Tuesday 3 September 2019

174. എന്തുകൊണു്ടാണു് സഹകരണബാങ്കുകളുടെ ഭരണം എന്തുതന്നെവന്നാലും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി വിട്ടുകൊടുക്കാത്തതു്? പി എസ്സു് രമേശു് ചന്ദ്ര൯

174

എന്തുകൊണു്ടാണു് സഹകരണബാങ്കുകളുടെ ഭരണം എന്തുതന്നെവന്നാലും മാ൪കു്
സ്സിസ്സു്റ്റുപാ൪ട്ടി വിട്ടുകൊടുക്കാത്തതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ray Fragapane. Graphics: Adobe SP.

1

സഹകരണബാങ്കുകളുടെ ഭരണമെന്നു്
കേളു്ക്കുമ്പോളു് ഏതു് രാഷ്ട്രീയക്കാര൯റ്റെയും മനസ്സിലു് ആദ്യം ഓടിയെത്തുന്നതു് സ്വന്തം ഭാര്യക്കും മക്കളു്ക്കും മച്ചമ്പിക്കും ഭാര്യയുടെ അനിയത്തിക്കും മച്ചമ്പിയുടെ അനിയനും അവിടെ ജോലിനേടിക്കൊടുക്കാനുള്ള അവസരമാണു്- പറ്റുമെങ്കിലു് അപ്പൂപ്പനുപോലും. കോണു്ഗ്രസ്സു്പ്പാ൪ട്ടിനേതാക്കളു് പണംവാങ്ങിച്ചുകൊണു്ടാണെങ്കിലും അനൃ൪ക്കുംകൂടി ചിലപ്പോളു് അവിടെ ജോലിനലു്കിയേക്കും, പക്ഷേ മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിനേതാക്കളു് ഒരിക്കലും അങ്ങനെചെയ്യുകയില്ല. സഹകരണപ്പ്രസ്ഥാനമാരംഭിച്ചു് കുറേവ൪ഷങ്ങളു് കേരളത്തിലതാരംഭിച്ച കോണു്ഗ്രസ്സുകാരതിനെ വളരെ മാന്യമായിത്തന്നെ മുന്നോട്ടുകൊണു്ടുപോയെങ്കിലും, വളരെ ആദ൪ശവാ൯മാരായ പല സഹകാരികളും അവരുടെയിടയിലു്നിന്നും ഉയ൪ന്നുവന്നെങ്കിലും, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതാക്ക൯മാരുടെ ശ്രദ്ധ സഹകരണബാങ്കു്മേഖലയിലേക്കു് പതിയുകയും അവ ഓരോന്നോരോന്നായി അവ൪ പിടിച്ചടക്കുകയും ചെയു്തുതുടങ്ങിയശേഷം ഈ മേഖലയിലു് ഒരു പാ൪ട്ടി-കുടുംബസി൯ഡിക്കേറ്റു് നിലവിലു്വന്നു. ഇപ്പോളു് ഈ പാ൪ട്ടിയിലു് എന്താണു്ടു് നൂറുശതമാനം നേതാക്കളുടെ പെണു്ടാട്ടിമാരും ഈ ബാങ്കുകളിലെ ഉദ്യോഗസ്ഥകളാണു്- അതോടൊപ്പം മക്കളും മരുമക്കളും. പാ൪ട്ടിയിലു്ത്തന്നെ, നേതാക്കളുടെ ആശ്രിത൪ക്കും ബന്ധുക്കളു്ക്കുമല്ലാതെ സാധാരണ പ്രവ൪ത്തകരുടെ ഭാര്യമാ൪ക്കോ മക്കളു്ക്കോ അവിടെ ജോലികൊടുത്തിട്ടുമില്ല. അതിലെന്തെങ്കിലും അഴിമതിയുണു്ടെന്നോ അതൊരു സ്വജനപക്ഷപാതമാണെന്നോ അവരാരുമിന്നു് കരുതുന്നില്ലെന്നതാണു് നമ്മെ അമ്പരപ്പിക്കുന്നതു്. പത്രങ്ങളിലു് പരേതരായ സഖാക്കളുടെ ചരമക്കോളങ്ങളു് വായിക്കുമ്പോളു്മാത്രമാണു് നമ്മളിതിനെക്കുറിച്ചു് ബോധവാ൯മാരാകുന്നതു്- പരേത൯റ്റെ മക്കളും മരുമക്കളും സഹോദരങ്ങളുമെല്ലാം സഹകരണബാങ്കു് ഉദ്യോഗസ്ഥ൯മാരും, ഉദ്യോഗസ്ഥകളും! അപ്പോളു് ആ പരേത൯ ആ പാ൪ട്ടിക്കസ്സേരയിലിരുന്നു് എന്താണു് ചെയു്തുകൊണു്ടിരുന്നതെന്നതിനെക്കുറിച്ചു് നമ്മളു് ആദൃമായി ബോധവാ൯മാരാവുന്നു.


2

ഒരു സഹകരണബാങ്കിലു് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു് ലോണു് ഡിപ്പാ൪ട്ടുമെ൯റ്റും ലോണു് കമ്മിറ്റിയും. നിങ്ങളൊരു പത്തുലക്ഷത്തി൯റ്റെ ലോണു് ആവശ്യപ്പെട്ടുവെന്നിരിക്കട്ടെ. കറുത്തബാഗുംതൂക്കി താടിവെച്ചയൊരാളു് നിങ്ങളെക്കാണാ൯വരും. തുട൪ന്നുനടക്കുന്ന കാര്യവിചാര-വിചാരണയു്ക്കൊടുവിലു് എങ്ങനെയെങ്കിലും ഈ ലോണു് സാംഗു്ഷ൯ചെയ്യിച്ചെടുക്കേണു്ടതി൯റ്റെ ചുമതല അയാളെത്തന്നെ നിങ്ങളു്ക്കേലു്പ്പിക്കേണു്ടിവരും. അതൊരു പാ൪ട്ടിയുടെ ആളായിരിക്കും- മിക്കവാറും ലോക്കലു്ക്കമ്മിറ്റി മെമ്പറോ, ബ്രാഞു്ചു് സെക്രട്ടറിയോ. ഏതു് ഗ്രാമത്തിലും പട്ടണത്തിലും ചെന്നാലും ഈയൊരു വ്യക്തി കാണുമെന്നതുറപ്പാണു്- നിങ്ങളുടെ നാട്ടിലും. വേഷത്തിലും താടിയിലും മുടിയിലും ചിലപ്പോളു് വ്യത്യാസം കണു്ടേക്കും, പക്ഷേ ബാഗിനു് യാതൊരു മാറ്റവുമില്ല, അതു് കൃത്യമായും കാണും. അയാളു് നിങ്ങളോടുവന്നുപറയും, ഈ ലോണു് പാസ്സാക്കണു്ടെന്നാണു് ലോണു് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്നു്. 'എന്തോരെതി൪പ്പായിരുന്നു! ഒറ്റയൊരാളു്പോലും നിങ്ങളു്ക്കുവേണു്ടി സംസാരിക്കാനില്ലായിരുന്നല്ലോ, അതെന്തു്? പിന്നെ ഞാ൯ കുറേ പറഞ്ഞുനോക്കി. അപ്പം എ൯റ്റോടയായി ചാട്ടം. നിങ്ങളു്ക്കു് എവിടെച്ചെന്നാലും ശത്രുക്കളു് മാത്രമേയുള്ളോ?'

ഒടുവിലു് അയാളുടെ 'ശ്രമ'ഫലമായി നിങ്ങളു്ക്കു് ആ ലോണു് കിട്ടുന്നു. ആ പണം കൈയ്യിലു്ക്കിട്ടിയ അന്നു്, ആ നിമിഷം, കൂടെവരും, നേരത്തേപറഞ്ഞ പത്തുശതമാനത്തിനായി. ത൪ക്കത്തിനൊടുവിലു് അഞു്ചുശതമാനത്തിനു് സമ്മതിച്ചാലു്ത്തന്നെ ചുമ്മാകിട്ടുന്ന അമ്പതിനായിരംരൂപാ കയു്ക്കുമോ? അതുകിട്ടുന്നതുവരെ നിങ്ങളുടെ വീട്ടിലു്നിന്നു് പോവുകയുമില്ല. ഒടുവിലു് മനസ്സമാധാനംതക൪ന്ന നിങ്ങളു് അതു് നലു്കുന്നു. ഇതു് ഏതനുപാതത്തിലാണു് ബാങ്കി൯റ്റെയും പാ൪ട്ടിയുടെയും പ്രസിഡ൯റ്റുമുതലു് പ്യൂണു്വരെ വീതിക്കുന്നതെന്നു് അവരോടുതന്നെ ചോദിച്ചറിയണം. പ്യൂണെന്നു് കേളു്ക്കുമ്പോളു് അധികാരവും പിടിപാടും കുറച്ചുകാണരുതു്: അതു് ചിലപ്പോളു് പാ൪ട്ടി സെക്രട്ടറിയുടെയോ പ്രസിഡ൯റ്റി൯റ്റെയോ മോ൯തന്നെയാകാം, ചിലപ്പോളു് ജാരസന്തതിയും.

3

സഹകരണബാങ്കിലു് നിങ്ങളു് ഇനി എന്തൊക്കെത്തന്നെ വെട്ടിപ്പുകളും ക്രമക്കേടുകളും നടത്തിയാലും പാ൪ട്ടിയുമായുള്ള ബന്ധം നിങ്ങളു് നല്ലവണ്ണം സൂക്ഷിക്കുകയാണെങ്കിലു് പാ൪ട്ടി നിങ്ങളെ ഒരുചുക്കും ചെയ്യില്ല. പാ൪ട്ടിയുമായി നല്ലബന്ധം സൂക്ഷിക്കുന്നതിനു് ബാങ്കിനെത്തന്നെ നിങ്ങളു്ക്കു് ബുദ്ധിപരമായി പലരീതിയിലു് ഉപയോഗിക്കുകയുമാകാം. എസു്. എഫു്. ഐ.യുടെ ഏരിയാ സമ്മേളനം നടക്കുകയാണെന്നിരിക്കട്ടെ. പ്രതിനിധികളുടെ ബാഗും ഫയലുംമുതലു് ഊണും മിനറലു്വാട്ടറുംവരെ ബാങ്കു്വക! സമ്മേളനസ്ഥലം ബാങ്കി൯റ്റെ ഓഡിറ്റോറിയംതന്നെ. ഫ്രീ. എന്തൊരുനല്ല സഖാവു്! വൗച്ചറുകളെല്ലാം കിറുകൃത്യം- മറ്റെന്തി൯റ്റെയെങ്കിലും ചെലവെഴുതിയുണു്ടാക്കിയതി൯റ്റെ. തിരുവനന്തപുരത്തെ പ്രസിദ്ധമായ പേരൂ൪ക്കട സ൪വ്വീസ്സു് സഹകരണബാങ്കു് നിങ്ങളുടെ സ്ഥാപനമാണെന്നു് വെറുതേ സ്വയം ഒന്നു് ചുമ്മാ സങ്കലു്പ്പിക്കുക. നിയമസഭാ തെരഞ്ഞെടുപ്പു് വരുന്നു. നിങ്ങളു്ക്കു് വട്ടിയൂ൪ക്കാവു് മണ്ഡലത്തിലു് പ്രശസു്തയായ പ്രൊഫ. ഡോക്ട൪. ശ്രീമതി. ശ്യാമയെത്തന്നെ പാ൪ട്ടി സ്ഥാനാ൪ത്ഥിയായി ലഭിക്കുന്നു. അവ൪ക്കു് തെരഞ്ഞെടുപ്പുചെലവിലേക്കായി ഒരു പത്തുലക്ഷംരൂപാ സംഭാവനചെയ്യാ൯ നിങ്ങളു്ക്കു് കൊതിയാവുന്നു. ഉടനേ ബാങ്കി൯റ്റെ വാ൪ഷികപൊതുസമ്മേളനം നടത്തിയതി൯റ്റെ ചെലവു് പത്തുലക്ഷം രൂപയിലു്നിന്നു് ഇരുപതുലക്ഷം രൂപയിലേക്കു് ഉയരുന്നു. ആ൪ക്കും ചേതമില്ലാത്ത ഒരുപകാരം! കൃത്യമായ വൗച്ചറുകളും കണക്കുകളും!! ആഡിറ്റുകാ൪ക്കും സന്തോഷം: വൗച്ചറുകളിലു് സംശയിക്കാനായി യാതൊന്നുംതന്നെയില്ല. ആഡിറ്റെന്നുപറഞ്ഞതു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അക്കൗണു്ട൯റ്റു് ജനറലി൯റ്റെയല്ല, സംസ്ഥാന സഹകരണവകുപ്പി൯റ്റെ.

4

ദേശാഭിമാനി അഡ്വാ൯സ്സി൯റ്റെ കഥയറിയുമോ...?

അറിവും വിദ്യാഭ്യാസവും സഖാക്കളു്ക്കു് സുപ്പ്രധാനമാണു്- സഹകരണമേഖലയിലു്-, സ്വന്തമായി അതുരണു്ടുമില്ലെങ്കിലും, അതുരണു്ടുമുള്ളവരെ പുച്ഛിക്കാനും പാ൪ട്ടിയിലു്നിന്നു് പുറത്താക്കാനും മുന്നിലാണെങ്കിലും. അറിവു് അപൂ൪ണ്ണവും പക്ഷപാതപരവുമാണെങ്കിലും അറിവുതന്നെയാണല്ലോ! അറിവി൯റ്റെയും ലോകവിവരത്തി൯റ്റെയും കാര്യത്തിലു് ലോകക്ലാസ്സിക്കായ ദേശാഭിമാനിപ്പത്രത്തിലു്നിന്നും അറിവും വിജ്ഞാനവും നേടാ൯ ദേശാഭിമാനിയുടെ വാ൪ഷികവരിസംഖൃത്തുകയായ രണു്ടായിരത്തഞ്ഞൂറു് രൂപാ സഹകരണബാങ്കുകളിലു്നിന്നും അഡ്വാ൯സ്സായി ലഭിക്കും. ദേശാഭിമാനിക്കുമാത്രമേ ഈ സ൪വ്വവിജ്ഞാനകിരീടപദവി ഉള്ളോയെന്നറിഞ്ഞുകൂടാ. ദേശാഭിമാനിപ്പത്രം വരുത്താ൯ ഇരുന്നൂറുപേ൪ക്കു് രണു്ടായിരത്തഞ്ഞൂറു് രൂപാവീതം സഹകരണബാങ്കിലു്നിന്നും അഡ്വാ൯സ്സനുവദിക്കുന്നു. (വിദ്യാഭ്യാസവായു്പ്പയായിരിക്കണം!) മെമ്പ൪ഷിപ്പെടുത്തശേഷം ഒരിക്കലു്പ്പോലും ബാങ്കിലേക്കു് തിരിഞ്ഞുനോക്കിയിട്ടില്ലാത്തവരും മരിച്ചവരുമുണു്ടല്ലോ- അവ൪ക്കാണു് വായു്പ്പയനുവദിക്കുന്നതു്- വായിച്ചുവളരാ൯! മൊത്തം അഞു്ചുലക്ഷം രൂപാ അങ്ങനെ പോക്കറ്റിലു്ക്കേറ്റുന്നു. ഇവരിലു്നിന്നും ഇനിയതീടാക്കാ൯ കഴിയില്ലെന്നു് ഡയറക്ട൪ ബോ൪ഡു് ഐകകണു്ഠേന കുറച്ചുകാലം കഴിഞ്ഞു് ‘കണു്ടെത്തുന്നു’, തീരുമാനം പാസ്സാക്കുന്നു. അങ്ങനെയതു് കിട്ടാക്കടമായി രേഖപ്പെടുത്തി എഴുതിത്തള്ളുന്നു. നിങ്ങളു് ചിലപ്പോളു് ചോദിച്ചേക്കും നിങ്ങളുടെ നാട്ടിലേക്കു് ഇരുന്നൂറു് ദേശാഭിമാനിപ്പത്രം അയക്കുകയോ അയക്കാതിരിക്കുകയോ ചെയ്യാ൯പറഞ്ഞു് അതു് ആക്കടലാസ്സി൯റ്റെ ആപ്പീസ്സിലു് ഇവ൯മാ൪ കൊണു്ടുപോയിച്ചെന്നു് അടച്ചുകാണില്ലേയെന്നു്!. അതിനൊരു മറുപടിയേയുള്ളൂ...: ‘പ്രിയ സഖാവേ... നിങ്ങളു് ഈ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നതു്’?

5

ചത്താലു്പ്പോലും സഹകരണബാങ്കുകളു് വിട്ടുകൊടുക്കാ൯പാടില്ലെന്നു് സീപ്പീയെം പ്രാദേശികനേതാക്കളു് ദൃഢനിശ്ചയംചെയു്തതും രക്തപ്പ്രതിജ്ഞയെടുത്തതും നോട്ടുനിരോധനകാലത്താണു്. സഹകരണബാങ്കുകളു്വഴി കോടിക്കണക്കിനുരൂപയുടെ കള്ളപ്പണംമാറിയെന്നു് ആരോപണമുയ൪ന്നതും ആദായനികുതിവകുപ്പും മറ്റുചില കേന്ദ്ര ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളും കേരളത്തിലെ സഹകരണബാങ്കു് പ്രസ്ഥാനത്തിനു് മൂക്കുകയറിടാ൯ ഒരുങ്ങിയിറങ്ങിയതും ഓ൪മ്മയുണു്ടല്ലോ! എല്ലാം ശരിയായിരുന്നു. കോടിക്കണക്കിനു് രൂപയുടെ കള്ളപ്പണം ഓരോ സഹകരണബാങ്കിലൂടെയും മാറി. ലോക്കലു്ക്കമ്മിറ്റി സെക്രട്ടറിമാരിലു്ക്കുറയാത്തവ൪ ദല്ലാള൯മാരായി ഇറങ്ങിനടന്നു് ഈപ്പണം ശേഖരിച്ചു് വെളുപ്പിച്ചെടുത്തു. അമ്പതുശതമാനംമുതലു് എമ്പതുശതമാനംവരെയായിരുന്നു കമ്മീഷനെന്നാണു് പിന്നീടുകേട്ടതു്. നിരോധനംകാരണം മുഴുവനും നഷ്ടപ്പെടാനായിപ്പോകുമ്പോളു് ഒരു ഇരുപതു് ശതമാനമെങ്കിലും വെളുപ്പിച്ചു് തിരിച്ചുപിടിക്കാ൯ കഴിഞ്ഞാലു്ത്തന്നെ അതൊരു വ൯നേട്ടമല്ലേ?

നേരത്തേപറഞ്ഞ ആദായനികുതിവകുപ്പും മറ്റുചില കേന്ദ്ര ഇ൯റ്റല്ലിജ൯സ്സു് ഏജ൯സ്സികളും ആരംഭിച്ച അന്വേഷണങ്ങളും നടപടികളുമെല്ലാം പെട്ടെന്നുതന്നെ നിലച്ചുപോയതും ഓ൪മ്മയുണു്ടല്ലോ? കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ എല്ലാമെല്ലാമായ പ്രണയിനിമാരായ സഹകരണബാങ്കുകളെ രക്ഷിച്ചെടുക്കാ൯ ബീജേപ്പീയെ മുഖ്യശത്രുവായിക്കാണുന്ന നയസമീപനമവസാനിപ്പിച്ചു് കോണു്ഗ്രസ്സിനെ മുഖ്യശത്രുവായിക്കാണുന്ന നയസമീപനമാരംഭിച്ചു് താത്വികമായും സംഘടനാപരമായും അങ്ങനെയൊരു കടുത്ത വിട്ടുവീഴു്ച്ചചെയ്യാ൯ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി നി൪ബ്ബന്ധിതമായി. പണമാണോ പാ൪ട്ടിപ്പ്രി൯സ്സിപ്പിളാണോ പ്രധാനം? തെറ്റുചെയു്ത പ്രണയിനിയെ രക്ഷിക്കാ൯ കാമാതുരനായ ഒരു കാമുക൯ എന്തൊക്കെയാണു് ചെയ്യാത്തതു്!

6

സഹകരണബാങ്കുകളിലെ ജീവനക്കാരുടെ ധാ൪ഷ്ട്യവും പാ൪ട്ടിമുഷു്ക്കുംകാരണം സാധാരണജനങ്ങളു്ക്കുണുടാകുന്ന ബുദ്ധിമുട്ടുകളോടു് ഈ ജനങ്ങളു് എങ്ങനെ പ്രതികരിക്കുമെന്നതു് സഹകരണബാങ്കു് ജീവനക്കാ൪ക്കും ഡയറക്ട൪ ബോ൪ഡിലിരുന്നു് അതിനെ നയിക്കുന്ന പാ൪ട്ടിനേതാക്ക൯മാ൪ക്കും ഒരു പ്രശു്നമേയല്ലെങ്കിലും പാ൪ട്ടിക്കു് അതൊരു വലിയ പ്രശു്നംതന്നെയാണു്. സഹകരണബാങ്കുകളു് നിലനിലു്ക്കുകയും സഹകരണബാങ്കുകളു്കാരണം പാ൪ട്ടി തുലഞ്ഞുപോവുകയുംചെയ്യുന്ന ഒരു സ്ഥിതിയുണു്ടാക്കിയിട്ടു് പാ൪ട്ടിക്കെന്തു് നേട്ടം, പാ൪ട്ടിക്കെന്തു് ഗുണം- സഹകരണബാങ്കുകളിലെ പാ൪ട്ടിക്കൈയ്യിട്ടുവാരികളു്ക്കല്ലാതെ? സഹകരണബാങ്കിലു് കൈക്കൂലികൊടുത്തോ ബന്ധുത്വപരിഗണയിലോ ഒരു ജോലി കിട്ടിക്കഴിഞ്ഞാലു്പ്പിന്നെ സ്വയംമറക്കുന്ന, സ്വന്തം മൂക്കിനപ്പുറംകാണാ൯ കഴിയാത്ത, ജീവനക്കാ൪ക്കും, ജനങ്ങളെപ്പിഴിഞ്ഞു് ഒരലു്പം കാശുണു്ടാക്കാ൯ കഴിഞ്ഞാലു് സ്വയം സംതൃപു്തിയടയുന്ന ബാങ്കു് ഡയറക്ട൪ബോ൪ഡുകളിലെ പാ൪ട്ടിപ്പ്രതിനിധികളു്ക്കും, തങ്ങളുടെ ജോലിയും സ്ഥാനവും നിലനിലു്ക്കണമെന്നതിലപ്പുറം പാ൪ട്ടിക്കൂറൊന്നുമില്ല. ഉണു്ടെങ്കിലു്ത്തന്നെ അതു് തങ്ങളെ നിയമിക്കുകയോ തങ്ങളെ പാനലിലുളു്പ്പെടുത്തി വിജയിപ്പിക്കുകയോ ചെയു്ത നേതാക്കളുടെ സേവകപ്പണിയിലൊതുങ്ങുന്നു. ഇവരെല്ലാമുണു്ടാക്കുന്ന ദുരനുഭവങ്ങളു്കാരണം ജനങ്ങളു് പുറമേ ഇവരെ ഇഷ്ടപ്പെടുന്നതായും ഇവരുടെ പാ൪ട്ടിയെ പിന്തുണക്കുന്നതായും നടിക്കുമെങ്കിലും അവരുടെ ഉള്ളി൯റ്റെയുള്ളിലു് ഒരു പാ൪ട്ടിശത്രു ഇവ൪കാരണം അതോടെ ജനിച്ചുകഴിഞ്ഞു. അവ൪ ഉള്ളിലു് സ്ഥിരമായും പാ൪ട്ടിയുടെ ശത്രുക്കളായിക്കഴിഞ്ഞു. അവസരംകിട്ടുമ്പോളു് അവ൪ അവരുടെ തനിനിറം പുറത്തെടുക്കുകയും പ്രതികാരംചെയ്യുകയും ചെയ്യും. അസ്സംബ്ലി, പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പുകളു് വരുമ്പോഴാണു് സാധാരണ ജനങ്ങളുടെ ഈ പ്രതികാരനടപടി ഉണു്ടാവാറുള്ളതു്. സഹകരണബാങ്കുകളുടെ ക്രൂരതക്കു് ലോകു്സ്സഭാ ഇലക്ഷ൯ വരുമ്പോളു് മറുവശത്തോട്ടുചെയു്തു് ക്രൂരമായി ജനങ്ങളു് പ്രതികാരംവീട്ടുന്നു. എന്നിട്ടു് അടുത്ത അസ്സംബ്ലി ഇലക്ഷ൯ വരാനായി കാത്തിരിക്കുന്നു, ബാക്കിയുള്ളതുംകൂടി കൊടുക്കാ൯. സഹകരണബാങ്കു് മുഖത്തടിച്ചതിനു് മറുപടിയായി പാ൪ട്ടിയുടെ കഴുത്തുതന്നെ അടിച്ചൊടിച്ചിടുന്നു ജനങ്ങളു്- തെരഞ്ഞെടുപ്പു് വരുന്നതുവരെ കാത്തിരുന്നിട്ടു്.

7

ശബരിമലസമരംകാരണമാണോ കേരളംമുഴുവ൯ പട൪ന്നുപന്തലിച്ചുകിടക്കുന്ന സഹകരണമേഖലകാരണമാണോ 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് ജനങ്ങളു് പാ൪ട്ടിയുടെ കഴുത്തടിച്ചൊടിച്ചതെന്നു് വ്യക്തമായും പാ൪ട്ടിക്കറിയാം, അവ൪ പുറമേ എന്തുതന്നെ ന്യായീകരണവും വിശദീകരണവും നിരത്തിയാലും, കാരണം പാ൪ട്ടിസെക്രട്ടറിയായിരുന്നപ്പോളു് വ൪ഷങ്ങളു്ക്കുമുമ്പു് സഖാവു് ചടയ൯ ഗോവിന്ദ൯ കൃത്യം ഇതേ പതനം പ്രവചിച്ചതാണു്. സ്വന്തം ആളു്ക്കാരെമാത്രം മെമ്പ൪മാരാക്കി നിറച്ചുവെച്ച ബാങ്കിലു്, ഒരുകാലത്തും ഒരു രാഷ്ട്രീയ അട്ടിമറിയിലൂടെ മറിച്ചിടാ൯പറ്റില്ലെന്നു് അംഗബാഹുല്യത്തിലൂടെ ഉറപ്പാക്കിവെച്ച ഒരു ബോ൪ഡിലു്, ആ അറിവി൯റ്റെ ഹൂങ്കിലും അഹന്തയിലും ജീവനക്കാരും ബോ൪ഡുമെമ്പ൪മാരും തന്നിഷ്ടംപോലെ എന്തുംചെയ്യുകയും 'നിനക്കൊക്കെ ത൯റ്റേടവും ചുണയുമുണു്ടെങ്കിലു് ഞങ്ങളെ മറിച്ചിട്ടു് കാണിക്കെടാ' എന്നു് പരസ്യമായി വെല്ലുവിളിച്ചുതുടങ്ങുകയുംചെയ്യുന്ന കാലത്തു്, ജനങ്ങളീ വെല്ലുവിളിയേറ്റെടുത്തു് ഒരു ഒണക്ക ഗ്രാമത്തിലു് ഒരു കുഞ്ഞു് ബാങ്കിനെ മറിച്ചിടുന്നതിനുപകരം മുഴുവ൯കേരളത്തിലു് ഇവരുടെയൊക്കെ സാക്ഷാലു് അച്ഛനായ പാ൪ട്ടിയെത്തന്നെ മറിച്ചിട്ടു് പണിചെയ്യുമെന്നതായിരുന്നു ചടയ൯ ഗോവിന്ദ൯റ്റെ പ്രവചനം. ഏറ്റവും കയു്പ്പുനിറഞ്ഞ ഒരു പ്രതിവിധിയാണ് സഹകരണബാങ്കുകളു്കാരണം ജനങ്ങളിലു്നിന്നും പാ൪ട്ടി നേരിടാ൯പോകുന്ന ഈ പ്രതികാരനടപടി ഒഴിവാക്കുന്നതിനായി ചടയ൯ ഗോവിന്ദ൯ നി൪ദ്ദേശിച്ചതു്. ആ കയു്പ്പുകാരണംതന്നെ ജില്ലാക്കമ്മിറ്റികളിലിരുന്ന ബാങ്കുചുമതലയുള്ള നേതാക്ക൯മാ൪ അതിനെ വലതുചെവിവഴിയെടുത്തു് ഇടതുചെവിവഴി പുറത്തേക്കുകൊണു്ടുപോയെറിഞ്ഞു.

8

’നമ്മുടെ സഹകരണബാങ്കു് ഡയറക്ട൪ബോ൪ഡുകളിലു് നമ്മുടെപാ൪ട്ടിയുടെ ആളുകളു്മാത്രമുള്ളതുകൊണു്ടു് അവ൪ക്കു് എന്തുംചെയ്യാനുള്ള ഒരു പ്രവണതയുണു്ടാകും. അവിടെ നമ്മുടെ പാ൪ട്ടിശത്രുക്കളു്കൂടിയുണു്ടെങ്കിലോ, അങ്ങനെചെയ്യാനുള്ള പ്രവണത അവസാനിക്കുകയുംചെയ്യും. നമ്മളു് മിതത്വംപാലിക്കുന്ന, സ്വജനപക്ഷപാതപരവും അഴിമതിരഹിതവുമായ, തീരുമാനങ്ങളെക്കുകയാണെങ്കിലാണല്ലോ പാ൪ട്ടിയു്ക്കതു് പൊതുവെയും സഹകരണമേഖലയു്ക്കതു് പ്രത്യേകിച്ചും ഗുണകരമാവുക! മറിച്ചാണെങ്കിലു് നമ്മളു്- പാ൪ട്ടി- സഹകരണബാങ്കുകളല്ല- ജനങ്ങളുടെ പ്രതികാരം ഒരുനാളു് നേരിടേണു്ടിവരും. പാ൪ട്ടിയും ഈ പാ൪ട്ടിക്കൊരു ഗവണു്മെ൯റ്റുമുണു്ടെങ്കിലേ സഹകരണമേഖലയിലെ പാ൪ട്ടിയുടെ ഉളു്പ്പെടലുകളെ ഗവണു്മെ൯റ്റേജ൯സ്സികളുടെ അനാവശ്യവും ആവശ്യവുമായ അന്വേഷണങ്ങളിലു്നിന്നു് നമുക്കു് സംരക്ഷിക്കുവാ൯കഴിയൂ. ജനങ്ങളുടെ പ്രതികാരനടപടികളു് ഉണു്ടാവുകയാണെങ്കിലോ, അങ്ങനെയൊരു പാ൪ട്ടിയോ അങ്ങനെയൊരു ഗവണു്മെ൯റ്റോതന്നെ കാലാന്തരത്തിലു് നമുക്കില്ലാതെയാകും. മറ്റുഗവണു്മെ൯റ്റുകളു് വരുമ്പോളു് എന്തായാലും വരുമെന്നുറപ്പുള്ള അന്വേഷണനടപടികളിലൂടെ ഇതിലു് ആയിരക്കണക്കിനു് ജീവനക്കാരുടെ ജോലി നഷ്ടപ്പെടുകയും അനേകം പ്രാദേശികസഖാക്കളു് അഴിമതിക്കേസ്സുകളിലു് പിടിക്കപ്പെടുകയും അതെല്ലാം അങ്ങനെയുംകൂടി പാ൪ട്ടിക്കു് വീണു്ടുമൊരു ബാദ്ധ്യതയും അപകടവുമാവുകയുംചെയ്യും. അതുകൊണു്ടു് അംഗസംഖ്യ എത്രയുമുണു്ടെങ്കിലു്ത്തന്നെയും നമ്മളു് സഹകരണബാങ്കുകളുടെ ഡയറക്ട൪ബോ൪ഡുകളുടെ രാഷ്ട്രീയഘടനമാറ്റണം.’

ഇതല്ലേ സഹകരണമേഖലയിലെ വിവേകത്തി൯റ്റെ സ്വരം? ഇതുതന്നെയായിരുന്നില്ലേ ചടയ൯ ഗോവിന്ദ൯റ്റെ കാഴു്ച്ചപ്പാടുകളുടെ സാരം?

9

‘സഹകരണമേഖലകാരണം ജനങ്ങളുടെ പ്രതികാരംവഴി പാ൪ട്ടി നശിക്കാതിരിക്കാനുള്ള ഏകവഴി അവ൪ക്കു് അംഗബലമുണു്ടെങ്കിലും ഇല്ലെങ്കിലും മറ്റു് രാഷ്ട്രീയകക്ഷികളെക്കൂടി നമ്മളു്തന്നെ ഭരണസമിതിയിലുളു്പ്പെടുത്തി സഹകരണബാങ്കുകളിലെ ബോ൪ഡുകളുടെ രാഷ്ട്രീയഘടന മാറ്റുകയാണു്. ഐക്യജനാധിപതൃമുന്നണിയിലെ രാഷ്ട്രീയപ്പാ൪ട്ടികളെ അങ്ങനെ ഉളു്പ്പെടുത്താ൯ തതു്ക്കാലം നമുക്കു് നിവൃത്തിയില്ല. എന്നാലു്, നമ്മുടെ ശക്തിയായ ഇടതുപക്ഷജനാധിപത്യമുന്നണിയിലെ പാ൪ട്ടികളെ നമുക്കു് ഉളു്പ്പെടുത്താമല്ലോ! അവരുടെകൂടി വോട്ടും ശക്തിയും ഉപയോഗപ്പെടുത്തിയാണല്ലോ നമ്മളു് പഞു്ചായത്തുകളും ഗവണു്മെ൯റ്റും പിടിക്കുന്നതു്, അല്ലാതെ നമ്മുടെമാത്രം വോട്ടും ശക്തിയുംകൊണു്ടല്ലല്ലോ. സഹകരണബാങ്കുകളിലെ പാ൪ട്ടിസഖാക്കളുടെ നെറികേടും പിടിവാശിയുംകാരണം പാ൪ട്ടിക്കു് പഞു്ചായത്തും ഗവണു്മെ൯റ്റും നഷ്ടപ്പെടുന്നതു് അനുവദിക്കാ൯കഴിയില്ല. നമുക്കു് ഒറ്റക്കുതന്നെ ഭരിക്കാ൯വേണു്ട അംഗബലമുള്ള സഹകരണബാങ്കുകളിലു് സി. പി. ഐ.ക്കും, കോണു്ഗ്രസ്സു് എസ്സിനും, ആറെസ്സു്പ്പിക്കും ജനതാദളിനും നമ്മുടെ സഖാക്കളു് സീറ്റുനിഷേധിക്കുകയാണു്. 'അംഗബലമുണു്ടെങ്കിലു് സ്വന്തമായി മത്സരിച്ചുജയിച്ചോ' എന്നതാണവരുടെ നിലപാടു്. അതി൯റ്റെ ഫലമായി ഈ ഘടകകക്ഷികളു് പഞു്ചായത്തിലും അസ്സംബ്ലിയിലും പാ൪ലമെ൯റ്റിലും തെരഞ്ഞെടുപ്പുകളു്വരുമ്പോളു് 'അംഗബലമുണു്ടെങ്കിലു് നിങ്ങളും സ്വന്തമായി മത്സരിച്ചുജയിച്ചോ' എന്ന നിലപാടെടുക്കുകയും നമ്മളെ കാലുവാരുകയും തോലു്പ്പിക്കുകയുംചെയ്യുന്നു. കേവലം സഹകരണബാങ്കുകളു്ക്കുവേണു്ടി മറ്റു് ജനാധിപത്യമണ്ഡലങ്ങളെയും മുന്നണിയിലെ ഘടകകക്ഷികളെയും ഉപേക്ഷിക്കാ൯ പാ൪ട്ടിക്കുകഴിയില്ല. അതുകൊണു്ടു് ഓരോ പ്രദേശത്തും അലു്പസ്വലു്പമെങ്കിലും വേരോട്ടമുണു്ടെങ്കിലു്, ബാങ്കിലു് അംഗസംഖ്യയില്ലെങ്കിലു്പ്പോലും, ഘടകകക്ഷികളെ സഹകരണബാങ്കുകളിലു് നമ്മളു് കൂടെനി൪ത്തി മുന്നണിയായിത്തന്നെ മത്സരിപ്പിച്ചു് വിജയിപ്പിക്കണം.’

ഇതായിരുന്നു മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്ന ശ്രീ. ചടയ൯ ഗോവിന്ദ൯ പാ൪ട്ടി ജില്ലാക്കമ്മിറ്റികളിലു് പ്രസംഗിച്ചതും അഹങ്കാരികളായ ജില്ലാക്കമ്മിറ്റിയംഗങ്ങളു് അപ്പോളു്ത്തന്നെ തള്ളിക്കളഞ്ഞതും, അതുകഴിഞ്ഞുവന്ന അലു്പ്പബുദ്ധികളായ സംസ്ഥാനസെക്രട്ടറിമാ൪ പുശ്ചത്തോടെ അവഗണിച്ചതും, 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് കേരളത്തിലെ ജനങ്ങളു് രണു്ടുകൈയ്യുംനീട്ടി സ്വീകരിച്ചതുമായ ആ പരിഹാരനി൪ദ്ദേശത്തി൯റ്റെ സാരം.

10

സഹകരണമേഖലയിലെ അഴിമതി ഒറ്റയടിക്കു് പിടിച്ചുനി൪ത്താനുള്ള ഒറ്റമൂലിപ്പ്രയോഗമായിരുന്നു ശ്രീ. ചടയ൯ ഗോവിന്ദ൯റ്റെ നി൪ദ്ദേശം, അതോടൊപ്പം മുന്നണിയിലെ ഘടകകക്ഷികളെ സമരസപ്പെടുത്താനും പാ൪ട്ടിയെ രക്ഷിക്കാനും ആത്യന്തികമായി സഹകരണമേഖലയെ സംരക്ഷിക്കാനും. ഒരു ഉന്നതനേതാവിലു്നിന്നുള്ള എല്ലാ അ൪ത്ഥത്തിലും തികച്ചും സുചിന്തിതവും സുശിക്ഷിതവുമായ നി൪ദ്ദേശം. സാധാരണഗതിയിലതു് കേരളത്തിലെയൊരു മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയിലു് അവഗണിക്കപ്പെട്ടുപോവുക എന്നുള്ളതു് അസംഭവ്യമാണു്. പക്ഷേ അസംഭവ്യമായതു് സംഭവിച്ചു. നേരത്തേ ഒരു പ്രമുഖ സഹകരണസ്ഥാപനത്തി൯റ്റെ പേരു് ഇവിടെ എടുത്തുപറഞ്ഞല്ലോ. തിരുവനന്തപുരന്തപുരം ജില്ലാക്കമ്മിറ്റിയിലു് സംസ്ഥാനസെക്രട്ടറിയുടെ ആ നി൪ദ്ദേശം ധിക്കരിക്കാ൯ ഏറ്റവും മുന്നിട്ടിറങ്ങിയ സഹകരണ സ്ഥാപനമായതുകൊണു്ടാണു് അതി൯റ്റെ പേരുമാത്രം ഇവിടെ എടുത്തുപറഞ്ഞതു്. സ്വന്തം സുഖപറുദീസ്സകളുപേക്ഷിക്കാനും അഴുക്കുചാലിലു്നിന്നും സ്വയം കേറിപ്പോരാനും എത്ര കൃമികീടങ്ങളു് തയാറാകും? ചടയ൯ ഗോവിന്ദനും പോയി, അദ്ദേഹത്തി൯റ്റെ നി൪ദ്ദേശവും അദ്ദേഹം പോയിടത്തേക്കുതന്നെ പോയി. അവിടെയിപ്പോഴും സീപ്പീയെം മാത്രമേ ഭരണസമിതിയിലുള്ളൂ. ഇടതുപക്ഷജനാധിപത്യ മുന്നണിയിലു്ത്തന്നെയുള്ള സി. പി. ഐ. യെപ്പോലും അടുപ്പിക്കുന്നില്ല. ഒറ്റയു്ക്കുവെട്ടിത്തിന്നുന്നതി൯റ്റെ സുഖം കൂട്ടായിവെട്ടിത്തിന്നാലു്ക്കിട്ടുമോ?

11

ഈ മുന്നണിവഞു്ചന ഓരോ പ്രദേശത്തെയും സീപ്പീയെം ബാങ്കുനേതൃത്വം ആരുമറിയില്ലെന്നരീതിയിലു് നിസ്സാരവലു്ക്കരിക്കുന്നു, പക്ഷേ ഓരോ ജില്ലാകമ്മിറ്റിയിലു്നിന്നും വ൪ഷങ്ങളായി ഇത്തരം റിപ്പോ൪ട്ടുകളു് തുട൪ച്ചയായി വരുന്നതു് സി. പി. ഐ.യ്യുടെ സംസ്ഥാനനേതൃത്വം കണക്കിലെടുക്കുന്നു. പലപ്രാവശ്യവും പലസ്ഥലത്തും അവ൪ സഹകരണബാങ്കുകളിലു് സീപ്പീയെമ്മിനെതിരെ മത്സരിച്ചു് ട്രയലു്റണ്ണുകളു് നടത്തിനോക്കി. എന്നിട്ടു് ഒരു മുന്നണിയിഷ്യൂവായിമാറാ൯ തക്കവിധം എടുത്തുചാടാതെ അവ൪ കാത്തിരുന്നു. കാത്തിരുന്നാലു് രണു്ടുണു്ടു് ഫലം. വ൪ഷങ്ങളു് കഴിയുമ്പോളു് സീപ്പീയെം ബോ൪ഡംഗങ്ങളു് അഞു്ചിനുപകരം അമ്പതുവ൪ഷം ജയിലു്ശിക്ഷലഭിക്കേണു്ട സാമ്പത്തികക്കുറ്റങ്ങളു് സ്വയം ചെയു്തുകൂട്ടിവെക്കും. അന്നേരംനോക്കി എതി൪വശത്തു് മത്സരിക്കുക, ജയിച്ചാലുമില്ലെങ്കിലും. ആ സമയത്തു് ആ ന്യായീകരണമുപയോഗപ്പെടുത്തി സീപ്പീയെമ്മി൯റ്റെ അതുവരെയുള്ള മുഴുവ൯ അഴിമതികളും വിളിച്ചുപറഞ്ഞു് അന്വേഷണം ആവശ്യപ്പെടാമല്ലോ. അപ്പോളു് ഭയന്ന സീപ്പീയെം മണിക്കൂറുകളു്നീളുന്ന കമ്മിറ്റികളു്ക്കുശേഷം ഒരാളെയോ രണു്ടാളെയോ പാനലിലെടുക്കാമെന്ന സമവായവുമായെത്തും. അപ്പോളതു് സ്വീകരിച്ചു് വഴങ്ങിക്കൊടുക്കുന്നതുപോലെ നടിച്ചു് സി. പി. ഐ. ബോ൪ഡിനകത്തു് കയറും. എന്നിട്ടു് മറ്റേക്കേസ്സുകളിലു് അന്വേഷണമാവശ്യപ്പെട്ടതു് പി൯വലിക്കാതെ അതു് നേടിയെടുക്കുകതന്നെ ചെയ്യും. അതോടെ പ്രസിഡ൯റ്റും സെക്രട്ടറിയും പല ബോ൪ഡംഗങ്ങളും ചില ജീവനക്കാരും അഴികളു്ക്കകത്താകും. അപ്പോളു് വീണു്ടും പ്രസിഡ൯റ്റിനെ തെരഞ്ഞെടുക്കേണു്ടിവരില്ലേ? അപ്പോളു് അംഗസംഖ്യയില്ലെങ്കിലും ബാങ്കുഭരിക്കാനുള്ള സി. പി. ഐ.യുടെ തടസ്സം മാറിക്കിട്ടിയില്ലേ? ഇതാണു് ഇനി നടക്കാ൯ പോകുന്നതു്!

ഒരു പ്രസിഡ൯റ്റു് ജയിലിനകത്താകുമ്പോളു് ഒരു ഭരണസമിതിയെയല്ല തെരഞ്ഞെടുക്കുന്നതു്, പുതിയയൊരു പ്രസിഡ൯റ്റിനെമാത്രമാണു്. അതുവരെയുള്ള യാതൊരഴിമതിയിലും പങ്കില്ലാത്ത സി. പി. ഐ.ക്കു് ആ സ്ഥാനം പിടിച്ചെടുക്കുന്നതിലു് വലിയ വിഷമംവരാ൯ സാധ്യതയില്ല. സി. പി. ഐ. എന്തുകൊണു്ടിത്രയുംകാലം കാത്തിരുന്നു? ക്ഷമയുള്ള മൃഗം ശത്രുവിനെ വീഴു്ത്തുന്നതു് കണു്ടിട്ടുണു്ടോ? സ്വന്തം സുരക്ഷിതത്താവളംവെടിഞ്ഞു് ഇരപിടിക്കാ൯ മുന്നോട്ടോടി ഇനി തിരിച്ചോടാ൯കഴിയുന്നതിലുമപ്പുറം ദൂരം ശത്രു മുന്നോട്ടോടിക്കഴിയുമ്പോളാണു് പെട്ടെന്നതു് ചാടിവീഴുന്നതു്. സീപ്പീയെമ്മിനെക്കാളു് പഴക്കവും കൂടുതലു് പഴയ തലകളുമുള്ള സി. പി. ഐ.യെ അതാരെങ്കിലും പഠിപ്പിച്ചുകൊടുക്കേണു്ടതുണു്ടോ?

12

സഹകരണബാങ്കുകളിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ കൈയ്യിട്ടുവാരലിനെയും ഫാസ്സിസ്സു്റ്റു് മനസ്ഥിതിയെയുംകുറിച്ചു് ഇത്രയുമെഴുതിയതിലു്നിന്നു് കോണു്ഗ്രസ്സോ, ബീജേപ്പീയോ, മറ്റു് പ്രാദേശികപ്പാ൪ട്ടികളോ ഇക്കാര്യത്തിലു് ഒട്ടും പിന്നിലാണെന്നു് കരുതരുതു്. സഹകരണമേഖലയിലെ കള്ളനാണയങ്ങളെക്കുറിച്ചു് ഇത്രയുമെഴുതിയതുതന്നെ സഹകരണമേഖലയിലെ നല്ലനാണയങ്ങളു് അത്രയും ആവശ്യപ്പെടുന്നതുകൊണു്ടാണു്. സഹകരണബാങ്കുകളു് ആരു് ഭരിക്കുന്നുവെന്നതല്ല, എന്തുചെയ്യുന്നുവെന്നതാണു് പ്രധാനം. എറണാകുളം ജില്ലയിലെ ചേരാനെല്ലൂ൪ വരാപ്പുഴ പ്രദേശങ്ങളു്ക്കടുത്തുള്ള വെള്ളംകെട്ടിക്കിടക്കുന്ന പാടശേഖരക്കെട്ടുകളു്നിറഞ്ഞ കടമക്കുടിയിലെ ദ്വീപസമൂഹജനതയു്ക്കു് പൊക്കാളി നെലു്ക്കൃഷിയും ചെമ്മീ൯കൃഷിയും നിലനി൪ത്തുന്നതിനു് കൈയ്യയച്ചു് സഹായംചെയ്യുകയും അവരുടെ ജീവനോപാധികളു്ക്കും ജൈവഉലു്പ്പന്നങ്ങളു്ക്കും പ്രചാരംകൊടുക്കാനും സുസ്ഥിരതനലു്കാനും കെട്ടുകലക്കിമഹോത്തവങ്ങളു് നടത്തുകയുംചെയ്യുന്ന അവിടത്തെ സഹകരണബാങ്കുപോലുള്ള പൊ൯നാണയങ്ങളെ സു്നേഹവാത്സല്യവായു്പ്പോടെ ജനങ്ങളു് നോക്കിക്കാണാതിരിക്കുന്നതെങ്ങനെയാണു്?

സഹകരണ മേഖലയിലു് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണു് ‘സഹകാരി’. സഹകരണപ്പ്രസ്ഥാനത്തി൯റ്റെ വള൪ച്ചക്കും ജനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനുംവേണു്ടി നിസ്സു്തുലവും നിഷു്ക്കാമവുമായ സേവനംചെയു്ത ആദ൪ശവാ൯മാരെയാണു് ‘സഹകാരി’ എന്ന പദംകൊണു്ടു് അ൪ത്ഥമാക്കുന്നതു്. ആ അ൪ത്ഥത്തിലു് കേരളത്തിലു് വളരെക്കുറച്ചു് സഹകാരികളേ ഉണു്ടായിട്ടുള്ളൂ. ഒരു സഹകരണസ്ഥാപനം രജിസ്സു്റ്റ൪ചെയ്യുകയും അംഗങ്ങളെച്ചേ൪ക്കുകയും നടത്തിക്കൊണു്ടുപോവുകയും ബന്ധുക്കളു്ക്കുമുഴുവ൯ അവിടെ ജോലിനലു്കുകയും ലോണനുവദിക്കുകയും ബാങ്കുപണത്തിലു്നിന്നും കൈയ്യിട്ടെടുത്തു് പാ൪ട്ടിച്ചെലവും വ്യക്തിച്ചെലവും വഹിക്കുകയും ചെയ്യുന്നവരുമെല്ലാം സഹകാരി’കളെന്നാണു് ഇപ്പോളു് സ്വയം വിശേഷിപ്പിക്കുന്നതു്! അവ൪മാത്രമല്ല, അവിടെ ശമ്പളംപറ്റി ജോലിയെടുക്കുന്നവരും അലവ൯സ്സുകളു്വാങ്ങി ബോ൪ഡിലിരുന്നു് ഭരിക്കുന്നവരും!

Written in reply to comments on this article when first published:

പ്രവീണു് എത്രതന്നെ താത്വികമായും സംഘടനാപരമായും പ്രായോഗികമായി വള൪ന്നിട്ടുണു്ടെങ്കിലും അതു് പാ൪ട്ടി സംസ്ഥാനസെക്രട്ടറിയായിരുന്ന സഖാവു് ചടയ൯ ഗോവിന്ദനോളം വരുകയില്ലെന്നു് ഈ ലേഖനകാര൯ കരുതുന്നു. അദ്ദേഹം പാ൪ട്ടി സംസ്ഥാനസെക്രട്ടറിയായിരിക്കേ സഹകരണമേഖലയിലെ ബാങ്കുകളെ നയിക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതാക്കളുടെ പ്രവൃത്തികളു് പാ൪ട്ടിവിരുദ്ധവും ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാകുമ്പോളു് അതു് ശക്തമായും ഫലപ്രദമായും തടയുന്നതിനുള്ള പരിഹാരം നി൪ദ്ദേശിച്ചു് പാ൪ട്ടി ജില്ലാക്കമ്മിറ്റികളിലു് പ്രസംഗിച്ചതു് എന്താണെന്നു് കേളു്ക്കാനോ അറിയാനോ ഉള്ള അവസരം കിട്ടുകയോ അങ്ങനെയൊന്നു് ഉണു്ടെന്നുള്ളതിനെക്കുറിച്ചുപോലും അറിയാനവസരംകിട്ടുകയോ ചെയു്തിട്ടില്ലാത്ത, സ്വന്തമായി പാ൪ട്ടി ഉത്തരവാദിത്വങ്ങളൊന്നുംതന്നെ ഏലു്പ്പിക്കപ്പെട്ടിട്ടില്ലാത്ത ഒരാളാണെന്നും മനസ്സിലാകുന്നു. ആപ്പ്രസംഗത്തിലെന്താണു് നി൪ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നറിയുവാ൯ ശ്രമിക്കുക. അറിയാ൯ ശ്രമിച്ചിട്ടും അതറിയുവാ൯ കഴിഞ്ഞില്ലെങ്കിലതിവിടെ പറയുക. ഒരു രാത്രിയുടെ സമയമുണു്ടു്. ജാഗ്രതയുള്ളൊരു പാ൪ട്ടിസഖാവിനു് ഒരു മണിക്കൂറും അതിനുള്ള ഒറിജിനലു് പാ൪ട്ടിബന്ധങ്ങളുംമതി!

Written/First published on: 03 September 2019

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D


Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

No comments:

Post a Comment