Sunday, 6 September 2020

304. മാനം, മര്യാദ, സ്വത്തു്, സ്വസ്ഥജീവിതം, കുടുംബം, തൊഴിലു്, ജീവ൯- എല്ലാം നഷ്ടപ്പെടുമ്പോഴും സമൂഹത്തോടു് സംസാരിക്കുന്നവനാണു് എഴുത്തുകാര൯!

304

മാനം, മര്യാദ, സ്വത്തു്, സ്വസ്ഥജീവിതം, കുടുംബം, തൊഴിലു്, ജീവ൯- എല്ലാം നഷ്ടപ്പെടുമ്പോഴും സമൂഹത്തോടു് സംസാരിക്കുന്നവനാണു് എഴുത്തുകാര൯!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dorothe-Darkmoon Art. Graphics: Adobe SP.


മാനം, മര്യാദ, സ്വത്തു്, സ്വസ്ഥജീവിതം, കുടുംബം, തൊഴിലു്, ജീവ൯- എല്ലാം നഷ്ടപ്പെടുമ്പോഴും ഇനിവരുന്ന തലമുറക്കുവേണു്ടി സമൂഹത്തോടു് സംസാരിക്കുന്നവനാണു് എഴുത്തുകാര൯. ഡോസ്സു്റ്റോയെവു്സ്സു്ക്കിയും മയക്കോവു്സ്സു്ക്കിയും സ൪. തോമസ്സു് മൂറും സ൪. വാളു്ട്ട൪ റാലിയും സ൪. ഫിലിപ്പു് സിഡു്നിയും ചങ്ങമ്പുഴയുംമുതലു് ജെഫ്രി ആ൪ച്ച൪വരെയുള്ള എഴുത്തുകാരെല്ലാം നമ്മെ അതാണു് പഠിപ്പിച്ചിട്ടുള്ളതു്. ഭരണകൂടവേട്ടയും സ്വത്തി൯റ്റെയും സ്വസ്ഥജീവിതത്തി൯റ്റെയും നഷ്ടവുംമുതലു് കുടുംബത്തി൯റ്റെയും ജീവ൯റ്റെയും നഷ്ടവുംവരെ, തൂക്കിക്കൊലയും കാരാഗൃഹവാസവുംവരെ, എല്ലാം നേരിട്ടുകൊണു്ടുതന്നെയാണു് അവ൪ എഴുതിയിരുന്നതു്. അപ്പോഴും അവരിലു്നിന്നുണു്ടായ ക്ലാസ്സിക്കുകളാണു് നമ്മളിന്നു് വായിക്കുന്നവയിലു് പലതും. മറ്റുള്ളവരുടെ ജീവിതം നരകമാക്കാ൯ നടക്കുന്നവ൪ തങ്ങളുടെ ജീവിതത്തെവന്നു് പൊതിഞ്ഞപ്പോഴും അവ൪ മൈ൯ഡുചെയു്തില്ല, കാരണം ആ നിമിഷപ്പ്രാണികളൊന്നും അടുത്ത നൂറ്റാണു്ടുപോയിട്ടു് അടുത്ത തലമുറയിലേയു്ക്കുപോലും പോവാ൯പോകുന്നവരല്ലെന്നും, പക്ഷേ തങ്ങളുടെ രചനകളെല്ലാം അടുത്ത തലമുറയിലേക്കോ അടുത്ത നൂറ്റാണു്ടിലേക്കോ മാത്രമല്ല വരുംകാലങ്ങളിലേക്കുമുഴുവ൯ പോകാ൯പോവുകയാണെന്നും, അവ൪ക്കറിയാമായിരുന്നു. മഹത്തായ രചനകളു് പൂ൪ത്തീകരിക്കാനുള്ള അവസരം കണു്ടെത്താ൯ കഴിയുമോ, അതിനുള്ള ഇച്ഛാശക്തിയുണു്ടോ, എന്നുള്ള വ൪ത്തമാനകാലമയച്ച നൈമിഷികമായ ചോദ്യച്ചിഹ്നക്കുമിളകളാണു് തങ്ങളുടെ നാലുചുറ്റുംവന്നു് നിലു്ക്കുന്നതും ആ പരീക്ഷണകാലം കഴിയുമ്പോളു് കാലത്തി൯റ്റെ ഓരോരോ യവനികയു്ക്കുപിന്നിലേക്കും സ്ഥലത്തി൯റ്റെ ഓരോരോ ആഴങ്ങളു്ക്കടിയിലേക്കും മാഞ്ഞുമറഞ്ഞുപോകുന്നതുമെന്നു് അവ൪ കാണുന്നുണു്ടായിരുന്നു, ഒന്നിനെക്കുറിച്ചും എഴുതാനില്ലെങ്കിലു് അതിനെക്കുറിച്ചുതന്നെ എഴുതാനുള്ള അവനലു്കുന്ന ആ സന്ദേശം അവ൪ വായിക്കുന്നുണു്ടായിരുന്നു. എത്രയോ ചെറുകഥകളും കവിതകളും നോവലുകളും ലേഖനങ്ങളും വിശ്വസാഹിത്യചരിത്രത്തിലു് അങ്ങനെയാണുണു്ടായിട്ടുള്ളതു്! അലകു്സ്സാണു്ട൪ പോപ്പി൯റ്റെ ഏറ്റവും പ്രസിദ്ധമായ കാവൃങ്ങളെല്ലാം അങ്ങനെയാണുണു്ടായിട്ടുള്ളതു്. അവയിലു്ക്കാണുന്ന വ്യക്തിനാമങ്ങളു് ചില ഡാഷുകളോടെയാണു് രേഖപ്പെടുത്തിയിട്ടുള്ളതു്- അതായതു് ത൯റ്റെയും തനിക്കുചുറ്റുമുള്ള ത൯റ്റെ സമൂഹത്തി൯റ്റെയും ജീവിതം നരകമാക്കാ൯ നടന്ന ആ പഹയ൯മാരുടെയും ഹീന൯മാരുടെയും ഖല൯മാരുടെയും യാഥാ൪ത്ഥപേരുകളു്! അവരെ ഓരോരുത്തരെയും എഴുതിവിറ്റു് അക്ഷരാ൪ത്ഥത്തിലു് പണമുണു്ടാക്കി തെയിംസ്സു് നദിക്കരയിലു് അതിമനോഹരമായൊരു കോടിശ്വരഭവനം പണിയുകയാണു് പോപ്പു് ചെയു്തതു്. ആ രചനകളിലു്ക്കണു്ട അക്ഷരങ്ങളെയും ഡാഷുകളെയും കൃത്യസൂചനനോക്കി കൃത്യം കൂട്ടിയോജിപ്പിച്ചു് അലകു്സ്സാണു്ട൪ പോപ്പി൯റ്റെ അന്നത്തെയും ഇന്നത്തെയും സഹൃദയവായനക്കാ൪ വായിച്ചാസ്വദിച്ചുരസിച്ചു, വായിച്ചാസ്വദിച്ചുരസിക്കുന്നു.

Written and first published on: 06 September 2020



No comments:

Post a Comment