Friday 26 July 2019

117. മഹാമന്ത്രി സഖാവു് ജി സുധാകര൯റ്റേതും മഹാകവി സഖാവു് സച്ചിദാനന്ദ൯റ്റേതും കവിതകളാണോ?

117

മഹാമന്ത്രി സഖാവു് ജി സുധാകര൯റ്റേതും മഹാകവി സഖാവു് സച്ചിദാനന്ദ൯റ്റേതും കവിതകളാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Zachary Spears. Graphics: Adobe SP.

രൂപഭദ്രതയില്ലാത്ത കവിതകളെ, അവ ആരുതന്നെ എഴുതിയതാണെങ്കിലും, കവിതയേയല്ലെന്നമട്ടിലു് തള്ളിക്കളയുന്നതാണു് ഉചിതം. കവിതകളെ വിലയിരുത്തുന്നതിലു് കുറഞ്ഞതു് ഈ ഒറ്റയൊരു മാനദണ്ഡമെങ്കിലും നമ്മളു്ക്കില്ലെങ്കിലു്, കാവ്യനിരൂപണത്തി൯റ്റെ പ്രഥമചുവടുവെയു്പ്പിലു്ത്തന്നെ നമ്മളു്ക്കു് പിഴച്ചുപോവുകയും, ലക്ഷക്കണക്കിനു് കവിതകളുടെ കടലിലു് നമ്മളു് മുങ്ങിച്ചത്തുപോവുകയും ചെയ്യും. സാഹിത്യനിരൂപണത്തി൯റ്റെ ഒരു അടിസ്ഥാനഗ്രന്ഥമായ എസ്സേയു്സ്സു് ഇ൯ ക്രിട്ടിസ്സിസമെഴുതിയ പ്രശസു്തകവിയും നിരൂപകനുമായ മാത്യു അ൪ണോളു്ഡു് മുതലു് മലയാളത്തി൯റ്റെ നിരൂപക അഭിമാനമായിരുന്ന, കവിതയു്ക്കു് രൂപഭദ്രതയില്ലെങ്കിലു് അതുകവിതയല്ലെന്ന കടുംനിലപാടുമായി കവിത എങ്ങനെയെഴുതിയാലും അതു് കവിതതന്നെയെന്ന നിലപാടുമായിനടന്ന ജീവത്സാഹിത്യകാരനായ മാ൪കു്സ്സിസ്സു്റ്റുകാര൯ ഈയെമ്മെസ്സിനെ അലോസ്സരപ്പെടുത്തിക്കൊണു്ടുനടന്നു് 'രൂപഭദ്രനെന്നു്' ഇടംപേരുവീണ എം. പി. പോളു് വരെ ഇക്കാര്യത്തിലു് യോജിപ്പിലാണു്. വേറെയും ഒരുപാടുകാര്യങ്ങളിലവ൪ യോജിപ്പിലാണെങ്കിലും ആരുടെ കവിതയും വിലയിരുത്തുന്നതിനുള്ള ഒരു അളവുകോലെന്നനിലയിലു് രൂപഭദ്രതയെ ഒരു അടിസ്ഥാന മാനദണ്ഡമാക്കുന്നതിലെങ്കിലും നമ്മളുമവരോടു് യോജിക്കേണു്ടിയിരിക്കുന്നു. അതോടെ നമ്മളു് കവിതയെ വിലയിരുത്തുന്നതിനു് ലോകത്തേറ്റവും പഴക്കമുള്ളതും പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ളതുമായ ഒരു മാനകത്തെയാണു് പിന്നെയങ്ങോട്ടു് ആശ്രയിക്കാ൯ പോകുന്നതു്.

ലോകത്തു് ആദിമനുഷ്യ൯ അവ൯റ്റെ പ്രാചീനഗുഹാമുഖങ്ങളിലിരുന്നു് സൂര്യോദയവും സൂര്യാസു്തമനവും കണു്ടുകൊണു്ടിരുന്ന കാലംമുതലേ കവിതയുണു്ടാവുകയാണു്. അങ്ങനെനോക്കുമ്പോളു് ഓ൪മ്മയിലു് സൂക്ഷിച്ചുവെച്ചു് ബ്യൂവൂളു്ഫുപോലെ തലമുറകളിലൂടെ കൈമാറപ്പെട്ടതും ഗുഹയുടെ ചുവരുകളിലും പാറക്കെട്ടുകളിലും മൃഗച൪മ്മങ്ങളിലും പാപ്പിറസ്സുചെടിത്തണു്ടുകളുടെ ചുരുളുകളിലും എഴുതപ്പെട്ടതുംമുതലു് ഒടുവിലു് പേപ്പറിലു് അച്ചടിമഷിപുരണു്ടവവരെ എത്രയോലക്ഷം കവിതകളുണു്ടായിരിക്കുന്നു! ഈ പുരാതനകവിതകളിലു് ഇന്നുനമുക്കു് വായിക്കാനായവശേഷിക്കുന്നവയിലു് ഒറ്റയെണ്ണംപോലും രൂപഭദ്രതയില്ലാത്ത ഗദ്യകവിതകളല്ലാത്തതെന്തെന്നു് ആലോചിച്ചിട്ടുണു്ടോ? അങ്ങനെയുള്ള വൃത്തശുദ്ധിയോടെ ഈണത്തിലു് പാടാ൯കഴിയാത്തതുകൊണു്ടാണു് അതെഴുതിയവ൯റ്റെ തലമുറകഴിഞ്ഞവ പോകാത്തതും അന്നങ്ങനെയെഴുതപ്പെട്ടവതന്നെ ഇന്നുനമുക്കു് വായിക്കാനായി ഒരിടത്തും ലഭ്യമല്ലാതിരിക്കുന്നതും. അതായതു്, രൂപഭദ്രതയുള്ള കവിതകളു്മാത്രമേ ലോകത്തു് അവയിലെ വൃത്തശുദ്ധിയും സംഗീതശക്തിയും കാരണം തലമുറകളു്കഴിഞ്ഞു് പോവുകയും അടുത്ത നൂറ്റാണു്ടുകളിലു് സ്ഥാനംപിടിക്കുകയും ചെയ്യുകയുള്ളൂ. പ്രഗത്ഭനെങ്കിലും ടി. എസ്സു്. എലിയട്ടി൯റ്റെ ഗദ്യകവിതകളു് അങ്ങനെനോക്കുമ്പോളു് രണു്ടുനൂറ്റാണു്ടുകടന്നു് പോവുകയില്ലെന്നു് നിസ്സംശയംപറയാം. ഇപ്പോളു്തന്നെയവ ആസ്സ്വാദകസമൂഹത്തിലു്നിന്നും അകന്നുതുടങ്ങിയിട്ടുണു്ടു്- യൂണിവേഴു്സ്സിറ്റികളു് പാഠപുസു്തകങ്ങളിലു് ഉളു്പ്പെടുത്തുന്നതിലൂടെയവയെ അലു്പ്പകാലംകൂടി സമൂഹത്തിലു് പിടിച്ചുനി൪ത്താ൯ ശ്രമിച്ചുനോക്കുന്നുണു്ടെങ്കിലും.

അങ്ങനെയെങ്കിലു് ഗദ്യകവിതകളെന്നപേരിലു് അക്കാദമിക്കു് സമൂഹം (ആസ്സ്വാദകസമൂഹമല്ല) മുദ്രകുത്തിയിട്ടുള്ള ഒരുകൂട്ടം കവിതകളു് എന്തുകൊണു്ടു് തലമുറകളു്കഴിഞ്ഞുപോയി അടുത്ത നൂറ്റാണു്ടിലും പ്രവേശിച്ചു എന്നൊരു ചോദ്യമുണു്ടു്. ഖലീലു് ജിബ്രാ൯റ്റെ ടിയേഴു്സ്സു് ആ൯ഡു് ലാഫു്റ്റ൪, രബീന്ദ്രനാഥു് ടാഗോറി൯റ്റെ വെയ൪ ദി മൈ൯ഡു് ഈസ്സു് വിത്തൗട്ടു് ഫീയ൪, ലീവു് ദിസ്സു് ചാ൯റ്റിംഗു്, ഗോവിന്ദാസ്സു് ഡിസ്സൈപ്പിളു്, സരോജിനി നായിഡുവി൯റ്റെ കൊറോമാ൯ഡലു് ഫിഷേഴു്സ്സു്, മാത്യു അ൪നോളു്ഡി൯റ്റെതന്നെ ഫൊ൪സ്സേക്കണു് മെ൪മ്മ൯ എന്നിങ്ങനെയുള്ളവയാണവ. അവ ഗദ്യകവിതകളല്ല സുഹൃത്തേ- മനോഹരമായ ഈണംതുളുമ്പുന്ന പദ്യകവിതകളാണു്! തങ്ങളുടെകാലത്തെയും ഭാവികാലത്തെയും അരസിക൯മാ൪ പാടി ആസ്വദിക്കാതിരിക്കാനായി സഹൃദയ൯മാരും സഹൃദയകളുമായ കവികളു് ആ വരികളു് മുറിച്ചുമാറ്റിയും പൂട്ടിയും ഇട്ടിരിക്കുകയാണു്!! അവയെല്ലാംതന്നെ ലളിതമനസ്സോടെ സമീപിക്കുന്ന ആസ്സ്വാദക൪ വരികളു് പുനഃക്രമീകരിച്ചും ലോക്കുകളു് അണു്ലോക്കുചെയു്തും പാടിരസിച്ചിട്ടുണു്ടു്. അരസിക൯മാരും അഹങ്കാരികളും ഗ൪വ്വിഷു്ഠ൯മാരുമായ അക്കാദമിക പണ്ഡിത൯മാ൪ക്കവ വഴങ്ങുകില്ലെങ്കിലും ആ കവികളെപ്പോലെതന്നെ സഹൃദയ൯മാരും സഹൃദയകളുമായ ആസ്സ്വാദക൪ക്കവ വഴങ്ങുന്നുണു്ടു്.

ഇനിപ്പരിശോധിച്ചിട്ടു് പറയൂ, മഹാമന്ത്രി സഖാവു് ജി. സുധാകര൯റ്റേതും മഹാകവി സഖാവു് സച്ചിദാനന്ദ൯റ്റേതും കവിതകളാണോ? പത്രപ്പരിഷകളു് ഗ൪വ്വോടെ പുറന്തള്ളുന്ന, ഓണു്ലൈനായും വെബ്ബു്സ്സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന, ലക്ഷണമൊത്ത മനോഹരകവിതകളും പരിശോധിച്ചോളൂ.

Written and first published on: 26 July 2019 

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 
 


No comments:

Post a Comment