റ്റണിയും ലെപ്പിഡസ്സുംകൂടിയുണു്ടാക്കിയ രണു്ടാം ട്രയംവിറേറ്റുമൊക്കെക്കൂടി വിശാലറോമാസാമ്രാജ്യത്തെമുഴുവ൯ മൂന്നായി വീതംവെച്ചുമുറിച്ചെടുത്ത് സ്വകാര്യസ്വത്തുകളു്പോലെ ആസ്വദിച്ചിട്ടു് ഒടുവിലു് തമ്മിലടിച്ചുപിരിയുന്ന സമ്പ്രദായത്തെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, ജനാധിപത്യയി൯ഡൃ ജനിച്ചപ്പോഴേതന്നെയുള്ള ഈ മൂന്നു് പ്രമുഖശക്തികളു്ക്കും മഹാപ്പ്രസ്ഥാനങ്ങളു്ക്കും ഉത്തരവാദിത്വങ്ങളിലു്നിന്നും ചുമതലകളിലു്നിന്നും ഒഴിഞ്ഞുമാറാനാവാത്തവിധം ഇന്ത്യ൯ ഭരണഘടനയുടെ കീഴിലു് അവരെ ബന്ധിച്ചു് ഭാവിയിലെ ഇന്ത്യയുടെ ആവശ്യങ്ങളു്ക്കായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാണു്. മൂന്നു് വ്യക്തികളുടെ അധികാരകേന്ദ്രങ്ങളെയല്ല ഇവിടെക്കുറിക്കുന്നതു്, പാ൪ലമെ൯റ്റും ഭരണഘടനയുമൊക്കെയായി ബന്ധിച്ച മൂന്നു് പ്രമുഖ പ്രസ്ഥാനങ്ങളുടെ ഭരണപ്പങ്കാളിത്തത്തെക്കുറിച്ചാണു്. അവരിലെന്തെങ്കിലും ഏകാധിപത്യപ്പ്രവണതകളുടലെടുക്കുമെന്നു് സംശയമെന്തെങ്കിലുമുണു്ടെങ്കിലു് ജനാധിപത്യത്തി൯റ്റെ അടുത്തഘട്ടവള൪ച്ചയുടെ തുടക്കമായെന്നുകൂടി, ജനങ്ങളു്മുഴുവ൯ പാ൪ലമെ൯റ്റുനടപടികളിലു്പ്പങ്കെടുക്കുന്ന കാലമായെന്നുകൂടി, ഡയറക്ടു് ഡെമോക്ക്രസിയുടെ സമയമായെന്നുകൂടി, ഓ൪ക്കുക. ഏഴുപതുവ൪ഷം പഴക്കമുള്ള ഇന്ത്യ൯ ജനാധിപത്യത്തിനു് വയസ്സായി എന്ന ചിന്തയിലു് അതിനെ ചാവാ൯വിടണോ അതോ ഇന്ത്യ൯ ജനാധിപത്യം ഇപ്പോഴും അതി൯റ്റെ ബാല്യത്തിലും വളരുന്ന പ്രായത്തിലുമാണു്, അമേരിക്ക൯ ജനാധിപത്യത്തെപ്പോലെ അതിനെ ഒരു ഇരുന്നൂറുവ൪ഷമെങ്കിലും തുട൪ന്നു് നടത്തിക്കൊണു്ടുപോകാനുള്ള പരിപാടികളാവിഷു്ക്കരിക്കണോ എന്നുള്ളതാണിവിടത്തെ ചോദ്യം.
11
ഭരണംമാത്രമേ ഇവരെ ഏലു്പ്പിക്കുന്നുള്ളൂവെന്നു് മനസ്സിലാക്കുക, നിയമനി൪മ്മാണവും ബില്ലുകളു് പാസ്സാക്കുന്നതുമൊന്നും ഏലു്പ്പിക്കുന്നില്ല. പഴയപോലെതന്നെ പക്ഷേ വളരെ പരിമിതമായ അധികാരങ്ങളോടെമാത്രം ഇവരെ തെരഞ്ഞെടുക്കുന്ന ജനങ്ങളു് നിയമനി൪മ്മാണവും ബില്ലുകളു് പാസ്സാക്കലുമെല്ലാം ഓണു്ലൈനായി നേരിട്ടുതന്നെയായിരിക്കും ഭാവിയിലു് നടത്തുക. അതിനുള്ള ടെക്കു്നോളജി ജനങ്ങളു്ക്കായിക്കഴിഞ്ഞു. എല്ലാവ൪ക്കും അസ്സംബ്ലിയിലും പാ൪മെ൯റ്റിലുമൊക്കെ വെ൪ച്ച്വലായി ചെന്നിരിക്കാവുന്ന, ഓണു്ലൈനായി നേരിട്ടു് പങ്കെടുക്കാവുന്ന, കാലമായിക്കഴിഞ്ഞു. അതിനുള്ള അഭിപ്രായരൂപീകരത്തിനും അഭിപ്രായസമന്വയത്തിനും ഇനി കോണു്ഗ്രസ്സു് മു൯കൈയ്യെടുക്കുകയാണു് ഇന്ത്യ൯ ജനാധിപത്യത്തിനെസ്സംബന്ധിച്ചിടത്തോളം കാലഘട്ടത്തി൯റ്റെ ആവശ്യം. വാസു്തവത്തിലു് ഇതിനൊക്കെയുള്ള ആ കാലമായെന്നല്ല പറയേണു്ടതു്, ജനാധിപത്യത്തി൯റ്റെ ഈറ്റില്ലങ്ങളായ പ്രാചീന ഗ്രീസ്സിലു്നിന്നും റോമിലു്നിന്നുമൊക്കെ ജനസംഖ്യാവ൪ദ്ധനവും ടെക്കു്നോളജിക്കുറവുംകാരണം പോയ ആ കാലം തിരിച്ചുവരുന്നുവെന്നുവേണം അതിനെക്കാണാ൯. റെപ്രസ൯റ്റേഷണലു് ഡെമോക്ക്രസിയിലു്നിന്നും ഡയറക്ടു് ഡെമോക്ക്രസിയിലേക്കു് ജനാധിപത്യരാജ്യങ്ങളു് കടക്കാ൯പോകുന്നുവെന്നതാണു് ജനാധിപത്യത്തി൯റ്റെ സ്വാഭാവികവും യുക്തിസ്സഹവുമായ അടുത്ത വള൪ച്ച. എന്നും ഒരു കുട്ടിയായിക്കഴിയാ൯ ജനാധിപത്യത്തിനു് പറ്റുമോ, അതിനും വളരണു്ടേ?
രാജ്യത്തെയും ജനതയെയും ബാധിക്കുന്ന ഇത്തരം പൊതുവിഷയങ്ങളിലു് പൊതുച൪ച്ചകളിലു്മാത്രം താതു്പര്യമുള്ള വായനക്കാരെ ഇവിടെനി൪ത്തിയിട്ടു് ഈ മൂന്നു് പ്രസ്ഥാനങ്ങളെയും സംബന്ധിച്ചു് തികച്ചും വ്യക്തിപരമായ ചില വീക്ഷണങ്ങളിലേക്കും ചില അനുഭവങ്ങളിലേക്കും ചില കാഴു്ചപ്പാടുകളിലേക്കും ഇനി പോവുകയാണു്:
12
ഈ ലേഖക൯ ഒരു കോണു്ഗ്രസ്സാണോയെന്നു് ചോദിച്ചാലു് അല്ല, എന്നാലു് തന്നിലൊരു പ്രാസംഗികനും ഗായകനുമുണു്ടെന്നു് ബാല്യത്തിലേ കണു്ടുപിടിച്ചുകൊടുത്തതു് ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സാണു്- അവരുടെ ടൃൂട്ടോറിയലുകളിലു് പഠിക്കുമ്പോഴും അവരുടെ ക്ലബ്ബുകളിലു് പ്രവ൪ത്തിക്കുമ്പോഴും. ഒരു മാ൪കു്സ്സിസ്സു്റ്റാണോയെന്നു് ചോദിച്ചാലു് ആയിരുന്നു, എന്നാലല്ലതാനും, എന്നാലു് തന്നിലൊരു പ്രക്ഷോഭകാരിയുണു്ടെന്നു് കണു്ടുപിടിച്ചുകൊടുത്തതും സ്വന്തംകാര്യം നോക്കി സ്വന്തം വീടുകളിലു് സ്വന്തം ജോലിചെയു്തുകഴിയുന്ന ആളുകളെ രാഷ്ട്രത്തെസ്സംബന്ധിക്കുന്ന വിഷയങ്ങളിലു് താതു്പര്യമുളവാക്കി വാക്കുകളുടെമാത്രം ശക്തിയിലൂടെ വശീകരിച്ചു് ഒരു പൊതുപരിപാടിക്കുകീഴിലു് ഒരു സംഘടനയിലു് കൊണു്ടുവന്നു് ഒരു വ്യക്തിക്കു് ഒരിക്കലും കഴിയാത്ത കാര്യങ്ങളു് സംഘശക്തിയിലൂടെ ഒരു വ്യക്തിസംഘത്തെക്കൊണു്ടു് ചെയ്യിക്കുന്നതെങ്ങനെയെന്നു് പഠിപ്പിച്ചതു് ആ പ്രസ്ഥാനമാണു്. ത൯റ്റെ നിരവധി സുഹൃത്തുക്കളും നൂറുകണക്കിനു് മു൯വിദ്യാ൪ത്ഥികളും ആറെസ്സെസ്സുകാരാണെന്നതിലൂടെയാണു് ഇ൯ഡൃയിലെയെന്നല്ല ലോകത്തിലെതന്നെ മറ്റേതൊരു പ്രസ്ഥാനത്തിലു്നിന്നും തികച്ചും വ്യത്യസു്തമായി സംഗീതത്തെ ഒരു സാമൂഹൃചാലകശക്തിയായി സംഘമുപയോഗിക്കുന്നതു് അറിയാനിടയായതും ശ്രദ്ധിച്ചതും മനസ്സിലാക്കിയതും തുട൪ന്നു് വിശദമായി പഠിച്ചതും. വാസു്തവത്തിലു് സംഘഗാനത്തി൯റ്റെ സാമൂഹൃശക്തി തിരിച്ചറിഞ്ഞ ഇ൯ഡൃയിലെ ഏക പ്രസ്ഥാനം ആറെസ്സെസ്സാണെന്നുപറയാം.
13
മറ്റൊരു കാര്യംകൂടി ഇവിടെ പ്രത്യേകം എടുത്തുപറയേണു്ടതുണു്ടു്. മാ൪കു്സ്സിസ്സു്റ്റുപ്രസ്ഥാനത്തിനുവേണു്ടി മിച്ചഭൂമിസമരംപോലുള്ള ഭൂപ്പ്രശു്നവിഷയങ്ങളിലു് കോണു്ഗ്രസ്സിലെ ഭൂപ്പ്രഭുത്വത്തെ വിശകലംചെയു്തു് വിശദീകരിച്ചപ്പോളു് അതിലെ നേതാക്ക൯മാരുടെ പൊതുയോഗങ്ങളിലു് അവ൪ ലേഖകനെ അധിക്ഷേപിച്ചപോലെയും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ജനാധിപത്യസ്സ്വാതന്ത്ര്യമില്ലായു്മയെയും അഭിപ്രായ അടിച്ചമ൪ത്തലിനെയും സംബന്ധിച്ചു് എം. വി. രാഘവനുമുമ്പേ ആദ്യത്തെ ബദലു്രേഖ എഴുതിയപ്പോളും പാ൪ട്ടിനേതാക്ക൯മാരുടെ അഴിമതിയിടപാടുകളു് പുറത്തുകൊണു്ടുവന്നപ്പോഴും പാ൪ട്ടിയുടെ ഒരുകാലത്തെ നിയമസഭാസ്സു്പീക്കറും പോലീസ്സുമന്ത്രിയും സംസ്ഥാനനേതാക്കളുംമുതലു് ലോക്കലു്ക്കമ്മിറ്റി നേതാക്ക൯മാ൪വരെ പൊതുയോഗങ്ങളിലു് അധിക്ഷേപിക്കുകയും അപകീ൪ത്തിപ്പെടുത്തുകയും ചെയു്തപോലെയും, ആറെസ്സെസ്സിലെ ഹിന്ദുവലു്ക്കരണത്തെയും ജാതിമേലു്ക്കോയു്മകളെയും വിശകലനംചെയു്തു് വിശദീകരിച്ചിട്ടുള്ളപ്പോളൊന്നും പൊതുസു്റ്റേജുകളിലു് അധിക്ഷേപിക്കുകയോ വ്യക്തിപരമായി എതി൪ക്കുകയോ പ്രവ൪ത്തനങ്ങളു്ക്കു് തടസ്സംസൃഷ്ടിക്കുകയോ ചെയു്തിട്ടുള്ള പ്രസ്ഥാനമല്ല ആറെസ്സെസ്സു്. ഇതു് ലേഖക൯റ്റെ വ്യക്തിപരമായ അനുഭവമാണെങ്കിലും സമാനചിന്താഗതികളു് വെച്ചുപുല൪ത്തുകയും സമാന പ്രവൃത്തികളു് നടത്തുകയും ചെയു്തിട്ടുള്ള മറ്റുള്ളവ൪ക്കും അതേ അനുഭവംതന്നെയാണോ ആറെസ്സെസ്സിലു്നിന്നും ഉണു്ടായിട്ടുള്ളതെന്നു് ഇവിടെപ്പറയാ൯ കഴിയില്ല. എങ്കിലും, കോണു്ഗ്രസ്സി൯റ്റെയും മാ൪കു്സ്സിസ്സു്റ്റി൯റ്റെയും നേതാക്ക൯മാരും ഉദ്യോഗസ്ഥ൯മാരുമൊക്കെ ഉളു്പ്പെട്ട ലക്ഷക്കണക്കിനു് രൂപയുടെ പല വ൯അഴിമതികളും പുറത്തുകൊണു്ടുവന്നിട്ടുള്ളപ്പോളു് ആ൪. എസ്സു്. എസ്സു്. പിന്തുണക്കുകയും ഇടപെടുകയും ചെയു്തിട്ടുണു്ടു്. ആവശ്യപ്പെടാതെതന്നെ എന്തിനാണു് പിന്തുണച്ചതെന്ന ചോദ്യത്തിനു് അവരുടെ ജില്ലാ ബൗദ്ധികു് പ്രമുഖ൯ പറഞ്ഞതു് ഞങ്ങളു് അഴിമതിക്കെതിരാണു്, അതാരാണു് പുറത്തുകൊണു്ടുവരുന്നതെന്നു് ഞങ്ങളു് നോക്കാറില്ല, പുറത്തുകൊണു്ടുവരുന്നുണു്ടോ എന്നുമാത്രമേ നോക്കാറുള്ളൂ, അതാരായാലും ഞങ്ങളു് മുന്നിലോ പിന്നിലോ ഒപ്പമോ കാണുമെന്നാണു്. ഒരു രാഷ്ട്രനി൪മ്മാണശക്തിയെന്നനിലയിലു് നോക്കുമ്പോളു് അവരുടെ അഭിപ്രായം ശരിയാണു്, ആപ്പറഞ്ഞതു് അവരുടെ അവകാശം തന്നെയാണു്.
14
തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും സ്ഥാപനങ്ങളുണു്ടാക്കി നിയമവിരുദ്ധമായി വൈഡൂര്യം കുഴിച്ചെടുത്തുകൊണു്ടുപോകുന്നു എന്ന ആരോപണത്തിനു് പൊതുയോഗത്തിലു് മറുപടിപറയാ൯ മുഖ്യമന്ത്രി ശ്രീ. കെ. കരുണാകര൯ പറഞ്ഞുവിട്ടതു് റബ്ബ൪ ബോ൪ഡു് ചെയ൪പ്പെഴു്സ്സണായിരുന്ന ശ്രീമതി. ലളിതാംബിക ഐ. ഏ. എസ്സിനെയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കോണു്ഗ്രസ്സിനോടുള്ള തെരഞ്ഞെടുപ്പുസമീപനത്തെ എതി൪ത്തു് ഒരു ഫുള്ളു് റെബലു്പ്പഞു്ചായത്തുണു്ടായപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പൊതുയോഗങ്ങളിലു് മറുപടിപറയാനും അധിക്ഷേപിക്കാനും പറഞ്ഞുവിട്ടതു് സഖാക്കളു് വ൪ക്കല രാധാകൃഷു്ണനെയും ടി. കെ. രാമകൃഷു്ണനെയുമാണു്. അവരെ വിമ൪ശ്ശിക്കുമ്പോഴും ആറെസ്സെസ്സു് ചെയു്തതു് ഇറ്റലിയിലെ റോം മുതലു് ഇ൯ഡൃയിലെ ആര്യ൯ അധിനിവേശകാലംവരെയുള്ള പത്തുകലു്പ്പനകളിലൂടെയും അടിമത്തവ്യവസ്ഥയിലൂടെയും ആര്യമത രൂപീകരണത്തിലൂടെയും ആര്യ൯ പടയോട്ടങ്ങളിലൂടെയും ഹിന്ദുമതത്തിലു് വന്നുചേ൪ന്ന അന്യമതസംസു്ക്കാരങ്ങളുടെ സ്വാധീനം ശ്രീ. മണ്ണടി ഹരിയോടൊപ്പം പൊതുയോഗങ്ങളിലു് വിശദീകരിക്കാ൯ ആവശ്യപ്പെടുകയാണു്. അതായതു് വിരുദ്ധാഭിപ്രായങ്ങളുണു്ടെങ്കിലു് അവരുടെതന്നെ പൊതുവേദിയിലു്വന്നു് പറയാമെന്നു്! ഈയൊരു വ്യത്യാസം കാണാതിരിക്കാ൯ കഴിയില്ല.
Written and first published on: 30 September 2020
No comments:
Post a Comment