Saturday, 5 March 2022

809. റഷ്യയു്ക്കെതിരായ ഉക്രേനിയ൯ജനതയുടെ ധീരമായസമരമാതൃക നാളെ ഹോങു്കോംഗിനും തായു്വാനും ടിബറ്റിനുംപോലും ഒരു പാഠവും ആവേശവും പ്രോത്സാഹനവുമായിമാറും

809

റഷ്യയു്ക്കെതിരായ ഉക്രേനിയ൯ജനതയുടെ ധീരമായസമരമാതൃക നാളെ ഹോങു്കോംഗിനും തായു്വാനും ടിബറ്റിനുംപോലും ഒരു പാഠവും ആവേശവും പ്രോത്സാഹനവുമായിമാറും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Jakub Ivanov. Graphics: Adobe SP.


അതിശക്തമായ ഭീമ൯രാജ്യങ്ങളുടെ ആക്രമണങ്ങളിലു്പ്പെട്ടും അധിനിവേശങ്ങളിലു്പ്പെട്ടുംവലയുന്ന ചെറുരാജ്യങ്ങളു്ക്കു് ഒരു പാഠവും ആവേശവും പ്രോത്സാഹനവുമായിമാറിയിരിക്കുകയാണു് റഷ്യനധിനിവേശത്തിനും യുദ്ധത്തിനുമെതിരെ ഉക്രേനിയ൯ജനതയുടെയും അവരുടെ പ്രസിഡ൯റ്റി൯റ്റെയും 2022 ഫെബ്രുവരി 24മുതലുള്ള ചെറുത്തുനിലു്പ്പും പോരാട്ടവും. നാളെയിതു് സമാനസാഹചര്യംനേരിടുന്ന ഹോങു്കോംഗിലെയും തായു്വാനിലെയും ടിബറ്റിലെപ്പോലും ജനങ്ങളു്ക്കൊരാവേശമായേക്കാം, നി൪ത്തിയസമരങ്ങളു് വീണു്ടുംതുടങ്ങാ൯ അവരെ പ്രേരിപ്പിക്കുകയുംചെയു്തേക്കാം. റഷ്യകടന്നുകയറി ഉക്രെയിനുമേലു്നടത്തിക്കൊണു്ടിരിക്കുന്ന യുദ്ധത്തിലു് ലാഭംമുഴുവ൯ ചൈനയു്ക്കാണെന്നുപറഞ്ഞു് തുള്ളിച്ചാടുന്നവ൪ ഈയാഥാ൪ത്ഥ്യംകാണുന്നില്ല, അല്ലെങ്കിലു് മറച്ചുപിടിക്കുന്നു. ചൈനയധിനിവേശംനടത്തിയിരിക്കുന്ന ഹോംഗു്കോംഗും തായു്വാനും ടിബറ്റുംപോലുള്ള രാജ്യങ്ങളിലാണു്, അടുത്തുകണ്ണുവെച്ചിരിക്കുന്ന നേപ്പാളും ശ്രീലങ്കയുംപോലുള്ള രാജ്യങ്ങളിലാണു്, ഇതു് ആവേശവും പ്രതീക്ഷയും പ്രത്യാശയും പരത്തിയിരിക്കുന്നതു്. എതി൪വശത്തുള്ളതു് എത്രവലിയശക്തിയാണെങ്കിലും കീഴടങ്ങിക്കൊടുക്കണമോ, സ്വാതന്ത്ര്യസമരം അവസാനത്തെയാളു്വരെയും തുടരേണു്ടതല്ലേ,യെന്നൊരു പുന൪ചിന്തനം പലചെറിയരാജ്യങ്ങളിലുമിതു് ഉണ൪ത്തിവിട്ടിരിക്കുകയാണു്. ഉക്രെയിനു് റഷ്യയുടെമുന്നിലു് പിടിച്ചുനിലു്ക്കാ൯കഴിയുമോ, അവ൪ വിജയിക്കുമോ, അവരുടെസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമോ എന്നുള്ളതെല്ലാം അപ്രസക്തമാക്കിക്കൊണു്ടുതന്നെ അവരുയ൪ത്തിയ മാതൃക, സന്ദേശം, ലോകത്തു് പലജനതകളു്ക്കുമിടയിലു് പടരുകയാണു്- ആധുനികലോകത്തു് ഇതാണു് ഉക്രെയിനി൯റ്റെ ദൗത്യമെന്നപോലെ.

ഇതുപോലെ കൈയ്യടക്കപ്പെട്ടതോ കൈയ്യടക്കത്തിലേക്കുനീങ്ങുന്നതോ ആയ രാജ്യങ്ങളോടൊപ്പംതന്നെ ജനജീവിതംഞെരുങ്ങി അങ്ങേയറ്റം വിഷമത്തിലു്ക്കഴിയുന്നവയാണു് അവകാശമുന്നയിക്കപ്പെട്ടരാജ്യങ്ങളു്- ഡിസ്സു്പ്പ്യൂട്ടഡു് ലാ൯ഡു്സ്സു്. ഈ 'ത൪ക്കത്തിലുള്ളതു്' എന്നുപറയുമ്പോളു് ഈപ്പ്രദേശങ്ങളിലു് അവകാശമുന്നയിക്കുന്നരാജ്യങ്ങളു് അന്താരാഷ്ട്രനീതിന്ന്യായക്കോടതിയിലോമറ്റോ കൊണു്ടുചെന്നു് ഒരുകേസ്സുകൊടുത്തിട്ടു് നിശ്ശബ്ദരായിനടക്കുന്നുവെന്നല്ല അ൪ത്ഥം, അവ൪ എതി൪കക്ഷിക്കു് അവിടെയുള്ള പിടിയഴിപ്പിക്കാ൯ സകലബലവും പ്രയോഗിച്ചുകൊണു്ടിരിക്കുകയാണു്, ആപ്പ്രദേശം പിടിച്ചടക്കാ൯ കായികമായും ഭൗതികപരമായും സകലതുംചെയു്തുകൊണു്ടിരിക്കുകയാണു്. അങ്ങനെയാണു് ഈ അവകാശമുന്നയിക്കപ്പെട്ട പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാവുന്നതു്.

ഇവയെല്ലാം രാജ്യങ്ങളു്തന്നെയാവണമെന്നില്ല, പ്രദേശങ്ങളോ ദ്വീപുകളോ ഉപദ്ദ്വീപുകളോ ദ്വീപസമൂഹങ്ങളോയൊക്കെയാവാം. ഇംഗ്ലണു്ടും മൗറീഷ്യസ്സും മാലു്ഡൈവു്സ്സും സെയു്ഷെല്ലസ്സും അവകാശമുന്നയിക്കുകയും ഇംഗ്ലണു്ടു് ഭരിക്കുകയുംചെയ്യുന്ന ഛാഗോസ്സു് ഉപദ്ദ്വീപുകളും ഫ്രാ൯സ്സും മഡഗാസ്സു്ക്കറും പിടിമുറുക്കിയിരിക്കുന്ന ഗ്ലോറിയോസ്സോ ദ്വീപുകളുംതന്നെ ഉദാഹരണം. ഇ൯ഡൃയും പാക്കിസ്ഥാനും അവകാശംപറയുന്ന ജമ്മു-കാഷു്മീ൪, ആസ്സാദു്-കാഷു്മീ൪, സിയാച്ചി൯ ഗ്ലേസ്സിയ൪, ജിലു്ജിത്തു്- ബാളു്ട്ടിസ്ഥാ൯ എന്നിവ ഇതേയവസ്ഥയിലായി ജനജീവിതംദുസ്സഹമായ കുറേക്കൂടിവലിയ പ്രദേശങ്ങളോ സംസ്ഥാനങ്ങളോ ആണു്. തായു്ലാ൯ഡിലെ ഡോയു് ലാംഗു് ബ൪മ്മയുടെ ഭീഷണിയിലായി ഇങ്ങനെയായി.

ഹിമാലയത്തിലെ ശിവ൯റ്റെയും പാ൪വ്വതിയുടെയും വീടായ കൈലാസത്തിലേക്കും മാനസസരോവരത്തിലേക്കുമുള്ള ഇ൯ഡൃയുടെ യാത്രാപാതയായ ഉത്തരാഖണ്ഡു് സംസ്ഥാനത്തെ കുമയോണു് ഡിവിഷനിലെ പിത്തോരഗ൪ ജില്ലയിലെ കാലാപ്പാനിത്താഴു്വാരപ്പ്രദേശവും നദിയും നേപ്പാളി൯റ്റെകണക്കനുസരിച്ചു് വേറേ സംസ്ഥാനത്തും വേറേ ഡിവിഷനിലും വേറേ ജില്ലയിലുമാണു്, ടിബറ്റും ക൪ണാലിയും ലുംബിനിയും ഇ൯ഡൃയുടെ കുമയോണുമതിരിടുന്ന സുദു൪പ്പശ്ചിമ പ്രവിശ്യയിലെ ഡാ൪ച്ചുല ജില്ലയിലാണു്.

ഇസ്സ്രായേലി൯റ്റെയും ലെബനോണി൯റ്റെയും സിറിയയുടെയും അവകാശത്ത൪ക്കങ്ങളു് ഗോലാ൯കുന്നുകളെ നരകമാക്കി. ഇസ്സ്രായേലും പാലസ്സു്റ്റീനുംതമ്മിലുള്ള ത൪ക്കങ്ങളു് വെസ്സു്റ്റു് ബാങ്കു് പ്രദേശത്തെയും കിഴക്ക൯ യെരുശ്ശലേമിനെയും അതോടൊപ്പം ഇസ്സ്രായേലിനെയും പാലസ്സു്റ്റീനെയുംതന്നെയും പ്രതിസന്ധിയിലാക്കി. റഷ്യയും ജപ്പാനുമായി ത൪ക്കത്തിലുള്ള സഖാലി൯ ദ്വീപുകളു്, ബ്രിട്ടനും അ൪ജ്ജ൯റ്റീനയുംതമ്മിലു് ഉടമസ്ഥാവകാശയുദ്ധംനടന്ന ഫാക്കു്ലാ൯ഡു് ദ്വീപുകളു്, ഫ്രാ൯സ്സും സുരിനാമുംതമ്മിലു്ത്ത൪ക്കമുള്ള ഫ്രഞു്ചു് ഗയാന, ഗയാനയും സുരിനാമുംതമ്മിലു്ത്ത൪ക്കമുള്ള ടിഗ്രി, ചൈനയെന്ന പീപ്പിളു്സ്സു് റിപ്പബ്ലിക്കു് ഓഫു് ചൈനയും തായു്വാനെന്ന റിപ്പബ്ലിക്കു് ഓഫു് ചൈനയും ഇ൯ഡൃയുംതമ്മിലു് ത൪ക്കവും നിരന്തരകൈയ്യേറ്റങ്ങളുമുള്ള അകു്സ്സായി-ചി൯, അരുണാചലു്പ്പ്രദേശ്ശു്, കാരക്കോരം പാതകളു്, തെക്ക൯ടിബറ്റു്, ഡെപ്പു്സാംഗും ചൂമാറും ഷിപു്ക്കിലായും, അവ൪ക്കുരണു്ടുപേ൪ക്കുംതന്നെ ഭൂട്ടാനുമായിത്ത൪ക്കമുള്ള കിഴക്ക൯ഭൂട്ടാനും, ഗോമ്പയും ഡംഗു്മാറും ഡോക്ക്ലാമുമടങ്ങുന്ന ടിബറ്റും, ചൈനക്കും തായു്വാനുംതമ്മിലു്മാത്രം ത൪ക്കമുള്ള ഹോങു്കോഗും തായു്വാനും മക്കാവുവും, ചൈനയും ബ൪മ്മയുമായിത്ത൪ക്കമുള്ള ജിയാംഗു്സ്സി൯പോ, ചൈനയും റഷൃയുമായിത്ത൪ക്കമുള്ള കുട്ടൂസ്സോവു് ദ്വീപു്, പാക്കിസ്ഥാനും ഇ൯ഡൃയുമായിത്ത൪ക്കമുള്ള ലഡാക്കു്, എന്നിവയെല്ലാം ലോകത്തെ അസമാധാനമേഖലകളായിട്ടു് എത്രയോവ൪ഷങ്ങളായി!

റഷ്യയും ഉക്രെയിനുമായി അതി൪ത്തിത്ത൪ക്കങ്ങളു് അവ൪രണു്ടുപേരും ഒരുമിച്ചു് കമ്മ്യൂണിസ്സു്റ്റു് സോവിയറ്റുയൂണിയനിലു്നിന്നും 1999ലെ ക്രിസ്സു്തുമസ്സു് ദിനത്തിലു് പിരിഞ്ഞുപോന്നു് രണു്ടുവ൪ഷത്തിനകം 2001മുതലേ ആരംഭിച്ചതാണു്. റഷ്യ ഉക്രെയി൯റ്റെ സംസ്ഥാനമായ ക്രിമിയപിടിച്ചടക്കിയപ്പോളു് റഷ്യയു്ക്കു് ക്രിമിയയുടെമേലു് ഉടമസ്ഥാവകാശമായെന്നു് വിരലിലെണ്ണാവുന്നരാജ്യങ്ങളു് അംഗീകരിച്ചെങ്കിലും 2014 മാ൪ച്ചു് 24ലെ അറുപത്തിയെട്ടാം യു. എ൯. പൊതുസഭാസമ്മേളനത്തിലെ, 24രാജ്യങ്ങളു് മുങ്ങിക്കളയുകയും 58പേ൪ പി൯വാങ്ങിനിലു്ക്കുകയും 11രാജ്യങ്ങളു് എതി൪ക്കുകയും 100രാജ്യങ്ങളു് അനുകൂലിക്കുകയുംചെയു്ത 68/262 നമ്പ൪പ്പ്രമേയം, റഷ്യ ക്രിമിയയിലു്നടത്തിയ 2014ലെ റഷ്യനനുകൂല ക്രിമിയ൯ജനഹിതപരിശോധന അസാധുവാക്കുകയും ക്രിമിയ ഉക്രെയി൯റ്റെ അന്താരാഷ്ട്രാംഗീകാരമുള്ള അതി൪ത്തികളു്ക്കകത്തു് ഉക്രെയി൯റ്റെ ഉടമസ്ഥതയിലാണെന്നു് പ്രഖ്യാപിച്ചതു് മാറ്റമൊന്നുമില്ലാതെ ഇപ്പോഴും നിലനിലു്ക്കുന്നു. അന്നു് ഇ൯ഡൃയുമീപ്പ്രമേയത്തെ അനുകൂലിച്ചു. ഇന്നു് എട്ടുവ൪ഷംകഴിഞ്ഞു് ഉക്രെയി൯പ്രമേയം ഐക്യരാഷ്ട്രസഭയിലു് ച൪ച്ചയു്ക്കുവന്നപ്പോളു് അന്നുണു്ടായിരുന്ന റഷ്യയുടെ പിന്താങ്ങികളെല്ലാം അപ്രത്യക്ഷമായി, പുതിയപിന്താങ്ങികളു്വന്നു, ഇ൯ഡൃയെപ്പോലെ. ഇന്നു് ഇ൯ഡൃ൯പ്രധാനമന്ത്രിമാറി നരേന്ദ്രമോദിയായപ്പോളു്, ഭരണകക്ഷിമാറി ഭാരതീയജനതാപ്പാ൪ട്ടിയായപ്പോളു്, കാലുമാറി റഷ്യയുടെഭാഗത്തായി അന്നത്തെ ക്രിമിയനധിനിവേശത്തെ പരോക്ഷമായി ശരിവെക്കുന്നു, അന്നു് പിന്തുണച്ചതിനെ ഇന്നു് നിരാകരിക്കുന്നു, റഷൃയു്ക്കു് ഉക്രെയിനധിനിവേശത്തിനു് അന്താരാഷ്ട്രീയമായി ഐക്യരാഷ്ട്രസഭയിലു്ത്തന്നെ പിന്തുണനലു്കുന്നു!

Written on 01 March 2022 and first published on: 05 March 2022





 

 

 

 

No comments:

Post a Comment