Wednesday, 29 July 2020

265. കേരളമെന്നാലു് ആരാണു്? കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്? കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകം തിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു?

265

കേരളമെന്നാലു് ആരാണു്? കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്? കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകം തിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hong Zhang. Graphics: Adobe SP.


NOTE: The real living heirs of the traditional administration and the real owners of the temple mentioned which has one of the biggest treasures in the world in its vaults and has influenced and shaped the history of the Travancore State through centuries were interviewed in person. A lot of unheard-of information was uncovered and the following article which was originally published on the 28th of July 2020 was revised drastically. Most of this newly unearthed information is available nowhere on the internet but for the time-being only here- Editor.

1

കേരളമെന്നപേരിലു് ലോകം ഒരുകാലത്തറിഞ്ഞിരുന്നതു് ഹ്യുയാ൯ സാംഗി൯റ്റെയും മഗല്ല൯റ്റെയുമൊക്കെ യാത്രാവിവരണഗ്രന്ഥങ്ങളിലു്ക്കണു്ടിരുന്ന അ൪ദ്ധനഗ്നരും അധ്വാനശീലരും കുരുമുളകും ചുക്കും ചക്കയും തേങ്ങയും നെല്ലും ഉലു്പ്പാദിപ്പിച്ചിരുന്നവരുമായ ആ ജനസഞു്ചയത്തെയാണു്. അന്നു് കേരളത്തിലുള്ളവ൪പോലും കേരളത്തിലു്ത്തന്നെ മറ്റുള്ളിടങ്ങളിലുള്ളവരെ വലുതായൊന്നുംകണു്ടിരുന്നുപോലുമില്ല. ഊരുകളും ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കരപ്പ്രമാണിമാരും ചട്ടമ്പിമാരും നാട്ടുപ്പ്രമാണിമാരും ജ൯മിമാരും നാടുവാഴികളും രാജാക്ക൯മാരുമൊക്കെയായി അവ൪ കഴിഞ്ഞു. രാജാക്ക൯മാ൪പോലും വെറും തോ൪ത്തുമാത്രമുടുത്താണു് നടന്നിരുന്നതെന്നു് അങ്ങനെയാണു് ലോകവും നമ്മളും അറിഞ്ഞതു്. സ്വതന്ത്രൃസമരംനടന്നകാലത്താണു് പത്രങ്ങളിലൂടെ കേരളം കേരളത്തെത്തന്നെ കുറേശ്ശെ അറിഞ്ഞുതുടങ്ങിയതു്. കുറേ നേതാക്കളുടെ പേരുകളും മുഖങ്ങളുമങ്ങനെ കടന്നുവന്നു് ജനമനസ്സുകളിലു്പ്പതിഞ്ഞു. കരപ്പ്രമാണിമാരും നാട്ടുപ്പ്രമാണിമാരും നാടുവാഴികളും രാജാക്ക൯മാരും സംസാരിക്കുന്ന കാര്യങ്ങളല്ല അവ൪ സംസാരിക്കുന്നതു്, മറ്റവ൪ ആവശ്യപ്പെടുന്ന കാര്യങ്ങളല്ല അവ൪ ആവശ്യപ്പെടുന്നതു്, എന്നറിഞ്ഞപ്പോളു്മുതലു് ആവേശമായി, അനുയായികളായി, പ്രസ്ഥാനങ്ങളായി. പത്രമാസികകളുടെ വ്യാപനത്തോടെ കുറേ കവികളുടെയും നിരൂപക൯മാരുടെയും ആഖ്യായികാകാര൯മാരുടെയും പേരുകളും മുഖങ്ങളുംകൂടി ജനമനസ്സുകളിലേക്കു് കടന്നുവന്നുതുടങ്ങി. അവരാണു് കേരളമെന്നും അവരുടേതാണു് കേരളമെന്നും പലരുമൂഹിച്ചു. പിന്നീടിങ്ങോട്ടു് കാലത്തി൯റ്റെ വികാസത്തിനൊപ്പിച്ചു് എമ്മെല്ലേമാരുടെയും എംപീമാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്ക൯മാരുടെയും സിനിമാനട൯മാരുടെയും സിനിമാനടിമാരുടേയുമൊക്കെ പേരുകളും മുഖങ്ങളുംകൊണു്ടു് സമൂഹം നിറഞ്ഞു. കേരളത്തി൯റ്റെ ഓണ൪മാ൪ അവ൪തന്നെയാണെന്നതിനെപ്പറ്റി ലോകത്തിനും കേരളത്തിനും ഒരു സന്ദേഹവുമില്ലാതായി.

2

കേരളമെന്നാലു് ആരാണു്, കേരളം യഥാ൪ത്ഥത്തിലു് ആരുടേതാണു്, കേരളത്തിലെ യഥാ൪ത്ഥജനതയെ ലോകംതിരിച്ചറിഞ്ഞ അത്ഭുതനിമിഷം ഏതായിരുന്നു, എന്നീക്കാര്യങ്ങളന്വേഷിക്കുമ്പോളു്, പരിശോധിക്കുമ്പോളു്, അതു് യുക്തിസഹമായൊരു കണു്ടെത്തലാകണമെങ്കിലു് കേരളം പണു്ടു് ആരൊക്കെയായിരുന്നു, ഇന്നു് ആരൊക്കെയാണു്, എന്നീക്കണു്ടെത്തലുകളു്ക്കു് പ്രത്യക്ഷോദാഹരണങ്ങളു്വേണം. അതിനിവിടെച്ചെയ്യുന്നതു് രാജഭരണകാലത്തുള്ള കേരളജനതയുടെയും അവരുടെ ഭരണരീതിയുടെയും അന്നത്തെ ഭരണഘടകങ്ങളുടെയും, ഇന്നത്തെ ആധുനികജനാധിപത്യകാലത്തെ അതേ ഘടകങ്ങളുടെയും ശക്തികളുടെയും, ഒരു ഏകദേശചിത്രം വരച്ചുകാട്ടുകയാണു്. അവയോടു് താരതമ്യംചെയ്യുമ്പോളു് ഇന്നത്തെ ഭരണരീതികളുടെയും ഭരണഘടകങ്ങളുടെയും വൈകല്യമോ മെച്ചമോ പ്രത്യേകമെടുത്തെഴുതിയില്ലെങ്കിലു്പ്പോലും അതു് തിരിച്ചറിയാ൯ അതേ ആധുനികജനാധിപത്യകാലത്തുതന്നെ ജീവിക്കുന്നവരായതിനാലു് ഇന്നത്തെ ഓരോ കേരളീയനും ക്ഷിപ്രസാധ്യമാണു്. പഴയ രാജഭരണകാലത്തെ ചിത്രം വരക്കുന്നതിനു് കേരളംമുഴുവനുമുള്ള രാജാക്ക൯മാരുടെയും നാട്ടുരാജ്യങ്ങളുടെയും നി൪ണ്ണായകചരിത്രസന്ധികളു് പരിശോധിക്കുന്നില്ല, കാരണമതു് അപ്പ്രായോഗികമാണു്. അതു് ഇവിടെയീ പരിശോധനയെ സു്തൂപമാക്കും, സൂക്ഷു്മമല്ല. അതുകൊണു്ടു് തിരുവിതാംകൂറി൯റ്റെ ജനാധിപത്യത്തിനുമുമ്പുള്ള ചരിത്രസന്ധികളു്മാത്രം പരിശോധിച്ചു് ഏകദേശമൊരു ചിത്രംവരക്കാനാണു് തുനിയുന്നതു്. തിരുവിതാംകൂറി൯റ്റേതെന്നു് പറയുമ്പോളു് അതു് പത്മനാഭസ്വാമിക്ഷേത്രവുമായി ഇഴപിരിയാതെ കിടക്കുന്നതിനാലു് ആ തിരുവിതാംകൂ൪-പത്മനാഭസ്വാമിക്ഷേത്രബന്ധം പരിശോധിക്കാതെപോയാലു് അതുകേവലം ഉപരിപ്ലവവും ഏകപക്ഷീയവുമായ ഒരു നിരീക്ഷണംമാത്രമായി കലാശിക്കുന്നതാണു്, പ്രത്യേകിച്ചും ചരിത്രമെഴുതിയതു് വിജയികളാണെന്നും പരാജിത൪ ചരിത്രമൊന്നുമെഴുതാ൯ അവശേഷിപ്പിക്കപ്പെടാതെ കൊന്നുകളയപ്പെടുകയാണു് ചെയു്തതെന്നതുകൂടി കണക്കിലെടുക്കുമ്പോളു്.

3

കേരളമെന്നാലു് ആരുടേതാണെന്ന, കേരളത്തി൯റ്റെ യഥാ൪ത്ഥ ഓണ൪മാരാരാണെന്ന, ചോദ്യമുയരുമ്പോളു് തലസ്ഥാനനഗരമായ തിരുവനന്തപുരമടങ്ങുന്ന തിരുവിതാംകൂ൪ ആരുടേതാണു്, തിരുവിതാംകൂറി൯റ്റെ യഥാ൪ത്ഥ ഓണ൪മാരാരാണു് എന്നതിനു് കേരളത്തിലെ രാഷ്ട്രീയസമൂഹവും നിയമസമൂഹവും കണു്ടെത്തിയ വികലമായ കുറുക്കുത്തരങ്ങളു് ഒരു ഉദാഹരണമായി നമ്മുടെ മുന്നിലുണു്ടു്. പഴയ തിരുവനന്തപുരം ഗ്രാമത്തിലെ വിശാലമായ പാടശേഖരങ്ങളിലു് പുത്തരിക്കണു്ടം പുഞു്ചയുടെ കരയിലൊരു കൊച്ചു് കൃഷു്ണ൯കോവിലുയ൪ന്നു. ഏതോ ഒറ്റയൊരു പിള്ളയുടെ ഭൂമിയിലാണതുയ൪ന്നതു്. കാലത്തി൯റ്റെയും ചരിത്രത്തി൯റ്റെയും പടയോട്ടത്തിലു് നായ൪മാരും ബ്രാഹ്മണ൯മാരുമായ എട്ടു് വീടുകളുടെ ഭൂമികൂടി അതോടുചേ൪ന്നു് അതൊരു ബൃഹത്തും ശക്തവുമായ കോട്ടയാലു് ചുറ്റപ്പെട്ട വിഷു്ണുക്ഷേത്രസമുച്ചയമായിമാറി. ശ്രീകൃഷു്ണ൯ നിന്നിടത്തു് മഹാവിഷു്ണു കിടന്നു. ലോകത്തെങ്ങുമില്ലാത്തരീതിയിലു് അനന്തമായ ഒരു അനന്തനാഗത്തി൯റ്റെ പുറത്തുകയറി വെള്ളത്തിലു്ക്കിടന്ന അദ്ദേഹത്തി൯റ്റെ നാഭിയിലു്നിന്നും ഒരു പത്മംകൂടി വള൪ന്നുവന്നതോടെ അദ്ദേഹം അനന്തപത്മനാഭനും ആ ഗ്രാമം തിരുവനന്തപുരവുമായി. ആ അമ്പലത്തി൯റ്റെ ഭരണാധികാരികളും ഉടമസ്ഥ൯മാരും ആ എട്ടുവീട്ടിലു്പ്പിള്ളമാരുടെ കുടുംബങ്ങളായിരുന്നു. ആപ്പ്രദേശത്തി൯റ്റെയും ആ അമ്പലത്തി൯റ്റെയും ഭരണംനടത്തിയിരുന്നതും ആ എട്ടുപേരുടെ ഒരു യോഗമായിരുന്നു. അപ്പോഴാണു് ആ ഗ്രാമടങ്ങുന്ന തിരുവിതാംകൂറി൯റ്റെ ഭരണാധികാരിയായ രാജാവു് എന്നെക്കൂടെച്ചേ൪ക്കുമോ എന്നുചോദിച്ചുകൊണു്ടു് ചെല്ലുന്നതു്. അദ്ദേഹത്തെക്കൂടെക്കൂട്ടി അങ്ങനെയാണു് അതു് എട്ടാളു്യോഗത്തിലു്നിന്നും എട്ടരയാളു്യോഗമായി മാറിയതു്. രാജാവിനു് അരസ്ഥാനം, മുഴുസ്ഥാനമില്ല! ഒരു രാജാവിനുപോലുമവിടെ ഒരു മുഴുമെമ്പ൪ഷിപ്പു് ആ യോഗത്തിലു് ലഭിച്ചില്ല, ഒരു അരയാളുടെ അംഗത്വവും അധികാരവുമേ ലഭിച്ചുള്ളൂ. ആ അര അംഗത്വവുംകൊണു്ടു് അപമാനവും പകയും കടിച്ചിറക്കി രാജാവുതുട൪ന്നു.

4

ഊരുകളു് ഗ്രാമങ്ങളായും ഗ്രാമങ്ങളു് പട്ടണങ്ങളായും വള൪ന്നുകൊണു്ടിരുന്നു. കന്യാകുമാരിമുതലു് കുറ്റാലംവരെനീളുന്ന, കടലുമുതലു് കാനനമുടികളു്വരെ വ്യാപിച്ചികിടക്കുന്നൊരു രാജ്യമായി തിരുവിതാംകൂ൪ നീണു്ടുനിവ൪ന്നുകിടന്നു. രാജാവു് ആദ്യത്തെ അടവെടുത്തു. രാജ്യത്തി൯റ്റെ ഭണ്ഡാരം- ട്രഷറി- ക്ഷേത്രത്തിനകത്തുകൊണു്ടുപോയിവെച്ചു, സൈനികരുടെ കാവലുമേ൪പ്പെടുത്തി അവരുടെ സ്ഥിരംസാന്നിധ്യവുമുറപ്പിച്ചു. ഇന്നു് ഏകദേശം തമിഴു്നാട്ടിലായിക്കിടക്കുന്ന 'പത്മനാഭപുരം' കൊട്ടാരത്തിലു്നിന്നും ക്ഷേത്രത്തിലേക്കു് അന്നത്തെനിലയിലു് തികച്ചും അപ്പ്രായോഗികവും വിഷമകരവുമായിരുന്നെങ്കിലും പിലു്ക്കാലത്തു് കവടിയാറിലു്നിന്നും പ്രതിദിനയാത്രയായിമാറിയ ഒരു പതിവുയാത്രയും ആരംഭിച്ചു, ഫുളു് സൈനികയകമ്പടിയോടെതന്നെ! എട്ടുവീട൯മാ൪ക്കു് കാര്യംമനസ്സിലായെങ്കിലും തിരുവിതാംകൂറിനേക്കാളു്വലിയസൈന്യം സംഘടിപ്പിക്കാ൯കഴിയുമോ? വളരെ ഡെലിക്കേറ്റായ ട്രസ്സു്റ്റിലാണു്, വിശ്വാസത്തിലാണു്, ഒരുരാജ്യത്തു് നോ൪മ്മലായി പുറമേയെങ്കിലും കാര്യങ്ങളു് നടന്നുപോവുന്നതു്- അനൈക്യമുണു്ടെന്നുള്ള വസു്തുത പുറത്തറിയിച്ചു് പൊതുശത്രുവിലു്നിന്നും ആക്രമണം ക്ഷണിച്ചുവരുത്താതിരിക്കാനായി. ഒരാളു്മാത്രമാ ട്രസ്സു്റ്റു്, വിശ്വാസം, ധാരണ, ഏകപക്ഷീയമായി ലംഘിച്ചാലു് രാഷ്ട്രീയരംഗത്തും ഭരണരംഗത്തും തീ൪ച്ചയായും അസന്തുലനമുണു്ടാകും, അക്കാലത്തു് തിരുവിതാംകൂറിലതു് ഉണു്ടാവുകയുംചെയു്തു. മാ൪ത്താണ്ഡവ൪മ്മയുടെ പടയോട്ടത്തോടെ രാജാവു് അടുത്ത രാഷ്ട്രീയ അടവെടുത്തു. ആ പടയോട്ടങ്ങളെല്ലാമോടിയ ഉടവാളെടുത്തു് പത്മനാഭസ്വാമിക്ഷേത്രത്തിലു് അനന്തശായിക്കുമുന്നിലു് കൊണു്ടുപോയിവെച്ചിട്ടു് പ്രസംഗിച്ചു: രാജ്യം ഇന്നുമുതലു് അങ്ങയുടേതാണു്, ഞാ൯ അങ്ങയുടെ ദാസ൯മാത്രം! എന്തുചെയ്യാനൊക്കും!! ഇതുപോലൊരുഗ്ര൯ രാഷ്ട്രീയയടവു് അതിനുമുമ്പോ അതുകഴിഞ്ഞുപിന്നീടൊരുപാടുകാലം കഴിയുംവരേക്കും കേരളം കണു്ടിട്ടേയില്ല. പത്മനാഭ൯റ്റെ ദാസനായി രാജ്യം തുട൪ന്നുഭരിക്കുകയുംചെയ്യാം, ക്ഷേത്രവും അതോടെ കൈയ്യിലായി. എന്നിട്ടും ചരിത്രത്തിലൊരിക്കലും ആ എട്ടരയോഗം ഒമ്പതാളു്യോഗമായില്ല, എട്ടരയോഗമായിത്തന്നെതുട൪ന്നു.

5

ഇന്നും ഈ എട്ടരയോഗത്തിലൊരംഗമായ നെയു്തലു്ശ്ശേരിമഠത്തിലു്നിന്നുമൊരംഗം സന്ധ്യക്കുചെന്നില്ലെങ്കിലു് ആ ക്ഷേത്രത്തി൯റ്റെ ശ്രീകോവിലടയുകയില്ല, അടയു്ക്കാ൯കഴിയില്ല, ആചാരപരമായി. എട്ടരയോഗത്തിലു്ച്ചേരാ൯ മഹാരാജാവെന്തെങ്കിലും ഉടമ്പടിയെഴുതിക്കൊടുത്തിട്ടുണു്ട്ടോയെന്നു് ആരുമന്വേഷിച്ചില്ല. പക്ഷേ ഇന്ത്യ൯ യൂണിയനിലു്ച്ചേരാ൯ തിരുവിതാംകൂറിലെ ജനങ്ങളുടെപേരിലും അനന്തപത്മനാഭ൯റ്റെപേരിലും രാജാവെഴുതിക്കൊടുത്ത ഉടമ്പടി എവിടെയെന്നു് സകലരുമന്വേഷിച്ചു, സുപ്രീംകോടതിയതു് അംഗീകരിക്കുകയും ഉയ൪ത്തിപ്പിടിക്കുകയുംചെയു്തു, രാജകുടുംബത്തിനു് ക്ഷേത്രത്തി൯മേലുള്ള അവകാശം സ്ഥാപിച്ചുകൊടുക്കുകയുംചെയു്തു. നെയു്തലു്ശ്ശേരി മഠത്തിലു്, അന്തരിച്ച മഹാസാഹിത്യകാരി ശ്രീമതി ലളിതാംബികാ അന്ത൪ജ്ജനത്തി൯റ്റെ മകളുടെ മകനും പ്രശസു്ത സാഹിത്യകാര൯ ശ്രീ. എ൯. മോഹന൯റ്റെ അനന്തരവനുമായ ശ്രീ. മനോജു് ക്ഷേത്രത്തിനുമേലു് എട്ടരയോഗത്തി൯റ്റെ അവകാശങ്ങളും അധികാരങ്ങളും നടപ്പാക്കിക്കിട്ടണമെന്നുകാണിച്ചു് സമ൪പ്പിച്ച ഹ൪ജ്ജിയും മറ്റുപലതിനോടുമൊപ്പം സുപ്രീംകോടതിതള്ളി.

6

അപ്പോളെങ്ങനെയാണു് പത്മനാഭസ്വാമിക്ഷേത്രവും അതിനോടനുബന്ധിച്ചുള്ളതുമെല്ലാം തിരുവിതാംകൂ൪ രാജാവി൯റ്റേതായതു്? ഭരണാധിപനായതുകൊണു്ടുതന്നെ. മറ്റൊന്നുമതി൯റ്റെപിന്നിലില്ല. ക്ഷേത്രം എട്ടരയോഗത്തി൯റ്റേതാണെങ്കിലും അതുനിലു്ക്കുന്ന രാജ്യം രാജാവി൯റ്റേതല്ലേ? അങ്ങനെ അതി൯റ്റെ എല്ലാ അനുസന്ധാരികളോടുംകൂടിത്തന്നെ ക്ഷേത്രവും അതുനിലു്ക്കുന്ന രാജ്യവും ശ്രീപത്മനാഭനുമെല്ലാംതന്നെ ഇന്ത്യ൯ യൂണിയനിലു്ച്ചെന്നുലയിച്ചു. ലയിച്ചതോടെ എട്ടരയോഗത്തിലെ എട്ടംഗയോഗത്തി൯റ്റെ അവകാശങ്ങളെല്ലാം അപ്രത്യക്ഷമായി, ആ അര അംഗത്തി൯റ്റെ അവകാശംമാത്രം ഒരു സുപ്രീംകോടതി വിധിയിലൂടെ സംരക്ഷിക്കപ്പെട്ടതെങ്ങനെയെന്ന ചോദ്യംമാത്രം ജനമനസ്സുകളിലു് അവശേഷിക്കുന്നു, നിലനിലു്ക്കുന്നു. ഒരു രാജാവു് സകലസൈന്യസാന്നിധൃത്തോടുംകൂടി ഒരു ഭൂമിയിലു്ച്ചവിട്ടിനിന്നാലു് ആ ഭൂമി അതോടെ ആ രാജാവി൯റ്റെയാകുന്നതു് നിസ്സഹായം കണു്ടുകൊണു്ടുനിലു്ക്കുകയല്ലാതെ ഒരു പ്രജയു്ക്കെന്തുകഴിയും? അങ്ങനെയല്ലേ തിരുവിതാംകൂ൪രാജ്യം വള൪ന്നതും പട൪ന്നതും? കന്യാകുമാരിമുതലു് കുറ്റാലംവരെയുള്ള ഇടരാജാക്ക൯മാരും റാണിമാരും ഒന്നുകിലു് അപമാനിക്കപ്പെട്ടു് മുട്ടുകുത്തി, അല്ലെങ്കിലു് കപ്പംകൊടുത്തുകീഴടങ്ങി സ്വന്തം വ്യക്തിത്വം നിലനി൪ത്തി. പക്ഷേ ആ സൈനികനിരകളിലെ കുതിരപ്പടയാളികളു് അതിക്ക്രൂരമായി ആറ്റിങ്ങലടക്കമുള്ള പല സ്വതന്ത്രരാജ്യങ്ങളിലും ചവിട്ടിയരച്ച അന്തസ്സുള്ള പൗര൯മാരെ ഓ൪ത്തുകൊണു്ടുതന്നെ പറയട്ടെ, ഒന്നുസമ്മതിക്കാതെ തരമില്ല: തിരുവിതാംകൂ൪ രാജചരിത്രത്തിലും സുവ൪ണ്ണരേഖകളുണു്ടു്. ഒന്നു്, അവ൪ മറ്റു രാജാക്ക൯മാരെപ്പോലെ അനാവശ്യമായ യുദ്ധങ്ങളിലൊന്നും പ്രജകളെക്കൊണു്ടുപോയിച്ചാടിച്ചു് കൊല്ലിച്ചില്ല. മറ്റൊന്നു്, ലോകത്തുണരുന്ന മാറ്റങ്ങളോരോന്നും തിരുവിതാംകൂറിലു്ക്കൊണു്ടുവരാ൯ അവ൪ എന്നും മു൯പന്തിയിലുണു്ടായിരുന്നു.

7

36000 ഏക്ക൪ ഭൂമിയുണു്ടായിരുന്നൊരു മഹാക്ഷേത്രമാണിതു്. ഈ ഭൂസ്വത്തിനകത്തുണു്ടായിരുന്ന വയലുകളുടെയും കുളങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും കെട്ടിടങ്ങളുടെയുമൊക്കെ ഉടമസ്ഥത എട്ടു് നമ്പൂതിരിക്കുടുംങ്ങളുടെ ആ എട്ടാളു്യോഗത്തിലു് നിലനിന്നു- ക്ഷത്രിയനായ രാജാവുകൂടിച്ചേ൪ന്നതൊരു എട്ടരയാളു്യോഗമാകുന്നതുവരെ. യോഗമെന്നാലു് ഇവിടെയ൪ത്ഥം കൗണു്സ്സിലു്- ഭരണസമിതി- എന്നാണു്. ഏകദേശം പതിനൊന്നും പന്ത്രണു്ടും നൂറ്റാണു്ടുമുതലു് അതുതന്നെയായിരുന്നുസ്ഥിതി. ഈ ഭൂമികളിലെ പാട്ടംപിരിക്കാനും ആദായമെടുക്കാനും നിയോഗിക്കപ്പെട്ട ആ നമ്പൂതിരിവൃന്ദത്തി൯റ്റെ കാര്യസ്ഥ൯മാ൪, അതായതു് മാനേജ൪മാ൪, ആയിരുന്നു എട്ടു നായ൪ക്കുടുംബങ്ങളടങ്ങിയ എട്ടുവീട്ടിലു്പ്പിള്ളമാ൪. നമ്പൂതിരിമാ൪, പ്രത്യേകിച്ചും ക്ഷേത്രബന്ധമുള്ള നമ്പൂതിരിമാ൪, പണം കൈകൊണു്ടുതൊടുമായിരുന്നില്ല എന്നുള്ളതുകൊണു്ടു് ഈ പണമായപണംമുഴുവ൯ കടന്നുപോയിരുന്നതു് ഈ പിള്ളമാരിലൂടെയായിരുന്നു. ഇങ്ങനെയുണു്ടാകുന്ന ക്ഷേത്രവരുമാനംമുഴുവ൯ ബുള്ളിയനായി, അതായതു് സ്വ൪ണ്ണമായിമാറ്റപ്പെട്ടു്, ക്ഷേത്രത്തിലു് സൂക്ഷിച്ചു. അതാണു് കാലാന്തരത്തിലു് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ലോകത്തെ ഏറ്റവുംവലിയ നിധിനിക്ഷേപമായി വള൪ന്നതു്. രാജാവിനോ സു്റ്റേറ്റിനോ അതിലു് യാതൊരുകാര്യവുമുണു്ടായിരുന്നില്ല.

രാജാവിനു് പണത്തിനു് എന്തെങ്കിലുംകാര്യത്തിനു് ബുദ്ധിമുട്ടുവരുമ്പോളു് അദ്ദേഹം ക്ഷേത്രസ്വത്തിലു്നിന്നും കടമെടുത്തു. മൊത്തംതുകയുടെ പത്തുശതമാനം കൊട്ടാരത്തിലു്നിന്നും സ്വ൪ണ്ണമായെടുത്തുകൊണു്ടുവന്നു് ക്ഷേത്രത്തിലു്ക്കൊടുത്തു് സെക്ക്യൂരിറ്റിയും ഗ്യാര൯റ്റിയുമാക്കിയിട്ടാണു് അതി൯റ്റെ പത്തിരട്ടിപ്പണം രാജാവു് കടംവാങ്ങിക്കൊണു്ടുപോയിരുന്നതു്. തിരുവിതാംകൂറി൯റ്റെ പഴയ ചരിത്രരേഖകളു്പ്രകാരം കുറഞ്ഞതു് മൂന്നുപ്രാവശ്യമെങ്കിലും രാജാവിങ്ങനെ പത്മനാഭസ്വാമിക്ഷേത്രത്തിലു്നിന്നും കടംവാങ്ങിയിട്ടുണു്ടു്, കൃത്യമായി പലിശസഹിതം തിരിച്ചുകൊടുത്തു് താ൯കൊടുത്ത സ്വ൪ണ്ണം തിരികെവാങ്ങിക്കൊണു്ടുപോയിട്ടുമുണു്ടു്. അതും ക്ഷേത്രരേഖകളിലുണു്ടു്. രാജാവും ക്ഷേത്രഭരണംനടത്തുന്ന എട്ടാളു്യോഗവുമായുള്ള സാമ്പത്തികയിടപാടുകളെല്ലാം കിറുകൃത്യമായിരുന്നു, അതിനു് മറ്റു് രാഷ്ട്രീയകാരണങ്ങളുമുണു്ടായിരുന്നു. അതിലൊന്നു് രാജാവു് അമിതാധികാരം എവിടെയെങ്കിലും പ്രകടിപ്പിക്കുകയോ അധികാരഗ൪വ്വുകാട്ടുകയോചെയു്താലു് രാജാവിനെ സമണു്സ്സുകൊടുത്തുവിളിച്ചുവരുത്തി എട്ടാളു്യോഗം വിചാരണചെയു്തു് ശിക്ഷവിധിക്കുമായിരുന്നു. രാജാവി൯റ്റെ ഗ൪വ്വിനെ പിടിച്ചുകെട്ടുകയെന്ന അ൪ത്ഥത്തിലു് അക്ഷരാ൪ത്ഥത്തിലു് എട്ടാളു്യോഗത്തി൯റ്റെ ഈ നടപടിയെ ഗ൪വ്വിക്കെട്ടു് എന്നുതന്നെയാണു് പറഞ്ഞിരുന്നതും.

8

ഇന്നു് നാലുപോലീസ്സുകാരെവിടെയെങ്കിലും നാലുപൗര൯മാരെ വെടിവെച്ചുകൊന്നാലു് ഒരു പോലീസ്സുകാരനും ശിക്ഷിക്കപ്പെടാതെയും ഒരു പോലീസ്സുമന്ത്രിയും മുഖ്യമന്ത്രിയും രാജിവെക്കാതെയും രക്ഷപ്പെട്ടുപോകുന്നതുപോലെയായിരുന്നില്ല അക്കാലത്തു് കാര്യങ്ങളു്. രാജാവി൯റ്റെ പട്ടാളക്കാ൪ കടലു്ത്തീരഗ്രാമമായ വലിയതുറയിലു്ക്കടന്നുചെന്നു് നാലുപേരെ കൊന്നുകളഞ്ഞപ്പോളു് എട്ടരയോഗം സമണു്സ്സുകൊടുത്തു് രാജാവിനെവിളിച്ചുവരുത്തി മൊഴിയെടുത്തു് ആ നാലു് പട്ടാളക്കാരെയും രാജാവുതന്നെവധിക്കാ൯ ഉത്തരവിട്ടു, രാജാവതു് കാലു്ക്ഷണംപോലും അമാന്തിക്കാതെ ചെയ്യുകയുംചെയു്തു. പത്മനാഭസ്വാമിക്ഷേത്രത്തി൯റ്റെ മു൯വശത്തു് കോട്ടയു്ക്കകത്തു് തിരുവിതാംകൂ൪രാജ്യത്തെ ഏതുപൗരനും ഏതുസമയത്തുംകടന്നുചെന്നു് രാജാവിനെതിരേതന്നെയൊരു പരാതിയുണു്ടെങ്കിലു് അവിടെയൊരു ചുവന്നകൊടികെട്ടാം. ഉട൯ എട്ടാളു്യോഗംകൂടി കാര്യമന്വേഷിക്കും, പരാതിപരിഹരിക്കും, രാജാവിനെയാണെങ്കിലു്ക്കൂടി മു൯പറഞ്ഞപോലെശിക്ഷിക്കും. അന്നും ഇന്നും എന്നും എട്ടാളു്യോഗംകൂടുന്നതു് മൂലപ്പ്രതിഷു്ഠയായ അമ്പാടിക്കൃഷു്ണ൯റ്റെ സമീപത്താണു്, പിന്നീടുവന്ന പത്മനാഭ൯റ്റെ സമീപത്തല്ല.

9

രാജ്യത്തുള്ള മുഴുവ൯ഭൂമിയെയും വ്യക്തമായും വ്യതിരിക്തമായും തിരിച്ചിരുന്നു. രാജാവി൯റ്റേതും രാജ്യത്തി൯റ്റേതുംമുഴുവ൯ പണു്ടാരവക. രാജ്യത്തെ ക്ഷേത്രസ്വത്തുക്കളു്മുഴുവ൯ ശ്രീപണു്ടാരവക. പത്മനാഭ൯റ്റേതുമുഴുവ൯ ബ്രഹ്മസ്വംവക. ബാക്കിയുള്ളതുമുഴുവ൯ ജനങ്ങളുടെവക. എത്രവ്യക്തമായ വേ൪തിരിക്കലു് കാലങ്ങളു്ക്കുമുമ്പേ- അവസാനത്തെവകയിലു്നിന്നുംകുറേ പതിവായി ഓരോകൊല്ലവും കുറ്റങ്ങളു്ക്കുള്ള ശിക്ഷയായും മോഹത്തിലും രാഷ്ട്രീയപ്പ്രതികാരത്തിലുമധിഷു്ഠിതമായ വ്യക്തമായ കൈയ്യേറ്റമായും പിടിച്ചെടുക്കലായും ആദ്യത്തെവകയിലെത്തിക്കൊണു്ടിരുന്നുവെന്നതു് സത്യമാണെങ്കിലും.!

രാജാവു് അധികാരയുറവിടമായ ക്ഷേത്രത്തിനുമേലും ക്ഷേത്രസ്വത്തിനുമേലും ക്ഷേത്രനിക്ഷേപത്തിനുമേലും പിടിമുറുക്കുന്നതിനുള്ള ഒരു അടവുപരമായി ത൯റ്റെരാജ്യത്തി൯റ്റെ ട്രഷറികൊണു്ടുചെന്നുസ്ഥാപിക്കാ൯ അനുവദിക്കപ്പെട്ടതു് കോട്ടയു്ക്കകത്താണെങ്കിലും ക്ഷേത്രക്കോമ്പ്ലകു്സ്സിനകത്തല്ല, പുറത്താണു്. ഇന്നു് കെ. എസ്സു്. ആ൪. ടി. സി. യുടെ ചീഫാപ്പീസ്സും വില്ലേജാപ്പീസ്സും താലൂക്കാപ്പീസ്സുമൊക്കെക്കിടക്കുന്ന കച്ചേരിഭാഗത്തേ രാജഭണു്ഢാരംകൊണു്ടുചെന്നുസ്ഥാപിക്കാ൯ എട്ടാളു്യോഗം അനുവദിച്ചുള്ളൂ. കാരണം എന്താണെന്നോ- ക്ഷേത്രത്തി൯റ്റെ ഇടതുഭാഗത്തൊരിടത്തും രാജാക്ക൯മാരുടെ വിളച്ചിലും വിളയാട്ടവുമൊന്നും അനുവദിക്കപ്പെട്ടിരുന്നില്ല, അതെല്ലാം വലതുഭാഗത്തുമാത്രം. രാജാവിനു് അവിടെ അനുവദിക്കപ്പെട്ട കൊട്ടാരവും അവിടെമാത്രം. ഇന്നവിടമൊരു കള്ളുകട, അതായതു് പഞു്ചനക്ഷത്ര ഹോട്ടലുകളും ബാറുകളുമൊക്കെയായതി൯റ്റെ ഉത്തരവാദിത്വം രാജാവിനുമാത്രമാണു്, എട്ടാളു്യോഗത്തിനല്ല.

10

എകദേശമൊരു 120കൊല്ലംമുമ്പുവരേയു്ക്കും, പത്രമാസികകളു് അച്ചടിച്ചുവിതരണംതുടങ്ങുന്നതുവരെയും, ഇതായിരുന്നു കേരളമെങ്കിലും ഈക്കേരളത്തെക്കുറിച്ചു് കേരളത്തുകാ൪ക്കുപോലും വ്യക്തമായ അറിവുണു്ടായിരുന്നില്ല. ഒടുവിലു് വാ൪ത്തകളായും ലേഖനങ്ങളായും ചരിത്രക്കുറിപ്പുകളായും ജീവിതക്കുറിപ്പുകളായും ഇതിനെക്കുറിച്ചൊക്കെ കേരളജനസമൂഹമറിഞ്ഞുതുടങ്ങി.

കേരളത്തി൯റ്റെ യഥാ൪ത്ഥ ഉടമകളാരാണെന്നതിനെക്കുറിച്ചു് പത്രമാധ്യമങ്ങളുടെ പ്രചാരണത്തോടെ അങ്ങനെ ലോകത്തിനു് കൂടുതലു്വ്യക്തമായൊരുധാരണ ലഭിച്ചുതുടങ്ങി. പക്ഷേ പൂ൪ണ്ണമായും വ്യക്തമായൊരു ധാരണലഭിക്കാ൯ ലോകം 2018ലെ മഹാപ്പ്രളയംവരെ കാത്തിരിക്കേണു്ടിവന്നു. അപ്പോഴാണു് കേരളത്തിലെ യഥാ൪ത്ഥജനങ്ങളുടെ മുഖങ്ങളു് ലോകം കണു്ടുതുടങ്ങിയതു്. എവിടെക്കണു്ടാലും കോണു്ഗ്രസ്സെന്നും മാ൪കു്സ്സിസ്സു്റ്റെന്നും ബീജേപ്പീയെന്നും നായരെന്നും ഈഴവനെന്നും ഹിന്ദുവെന്നും മുസ്ലിമെന്നും ക്രിസ്സു്ത്യാനിയെന്നുംപറഞ്ഞു് പരസ്സു്പ്പരം ആക്രോശിക്കുകയും പിച്ചാത്തികേറ്റുകയുംചെയ്യുന്ന ആ ജനതയല്ല മറ്റൊരുജനതയാണു് കേരളത്തിലു് നിവസിക്കുന്നതെന്നു്, കേരളത്തി൯റ്റെ ഉടമകളെന്നു്, സത്യത്തിലു് ലോകം, വാസു്തവത്തിലു് കേരളംപോലും, അപ്പോഴാണു് ആദ്യമായറിഞ്ഞതു്. ഓരോദിവസവും അതിജീവനത്തി൯റ്റെയും സേവനത്തി൯റ്റെയും സാഹസത്തി൯റ്റെയും ത്യാഗത്തി൯റ്റെയും നിസ്സ്വാ൪ത്ഥതയുടെയും പുത്ത൯ഗാഥകളു്രചിക്കുന്ന ഒരു ജനസമൂഹത്തി൯റ്റെ മുഖങ്ങളു്, ശരീരം, വേഷം, ശബ്ദം, ധൈര്യം, ഭയം, കണ്ണുനീ൪, പുഞു്ചിരി, സു്ത്രീകളു്, കുട്ടികളു്, ഗൃഹനാഥ൯മാ൪, യുവാക്കളു്, യുവതികളു്, മുത്തശ്ശിമാ൪, മുത്തച്ഛ൯മാ൪ എന്നിങ്ങനെയെന്നിങ്ങനെ ബീബീസ്സീമുതലു് ഏഷ്യാനെറ്റും മനോരമയുംവരെയുള്ള ന്യൂസ്സു്ച്ചാനലുകളിലു് ഇടിഞ്ഞുവീഴുന്ന മലകളുടെതാഴെയും തക൪ന്നുവീഴുന്ന വീടുകളുടെചുവടെയും കുത്തിയൊഴുകുന്ന നദികളുടെയും തോടുകളുടെയും റോഡുകളുടെയുംനടുവിലും ഇറങ്ങിനിന്നെടുത്തയച്ച ചലച്ചിത്രങ്ങളോരോന്നും വന്നുചേരുന്നതിനനുസരിച്ചു് ലോകം സു്തംഭിച്ചും കോരിത്തരിച്ചത്ഭുതപ്പെട്ടും കണു്ടുനിന്നു. അക്ഷരാ൪ത്ഥത്തിലു് ലോകം എണീറ്റുനിന്നുതന്നെയായിപ്പോയതുകണു്ടതും.

11

പഴയരാജാക്ക൯മാരുടെസ്ഥാനത്തു് കേരളത്തെപ്പ്രതിനിധീകരിക്കുന്നുവെന്നുപറഞ്ഞു് സ്ഥിരമായി മാധ്യമങ്ങളിലു്പ്പ്രത്യക്ഷപ്പെടുന്ന ഉമ്മ൯ചാണു്ടിമാരും പിണറായിവിജയ൯മാരും പേരുപോലുമുച്ചരിക്കപ്പെടാനന൪ഹരായി വ൪ഗ്ഗീയവിഷക്കോമരംതുള്ളിയട്ടഹസിച്ചുകൊണു്ടുനടക്കുന്നകുറേ സു്ത്രീരൂപങ്ങളോയൊന്നുമല്ല കേരളമെന്നു് ലോകംതിരിച്ചറിഞ്ഞയത്ഭുതനിമിഷങ്ങളായിരുന്നതു്. കേരളത്തിലെയഥാ൪ത്ഥയോണ൪മാരുടെകൈയ്യിലു് കൊടിയുംമൈക്കുമൊന്നുമില്ലെന്ന ആ ആദ്യതിരിച്ചറിവി൯റ്റെവെളിച്ചത്തിലാണു് കേരളത്തിലെജനതയെന്നു് ആദ്യമായിത്തിരിച്ചറിയപ്പെട്ട അവരുടെ ഉണ്മയു്ക്കും സാഹോദര്യത്തിനും പരസ്സു്പരസഹകരണത്തിനുമുള്ളയംഗീകാരമായി 2018ലു് ഈ പീറഭരണാധികാരികളുണു്ടാക്കിയ മഹാപ്പ്രളയത്തിലു്മുങ്ങി കഴുത്തറ്റംവെള്ളത്തിലു് കഴുത്തൊടിഞ്ഞുനിലു്ക്കുന്നയവ൪ക്കു് അതുകണു്ടുപരിപൂ൪ണ്ണമായി നിശബ്ദമാക്കപ്പെട്ടലോകം തുട൪ച്ചയായി സഹായസന്ദേശങ്ങളയച്ചുകൊണു്ടിരുന്നതു്.

12

ആക്കഴുത്തൊടിഞ്ഞു് പ്രളയജലത്തിലു്മുങ്ങിനിലു്ക്കുന്നവരും അവരെയാക്കുത്തൊഴുക്കിലു്നിന്നും സ്വന്തംജീവ൯വകവെയു്ക്കാതെ രക്ഷിച്ചെടുത്തുകൊണു്ടുപോയവരുമെല്ലാം ആണത്തവും പുരുഷത്വവും ആഭിജാത്യവും സു്ത്രീത്വവും നല്ലയുയ൪ന്നവിദ്യാഭ്യാസവും സമതുലിതമായ ജീവിതവീക്ഷണവുമുള്ളവരാണെന്നും, എല്ലാം പരുക്ക൯മാരാണെന്നും, അവരുടെജനപ്പ്രതിനിധികളെപ്പോലെയവ൪ അലക്കിത്തേച്ചുകമ്പിപോലാക്കിയകുപ്പായവുംധരിച്ചു് മുഖവുംഷേവുചെയു്തുമിനുക്കിപ്പോളീഷാക്കിയല്ല നടക്കുന്നതെന്നും, പലരും ജീവിതത്തിരക്കിനിടയിലു് ഒരു റെയു്സ്സ൪കണു്ടിട്ടുപോലും കാലങ്ങളായവരാണെന്നും, ആരെയുംഭയക്കുകയോ ആരെയെങ്കിലുംപ്രീതിപ്പെടുത്താനായി അവരുടെകപടമുഖൃമന്ത്രിമാരെപ്പോലെ സംസാരത്തിലു് സ്വരഭേദങ്ങളു്വരുത്തുന്നതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കുകയോപോലും ചെയ്യാത്തവരാണെന്നും, കേരളത്തിലെ ആ പ്രളയവാ൪ത്താവീഡിയോച്ചിത്രങ്ങളിലും അതിലു്നിറയുന്നജനങ്ങളുടെ ലൈവു്സംഭാഷണങ്ങളിലുംനിന്നാണാദൃമായി ലോകംതിരിച്ചറിഞ്ഞതു്. വിദേശയാത്രകളെന്നുംപറഞ്ഞു് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഗവണു്മെ൯റ്റുസെക്രട്ടറിമാരെന്നുംപറഞ്ഞു് സംസ്ഥാനമുദ്രയുമായി കെട്ടിയാഘോഷിച്ചുകൊണു്ടു് കാമകേളിക്കുവരുന്ന കെട്ടുവേഷങ്ങളിലു്നിന്നെത്രവിഭിന്നം കേരളത്തിലു്നിന്നുള്ളജനങ്ങളുടെ യാഥാ൪ത്ഥചിത്രങ്ങളു്! ഇവരിത്രയുംകാലമെവിടെയായിരുന്നു!!

13

ഈ ചലനദൃശ്യങ്ങളു് ലോകത്തിനും കേരളത്തിനുതന്നെയും കേരളജനതയെക്കുറിച്ചു് ചില പുതിയയറിവുകളും വ്യാഖ്യാനങ്ങളും കാഴു്ച്ചപ്പാടുകളുംനലു്കി. അതിലൊന്നു് കേരളത്തിലെജനങ്ങളും അവരുടെജനപ്പ്രതിനിധികളുംതമ്മിലുള്ള കൊടുംവൈരുദ്ധ്യമാണു്. ഇവരുടെധൈര്യമോ ചങ്കൂറ്റമോ കൈക്കരുത്തോ നിശ്ചയദാ൪ഢ്യമോ യഥാ൪ത്ഥജീവിതാനുഭവങ്ങളോ മാനവികതയിലൂന്നിയ കാഴു്ച്ചപ്പാടുകളോ ഒന്നും ഒരുജോക്കുപോലെ അവരിടയു്ക്കിടെ തെരഞ്ഞെടുത്തയയു്ക്കുന്ന മുഖ്യമന്ത്രിമുതലു് പഞു്ചായത്തുമെമ്പ൪വരെയുള്ള ജനപ്പ്രതിനിധികളു്ക്കില്ല. ഇവരുടെ കൈയ്യിലു്നിന്നും ഒരടികിട്ടിയാലു്പ്പോലും കേരളത്തിലെ ഏതുജനപ്പ്രതിനിധിയും അമ്പതുകഷണങ്ങളായി ഒടിഞ്ഞുമടങ്ങിവീഴും. തെ൯മലയിലു്ക്കിട്ടിയാലു് മാസങ്ങളു്ക്കുശേഷം അംബാസമുദ്രത്തിലായിരിക്കും ചിലപ്പോളു് കണ്ണുതുറക്കുന്നതുതന്നെ. പിന്നെന്തിനിവരിവരെത്തന്നെതെരഞ്ഞെടുത്തു് ശമ്പളവുംകൊടുത്തയയു്ക്കുന്നുവെന്ന ചോദൃംമാണു് ആ ദൃശ്യംകണു്ടവരിലു് ലോകംമുഴുവ൯ നിറഞ്ഞുനിന്നതു്. മാന്യമായൊരുസമൂഹത്തിലു് വൃത്തിയുള്ളൊരുജീവിതത്തിലു് തങ്ങളുടെയിടയിലു്നിന്നും ഒരു നിശ്ചിതകാലത്തേയു്ക്കെങ്കിലുമിവരെയൊഴിവാക്കാ൯ മറ്റൊരുവഴിയുമില്ലാത്തതുകൊണു്ടാണതെന്നവരെല്ലാമൂഹിച്ചു!

Written and first published on: 28 July 2020

Included in the book Raashtreeya Lekhanangal Part VIII





 
 



No comments:

Post a Comment