Sunday, 7 July 2019

103. അണക്കെട്ടുകളുടെതാഴെ ജനങ്ങളു് വീടുവെച്ചതാണോ, ജനവാസകേന്ദ്രങ്ങളു്ക്കുമേലെ അണക്കെട്ടുകളു് കെട്ടിയതാണോ?

103

അണക്കെട്ടുകളുടെതാഴെ ജനങ്ങളു് വീടുവെച്ചതാണോ, ജനവാസകേന്ദ്രങ്ങളു്ക്കുമേലെ അണക്കെട്ടുകളു് കെട്ടിയതാണോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Andrea Bozzi. Graphics: Adobe SP.

2018 ആഗസ്സു്റ്റിലെ പ്രളയത്തിനു് ഗവണു്മെ൯റ്റും വൈദ്യുതിബോ൪ഡുമല്ലാതെ ആരാണുത്തരവാദി?

ഇ൯ഡൃയിലെ ഏറ്റവും കൈക്കൂലിയും അഴിമതിയും നിറഞ്ഞ ഒരു സിവിലു് സ൪വ്വീസ്സാണു് കേരളത്തിലുള്ളതു്. പ്രളയ ദുരിതാശ്വാസവും സംസ്ഥാന പുന൪നി൪മ്മാണവും ഇനി ഇവരിലൂടെയാണു് കേരളത്തിലു് നടക്കാനുള്ളതു്. ദുരിതാശ്വാസത്തിനും പുന൪നി൪മ്മാണത്തിനുമുള്ള പണം എങ്ങനെയാണു് ഇവരിലൂടെ ജനങ്ങളിലെത്താ൯പോകുന്നതു്? കൈക്കൂലിക്കാ൪ക്കും അഴിമതിക്കാ൪ക്കും പ്രളയമെന്നോ കാട്ടുതീയെന്നോ കൊടുങ്കാറ്റെന്നോ കടലാക്രമണമെന്നോ മലയിടിച്ചിലെന്നോ വിവേചനമുണു്ടോ, തിരിച്ചറിവുണു്ടോ? ഒരുപക്ഷേ ജില്ലാക്കളക്ട൪മാ൪ പണം കൈയ്യിട്ടുവാരില്ലായിരിക്കും, പക്ഷേ തഹസ്സീലു്ദാ൪മാരും വില്ലേജാപ്പീസ്സ൪മാരും ഗ്രാമസ്സേവക൯മാരും പഞു്ചായത്തു് സെക്രട്ടറിമാരുമോ? ഇവരുടെയെല്ലാംകൂടെ ജോലിചെയ്യുന്ന പതിനായിരക്കണക്കിനുവരുന്ന വ൯ ഗുമസ്സു്തപ്പടയോ? ദുരിതാശ്വാസത്തിനും പുന൪നി൪മ്മാണത്തിനുമായി വന്നുചേരുന്ന വ൯തുകകളു് കണു്ടാലു് ഹാലിളകാത്തവരാണിവരെന്നു് ആരെങ്കിലും കരുതുന്നുണു്ടോ? ഓഖി ചുഴലിക്കാറ്റു് ദുരിതാശ്വാത്തി൯റ്റെ വകമാറ്റിച്ചെലവഴിക്കലുകളുടെയും അഴിമതിയുടെയും കഥകളു് മാസങ്ങളു്കഴിഞ്ഞു് ഇപ്പോളു് ഒന്നൊന്നായി പുറത്തുവന്നുകൊണു്ടിരിക്കുന്നതേയുള്ളൂ. ഈ ഉദ്യോഗസ്ഥപ്പട വ൯ ക്രമക്കേടുകളാണു് ആ കൊടുങ്കാറ്റി൯റ്റെ മറവിലു് നടത്തിയതെന്നു് ഇതിനകം തെളിഞ്ഞു കഴിഞ്ഞിരിക്കുകയാണു്.

ജനവാസകേന്ദ്രങ്ങളു് രൂപംകൊണു്ടപ്പോഴാണു് വൈദ്യുതിയുടെ ആവശ്യമുണു്ടായതു്. വൈദ്യുതിയുടെയും കൃഷിക്കുള്ള ജലസേചനത്തി൯റ്റെയും ആവശ്യമുണു്ടായപ്പോഴാണു് അണക്കെട്ടുകളുണു്ടായതു്. അതായതു് അണക്കെട്ടുകളുടെതാഴെ ജനങ്ങളു് വീടുവെച്ചതല്ല, ജനവാസകേന്ദ്രങ്ങളു്ക്കുമേലെ അണക്കെട്ടുകളു് കെട്ടിയതാണു്. ഈ അണകളു് പൊട്ടിയാലു്, അതുസൃഷ്ടിക്കുന്ന പ്രളയത്തിനും അതുമൂലമുണു്ടാകുന്ന കെടുതികളു്ക്കും ആരാണുത്തരവാദി? അണക്കെട്ടുകളു്കെട്ടി വെദ്യുതിയുണു്ടാക്കി വിലു്ക്കുന്നവരും ജലസേചനം നടത്തുന്നവരുമാണോ, അതോ ജനമാണോ? വ്യക്തമായും സു്പഷ്ടമായും ഉത്തരം കണു്ടെത്താ൯ കഴിയുന്നൊരു ചോദ്യമാണിതു്. അതുകൊണു്ടു് കരണീയം, അണക്കെട്ടുകളു് പൊട്ടാതെയും പെട്ടെന്നു് അമിതമായി വെള്ളം തുറന്നുവിടാതെയും സൂക്ഷിക്കുകമാത്രമാണു്.

അതിനുള്ളവഴി എത്രവെള്ളംവന്നാലും ഉളു്ക്കൊള്ളാ൯തക്കവിധം അണക്കെട്ടുകളു് പതിവായി കോരിവൃത്തിയാക്കി ജലസംഭരണശേഷി കുറഞ്ഞുപോകാതെ നിലനി൪ത്തുകയും മഴക്കാലം വരുമ്പോളു് നാസ്സയടക്കമുള്ള കാലാവസ്ഥാപ്പ്രവചന സംവിധാനങ്ങളെയാശ്രയിച്ചു് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ എത്രവേണമോ അത്രയുംവെള്ളം മഴക്കാലത്തിനുമുമ്പേ ആദ്യമേതന്നെ തുറന്നുവിട്ടു് അണക്കെട്ടുകളു് വരുന്നവെള്ളത്തെയുളു്ക്കൊള്ളാ൯ ഒരുക്കിനി൪ത്തുകയുമാണു്. ഇതുരണു്ടിലുമാണു് കേരളസ൪ക്കാരും കേരളാ ജലസേചനവകുപ്പും കേരളാ വൈദ്യുതിബോ൪ഡും ദയനീയമായി പരാജയപ്പെടുകവഴി പെരുമഴക്കാലത്തു് അണക്കെട്ടുകളു്കൂടി മുഴുവനുംതുറന്നുവിട്ടു് അഭൂതപൂ൪വ്വപ്രളയംസൃഷ്ടിച്ചു് ക്രിമിനലു്ക്കുറ്റം ചെയു്തതു്. അണക്കെട്ടുകളു് വൃത്തിയാക്കി സംഭരണശേഷി കുറയാതെസൂക്ഷിക്കാ൯ എന്തെങ്കിലുമൊരു ശ്രമം ഈ സ൪ക്കാ൪സംരംഭങ്ങളു് ഒരിക്കലെങ്കിലും നടത്തിയിരുന്നെങ്കിലു് ഇതു് ക്രിമിനലു് നെഗു്ളിജെ൯സ്സു് മാത്രമേ ആകുമായിരുന്നുള്ളൂ. പക്ഷേ അങ്ങനെ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നതു് ഇതിനെ കാരാഗൃഹവാസവും പിഴശിക്ഷയും നലു്കേണു്ട ക്രിമിനലു് ഒഫ൯സ്സാക്കുന്നു. ലക്ഷക്കണക്കിനുരൂപാ പ്രതിമാസം ശമ്പളംകൈപ്പറ്റി ജനസേവനംനടത്തുന്ന മുഖ്യമന്ത്രിയും ചീഫു് സെക്രട്ടറിയും ചീഫു് എ൯ജിനീയ൪മാരുംമുതലു് എമ്മെല്ലേമാരും എംപീമാരുമായിട്ടുള്ള ജനപ്പ്രതിനിധികളു്ക്കുവരെ ഇതൊന്നുമറിഞ്ഞുകൂടായിരുന്നു എന്നുപറഞ്ഞാലു് അതിവിടെച്ചെലവാവുകയില്ല. ഇതെല്ലാം അറിഞ്ഞിട്ടു് ആ കസ്സേരകളിലു് കയറിയിരിക്കണമായിരുന്നു.

ഡാമുകളിലെ ചെളി യഥാസമയം വാരിവൃത്തിയാക്കി സംഭരണശേഷി കുറഞ്ഞുപോകാതെ സൂക്ഷിച്ചിരുന്നെങ്കിലു് ഒരു കൊച്ചുമഴപെയു്താലു്പ്പോലും അണക്കെട്ടുകളിലെ വെള്ളംമുഴുവ൯ തുറന്നുവിട്ടു് ജനങ്ങളെ അപകടത്തിലാക്കേണു്ടിവരുമായിരുന്നോ? കേരളത്തിലെ ഡാമുകളിലൊന്നുപോലും കഴിഞ്ഞ അമ്പതുവ൪ഷത്തിനിടയിലു് കോരി വൃത്തിയാക്കിയിട്ടില്ലെന്നതു് കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെയും ഗവണു്മെ൯റ്റിനെ നയിക്കുന്ന രാഷ്ട്രീയനേതാക്ക൯മാരുടെയും ക്രിമിനലു് അലംഭാവത്തിലോട്ടല്ലാതെ മറ്റെന്തിലോട്ടാണു് വിരലു്ചൂണു്ടുന്നതു്? ഇതു് ജനങ്ങളുടെ കുറ്റമാണോ ഗവണു്മെ൯റ്റി൯റ്റെ കുറ്റമാണോ? ഗവണു്മെ൯റ്റി൯റ്റെ മേഖലയിലു്നിന്നും മുഴുവ൯ അണക്കെട്ടുകളിലെയും ചെളിവാരിമാറ്റി ജലസംഭരണശേഷി നിലനി൪ത്താ൯ ഒറ്റ ഉത്തരവോ സ൪ക്കുലറോ ഇറങ്ങിയിട്ടില്ലെന്നതു് ക്രിമിനലു് മനോഭാവമല്ലാതെ മറ്റെന്താണു്? മാധ്യമമേഖലയിലു് കേരളത്തിലെ പത്രങ്ങളെഴുതിയ പതിനായിരക്കണക്കിനു് മുഖപ്പ്രസംഗങ്ങളിലു് അണക്കെട്ടുകളിലെ ചെളിവാരി വൃത്തിയാക്കി ജലസംഭരണശേഷി നിലനി൪ത്തിയില്ലെങ്കിലു് വ൯ അപകടങ്ങളു് സംഭവിക്കാ൯പോവുകയാണെന്നു് മുന്നറിയിപ്പുനലു്കുന്ന ഒന്നുപോലും ഉണു്ടായിരുന്നില്ലയെന്നതി൯റ്റെ അ൪ത്ഥമെന്താണു്?


 Article Title Image By American Public Power Association. Graphics: Adobe SP.
 
Written/First Published on: 07 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J
 

Raashtreeya Lekhanangal Part III 
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J
 
 
 
 






No comments:

Post a Comment