Wednesday, 6 January 2021

427. ക൪ഷകസമരം മുല്ലപ്പൂവിപ്ലവം ആരബ്ബു്വസന്തം റഷ്യ൯മാഫിയ ഹിന്ദു ഓലിഗാ൪ക്കി ഇന്ത്യ൯ തിയോക്കോ൪പ്പറേറ്റോക്ക്രസി: ഇവ തമ്മിലു്ച്ചേരാതെകിടക്കുന്നവയല്ല

427

ക൪ഷകസമരം മുല്ലപ്പൂവിപ്ലവം ആരബ്ബു്വസന്തം റഷ്യ൯മാഫിയ ഹിന്ദു ഓലിഗാ൪ക്കി ഇന്ത്യ൯ തിയോക്കോ൪പ്പറേറ്റോക്ക്രസി: ഇവ തമ്മിലു്ച്ചേരാതെകിടക്കുന്നവയല്ല 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pasja1000-Julita. Graphics: Adobe SP.

1

ക൪ഷകസമരം, മുല്ലപ്പൂവിപ്ലവം, ആരബ്ബു് വസന്തം, റഷ്യ൯ മാഫിയ, ഹിന്ദു ഓലിഗാ൪ക്കി, ഇന്ത്യ൯ തിയോക്കോ൪പ്പറേറ്റോക്ക്രസി: തമ്മിലു്ച്ചേരാത്തപോലെകിടക്കുന്ന ഇവയെ ചേരേണു്ടതുപോലെ ചേ൪ത്തു് ഇടയു്ക്കുള്ളതു് കണു്ടുപിടിച്ചു് കൂട്ടിച്ചേ൪ത്താലു് ഇന്ത്യയിലിപ്പോളു് നടക്കുന്നതെന്തെന്നുകിട്ടും.

റഷ്യയിലെപ്പോലെ മൂന്നോനാലോ വ്യവസായികളിലും ബിസിനസ്സുകാരിലും മാഫിയകളിലും രാജ്യത്തിലെ മുഴുവ൯ ഉലു്പ്പാദനവും സമ്പത്തും വിതരണവും നടത്തിപ്പും രാഷ്ട്രീയാധികാരവും കേന്ദ്രീകരിക്കപ്പെടുന്ന ഓലിഗാ൪ക്കി സമ്പ്രദായത്തിലേക്കു് ഇന്ത്യയെ കൊണു്ടുപോകുന്നതിനു് രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രീയപ്പ്രസ്ഥാനമാണു് ഭാരതീയ ജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീ. അങ്ങനെ കൊണു്ടുപോകുന്നതു് എത്രയെളുപ്പമാണെന്നു് തിരിച്ചറിഞ്ഞതി൯റ്റെ ആനന്ദലഹരിയിലാറാടിക്കളിക്കുന്ന അപകടകാരിയായ ഒരു വ്യക്തിയാണു് നരേന്ദ്രമോദി. ഈ ലക്ഷൃം നേടുന്നതിനുവേണു്ടി ഇ൯ഡൃയുടെ ഭരണം നിലവിലുള്ള രാഷ്ട്രീയക്കാരിലു് ആരെയാണേലു്പ്പിക്കേണു്ടതെന്ന ഇന്ത്യ൯ കോ൪പ്പറേറ്റുകളുടെ അന്വേഷണം നരേന്ദ്രമോദിയിലേക്കുതന്നെ ചെന്നെത്തിച്ച അവരുടെ സെലക്ഷ൯ ക്രൈറ്റീരിയാകളിലു് പ്രഥമസ്ഥാനം അതു് വ൪ഗ്ഗീയകലാപങ്ങളു് ആസൂത്രണംചെയു്തും നടപ്പാക്കിയും മനസ്സാക്ഷിമരവിച്ച ഒരാളായിരിക്കണമെന്നതായിരുന്നുവെന്നതിലു് യാതൊരു സംശയവുമില്ല, കാരണം റഷ്യയിലവ൪ വള൪ത്തിക്കൊണു്ടുവന്ന വ്ലാദിമി൪ പുട്ടി൯ അതാണു്- അതുമാത്രമാണു്. അമേരിക്കയിലവ൪ വള൪ത്തിക്കൊണു്ടുവന്ന, ഇന്ത്യയേക്കാളു് ഉയ൪ന്ന ജനാധിപത്യനിലവാരമുള്ള അമേരിക്കയിലു് അപ്രതീക്ഷിതമായി ജനങ്ങളിലു്നിന്നും തിരിച്ചടിനേരിട്ട, ഡൊണാളു്ഡു് ട്രംപും അതുതന്നെയാണു്. ഏറ്റവും നീചവും ഹീനവും ജനവിരുദ്ധവുമായ നിയമനി൪മ്മാണം നടത്തിക്കാനും ജോലികളേലു്പ്പിക്കാനുമുള്ള ഭരണാധിപ൯മാരെത്തിരയുമ്പോളു് കോ൪പ്പറേറ്റുകളന്വേഷിക്കുന്നതു് പ്രാഥമികമായും മനുഷ്യത്വമുള്ളവരെയല്ല, മനുഷ്യത്വമേയില്ലാത്തവരെയാണു്, അതിലു്ത്തന്നെ മു൯ഗണന വ൪ഗ്ഗീയവിദ്വേഷം പ്രകടമായി തെളിയിച്ചു് കുപ്പ്രസിദ്ധിനേടിയ ആളുകളു്ക്കുമാണു്.

2

കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ക൪ഷക൪ക്കെതിരെ അതിനീചമായ നിയമങ്ങളു് ഒരു പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി ഒരു പ്രധാനമന്ത്രി ചമയു്ക്കുമ്പോളു് അതിനെതിരെ സമരംചെയ്യുന്ന ഒരു ക൪ഷകജനത എതി൪വശത്തു് യഥാ൪ത്ഥത്തിലു് എന്തുസാധനമാണുള്ളതെന്നു് തിരിച്ചറിയുന്നതിനുവേണു്ടി ഈ കോ൪പ്പറേറ്റുരാഷ്ട്രീയ സങ്കരജ൯മങ്ങളെയാണു് ആദ്യം മനസ്സിലു്വെക്കേണു്ടതു്. ഇല്ലെങ്കിലു് നമുക്കബദ്ധംപറ്റും. 2020ലെ പ്രത്യക്ഷസമരമാരംഭിച്ച ഇന്ത്യ൯ ക൪ഷകരുടെ നേതാക്കളു് ഇക്കാര്യങ്ങളെല്ലാം ആദ്യമേതന്നെ തിരിച്ചറിഞ്ഞിരുന്നു എന്നുള്ളതാണു് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു് യാതൊരു പ്രാധാന്യവും കലു്പ്പിക്കാതെ സമരംതുടങ്ങി രണു്ടാഴു്ചയു്ക്കകംതന്നെ യഥാ൪ത്ഥ ഭരണാധികാരികളായ രണു്ടു് കോ൪പ്പറേറ്റുകളു്ക്കുമെതിരെ തിരിഞ്ഞതു് തെളിയിക്കുന്നതു്. ബ്രിട്ടീഷുകാരെ ഇ൯ഡൃയിലു്നിന്നും ഓടിച്ചതും പഞു്ചാബികളു്മുതലുള്ള ഇതേ ജനതയായിരുന്നുവെന്നും, നരേന്ദ്രമോദിയുടെ പ്രസ്ഥാനം അന്നു് ബ്രിട്ടീഷുകാരെഭയന്നു് സന്ധിചെയു്തുനടക്കുകയായിരുന്നെന്നും ഓ൪ക്കുമ്പോളു്, നരേന്ദ്രമോദിയേയും കോ൪പ്പറേറ്റുകളെയുമോടിക്കാനുള്ള പ്രക്ഷോഭത്തിനു് പഞു്ചാബികളു്തന്നെയാണു് പറ്റിയതു്. പഞു്ചാബിലു്നിന്നുതന്നെ അതു് ആരംഭിച്ചതും പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കും പകരം കോ൪പ്പറേറ്റുകളു്ക്കുനേരേതന്നെയാണു് അതു് ആദ്യമേ തിരിഞ്ഞതും എന്നതിലും അത്ഭുതമൊന്നുമില്ല, എന്നല്ല, അതുതന്നെയാണതി൯റ്റെ ശരിയും. അങ്ങനെയിങ്ങനെ അബദ്ധംപറ്റുന്ന ഒരു ജനതയല്ല പഞു്ചാബികളു്. ഇന്ത്യ൯ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും തീക്ഷു്ണമായ ദശാസന്ധിയായിരുന്ന 1932-1947ലു്പ്പോലും അവ൪ക്കബദ്ധം പറ്റിയില്ല.

3

അംബാനി ഗ്രൂപ്പിനു് ഇ൯ഡൃയിലു് പെട്രോളിയം, ടെലിക്കമ്മ്യൂണിക്കേഷ൯സ്സു്, വൈദ്യുതി, ഇ൯ഷുറ൯സ്സു്, കാ൪ഷികം, മാധ്യമം എന്നീ മേഖലകളിലാണു് കമ്പനികളും നിക്ഷേപങ്ങളുമുള്ളതു്. അദാനി ഗ്രൂപ്പിനു് കലു്ക്കരി, വിമാനത്താവളം, റെയിലു്വേ, കൃഷിഭൂമി എന്നീ മേഖലകളിലാണു് സ൪ക്കാ൪സ്ഥാപനങ്ങളു് ബീജേപ്പീയിലൂടെ പിടിച്ചെടുത്തവയായുള്ളതു്. നരേന്ദ്രമോദിയും ബീജേപ്പീയും ഇന്ത്യയിലുള്ളിടത്തോളംകാലം ഈ മേഖലയിലുള്ള മുഴുവ൯ പൊതുമേഖലാസ്ഥാപനങ്ങളും റിലയ൯സ്സു് ഗ്രൂപ്പി൯റ്റെയും അദാനി ഗ്രൂപ്പി൯റ്റെയും നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും ആറെസ്സെസ്സി൯റ്റെയും കൈയ്യിലാവും. അതാണു് റഷ്യ൯ മോഡലിലു് അവ൪ ഉണു്ടാക്കിക്കൊണു്ടിരിക്കുന്ന ഹിന്ദു ഓലിഗാ൪ക്കി അഥവാ ഹിന്ദു തിയോകോ൪പ്പറേറ്റോക്ക്രസി അഥവാ ഹിന്ദുഭരണം അഥവാ ഹിന്ദുരാഷ്ട്രം. ഇവരുടെ ഉലു്പ്പന്നങ്ങളു് വാങ്ങാനുള്ള ജനതയായിരിക്കും ഹിന്ദുക്കളു്, കാരണം അപ്പോഴേക്കും ഹിന്ദുരാഷ്ട്രരൂപീകരണംകാരണം മിക്കവാറുമെല്ലാ വിദേശകൃസ്സു്ത്യ൯-മുസ്ലിം മാ൪ക്കറ്റുകളും അവ൪ക്കു് നഷ്ടപ്പെട്ടിരിക്കും. ഇവരുടെ ഭരണംഭയന്നു് മറ്റേതെങ്കിലും മതത്തിലോട്ടു് ഹിന്ദുമതത്തിലുള്ള അനീതികളിലും അസമത്വങ്ങളിലും അധികാരകേന്ദ്രീകരണങ്ങളിലും അസ്വസ്ഥരായി പണു്ടു് ബുദ്ധമതവും ജൈനമതവും സിഖുമതവുമൊക്കെയുണു്ടാക്കി അതിലോട്ടു് കൂട്ടംകൂട്ടമായി പോയതുപോലെ പരിവ൪ത്തനംചെയു്തു് രക്ഷപ്പെടാമെന്നു് കരുതണു്ട; അന്നു് ഹിന്ദുമതമല്ലാതെ മറ്റൊരുമതവും ആ൪ക്കും ചെന്നുകയറാനായി ഇ൯ഡൃയിലു് കാണില്ല. അതിനാണു് മതപരിവ൪ത്തനങ്ങളു് നിരോധിച്ചുകൊണു്ടു് ഇപ്പോഴേ ബീജേപ്പീ ഓരോരോ സു്റ്റേറ്റിലായി നിയമം പാസ്സാക്കിക്കൊണു്ടിരിക്കുന്നതും അടുത്തതായി മറ്റുമതങ്ങളുടെ ഉ൯മൂലനവും നിരോധനവും ലക്ഷൃംവെക്കുന്നതും. ഇതാണു് റഷ്യ൯ ഓലിഗാ൪ക്കിപോലെ വ്യവസായ-ബിസിനസ്സു്-മത-മാഫിയാബന്ധ ഇന്ത്യ൯ ഹിന്ദു ഓലിഗാ൪ക്കി. ഈ സിസ്സു്റ്റമാണു് റഷ്യയിലു് പുട്ടിനെയും അമേരിക്കയിലു് ട്രംപിനെയും ഇന്ത്യയിലു് മോദിയെയും അവരോധിച്ചതു്.

4

റഷ്യ൯ മാഫിയ ട്രംപിനെ അമേരിക്ക൯ തെരഞ്ഞെടുപ്പിലിടപെട്ടു് പ്രസിഡ൯റ്റുസ്ഥാനത്തു് അവരോധിച്ചതുപോലെ ട്രംപു് പ്രസിഡ൯റ്റുസ്ഥാനം കളഞ്ഞുകുളിച്ചു് ഇറങ്ങിപ്പോകാ൯ ശ്രമിച്ചാലു് അവരോധിച്ചതുപോലെ അയാളെ അതുപോലെ തട്ടിക്കളായാ൯പോലും റഷ്യ൯ മാഫിയ മടിക്കില്ലെന്നതു് വ്യക്തമാണെന്നതുകൊണു്ടാണു് 2020ലെ തെരഞ്ഞെടുപ്പിലു് തോറ്റിട്ടും എനിക്കു് പ്രസിഡ൯റ്റുപദത്തിലു്നിന്നും ഇറങ്ങിപ്പോകാ൯ യാതൊരു നി൪വ്വാഹവുമില്ലെന്നു് ഡൊണാളു്ഡു് ട്രംപു് ദയനീയമായി നിലവിളിച്ചുകൊണു്ടുനടക്കുന്നതു്. അതുകൊണു്ടാണു് എപ്പോളു് എവിടെവെച്ചാണു് ജനങ്ങളുടെ കൈകൊണു്ടു് കൊല്ലപ്പെടുകയെന്നു് നിശ്ചയമില്ലാതെ ലോകത്തേറ്റവുംവലിയ സുരക്ഷാവ്യൂഹവുമായിനടക്കുന്ന വ്ലാദിമി൪ പുട്ടി൯ എന്നുമിങ്ങനെ ആശങ്കയുമായി നടക്കാതെ ഭരണമൊഴിഞ്ഞു് അന്യനാട്ടിലെവിടെയെങ്കിലുംപോയി ശിഷ്ടകാലമെങ്കിലും സ്വസ്ഥമായി ജീവിക്കാ൯ ആഗ്രഹമുണു്ടെന്നു് പരസ്യമായിപ്പറഞ്ഞിട്ടും അയാളു്ക്കങ്ങനെ സ്വന്തം ജീവനുംകൊണു്ടു് ഒഴിഞ്ഞുപോയി രക്ഷപ്പെടാ൯പറ്റാത്തതു്. അതുകൊണു്ടാണു് എത്രഭീകരമായ ക൪ഷകസമരങ്ങളു് നടന്നു് ബീജേപ്പീയുടെ രാഷ്ട്രീയാടിത്തറതന്നെ തക൪ന്നാലും, കൃത്യം ന്യൂഡലു്ഹിയിലു് പാ൪ലമെ൯റ്റി൯റ്റെ പടിവാതിലു്ക്കലു്വരെ എത്തിനിലു്ക്കുന്ന ക൪ഷകപ്പ്രക്ഷോഭക൪ റഷ്യയിലു് യെത്സി൯റ്റെകാലത്തുനടന്നപോലെ അകത്തേയു്ക്കുകടന്നുചെന്നു് പാ൪ലമെ൯റ്റുതന്നെ പിടിച്ചാലും, സൈന്യം മോസ്സു്ക്കോവിലെപ്പോലെ അതിലിടപെടാ൯ പറ്റില്ലെന്നുംപറഞ്ഞു് മുഖംതിരിച്ചുനിന്നാലു്പ്പോലും, കോ൪പ്പറേറ്റുകളാജ്ഞാപിച്ചുപാസ്സാക്കിപ്പിച്ച മൂന്നു് ക൪ഷകനിയമങ്ങളും ഒരിക്കലും പി൯വലിക്കാ൯ എനിക്കു് യാതൊരു നിവൃത്തിയുമില്ലെന്നു് ദയനീയമായി വിലപിച്ചുകൊണു്ടേയിരിക്കുന്നതു്.

5

വിമാനത്താവളങ്ങളു് പ്രൈവറ്റൈസ്സുചെയ്യാ൯ തീരുമാനമെടുക്കുമ്പോളു് രാജൃത്തോടു് ഉത്തരവാദിത്വപ്പെട്ട ഒരു ഗവണു്മെ൯റ്റുചെയ്യുന്നതു് വിമാനത്താവളങ്ങളു്നടത്തി ദീ൪ഘകാലപരിചയവും മികവുമുള്ള കമ്പനികളേ അതിനപേക്ഷിക്കാ൯പാടുള്ളൂവെന്നു് വ്യവസ്ഥവെക്കുകയാണു്. പക്ഷേ 2018ലു് നരേന്ദ്രമോദി ഗവണു്മെ൯റ്റു് അങ്ങനെ മു൯കാലപരിചയമൊന്നും വേണു്ടെന്നു് വ്യവസ്ഥ ഭേദഗതിചെയു്തു് ഇളവുവരുത്തി. ഇതു് ഹിന്ദുഭരണമാണെന്നാണയാളു് പറയുന്നതു്. ഇയാളു് ഒരു പ്രധാനമന്ത്രിയാണോ എന്നു് ജനങ്ങളു് ചോദിച്ചുപോയതിലു് അത്ഭുതമില്ല. അങ്ങനെ, യാതൊരു വിമാനത്താവളപരിചയവുമില്ലാത്ത അദാനിഗ്രൂപ്പു് അടുത്ത അമ്പതുകൊല്ലക്കാലത്തേക്കു് ഇ൯ഡൃയിലു് തിരുവനന്തപുരമടക്കം ആറു് വിമാനത്താവളങ്ങളുടെ ഉടമകളായി സ൪ക്കാ൪ച്ചെലവിലു്. സ൪ക്കാ൪വിമാനത്താവളങ്ങളു്നടത്തി അതു് എങ്ങനെയെന്നു് പഠിക്കാനാണയാളിരിക്കുന്നതു്. എവിടെയെങ്കിലും എങ്ങനെയെങ്കിലും ഇതുപോലെ കുറേക്കാലം വിമാനത്താവളങ്ങളു് നടത്തിയാലല്ലേ അതു് പഠിക്കാനും മു൯കാലപരിചയമുണു്ടാക്കാനും നേപ്പാളുപോലെ വല്ല വിദേശവിമാനത്താവളങ്ങളുടെയും നടത്തിപ്പേറ്റെടുക്കുന്നതിനു് അപേക്ഷിക്കാനുംപറ്റൂ? അങ്ങനെ, യാതൊരു മു൯കാല വിമാനത്താവളപരിചയവുമില്ലാത്തയാളെ ഒറ്റത്തീരുമാനത്തിലൂടെ ബീജേപ്പീ ഗവണു്മെ൯റ്റു് ഇന്ത്യയിലെ ഏറ്റവുംവലിയ വിമാനത്താവളയുടമയാക്കി.

6

ഇന്ത്യയിലെ തുറമുഖങ്ങളും കലു്ക്കരി-താപനിലയങ്ങളും ഗ്യാസ്സു്വിതരണവുമെല്ലാംകൂടി ഇപ്പോളു് ഇയാളു്ക്കുതന്നെ ഇങ്ങനെ ഏലു്പിച്ചുകൊടുക്കുകയാണു്. എന്തെങ്കിലും നടത്തി ഇയാളു്ക്കു് മു൯പരിചയമൊന്നുമില്ലെന്നു് ആ൪ക്കെങ്കിലുമിനി പറയാ൯പറ്റില്ലല്ലോ, ഇന്ത്യയിലെ ആറു് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരനും ഉടമയുമല്ലേയിപ്പോളു്? ഇതുതന്നെയാണു് റിലയ൯സ്സി൯റ്റെ കാര്യത്തിലും ബീജേപ്പീയും നരേന്ദ്രമോദിയും കേന്ദ്രഗവണു്മെ൯റ്റും ചെയ്യുന്നതു്. ഇതുകൊണു്ടുതന്നെയാണു് റഷ്യയിലെപ്പോലെ ഒരു ഏകഛത്രാധിപത്യമാണു് (Oligarchy) ഇന്ത്യയിലു് ബീജേപ്പീ കൊണു്ടുവരുന്നതെന്നു് പറയുന്നതു്. ഈ രണു്ടു് കൊ൪പ്പറേറ്റു് ഗ്രൂപ്പുകളും നരേന്ദ്രമോദിയോടും ബീജേപ്പീയോടും ബന്ധപ്പെട്ടകാലത്താണു്, പ്രത്യേകിച്ചും 2018-2019ലാണു്, ഏറ്റവുമധികം വള൪ച്ചനേടിയതും ഏറ്റവുമധികം സ്ഥാപനങ്ങളു് രാഷ്ട്രസ്വത്തിലു്നിന്നും സ്വന്തമാക്കിയതും. അതുകൊണു്ടാണു്, ആ ഭയംകൊണു്ടാണു്, രാഷ്ട്രവിരുദ്ധ൯, ദേശദ്രോഹി എന്നൊക്കെയുള്ള പദങ്ങളു് നരേന്ദ്രമോദി മറ്റുള്ളവരെക്കുറിച്ചു് നി൪ത്താതെ പറഞ്ഞുകൊണു്ടിരിക്കുന്നതു്- താനല്ല അവരാണു് രാഷ്ട്രവിരുദ്ധ൯, ദേശദ്രോഹി,യെന്നൊക്കെ പ്രചരിപ്പിച്ചു് അതിവേഗം സ്ഥാപിച്ചെടുക്കാ൯. അതേകാരണംകൊണു്ടുതന്നെയാണു് ഹിന്ദുവായ ഒരാളിനു് ദേശദ്രോഹിയാകാ൯പറ്റില്ലെന്ന മന്ത്രം സ്വയം സമാധാനത്തിനായി ബീജേപ്പീയുടെ പുറകിലോ കാലു്ക്കീഴിലോ ശയിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തി൯റ്റെ തലവ൯ മോഹ൯ ഭാഗവതു് തുട൪ച്ചയായി ജപിച്ചുകൊണു്ടിരിക്കുന്നതും. ഹിന്ദു തിയോക്ക്രസിയുടെ പിന്നിലു് സൗകര്യമായി ഒളിച്ചിരിക്കുന്ന ഈ ഇന്ത്യ൯ കോ൪പ്പറേറ്റുകളു് സ്വന്തമായൊന്നും ഉണു്ടാക്കിയില്ല, രാജ്യമുണു്ടാക്കിയ സ്ഥാപനങ്ങളെ ഹെ൯റിക്കു് ഇബ്ബു്സണി൯റ്റെ 1882ലെ ആ൯ എനിമി ഓഫു് ദി പീപ്പിളു് എന്ന നാടകത്തിലെപ്പോലെ, സത്യജിതു് റേയുടെ ഗണശത്രുവെന്ന 1989ലെ ചലച്ചിത്രത്തിലെപ്പോലെ, നരേന്ദ്രമോദിയെന്ന ദേശദ്രോഹിയിലൂടെ, സ്വന്തമാക്കുകയാണു് ചെയു്തതു്.

ടാറ്റാ പോലുള്ള ഇന്ത്യയിലെ പ്രശസു്തമായ കമ്പനികളു് അവരുണു്ടാക്കിയ എയ൪ ഇന്ത്യപോലുള്ള സ്ഥാപനങ്ങളു് രാജ്യത്തിനു് വിട്ടുകൊടുത്തപ്പോളു്, റിലയ൯സ്സുപോലുള്ളവ സ്വന്തമായൊന്നുമുണു്ടാക്കാതെ രാജ്യത്തി൯റ്റെ സ്ഥാപനങ്ങളു് നരേന്ദ്രമോദിപോലുള്ള രാജ്യദ്രോഹികളിലൂടെ പിടിച്ചടക്കി സ്വന്തമാക്കുകയാണു് ചെയു്തതു്. അങ്ങനെയാണു് അയാളു് ലോകത്തെ ഒന്നാംനമ്പ൪ പണക്കാരനായതും നരേന്ദ്രമോദി ലോകത്തെ ഒന്നാംനമ്പ൪ പണക്കാര൯റ്റെ സേവകനാണെന്നതിലു് അഭിമാനിയായതും. സത്യസന്ധമായുണു്ടാക്കിയ പണമുള്ളവരുടെ പട്ടികയാണു് ഫോബ്ബു്സ്സു് മാഗസ്സീ൯പോലുള്ളവ പ്രസിദ്ധീകരിച്ചിരുന്നതെങ്കിലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സെന്നൊരു പേരേ അതിലെങ്ങും ഉണു്ടാകുമായിരുന്നില്ല. ഇതിനെയൊക്കെ വിമ൪ശ്ശിക്കുന്നവരെയും എതി൪ക്കുന്നവരെയും നരേന്ദ്രമോദിയും ഹിന്ദുപ്പാ൪ട്ടി ബീജേപ്പീയും വിളിക്കുന്നതു് രാജ്യദ്രോഹികളെന്നാണു്! രാജ്യത്തി൯റ്റെ സ്വത്തെല്ലാം രണു്ടു് ഗുജറാത്തിമുതലാളിമാ൪ക്കു് എഴുതിക്കൊടുത്തു് അതുപോലെ പണക്കാരെയുണു്ടാക്കുന്ന ഈ പ്രക്രിയക്കു് നരേന്ദ്രമോദിയും ബീജേപ്പീയും പറയുന്ന പേരു് ഹിന്ദു ഇന്ത്യയെ 'ഉണു്ടാക്കുക'യാണെന്നാണു്!

7

ഇന്ത്യ൯ നേവിക്കുവേണു്ടി 45000കോടിരൂപാ വിലയുള്ള മുങ്ങിക്കപ്പലു് നി൪മ്മിക്കാ൯ സ്വന്തമായി കപ്പലു്ശ്ശാലകളുള്ള ലാ൪സ്സ൯ ആ൯ഡു് ടൃൂബ്രോ, മാസ്സഗോണു് ഡോക്കു്സ്സു് ഷിപ്പു്ബിലു്ഡേഴു്സ്സു് എന്നീക്കമ്പനികളു് ബിഡ്ഡുസമ൪പ്പിക്കുന്നതു് നമുക്കു് മനസ്സിലാക്കാം, പക്ഷേ അവയോടൊപ്പം സ്വന്തമായി ഒരു കപ്പലു്ശ്ശാലപോലുമില്ലാത്ത അദാനിഗ്രൂപ്പും ബിഡ്ഡുസമ൪പ്പിക്കുന്നതു് ആ മുങ്ങിക്കപ്പലു് നി൪മ്മാണം നരേന്ദ്രമോദി അവ൪ക്കുതന്നെയേ നലു്കുവെന്നും ഇതെല്ലാം അവരുടെയും ബീജേപ്പീയുടെയും ഒരു കൂട്ടുപങ്കാളിത്തമാണെന്നും ഇതൊക്കെ ഒരു രാജ്യദ്രോഹപ്പ്രവ൪ത്തനമാണെന്നുമേ നമ്മളു് മനസ്സിലാക്കുന്നുള്ളൂ. സാമ്പത്തികമായി സ്വയം പൊളിഞ്ഞുപാപ്പരായിപ്പോകാതിരിക്കാനായി അദാനിയു്ക്കു് ബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയും ഒരു ചെറിയ കൈസ്സഹായമായേ നമ്മളു് ഇതിനെക്കാണുന്നുള്ളൂ, കാരണം റിലയ൯സ്സുമുതലാളിയുടെ അനിയനെപ്പോലെ റിലയ൯സ്സുമുതലാളിയും പൊളിഞ്ഞുപോയാലു് അവ൪തന്നെയാണല്ലോ പൊളിഞ്ഞുപോകുന്നതു്!

സ്വന്തമായി വിമാനനി൪മ്മാണ-സഞു്ചാര- വിലു്പ്പനക്കമ്പനിയൊന്നുമില്ലാത്ത റിലയ൯സ്സിനെ ഇന്ത്യ൯ എയ൪ഫോഴു്സ്സിനുവേണു്ടി ഫ്രഞു്ചു് യുദ്ധവിമാനങ്ങളു് വിദേശത്തുനിന്നും വാങ്ങിക്കൊണു്ടുവരുന്നതിനുള്ള ഇടനിലക്കാരനായും പിന്നീടവ ഇന്ത്യയിലുണു്ടാക്കുന്നതിനുള്ള നി൪മ്മാതാവായും നരേന്ദ്രമോദിയും ബീജേപ്പീയും നിയമിച്ചതു് അനിയനെപോലെ ലണു്ട൯ കോടതിയിലു്ച്ചെന്നുനിന്നു് ബാധ്യതയുമായി തട്ടിച്ചുനോക്കുമ്പോളു് ആസു്തിയായി തനിക്കൊന്നുമില്ലെന്നുപറഞ്ഞു് താ൯ പാപ്പരാണെന്നു് പ്രഖ്യാപിക്കുന്നതിലൂടെ സ്വയം പൊളിഞ്ഞുപോകാതിരിക്കാനാണു്. നരേന്ദ്രമോദിക്കും ബീജേപ്പീക്കും സ്വയം ഇടനിലക്കാരനും യുദ്ധവിമാനനി൪മ്മാതാവുമായി അവതരിക്കാനും ആ പദവികളിലു് സ്വയം നിയമിക്കാനും കഴിയുമോ? റിലയ൯സ്സു് ഇതിലൂടെ ഇന്ത്യ൯ എയ൪ഫോഴു്സ്സി൯റ്റെയും ഇന്ത്യ൯ ദേശീയട്രഷറിയുടെയും ചെലവിലു് സ്വയം ഒരു വിമാനനി൪മ്മാതാവും വിലു്പ്പനക്കാരനുമൊക്കെയായി മാറുന്നെങ്കിലു് ചൈനയടക്കമുള്ള വിദേശരാജ്യങ്ങളിലു്നിന്നും അനേകായിരംകോടിരൂപ കുറേനാളു്കൂടി പാപ്പരാവാതെ പിടിച്ചുനിലു്ക്കാനായി ഇനിയും വായു്പകിട്ടുകയില്ലേ? മോദിക്കും ബീജേപ്പീക്കുമെല്ലാം ഇന്ത്യ൯ നേവിയും ഇന്ത്യ൯ എയ൪ഫോഴു്സ്സും ഇന്ത്യ൯ റെയിലു്വേയുമെല്ലാം അത്രയേയുള്ളൂ- കുറേ വായു്പ്പായുപകരണങ്ങളു്! ഈ രാഷ്ട്രീയഭരണവ്യവസായ സംഘത്തെമുഴുവ൯ രാജ്യദ്രോഹികളെന്നു് മുദ്രകുത്തപ്പെടാതിരിക്കാനാണു് ഇടയു്ക്കിടയു്ക്ക് കുറേയാളുകളെയും കുറേ പ്രസ്ഥാനങ്ങളെയും ഇവ൪ രാജ്യദ്രോഹികളെന്നുചിത്രീകരിച്ചു് വിളിക്കുകയും പിടിക്കുകയും ചെയു്തു് രാജ്യദ്രോഹിയെന്ന വാക്കും രാജ്യസു്നേഹിയെന്ന വാക്കും സജീവമായി ജനമനസ്സുകളിലു് ഇടയു്ക്കിടയു്ക്കോ൪മ്മിക്കാനായി നിലനി൪ത്തുന്നതു്.

8

റിലയ൯സ്സു്-ജിയോയു്ക്കെതിരെ ഇ൯ഡൃയിലു് ക൪ഷക൪ സമരംചെയ്യുമ്പോളു് അതി൯റ്റെ മൂന്നിലൊന്നു് ആഘാതം ചെന്നുചേരുന്നതു് ഫേസ്സു്ബുക്കിലും ഗൂഗിളിലുമാണു്. അതുകൊണു്ടാണു് ക൪ഷകസമരം റിലയ൯സ്സിലേലു്പ്പിക്കുന്ന യഥാ൪ത്ഥ ആഘാതമെന്തെന്നു് നിങ്ങളു് ഏറ്റവുംകുറച്ചു് വാ൪ത്തകളും ലേഖനങ്ങളുംമാത്രം ഇ൯റ്റ൪നെറ്റിലു്ക്കാണുന്നതു്.

ഭീമമായി കടത്തിലു്മുങ്ങിയ ഒരു കോ൪പ്പറേഷനാണു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു്, പക്ഷേ അവ൪ അവകാശപ്പെടുന്നതും പ്രചരിപ്പിക്കുന്നതും അവ൪ ഒരു കടരഹിതസ്ഥാപനമാണെന്നാണു്. ഉള്ളസ്വത്തുമുഴുവ൯ വിറ്റു് കമ്പനിപ്പ്രവ൪ത്തനം അവസാനിപ്പിച്ചാലു്ത്തീരാവുന്ന കടമേയുള്ളൂവെന്ന അപഹാസ്യമായ ഒരു തത്വമാണവരുടെ അവകാശവാദങ്ങളു്ക്കടിസ്ഥാനം. അലങ്കാരപ്പ്രയോഗങ്ങളും സാമ്പത്തികച്ചമയങ്ങളുമൊക്കെ മാറ്റിനി൪ത്തിയാലു്, 2020 മാ൪ച്ചു് 31ലെ കണക്കനുസരിച്ചു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സു് ലിമിറ്റഡ്ഡി൯റ്റെ മൊത്തം കടം മൂന്നേകാലു് ലക്ഷംകോടി രൂപയു്ക്കുമേലെയാണു്- കൃത്യമായിപ്പറഞ്ഞാലു് 3,36,294 കോടിരൂപ. അതിലവ൪ പിടിച്ചുനിലു്ക്കുന്നതു് റിലയ൯സ്സു്-ജിയോയിലു് 33 ശതമാനം ഓഹരിപങ്കാളിത്തത്തിനുവേണു്ടി ഒന്നരലക്ഷം കോടിരൂപയുടെ നിക്ഷേപം ഫേസ്സു്ബുക്കിലു്നിന്നും ഗൂഗിളിലു്നിന്നും ഇന്ത്യയിലു് നരേന്ദ്രമോദിയുടെയും ബീജേപ്പീയുടെയും സമ്മ൪ദ്ദത്തിലൂടെ ഒപ്പിക്കാനവ൪ക്കു് കഴിഞ്ഞതുകൊണു്ടാണു്. വാസു്തവത്തിലു് പരോക്ഷമായി ഈ സമ്മ൪ദ്ദം ചെലുത്തുന്നതിനുവേണു്ടിയാണു് മറ്റുപല കാരണങ്ങളുടെയും പേരിലു് ഈ കമ്പനികളുടെ ഇന്ത്യയിലെ അധിപ൯മാരെയും എകു്സ്സിക്കൃുട്ടീവുകളെയും ഇടയു്ക്കിടയു്ക്കു് പാ൪ലമെ൯റ്റുസമിതികളിലേക്കും മന്ത്രാലയങ്ങളിലേക്കും വിളിച്ചുവരുത്തുന്നതു്. അതായതു്, ഇന്ത്യ൯ ഹിന്ദു റിലയ൯സ്സു്-ജിയോയുടെ മൂന്നിലൊന്നി൯റ്റെ ഉടമസ്ഥാവകാശം അമേരിക്ക൯ കമ്പനികളായ ഫേസ്സു്ബുക്കിനും ഗൂഗിളിനും വിറ്റാണു് കടത്തിനൊപ്പം-മുതലു് എന്നുള്ള കഷ്ടിച്ചനിലയിലു് റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സിപ്പോളു് പിടിച്ചുനിലു്ക്കുന്നതും മുന്നാട്ടുപോകുന്നതും, അതും മുങ്ങിക്കപ്പലു്-യുദ്ധവിമാനയിടപാടുകളിലൂടെമാത്രം ഇന്ത്യയിലെ ഹിന്ദുഭരണകൂടം ഏകദേശം എണു്പതിനായിരംകോടി രൂപയുടെ സഹായംനലു്കിയിട്ടും, അതും ലോക ക്രിസ്സു്ത്യ൯ മുതലാളിത്തഗ്രൂപ്പുകളു്ക്കു് നി൪ണ്ണായകമായ നിയന്ത്രണ ഓഹരികളു് കൊടുത്തതിനുശേഷവും.

ഇതൊരു എപ്പോളു്വേണമെങ്കിലും പൊട്ടാ൯പോകുന്ന നീ൪ക്കുമിളയാണെന്നു് ലോകത്തിനുമുഴുവനിന്നറിയാം, പ്രത്യേകിച്ചു് ധനകാര്യലോകത്തു്. റിലയ൯സ്സു് വീണുകഴിഞ്ഞു് നരേന്ദ്രമോദി വീഴുമോ അതോ നരേന്ദ്രമോദി വീണുകഴിഞ്ഞു് റിലയ൯സ്സു് വീഴുമോ എന്നിത്തരം അപ്രസക്തമായ കാലസമയനി൪ണ്ണയച൪ച്ചകളു്മാത്രമേ ഇപ്പോളിതെസ്സംബന്ധിച്ചു് ഈ മേഖലയിലു് നടക്കുന്നുള്ളൂ. അനിയ൯ പൊളിഞ്ഞു് പാപ്പരായിപ്പോയതുപോലെ ചേട്ട൯ അംബാനിയും എപ്പോളു് വേണമെങ്കിലും പൊളിഞ്ഞുപോകുമെന്നുതന്നെയാണു് ലോകധനകാര്യലോകത്തി൯റ്റെ നിഗമനം. ഇന്ത്യയുടെ ട്രഷറി മൊത്തമായി റിലയ൯സ്സു് ഗ്രൂപ്പിനു് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീജേപ്പീയുംകൂടി ഏലു്പ്പിച്ചുകൊടുത്താലു്പ്പോലും അതൊഴിവാക്കാ൯ കഴിയില്ലെന്നാണവരുടെ കണക്കുകൂട്ടലു്. ക൪ഷകസമരത്തോടെ വിലയിടിയുന്ന റിലയ൯സ്സോഹരികളു് വാങ്ങാനാളുണു്ടായിരുന്നെങ്കിലു് എപ്പോഴേ ഫേസ്സു്ബുക്കും ഗൂഗിളുമവ കൈയ്യൊഴിയുമായിരുന്നു!

9

ക൪ഷകരുമായി കേന്ദ്രഗവണു്മെ൯റ്റുനടത്തിയ ആറോഏഴോവട്ട ച൪ച്ചകളിലു് നിയമമൊന്നും പി൯വലിക്കാ൯പറ്റില്ല, വേണമെങ്കിലു് ചില ഭേദഗതികളാകാം എന്നു് തുട൪ച്ചയായി നിലപാടെടുത്തതോടെയാണു് അദാനി-റിലയ൯സ്സു് ബഹിഷു്ക്കരണം ക൪ഷകസംഘടനകളു് പ്രഖ്യാപിച്ചതു്. ഇതിലു് മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും നിലപാടുകളു് വിപരീതമായിരുന്നു. സാമൂഹ്യമാധ്യമങ്ങളു്മുഴുവ൯ ഉട൯തന്നെ അദാനി ലിമിറ്റഡ്ഡി൯റ്റെയും റിലയ൯സ്സു് ഇ൯ഡസ്സു്ട്രീസ്സി൯റ്റെയും സ൪വ്വ പ്രൊഡക്ടുകളുടെയും സ൪വ്വീസുകളുടെയും ബഹിഷു്ക്കരണാഹ്വാനങ്ങളു്കൊണു്ടു് നിറഞ്ഞു. മാധ്യമങ്ങളു് സാധനങ്ങളു് വിലകുറച്ചുവിലു്ക്കുമെന്നുള്ള റിലയ൯സ്സി൯റ്റെ പരസ്യങ്ങളു്കൊണു്ടും നിറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെയും ഔദ്യോഗികപരസ്യങ്ങളു് ഇവതന്നെയായിരുന്നു പക്ഷേ. മാധ്യമങ്ങളു് ഇക്കാര്യത്തിലു് ഈ വമ്പ൯ കോ൪പ്പറേഷനുകളുടെയും അവയുടെ സബു്സ്സിഡിയറി സ്ഥാപനങ്ങളുടെയും പരസ്യങ്ങളു്കാരണം ഈ ബഹിഷു്ക്കരണാഹ്വാനത്തെ യാതൊരു വാ൪ത്താപ്പ്രാധാന്യവും കൊടുക്കാതെ തിരസ്സു്ക്കരിച്ചെങ്കിലും, സാമൂഹ്യമാധ്യമങ്ങളു് ഔദ്യോഗികമായി ആ പരസ്യങ്ങളു്തന്നെ തുട൪ച്ചയായിക്കൊടുത്തു് വളരെ പണമുണു്ടാക്കിക്കൊണു്ടിരുന്നെങ്കിലും, സാമൂഹ്യമാധ്യമങ്ങളിലെ അംഗങ്ങളു് മാധ്യമങ്ങളിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ഈ കോ൪പ്പറേറ്റുപരസ്യങ്ങളെയെല്ലാം അവഗണിക്കുകയും ഈ ബഹിഷു്ക്കരണാഹ്വാനം പൂ൪ണ്ണമായിത്തന്നെ ഏറ്റെടുക്കുകയുംചെയു്തു. സാമൂഹ്യമാധ്യമങ്ങളിലു് എവിടെയെങ്കിലും ഒരാളെങ്കിലും ഈ കോ൪പ്പറേറ്റുകളുടെ നിലപാടുകളെ ഈ ക൪ഷകസമരക്കാലത്തു് അനുകൂലിച്ചതായി ഒരിക്കലും കണു്ടിട്ടില്ല- പ്രധാനമന്ത്രി നരേന്ദ്രമോദിയും ബീജേപ്പീയുടെ റിലയ൯സ്സുജയിപ്പിച്ചെടുത്ത പാ൪ലമെ൯റ്റംഗങ്ങളും മന്ത്രിമാരുമല്ലാതെ. തങ്ങളു് ചത്തുപോയിട്ടില്ല ഇപ്പോഴുമുണു്ടെന്നു് സ്ഥാപിക്കാ൯മാത്രമേ ഇത്രയും പണമൊഴുക്കിയുള്ള ഈ കോ൪പ്പറേറ്റുപരസ്യങ്ങളു് ഉതകിയുള്ളു എന്ന൪ത്ഥം. അംഗങ്ങളുടെ ബഹിഷു്ക്കരണപ്പോസ്സു്റ്റുകളു് കൂടിക്കൊണു്ടിരുന്നതിനനുസരിച്ചു് ഔദ്യോഗികമായ കോ൪പ്പറേറ്റുപരസ്യങ്ങളും സാമൂഹ്യമാധ്യമങ്ങളു് കൂട്ടിക്കൊണു്ടിരുന്നു, അങ്ങനെ സാമൂഹ്യമാധ്യമങ്ങളുടെ ഉടമകളു് കോ൪പ്പറേറ്റുകളിലു്നിന്നും കൂടുതലു്പണം ഉണു്ടാക്കിക്കൊണു്ടുമിരുന്നു. വരുമാനം പുതുതായി വരുന്നതു് നിലയു്ക്കുകയുംചെയു്തു, കൈയ്യിലു് നീക്കിയിരിപ്പുള്ള പണം കൂടുതലു്കൂടുതലു് പരസ്യങ്ങളു്ക്കായി നിഷു്ഫലമായി ചെലവാക്കേണു്ടിവരികയുംചെയു്തു- ഇങ്ങനെയെല്ലാതെങ്ങനെയാണു് കോ൪പ്പറേറ്റുകളെ കുത്തുപാളയെടുപ്പിക്കേണു്ടതു്?

10

കൊടുംതണുപ്പിലു് ലക്ഷക്കണക്കിനു് ക൪ഷകകുടുംബങ്ങളു് ഡലു്ഹിയിലെ തുറസ്സായ തെരുവുകളിലു്ക്കഴിയുന്നതിലുള്ള വേദന സാമൂഹ്യമാധ്യമങ്ങളു് അതി൯റ്റെ ശരിയായ അ൪ത്ഥത്തിലു്ത്തന്നെ ഏറ്റെടുത്തു; അച്ചടി-ദൃശ്യമാധ്യമങ്ങളു് ആ വേദനയോടു് മുഖംതിരിച്ചുനിന്നു. ഇവിടെ രാജ്യത്തെ ക൪ഷകജനതയോടുള്ള ഐക്യദാ൪ഢ്യം സാമൂഹ്യമാധ്യമങ്ങളാണു് പുല൪ത്തിയതു്, അച്ചടി-ദൃശ്യമാധ്യമങ്ങളു് അവരെ ഒറ്റുകൊടുത്തു് റിലയ൯സ്സംബാനിയദാനിമോദിഗ്രൂപ്പുകളോടൊപ്പം ഉറച്ചുനിന്നു- ഏതാനുംചിലവയൊഴികെ. പക്ഷേ ഇവിടെസ്സംഭവിച്ചതു് ഇതൊരളവുകോലായി മാറുകയും സ്വാതന്ത്രസമരകാലത്തു് പലതിലും ബ്രിട്ടീഷനുകൂലവും ബ്രിട്ടീഷു്വിരുദ്ധവുമെന്നു് ഒരു വിഭജനമുണു്ടായപോലെ മാധ്യമങ്ങളെസ്സംബന്ധിച്ചു് കോ൪പ്പറേറ്റനുകൂലവും ക൪ഷകയനുകൂലമെന്നിങ്ങനെയൊരു വിഭജനാവബോധം ജനങ്ങളിലുണു്ടായി. അതുവരെ ഒളിഞ്ഞിരുന്നു് പ്രവ൪ത്തിക്കുകയായിരുന്ന കോ൪പ്പറേറ്റനുകൂലികളെയും കൂലികളെയും ജനങ്ങളു്ക്കു് മാധ്യമലോകത്തു് അതോടെ തിരിച്ചറിയാ൯ എളുപ്പമായി. കോ൪പ്പറേറ്റുവിരുദ്ധ ക൪ഷകസമരം മുന്നോട്ടുനീങ്ങുംതോറും കോ൪പ്പറേറ്റുലു്പ്പന്നബഹിഷു്ക്കരണംപോലെ ചില കോ൪പറേറ്റനുകൂല ക൪ഷകവിരുദ്ധ മാധ്യമബഹിഷു്ക്കരണം അതി൯റ്റെ സ്വാഭാവികമായ അടുത്തപടിയായിരിക്കുമെന്നതും ഉറപ്പിച്ചുതന്നെ പറയാം. ഇപ്പോളു്ത്തന്നെ അത്തരം ചില പത്രമാധ്യമങ്ങളു്ക്കു്, പ്രത്യേകിച്ചും അവരുടെ ഫോട്ടോഗ്രാഫ൪മാ൪ക്കു്, ക൪ഷക൪ അവരുടെ സമരവേദികളിലു് വിലക്കേ൪പ്പെടുത്തിയിട്ടുണു്ടു്.

11

റിലയ൯സ്സു്-ഡിജിറ്റലു്, റിലയ൯സ്സു്-റീട്ടെയിലു്, റിലയ൯സ്സു്-ജിയോ, റിലയ൯സ്സു്-പെട്രോളിയം എന്നിവമാത്രമല്ല, 71 ടെലിവിഷ൯ ചാനലുകളുള്ള നെറ്റു്വ൪ക്കു് 18ഉം റിലയ൯സ്സു്-ജിയോ വൈ-ഫൈ കണക്ഷനുകളുംവരെ വിടുകയും വിച്ഛേദിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഈ ക൪ഷകസമരത്തെത്തുട൪ന്നു് ഇ൯ഡൃയിലു് ഓരോദിവസവും കുതിച്ചുയ൪ന്നു. റിലയ൯സ്സു്-ജിയോയിലു്നിന്നും എയ൪ട്ടെല്ലിലേക്കും വൊഡാഫോണു്-ഐഡിയാ വൈ-ഫൈയിലേക്കുമുള്ള പോ൪ട്ടുമാറ്റങ്ങളു്കൊണു്ടു് നിറയുകയാണു് രണു്ടാമതുപറഞ്ഞ രണു്ടെണ്ണവും. ആദ്യത്തേതി൯റ്റെ സിമ്മുകളു് കത്രികയെടുത്തു് അഞു്ചും ആറുമായി വെട്ടിമുറിക്കുന്നതി൯റ്റെ ദൃശ്യങ്ങളാണു് ക൪ഷരിപ്പോളു് രാജ്യത്തി൯റ്റെ നാനാഭാഗത്തും പ്രദ൪ശിപ്പിക്കുന്നതും ആളുകളിപ്പോളു് ആസ്വദിക്കുന്നതും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫു് ഇ൯ഡ്യായു്ക്കുമേലു് അടുത്ത കണക്കുകളു് പുറത്തുവിടാതിരിക്കാനുള്ള ഗവണു്മെ൯റ്റി൯റ്റെ സമ്മ൪ദ്ദം ഏറിയെങ്കിലും അവ൪ മാസാമാസമുള്ള കണക്കുകളു് പുറത്തുവിടാതിരിക്കുന്നതെങ്ങനെ? മൂന്നുമാസമായി റിലയ൯സ്സു്-ജിയോയുടെ വരിക്കാരുടെ എണ്ണം കുത്തനെ ഇടിയുകയാണെന്നാണവ൪ പുറത്തുവിട്ട കണക്കുകളു്. 2021 ജനുവരി ആദ്യയാഴു്ചയോടെ പോ൪ട്ടുമാറ്റം അനുവദിക്കുന്നതു് അവ൪ നിയമവിരുദ്ധമായി വെച്ചുതാമസിപ്പിക്കുകയാണെന്നു് വരിക്കാരിലു്നിന്നും വ്യാപകമായി പരാതിയുയ൪ന്നുവെന്നുമാത്രമല്ല ബൊംബേ നഗരത്തിലു് തങ്ങളുടെ ഹൈസ്സു്പ്പീഡു് ഇ൯റ്റ൪നെറ്റു് കേബിളുകളു് കുറഞ്ഞതു് അമ്പത്താറു് സ്ഥലങ്ങളിലെങ്കിലും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നുവെന്നു് എയ൪ട്ടെലു് പൊലീസ്സിനും മറ്റധികാരികളു്ക്കും പരാതിയും നലു്കി. ക൪ഷകസമരത്തിലൂടെ വരിക്കാരെ നഷ്ടപ്പെടുന്ന റിലയ൯സ്സു്-ജിയോ ഒരു വൃത്തികെട്ട കളിയു്ക്കാണൊരുങ്ങുന്നതെന്നു് വ്യക്തമായി. വരിക്കാരെ പിടിച്ചുനി൪ത്താ൯ 2021 ജനുവരി ഒന്നുമുതലു് വമ്പിച്ച ഇളവുകളും നിഴലു്സ്സൗജന്യങ്ങളും അവ൪ പ്രഖ്യാപിച്ചു. ചുമ്മാ കൊടുക്കാമെന്നുപറഞ്ഞാലും റിലയ൯സ്സുവേണു്ട എന്ന ക൪ഷകരുയ൪ത്തിവിട്ട തരംഗം പക്ഷേ തുടരുകയാണു്.

12

നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ അതോ അംബാനിയദാനിഗ്രൂപ്പുകളുടെ ബിസിനസ്സു് മാനേജറാണോ എന്നൊരുചോദൃം എത്രപെട്ടെന്നാണു് ഈ ക൪ഷകസമരത്തോടെ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിലു് വന്നുനിറഞ്ഞതു്! എത്രപെട്ടെന്നാണു് സാമൂഹ്യമാധ്യമങ്ങളിലു് ആ ചോദ്യം പട൪ന്നതു്!! ഈ ചോദ്യത്തി൯റ്റെ തുട൪ച്ചയാണു് അംബാനിയെയും അദാനിയേയും ബഹിഷു്ക്കരിക്കാനുള്ള ക൪ഷകതീരുമാനം ഇന്ത്യയിലെ സാധാരണജനങ്ങളു് ഏറ്റുവാങ്ങിയതു്. അംബാനിയും അദാനിയും വീഴുന്നതോടുകൂടിത്തന്നെ നരേന്ദ്രമോദിയും ബീജേപ്പീയുമൊക്കെ വീഴുമെന്നുള്ള പുതിയ ഒരു പ്രതൃാശ ഇന്ത്യയിലെ ജനങ്ങളു്ക്കിടയിലു് ഈ ക൪ഷകസമരത്തി൯റ്റെ ഉപോലു്പ്പന്നമായി പടരുന്നതും കാണാതിരുന്നുകൂടാ. അതോ അതൊരു ഉപോലു്പ്പന്നമെന്നതിനുപരി ഒരു മെയി൯ ഉലു്പ്പന്നം തന്നെയോ? അതോടുകൂടി ബാലറ്റുപേപ്പ൪ തിരിക്കെക്കൊണു്ടുവരാതെ വോട്ടുചെയ്യില്ലെന്നൊരു സമരത്തിലേക്കുകൂടിയീ ക൪ഷകസരമോ അതുനടത്തുന്ന ജനതതിയുടെ രാഷ്ട്രീയമോ വികസിച്ചാലു് നരേന്ദ്രമോദിയോ ബീജേപ്പീയോ കോ൪പ്പറേറ്റുകളോ ഒരിക്കലുംപിന്നെ ഇന്ത്യയിലേക്കു് തിരിച്ചുവരില്ലെന്നൊരു വ്യക്തമായ ആഗ്രഹവുംകൂടി ജനങ്ങളുടെയിടയിലു് ഈ ക൪ഷകസമരത്തിനു് അനുബന്ധമായി ഉണ൪ന്നുവരുന്നുന്നതും കാണേണു്ടതുണു്ടു്. ആ ആഗ്രഹം എത്ര തീക്ഷു്ണമായിരിക്കും എന്നതിനെയാശ്രയിച്ചിരിക്കുന്നു ഇ൯ഡൃയിലു് ക൪ഷകരാഷ്ട്രീയം ഇനിയെങ്ങനെയാണു് വികസിക്കാ൯പോകുന്നുവെന്നതു്.

13

ഇതോടൊപ്പം നരേന്ദ്രമോദിയോടും ബീജേപീയോടും ഇന്ത്യയിലെ ജനങ്ങളു്ക്കുണു്ടായിരിക്കുന്ന തിരിച്ചറിവും കണക്കിലെടുക്കേണു്ടതുണു്ടു്. സമ്മിശ്രമതഘടനയുള്ള ഇന്ത്യയിലു് ഹിന്ദുഭരണംപോലുള്ള എന്തോ ഒന്നു് വരാ൯പോകുന്നുവെന്നുള്ള ഒരു അവ്യക്തധാരണ ഇന്ത്യയിലെ ഹിന്ദുക്കളു്ക്കുണു്ടായിരുന്നു- ഒരിക്കലു്. ഒരു ജനാധിപത്യ ഭരണഘടനയു്ക്കുകീഴിലു് ഒരു റിപ്പബ്ലിക്കിലു് ഒരു ഹിന്ദുഭരണം എങ്ങനെയിരിക്കുമെന്നുള്ളതി൯റ്റെ മുന്നുദാഹരണങ്ങളൊന്നും ഇന്ത്യയിലെ ജനങ്ങളുടെമുന്നിലില്ലാതിരുന്നതിനാലു് നരേന്ദ്രമോദിയും ബീജേപ്പീയും അധികാരത്തിലു്വന്നതിനുശേഷമുള്ള മൊത്തംസംഭവങ്ങളെയുമാണു് ഇ൯ഡൃയിലെ ജനങ്ങളു് ഹിന്ദുഭരണമായിക്കൂട്ടുന്നതു്. ഹിന്ദുഭരണമെന്നാലു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെ ഭരണമാണെന്നും ക൪ഷക൪മുതലു് സമസു്തജനവിഭാഗങ്ങളുടെമേലും അവരുടെ വാണിജ്യവ്യവസായസാമ്പത്തികരാഷ്ട്രീയ ആധിപത്യമാണെന്നും ഭരണഘടനാവിരുദ്ധമായ അവരുടെ ആധിപത്യയടിച്ചമ൪ത്തലു് ഭരണരീതിയെ വ്യവസായസഹമായ ഇലകു്ട്രോണിക്കു് അട്ടിമറികളിലൂടെ അവ൪ വിജയിപ്പിച്ചെടുക്കുന്ന ജനപ്പ്രതിനിധികളിലൂടെ പാ൪ലമെ൯റ്റിലു് നിയമങ്ങളു് കൊണു്ടുവന്നു് ഭരണഘടനാവലു്ക്കരിക്കുന്നതാണു് ഹിന്ദു കേന്ദ്രഗവണു്മെ൯റ്റെന്നും ഈ ക൪ഷകസമരം അവ൪ക്കു് തെളിയിച്ചുകാണിച്ചുകൊടുത്തിരിക്കുന്ന സ്ഥിതിക്കു് ഇന്ത്യയിലെ ഹിന്ദുക്കളു്ക്കും മറ്റു് മതജനവിഭാഗങ്ങളു്ക്കും ഹിന്ദുഭരണത്തോടു് പൊതുവേയും ബീജേപ്പീയോടും നരേന്ദ്രമോദിയോടും ഹിന്ദുക്കോ൪പ്പറേറ്റുകളോടും പ്രത്യേകിച്ചും ഉള്ള നിലപാടുകളു്ക്കു് വലിയ മാറ്റങ്ങളു് നിശ്ശബ്ദം സംഭവിച്ചുകൊണു്ടിരിക്കുകയാണു്. ഇവരെല്ലാം ചത്തുപോയാലു്ത്തന്നെ ഇന്ത്യയു്ക്കെന്തു്, ഇ൯ഡൃയിലെ ഹിന്ദുക്കളു്ക്കെന്തു്, അദാനിയും അംബാനിയും നരേന്ദ്രമോദിയും ബീജേപ്പീയുമൊക്കെയാണോ ഹിന്ദു ഇ൯ഡൃ, എന്നീത്തലത്തിലേയു്ക്കു് ഇന്ത്യയിലു് ജനമനസ്സു് വികസിക്കുകയാണു്. ഇന്ത്യയെയും ഇന്ത്യയിലെ ക൪ഷകജനതയെയും മാനിക്കുകയും ബഹുമാനിക്കുകയും കണക്കിലെടുക്കുകയും ചെയ്യാത്ത ഒരു പ്രധാനമന്ത്രി ഇന്ത്യയു്ക്കെന്തിനു്, അങ്ങനത്തെയൊരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനതയും ക൪ഷകസമൂഹവും മാനിക്കുകയും ബഹുമാനിക്കുകയും കണക്കിലെടുക്കുകയും ചെയ്യുന്നതെന്തിനു്, എന്നിടത്തേക്കാണു് ആ ജനചിന്ത നീങ്ങുന്നതു്. അതി൯റ്റെ പ്രതിഫലനമാണു് പ്രധാനമന്ത്രിയെ മൂലയു്ക്കു് മാറ്റിനി൪ത്തി യാഥാ൪ത്ഥഭരണംനടത്തുന്ന കോ൪പ്പറേറ്റുകളുടെ ധനസാമ്രാജ്യത്തിലു് വിള്ളലുകളു് വീഴു്ത്തുന്ന ബഹിഷു്ക്കരണംപോലുള്ള നേരിട്ട നടപടികളിലോട്ടു് ക൪ഷകസമരം കടന്നതും അതിനു് ജനങ്ങളു് പിന്തുണനലു്കിയതും. ഓ൪ക്കുക- ബീജേപ്പീയുടെ പാ൪ലമെ൯റ്റംഗങ്ങളും ബീജേപ്പീ ഗവണു്മെ൯റ്റു് പരസ്യംനലു്കുന്ന മാധ്യമങ്ങളുമല്ലാതെ നരേന്ദ്രമോദിക്കോ ഈ കോ൪പ്പറേറ്റുകമ്പനികളു്ക്കോ ഇപ്പോളു് പിന്തുണ ഒരിടത്തും ആരും നലു്കുന്നതായിക്കാണുന്നില്ല. റിലയ൯സ്സിനെയും അദാനിഗ്രൂപ്പിനെയുംപോലുള്ള ഇന്ത്യയിലെ മറ്റു് വാണിജ്യവ്യവസായ സ്ഥാപനങ്ങളെല്ലാം ക൪ഷക൪ക്കെതിരെ നിലപാടെടുത്താലു്, വെറുതെയൊരഭിപ്പ്രായംപറഞ്ഞാലു്പ്പോലും, അടുത്ത ബഹിഷു്ക്കരണത്തി൯റ്റെയും സാമ്പത്തികത്തക൪ച്ചയുടെയും അടുത്ത ഇര തങ്ങളായിക്കുമെന്ന ഭീതിയിലു് വിറങ്ങലിച്ചുനിലു്പ്പാണു്.

14

ഇന്ത്യ൯ വ്യവസായ-ബിസിനസ്സു്ലോകത്തി൯റ്റെ ക൪ഷകസമരത്തോടുള്ള ഈ അഭിപ്പ്രായനിശ്ശബ്ദതയു്ക്കു് മറ്റൊരുകാരണം ക൪ഷകസമരംകാരണം ബീജേപ്പീഹിന്ദുഭരണം ഇ൯ഡൃയിലു് അധികാരം നഷ്ടപ്പെട്ടു് വീണുപോയേക്കാമെന്നതോടൊപ്പം അന്താരാഷ്ട്രതലത്തിലു് ഈ വിഷയത്തിലു് നരേന്ദ്രമോദിക്കും ഈ കോ൪പ്പറേറ്റുകളു്ക്കുംകിട്ടുന്ന ശൂനൃപിന്തുണയാണു്. മറ്റുരാജ്യങ്ങളു്മുഴുവ൯ എതിരായപ്പോളു് അമേരിക്കയും റഷ്യയുമാണു് ഇതിലു് ആകെ പിന്തുണച്ചിരുന്നതു്, പക്ഷേ ഈ ക൪ഷകനിയമങ്ങളു് കൊണു്ടുവരാ൯ എരിവുകേറ്റിയ ഡൊണാളു്ഡു് ട്രംപു് അമേരിക്ക൯ പ്രസിഡ൯റ്റുപദത്തിലു്നിന്നും അപ്രതീക്ഷിതമായി അപ്രത്യക്ഷനായി, വ്ലാദിമി൪ പുട്ടി൯ ജനങ്ങളുടെ കൈകൊണു്ടു് മരണപ്പെടാതിരിക്കാനായി ഒരു വ൯സുരക്ഷാസൈന്യത്തേയും ചുമന്നുകൊണു്ടുനടക്കുന്നു; സ്വന്തം ജീവ൯ രക്ഷിക്കാ൯മാത്രമേ നരേന്ദ്രമോദിയെയും ട്രംപിനെയുംപോലെ ത൯റ്റെ ഭരണത്തി൯കീഴിലു് സാമ്പത്തികമായിത്തക൪ന്ന റഷ്യയെ കൊണു്ടുനടക്കുന്ന അയാളു്ക്കിപ്പോളു് കഴിയുന്നുള്ളൂ.

15

യഥാ൪ത്ഥത്തിലു് മോദിയെക്കാളും കോ൪പ്പറേറ്റുകളെക്കാളുമൊക്കെ വലിയ ശക്തമായ ഒരധികാരകേന്ദ്രമായി ഇന്ത്യയിലെ ജനങ്ങളു് ക൪ഷകസംഘടനകളെ കണു്ടുതുടങ്ങിയിരിക്കുന്നുവെന്നതാണു് വാസു്തവം. വ്യവസായശക്തികളല്ല കാ൪ഷികശക്തികളു് ഇന്ത്യ ഭരിക്കുന്നതി൯റ്റെ അഭികാമ്യത ജനങ്ങളു് തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നതു് ആശാവഹമായ വ്യതിയാനങ്ങളു് ഇന്ത്യ൯ ജനാധിപത്യത്തിലും ഇന്തൃ൯ രാഷ്ട്രീയത്തിലും വരുത്തുമെന്നതു് ഏതായാലും ഇപ്പോളു്ത്തന്നെ അവിത൪ക്കിതമാണു്. പല സംസ്ഥാനങ്ങളിലും പല രാഷ്ട്രീയപ്പാ൪ട്ടികളോടും ബീജേപ്പീയുമായുള്ള കൂട്ടുഭരണത്തിലു്നിന്നും പി൯വാങ്ങാ൯ ക൪ഷകസംഘടനകളാവശ്യപ്പെട്ടതു് അവ൪ അനുസരിച്ചുവെന്നതു് ഈ വ്യതിയാനത്തി൯റ്റെ ഒരു പ്രകടമായ ലക്ഷണമാണു്- അതായതു് ക൪ഷകസമൂഹവും അവരുടെ സംഘടനകളും ഇന്ത്യയിലു് വീണു്ടും ഒരു രാഷ്ട്രീയശക്തിയായിമാറുന്ന കാഴു്ച. ബീജേപ്പീയെയും ഹിന്ദുക്കോ൪പ്പറേറ്റു് ഭരണവ്യവസ്ഥയെയും പിണക്കിയാലു്പ്പോലും അതു് ക൪ഷകരെപ്പിണക്കുന്നിടത്തോളം വരുന്നില്ലെന്നതു് ഇന്ത്യ൯ രാഷ്ട്രീയത്തിലെ ഗതിനി൪ണ്ണായകമായ വലിയൊരു മാറ്റംതന്നെയാണു്. ക൪ഷകരുടെ സമ്മതവും അനുവാദവുമില്ലാതെ സംസ്ഥാനങ്ങളിലു് ഒരു ഗവണു്മെ൯റ്റു് രൂപീകരിക്കുന്നതുപോയിട്ടു് ഒരു രാഷ്ട്രീയസഖ്യം രൂപീകരിക്കാ൯പോലും കഴിയില്ലെന്നിടത്തേക്കാണു് കാര്യങ്ങളെത്തിനിലു്ക്കുന്നതു്.

ആഴു്ചകളായിത്തുട൪ന്നിട്ടും ഓരോദിവസവും ശക്തിയാ൪ജ്ജിച്ചു് ഓരോ സംസ്ഥാനങ്ങളിലു്നിന്നും കൂടുതലു് കൂടുതലു് ജനങ്ങളു് വന്നുചേ൪ന്നു് സമരക്കാരോടൊപ്പം ഡലു്ഹിയുടെയും പഞു്ചാബി൯റ്റെയും ഹര്യാനയുടെയും ഉത്ത൪പ്പ്രദേശ്ശി൯റ്റെയുമൊക്കെ അതി൪ത്തികളിലു് താമസമാക്കി ഭരണശക്തിയായ കോ൪പ്പറേറ്റുകളുടെ സാമ്പത്തികസാമ്രാജ്യങ്ങളു് ആടിച്ചുതക൪ത്തുകൊണു്ടിരിക്കുന്ന ക൪ഷസമരത്തെ എപ്പോളാണു് നരേന്ദ്രമോദിയും ബീജേപ്പീയും കേന്ദ്ര ഗവണു്മെ൯റ്റും സൈന്യത്തെയുപയോഗിച്ചു് അടിച്ചമ൪ത്താ൯പോകുന്നതെന്നു് പലരും സംശയിക്കുന്നുണു്ടു്. പക്ഷേ ഈ സംശയം അസ്ഥാനത്താണു്. ഇതുപോലൊരു കൊടുംതണുപ്പിലു് ശീതക്കാറ്റുവീശിയടിക്കുന്ന അന്തരീക്ഷത്തിലു് ഇതുപോലൊരു രാജ്യതലസ്ഥാനത്തു് വിശന്നുവലഞ്ഞു് റൊട്ടിക്കും മാംസത്തിനും പാലിനുമായി രാജ്യതലസ്ഥാനംവളഞ്ഞ റഷ്യ൯ജനതയെ നേരിടാ൯ പട്ടാളത്തോടു് ആജ്ഞാപിച്ച റഷ്യ൯ പ്രസിഡ൯റ്റിനെയും അയാളുടെ ആജ്ഞയനുസരിച്ചു് കുതിച്ചുചാടിയിറങ്ങിയ ഒറ്റപ്പെട്ട ചില സൈനികവിഭാഗങ്ങളെയും സൈന്യംതന്നെ ജനങ്ങളോടുചേ൪ന്നു് ബാരക്കുകളിലു്നിന്നുതന്നെ അറസ്സു്റ്റുചെയു്തു് കോ൪ട്ടുമാ൪ഷലു് ചെയ്യുകയാണുണു്ടായതു്. ആ പ്രസിഡ൯റ്റിനെയും ജനങ്ങളും സൈന്യവുംകൂടി തൂക്കിയെടുത്തു് പുറത്തെറിഞ്ഞു. റഷ്യയിലു് ഭരണവൃവസ്ഥയായ കമ്മ്യൂണിസംതന്നെ അതോടുകൂടി അവസാനിച്ചു- നേപ്പാളിലു് കമ്മ്യൂണിസ്സു്റ്റുവ്യവസ്ഥ അവസാനിപ്പിച്ചു് പഴയപോലെ രാജഭരണം കൊണു്ടുവരാ൯ വമ്പിച്ച ജനകീയപ്പ്രക്ഷോഭങ്ങളു് നടക്കുന്നപോലെതന്നെ, വ൯ശക്തിയായ ചൈനയുടെ ആധിപത്യമംഗീകരിക്കാതെ ഹോങു്കോങ്ങിലു് സ്വാതന്ത്രൃപ്പ്രക്ഷോഭം നടക്കുന്നപോലെത്തന്നെ. ലോകത്തേറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലു്മാത്രം ജനാധിപത്യം മത കോ൪പ്പറേറ്റോക്ക്രസിക്കു് കീഴു്പ്പെടുത്താനുള്ള നിയമങ്ങളു് കോ൪പ്പറേറ്റു് എംപീമാ൪ പാ൪ലമെ൯റ്റിലു്ക്കൂടിയിരുന്നു് പാസ്സാക്കുമ്പോളു് നാലുചുറ്റും വ൪ത്തമാനകാലത്തുനടക്കുന്നപോലുള്ള ജനകീയപ്പ്രക്ഷോഭങ്ങളു് ഈ ക൪ഷകസമരംപോലെ ഉണു്ടാവുകയില്ലെന്നു് വിശ്വസിച്ചുനടന്ന മൂഢ൯മാരാണു് ബീജേപ്പീയും കോ൪പ്പറേറ്റുകളും നരേന്ദ്രമോദിയുമെന്നാണു് തെളിയുന്നതു്.

16

ടുണീഷ്യയിലു് വെറും ഇരുപത്തെട്ടുദിവസംകൊണു്ടാണു് പൗരപ്പ്രതിഷേധം, പ്രകടനം, പൊതുപണിമുടക്കു്, ആത്മാഹൂതി എന്നീ തികച്ചും അക്രമരഹിതമായ മാ൪ഗ്ഗങ്ങളിലൂടെയുള്ള ജനകീയമുന്നേറ്റം ദീ൪ഘകാല പ്രസിഡ൯റ്റായിരുന്ന സൈ൯ എലു് ആബിദൈ൯ ബെ൯ ആലിയുടെ ഭരണത്തെ കടപുഴക്കിയെറിഞ്ഞു് 2011 ജനുവരിയിലു് അടിമുടി ജനാധിപത്യവും സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പും സ്ഥാപിച്ചതു്. ഇവിടെ സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പു് സ്ഥാപിച്ചുവെന്നതു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്. അതു് പുനഃസ്ഥാപിക്കുന്നതിനാണു് ഇപ്പോളു് ഇന്ത്യയിലും ഊന്നലു്. അതുപോലെതന്നെ അനങ്ങാപ്പാറപോലെ ഉറച്ചിരുന്നു് അഴിമതി-അടിച്ചമ൪ത്തലു്ഭരണം നടത്തിയ ഒരു പ്രസിഡ൯റ്റിനെ കീഴു്പ്പ്പെടുത്തി പുറത്തെറിയാ൯ പൗരപ്പ്രതിഷേധം, പ്രകടനം, പൊതുപണിമുടക്കു്, ആത്മാഹൂതി എന്നീ തികച്ചും അക്രമരഹിതമായ മാ൪ഗ്ഗങ്ങളിലൂടെയായിരുന്നു ടുണീഷ്യയിലെ പിലു്ക്കാലത്തു് ഒരു ലോകമാതൃകയായിമാറിയ ജനകീയമുന്നേറ്റമെന്നതും പ്രത്യേകം ശ്രദ്ധിക്കേണു്ടതാണു്, കാരണം കൃത്യം അതുനാലുമാണു് ഇന്ത്യയിലിപ്പോളു് നടക്കുന്ന ക൪ഷകസമരവും സ്വീകരിച്ചിരിക്കുന്ന മാ൪ഗ്ഗങ്ങളു്. ടുണീഷ്യയിലു് 28 ദിവസത്തിനിടയിലു് നടന്ന 338 മരണങ്ങളും പോലീസ്സു്-സൈനിക നടപടികളു് കാരണമായിരുന്നു. ക൪ഷകസമരത്തിലു് 39 ദിവസത്തിനിടയിലു് മരണം ഏതുകാരണത്തായാലും ഇതിനകം നാലു്പ്പതുകഴിഞ്ഞു.

ലോകത്തു് മുല്ലപ്പൂവിപ്ലവമെന്ന (ജാസ്സു്മി൯ റെവലൃൂഷ൯ എന്ന) പേരുതന്നെയുണു്ടായതു് ട്യുണീഷ്യയുടെ ദേശീയപുഷു്പമായ മുല്ലപ്പൂവിലു്നിന്നാണു്. ഈ പേരു് ലോകംമുഴുവ൯ പട൪ത്തിയതുതന്നെ സാമൂഹ്യമാധ്യമമായ ഫേസ്സു്ബുക്കാണു്. ഈ പ്രക്ഷോഭത്തെ സിദി ബൂ സെയു്ദു് പ്രക്ഷോഭമെന്നും പറയുന്നതു് ടുണീഷ്യയിലു് അതേനാമത്തിലുള്ള നഗരത്തിലു്നിന്നും അതാരംഭിച്ചതുകൊണു്ടാണു്. ഇന്ത്യയിലു് ബീജേപ്പീയുടെ നരേന്ദ്രമോദി ഗവണു്മെ൯റ്റിനെപ്പോലെതന്നെ വിദേശമൂലധനനിക്ഷേപം, സ്വകാര്യമുതലാളിത്തം, കോ൪പ്പറേറ്റുകളു് എന്നിവയായിരുന്നു ടുണീഷ്യ൯ ഏകഭരണകക്ഷിയായ ഡെമോക്രാറ്റിക്കു് കണു്സ്സു്റ്റിറ്റൃൂഷണലു് റാലി- ആ൪സ്സീഡീ- എന്ന കക്ഷിയുടെയും മന്ത്രം. എന്തൊരസംബന്ധമാണു്, എന്തൊരുസാമൃമാണു്, ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീയിലു് ഭാരതമോ ജനതയോ പാ൪ട്ടിയോ ഒന്നുമില്ലാത്തപോലെ ആ൪സ്സീഡീയിലും ഡെമോക്ക്രസിയോ കണു്സ്സു്റ്റിറ്റൃൂഷനോ റാലിയോ- ജനാധിപത്യമോ ഭരണഘടനയോ ജനകീയപങ്കാളിത്തമോ- ഒന്നുമുണു്ടായിരുന്നില്ലെന്നതു്! നരേന്ദ്രമോദിയുടെ എല്ലാ വ൪ഗ്ഗീയതയു്ക്കും കോ൪പ്പറേറ്റുവലു്ക്കരണത്തിനും ഉട൯പിന്തുണയുമായി അമേരിക്ക൯ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപു് പുറകിലുണു്ടായിരുന്നപോലെ സകലസമാനഗജപോക്ക്രിത്തരങ്ങളു്ക്കും ഉഗ്രപിന്തുണയുമായി അമേരിക്ക ടുണീഷ്യ൯ പ്രസിഡ൯റ്റി൯റ്റെയും പുറകിലുണു്ടായിരുന്നു- അയാളെ ജനകീയപ്പ്രക്ഷോഭത്തിലൂടെ മറിച്ചിടിന്നതുവരെയും. ചുമ്മാതല്ല ഇതൊക്കെ നന്നായറിവുള്ള മുട്ടിടിച്ചുപോയ മോദി ഇന്ത്യയിലു് ഇ൯ക്വിലാബു്, വിപ്ലവം, റെവലൃൂഷ൯ എന്നൊക്കെയുള്ള വാക്കുകളു് നിരോധിക്കുകപോലെ എന്തോ ചെയു്തതു്- വിപ്ലവം തുട്ടുപുറകേയുണു്ടെന്നു് മറ്റാരെക്കാളും അയാളു്ക്കു് നന്നായറിയാം! ടുണീഷ്യ൯ മുല്ലപ്പൂവിപ്ലവവും ആരംഭിച്ചതും പട൪ത്തിയതും ദരിദ്രവിഭാഗങ്ങളോ മധ്യനിലവിഭാഗങ്ങളോ അല്ല ഇന്ത്യയിലെപ്പോലെ നിലനിലു്പ്പു് അപകടത്തിലായ ന്യൂനസാമൂഹ്യവിഭാഗങ്ങളായിരുന്നു എന്നുകൂടി ഓ൪ക്കണം.

17

ഇന്ത്യയിലെ ക൪ഷകസമരത്തെ മോദി വിളിച്ചതുപോലെ തീവ്രഭീകരവാദപരം, വിദേശബന്ധപൂ൪ണ്ണം, രാജ്യദ്രോഹപരം, ദേശവിരുദ്ധം എന്നൊക്കെത്തന്നെയാണു് മുല്ലപ്പൂവിപ്ലവത്തെ ടുണീഷ്യ൯ പ്രസിഡ൯റ്റും വിശേഷിപ്പിച്ചതും വിളിച്ചതും പ്രതിരോധിച്ചതും. ക൪ഷകസമരത്തെയും ടുണീഷ്യ൯ വിപ്ലവത്തെയും രണു്ടിടത്തെയും ഭരണാധികാരികളു് കൈകാര്യംചെയ്യുകയും ചെറുക്കുകയുംചെയു്ത രീതികളിലെ സമാനതകളു്നോക്കിയാലു് ആരായാലും അത്ഭുതപ്പെട്ടുപോകും. ഒടുവിലു് സംഭവിച്ചതിലും ഈ സമാനതകളു് ആവ൪ത്തിക്കുമോയെന്നു് സകലരും ആശ്ചര്യപ്പെട്ടുംപോകും.

ജനാധിപത്യത്തി൯റ്റെപേരിലു് കടുത്ത യാഥാസ്ഥിതിക സൈനികഭരണംതന്നെയുണു്ടായിരുന്നു ഇജിപു്റ്റുപോലുള്ള മുസ്ലിംരാജ്യങ്ങളിലു്പ്പോലും ആരബ്ബു് വസന്തമെന്നറിയപ്പെട്ട മുല്ലപ്പൂവിപ്ലവം കടന്നുപോയി, പല ഏകാധിപതി ഭരണാധികാരികളെയും ചരിത്രത്തി൯റ്റെ ശു്മശാനഭൂമിയിലേക്കവ തള്ളി, ചിലരെ പലയിടത്തും പതുങ്ങിയിരിക്കുന്ന അവരുടെ അനുയായികളു്ക്കൊരു താക്കീതും മുന്നറിയിപ്പുമായി തൂക്കിക്കൊന്നു. മുട്ടാള൯ സദ്ദാം ഹുസ്സൈനെപ്പോലുള്ളവരെ അന്യരാജ്യത്തെ സൈന്യങ്ങളു്പോലും കടന്നുചെന്നു് ജനങ്ങളു്ക്കുവേണു്ടി പിടികൂടി വിചാരണചെയു്തും ചെയ്യാതെയും കൊന്നുകെട്ടിത്തൂക്കി. ഇതൊക്കെ വെറും ഒരു ദശകത്തിനകംതന്നെയുണു്ടായ സംഭവങ്ങളാണു്. ഇന്ത്യയെപ്പോലെ ഇതൊന്നും തങ്ങളുടെ രാജ്യത്തിനകത്തു് നടക്കുകയില്ലെന്നു് വിശ്വസിച്ചിരുന്ന ഭരണാധിപ൯മാരുടെ രാജ്യത്താണു് ഇതെല്ലാം ഉണു്ടായതു്. തനി മതമൗലികഭരണമുള്ള സൗദി അറേബ്യാപോലും ഭയന്നു് മതംവലിച്ചെറിഞ്ഞുകണ്ണുതുറന്നു് സു്ത്രീകളുടെ മൂടുപടങ്ങളു്പോലും വലിച്ചെറിഞ്ഞു് അവരെ വാഹനങ്ങളുടെ ഡ്രൈവിംഗു്സീറ്റിലിരുത്തുകയും സിനിമാശാലകളു് തുറക്കുകയുംവരെച്ചെയു്തു. ഇതൊക്കെ വളരെയടുത്തകാലത്തുമായിരുന്നു. അന്നാണു് അതിലൂടെയുണു്ടായ പുതിയ റഷ്യ൯ പ്രസിഡ൯റ്റു് ബോറിസ്സു് യെത്സിനെ ടാങ്കിനുപുറത്തുകയറിയിരുന്നു് ജനങ്ങളെ അഭിസംബോധനചെയ്യുന്നതായി നമ്മളു് കണു്ടതു്. ഭരണാധിപ൯ എത്ര ശക്തനോ മുഷു്ക്കനോ ആയിട്ടു് ഒരുകാര്യവുമില്ല- കാലത്തി൯റ്റെ ആജ്ഞ കേട്ടില്ലെങ്കിലു് അയാളുടെയും കൂടെനിലു്ക്കുന്നവരുടെയും കാര്യം പോക്കാണു്. സമരംചെയ്യുന്ന ജനങ്ങളെ നേരിടാ൯ റഷ്യയിലെപ്പോലെ സൈനിക ടാങ്കുകളോടു് ആഹ്വാനം ചെയു്തു് അതേയനുഭവംതന്നെ നരേന്ദ്രമോദിക്കുണു്ടായാലു് അതു് ജപ്പാനിലെപ്പോലെ കൂട്ടമായാത്മഹത്യചെയ്യാനായി ഹരാക്കിരി നടത്താ൯പോകുന്നതിനു് തുല്യമായിരിക്കും ഇന്ത്യയിലു് ബീജേപ്പീക്കെന്നു് നന്നായറിയാവുന്നതുകൊണു്ടു് നരേന്ദ്രമോദിക്കു് ഒരിക്കലുമതു് ചെയ്യാ൯ കഴിയുകയില്ല. ഇനിയഥവാ ചെയു്താലു്ത്തന്നെ ഫലവും വ്യത്യസു്തമായിരിക്കില്ല. ഇന്ത്യ൯സൈന്യം വ്യവസായകുടുംബങ്ങളിലു്നിന്നും വരുന്നവരല്ല, ക൪ഷകകുടുംബങ്ങളിലു്നിന്നും വരുന്നവരാണു്. നരേന്ദ്രമോദി അംബാനി അദാനി മുതലായ ഗുജറാത്തി ഹിന്ദുരാഷ്ട്രീയക്കാരെയും വ്യവസായികളെയുംപോലെ വ൪ഗ്ഗീയകലാപങ്ങളുണു്ടാക്കുന്നതിലല്ല ഇന്ത്യ൯ സൈന്യത്തി൯റ്റെ പരിശീലനം, വ൪ഗ്ഗസഹകരണത്തി൯റ്റെ മാതൃകയായി നിലനിലു്ക്കുന്നതിലാണു്.

18

അറുപതും എഴുപതും എണു്പതും വയസ്സിനുമേലു് പ്രായമുള്ള ക൪ഷക൪ സു്ത്രീകളും കുട്ടികളുമൊക്കെയടങ്ങുന്ന കുടുംബങ്ങളായി ജ൯മനാട്ടിലു്നിന്നും കൃഷിഭൂമികളിലു്നിന്നുമകലെ ഡലു്ഹിയിലെ തണുപ്പിലു്വിറച്ചു് തെരുവുകളിലും ട്രാക്ടറുകളിലുമായിക്കഴിയുന്നതിനു് ഒരു കാരണമുണു്ടു്. അവരവിടെ സുഖവാസത്തിനുവന്നതല്ല, അങ്ങനെ അവിടെ ആ കാലാവസ്ഥയിലു് അവിടെ ആരും സുഖവാസത്തിനുവരികയുമില്ല. ആ വന്നതി൯റ്റെ കാരണമന്വേഷിക്കാനാണു് ഇന്ത്യയിലെ ജനങ്ങളു് ഒരു കേന്ദ്രഗവണു്മെ൯റ്റിനെ ഉണു്ടാക്കിവെച്ചിരിക്കുന്നതു്. പക്ഷേ ആ സമീപനമല്ല കേന്ദ്രഗവണു്മെ൯റ്റു് സമരക്കാരോടു് എടുത്തതു്. കാ൪ഷികനിയമങ്ങളു് രാജൃത്തു് ഒരിക്കലു് പാസ്സാക്കിയെങ്കിലു് പല സാങ്കേതികപ്പ്രശു്നങ്ങളുമുള്ളതുകൊണു്ടു് അവ ഒരിക്കലും പി൯വലിക്കാ൯പറ്റില്ലെന്നാണു് കേന്ദ്ര ഗവണു്മെ൯റ്റു് തുട൪ച്ചയായി പറഞ്ഞുകൊണു്ടിരുന്നതു്. 2020 ഡിസംബറിലും 2021 ജനുവരി ആദ്യവാരത്തിനകത്തും നടന്ന ഏഴോ എട്ടോവട്ട ച൪ച്ചകളിലും കേന്ദ്രകൃഷി-ഭക്ഷൃ-ആഭ്യന്തര-പ്രധാനമന്ത്രിമാ൪ ആവ൪ത്തിച്ചുകൊണു്ടിരുന്നതു് ക൪ഷകരുടെ പ്രധാനഡിമാ൯ഡായ ക൪ഷകനിയമങ്ങളു് പി൯വലിക്കലെന്നതുമാത്രം നടപ്പാക്കാ൯ ഒരിക്കലും പറ്റില്ല, അതു് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നാണു്. ബീജേപ്പീയുടെ ഈ കേന്ദ്രഗവണു്മെ൯റ്റു് ഒറ്റവ൪ഷംകൊണു്ടു് ഇതിനകം പി൯വലിച്ചുകഴിഞ്ഞ കേന്ദ്രനിയമങ്ങളുടെയും റദ്ദുചെയു്തുകഴിഞ്ഞ ഭരണഘടനാവകുപ്പുകളുടെയും എണ്ണംനോക്കുമ്പോളു് ഇവിടെ ഒരു നിയമവും പി൯വലിക്കപ്പെടാ൯ പറ്റാത്തതായിലെന്നു് അവ൪തന്നെ ഇതിനകം എത്രയോപ്രാവശ്യം തെളിയിച്ചുകഴിഞ്ഞിട്ടുള്ളതാണു്! ഭരണഘടനയോടൊപ്പം ജനിച്ച കാഷു്മീറിനു് പ്രതൃേകപദവിനലു്കുന്ന ഭരണഘടനാ ആ൪ട്ടിക്കിളു്പോലുമവ൪ റദ്ദാക്കി, പുതിയ വകുപ്പുകളു് കൊണു്ടുവന്നു, സംസ്ഥാനങ്ങളെത്തന്നെ വെട്ടിമുറിച്ചു, പുതിയവയുണു്ടാക്കി. അവരാണു് പറയുന്നതു് മൂന്നു് ക൪ഷകനിയമങ്ങളു്മാത്രം പി൯വലിക്കാ൯ ബുദ്ധിമുട്ടാണെന്നു്! ബുദ്ധിമുട്ടുതന്നെയാണു്- ആ ക൪ഷകനിയമങ്ങളു് പി൯വലിക്കാനവ൪ ഒരുങ്ങിയാലു് അതിനുംമുമ്പുതന്നെ ഈ മന്ത്രിമാരെയെല്ലാം റിലയ൯സ്സു് അധികാരത്തിനുപുറത്തേക്കു് എറിയുകയും വേണമെങ്കിലു് അവരുടെ എംപീമാരെക്കൊണു്ടു്, അതായതു് ബീജേപ്പീയുടെ എംപീമാരെക്കൊണു്ടു് രാജിവെയു്പ്പിക്കുകയും ഗവണു്മെ൯റ്റിനുള്ള പിന്തുണ പി൯വലിപ്പിക്കുകയും വേണമെങ്കിലും ചെയ്യും. പാ൪ലമെ൯റ്റുതന്നെയവ൪ പിരിച്ചുവിട്ടുകളയുമോയെന്നു് അവരുണു്ടാക്കിയ ക൪ഷകനിയമങ്ങളു് ഇനിയഥവാ ഈ കേന്ദ്രഗവമെ൯റ്റു് റദ്ദാക്കാനൊരുങ്ങിയിറങ്ങിയാലു്മാത്രമേ അറിയാനാകൂ. ഈ ക൪ഷകസമരത്തിലൂടെ ഉയ൪ന്നുവന്നുപട൪ന്നു് അതിവേഗം ഇന്ത്യമുഴുവ൯ വ്യാപിച്ചുകൊണു്ടിരിക്കുന്ന ഒരു പൊതുവിശ്വാസം ഇ൯ഡ്യാചരിത്രത്തിലു് കൊടിലുകൊണു്ടുപോലും തൊടാ൯പാടില്ലാതെ അത്ര അകറ്റിനി൪ത്തേണു്ട മൂന്നു് വസു്തുക്കളാണു് ഗൗതം അദാനിയും മുകേഷു് അംബാനിയും നരേന്ദ്രമോദിയും എന്നുള്ളതാണു്.

19

ഇന്ത്യയിലെ ബ്രിട്ടീഷാധിപത്യം തക൪ത്തതുപോലെ കോ൪പ്പറേറ്റാധിപത്യം അതി൯റ്റെ രാഷ്ട്രീയരൂപമായ ബീജേപ്പീയിലൂടെയും ഇതി൯റ്റെമുഴുവ൯ ആളു്രൂപമായ നരേന്ദ്രമോദിയിലൂടെയും തക൪ത്താലു്മാത്രമേ ഇന്ത്യയിലിനി ഒരു ക൪ഷകസമൂഹത്തിനു് നിലനിലു്പ്പുള്ളൂവെന്നു് പഞു്ചാബുമുതലു് ഹരിയാനയും ഉത്ത൪പ്പ്രദേശ്ശും രാജസ്ഥാനും കാഷു്മീറും കേരളവുംവരെയുള്ള ക൪ഷക൪ അപഗ്രഥിച്ചുമനസ്സിലാക്കിയതിലു് എന്തൊക്കെയടങ്ങുമെന്നുള്ള ഒരു ഏകദേശചിത്രം ലഭിച്ചാലേ അവരുടെ സമരത്തി൯റ്റെ ആത്യന്തികലക്ഷൃമെന്തെന്നു് മനസ്സിലാക്കാ൯ നമുക്കു് കഴിയുകയുള്ളൂ. അതിനുള്ള ഒരു ഉദ്യമമാണിവിടെ നടത്തിയതു്. നരേന്ദ്രമോദിയെയും ബീജേപ്പീയേയും ഇന്ത്യയിലെ റിലയ൯സ്സു് അദാനി എന്നീ രണു്ടു് കോ൪പ്പറേറ്റുകളെയും റഷ്യ൯ പൊളിറ്റിക്കലു് മാഫിയയെയും അമേരിക്ക൯ കോ൪പ്പറേറ്റു് സാമ്രാജ്യത്തെയുമൊക്കെത്തമ്മിലു് ബന്ധിപ്പിക്കുന്ന സമവാക്യങ്ങളു് ഇന്ത്യയിലെ ക൪ഷകസംഘടനകളു് കണു്ടെത്തിയതിലു്നിന്നാണു് ഈ ക൪ഷകസമരങ്ങളുടെ തുടക്കംതന്നെ. ബ്രിട്ടീഷാധിപത്യം അവസാനിപ്പിച്ചതുപോലെതന്നെയുള്ള ഒരു സ്വാതന്ത്ര്യസമരമായിട്ടാണു് അവ൪ ഇതിനെ കാണുന്നതെന്നും അങ്ങനെയാണു് ഈ സമരം പരിണമിക്കുന്നതെന്നും ഈ ക൪ഷകപ്പ്രക്ഷോഭത്തി൯റ്റെ ഇതിനകംതന്നെ അനാവരണംചെയ്യപ്പെട്ടിട്ടുള്ള രൂപരേഖ വൃക്തമാക്കുന്നു.

പ്രവ൪ത്തനം തുടങ്ങിയതിനുശേഷം ഇത്രയുംകാലവും റിലയ൯സ്സു്-ജിയോ അഭിമാനിച്ചിരുന്നതു് അവരുടെ നെറ്റുവ൪ക്കിലു് ഓരോമാസവും വന്നുചേരുന്നവരുടെയും വിട്ടുപോകുന്നവരുടെയും ശതമാനാനുപാതം അഭിമാനകരമെന്നാണു്. ക൪ഷകസമരമാരംഭിച്ചു് റിലയ൯സ്സുബഹിഷു്ക്കരണം തുടങ്ങിയതോടെതന്നെ ഈ അനുപാതം തകിടംമറിഞ്ഞുതുടങ്ങി, പ്രത്യേകിച്ചും ഗ്രാമീണപഞു്ചാബിലു്. തുടക്കം പഞു്ചാബിലു്ത്തന്നെയാണെങ്കിലും ഈ ബഹിഷു്ക്കരണം ക്രമേണ മറ്റുസംസ്ഥാനങ്ങളിലോട്ടും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലോട്ടും വ്യാപിച്ചു. തുടക്കത്തിലു് ഈ പോ൪ട്ടുമാറ്റിയ വരിക്കാരെല്ലാം ഭാരതി എയ൪ട്ടെല്ലിലേക്കാണു് പോയതു്. മിക്കവാറും ഇങ്ങനെ ഒരു നെറ്റുവ൪ക്കിലു്നിന്നും പോ൪ട്ടുമാറ്റി മറ്റൊരു നെറ്റുവ൪ക്കിലേക്കു് പോകാ൯പാടില്ലെന്നൊരു നിയമം റിലയ൯സ്സി൯റ്റെ ആജ്ഞയനുസരിച്ചു് ക൪ഷകനിയമം കൊണു്ടുവന്നപോലെ ബീജേപ്പീയുടെ എംപീമാരും നരേന്ദ്രമോദിയും പാ൪ലമെ൯റ്റിലു് കൊണു്ടുവരും, രാഷ്ട്രപതി അതു് പാസ്സാക്കി ഒപ്പിട്ടുക്കൊടുക്കേണു്ടിവരും, ക൪ഷകരോഷവും പ്രതിപക്ഷപ്പ്രതിഷേധവും വകവെയു്ക്കാതെ ബീജേപ്പീ എംപീമാരും നരേന്ദ്രമോദിയും പാ൪ലമെ൯റ്റിലിരുന്നു് പാസ്സാക്കിയ മൂന്നു് റിലയ൯സ്സു്പ്പ്രീണന ക൪ഷകവിരുദ്ധബില്ലുകളു്ക്കും 2020 സെപു്റ്റംബ൪ 27നു് രാഷ്ട്രപതി രാംനാഥു് കോവിന്ദു് ഒപ്പുവെച്ചു് അംഗീകാരംനലു്കി ഗസറ്റുവിജ്ഞാപനത്തിനയച്ചപോലെ, കാരണം ഈ കോ൪പ്പറേറ്റുകളു് ഇന്ത്യ ഭരിക്കാ൯ ഇറങ്ങിയില്ലായിരുന്നുവെങ്കിലു് ഈ ബീജേപ്പീ എംപീമാരും പ്രധാനമന്ത്രിയും രാഷ്ട്രപതിയുമൊന്നും ഇപ്പോളു് ആ സ്ഥാനങ്ങളിലു് കാണുമായിരുന്നില്ല. കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ബീജേപ്പീയും കേന്ദ്രഗവണു്മെ൯റ്റും ഉണു്ടാക്കികൊണു്ടുചെല്ലുന്ന ഏതുനിയമങ്ങളെയും എടുക്കുന്ന ഏതുനടപടികളെയും ശരിവെക്കുന്ന സുപ്രീംകോടതിയടക്കമുള്ള ഇന്ത്യ൯ ജുഡീഷ്യറിയെസ്സംബന്ധിച്ചു് വിധിച്ചു് ഇതുപോലൊരു അഭിപ്രായം പറയേണു്ടതു് വരുംതലമുറയാണു്.

ഏതായാലും നരേന്ദ്രമോദിക്കു് പാ൪ലമെ൯റ്റുവിളിച്ചുകൂട്ടി പോ൪ട്ടുമാറ്റം നിരോധിച്ചുകൊണു്ടുള്ള പുതിയ നിയമമുണു്ടാക്കുവാനുള്ള ഇതുസംബന്ധിച്ചുള്ള പരാതികളു് റിലയ൯സ്സു് ഇപ്പോളു്ത്തന്നെ പലയിടത്തും എഴുതിസ്സമ൪പ്പിച്ചുകൊണു്ടിരിക്കുകയാണു്.

20

പാ൪ലമെ൯റ്റുപാസ്സാക്കിയ ഈ മൂന്നു് പുതിയ ക൪ഷകനിയമങ്ങളുടെയും പിന്നിലു്പ്പ്രവ൪ത്തിച്ചു് അവപാസ്സാക്കാനാജ്ഞാപിച്ചു് ആ മൂന്നു് പുതിയ ക൪ഷകനിയമങ്ങളുടെയും പ്രയോജനമനുഭവിക്കുന്നുവെന്നതല്ലാതെ റിലയ൯സ്സു്-ജിയോയുടെ സേവനങ്ങളെപ്പറ്റി മറ്റുയാതൊരു പരാതികളോ കാരണങ്ങളോ പറയാതെ ലക്ഷക്കണക്കിനാളുകളു് കൂട്ടംകൂട്ടമായി ജിയോയിലു്നിന്നും പോ൪ട്ടൗട്ടുചെയു്തതെന്നതു് ഇന്ത്യയിലെ ഒരു കോടതിയിലും തെളിയിക്കപ്പെടാ൯പറ്റാത്ത രീതിയിലുള്ള ജനവിരുദ്ധമായ കുറ്റം ചെയു്തവരെപ്പോലും ശിക്ഷിക്കാ൯ ഇന്ത്യ൯ ജനാധിപത്യത്തിനു് ശക്തിയുണു്ടെന്ന സത്യമാണു് വിളിച്ചുപറയുന്നതു്. ആ കോ൪പ്പറേറ്റിനു് ഒരു കോടതിയിലുംപോയി, ഒരു ജനാധിപത്യ റിപ്പബ്ലിക്ക൯ വ്യവസ്ഥയുടെകീഴിലുംപോയി, പരാതിപറയാനോ റദ്ദാക്കുക്കാനോ ഒരിക്കലുംപറ്റാത്ത ശിക്ഷനലു്കി ഇത്തരം ഭരണഘടനാബാഹ്യമായ നടപടികളെയും അവിഹിതയിടപെടലുകളെയും ശിക്ഷിക്കാനും ഇനി ഇത്തരം നടപടികളു്ക്കു് ഇറങ്ങിപ്പുറപ്പെടുന്നവ൪ക്കു്- അതായതു് കേന്ദ്ര-സംസ്ഥാന ഗവണു്മെ൯റ്റുകളു്തന്നെ അവരുടെ സൃഷ്ടിയും ആജ്ഞാനുവ൪ത്തികളുമാണെങ്കിലു്പ്പോലും അത്തരം അവിഹിതമാ൪ഗ്ഗത്തിലൂടെ ജനവിരുദ്ധനിയമങ്ങളുണു്ടാക്കി ജനങ്ങളുടെയിടയിലേയു്ക്കിടാ൯ ഇറങ്ങിത്തിരിക്കുന്നവ൪ക്കൊരു പാഠവും മുന്നറിയിപ്പുമായി- കനത്ത ശിക്ഷനലു്കാ൯ ഇന്ത്യ൯ ജനാധിപത്യത്തിനു് കരുത്തുണു്ടെന്നാണു് ആ ജനാധിപത്യത്തി൯റ്റെ ചെറിയൊരു ഭാഗംമാത്രമായ ക൪ഷകസമൂഹത്തിലൂടെ താലു്ക്കാലികമായി തെളിയിച്ചിച്ചിരിക്കുന്നതു്. ഇതിനേക്കാളു്വലിയ നടപടികളു്വേണമെങ്കിലും വരാം. അതിന്നിടയിലു്ക്കയറി ആ ജനാധിപത്യനടപടികളെ മയപ്പെടുത്താ൯ സുപ്രീം കോടതിയടങ്ങുന്ന ഇന്ത്യ൯ജുഡീഷ്യറി നടത്തുന്ന പരിശ്രമങ്ങളു് അ൪ത്ഥഗ൪ഭമാണു്.

21

ഇന്ത്യയുടെ വടക്ക൯സംസ്ഥാനങ്ങളിലു് കുറേനാളായി നടക്കുന്ന ക൪ഷകസമരത്തിലൂടെ കൂടുതലു് കസ്സു്റ്റമേഴു്സ്സിനെ നേടുന്നതിനു് ഭാരതി-എയ൪ട്ടെല്ലിനേയും വൊഡാഫോണു്-ഐഡിയയെയും ശിക്ഷിക്കണമെന്നു് 2020 ഡിസംബ൪ 11നു് റിലയ൯സ്സു്-ജിയോ ടെലിക്കമ്മൃൂണിക്കേഷ൯സ്സു് റെഗുലേറ്ററി അതോറിറ്റി ഓഫു് ഇന്ത്യയു്ക്കു് പരാതിയിയയച്ചതും, 2020 സെപു്തംബ൪ 28മുതലു്തന്നെ, അതായതു് ഈ ക൪ഷകസമരമാരംഭിച്ചതുമുതലല്ല കാ൪ഷികനിയമങ്ങളു് പാ൪ലമെ൯റ്റുപാസ്സാക്കിയ അപ്പോളു്മുതലു്തന്നെ, റിലയ൯സ്സു് ഇത്തരം കത്തുകളും പരാതികളും അയച്ചുകൊണു്ടിരിക്കുകയായിരുന്നുവെന്നതും അങ്ങേയറ്റം അ൪ത്ഥഗ൪ഭംതന്നെ. കേന്ദ്രഗവണു്മെ൯റ്റു് തങ്ങളുടെ ഉലു്പ്പന്നമാണെന്നു് ഇതിനകംതന്നെ ജനങ്ങളുടെമുന്നിലു് തെളിയിച്ചുകൊടുത്തതുപോലെ ഇ൯ഡൃ൯ ജുഡീഷ്യറിയടക്കമുള്ള ഭരണഘടനാസ്ഥാപനങ്ങളും തങ്ങളുടെ വരുത്തിയിലു്ത്തന്നെയാണെന്നു് തെളിയിച്ചുകാണിക്കാനും റിലയ൯സ്സിറങ്ങിപ്പുറപ്പെടുമെന്നുതന്നെയാണു് ക൪ഷകരോടൊപ്പം ഇ൯ഡൃയിലെ ജനങ്ങളും പ്രതീക്ഷിച്ചിരിക്കുന്നതും കാത്തിരിക്കുന്നതും. പാക്കിസ്ഥാനിലൊരു ഹിന്ദുക്ഷേത്രം തക൪ത്തപ്പോളതു് കെട്ടിക്കൊടുക്കണമെന്നുള്ള പാക്കിസ്ഥാ൯കോടതിയുടെ വിധി (2021 ജനുവരിയിലു്) നമ്മളു് കണു്ടു. ഇന്ത്യയിലൊരു മുസ്ലിംപള്ളി തക൪ക്കപ്പെട്ടപ്പോളതിലെ മുഴുക്കെ പ്രതികളെയും തെളിവില്ലെന്നുപറഞ്ഞു് ഇന്ത്യ൯ സുപ്രീംകോടതി വെറുതേവിട്ടതും നമ്മളു് കണു്ടു. ബാബരി മസ്സു്ജിദ്ദു് തക൪ത്തതടക്കമുള്ള അനേകം കേസ്സുകളിലെ പ്രതികളെ വെറുതേവിടുകയും കാഷു്മീറിലു്നടന്ന മുഴുവ൯ മനുഷ്യാവകാശലംഘനങ്ങളെയും ശരിവെക്കുകയും അതിലൊന്നും ഇടപെടാ൯ വിസമ്മതിക്കുകയും ചെയു്ത സുപ്രീംകോടതി സമരവേദിമാറ്റണം, തെരുവുകളിലിരുന്നുള്ള സമരം പി൯വലിക്കണം, ഒത്തുതീ൪പ്പുച൪ച്ചകളു്ക്കു് മധ്യസ്ഥകമ്മിറ്റികളെ അംഗീകരിക്കണം എന്നിങ്ങനെ ക൪ഷകസമരത്തിലിടപെടുന്നതും സംശയത്തോടുകൂടിതതന്നെയാണു് ജനങ്ങളു് വീക്ഷിക്കുന്നതെന്നതു് ജനങ്ങളുടെ കുറ്റമല്ല, ഇന്ത്യ൯ ജുഡീഷ്യറിയുടെ എണ്ണമറ്റ മു൯കാലവിധികളു് അവരെ അങ്ങനെ വീക്ഷിക്കാനേ പ്രേരിപ്പിക്കുന്നുള്ളൂ.

അടിക്കാനവസരമുള്ളപ്പോളു് തുട൪ച്ചയായി അടികൊടുത്തിട്ടു് ജനങ്ങളിലു്നിന്നും അടി തിരിച്ചുവാങ്ങിച്ചുത്തുടങ്ങിയപ്പോളു് ഹെഡു്മാസ്സു്റ്ററോടുപോയി പരാതിപറയുമെന്നുപറയുന്ന റിലയ൯സ്സി൯റ്റെ സമീപനം ഇവിടെ ജനാധിപത്യത്തിലു് ഹെഡു്മാസ്സു്റ്റ൪ സുപ്രീംകോടതിയെയും കേന്ദ്രഗവണു്മെ൯റ്റിനെയുമൊക്കെ നിയമിക്കുന്ന പ്രസിഡ൯റ്റി൯റ്റെ സ൪വ്വയധികാരങ്ങളുടെയും ഉറവിടമായ ജനങ്ങളല്ല, മറിച്ചു് കേന്ദ്രഗവണു്മെ൯റ്റും സുപ്രീംകോടതിയുമൊക്കെയാണെന്നു്, സ്ഥാപിച്ചെടുക്കാനുള്ള ഇതുവരെയവ൪ സ്ഥിരമായും വിജയകരമായും വെച്ചുനടത്തിയ അവിഹിതയഭ്യാസങ്ങളിലൊന്നു് മാത്രമാണു്.
 

Written and first published on: 04 January 2021




 

 

No comments:

Post a Comment