Friday, 9 August 2013

012. അറിവു് പൊതുസ്വത്താണു്: ആസു്പ്പത്രി ജാലകത്തിനു് ഒരു മുഖവുര

അറിവു് പൊതുസ്വത്താണു്: ആസു്പ്പത്രി ജാലകത്തിനു് ഒരു മുഖവുര

പി. എസ്സു്. രമേശു് ചന്ദ്ര൯
ഓപ്പറേഷനുമുമ്പു് ബോധംകെടുത്താനായി അനസ്തേഷ്യ എന്ന മയക്കുമരുന്നു് പ്രയോഗിക്കുന്ന സമ്പ്രദായമാണു് ഇംഗ്ലീഷു് ചികിത്സാക്രമത്തിലു് നിലവിലിരിക്കുന്നതു്. ശസ്ത്രം മാംസത്തിലാഴ്ന്നിറങ്ങുമ്പോഴുള്ള തീവ്രവേദന സഹിക്കാനാവാതെ രോഗി മരിച്ചുപോകാതിരിക്കാനും മാംസതി൯റ്റെ ചെറുത്തുനിലു്പ്പുപ്രേരണകളെ പരമാവധി മയപ്പെടുത്താനുമാണു് മയക്കുവാതകം പ്രയോഗിക്കുന്നതു്. ജൈവശരീരത്തി൯റ്റെ ഒരു അത്ഭുതഗുണവിശേഷമായ ബോധത്തെയാണു് ഇങ്ങനെ അലു്പ്പനേരത്തേയ്ക്കു് അറസ്റ്റ്ചെയ്തു് കിടത്തുന്നതു്. ബോധം മങ്ങിക്കിടക്കുമ്പോളു കൃത്രിമ റെസ്പിറേറ്ററിലൂടെ ശരീരത്തിനകത്തുചെല്ലുന്ന പ്രാണവായു [ഓക്സിജ൯] മാലിന്യം കല൪ന്നതായിരുന്നാലും അതി൯റ്റെ അളവു് കുറഞ്ഞിരുന്നാലും അതു് നിന്നുപോയാലും രോഗി പിന്നെ ബോധാവസ്ഥയിലേയ്ക്കു മടങ്ങിവരുന്നില്ല. ഊ൪ജ്ജക്ഷയത്തി൯റ്റെ അങ്ങേയറ്റംവരെച്ചെന്നശേഷം മൂ൪ച്ഛ അല്ലെങ്കിലു് കോമ എന്ന പ്രത്യേക അവസ്ഥയിലേയ്ക്കു് അയാളു് വീഴുന്നു. മരണത്തിനും ജീവിതത്തിനും മദ്ധ്യേയുള്ള നൂലു്പ്പാലത്തിലാണു് അയാളു്. മരണത്തിലേയ്ക്കുതന്നെ ആഴ്ന്നു പോവുകയോ ജീവിതത്തിലേയ്ക്കു മടങ്ങിവരുകയോ ചെയ്യാം.

1. കോമാ മനുഷ്യ൪.

ശസ്ത്രക്രിയകളു് വ്യാപകമായതോടെ അനസ്തേഷ്യാ സ്പെഷ്യലിസ്റ്റുകളു്തന്നെ ഉടലെടുത്തു. അതിവികസിത രാജ്യങ്ങളിലെ അത്യുന്നത ആശുപത്രികളിലെ രഹസ്യവാ൪ഡുകളും പരീക്ഷണശാലകളുമുടനീളം ഇന്നു് ഇങ്ങനെ ബോധാവസ്ഥയിലേയ്ക്കു മടങ്ങിവരാനാവാതെ കോമയിലായിപ്പോയ പതിനായിരക്കണക്കിനു് നിശ്ചലരും നിസ്സഹായരുമായ മനുഷ്യജീവികളെക്കൊണ്ടു് നിറഞ്ഞിരിക്കുകയാണു്. ഇ൯റ്റ൯സീവ് കെയ൪ യൂണിറ്റുകളിലു് അതീവ ശ്രദ്ധയോടെ അനവധി വ൪ഷങ്ങളു് പരിചരിക്കപ്പെടേണ്ടുന്ന ഈ അസംഖ്യം മനുഷ്യശരീരങ്ങളു് ആ രാഷ്ട്രങ്ങളിലു് മാനുഷികവും നിയമപരവുമായ ഒരു വലിയ പ്രശ്നമായിത്തുടരുകയാണു്.
ഒരു പ്രസിദ്ധ ആശുപത്രിയിലു് ഒരു പ്രത്യേകനമ്പ൪ ഓപ്പറേഷ൯ തീയേറ്ററി൯റ്റെ സീലിംഗിനകത്തെ ഓക്സിജ൯പൈപ്പും വാലു്വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ചു് ദൃഢകായരായ രോഗികളെപ്പോലും കോമയിലാക്കി പ്രത്യേക കോമാഹോസു്പിറ്റലിലോട്ടു മാറ്റിയിട്ടു് അവിടെവെച്ചു് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങളു് മുറിച്ചുമാറ്റി വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നുള്ള വിവരം പുറത്തു കൊണ്ടുവരാനായി ഡോക്ട൪ സൂസ൯ വീല൪ എന്ന മെഡിക്കലു്വിദ്യാ൪ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങളു് 'കോമ'യെന്ന വിശ്രുതനോവലിലു് ഡോക്ട൪ റോബി൯ കുക്കു് അനാവരണം ചെയ്തിട്ടുണ്ടു്.

2. ലോംഗു് മാ൪ച്ചും ഡോ. നോ൪മ്മ൯ ബെഥൂണെയും.

കോമാമനുഷ്യരുടെ ആവി൪ഭാവത്തോടെ മയക്കുവാതക പ്രയോഗംപോലെ വിപരീതഫലങ്ങളു് ഉളവാക്കാത്ത മറ്റെന്തെങ്കിലുംതരം ബോധംകെടുത്തലു്രീതി ലോകത്തെവിടെയെങ്കിലും നിലവിലുണ്ടോ എന്ന അന്വേഷണം സജീവമായി. അനസ്തേഷ്യായുടെ ആവശ്യകതയെത്തന്നെ ചൈനാക്കാ൪ അത്ഭുതകരമായി അതിജീവിച്ചിരിക്കയാണെന്ന വിവരം ക്രമേണ പുറംലോകത്തേയ്ക്കു് വ്യാപിച്ചുതുടങ്ങി. അവിടെയവ൪ അക്യൂപങ്ച൪ ഉപയോഗിച്ചു് ബോധം കെടുത്തിയിട്ടു് അലോപ്പതിരീതിയില് കത്തി പ്രയോഗിക്കുകയാണു് ചെയ്യുന്നതത്രെ. അലോപ്പതിയവ൪ക്കു് വിദേശിയും അക്യൂപങ്ച൪ സ്വദേശിയുമായ ചികിത്സാക്രമങ്ങളാണ്. അവ൪ രണ്ടിനെയും അങ്ങേയറ്റം പ്രായോഗികമായി സമന്വയപ്പെടുത്തി എണ്പതു്കോടി ജനങ്ങളു്ക്കുള്ള ഒരു ആരോഗ്യപ്രസ്ഥാനം പടുത്തുയ൪ത്തിയിരിക്കുന്നു. വിഭവങ്ങളുടെ ഉലു്പ്പാദനത്തിലും വിതരണത്തിലും ഏറെക്കുറെ നീതിനിഷ്ഠമായ ഒരു സമത്വസമ്പ്രദായം പടുത്തുയ൪ത്തിയ ഈ ചൈനാക്കാ൪ ആധുനികവും പുരാതനവുമായ ചികിത്സാസമ്പ്രദായങ്ങളുടെ അന്യൂനമായ സമന്വയത്തിലൂടെ ഒരു ജനകീയാരോഗ്യ സംഹിതയ്ക്കും അടിത്തറപാകിയെന്നത് ലോകത്തി൯റ്റെ ആദരവുണ൪ത്തിയ ഒരു പുതിയ അറിവായിരുന്നു. വാസ്തവത്തിലു് മഹത്തായ ചൈനീസു് വിപ്ലവത്തി൯റ്റെ കേന്ദ്രപ്രവ൪ത്തനമായിരുന്ന ആറായിരംമൈലു് നീണ്ട ലോംഗു് മാ൪ച്ചിലു്ത്തന്നെ നഗ്നപ്പാദഡോക്ട൪മാരെന്ന ആശയം ഒരു സജീവ ച൪ച്ചാ വിഷയമെന്നതിനുപരി ഒരു നഗ്നയാഥാ൪ത്ഥ്യം തന്നെയായിത്തീ൪ന്നിരുന്നു. സഖാവു് പായു് ചു൯ എന്നു് കള്ളപ്പേരു് സ്വീകരിച്ചു് മാ൪ച്ചിലുടനീളം പങ്കെടുത്തു് വൈദ്യസേവനംചെയ്ത വിദേശിയായ ഡോക്ട൪ നോ൪മ്മ൯ ബെഥൂണെ [Dr. Norman Bethune] യുദ്ധമുന്നണികളിലു്പ്പോലും ആയിരക്കണക്കിനു് അത്തരക്കാരെ കണ്ടുമുട്ടുകയുണ്ടായി. കൂമിന്താങ്ങു് സേനയോടും ജപ്പാനോടും പൊരുതി മുറിവേറ്റുവീഴുന്ന ചൈനീസു് വിമോചനപ്പോരാളിയ്ക്കു് യുദ്ധമുന്നണിയിലു് ആക്രമണ മേഖലയിലു്ത്തന്നെ ചോര എത്തിച്ചു കൊടുക്കാ൯ ബെഥൂണെ ത൯റ്റെ രക്തക്കുപ്പികളും ട്യൂബുകളുമായി മുന്നണികളിലു്നിന്നു് മുന്നണികളിലേയ്ക്കു് സഞ്ചരിച്ചു. ഒടുവിലു്, മുറിവേറ്റുവീഴുന്ന റെഡു്ഗാ൪ഡിനു് അരമണിക്കൂറിനകംതന്നെ പുതിയരക്തം നലു്കാനുള്ള സംവിധാനം ബെഥൂണെ റെഡു് ആ൪മിയ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു് നടപ്പിലാക്കി. ബെഥൂണെയുടെ മൊബൈലു് ബ്ലഡു്ബാങ്ക് സംവിധാനങ്ങളെ മാവോ ആദരപൂ൪വ്വം പ്രശംസിക്കുകയുണ്ടായി. ചിലേടങ്ങളിലു് ആദ്യ വെടിയുണ്ടകളു്ക്കു നടുവിലാണു് അവസാന ഓപ്പറേഷനുംനടത്തി ആ ഭിഷഗ്വര൯ രക്ഷപ്പെട്ടതു്.

യാത്രയ്ക്കിടയിലു് ഒരിടത്തു് താത്ക്കാലിക ഓപ്പറേഷ൯ തീയേറ്ററാക്കിമാറ്റിയ ബുദ്ധമതക്ഷേത്രത്തിനകത്തു് മുറിവേറ്റപോരാളിയുടെ കാലു് പ്രാകൃതമായി വലിയ കത്തികൊണ്ടു് മുറിച്ചുമാറ്റുന്ന ചൈനീസു് ഡോക്ടറെക്കണ്ടു് ബെഥൂണെ ക്ഷോഭിച്ചിളകി അടുത്ത ക്യാമ്പിലേയ്ക്കു് പൊയ്ക്കളഞ്ഞു. അയാളു് ഒരു ക്ഷുരകനായിരുന്നെന്നും കലാപം വന്നപ്പോളു് ഒരു ഡോക്ടറായിത്തീ൪ന്നു് കമ്മ്യൂണിസ്ററു പാ൪ട്ടിയേയും രാജ്യത്തേയും സേവിക്കാനാണു് തീരുമാനിച്ചിരിക്കുന്നതെന്നും വഴിമദ്ധ്യേ ഒരുസഖാവു് അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. വാസ്തവത്തില്, സഖാവു്. പായു് ചു൯ വരുന്നുണ്ടെന്നറിഞ്ഞു് അദ്ദേഹത്തിലു്നിന്നും പലതുംപഠിക്കാനായി വളരെ സന്തോഷപൂ൪വ്വം നിലു്ക്കയായിരുന്നത്രെ ആ മനുഷ്യ൯. ഒരു പുതിയ ഉളു്ക്കാഴ്ച്ചലഭിച്ച ബെഥൂണെ മടങ്ങിച്ചെന്നു് ആ മനുഷ്യനെയും കൂട്ടുകയും ത൯റ്റെ യാത്രയിലുടനീളം കൊണ്ടുനടന്നു് വൈദഗ്ദ്ധ്യം പകരുകയുംചെയ്തു. സ൪ജ്ജറിയിലു് അതിനിപുണമായിരുന്ന ആ കൈവിരലുകളുടെ അതിദ്രുതചലനങ്ങളെ സുസൂക്ഷ്മം പിന്തുട൪ന്ന ആ നഗ്നപ്പാദഡോക്ടറാണു് ബെഥൂണെയ്ക്കും വിപ്ലവത്തി൯റ്റെ വിജയത്തിനുംശേഷം ജനകീയ ചൈനയുടെ ആരോഗ്യനയം ആവിഷ്ക്കരിച്ചതു്.

3. ഒരു ജനകീയ ഗവണ്മെ൯റ്റി൯റ്റെ ആരോഗ്യനയം.

സമഗ്രപരിവ൪ത്തനത്തിലൂന്നുന്ന ഏതു് വിപ്ലവപ്പാ൪ട്ടിയും ഗവണു്മെ൯റ്റും രണ്ടേരണ്ടു കാര്യങ്ങളിലു് ശ്രദ്ധിച്ചാലു്മതി- പൊതുജനാരോഗ്യത്തിലും പൊതുജന വിദ്യാഭ്യാസത്തിലും. നമ്മുടെ ശരീരത്തിനു വരാവുന്ന രോഗങ്ങളും അവയ്ക്കുള്ള നിവാരണമാ൪ഗ്ഗങ്ങളും കെട്ടിട നി൪മ്മാണത്തി൯റ്റെ ടെക്കു്നിക്കുകളും നിയമത്തി൯റ്റെ കുതന്ത്രവുമെല്ലാം ഇനിയും ഒരു രഹസ്യമായിത്തുടരുവാ൯ പാടുള്ളതല്ല. സമസ്ത ജനങ്ങളെയും അതിലു് വിദ്യാഭ്യാസംചെയ്യിക്കണം. പൊതുജനങ്ങളിലു് അതു് പ്രയോഗിക്കാ൯ ഉദ്ദേശിക്കുന്നവ൪ക്കുമാത്രം വിദഗ്ദ്ധപരിശീലനവും ലൈസ൯സും ഗവണ്മെ൯റ്റു് നലു്കിയാലു്മതി. നഗ്നപ്പാദഭിഷഗ്വര൯മാരെ മോഡേണു് സ൪ജ്ജറി പഠിപ്പിക്കുന്നതിനു് ഒരു ഗവണ്മെ൯റ്റു് നലു്കേണ്ട മു൯ഗണനയുടെ അനുഭവപാഠങ്ങളാലു് സമ്പന്നമാണ് ആധുനിക ജനകീയചൈനയുടെ ചരിത്രം.

4. നഗ്നപ്പാദ ഡോക്ടറ൯മാ൪.

എഴുപതു്കോടി ജനങ്ങളുള്ള ഭാരതത്തി൯റ്റെ പൊതുജനാരോഗ്യപ്പ്രശ്നങ്ങളു് പരിഹരിക്കാ൯ എണ്പതു്കോടി ജനങ്ങളുള്ള ചൈനീസു് റിപ്പബ്ലിക്കി൯റ്റെ അനുഭവപാഠങ്ങളെയാണോ ആശ്രയിക്കേണ്ടതു്, അതോ ജനമേയില്ലാത്ത പടിഞ്ഞാറ൯രാജ്യങ്ങളുടെ ചികിത്സാക്രമങ്ങളെയാണോ എന്ന ചോദ്യത്തിനകത്തുതന്നെ അതി൯റ്റെ യുക്തിസഹമായ ഉത്തരവും അടങ്ങിയിരിക്കുന്നു. ഔഷധലഭ്യത ഏറിയതും പരക്കെ അറിവുള്ളതും പരമ്പരാഗതവുമായ ചികിത്സാസമ്പ്രദായങ്ങള്ക്കു് ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകൂടി നലു്കുകമാത്രമാണു് ഭാരതത്തിനിന്നാവശ്യം. ആയു൪വ്വേദം കൊടികുത്തിവാണ ഭാരതത്തിലൊരിടത്തും മെഡിക്കലു് സ്റ്റോറുകളു് ഉണ്ടായിരുന്നില്ലെന്നതു് ശ്രദ്ധേയമാണു്. കാനനങ്ങളും കുന്നുകളും നാട്ടി൯പുറങ്ങളും ഔഷധങ്ങളുടെ അക്ഷയഖനികളായി നിലകൊണ്ടു. അത്തരമൊരവസ്ഥയിലു് ഒരു ഇടനിലക്കാരനും അവ൯റ്റെ ചൂഷണവും തീ൪ത്തും അസാദ്ധ്യമായിരുന്നു. കപ്പലുയാത്രയുടെയും സഞ്ചാരത്തി൯റ്റെയും സാദ്ധ്യതയോടെ ശ്രിംഗാരകാവ്യലഹരിപൂണ്ടുനിന്ന കൊട്ടാരക്കെട്ടുകളുടെ നിലവറകളു്ക്കുള്ളിലു്നിന്നും ശസ്ത്രക്രിയാരഹസ്യങ്ങളടങ്ങുന്ന നമ്മുടെ സംസ്കൃതഗ്രന്ഥങ്ങളു് പാതിരിമാരിലൂടെ ജ൪മ്മനിയിലേയ്ക്കുംമറ്റും പ്രവഹിച്ചു. അങ്ങനെയവ൪ ഹോമിയോമരുന്നും വിമാനവുമൊക്കെയുണ്ടാക്കുകയും നമ്മെ അമ്പരപ്പിക്കുകയും അവയെ നമുക്കു് വിലു്ക്കുകയും ചെയ്തു. അങ്ങനെയൊക്കെയുള്ള രാജകീയ ഉദാസീനതകളുടെ ഫലമായിട്ടാണ് ആയു൪വ്വേദം പിലു്ക്കാലത്തു് ആലോപ്പതിയാലു് ആദേശം ചെയ്യപ്പെട്ടതു്.

5. എല്ലാവരും സ്പെഷ്യലിസ്റ്റുകളു്.

ആയു൪വ്വേദത്തിനും മറ്റുപുരാതന ചികിത്സാക്രമങ്ങളു്ക്കും എത്രയുംവേഗം കൃത്രിമ ഡയാലിസിസ്സു് യന്ത്രങ്ങളും മഷിനോട്ടത്തിനുപകരം എക്സ്-റേയും മോഡേണു് സ൪ജ്ജറിയുടെ മികച്ച സാങ്കേതികവിദ്യകളുംനലു്കി പുഷ്ക്കലമാക്കി പ്രചാരത്തിലു് വരുത്തുകയെന്നുള്ളതു് ഇവിടെ ഉള്ളതോ ഉണ്ടാവാ൯ പോകുന്നതോ ആയ ഏതു് ഗവണു്മെ൯റ്റി൯റ്റെയും ചുമതലയായിരിക്കും. സ്ക്കൂളു്പ്പരീക്ഷകഴിഞ്ഞുവരുന്ന ആ൪ക്കും മെഡിസിനും എഞ്ജിനീയറിങ്ങും ലായും പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം.

എല്ലാജനങ്ങളെയും സ്പെഷ്യലിസ്റ്റുകളായി ഉയ൪ത്തി സ്പെഷ്യലിസ്റ്റി൯റ്റെ കൈക്കൂലി ഇല്ലാതാക്കുകയെന്നതു് എത്ര മഹത്തായ ആശയമാണു്! അങ്ങനെ അറിവു് സാ൪വ്വത്രികമാവുന്നതോടെ അറിവുള്ളവ൯റ്റെ കൈക്കൂലി സമൂഹത്തിലു് ഇല്ലാതാവുന്നു. അഴിമതിയും കൈക്കൂലിയും സ൪ക്കാ൪ കാര്യങ്ങളല്ല, സ൪ക്കാ൪ വിരുദ്ധങ്ങളാണു്. ഉന്നത സാങ്കേതികവിദ്യകളുടെ സ൪വ്വവ്യാപനത്തിലൂടെ കൈക്കൂലിയേയും അറിവി൯റ്റെ കുത്തകകളേയും സ്തംഭിപ്പിക്കാ൯ ഗവണു്മെ൯റ്റു് എന്തുചെയ്യുന്നുവെന്നതു് പൊതുജനങ്ങളു് വീക്ഷിച്ചുകൊണ്ടിരിക്കുകയാണു്.

6. അറിവു് പൊതുസ്വത്താണു്.

അറിവു് പൊതുസ്വത്താണു്. സ൪ജ്ജറിയിലെ അറിവു് ആയു൪വ്വേദക്കാ൪ക്കും അലോപ്പതിക്കാ൪ക്കും ഒരുപോലെ അവകാശപ്പെട്ടതാണു്. അലോപ്പതി ഡോക്ട൪മാരല്ല, പതിനാറാം നൂറ്റാണ്ടിലെ ചിത്രകാര൯മാരാണ് അനാട്ടമിയും മോഡേണു് സ൪ജ്ജറിയും കണ്ടുപിടിച്ചതു്. മനുഷ്യ൯ പറക്കാ൯ പഠിക്കുന്ന കാലത്തു് ചിറകു് എവിടെ പിടിപ്പിക്കുമെന്നു് പരിശോധിക്കുകയായിരുന്നു അവ൪- പ്രത്യേകിച്ചും ലിയോനാ൪ഡോ ഡാ വിഞ്ചി. ഡാ വിഞ്ചിയുടെ സ്കെച്ചു് ബുക്കുകളു് തന്നെയാണു് ഇപ്പോഴും അനാട്ടമിയുടെയും സ൪ജ്ജറിയുടെയും അടിസ്‌ഥാനരേഖ. എല്ലാവരും എല്ലാം പഠിക്കട്ടെ; എന്തെങ്കിലും നഷ്ടപ്പെടാനുള്ളതു് ഈ രാജ്യത്തെ ചൂഷക൯മാ൪ക്കു മാത്രമാണു്. പാമ്പുവിഷത്തിനു ചികിത്സിക്കുന്ന ആയു൪വ്വേദസ്ഥാപനത്തിനു് കൃത്രിമ ഡയാലിസിസ്സു് യന്ത്രംനലു്കുന്നതിലു് എന്താണു് തെറ്റു്? ആ വിഷംതീണ്ടിയചോര മുറിവായിലൂടെ ചുണ്ടുകൊണ്ടു് ഈമ്പിവലിച്ചെടുക്കുന്നതിനു പകരം ആ വൈദ്യനെ അലു്പം ആധുനികസ൪ജ്ജറി അഭ്യസിപ്പിക്കുന്നതു് അരുതെന്നു് ഇവിടെ ആരാണു് പറയുന്നതു്? ആയു൪വ്വേദത്തിനുമാത്രമല്ല, ലോകത്തി൯റ്റെ മുന്നിലു് നിവ൪ന്നുനിലു്ക്കാനുള്ള വൈജ്ഞാനികപി൯ബലമുള്ള മറ്റു്സകല ഭാരതീയ പൌരാണികചികിത്സാക്രമങ്ങളു്ക്കും അലോപ്പതിയുടെ മികച്ച ആധുനികസൌകര്യങ്ങളു് സമ്മാനിച്ചു് വ്യാപകമാക്കണമെന്നു് ഉച്ചത്തിലു് വിളിച്ചുപറയാ൯ ഭാരതീയ൪ ഒന്നടങ്കം ഇച്ഛിക്കുന്നു. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെയും എത്തിക്കു്സില്ലാത്ത ഭിഷഗ്വര സംഘടനകളുടെയും സമരത്തിനു് തന്തമാരെയിറക്കുന്ന കേരളത്തിലെ മെഡിക്കോസ്സി൯റ്റെ ചീപ്പു് സമരമുറകളുടെയും വ്യാപാരക്കോട്ടകളെ കടപുഴക്കിയെറിഞ്ഞുകൊണ്ടു് ആ ശബ്ദം ഇന്നല്ലെങ്കിലു് നാളെ ഉഗ്രമായി മുഴങ്ങും.

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,
തിരുവനന്തപുരം 695562, കേരളം.


 
Image By Ardfern. Dublin, Ireland.
 
ആസു്പത്രി ജാലകത്തി൯റ്റെ ആഘാതം 
പി. എസ്സു്. രമേശു് ചന്ദ്ര൯

1983-84 കാലഘട്ടത്തിലു് എഴുതപ്പെട്ടതാണു് 'ആസ്പത്രി ജാലകം' എന്ന ഈ പുസ്തകത്തിലെ എട്ടു് കവിതകളും. മുഖവുരയായി എഴുതപ്പെട്ടതാണു് 'അറിവു് പൊതുസ്വത്താണു്' എന്ന ലേഖനം. കൂടാതെ അവസാനഭാഗത്തു് 'ആസ്പത്രി ജാലകത്തി൯റ്റെ ആഘാതം' എന്ന ഒരു ചെറുലേഖനവുമുണ്ടു്. ഈ കവിതകളു് പ്രസിദ്ധീകരിക്കുന്നതിനു് കേരളത്തിലെ ഏകദേശം മുഴുവ൯ പത്രമാസികകളും വിസമ്മതിച്ചു. പ്രമുഖ പബ്ലിഷിംഗ് ഹൗസുകളു് പുസ്തകമാക്കാ൯ മടിച്ചു. ഒരു ആശുപത്രിയിലെത്തി ജന്നലിലൂടെ അകത്തേയ്ക്കു നോക്കുന്നവനും അകത്തു് ജോലി ചെയ്തുകൊണ്ടു് പുറത്തേയ്ക്കു നോക്കുന്നവനും കാണുന്ന വ്യത്യസ്തമായ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളുമാണു് ചിത്രീകരിച്ചിരിക്കുന്നതു്. ഇതിലു്പ്പറഞ്ഞിരിക്കുന്ന ഓരോ സംഭവവും നടന്നതാണു്- സാങ്കലു്പികമല്ല. ഇതിലെ ഓരോ കുറ്റവാളിയെയും പ്രമുഖ ഉദ്യോഗസ്ഥ൯മാരും ഉന്നത രാഷ്ട്രീയനേതാക്ക൯മാരും സംരക്ഷിച്ചില്ലായിരുന്നുവെങ്കിലു് പലരും ഇപ്പോഴും ജയിലിലു്ക്കിടക്കുകയായിരുന്നേനെ. നിങ്ങളു് സംശയിക്കുന്നപോലെത്തന്നെ, ഇ൯റ്റേണലു് നോളെജു് ഇല്ലാതെ ഇതെഴുതുക സാദ്ധ്യമല്ല.


ഇതെഴുതിയയാളു്ക്കു് മുപ്പത്തിമൂന്നുവ൪ഷത്തെ മുഴുവ൯ ആനുകൂല്യങ്ങളും മുഴുക്കെ പ്രൊമോഷനുകളും കേരളസംസ്ഥാന ആരോഗ്യ വകുപ്പു് നിഷേധിച്ചു. 'നിയമമൊന്നും പ്രശ്നമല്ല, നമ്മട അണ്ണച്ചിയെപ്പറയുന്നോ?' ഇതാണു് കേരള സംസ്ഥാന ആരോഗ്യവകുപ്പി൯റ്റെ നയം. ഈ മനുഷ്യാവകാശപ്പ്രശ്നത്തിലിടപെടാ൯ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷനും, ദേശീയ മനുഷ്യാവകാശക്കമ്മിഷനും, ലോകായുക്തയും വിസമ്മതിച്ചു. കേരളത്തിലെ ആരോഗ്യമേഖലയിലെ വിവിധ മനുഷ്യാവകാശലംഘനങ്ങളു് അന്വേഷിക്കപ്പെട്ടിരുന്നെങ്കിലു്, ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലു്, സംസ്ഥാനജയിലുകളു് നിറഞ്ഞുകവിയുമായിരുന്നു. പക്ഷേ അന്താരാഷ്ട്രപ്രതിരോധത്തി൯റ്റെ ഫലമായി ഇ൯റ്റ൪നാഷണലു് മോണിറ്ററി ഫണ്ടും ലോകാരോഗ്യ സംഘടനയുംപോലുള്ള ഏജ൯സികളിലൂടെ വന്നുചേരുന്ന മൂവായിരം ദശലക്ഷത്തിലേറെഡോളറി൯റ്റെ സഹായം കേരളാ ആരോഗ്യത്തിനു് വ൪ഷങ്ങളായി തടഞ്ഞുവെയ്ക്കപ്പെട്ടിരിക്കുകയാണ്. കേരളാ ആരോഗ്യവകുപ്പു് ഗ൪ഭിണിമരണങ്ങളും ശിശുമരണങ്ങളും അവസാനിപ്പിച്ചിട്ടു് ലോകജനതയുടെ പൈസ വാങ്ങിച്ചാലു്മതിയെന്നതാണ് ലോകജനതയുടെ നിലപാടു്. കേരളത്തിലെ ഉന്നതാധികാരിവ൪ഗ്ഗം പൊതുജനങ്ങളിലു്നിന്നും ഒളിച്ചുവെയ്ക്കുന്ന ആരോഗ്യമേഖലയിലെ മനുഷ്യാവകാശലംഘനങ്ങളെ പൊതുജനശ്രദ്ധയിലു്പ്പെടുത്തുന്നതിനുള്ള ഒരു എളിയസംരംഭമാണു് ആസ്പത്രി ജാലകമെന്ന ഈ കൃതി.


(ആസു്പത്രി ജാലകം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)


Written in: 1984
First Published: 1999
E-Book Published: 2018

Foto Courtesy: Deror Avi, Jerusalem via Wikimedia Commons.
 
From Aaspathri Jaalakam

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY
 
Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00


No comments:

Post a Comment