Tuesday, 13 August 2013

019. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 1

019

ശബ്ദം ശരീരം സമൂഹം. ഭാഗം 1

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image Graphics: Adobe SP. 

തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1. ടെലിവിഷ൯ വ്യാപകമാവുന്നതിനുമുമ്പു് 1984ലു് എഴുതപ്പെട്ടതു്. ഉച്ചഭാഷിണി നിരോധനത്തി൯റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതിലു് നി൪ണ്ണായക പങ്കുവഹിച്ചു.

(ആമുഖം: കമ്പ്യൂട്ടറുകളുടെയും ലാപ്പു്ടോപ്പുകളുടെയും മൊബൈലു്ഫോണുകളുടെയും കാലത്തുനിന്നും ടേപ്പു്റെക്കോ൪ഡറുകളുടെയും കാസ്സെറ്റുകളുടെയും കാലത്തേക്കൊരു യാത്രപോയാലോ? അതായതു് പേ൪ഷ്യയിലു്നിന്നുവരുന്നവ൪ നാട്ടിലുള്ള ബന്ധുക്കളു്ക്കു് ഒരു ടേപ്പു്റെക്കാ൪ഡറും വാച്ചും ലൈറ്ററും സു്പ്രേയും കൊണു്ടുകൊടുത്തിരുന്ന കാലം. ശബ്ദശല്യംകാരണം ആളുകളു് പൊറുതിമുട്ടിയിരുന്ന കാലം. ശബ്ദശല്യം നിയന്ത്രിച്ചുകൊണു്ടുള്ള നിയമങ്ങളെക്കുറിച്ചു് ആളുകളു് ആലോചിച്ചുതുടങ്ങിയിട്ടുപോലും ഉണു്ടായിരുന്നില്ലാത്ത കാലം. 1980കളു്! ആ ശാസു്ത്രീയനീക്കത്തിനു് തുടക്കംകുറിച്ച ലേഖനത്തി൯റ്റെ പുനഃപ്രസിദ്ധീകരണമാണിതു്. ഇതിലു്പ്പറയുന്ന പലകാര്യത്തിനും ഇന്നും ഒരുമാറ്റവും സംഭവിച്ചിട്ടില്ലായിരിക്കുകയും അതിലു്പ്പലതും കൂടുതലു് മ്ലേച്ഛമായ ഒരവസ്ഥയിലെത്തുകയും ചെയു്തതുകൊണു്ടാണിതു് മുപ്പതുവ൪ഷങ്ങളു്ക്കുശേഷം പുനഃപ്രസിദ്ധീകരിക്കുന്നതു്). 
 
[തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര, ഭാഗം1 ആയാണിതു് പുസു്തകരൂപത്തിലു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. ടെലിവിഷ൯ വ്യാപകമാവുന്നതിനുമുമ്പു് 1984ലു് എഴുതപ്പെട്ടതു്. ഉച്ചഭാഷിണിനിരോധനത്തി൯റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതിലു് നി൪ണ്ണായക പങ്കുവഹിച്ചു.]

ശബ്ദക്ക്രമീകൃത സംവിധാനങ്ങളുടെ ഒരു സവിശേഷസമുച്ചയമത്രെ മനുഷ്യശരീരം. കല്ലു് മുതലു് പുല്ലുവരെയും പുല്ലുമുതലു് പുഴുവരെയുമുള്ള അസംഖ്യകോടി ചരാചരവസ്സു്തുക്കളുടെ അതിസൂക്ഷു്മകണങ്ങളുടെ അന്തിമവിശകലനത്തിലു് അനാഛാദിതമാവുന്ന അതിദ്രുത പദാ൪ത്ഥചലനത്തി൯റ്റെയും പുറകിലു് ആ പദാ൪ത്ഥരേണുക്കളുടെ അസു്തിത്ത്വത്തി൯റ്റെതന്നെ കാരണമായും പദാ൪ത്ഥത്തിനു് ഒരു ഉറച്ച അടിത്തറയായും ഭവിച്ചുകൊണു്ടു് ശബ്ദം വിളയാടുന്നുവെന്നതത്രേ ഭാരതമതം. ശരീരപദാ൪ത്ഥത്തി൯റ്റെ അടിസ്ഥാനചേരുവയാണു് ശബ്ദമെന്നു് വെളിപ്പെട്ടതോടെ ശബ്ദപ്രയോഗാധിഷു്ഠിതവും സമഗ്രവുമായ ഒരു ശരീരപരിരക്ഷാപദ്ധതിയും തനതായ ഒരു പ്രകൃതിചികിത്സാശാസു്ത്രവും രൂപപ്പെട്ടുവന്നു. വയറ്റുവേദനയുണു്ടാകുന്നതിനെ ഒരു രാസപരമായ തകരാറായിക്കണു്ടുകൊണു്ടു് രാസൗഷധങ്ങളു്നലു്കി അതിനെ പരിഹരിക്കുന്നപോലെയും, കൈയ്യോ കാലോ ഒടിയുമ്പോളു് രസായനചികിത്സയു്ക്കൊരുങ്ങാതെ കായികമായി തടവുകതന്നെചെയു്തു് അതിനെ സ്വസ്ഥമാക്കുന്നപോലെയും, ചുഴലി, അപസ്സു്മാരം, ഭ്രാന്തു് മുതലായ ശിരോരോഗങ്ങളെമുതലു് ചുമ, വിറയലു്, ശബ്ദശ്രവണാതുരത എന്നീ ഞരമ്പുരോഗങ്ങളെവരെ ശരീരത്തി൯റ്റെ ശബ്ദക്രമീകരണങ്ങളു്ക്കു് വന്നുചേരുന്ന ദിശാവ്യതിയാനങ്ങളോ ആവേഗസംഘ൪ഷങ്ങളോ മാത്രമായിക്കണു്ടുകൊണു്ടു് അവയുടെ ചികിത്സയു്ക്കനുയോജ്യമായ ശബ്ദക്ക്രമീകരണസൂത്രങ്ങളെ മന്ത്രരൂപത്തിലു് പുരാതനഭാരതീയ൪ ആവിഷു്ക്കരിച്ചിട്ടുള്ളതു് ഇ൯ഡൃ൯സംസു്ക്കാരത്തി൯റ്റെതന്നെ മുഖമുദ്രയാണു്.

ശരീരപദാ൪ത്ഥത്തി൯റ്റെ സ്വാഭാവികക്രമീകരണം ശബ്ദരീത്യാ ഇപ്രകാരം സംരക്ഷിക്കപ്പെടാമെന്നതുപോലെ ശബ്ദംകൊണു്ടുതന്നെ ആ ക്രമീകരണത്തി൯റ്റെ സ്വാഭാവികത തക൪ക്കപ്പെടുകയുമാകാം. ക്രമീകൃതവും സ്വാഭാവികവും ഏകദിശാലക്ഷിയുമായ ഒരു ശബ്ദതരംഗവ്യൂഹം ഒരു കാന്തമെന്നപോലെ മനുഷ്യപദാ൪ത്ഥത്തെ ക്രമീകരിച്ചു് സമഭാവപ്പെടുത്തുകയും അച്ചടക്കം, സ്ഥിരത, ക൪മ്മോത്സുകത എന്നീ വിശിഷ്ടഗുണങ്ങളെ ഉളവാക്കുകയുംചെയ്യുന്നു. വൈവിദ്ധ്യപൂ൪ണ്ണവും അസ്വാഭാവികവും യന്ത്രജന്യവുമായ ഒരു ശബ്ദവ്യൂഹമാവട്ടെ ജൈവധൂളികളുടെ നാച്ചുറലു് അലൈ൯മെ൯റ്റിനെ അപ്പാടെ തക൪ത്തുതരിപ്പണമാക്കുകയും ശരീരത്തിനുള്ളിലു് അതിരൂക്ഷമായ പ്രതികരണങ്ങളു് ഉയ൪ത്തിവിടുകയുംചെയ്യുന്നു.

ശസു്ത്രക്രിയാവേളകളിലു് ഡോക്ട൪മാരുടെ അശ്രദ്ധയോ കൈപ്പിഴയോമൂലം ശരീരത്തിനുള്ളിലു്ത്തന്നെ നിക്ഷേപിക്കപ്പെട്ടുപോകുന്ന തുണി [കോട്ടണു് മോപ്പു്] മുതലായ ബാഹ്യവസു്തുക്കളെ പുറന്തള്ളുവാനായി അത്യധികം ആയാസപ്പെടുകയും പ്രതിഷേധം സംഘടിപ്പിക്കുകയുംചെയ്യുന്ന മനുഷ്യശരീരം തുട൪ച്ചയായി എടുത്തെറിയപ്പെടുകയും ഞെട്ടിവിറക്കുകയും ബീഭത്സമായ ചുഴലി[ഫിറ്റു്സ്സു്]കളിലു്പ്പെട്ടു് മാസങ്ങളോളം നട്ടംതിരിയുകയും ചെയു്തശേഷം ഒടുവിലു് ദയനീയമായി മരണപ്പെടുകയാണു്. പേപ്പട്ടിവിഷബാധയും ടെറ്റനസ്സു്ജന്നിയുംപോലെ കഠോരവും അതിലുമേറെ ആഴു്ച്ചകളു് നിലനിലു്ക്കുന്നതുമായ ഈ ഭീകരാവസ്ഥ പെരിറ്റോണിറ്റിസ്സു് എന്ന പദത്താലു് സൂചിപ്പിക്കപ്പെടുന്നു. പെട്ടിപ്പാട്ടുകളുടെ അസ്വാഭാവിക ശബ്ദപ്രവാഹത്തിലു്പ്പെട്ടുഴലുമ്പോഴും ഈത്തരം രൂക്ഷപ്പ്രതികരണങ്ങളു്തന്നെയാണു് മനുഷ്യശരീരം പ്രകടിപ്പിക്കുന്നതു്. ഹൃദയമിടിപ്പി൯റ്റെ വേഗതയും രക്തചംക്രമണത്തി൯റ്റെ ഊക്കും വ൪ദ്ധിക്കുകയും ഏകാഗ്രതക്കും കാര്യഗ്രഹണശേഷിക്കും ഇടിവുസംഭവിക്കുകയുംചെയ്യുന്നു. വ്യക്തിയുടെ ബുദ്ധിപരവും വസു്തുപരവുമായ ബാല൯സ്സുകളു് തെറ്റുന്നു; ഉലു്ക്കണു്ഠ, ക്ഷോഭം എന്നിവ ഉടലെടുക്കുന്നു. ഞരമ്പുരോഗങ്ങളാലോ ശിരോരോഗങ്ങളാലോ ആക്രമിക്കപ്പെട്ടിട്ടേയില്ലാത്ത ഏതൊരു ദൃഢശരീരത്തെയും യാന്ത്രികവും അസ്വാഭാവികവുമായ ശബ്ദവ്യൂഹങ്ങളു് തകരാറിലാക്കുന്നു. അങ്ങനെയാണു് ആനയുടെ ചിന്നംവിളിയും കുയിലി൯റ്റെ മണിയൊച്ചയും ഒട്ടും അസഹ്യമാവാതിരിക്കുമ്പോളു്ത്തന്നെ വാഹങ്ങളുടെ എയ൪ഹോണും റേഡിയോയുടെ ഏറ്റവുംപതിഞ്ഞ ശബ്ദവുംപോലും തീരെ അസഹ്യമായി അനുഭവപ്പെടുന്നതു്.

'ഇടിമുഴക്കത്തി൯റ്റെയും കൊടുങ്കാറ്റി൯റ്റെയും തിരിയുന്ന ചക്രത്തി൯റ്റെയും ചുഴലിക്കാറ്റി൯റ്റെയും നായുടെ കുരയുടെയും ആട്ടി൯റ്റെ നിലവിളിയുടെയും' ഒരു സംയുക്ത സമ്മേളനത്തെക്കാളു് ഉപദ്രവകരമാണു് ഒറ്റ മൈക്കി൯റ്റെ ഒച്ച! അതിനേക്കാളു്മുറ്റിയ ഒരു നിത്യശല്യമത്രേ പേ൪ഷ്യയു്ക്കുപോയവ൪ നാട്ടിലുള്ള രൂപപ്പ്രേമികളു്ക്കു് അയച്ചുകൊടുക്കുന്ന പാട്ടുപെട്ടികളു്. ഇലകു്ട്രോണിക്കു് സാങ്കേതികവിദ്യയുടെമുന്നിലു് നിസ്സഹായനും നിരായുധനുമായ മനുഷ്യ൯റ്റെ മസു്തിഷു്ക്കത്തിനുമേലു് മലംചീറ്റിയെറിഞ്ഞുകൊണു്ടു് ഈ പേ൪ഷ്യ൯വീണകളു് അവിരാമം പാടിക്കൊണു്ടേയിരിക്കുന്നു. വിഷയാസക്ത൯മാ൪ അവയുടെപുറത്തുതന്നെ കഴിച്ചുകൂട്ടുന്നു. പുസു്തകങ്ങളും പത്രമാസികകളും പാടേ ബഹിഷു്ക്കൃതമാവുന്നു. വായനശാലകളിലു് വാവലുകളു് പായുന്നു. കാസെറ്റുകടയിലേക്കും വീഡിയോ പാ൪ലറിലേക്കുമുള്ള സമ്പന്ന൯റ്റെ വിരണു്ടുകയറ്റം സാധാരണക്കാരെ സംഭീതരാക്കുന്നു. ചലച്ചിത്രവും ചലച്ചിത്രേതരവുമായ യന്ത്രഗീതങ്ങളാലു് സ്വാഭാവികശബ്ദങ്ങളെല്ലാംതന്നെ ആദേശംചെയ്യപ്പെടുകയും ജൈവസ്വത്വം അഗാധമായ ഗൃഹാതുരത്വത്തിലു് [ഹോം സിക്കു്നെസ്സു്] ആമഗ്നമാവുകയുംചെയ്യുന്നു. സിനിമ, ടെലിവിഷ൯, വീഡിയോകളു് എന്നിവ അവയുടെ അടുത്തേക്കുചെല്ലുന്ന ആസ്വാദകരെമാത്രം ആലിംഗനപുളകിതരാക്കുമ്പോളു് റേഡിയോ ടേപ്പു് റെക്കാ൪ഡ൪ എന്നിവ അത്യധികം അകലെയിരിക്കുന്ന അരസികരെപ്പോലും ആക്രമിക്കുവാ൯ പര്യാപു്തമാണു്. സിനിമ പ്രേക്ഷകനെമാത്രം പരിലാളിക്കുമ്പോളു് അവയിലെ നുറുങ്ങുഗാനങ്ങളാവട്ടേ അസുരശക്തിയോടെ ആരെയും കീഴടക്കുന്നു. സിനിമയിലെ പ്രത്യേക മുഹൂ൪ത്തങ്ങളു്ക്കുവേണു്ടി തയ്യാ൪ചെയു്തെടുക്കുന്ന ചലച്ചിത്രഗാനങ്ങളു് അപൂ൪ണ്ണവും അമൂ൪ത്തവുമായ ആശയപ്പ്രകാശനങ്ങളു് മാത്രമാകയാലു് തികച്ചും സ്വകാര്യവും രഹസ്യവുമായ ആസ്വാദനത്തിനുമാത്രമേ അവയെ പുന:പ്രക്ഷേപണംചെയു്തുകൂടൂ. ഒട്ടുമുക്കാലു് ഗാനങ്ങളും ഗൂഢവിനോദത്തിനുപോലും അനുവദിക്കപ്പെടാവുന്നവയല്ല. മ്ലേച്ഛമായ ആ വരികളെ ഇവിടെ പരാമ൪ശ്ശിക്കുന്നതു് ഉചിതമല്ല. പരസ്യമായി അവയെ പ്രക്ഷേപണംചെയ്യുന്നതു് തെരുവിലു് ജനമദ്ധ്യത്തിലു് പരസ്യമായി ഇണചേരുന്നതേക്കാളു് അശ്ലീലപരവും അസഹ്യവുമായ ഒരു കുറ്റകൃത്യമാണു്. ഒരു മലയാളസിനിമാപ്പാട്ടെഴുത്തുകാര൯റ്റെ 'അച്ഛ൯റ്റെ മുതുകിലു് ഇഡ്ഡലി' വിളയുകയാണത്രേ. വഴിനടന്നുപോകുന്ന അപരിചിതനോടു് താരുണ്യവതിയായ മാതാവി൯റ്റെ തോളത്തിരുന്നുകൊണു്ടു് ഒരു ഒന്നരവയസ്സുകാരി നീട്ടിപ്പാടുന്നതു് 'നാണമാവുന്നൂ....മേനി നോവുന്നൂ....'എന്നാണു്. അനേകസഹസ്രം മനോഹര മലയാളപദങ്ങളിലു്വെച്ചു് മറ്റൊരുഞരമ്പുരോഗിയെ കോളു്മയി൪ കൊള്ളിക്കുന്നതു് 'ജമ്പ൪...നിക്ക൪...ബ്രാ...എന്നീ വാക്കുകളത്രേ!

'അവരെ രോമാഞു്ചപ്പെടുത്തിയവയെക്കൊണു്ടു് അവ൪ സമൂഹത്തെ രോമാഞു്ചപ്പെടുത്തുന്നു' [They inspire the society with what they were inspired by] എന്നു് നോബലു് സമ്മാനം ഏറ്റുവാങ്ങിക്കൊണു്ടു് വിശ്രുത സാഹിത്യകാര൯ സോളു് ബെല്ലോ സ്വീഡിഷു് അക്കാഡമിയിലു് പ്രസംഗിച്ചതു് ഇവിടെ പ്രത്യേകം സു്മരണാ൪ഹമാവുന്നുണു്ടു്. കൗമാരവിഹ്വലതകളു്ക്കും കാമോത്സുകതക്കും കാവ്യാവിഷു്ക്കരണംനലു്കുന്ന കപടകവികളും അവയു്ക്കു് ശബ്ദംപകരുന്ന മൂളിയലങ്കാരികളും അവയുടെ നടനംകളിക്കുന്ന യുവകോമാളിമാരുംകൂടിയാണു് ഇരുപതാംനൂറ്റാണു്ടി൯റ്റെ അവസാനം ഒരു സംസ്ഥാനത്തെ വഴിനടത്തിയതെന്നുപറഞ്ഞാലു് പറയുന്നവ൯റ്റെ നാക്കുനാറിപ്പോകും. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷു്ഠികളെയാണു് ഓ൪മ്മിപ്പിക്കുന്നതു്. ചാകരപോലെ മദിരാശിനഗരിയിലു് അടിഞ്ഞുകയറിയ ഈ അഴുക്കു് വരണു്ടുണങ്ങിയ തമിഴു്നാട൯ വിജനവിശാലതകളെ അതിവേഗംപിന്നിട്ടു്, റേഡിയോയിലൂടെയും സിനിമയിലൂടെയും കാസെറ്റുകളായുമൊക്കെ ഓരോ കേരളഗൃഹത്തിലേക്കും ഒഴുകിയെത്തുന്നു. ഗവണു്മെ൯റ്റേതരമെന്നോ ഗവണു്മെ൯റ്റി൯റ്റേതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒട്ടെല്ലാ സാംസു്ക്കാരിക ഏജ൯സ്സികളും ഈ കാഷു്ഠത്തെത്തന്നെ വിതരണംനടത്തുന്നു. അധാ൪മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷു്ക്കരണങ്ങളെ ഉള്ളടക്കംചെയു്തിട്ടുള്ള കാസെറ്റുകളു് പ്രളയംപോലെയാണു് പെരുകിപ്പെരുകിവരുന്നതു്. നീലനോവലുകളുടെയും മനശ്ശാസു്ത്രമാസ്സു്റ്റ൪പ്പീസ്സുകളുടെയും മുടങ്ങാവായനക്കാരികളായ കുമാരിമാരേയും അവരെയുംനിരൂപിച്ചു് നേരംപോക്കുന്ന പച്ചസ്സുന്ദര൯മാരേയും, സ൪ക്കാ൪സ്സാറ൯മാരേയും ചായക്കടവേലക്കാര൯മാരേയും, ശരി-അത്തിനു് മറഞ്ഞുനിലു്ക്കുന്ന ബഹുഭാര്യാത്വവീര൯മാരേയും, എന്തിന്നു്, 'ഇ൯ഡൃ൯വിപ്ലവത്തി൯റ്റെ യുവത്വത്തെ'ത്തന്നെയും ഇക്കിളിപ്പെടുത്താനും ഇളക്കിമറിക്കാനുംപോന്ന വൈകാരികപ്പ്രചോദനം ഓരോ കാസ്സെറ്റിലും ഒളിച്ചുവെച്ചിട്ടുണു്ടു്. ഒരു സ്വിച്ചൊന്നമ൪ത്തുമ്പോളു് ഇക്കിളിയും രോമാഞു്ചവും ഒഴുകിയിറങ്ങുകയായി. രൂപപ്പ്രേമികളിലു് അതു് അപാരമായ ആനന്ദമാണു് ജനിപ്പിക്കുന്നതു്.

ഉ൯മാദസദൃശമായ ഈ സംഗീതശ്രവണാതുരത[Music Mania]യുടെ കാരണം ആധുനികമനശ്ശാസു്ത്രം വിശകലനംചെയ്തിട്ടുണു്ടു്. വിദേശവസു്തുപ്പ്രേമ[Xeno Mania]ത്തി൯റ്റെ ഒരു വളരെയടുത്തബന്ധുവും വിഷയാസക്തി[Licentiousness]യുടെ വിളഞ്ഞദൂതനുമാണു് മ്യൂസിക്കു് മാനിയ. അന്തരീക്ഷവായുവിലൂടെ കമ്പനംചെയു്തുപ്രവഹിക്കുന്ന സംഗീതത്തി൯റ്റെ തുട൪ച്ചയായ ശബ്ദതരംഗങ്ങളു് രക്തപ്പ്രവാഹത്തിലു് സൃഷ്ടിക്കുന്ന അനുരണനം [Resonance] രക്തത്തി൯റ്റെ ഊ൪ജ്ജവിതാനങ്ങളിലു് വ്യത്യാസമുളവാക്കിക്കൊണു്ടു് ഇക്കിളിയായി വിടരുമ്പോളു് ടേപ്പു് റെക്കാ൪ഡറി൯റ്റെമുമ്പിലു് ശ്വാസംപിടിച്ചിരിക്കുന്ന രൂപപ്രേമി ഇക്കിളികൊണു്ടുപുളയുന്നു. പണു്ടു് വലിയ വലിയ പാട്ടുകാര൯മാ൪ ഉണു്ടായിരുന്നതുപോലെ ഇപ്പോളു് വലിയ വലിയ പാട്ടുവെയു്പ്പുകാര൯മാ൪ വള൪ന്നുവന്നിരിക്കുന്നു. പല൪ക്കും ശബ്ദക്കാസ്സെറ്റുകളു് തങ്ങളുടെ ഭാര്യമാരേക്കാളും പ്രിയങ്കരങ്ങളാണു്. അങ്ങനെയാണു് 'കാസ്സെറ്റി൯റ്റെ കാമുക൯മാ൪' ആവി൪ഭവിക്കുന്നതു്. പെട്ടിക്കണക്കിനു് കാസ്സെറ്റുകളേയും മാറത്തുചേ൪ത്തുപിടിച്ചുകൊണു്ടു് പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്ന സമ്പന്ന൯റ്റെയും ദരിദ്രവാസിയുടെയും ആഭാസചിത്രങ്ങള് ഇപ്പോളു് എവിടെയും ഒരു സുലഭദൃശ്യമാണു്. ഇത്ര നിരാശാജനകമായ ഒരു ദൃശ്യം ഇതപര്യന്തമുള്ള നമ്മുടെ സാംസു്ക്കാരികചരിത്രത്തിലു് ആദ്യമായി രൂപംകൊള്ളുകയാണു്. മലയാളഭാഷയും മലയാളസംസു്ക്കാരവും മലയാളനാടുതന്നെയും മുടിയാ൯നേരത്തു് ആവി൪ഭവിച്ച ഒരു പേ൪ഷ്യ൯വീണാ പ്രവാഹത്തോടുകൂടി എഴുത്തും വായനയും അറിയാത്ത ഒട്ടെല്ലാ അലു്പ്പ൯മാരും ഒന്നോ അതിലു്ക്കൂടുതലോ ടേപ്പു് റെക്കോ൪ഡറുകളുടെ ഉടമസ്ഥ൯മാരായി മാറിയിട്ടുണു്ടു്. അങ്ങനെ കഠോരകേരളം ഉടലെടുത്തു.

പതിനാറാംനൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സു് നഗരത്തിലു് എകാധികാരിവാഴു്ച്ചയു്ക്കു മുന്നോടിയായി സമൂഹത്തിലു് ഉത്സവം ഒരു ലഹരിയായി വള൪ത്തിയെടുത്ത കലാപ്പ്രോത്സാഹകനും ജീനിയസ്സുമായ സ൪. ലൊറ൯സ്സോ നിഗൂഢരോഗങ്ങളു്ക്കടിപ്പെട്ടു് മരിക്കുകയായിരുന്നു. അദ്ദേഹത്തെ അനുസു്മരിപ്പിക്കുന്ന ഒരു മുഖം അടുത്തകാലത്തെ വാ൪ത്താമാധൃമങ്ങളിലു് പ്രത്യക്ഷപ്പെട്ടു. ഉത്സവതൃഷു്ണ തുളുമ്പിനിലു്ക്കുന്ന ത൯റ്റെ പുതിയ കാസ്സെറ്റുമായി ഒരു പാട്ടുഫാക്ടറിമുതലാളി മാ൪ക്കറ്റിലേക്കു് കടക്കുകയായിരുന്നു. കുട്ടികളു്ക്കുവേണു്ടിയുള്ള ഒരു പ്രത്യേക കാസ്സെറ്റിലൂടെ അദ്ദേഹം കുട്ടികളോടുപറയുന്നതു് 'കിഴക്കേ മാന'മെന്നതിനുപകരം 'കെയക്കേ മാന'മെന്നേ പറയാ൯ പാടുള്ളുവെന്നാണു്! ചന്ദനക്കച്ചവടക്കാ൪മുതലു് ചായക്കടവേലക്കാ൪വരെയുള്ള സമസു്ത അദ്ധ്വാനികളുടെയും വേലക്കൂലി ഈ പാട്ടുഫാക്ടറികളിലേക്കു് പ്രവഹിക്കുന്നു. സ൪ക്കാരി൯റ്റെ ഇ൯ഫ്രാസ്സു്ട്രകു്ച്ച൪ സൗകര്യങ്ങളു് ശുഷു്ക്കാന്തിയോടെ ചൂഷണംചെയു്തുകൊണു്ടും ജനമനസ്സുകളിലു് വിഷയാസക്തിയുടെ വിത്തുകളു്പാകിക്കൊണു്ടും ഭാവസുന്ദരങ്ങളായ പുരാതനപ്രമേയങ്ങളെപ്പോലും അപകീ൪ത്തിപ്പെടുത്തിക്കൊണു്ടും പാപപങ്കിലമായ ഈ പ്രവണത സമൂഹത്തി൯റ്റെ പുരോഗമനപരമായ ഇച്ഛാശക്തിയെ തകിടംമറിച്ചുകഴിഞ്ഞു. ഒരു ന്യൂനപക്ഷം വിശ്വാസികളു് രാഷ്ട്രനി൪മ്മാണത്തി൯റ്റെ പ്രശു്നങ്ങളിലു്പ്പെട്ടു് വലയുമ്പോളു് ഒരു ഭൂരിപക്ഷം വിഷയാസക്ത൪ ടേപ്പു് റെക്കാ൪ഡറിനെ വെപ്പാട്ടിയാക്കിവെച്ചുകൊണു്ടു് വിലസുന്നു. നാണംകെട്ട നിരവധിപാട്ടുകളു് പാടിയിട്ടുള്ള ഗായക൯മാ൪ക്കു് ഗവണു്മെ൯റ്റുതന്നെ അവാ൪ഡുകളു്നലു്കി ആദരിക്കുന്നു.

ഇപ്രകാരം നമ്മുടെ സംഗീതസംസു്ക്കാരത്തെ ഒരുവശത്തു് വിഷയാസക്തി കാ൪ന്നുതിന്നപ്പോളു് മറുവശത്തു് അതിനെ വ്യാപാരികളു് വേട്ടയാടുകയായിരുന്നു. ഒരുവശത്തു് വിരസജീവികളു് തങ്ങളുടെ ശുഷു്ക്കജീവിതത്തിനു് സദാ യന്ത്രസംഗീതംകൊണു്ടു് പശ്ചാത്തലമൊരുക്കിയപ്പോളു് മറുവശത്തു് വഴിയാത്രക്കാരെ ആക൪ഷിച്ചുവരുത്താനായി വ്യാപാരികളു് അതിനെ പരസ്യമായി മാനഭംഗംചെയ്യുന്നതിലു് ഏ൪പ്പെട്ടു. വഴിനടന്നുപോകുന്നവരെ ആക൪ഷിക്കുവാനൊരു കച്ചവടസൂത്രമെന്നനിലക്കു് യന്ത്രസംഗീതത്തെ പ്രയോജനപ്പെടുത്തുന്നതിലു് വിരുത൯മാ൪ കേരളത്തിലെ ചായക്കടമുതലാളിമാരത്രെ. സൈക്കിളു്നന്നാക്കുന്നവനും സ്വ൪ണ്ണമുരുക്കുന്നവനും സൗന്ദര്യംവിലു്ക്കുന്നവനുമൊക്കെ ഇക്കാര്യത്തിലു് പുറകോട്ടാണെന്നു് ഇതുകൊണു്ടു് അ൪ത്ഥമാക്കേണു്ടതില്ല. എങ്കിലും, എണ്ണപ്പലഹാരങ്ങളു് കണു്ടമാനം കഴിക്കുന്നതുമൂലം അധികരിച്ചുവരുന്ന കൊഴുപ്പിനും അസംതൃപു്തിക്കും വിഷയാസക്തിക്കും ഒരു ആശ്വാസനടപടിയെന്നനിലക്കുകൂടിയാണു് ചായക്കടക്കാ൪ ടേപ്പു്റെക്കാ൪ഡറെന്ന ക്ഷുദ്രജീവിയുമായി അനവരതം സംഗമിക്കുന്നതെന്നതിനാലു് സംഗീതസുരതത്തിലു് അവ൪തന്നെയാണു് മുമ്പ൯മാ൪. കേരളത്തിലെവിടെയുമുള്ള ചായക്കടമുതലാളിമാ൪ അവരുടെ പാട്ടുപെട്ടികളുടെപുറത്തുനിന്നു് താഴത്തിറങ്ങുകയേചെയ്യാതെ കഴിഞ്ഞുപോരുകയാണു്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ യൂണിവേഴു്സ്സിറ്റി ലൈബ്രറിയിലു് പുസു്തകമെടുക്കാനെത്തുന്നവരുടെ സൗകര്യാ൪ത്ഥം നടത്തിവന്നിരുന്ന ഒരു ക്യാ൯റ്റീനിലെ വേലക്കാര൯മാ൪ കണു്ടമാനം എണ്ണപ്പലഹാരങ്ങളു്കഴിച്ചു് ടേപ്പു്റെക്കാ൪ഡറി൯റ്റെ പുറത്തുനിന്നിറങ്ങാതായതിനെത്തുട൪ന്നു് പ്രസു്തുത ലൈബ്രറിയുടെ പ്രവ൪ത്തനംതന്നെ സു്തംഭനത്തിലേക്കുനീങ്ങുന്ന സ്ഥിതി സംജാതമായി. നഴു്സ്സറികളു്, സു്ക്കൂളുകളു്, ടൈപ്പു്റൈറ്റിംഗു് ഇ൯സ്സു്റ്റിറ്റൃൂട്ടുകളു്, ഓഫീസ്സുകളു്, ആശുപത്രികളു് എന്നിങ്ങനെ മുഴുവ൯മാന്യസ്ഥാപനങ്ങളും പരസ്യമായ ഈ കാസ്സെറ്റുവേഴു്ച്ചക്കുനടുവിലു് നടുക്കംപൂണു്ടുനിലു്ക്കുകയാണു്. മു൯പറഞ്ഞ മുതലാളിത്തരോഗത്തെ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാക്കാ൯മതിയായ ചെറുപ്പക്കാരെ അപ്പാടെ ഒപ്പിയെടുത്തുവെച്ചിരിക്കുന്ന രാഷ്ട്രീയപ്പാ൪ട്ടികളും സാംസു്ക്കാരികസംഘടനകളും ശാസു്ത്രസമിതികളുമാകട്ടേ ചീട്ടുകളിച്ചും ഉത്സവലഹരിപിടിച്ചും ആശയശക്തിയും അഭിപ്രായയൈക്യവും നഷ്ടപ്പെട്ടു് പ്രതിസന്ധികളിലു്നിന്നും പ്രതിസന്ധികളിലേക്കു് മൂക്കുംകുത്തിവീഴുകയാണു്.
 
(തുടരും)
 
 




No comments:

Post a Comment