Monday, 19 August 2013

020. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2.

ശബ്ദം ശരീരം സമൂഹം. ഭാഗം 2

പി. എസ്സു്. രമേശു് ചന്ദ്ര൯


 
തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1. ടെലിവിഷ൯ വ്യാപകമാവുന്നതിനുമുമ്പു് 1984ലു് എഴുതപ്പെട്ടതു്. ഉച്ചഭാഷിണി നിരോധനത്തി൯റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതിലു് നി൪ണ്ണായക പങ്കു വഹിച്ചു.
 
നീചത മാനഹാനി ചിത്തഭ്രമം എന്നീ ദുഷിച്ച മനോഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നരാഗങ്ങളേയും, ഹാറ്പ്പ് മുതലായ കമ്പിത സ്വഭാവമുള്ള സംഗീതയന്ത്രങ്ങളേയും തന്റ്റെ മാതൃകാ റിപ്പബ്ലിക്കിനുള്ളില് പൂറ്ണ്ണമായും നിരോധിക്കുമെന്നാണ് പ്ലേറ്റോ പ്രഖ്യാപിക്കുന്നത്. ഇടയന്മാരുടെ കുഴലുകള്മാത്രം നിലനിറ്ത്തപ്പെടുമത്രേ. ശബ്ദോല്പ്പാദകന്റ്റെ കണ്‍ഠത്തിന്റ്റെയും ശ്വാസകോശത്തിന്റ്റെയും അദ്ധ്വാനം ആവശ്യപ്പെടാന്പോരുന്ന മൗലികത ഉള്ളതിനാലാണ് ഓടക്കുഴലുകള്മാത്രം നിലനിറ്ത്തുന്നത്. ജൈവപ്രകൃതിയുടെ മൗലികത്വം ഇല്ലാത്ത ഒറ്റ ശബ്ദംപോലും ഒരു മാതൃകാ റിപ്പബ്ലിക്കിനുള്ളില് അനുവദിക്കപ്പെടുകയില്ല. ധീരവും അനുശാസിതവുമായ ഒരു ജീവിതത്തിന് പൗരന്മാരെ പ്രേരിപ്പിക്കാന് പറ്റുന്നതരം രാഗങ്ങളെ തെരഞ്ഞെടുത്തു നല്കുവാനാണ് വിജ്ഞാനിയും വൃദ്ധനുമായ ഗ്ലൌക്കോണിനോട്‌ പ്ലേറ്റോ ആവശ്യപ്പെടുന്നത്. ധീരനായ ഒരു പട്ടാളക്കാരന്റ്റെ സ്വരത്തേയും ശബ്ദത്തേയും തികച്ചും പ്രതിനിധീകരിക്കാന് കഴിവുള്ള ഒന്നിനെ അവറ് അന്വേഷിക്കുന്നു. പദം, ക്രമം, ലയം എന്നിങ്ങനെ ഗാനത്തിന്റ്റെ മൂന്നു ഘടകങ്ങളെയും അവറ് യുക്തിയുക്തം പരിശോധിച്ചു വിലയിരുത്തുന്നു. സങ്കലിതവും അന്യന്തവും ശോകഗീത [Elegy]ങ്ങള് ക്കുമാത്രം അനുയോജ്യവുമായ ലിഡിയന് [Lydian] പദങ്ങളെ അവറ് അപ്പാടെ തള്ളിക്കളയുന്നു. മാന്യരായ സ്ത്രീകള്പോലും അവയെ ഇഷ്ടപ്പെടുന്നില്ല. പിന്നെ പുരുഷന് മാറ്മാത്രമായി എന്തിനു സ്വീകരിക്കുന്നു? നമ്മുടെ ഭാവിരക്ഷകറ്ത്താക്കള്ക്കു മദ്യലഹരി മൃദുലത ആലസ്യം തുടങ്ങിയ ദോഷങ്ങളും ഉണ്ടാവുകവയ്യ. ആയതുകൊണ്ട് മദ്യപിച്ചിരിക്കുമ്പോഴും മനസ്സമാധാനമില്ലാത്തപ്പോഴും മനുഷ്യറ് ഇഷ്ടപ്പെടുന്ന അയോണിയന് [Ionian], ലിഡിയന് [Lydian] എന്നീ ശിഥിലക്രമങ്ങളെയും പൌരന്മാരുടെ ഏഴയലത്തുവെച്ചുപോലും കൈകാര്യം ചെയ്യുന്നത് അനുവദിക്കപ്പെടാന് പാടുള്ളതല്ലെന്ന് അവറ് വ്യവസ്ഥചെയ്യുന്നു. 'പൌരന്മാറ് അന്ധമായി പിന്തുടരുന്ന സുഖലോലുപത്വം രാഷ്ട്രത്തിന് ഒരു ശാപമായിത്തീറ്ന്നിരിക്കുകയാണ്. അതില്നിന്നും ഒരു മോചനം നേടലാണ് ഗാനങ്ങളെ അവയുടെ ക്രമത്തിന്റ്റെ അടിസ്ഥാനത്തില് ഇപ്രകാരം വിവേചനപ്പെടുത്തുന്നത്.'

പദം ക്രമം എന്നിവ കഴിഞ്ഞ് പരിശോധിക്കപ്പെടുന്നത് ലയമാണ്. വിപുലവും വൈവിദ്ധ്യപൂറ്ണ്ണവുമായ യോഗമല്ല നമുക്കാവശ്യമായിട്ടുള്ളത്, ധീരവും അനുശാസിതവുമായ ഒരു ജീവിതത്തിനു പറ്റുന്നതരം രാഗം മാത്രമാണ്. വൃത്തത്തെ തെരഞ്ഞെടുത്ത് യുക്തമായ പദങ്ങളെക്കൊണ്ട് അതിനെ ശ്രുതിയുക്തമാക്കിത്തീറ്ക്കുന്നു. അല്ലാതെ, പദങ്ങളെക്കൊണ്ട് വൃത്തവും ശ്രുതിയും നിറ്മ്മിക്കുകയല്ല വേണ്ടത്. പദം ക്രമം ലയം എന്നീ മൂന്നു ഘടകങ്ങളിലും മുന്പറഞ്ഞ നിബന്ധനകളെ അനുസരിക്കുന്ന ഗാനങ്ങളെ മാത്രമേ പൌരന്മാരുടെ ഉപയോഗത്തിനായി ശുപാറ്ശചെയ്യുവാന് സ്ടേറ്റിന് അധികാരമുള്ളൂ. അവയെ ധിക്കരിക്കുന്ന ഗാനം ഒരു വിദ്രോഹ വസ്തുവത്രേ. അതിനെ പ്രക്ഷേപണം ചെയ്യുന്നത് ആള് ഇന്ത്യാ റേഡിയോവായാലും ഒരു ആകാശക്കോളാമ്പിയായാലും അതൊരു കുറ്റകൃത്യമാണ്. 'കവികളോടും ഗായകന്മാരോടും അവരുടെ രചനകളില് നല്ല പാത്രങ്ങളെമാത്രം ചിത്രീകരിപ്പാനും മറ്റൊന്നുംതന്നെ എഴുതാതിരിപ്പാനും പ്രത്യേകം നിറ്ദ്ദേശിക്കേണ്ടതാണ്. മാത്രമല്ല അപ്രകാരമുള്ള നിറ്ദ്ദേശങ്ങള് മറ്റെല്ലാ കലാകാരന്മാറ് ക്കും നല്കുകയും ചീത്തപ്പാത്രങ്ങളെ ചിത്രീകരിക്കുന്നതില്നിന്ന് അവരെ വിരമിപ്പിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിലെ അച്ചടക്കരാഹിത്യം, നീചസ്വഭാവം, ചിത്രം കൊത്തുപണി ശില്പവിദ്യ തുടങ്ങിയവയില്ക്കാണുന്ന വൈരൂപ്യം മുതലായവയെ അങ്ങനെ ഇല്ലായ്മ ചെയ്യാം. അതിനു കലാകാരന്മാറ്ക്ക് സാധിക്കുകയില്ലെങ്കില് അവരുടെ കലാപ്രവറ്ത്തനങ്ങളെ നിരോധിക്കുകതന്നെ വേണം. അപ്രകാരം നമ്മുടെ ഭാവിരക്ഷകറ്ത്താക്കള് ദുഷിച്ചവരായിത്തീരാതെകഴിയ്ക്കാം. നിരവധി കലാകാരന്മാറ് ദിനംപ്രതി അല്പാല്പമായി ചെയ്തുവരുന്ന അനാരോഗ്യകരമായ പ്രവറ്ത്തനങ്ങളേയും അവിവേകത്തോടുകൂടി ചെയ്യുന്ന ഗൗരവതരമായ മാനസികത്തെറ്റുകളേയും നിരോധിക്കുകതന്നെവേണം. നമ്മുടെ കലാകാരന്മാറ്ക്കും തൊഴില്ക്കാറ്ക്കും സൗന്ദര്യത്തിന്റ്റെ യഥാറ്ത്ഥ രൂപത്തെ ആവിഷ്ക്കരിക്കുവാന് കഴിവുണ്ടാകട്ടെ. അങ്ങനെ ഒരു നല്ല അന്തരീക്ഷത്തില് ജീവിക്കുന്ന നമ്മുടെ യുവാക്കള് അഭിവൃദ്ധിപ്പെടണം. അവറ് കാണുന്നതും കേള്ക്കുന്നതുമായ എല്ലാ കലാപ്രവറ്ത്തനങ്ങളും അവരെ നന്നാക്കിത്തീറ്ക്കുന്നതിന്നു മാത്രമേ പ്രോത്സാഹജനകമായിക്കൂടൂ. സുഖാവഹമായ കുളിറ്കാറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതുപോലെയാണിത്. അപ്രകാരം യുക്തിബോധത്തേയും യാഥാറ്ത്ഥ്യബോധത്തേയും അത് അവരില് സൃഷ്ടിക്കുകയും അവരെ പുതിയ ആളുകളായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.'  

[പ്ലേറ്റോ- റിപ്പബ്ലിക്ക് ഭാഗം 3. 'വിദ്യാഭാസത്തിന്റ്റെ ആരംഭിക ഘട്ടം.']

യഥാറ്ത്ഥ സൌന്ദര്യത്തിന്റ്റെ ദറ്ശനത്താല് ദീപ്തമാക്കപ്പെടുന്ന മനുഷ്യ മനസ്സു് സൗന്ദര്യത്തെ സമൂഹമദ്ധ്യത്തില് തെരയുകയും, അതിനെയവിടെ കാണാതെവരുന്നപക്ഷം അതിനെ മറച്ചുപിടിച്ച് ഇരുള്പരത്തുന്ന വൈരുദ്ധ്യങ്ങളോട് വിരോധഭാവേന വറ്ത്തിക്കുകയും ചെയ്യുന്നു. ഒരു ദറ്ശനം സ്വായത്തമാക്കിക്കഴിഞ്ഞ പരിവറ്ത്തനദാഹികളായ വിശ്വാസികള് വിഷയാസക്തിയ്ക്കെതിരെ പൊരുതുകയും കലയിലെയും സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും അന്ധകാരത്തിന്റ്റെ ഉള്ളില്നിന്നുതന്നെ വിപ്ലവങ്ങള് വികസിപ്പിച്ചെടുക്കുകയും ചെയ്തുകൊണ്ട് പ്രവറ്ത്ത നത്തിന്റ്റെ പറ്വ്വതോന്നതിയിലേയ്ക്കു കുതിയ്ക്കുന്നു. ദറ്ശനദരിദ്രരാകട്ടെ അന്ധകാരത്തെത്തന്നെ ആവിഷ്ക്കരിക്കുകയും ദുഷ്ടിനു നിത്യത കല്പ്പിക്കുകയും ചെയ്തുകൊണ്ട് അരാജകത്വത്തിന്റ്റെ ആഴത്തിലേയ്ക്കു തലകുത്തി വീഴുന്നു. ആദരണീയവും അനുകരണീയവുമായ ഭാവമാതൃകകള് കലയിലൂടെയും സാഹിത്യത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും പ്രോജ്ജ്വലവും പ്രകാശമാനവുമാക്കപ്പെടുമ്പോഴാണ് പരിഷ്ക്കരണ ത്തിലൂടെയും പരിവറ്ത്തനത്തിലൂടെയും പ്രസ്തുത സമൂഹം പുരോഗമിക്കുന്നത്. തമസ്സിന്റ്റെയും ദറ്ശനത്തിന്റ്റെയും നൂറ്റാണ്ടുകള് നീളുന്ന പരസ്പര സംഘറ്ഷത്തില്നിന്നും വല്ലപ്പോഴുമൊരിക്കല് മിന്നല്പ്പിണരുകള് ഉയിരെടുക്കുകയും മനുഷ്യമനസ്സിനു വഴികാട്ടുകയും ചെയ്യാറുണ്ട്. നാരായണ ഗുരു, കുമാരനാശാന്, കെ.പി.ജി.നമ്പൂതിരി മാസ്ടറ് തുടങ്ങിയ അദ്ധ്യാപക ശ്രേഷ്ഠറ് അക്ഷരത്തിന്റ്റെ കൊള്ളിമീന് വെളിച്ചത്തില് ഈ അന്ധകാരത്തിനകത്തെ വൈരുദ്ധ്യങ്ങളെ ചുടലപ്പറമ്പിലെ തീയിലെന്നപോലെ നമുക്ക് ദൃശ്യമാക്കിത്തന്നു. വിഷയാസക്തിയ്ക്കെതിരെ പടപൊരുതിയ ഈ വിശ്വാസികള് കാമോല്സുകതയുടെ കനത്ത ഭിത്തികള് ഭേദിച്ച് മനുഷ്യസൗന്ദര്യത്തെയും സ്വത്വത്തെയും പുറത്തു കൊണ്ടുവരുകയും, സ്വച്ഛവും ആദറ്ശ സുന്ദരവുമായ ഒരു ജീവിതം നയിക്കുന്നതിന് ഈ സമൂഹത്തിന്റ്റെയുള്ളില്ത്തന്നെ നിലവിലുള്ള സാദ്ധ്യതകളെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു. പ്രഖ്യാതങ്ങളായ നിരവധി പ്രക്ഷോഭസമരങ്ങള് അതിനെത്തുടറ്ന്ന് കേരളക്കരയെ പ്രകമ്പനം കൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുവെന്നതും, മാറുമറച്ചുകൊണ്ട് പൊതുവഴിയെ നടക്കാനും പള്ളിക്കൂടത്തില് പോകാനും കുടികിടപ്പുഭൂമിയിലെ അദ്ധ്വാനഫലം അനുഭവിയ്ക്കാനും മിച്ചഭൂമിയുടെ ഏറ്റെടുക്കലും പൊതുവിതരണവും ആവശ്യപ്പെടാനു മൊക്കെയുള്ള അവകാശങ്ങള്ക്കു നിയമപരിരക്ഷ നല്കുന്ന നയങ്ങള് നടപ്പിലാക്കാന് നമ്മുടെ ഗവ ണ്‍മെന്റ്റുകള് നിറ്ബ്ബന്ധിതമായിത്തീറ്ന്നുവെന്നതും ചരിത്രവസ്തുതകളാണ്. കലാപരവും സാഹിത്യപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയിലുള്ള മൃഗമോ മനുഷ്യനോ ഉണറ്ന്നെഴുന്നേല്ക്കുന്നത്. കഥാപാത്രങ്ങള് ജീവിതത്തിലെ ദുഷ്ടിനോടു സാത്മ്യം പ്രാപിച്ച തരത്തില് ആയിരിക്കുമ്പോള് വൈരൂപ്യത്തിന്റ്റെ നിരന്തരസ്പറ്ശനത്താല് അവമതിക്കപ്പെടുകയും വൈരുദ്ധ്യത്തിന്റ്റെ ഭോഗലോലുപതയില് നീന്തിത്തുടിക്കയും ചെയ്തുകൊണ്ട്, ദുഷ്ട് ലോകനിയതമാണെന്ന മിഥ്യാധാരണയില്പ്പെട്ട്, അക്രമത്തിന്റ്റെയും അരാജകത്വത്തിന്റ്റെയും അഗാധഗറ്ത്തത്തിലേയ്ക്ക് മനുഷ്യമനസ്സു് ആപതിയ്ക്കുന്നു. സാഹചര്യത്തിന്റ്റെ സ്വാധീനത വളറ്ന്നുവരുന്ന മനസ്സുകളെ അത്രയേറെ ബാധിക്കുന്നു. രാഗവും ലയവും മനസ്സിലേയ്ക്കു ചൂഴ്ന്നിറങ്ങി അതിന്റ്റെതായ ഒരു മുദ്ര അവിടെ പതിപ്പിക്കുന്നു. തന്നിമിത്തമാണ് സമൂഹത്തില് വ്യാപരിപ്പിക്കപ്പെടുന്ന കാവ്യങ്ങളേയും സംഗീതത്തേയും ഇത്ര കറ്ശ്ശനമായ രീതിയില് പരിശോധിക്കേണ്ടി വരുന്നത്. അധികമായ ശബ്ദം അരക്ഷിതത്വത്തിലേയ്ക്കും അരാജകത്വത്തിലേയ്ക്കും വ്യക്തിയേയും സമൂഹത്തേയും വഴിതെറ്റിക്കുന്നു. അധികം ശബ്ദവും അരക്ഷിതത്വബോധവുമാണ് നമ്മുടെ സമൂഹത്തില് ദൃശ്യമായിരിക്കുന്ന ധാറ്മ്മികാപഭ്രംശത്തിനു നിദാനമെന്ന് വിശ്രുത ഇന്ത്യന് ശാസ്ത്രജ്ഞന് ഡോ. സുദറ്ശന് തിരുവനന്തപുരത്ത് അഭിപ്രായപ്പെടുകയുണ്ടായി. പുരാതന കാലത്തെ അദ്ധ്യാപക ശ്രേഷ്ഠനായിരുന്ന പ്ലേറ്റോവും ആധുനിക കാലത്തെ ശാസ്ത്രപ്രതിഭയായ സുദറ്ശനും ഒരേപോലെ യോജിപ്പിലെത്തിയിരിക്കുന്ന വസ്തുത സ്വന്തം കണ്‍ഠവും ശ്വാസകോശവും പരമാവധി അനുവദിക്കുന്നത്ര ഉച്ചത്തില് ശബ്ദമുണ്ടാക്കുവാനുള്ള സ്വാതന്ത്ര്യമേ മനുഷ്യനു നല്കപ്പെട്ടിട്ടുള്ളൂ എന്നതാണ്. കൃത്രിമവും അസ്വാഭാവികവുമായ ശബ്ദങ്ങള് പക്ഷികള്, മൃഗങ്ങള്, മനുഷ്യറ് എന്നീ ജൈവാവിഷ്ക്കരണങ്ങളില് വിന്യസിക്കപ്പെട്ടിട്ടുള്ള ഉണ്മയെ നേരിട്ടു് ആദേശംചെയ്യുകയും ജൈവധറ്മ്മതിന്റ്റെ കാര്യനിറ്വ്വാഹകരായ നൈസറ്ഗ്ഗികസിദ്ധികളുടെ പ്രവറ്ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കോഴിയുടെ ശരീരത്തില്നിന്നും കൂടുതല് കൂടുതല് മുട്ടകള് പുറത്തു ചാടിക്കാന് പോലും യന്ത്രസംഗീതം പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. ശബ്ദം വിഷമാണ്. അത് വിഷയാസക്തി വളറ്ത്തുന്നു. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിശ്വാസത്തകറ്ച്ചയുടെ ആഴം ശബ്ദദുരന്തത്തിന്റ്റെ വ്യാപ്തിയ്ക്കുള്ളില് കൃത്യമായും അളന്നുകുറിക്കാം.നമ്മുടെ ദേശീയമൃഗമായി പട്ടി പ്രഖ്യാപിക്കപ്പെടുകയും നിറ്ത്താതെ പട്ടി കുരച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ദേശീയശബ്ദവും ശാപവുമായി മാറുകയും ചെയ്യപ്പെടുന്നതിനും മൂന്നുദശാബ്ദംമുമ്പു് എഴുതപ്പെട്ടത്.

No comments:

Post a Comment