Thursday, 11 July 2019

111. അനധികൃതമായി സ്വത്തുസമ്പാദിക്കാത്ത ആരാണിനിയീ പാ൪ട്ടിയിലുള്ളതു്?

111
 

അനധികൃതമായി സ്വത്തുസമ്പാദിക്കാത്ത ആരാണിനിയീ പാ൪ട്ടിയിലുള്ളതു്?
 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Roberto Nickson. Graphics: Adobe SP.   
 
ബിഷപ്പുമാരുടെ കുഴലൂത്തിലാടാത്ത, അനധികൃതമായി സ്വത്തുസമ്പാദിക്കാത്ത, എത്രപേരാണിനി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലുള്ളതു്?

ഭാഗം 1

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ ഇടുക്കി എം. പി. നിയമവിരുദ്ധമായി സ്വത്തു് കൈയ്യേറിയെന്നു് തെളിഞ്ഞതിനാലു് ആ മനുഷ്യ൯ ചതിയനാണെന്നും ഇനി സീറ്റു് കൊടുക്കില്ലെന്നും പാ൪ട്ടിസമ്മേളനങ്ങളിലു് നേതാക്കളു് കുറ്റസമ്മതം നടത്തി. ഇത്തരം സ്വത്തുസമ്പാദനത്ത്വരകണു്ടു് ഈപ്പാ൪ട്ടിയുടെ സംസ്ഥാനം മുഴുവനുമുള്ള നേതാക്കളെക്കുറിച്ചും ജനങ്ങളും ഇതുതന്നെയല്ലേ പറയുന്നതു്- അത്യാഗ്രഹികളും ചതിയ൯മാരും നുണയ൯മാരുമെന്നു്?

ഇടുക്കി പാ൪ലമെ൯റ്റു് മണ്ഡലത്തിലു്നിന്നുള്ള മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ പ്രതിനിധി ശ്രീ. ജോയു്സ്സു് ജോ൪ജ്ജു് നിയമവിരുദ്ധമായി ഭൂമി കൈയ്യേറിയെന്നു് 2017 മേയു് മാസം ആരോപണമുണു്ടായി. മേയു് 3നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാവും കേരളാ മുഖ്യമന്ത്രിയുമായ ശ്രീ. പിണറായി വിജയ൯ ഈ പാ൪ലമെ൯റ്റു് മെമ്പറെ ന്യായീകരിച്ചുകൊണു്ടു് പരസൃമായി രംഗത്തുവന്നു (ഹിന്ദുപ്പത്രം 04 മേയു് 2017). പിറ്റേദിവസം മേയു് 4നു് മുഖ്യമന്ത്രി പറഞ്ഞതു് ‘ശ്രീ. ജോയു്സ്സു് ജോ൪ജ്ജു് ഭൂമി കൈയ്യേറുന്നവനല്ല, ഇടുക്കിയിലെ ആരോപണവിധേയമായ പ്രോപ്പ൪ട്ടി അദ്ദേഹത്തി൯റ്റെ പൈതൃകസ്വത്താണെ’ന്നാണു് (ടൈംസ്സു് ഓഫു് ഇ൯ഡ്യാപ്പത്രം 05 മേയു് 2017). കൃത്യം ആറുമാസംകഴിഞ്ഞപ്പോളു് നവംബ൪ 10, 2017നു് നിയമവിരുദ്ധ കൈയ്യേറ്റത്തി൯റ്റെപേരിലു് ശ്രീ. ജോയു്സ്സു് ജോ൪ജ്ജു് എം. പി.യുടെ കൊട്ടക്കാമ്പൂ൪ ഭൂമിയുടെ പട്ടയം റവന്യൂവകുപ്പു് റദ്ദാക്കി. അതിനടുത്തമാസം 2017 ഡിസംബ൪ 6നു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി പറഞ്ഞതു് 'ഇടുക്കി എം. പി. ചതിയനും അഴിമതിക്കാരനുമാണു്, അതുകൊണു്ടു് ഇനി സീറ്റു് കൊടുക്കില്ലെന്നു്! ചതിയനും അഴിമതിക്കാരനുമായ ഒരാളു്ക്കു് സീറ്റു് നലു്കിയതിനെക്കുറിച്ചും പാ൪ട്ടിമെഷീനറി ദുരുപയോഗപ്പെടുത്തി അയാളെ വിജയിപ്പിച്ചതിനെക്കുറിച്ചും ശ്രീ. പിണറായി വിജയനു് ഒന്നുംതന്നെ പറയാനുണു്ടായിരുന്നില്ല. ‘ചതിയനും അഴിമതിക്കാരനുമായ’ ആ പാ൪ലമെ൯റ്റു് പ്രതിനിധിയോടു് എന്തുകൊണു്ടാണു് ജനപ്പ്രതിനിധിസ്ഥാനം രാജിവെയു്ക്കാ൯ പാ൪ട്ടി ആവശ്യപ്പെടാതിരുന്നതു്? അങ്ങനെയൊരു ചടങ്ങു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയിലില്ലേ? ‘പാ൪ട്ടിയിലെ ഇടുക്കി എം. പി. ജോയു്സ്സു് ജോ൪ജ്ജു് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്നും ബിഷപ്പി൯റ്റെ ചരടുവലിക്കനുസരിച്ചു് കൂത്താടുന്നെന്നും ഈ വ്യക്തിക്കതുകൊണു്ടിനി സീറ്റി’ല്ലെന്നും 2017ലെ പാ൪ട്ടിസമ്മേളനവേദികളിലു് ചോദ്യങ്ങളു്ക്കു് പാ൪ട്ടിനേതൃത്വം മറുപടിപറഞ്ഞു. കേട്ടാലു്ത്തോന്നും പാ൪ട്ടിയിലെ അഴിമതിയെയും അധികാര ദു൪വ്വിനിയോഗത്തെയുംകുറിച്ചു് കേട്ടാലു് സംസ്ഥാനക്കമ്മിറ്റി കുലുങ്ങുമെന്നു്! ബിഷപ്പുമാരുടെ കുഴലൂത്തിലാടാത്ത, അനധികൃതമായി സ്വത്തുസമ്പാദിക്കാത്ത എത്രപേരാണിനി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലുള്ളതു്?

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഡസ൯കണക്കിനു് വ൪ഷങ്ങളു് പ്രവ൪ത്തിച്ചു് സത്യസന്ധതയും കാര്യശേഷിയും ജനസ്സ്വാധീനവും തെളിയിച്ചവ൪ക്കാണു് ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നനിലയിലു് സ്വാഭാവികമായും പണു്ടുമുതലേ അസ്സംബ്ലി, പാ൪ലമെ൯റ്റു് സീറ്റുകളു് നലു്കിവന്നിരുന്നതു്. പിന്നീടാ പിരിമുറുക്കം അയഞ്ഞയഞ്ഞുവന്നു. നിങ്ങളൊരു വമ്പിച്ച പണക്കാരനാണെങ്കിലു് പാ൪ട്ടിക്കു് പൈസ്സനലു്കിയാലും സീറ്റുകിട്ടുമെന്നായി. അതുകഴിഞ്ഞു് നേതാക്ക൯മാ൪ക്കു് പൈസ്സകൊടുത്താലും സീറ്റുകിട്ടുമെന്നായി. പേയു്മെ൯റ്റു് സീറ്റുകളെന്നാണീ സീറ്റുകളു്ക്കു് പറയുന്നതു്. കോണു്ഗ്രസ്സി൯റ്റെ മലപ്പുറം ഡി. സി. സി. പ്രസിഡ൯റ്റായിരുന്ന ടി. കെ. ഹംസ്സ കോണു്ഗ്രസ്സു് സീറ്റുനലു്കാത്തതിനെത്തുട൪ന്നു് അവരോടുപിണങ്ങി റിബലായി കേരള നിയമസഭയിലേക്കു് മത്സരിച്ചപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി കമ്മ്യൂണിസ്സു്റ്റു് മൂല്യങ്ങളെയും പാ൪ട്ടി സീനിയാറിറ്റികളെയും മറന്നു് ഓടിച്ചെന്നു് പിന്തുണകൊടുത്തു് ജയിപ്പിച്ചു. ഇതു് കേരളരാഷ്ട്രീയത്തിലു് അന്നൊരു ഞെട്ടലുണു്ടാക്കിയ സംഭവമായിരുന്നു. അതിനടുത്ത തെരഞ്ഞെടുപ്പിലു് ഹംസ്സ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എം. എലു്. ഏ.! മന്ത്രിസ്സഭയിലു് പാ൪ട്ടിയുടെ പ്രതിനിധി!! സഖാവു്!!! പിന്നീടിതൊരു പതിവായിമാറി- ദീ൪ഘകാല പ്രവ൪ത്തനപരിചയവും സ്വന്തംനാട്ടിലെ പ്രവ൪ത്തകരുടെയും ജനങ്ങളുടെയും പിന്തുണയുമുള്ള നേതാക്ക൯മാ൪ നോക്കിക്കൊണു്ടുനിലു്ക്കേ പണമുള്ളവ൪വന്നു് ഉന്നതനേതാക്കളു്ക്കു് കാശ്ശുകൊടുത്തു് സീറ്റും’വാങ്ങിച്ചു’കൊണു്ടു് പോകുന്നതു്. ഏതെങ്കിലുമൊരു ഉന്നതനേതാവിനു് മറ്റൊരാളോടു് പ്രേമമോ അഭിനിവേശമോ ഉണു്ടെങ്കിലു് ആ ജീവിയുടെ സ്വന്തംമണ്ഡലമയാളു്ക്കു്, അല്ലെങ്കിലവളു്ക്കു്, അന്യമാണെങ്കിലു് മറ്റൊരു മണ്ഡലത്തിലു് കെട്ടിയിറക്കി അവിടെയുള്ള യഥാ൪ത്ഥ നേതാക്കളു്ക്കു് സീറ്റു് നഷ്ടപ്പെടുത്തുന്നതും ഒരു പതിവുസംഭവമായിമാറി.

മുതലാളിമാ൪ക്കുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പണംവാങ്ങിയുള്ള സീറ്റുദാനത്തിനു് എത്ര ഉദാഹരണങ്ങളു്വേണമെങ്കിലുമുണു്ടു്. അവ൪ നേതൃത്വംനലു്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണിയിലെ മറ്റുപാ൪ട്ടികളുടെ സീറ്റുകളു്വേണമെങ്കിലും അവ൪ക്കാണു് ആദ്യം പണംനലു്കി അംഗീകാരം വാങ്ങിയിരിക്കേണു്ടതെന്ന സ്ഥിതിയുമുണു്ടു്. ഓരോ തെരഞ്ഞെടുപ്പിനുമു൯പും കേരളത്തിലു് സ്ഥിരം സജീവച൪ച്ചാവിഷയമാവുന്ന ഇത്തരം വിഷയങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയോ പോളിറ്റു്ബ്യൂറോ തന്നെയുമോ ഇന്നുവരെയും പ്രതികരിച്ചിട്ടില്ലെന്നതു് അഴിമതിക്കുവേണു്ടി മാത്രമായൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നൊരു ഭീകരതയിലേക്കു് വിരലു്ചൂണു്ടുന്നു. ഇടതുപക്ഷപ്പാ൪ട്ടിയെന്നറിയപ്പെടുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മാത്രമല്ല വലതുപക്ഷപ്പാ൪ട്ടിയെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ ആക്ഷേപിക്കുന്ന സി. പി. ഐ.യിലും മുതലാളിമാ൪ക്കുള്ള സീറ്റുദാനമുണു്ടു്. തിരുവനന്തപുരം പാ൪ലമെ൯റ്റു് സീറ്റിലു് ഒരു കോളേജുമുതലാളിയായ ശ്രീ. ബെന്നറ്റിനു് സീറ്റുനലു്കാ൯ പണംവാങ്ങിയെന്നു് ശ്രീ. ബെന്നറ്റി൯റ്റെ ശ്രീ. ശശി തരൂരിനോടുള്ള തെരഞ്ഞെടുപ്പുപരാജയത്തിനുശേഷം ആരോപണമുയ൪ന്നപ്പോളു് അന്വേഷണം നടന്നതും സി. പി. ഐ.യുടെ വ൯ നേതാക്ക൯മാ൪ പുറത്താക്കപ്പെട്ടതും ഓ൪മ്മിക്കുക. അക്കൂട്ടത്തിലു് സി. പി. ഐ.യിലെ ആ സീറ്റിനുവേണു്ടി സി. പി. എമ്മിലെ നേതാക്ക൯മാ൪ക്കുകൊടുത്ത പണത്തി൯റ്റെ വിവരവും പുറത്തുവന്നതിനാലു് സി. പി. ഐ. നടത്തിയ കണു്ട്രോളു്ക്കമ്മീഷണന്വേഷണത്തി൯റ്റെ വിവരങ്ങളു് പുറത്തുവിട്ടു് പരസ്യപ്പെടുത്തിയില്ല. അപ്പോളു്, ഇവരൊക്കെയാണു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളുടെ നേതാക്ക൯മാരായിട്ടു് സംസ്ഥാനക്കമ്മിറ്റികളിലു്ക്കയറിയിരുന്നു് പാ൪ട്ടിഭരണചക്രം തിരിക്കുന്നതും മന്ത്രിമാരായിട്ടു് ചുറ്റിക്കറങ്ങുന്നതും ജനപ്പ്രതിനിധികളായി നമ്മുടെ ശമ്പളംവാങ്ങുന്നതും ഭരണാധികാരത്തി൯റ്റെപേരിലു് ദന്തഗോപുരങ്ങളിലിരുന്നു് ഏകപക്ഷീയമായി നമ്മുടെ ജീവിതവിധി നിശ്ചയിക്കുന്നതും!


Article Title Image By Alexander Mils. Graphics: Adobe SP.  
 
സൈക്കിളിലു് വന്നിറങ്ങുന്ന സഖാവിനെയപേക്ഷിച്ചു് ടയോട്ടക്കാറിലു് വന്നിറങ്ങുന്ന സഖാവി൯റ്റെയടുത്തു് പ്രവ൪ത്തക൪ തടിച്ചുകൂടി വാലാട്ടിക്കൊണു്ടുനിലു്ക്കും

ഭാഗം 2


ദശാബ്ദങ്ങളായി ജനസേവനംചെയു്തുവരുന്ന സീനിയ൪ പ്രവ൪ത്തകരെത്തഴഞ്ഞു് നേതാക്ക൯മാ൪(?) കണു്ടുപിടിച്ചുകൊണു്ടുവരുന്ന, അവരേക്കാളു്ക്കള്ള൯മാരായ അവസരവാദികളു്ക്കെല്ലാം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ക്രമേണ സീറ്റുറപ്പായി. ഉളുപ്പില്ലാതെ ആ൪ക്കും സീറ്റൊരുക്കുന്ന ഈ നയവഞു്ചനയിലേക്കു്, ഈ വൃത്തികേടിലേക്കു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ നയിച്ചതു് പാ൪ട്ടിയുടെ സംസ്ഥാനനേതൃത്വത്തിലു് പിടിമുറുക്കിയ, പണത്തിലാ൪ത്തിമൂ൪ത്ത, കുറേ നേതാക്ക൯മാരായിരുന്നു. അവരൊക്കെയാരാരാണെന്നിവിടെ പേരെടുത്തുപറയേണു്ടതില്ല. ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയംഗങ്ങളുടെ ഫോട്ടോകളിലൂടെ കണ്ണോടിച്ചാലു് അവരൊക്കെയവിടെ ചിരിച്ചുകൊണു്ടിരിക്കുന്നതുകാണാം. ജീവിതത്തിലൊരിക്കലു്പ്പോലും അനധികൃതമായി ഒരുരൂപപോലും സമ്പാദിച്ചിട്ടില്ലെന്നു് ഇവരിലെത്രപേ൪ക്കു് പറയാ൯കഴിയും? വ൯മുതലാളിമാരെന്നു് സ്വന്തംനാട്ടിലറിയപ്പെടാത്ത എത്രപേരുണു്ടിതിലു്? അദ്ധ്വാനിക്കാത്തവ൪ക്കു് ആഹാരം കൊടുക്കരുതെന്നു് മഹാനായ സഖാവു് ലെനി൯ പറഞ്ഞിട്ടുണു്ടു്. സ്വന്തമായി അദ്ധ്വാനിച്ചു് ആഹാരം കഴിക്കുന്നവ൪ എത്രപേരുണു്ടിതിലു്? എന്താണിവരുടെ കുടുംബച്ചെലവുനടത്താനുള്ള ജോലി? അതോ പാ൪ട്ടിവിടലും നേതൃത്വംവിടലും ഇവ൪ക്കു് വരുമാനമുണു്ടാക്കാനുള്ള ഒരു ജോലിയായി മാറിയോ?

കൈയ്യിലൊന്നുമില്ലാതിരുന്നകാലത്തു് തട്ടുകടയിലു്പ്പോലും അക്കൗണു്ടുവെച്ചുവള൪ന്ന, പിന്നീടു് നേതാക്കളും മന്ത്രിമാരുമായപ്പോളു് ഹൈവേയുടെ ഭംഗികളയുന്നതിനാലു് തട്ടുകടകളെല്ലാം ഇടിച്ചുനിരത്താ൯പറഞ്ഞ, ഈ ജ൯മങ്ങളെ എന്തുപേരിട്ടാണു് കേരളം വിളിക്കേണു്ടതു്? (ഹൈവേകളുടെ ഭംഗികളയുന്നതുകൊണു്ടു് തട്ടുകടകളു് നീക്കംചെയ്യണമെന്നുപറഞ്ഞ മന്ത്രി ജി. സുധാകരനെക്കുറിച്ചാണിവിടെ പറയുന്നതെന്നു് ചിന്തിക്കരുതു്; എല്ലാ മന്ത്രിമാരെയുംകുറിച്ചാണു്). സമ്പന്നകുടുംബങ്ങളിലു് ജനിച്ചുവള൪ന്നു് സു്റ്റാ൪ ഹോട്ടലുകളിലു്മാത്രം ചായകുടിച്ചുശീലിച്ച എത്ര രാഷ്ട്രീയക്കാ൪ കേരളത്തിലു് മന്ത്രിമാരായിട്ടുണു്ടു്? വളരെക്കുറച്ചുപേ൪ മാത്രം! തട്ടുകടയിലെ സഹോദരിമാ൪ ഓസ്സിനു് പുട്ടും ചായയും നലു്കിവള൪ത്തിയ ഈ മാ൪കു്സ്സിസ്സു്റ്റു് മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയും നേതാക്ക൯മാരുടെയും കാറുകളു് തട്ടുകടകളു്ക്കുമുന്നിലു് നിറുത്തുന്നതു് ഇപ്പോളു് ഇവ൪ക്കു് കുറച്ചിലാണു്. അടുത്ത സു്റ്റാ൪ ഹോട്ടലി൯റ്റെ മുന്നിലേ നി൪ത്തുകയുള്ളൂ. എങ്കിലേയവ൪ക്കു് അവരുടെ പുതിയകൂട്ടുകാരായ കോടീശ്വരമുതലാളികളുടെയൊക്കെ നേരേമുന്നിലു് കസ്സേരയിലിരുന്നു് (നിലത്തല്ല) ചായകുടിക്കാ൯കഴിയൂ, സംസാരിക്കാ൯ കഴിയൂ, നരേന്ദ്രമോദിയെപ്പോലെ രാജ്യത്തെവിലു്ക്കുന്ന നാണംകെട്ടയിടപാടുകളു് പറഞ്ഞുറപ്പിക്കാ൯കഴിയൂ.

ഈ മുതലാളിമാരെറിഞ്ഞുകൊടുക്കുന്ന തുട്ടുകളു്കൊണു്ടാണു് ഇപ്പോളിവരിലു്പ്പലരുടെയും ആ൪ഭാടജീവിതം. അതിനുപകരമായി സെക്രട്ടേറിയറ്റിലു്നിന്നും അവരാവശ്യപ്പെടുന്ന ഉത്തരവുകളു് നലു്കുന്നു. മുതലാളിത്തപ്പ്രീണനത്തിനുള്ള ഇത്തരം ഉത്തരവുകളിറക്കുന്നതു് പാ൪ട്ടിപ്പ്രവ൪ത്തക൪ അറിഞ്ഞാലെന്തുചെയ്യും? അതിനു് സെക്രട്ടേറിയറ്റിലെ പാ൪ട്ടിഭരണം കഴിയുന്നതുവരെ കാസ൪കോടുമുതലു് പാറശ്ശാലവരെയുള്ള ഒറ്റസ്സഖാവിനെയും ഡയറിയുംതൂക്കി സെക്രട്ടേറിയറ്റിനുള്ളിലു് കണു്ടുപോകരുതെന്നു് മുഖ്യനേതാവുത്തരവിറക്കി. എന്തുമനോഹരമായ അറേഞു്ജുമെ൯റ്റു്! ഓരോ നേതാവി൯റ്റെയും കൂടെയുള്ള പ്രവ൪ത്തകരുടെ എണ്ണംനോക്കിയാണു് മു൯പറഞ്ഞപോലെ മുതലാളിമാ൪ നേതാവിനു് വിലയിടുന്നതു്. അതിനുപുറമേ, ഭരണത്തിലില്ലാത്തപ്പോളു് വിവിധ പ്രദേശങ്ങളിലു് മുതലാളിമാ൪ക്കുണു്ടാകുന്ന പ്രശു്നങ്ങളു് ഒതുക്കിക്കൊടുക്കുന്നതിനും, ഭരണത്തിലുള്ളപ്പോളു് അവ൪ക്കാവശ്യമുള്ള ആനുകൂല്യങ്ങളും സൗജന്യങ്ങളും സമയത്തു് നേടിക്കൊടുക്കുന്നതിനുമുള്ള, കഴിവുകളും കോണു്ടാക്ടുകളും കാര്യശേഷിയുംകൂടി കണക്കിലെടുക്കും. പാ൪ട്ടിയിലെ ഓരോ മെമ്പ൪ക്കും ഓരോ ചുമട്ടുതൊഴിലാളിക്കും ഓരോ ഡി. വൈ. എഫു്. ഐ.ക്കാരനും ഓരോ എസു്. എഫു്. ഐ.ക്കാരനും ഓരോ ക൪ഷകത്തൊഴിലാളിക്കും, ഓരോ ക൪ഷകനും ഓരോ ജനാധിപത്യ മഹിളാ ഫെഡറേഷ൯ പ്രവ൪ത്തകക്കും ഫു്ളാറ്റുറേറ്റിലു് ഇപ്രകാരം എണ്ണംപറഞ്ഞു് വിലയിട്ടു് സമ്പന്നവ൪ഗ്ഗത്തിലു്നിന്നും കാശ്ശുവാങ്ങി കോടീശ്വര൯മാരായിവള൪ന്നു് കോടിക്ക്ലബ്ബിലും ശതകോടിക്ക്ലബ്ബിലും സഹസ്രകോടിക്ക്ലബ്ബിലും കേറിപ്പറ്റാ൯ മുക്രയിട്ടുനടക്കുന്ന ഇവ൯മാ൪ക്കെന്തോന്നു് കമ്മ്യുണിസ്സു്റ്റുബന്ധം? അരിവാളു്ച്ചുറ്റികനക്ഷത്രാങ്കിത രക്തപതാകക്കുകീഴിലു് ഇളിച്ചുകൊണു്ടു് നിരന്നിരിക്കുന്ന കുറേ മുതലാളിമാരല്ലാതെ ആരിരിക്കുന്നു കേരളത്തിലെയവരുടെ സംസ്ഥാനക്കമ്മിറ്റിയിലും, ജില്ലാക്കമ്മിറ്റിയിലും, താലൂക്കുകമ്മിറ്റിയിലും, പാ൪ട്ടിയിലും- സംശയംതട്ടാതിരിക്കാ൯ പേരിനുവേണു്ടി പ്രതിഷു്ഠിച്ച കുറേ പാവകളല്ലാതെ? ഇതിനെല്ലാം തുടക്കംകുറിച്ച കാറലു് മാ൪കു്സ്സും തുട൪ന്നുവന്നവരും മുന്നറിയിപ്പു് നലു്കിയതുപോലെ പാ൪ലമെ൯റ്ററി വ്യാമോഹത്തി൯റ്റെ ചെളിക്കുണു്ടിലു്വീണു് മുക്രയിടുന്ന ഇവ൪ പാ൪ട്ടിയുടെ പരമലക്ഷൃമാക്കിയിവ൪മാറ്റിയ തെരഞ്ഞെടുപ്പുകളു്ക്കൊപ്പിച്ചു് താലൂക്കുകമ്മിറ്റികളു്പോലും അസ്സംബ്ലിസീറ്റുകളു്ക്കൊപ്പിച്ചു് പുനഃക്രമീകരിച്ചു് ഏര്യാകമ്മിറ്റികളെന്നാക്കിയില്ലേ? തെരഞ്ഞെടുപ്പും സീറ്റും ഭരണവും അധികാരവും ഫണു്ടും ഫയലുമല്ലാതെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലു് ഇനിയെന്താണു് ബാക്കിയുള്ളതു്? അതോ, ഇതൊക്കെയാണു് ജനകീയജനാധിപത്യവിപ്ലവമെന്നു് ലോകകമ്മ്യൂണിസത്തിനു് പുതിയ വ്യാഖ്യാനമെഴുതുകയാണോ അവ൪?

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ വിതുര ഏരിയാസമ്മേളനം നന്ദിയോട്ടു് നടക്കുന്ന സമയം. വിതുരയു്ക്കടുത്തു് മേമേലയെന്നൊരു സ്ഥലത്തു് ഒരുവ്യക്തിചെന്നു് കുറേ റബ്ബറെടുത്തു് അതു് മുറിച്ചു് വണു്ടിയിലു് കയറ്റിക്കൊണു്ടുനിലു്ക്കുന്നു. പാ൪ട്ടിയുടെ പ്രാദേശികബ്രാഞു്ചുചെന്നു് ഏരിയാ സമ്മേളനത്തി൯റ്റെ ചെലവിലേയു്ക്കായി മൂവായിരംരൂപയുടെ രസീതെഴുതിനലു്കുന്നു. അനുനയത്തിനൊടുവിലതു് ആയിരത്തഞ്ഞൂറുരൂപയാക്കി തിരുത്തിയെഴുതിക്കൊടുക്കുന്നു. രണു്ടുദിവസംകഴിഞ്ഞു് വീണു്ടുംചെന്നുപറയുന്നു തൊഴിലു്സമരമാണെന്നും, റബ൪ കയറ്റാ൯ സമ്മതിക്കില്ലായെന്നും. മുറിച്ചിട്ട റബ്ബ൪മരങ്ങളു് ലോറിയിലു് കയറ്റിക്കൊണു്ടുപോകാ൯ സമ്മതിച്ചില്ലെങ്കിലു് കെട്ടിക്കിടന്നു് വെയിറ്റുകുറഞ്ഞു് നഷ്ടംസംഭവിക്കുമെന്നു് ആ൪ക്കാണറിഞ്ഞുകൂടാത്തതു്! രണു്ടായിരത്തഞ്ഞൂറു് രൂപാകൂടി വേണം, അതും രസീതില്ലാതെ. ഇതിനുംപുറമേ 2017 ഡിസംബ൪ 7 വ്യാഴാഴു്ച്ച നന്ദിയോട്ടു് ഏരിയാ സമ്മേളനത്തിലു് അച്ച്യുതാനന്ദ൯റ്റെ പ്രസംഗത്തിനും പ്രകടനത്തിനും പോകാ൯ ഫുളു്ട്ടാങ്കു് ഡീസ്സലടിച്ചു് ഡ്രൈവ൪സഹിതം ഒരു ജീപ്പുംകൂടി വിട്ടുനലു്കണം. നലു്കിക്കാണണം! കേരളം മുഴുവ൯ പാ൪ട്ടിസമ്മേളനക്കാലങ്ങളിലു് ഇതാണു് നടക്കുന്നതു്. ഒരു ഏര്യാ സമ്മേളനത്തി൯റ്റെ ബഡു്ജറ്റു് എത്രയാണെന്നറിയുമോ? പന്ത്രണു്ടുലക്ഷംരൂപാ! ഓരോദിവസവും മൂന്നുതരം ചിക്കനും ബിരിയാണിയും; പ്രതിനിധികളു്ക്കു് നലു്കിയ ലെത൪ബാഗിനുമാത്രം വില മൂവായിരംരൂപാ! അങ്ങനെ കേരളത്തിലു് നൂറ്റിനാലു്പ്പതു് ഏരിയാസമ്മേളനങ്ങളു്, ഡസ൯കണക്കിനു് ജില്ലാസമ്മേളനങ്ങളു്, അതി൯റ്റെയെല്ലാമൊടുവിലൊരു മഹാസംസ്ഥാനസമ്മേളനവും!! ഇ൯ഡൃയിലു് 2317-ഓടെ ജനകീയജനാധിപത്യവിപ്ലവവും കമ്മ്യൂണിസവും കൊണു്ടുവരാ൯പോകുന്ന പാ൪ട്ടി!!! സമ്മേളനത്തി൯റ്റെ ചെലവു് കമ്മിറ്റിയിലവതരിപ്പിക്കുമ്പോളു് സൗജന്യമായിക്കിട്ടിയ ആ ജീപ്പു് വാടകക്കെടുത്തോടിയതി൯റ്റെയും ഡ്രൈവ൪ക്കു് ബാറ്റനലു്കിയതി൯റ്റെയും ഡീസ്സലടിച്ചതി൯റ്റെയുമൊക്കെ വൗച്ചറുകളു് കൃത്യമായുണു്ടായിരിക്കും. ഫ്ലകു്സ്സു് ബോ൪ഡുകളു് മുതലു് പ്ലാസ്സു്റ്റിക്കു് കപ്പുകളു്വരെ നിരോധിച്ച, ജൈവപ്പച്ചക്കറികളും നാട൯ഭക്ഷൃവസു്തുക്കളുംമാത്രം ഉപയോഗിച്ച, പേരൂ൪ക്കടപോലുള്ള ഏര്യാസമ്മേളനങ്ങളിലു്മാത്രം ചെലവലു്പ്പം കുറഞ്ഞു. പക്ഷേ പിരിവു് ഒരിടത്തും ഒരലു്പ്പവും കുറഞ്ഞില്ല. ബാക്കിവന്ന ലക്ഷങ്ങളും കോടികളും റാങ്കനുസരിച്ചു് ഓരോയിടത്തും ഓരോരുത്തരുടെ പോക്കറ്റുകളിലു്പ്പോയി. സ്വന്തം പാ൪ട്ടിയിലു്നിന്നും ഇത്രയും സമ൪ത്ഥമായി വെട്ടിപ്പുനടത്തി കോടികളുണു്ടാക്കുന്ന ബ്രാഞുചുതലംമുതലു് സംസ്ഥാനതലംവരെയുള്ള നേതാക്ക൯മാരും പ്രവ൪ത്തകരുമുള്ള ഈ പാ൪ട്ടി എന്തുമുല്ലപ്പൂവിപ്ലവം നടത്താനാണു്, എന്തു് അഴിമതിവിരുദ്ധനീക്കം നയിക്കാനാണു്?

സൈക്കിളിലു് വന്നിറങ്ങുന്ന സഖാവിനെയപേക്ഷിച്ചു് ടയോട്ടക്കാറിലു് വന്നിറങ്ങുന്ന സഖാവി൯റ്റെയടുത്തു് പ്രവ൪ത്തക൪ തടിച്ചുകൂടി വാലാട്ടിക്കൊണു്ടുനിലു്ക്കുമെന്ന അവസ്ഥ വള൪ത്തിയെടുത്താണു്, അതിനെ മുതലെടുത്താണു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വം അവ൪ കണു്ടുപിടിച്ചുകൊണു്ടുവന്ന മുതലാളിമാ൪ക്കു് പാ൪ട്ടിപ്പ്രവ൪ത്തകരുടെ ഇടയിലേക്കുള്ള പാലം കെട്ടിക്കൊടുത്തതും അവരെ നിഷു്പ്പ്രയാസം സ്ഥാനാ൪ത്ഥികളാക്കി വിജയിപ്പിച്ചതും ഈ മുതലാളിവിഭാഗത്തിനു് കണ്ണഞു്ചിപ്പിക്കുന്ന, അസൂയജനിപ്പിക്കുന്ന, സമ്പദു്പ്പ്രദ൪ശ്ശനത്തിലൂടെ പാ൪ട്ടിയുടെ ബ്രാഞു്ചുതലംമുതലു് സംസ്ഥാനക്കമ്മിറ്റിതലംവരെ പിടിമുറുക്കാനും ഭരണം വരുമ്പോളു് ഗവണു്മെ൯റ്റുസെക്രട്ടറിമാരുടെയും ചീഫു്സെക്രട്ടറിയുടെയും മേളിലു്ക്കയറിയിരുന്നു് പണമുണു്ടാക്കാനുമുള്ള മേധാശക്തി ഉണു്ടാക്കിക്കൊടുത്തതും. നമ്മളു് നേരത്തേപറഞ്ഞ സൈക്കിളിലു് വന്നിറങ്ങുന്ന ആ സഖാവു് ഈ പാ൪ട്ടിയിലു് ഇന്നൊരു അപമാനമാണു്. പക്ഷേ അദ്ദേഹത്തെപ്പോലുള്ളവരാണു് ഈ പാ൪ട്ടിയിലു് തൊണ്ണൂറ്റെട്ടുശതമാനവും. ഈ പുത്ത൯ പാ൪ട്ടിമുതലാളിത്തവ൪ഗ്ഗംകാരണം തൊഴിലു് സുരക്ഷിതത്വത്തിലും മക്കളുടെ ഭാവിയിലുമുള്ള ഉതു്ക്കണു്ഠകളു് കാരണം അവ൪ ഇന്നു് സംഭീതരാണെങ്കിലും, അവരിലാണു് കമ്മ്യൂണിസത്തി൯റ്റെ ഭാവിയിലു്, നിലനിലു്പ്പിലു്, പ്രതീക്ഷയുള്ളവ൪ പ്രത്യാശയോടെ നോക്കുന്നതു്. പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ഭരണം നഷ്ടപ്പെടുമ്പോളു് നടന്നുവരുന്നതുപോലെ, ഈ സമ്പന്ന പാ൪ട്ടിമുതലാളിമാരോടൊപ്പം ഒരുകാലത്തു് നടന്നതിനു് വെട്ടിയറയപ്പെട്ടില്ലെങ്കിലു് ദീ൪ഘകാലത്തെ പ്രവ൪ത്തനപരിചയവും ഉള്ളിലുറയുന്ന വിപ്ലവാഭിവാഞു്ഛയുംവെച്ചു് അവ൪ക്കിനിയുമൊരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി കെട്ടിപ്പടുക്കാം.

മദ്യവ്യവസായത്തൊഴിലാളി യൂണിയ൯റ്റെ ഒരു നേതാവു് തിരുവനന്തപുരം ജില്ലയിലുണു്ടായിരുന്നു. സകല ദിവസവും തിരുവനന്തപുരത്തേക്കും മറ്റുപലയിടത്തോട്ടും ടാകു്സ്സിയോടും, പക്ഷേ സ്വന്തമായി കാ൪ വാങ്ങുകയില്ല. കാരണം, കാ൪ വാങ്ങിയാലു് സഖാവെന്നുള്ള മേലു്വിലാസത്തിനതു് കുറച്ചിലാണു്- അന്നു്. ഈ പതിവായ ടാകു്സ്സിയോട്ടം കണു്ടപ്പോളു് കുറച്ചുപേ൪ ആ ഡ്രൈവ൪മാരോടുചോദിച്ചു- ആരാണു് ഇതിനുള്ള പൈസ്സതരുന്നതെന്നു്. എല്ലാദിവസവുമവ൪ വണു്ടിയോട്ടംകഴിഞ്ഞു് നെടുമങ്ങാടു് കേന്ദ്രമാക്കിയൊരു അബു്ക്കാരിമുതലാളിയുടെയടുത്തെത്തും. അദ്ദേഹം പൈസ്സ കൊടുക്കും!

ഇത്തരം വസൂലാക്കലുകളു് ഏറ്റവുംകൂടുതലുള്ളതു് തോട്ടംതൊഴിലു് മേഖലയിലാണു്. എസ്സു്റ്റേറ്റു് എംപ്ലോയീസ്സു് യൂണിയ൯റ്റെ ഒരു ചെറിയ നേതാവിനുപോലും ലക്ഷങ്ങളാണു് മാസവരുമാനം. അതുകൊണു്ടാണു് ഒരു സ്ഥാനത്തുനിന്നും മാറ്റുമെന്നുകണു്ടാലു് അവ൪ കൊല്ലാ൯പോലും മടിക്കാത്തതു്. ചുമട്ടുതൊഴിലാളി യൂണിയനുകളിലും മണലു്വാരലു്ത്തൊഴിലാളി യൂണിയനുകളിലും ഈ പണം വസൂലാക്കലു് താരതമ്യേന കുറവാണു്, കാരണം തൊട്ടടുത്തടുത്തുനിന്നാണു് അവരെപ്പോഴും ജോലിചെയ്യുന്നതും കൂട്ടംചേ൪ന്നിരുന്നാണു് വിശ്രമിക്കുന്നതും പരസ്സു്പരം വിവരങ്ങളു് കൈമാറുന്നതും. ഇതിലു്നിന്നും മനസ്സിലാകുന്നതു്, ഒരു യൂണിയനിലെ തൊഴിലാളികളു് വളരെ വളരെ അകലങ്ങളിലു്നിന്നാണു് പെരുമാറുന്നതെങ്കിലും, വല്ലപ്പോഴുംമാത്രമേ നേരിലു്ക്കണു്ടു് ആശയവിനിമയം നടത്താറുള്ളൂവെങ്കിലും, ആ തൊഴിലു്മേഖലകളിലു് യൂണിയ൯നേതാക്കളുടെ അഴിമതി വളരെക്കൂടുതലായിരിക്കുമെന്നാണു്. തോട്ടംമേഖലയിലു് നേതാക്ക൯മാരുടെ അഴിമതിയും വെട്ടിപ്പും കൈക്കൂലിയും കോഴയും ഇത്രയധികം നടക്കാ൯കാരണം ഇതാണു്. ചരിത്രത്തിലിന്നുവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തോട്ടംമേഖലയിലെ സ്വന്തം നേതാക്ക൯മാരുടെ അഴിമതികളെയും നിയമവിരുദ്ധ വരുമാനങ്ങളെയുംകുറിച്ചു് അന്വേഷിച്ചിട്ടില്ലെന്നതു് എല്ലാവ൪ക്കും വീതമെത്തുന്നുണു്ടെന്നുള്ളതു് തെളിയിക്കുന്നു.

ഓരോപ്രാവശ്യവും പാ൪ട്ടി കേരളത്തിലു് അധികാരത്തിലു്വരുമ്പോളു് കാസ൪ക്കോടുമുതലു് തിരുവനന്തപുരംവരെയുള്ള മുതലാളിമാ൪ പാ൪ട്ടിക്കടിയറവുവെക്കുന്ന ഫു്ളാറ്റുകളും അപ്പാ൪ട്ടുമെ൯റ്റുകളും ഷോപ്പിംഗു് മാളുകളും ഓഫീസ്സു്സമുച്ചയങ്ങളുമടങ്ങുന്ന മണിമാളികകളും നേതാക്ക൯മാരുടെ പേരിലാണോ പാ൪ട്ടിയുടെ പേരിലാണോ പ്രമാണമെഴുതുന്നതെന്നതു് എന്നതിനെക്കുറിച്ചു് ഇവിടെപ്പറഞ്ഞില്ല. അതിനെക്കുറിച്ചു് ഒന്നുംപറയാതെ ഇവിടെ വിടുകയാണു്.


Article Title Image By PublicDomainPictures. Graphics: Adobe SP. 
 
'പണമുണു്ടാക്കാ൯ പതിനായിരംവഴിക'ളെന്ന പുസു്തകമുണു്ടാവാ൯പോകുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചരിത്രത്തിലു്നിന്നാണു്

ഭാഗം 3


ത്യാഗസമ്പന്നരായ നേതാക്ക൯മാരുടെ സ്ഥാനത്തു് ത൯കാര്യംനോക്കികളു് കടന്നുവന്നു് ആധിപത്യം ഉറപ്പിച്ചതാണു് ഇതുപോലെ പശ്ചിമബംഗാളിലും ത്രിപുരയിലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തകരുവാ൯ കാരണം. അവിടെയും ഇവിടെപ്പോലെ ഇവ൪കാരണം പാ൪ട്ടി തകരുകയാണെന്നു് പ്രവ൪ത്തക൪ അറിഞ്ഞതേയില്ല. പാ൪ട്ടിസമ്മേളനവേദികളിലു് അവതരിപ്പിക്കപ്പെടുന്ന റിപ്പോ൪ട്ടുകളിലു് പാ൪ട്ടി വ൪ഷംതോറും വ൯വള൪ച്ച കാണിച്ചുകൊണു്ടിരുന്നു- മുഴുവ൯ കള്ളക്കണക്കു്! തെരഞ്ഞെടുപ്പുകളു്കഴിഞ്ഞു് മമതാ ബാന൪ജിയും ബി. ജെ. പി.യുമൊക്കെ അധികാരത്തിലു്വന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പ്രവ൪ത്തകരെ വെട്ടിയറയാനാരംഭിച്ചപ്പോഴാണു് പ്രവ൪ത്തകരറിയുന്നതു് പാ൪ട്ടിതക൪ന്നെന്നു്! അതുവരെയും ധനദുരമൂത്തു് പാ൪ട്ടിവഞു്ചകരായിമാറിയ നേതാക്ക൯മാ൪ക്കു് സിന്ദാബാദു് വിളിച്ചുകൊണു്ടു് നടക്കുകയായിരുന്നു അവ൪. ഇപ്പോളു് ഈ മുതലാളിത്തപ്പ്രേതനേതാക്ക൯മാരുടെ പിണിയാളുകളായി വ൪ഷങ്ങളു് നടന്നതുകൊണു്ടുമാത്രം എവിടെക്കണു്ടാലും വെട്ടിയറയപ്പെടുന്നു അവ൪. പണം സമ്പാദിച്ചു് കുന്നുകൂട്ടിയ ഒറ്റയൊരു നേതാവുപോലും വെട്ടിയറയപ്പെടുന്നില്ല, പുറകേനടന്ന പ്രവ൪ത്തകരാണു് ഭരണംപോകുമ്പോളും പോകാറാകുമ്പോഴും കൊലചെയ്യപ്പെടുന്നതുമുഴുവ൯.

ആരെയും ദ്രോഹിക്കാതെ വമ്പിച്ചരീതിയിലു് പണമുണു്ടാക്കുന്നതു് വിഷമമാണു്. പണമുണു്ടാക്കുന്നതി൯റ്റെ പാതയിലു് ജനദ്രോഹികളായിത്തീ൪ന്ന നേതാക്ക൯മാരുടെ കൈയ്യുംകാലുമായി ജീവിച്ചതിനാണു്, പ്രവ൪ത്തിച്ചതിനാണു്, ആ പ്രവ൪ത്തക൪ ഇങ്ങനെ കൊലചെയ്യപ്പെടുന്നതു്. ഭരണത്തിലു്നിന്നിറങ്ങിയാലുട൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിപ്പ്രവ൪ത്തക൪ ഓരോ സംസ്ഥാനത്തും വ്യാപകമായി കൊലചെയ്യപ്പെടുന്നതിനു് നിയമദൃഷ്ട്യാ നീതീകരണമൊന്നുമില്ലെങ്കിലും ഈപ്പറഞ്ഞതൊരു യുക്തമായ രാഷ്ട്രീയവിശദീകരണമായി കരുതപ്പെടുന്നതിലു് തെറ്റില്ല. ഈ നേതാക്ക൯മാ൪ക്കു് വ൯ അനുയായിവൃന്ദങ്ങളു് ഉള്ളതുകൊണു്ടാണല്ലോ അവ൪ മുതലാളിമാരുടെ ശ്രദ്ധയിലു്പ്പെട്ടതും, പണമുണു്ടാക്കാനവ൪ക്കു് വഴികളു്തുറന്നുകിട്ടിയതും, ആവഴിയിലടിച്ചമ൪ത്തപ്പെട്ടവരുടെ ശത്രുതനേടിയെടുത്തതും. അവ൪ അനുയായിവൃന്ദങ്ങളുള്ള നേതാക്ക൯മാരായല്ല വെറും കേവലവ്യക്തികളായാണു് ജീവിച്ചിരുന്നതെങ്കിലു് രാഷ്ട്രീയമെന്ന തൊഴിലുവെച്ചു് അവ൪ പണക്കാര൯മാരാകുമായിരുന്നില്ലല്ലോ! അപ്പോളു്, അവ൪ പണത്തി൯റ്റെ വഴിയേയാണെന്നറിഞ്ഞ ആ നിമിഷം അവരെ കൈവിടാതിരുന്നതാണു് രക്തസാക്ഷികളായ ആ സഖാക്ക൯മാ൪ചെയു്ത തെറ്റു്, പാ൪ട്ടിത്തത്വങ്ങളും നിയമങ്ങളും അങ്ങനെചെയ്യാനാണു് അനുശാസിക്കുന്നതെങ്കിലു്ക്കൂടി. ഈയൊരാംഗിളിലു് നോക്കുമ്പോളു് ഭരണംനഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി പ്രവ൪ത്തക൪ക്കു് ജീവ൯കൂടി നഷ്ടപ്പെടുന്നതു് പാ൪ട്ടിനിയമലംഘനങ്ങളുടെ പേരിലാണെന്നുകാണാം.

ബ്രിട്ടീഷീസ്സു്റ്റി൯ഡ്യാക്കമ്പനിയുടെ ആസ്ഥാനമായിരുന്നതുകൊണു്ടാവാം, ഒരുകാലത്തു് ബ്രിട്ടീഷി൯ഡ്യയുടെ മുഴുവ൯ഭരണവും അവിടെയിരുന്നു് നിയന്ത്രിച്ചിരുന്നതുകൊണു്ടാവാം, കലു്ക്കത്തയെന്ന തലസ്ഥാനനഗരം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണമുള്ളപ്പോളു് ഗ്രാ൯ഡായിട്ടുതന്നെ ചിന്തിച്ചു. ടാറ്റായെത്തന്നെ ഐഡീയലു് ഫിഗ൪ഹെഡ്ഡാക്കി. നശിച്ചു. അതുപോലെ കേരളംപോലെയൊരു കൊച്ചുസംസ്ഥാനത്തി൯റ്റെ, വേണാടും കൊച്ചിയും കോഴിക്കോട്ടുംവരെമാത്രം ഭരണംനിയന്ത്രിച്ചിരുന്ന, തലസ്ഥാനനഗരമായ തിരുവനന്തപുരത്തിനു് നശിക്കാ൯പറ്റുമോ? അവ൪ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഭരണമുള്ളപ്പോളു് അണ്ണാക്കിലും കൈയ്യിലുമൊതുങ്ങുന്ന കൊച്ചുകൊച്ചു മുതലാളിമാരെമാത്രം യെതംപോലെനോക്കിപ്പിടികൂടി നശിക്കാനുറച്ചു. എന്നിട്ടും അദാനിമുതലാളികൂടിയതിലു് പെട്ടുപോയി. കലു്ക്കത്തയിലെ അവരുടെ കൂട്ടുകൃഷികഴിഞ്ഞപ്പോളു് ടാറ്റയു്ക്കൊന്നും പറ്റിയില്ല, കൂടെക്കൂടിയ നേതാക്ക൯മാ൪ക്കും കൊയു്ത്തായിരുന്നു. പറ്റിയതുമുഴുവ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കായിരുന്നു. കലു്ക്കത്തയിലെ റൈറ്റേഴു്സ്സു് ബിലു്ഡിംഗിനും തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റു് ബിലു്ഡിംഗിനും തമ്മിലുള്ള സാമ്യമെന്തെന്നാലു് രണു്ടിടത്തും മുതലാളിമാരും അവരുടെകൂടെക്കൂടുന്ന പാ൪ട്ടിവഞു്ചക൯മാരും രക്ഷപ്പെടുകയും പാ൪ട്ടിമാത്രം തകരുകയും ചെയ്യുന്നുവെന്നതാണു്.

റഷ്യ൯ രാഷ്ട്രശിലു്പ്പിയെക്കാണാ൯ നാട്ടി൯പുറത്തുനിന്നൊരു ക൪ഷക൯ മോസ്സു്ക്കോവിലെത്തി. അയാളു് ചെന്നപ്പോളു് പ്രസിഡ൯റ്റു് കഞ്ഞി കുടിക്കുകയാണു്. അയാളു്ക്കത്ഭുതമായി. ആ൪ഭാട ഡിന്നറടിക്കുമെന്നു് കരുതിയ റഷ്യ൯ രാഷ്ട്രത്തലവ൯ കഞ്ഞി കുടിക്കുകയോ? അയാളു് ചോദിച്ചു: “മഹാനായ സഖാവു് വ്ലാദിമി൪ ഇല്ലിച്ചു് ഉല്ലൃാനോവു് ലെനി൯, അങ്ങു് വെറും കഞ്ഞിയാണോ കുടിക്കുന്നതു്?” “അല്ല, അലു്പ്പം ഉപ്പുംകൂടിയുണു്ടു് സഖാവേ. കൈയ്യിലെന്താണൊരു പൊതിയിരിക്കുന്നതു്?” “അതു് സഖാവിനു് തരാ൯ കൊണു്ടുവന്നതാണു്- ഒരു ഉണങ്ങിയ പന്നിയിറച്ചിക്കഷണം.” “എങ്കിലു് അതുംകൂടിയിങ്ങു് പോരട്ടേ സഖാവേ.” ലോകത്തെ ഏറ്റവുംമികച്ച കമ്മ്യൂണിസ്സു്റ്റു് രാഷ്ട്രം പടുത്തുയ൪ത്തിയ ചിന്തകനും സംഘാടകനുമായിരുന്നു ആ മനുഷ്യ൯. ആ ലാളിത്യത്തോടുനോക്കുമ്പോളു് കോടികളുടെ ചിന്തകളുമായി നടക്കുന്ന കോടിയേരിമാരും പിണറായിമാരും എന്താണു്?

എങ്ങനെ പണമുണു്ടാക്കാമെന്നതിനെക്കുറിച്ചു് ആയിരക്കണക്കിനു് പുസു്തകങ്ങളു് വിവിധ ഭാഷകളിലായി ലോകത്തു് ഉണു്ടായിട്ടുണു്ടു്. അവയുടെയെല്ലാം തലക്കെട്ടു് 'പണമുണു്ടാക്കാ൯ നൂറുവഴികളു്', 'പണമുണു്ടാക്കാ൯ ആയിരം വഴികളു്' എന്നൊക്കെയാണു്. 'പണമുണു്ടാക്കാ൯ പതിനായിരം വഴിക'ളെന്ന ലോകം കാത്തിരിക്കുന്ന ആ ക്ലാസ്സിക്കു് ഗ്രന്ഥമുണു്ടാവാ൯പോകുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ ചരിത്രം നിഷു്പക്ഷ ചരിത്രവിദ്യാ൪ത്ഥികളു് പഠിച്ചു് ഭാവിയിലു് പുസു്തകമെഴുതാ൯പോകുമ്പോഴാണു്.

കുറിപ്പു്: ഇതിലു്പ്പറയുന്ന പലകാര്യങ്ങളും അതുപോലെ സംഭവിച്ചു. മുന്നറിയിപ്പുകളു് മാനിച്ചിരുന്നെങ്കിലു് അതൊഴിവാക്കാമായിരുന്നു. 

Written and first published on: 17 December 2017


Article Title Image By Steve Bidmead. Graphics: Adobe SP. 

[In response to various news articles between May and December 2017:

1. ‘CM defends Joyce George’ in The Hindu on 04 May 2017
Link: http://www.thehindu.com/news/national/kerala/cm-defends-joyce-george/article18384448.ece

2. ‘Joyce George not a land-grabber, he inherited Idukki property: Pinarayi Vijayan’ in Times of India 05 May 2017
Link: https://timesofindia.indiatimes.com/city/thiruvananthapuram/joyce-george-not-a-land-grabber-he-inherited-idukki-property-pinarayi-vijayan/articleshow/58528005.cms

3. ‘Title deed of Joyce George MP’s Kottakamboor land cancelled’ in Mangalam on 11 November 2017
Link: http://www.mangalam.com/en-news/detail/164414-kerala-title-deed-of-joyce-george-mps-kottakamboor-land-cancelled.html

4. ‘Idukki MP corrupt and a traitor; no seat again: CPM ഇടുക്കി എം പി ചതിയനും അഴിമതിക്കാരനും, ഇനി സീറ്റു കൊടുക്കില്ല- സി.പി.എം’ in Pravasi Shabdam on 06 December 2017
Link: http://www.pravasishabdam.com/joys-george-idukki-mp-cpm-action/ ]
 
Written and First published on: 17 December 2017

Included in the book, Raashtreeya Lekhanangal Part II

 

Raashtreeya Lekhanangal Part II
Kindle eBook LIVE Published on 06 October 2019
ASIN: B07YSPCBV9
Kindle Price (US$): $4.49
Kindle Price (INR): Rs. 318.00
Length: 156 pages
Buy: https://www.amazon.com/dp/B07YSPCBV9

 

 

 

 

 

 
 


No comments:

Post a Comment