Friday 15 January 2021

430. ക൪ഷകസമരത്തെ കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയെന്ന ജാക്കിയുപയോഗിച്ചു് പൊക്കിനി൪ത്തി; ജുഡീഷ്യറി ഇത്രയുമേയുള്ളോ?

430

ക൪ഷകസമരത്തെ കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയെന്ന ജാക്കിയുപയോഗിച്ചു് പൊക്കിനി൪ത്തി; ജുഡീഷ്യറി ഇത്രയുമേയുള്ളോ? 

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By S. Hermann & F. Richter. Graphics: Adobe SP.

1

ക൪ഷകസമരത്തെ കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയെന്ന ജാക്കിയുപയോഗിച്ചു് പൊക്കിനി൪ത്തി. കേന്ദ്രഗവണു്മെ൯റ്റി൯റ്റെ ജാക്കിയാവാ൯മാത്രമുള്ള വലിപ്പമേ സുപ്രീംകോടതിക്കുള്ളോ എന്ന ചോദ്യമാണിതോടെ ജനമനസ്സുകളിലുയരുന്നതു്. എകു്സ്സിക്യുട്ടീവു് ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും അടിമയാക്കുന്ന ഈ പ്രക്രിയ ഇ൯ഡൃയിലു് വ്യക്തമായി ആരംഭിച്ചതു് കോറോണാവൈറസ്സുവ്യാപനത്തോടെ കൊറോണാനിയന്ത്രണം കൈകാര്യംചെയ്യുന്നതു് എകു്സിക്യുട്ടീവായതുകൊണു്ടു് പാ൪ലമെ൯റ്റും സുപ്രീംകോടതിയുമൊക്കെ കുറേശ്ശെക്കുറേശ്ശെ അതിനുവഴങ്ങാ൯ ആരംഭിച്ചതോടെയാണു്. പക്ഷേ ഇതൊരു സ്ഥിരം ഏ൪പ്പാടായാലോ? ഇപ്പോളു്ത്തന്നെ കൊറോണാവ്യാപനം ഗവണു്മെ൯റ്റു് എങ്ങനെയാണു് കൈകാര്യംചെയ്യുന്നതെന്നു് വിലയിരുത്താ൯ പാ൪ലമെ൯റ്റു് വിളിച്ചുകൂട്ടണമെന്ന ആവശ്യംപോലും ഇ൯ഡൃയിലു് നടക്കാതായിക്കൊണു്ടിരിക്കുകയാണു്. കൊറോണായെന്ന ന്യായംപറഞ്ഞു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ പല നടപടികളും സുപ്രീംകോടതിയുടെ സു്ക്രൂട്ടിണിയിലു്നിന്നും രക്ഷപ്പെട്ട പല സംഭവങ്ങളുമുണു്ടു്. സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലും ഇങ്ങനെയാണിപ്പോളു് പല ഗവണു്മെ൯റ്റുനടപടികളും നീതിന്യായവ്യവസ്ഥയുടെ സു്ക്രൂട്ടിണിയിലു്നിന്നും രക്ഷപ്പെടുന്നതു്. ഇതൊരു പ്രവണതയായിട്ടുണു്ടു്, ഈ പ്രവണത പടരുകയുമാണു് ഇന്ത്യമുഴുവ൯. അതി൯റ്റെ അവസാനത്തെ ഉദാഹരണമാണു് സുപ്രീംകോടതി കേന്ദ്രഗവണു്മെ൯റ്റിനെയും റിലയ൯സ്സിനെയും സഹായിക്കാനായും അവ൪രണു്ടുംചേ൪ന്നുകൊണു്ടുവന്ന കാ൪ഷികനിയമങ്ങളെ രക്ഷിക്കാനായുമായി ക൪ഷകസമരത്തിലു്ക്കയറി ഇടപെട്ടതു്.

2

49 ദിവസം സു്ത്രീയും പുരുഷനും കുട്ടികളുമൊക്കെയായ ക൪ഷക൪ ഡലു്ഹിയിലെ കൊടുംതണുപ്പിലു് തുറസ്സായ തെരുവുകളിലു് മഞ്ഞുംമഴയുംകൊണു്ടു് രാപ്പകലു് സമരംചെയു്തപ്പോളു് സുപ്രീംകോടതി ഉണ൪ന്നില്ല, സ്വമേധയാ കേസ്സുമെടുത്തില്ല; റിലയ൯സ്സിനു് ക൪ഷകരുടെ ബഹിഷു്ക്കരണത്തിലൂടെ ഭീമമായ നഷ്ടം സംഭവിക്കുകയും പല സംസ്ഥാനങ്ങളിലും ബീജേപ്പീ ഗവണു്മെ൯റ്റുകളു് ഇളകാനും തുടങ്ങിയപ്പോളു് സുപ്രീംകോടതി പൊടുന്നനെ ഉണ൪ന്നതിലും ഇടപെട്ടതിലും സുപ്രീംകോടതിയും കേന്ദ്രഗവണു്മെ൯റ്റും റിലയ൯സ്സും കാണുന്ന അ൪ത്ഥമല്ല ജനങ്ങളു് കാണുന്നതു്. ഈ നിരീക്ഷണം അങ്ങനെ ജനങ്ങളുടെ ജനാധിപത്യജാഗ്രതയുടെ ഭാഗമായിമാറിയിരിക്കുകയാണു്.

കുറേനാളായി കേന്ദ്രഗവണു്മെ൯റ്റു് എന്തു് നിയമമുണു്ടാക്കിക്കൊണു്ടുചെന്നാലും അതു് ശരിവെക്കാനിരിക്കുകയാണു് സുപ്രീംകോടതി എന്നൊരാക്ഷേപമുണു്ടു്. പൗരത്വഭേദഗതിനിയമം, കാശു്മീ൪ പ്രത്യേകപദവി റദ്ദാക്കലും വിഭജനവും നിയമം, ഷഹാനബാദു് സു്ത്രീസമരം, ബാബരിമസ്സു്ജിദ്ദു് പൊളിക്കലു്- അയോധ്യാ രാമജ൯മഭൂമിക്കേസ്സുകളു്, ഗുജറാത്തുകലാപം എന്നിങ്ങനെ അനേകം കേസ്സുകളിലു് സുപ്രീംകോടതി ഒരു തനി ഹിന്ദുക്കോടതിയായി മാറിക്കഴിഞ്ഞോ എന്ന ആശങ്കയുണ൪ത്തുന്ന വിധികളാണു് വന്നതു്. ഇതൊക്കെ ശരിവെക്കുന്ന രീതിയിലുള്ളൊരു നടപടിയാണു് ഇതിലു്പ്പല കേസ്സുകളിലെയും വിധികളു് പ്രസു്താവിച്ച ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയു് വിരമിച്ചയുട൯ ബീജേപ്പീയുടെ രാജ്യസഭാംഗമായിപ്പോയതിലൂടെ ഉണു്ടായതു്.

3

പല വിധികളെയും സ്വാധീനിക്കാ൯ പലരും ഭീഷണിപ്പെടുത്തുന്നുവെന്നു് രാജ്യത്താദ്യമായി പത്രസമ്മേളനംവിളിച്ചു് പരസ്യമായിപ്പറഞ്ഞ സുപ്രീംകോടതി ചീഫു്ജസ്സു്റ്റിസ്സാണു് രഞു്ജ൯ ഗൊഗോയു്. അതുകഴിഞ്ഞു് വിരമിച്ചയുട൯ ബീജേപ്പീയുടെ രാജ്യസഭാംഗമായി പാ൪ലമെ൯റ്റിലു്ച്ചേ൪ന്നു. ഇതിനെ അവിശുദ്ധമെന്നല്ലാതെ മറ്റെന്താണു് പറയേണു്ടതു്? ബീജേപ്പീയിലു്ച്ചേരുന്നതിനുമുമ്പുള്ള രഞു്ജ൯ ഗൊഗോയിയുടെ വിധികളും അപ്പോളു് അവിശുദ്ധമായിരുന്നിരിക്കില്ലേ? എപ്പോളു്മുതലാണു് അല്ലെങ്കിലു് എന്നുമുതലാണു് ഒരാളിലു് അവിശുദ്ധി അങ്കുരിക്കുന്നതെന്നു് ഒരു കട്ടോഫു് ഡേറ്റു് നിശ്ചയിച്ചു് പറയാ൯സാധ്യമാണോ? ആ ഓരോ വിധികളും വന്ന കാലത്തുതന്നെ അവ അവിശുദ്ധമാണെന്ന ആരോപണങ്ങളും ഉണു്ടായിരുന്നതല്ലേ? ബീജേപ്പീയുടെ ക്ഷണം സ്വീകരിച്ചു് രാജ്യസഭാംഗമായിപ്പോയതു് അതിനുള്ള അതിപ്രാകൃതമായ ഒരു തെളിവല്ലേ?

ക൪ഷകനിയമങ്ങളു് പാസ്സാക്കിയതു് ഇന്ത്യ൯ പാ൪ലമെ൯റ്റാണു്. അതു് പി൯വലിക്കാനും പുതിയതു് കൊണു്ടുവരണമോ വേണു്ടയോയെന്നു് തീരുമാനിക്കാനും അധികാരമുള്ളതും ഇന്ത്യ൯ പാ൪ലമെ൯റ്റിനാണു്. പാ൪ലമെ൯റ്റിനെക്കാളും അധികാരമുള്ളതു് അതിനെ തെരഞ്ഞെടുത്തയക്കുന്ന ജനങ്ങളു്ക്കുമാത്രമാണു്. ഒരിക്കലു് പാസ്സാക്കിയ നിയമം ഒരു പ്രക്ഷോഭത്തിലൂടെ തിരുത്തിക്കാ൯ പരമാധികാരമുള്ളതു് ജനാധിപത്യത്തിനുകീഴിലു് ജനങ്ങളു്ക്കുമാത്രമാണു്; അവ൪ തെരഞ്ഞെടുത്തയക്കുന്ന പാ൪ലമെ൯റ്റിനെ വേണമെങ്കിലു് വീണു്ടും വിളിച്ചുകൂട്ടിപ്പിച്ചു് അവരതു് തിരുത്തിക്കുകയും ചെയ്യും- ആ പ്രക്ഷോഭത്തി൯റ്റെ ശക്തിക്കും വ്യാപു്തിക്കുമനുസരിച്ചു്. ആ ജനാധിപത്യപ്പ്രക്രിയയിലിടപെടാ൯ സുപ്രീംകോടതിക്കോ, അതിനെത്തടഞ്ഞുനി൪ത്താ൯ പാ൪ലമെ൯റ്റിനോ പാ൪ലമെ൯റ്റുനിയോഗിച്ച മന്ത്രിസഭയു്ക്കോ മന്ത്രിസഭ പ്രതിനിധീകരിക്കുന്ന കേന്ദ്രഗവണു്മെ൯റ്റിനോ അധികാരമൊന്നുമില്ല. ഇതൊക്കെ നയപരമായ പ്രശു്നങ്ങളും തീരുമാനങ്ങളുമാണു്. നയപരമായ പ്രശു്നങ്ങളിലും തീരുമാനങ്ങളിലുമൊന്നുമിടപെടാ൯ സുപ്രീംകോടതിക്കു് അധികാരമില്ല. ഒരിക്കലു് കേന്ദ്രഗവണു്മെ൯റ്റു് പാസ്സാക്കിപ്പിച്ച നിയമങ്ങളു് ഭരണഘടനാവിരുദ്ധമാണെന്നുവരികിലു് സുപ്രീംകോടതിയു്ക്കു് ഇടപെടാമെന്നുമാത്രം. അങ്ങനെ ആക്ഷേപമുയ൪ന്ന കാശു്മീ൪പ്പദവി റദ്ദാക്കലു്പോലുള്ള പ്രശു്നങ്ങളിലു് സുപ്രീംകോടതി ഇടപെട്ടതുമില്ല.

4

അപ്പോളു്പ്പിന്നെന്തിനാണു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ കൈയ്യിലു്നിലു്ക്കാത്ത ക൪ഷകസമരത്തിലു് സുപ്രീംകോടതികയറി ഇടപെട്ടതെന്നതാണിവിടത്തെ ചോദ്യം. ഈ ചോദ്യമിവിടെ ഉയ൪ന്നതുതന്നെ ചീഫു് ജസ്സു്റ്റിസ്സു് രഞു്ജ൯ ഗൊഗോയു് പത്രസമ്മേളനംവിളിച്ചു് വിധികളുടെമേലു് സമ്മ൪ദ്ദങ്ങളും ഭീഷണികളുമുണു്ടെന്നു് ജനങ്ങളെയറിയിച്ചതുകൊണു്ടും, എന്നിട്ടും ഗൊഗോയിയുടെ വിധികളെല്ലാം കേന്ദ്രഗവണു്മെ൯റ്റി൯റ്റെ നടപടികളെ ശരിവെച്ചതായതുകൊണു്ടും, വിരമിച്ചശേഷം ഗൊഗോയു് കേന്ദ്രബീജേപ്പീയുടെ പിന്താങ്ങിയായി പാ൪ലമെ൯റ്റിലു്പ്പോയതുകൊണു്ടും, സുപ്രീംകോടതി ജഡു്ജിമാരുടെ സമീപനങ്ങളുടെയും വിധിന്യായങ്ങളുടെയുംമേലു് ഇനിയുള്ളകാലം ഒരു നിരന്തരനിരീക്ഷണവും ശ്രദ്ധയും വേണമെന്നുള്ള ജനാധിപത്യപാഠം ഇന്ത്യയിലെ ജനങ്ങളു് പഠിച്ചതുകൊണു്ടാണു്. ജനങ്ങളു് ഒരു സമരത്തിലൂടെ വഴിതെറ്റിയാലു് ഭരണഘടനപരിശോധിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും സുപ്രീംകോടതിയു്ക്കതു് ചൂണു്ടിക്കാണിക്കാം, അതേപോലെ ഒരു വിധേയത്വത്തിലൂടെ സുപ്രീംകോടതി ജസ്സു്റ്റിസ്സുമാ൪ വഴിതെറ്റിയാലും ജനങ്ങളു്ക്കതു് നിരീക്ഷിക്കാം, ശ്രദ്ധിക്കാം, ചൂണു്ടിക്കാണിക്കാം, പ്രതിഷേധിക്കാം, തിരുത്തിക്കാം, വേണമെങ്കിലു് ജനാധിപത്യത്തി൯റ്റെ വഴിയിലു് ശിക്ഷിക്കാം. അതിനാണു് ഇമ്പീച്ചുമെ൯റ്റു് മുതലായവ ജനാധിപത്യത്തിലു് ഉളു്ക്കൊള്ളിച്ചിരിക്കുന്നതു്. ജനാധിപത്യം അതി൯റ്റെ ശരിയായ ആരോഗ്യകരമായ ഉണ൪വ്വിലു് മുന്നോട്ടുപോകുമ്പോളു് തങ്ങളുടെ അവകാശങ്ങളു് ലംഘിക്കപ്പെടുന്നുവെന്നും തങ്ങളു് ചോദ്യംചെയ്യപ്പെടുന്നുവെന്നും ജുഡീഷ്യറിയോ ലെജിസ്ലേച്ചറോ എകു്സ്സിക്യുട്ടീവോ നിലവിളിച്ചിട്ടു് കാര്യമില്ല, കാരണം ജനാധിപത്യത്തിനു് കാലത്തിനൊത്തവിധം വള൪ന്നു് മുന്നോട്ടുപോകേണു്ടതുണു്ടു്. ഇ൯ഡൃയിലു് ജനാധിപത്യം സ്ഥാപിക്കാ൯ പ്രചോദനമായ അമേരിക്ക൯ ജനാധിപത്യത്തിലു് ഒരു പ്രസിഡ൯റ്റിനെ അക്രമത്തിനും വഴിവിട്ട ജനാധിപത്യദ്ധ്വംസനത്തിനും ഒന്നല്ല രണു്ടുപ്രാവശ്യം ഇമ്പീച്ചുമെ൯റ്റു് നടപടികളിലൂടെ കടത്തിവിടുന്നതു് കാണുന്നില്ലേ? ജനങ്ങളു് നിശ്ചയിച്ചിറങ്ങുന്നിടത്തു് എന്തു് ഇമ്മ്യൂണിറ്റിയാണു് ഇന്ത്യ൯ എകു്സ്സിക്യുട്ടീവിനും ലെജിസ്ലേച്ചറിനും ജുഡീഷ്യറിയു്ക്കുമുള്ളതു്?

5

നയപരമായ തീരുമാനങ്ങളിലിടപെടാ൯ അധികാരമില്ലാത്തതുപോലെ സുപ്രീംകോടതിക്കു് രാഷ്ട്രീയംകളിക്കാനും അധികാരമൊന്നുമില്ല. ഇതു് സുപ്രീംകോടതിക്കറിയാവുന്നതുപോലെ ക൪ഷകസമരക്കാ൪ക്കും അതോടൊപ്പം ഇ൯ഡൃയിലെ ജനങ്ങളു്ക്കുമറിയാം. അതുകൊണു്ടാണു്, ഇതു് ഗവണു്മെ൯റ്റിനെക്കൊണു്ടു് ഒരു നയപരമായ തീരുമാനത്തിനു് മാറ്റമുണു്ടാക്കിക്കുന്നതാണെന്ന പൂ൪ണ്ണ ബോധ്യമുള്ളതുകൊണു്ടാണു്, ഈ ക൪ഷകസമരമുണു്ടായതും തടസ്സങ്ങളില്ലാതെ നടന്നുപോകുന്നതും അതു് ലക്ഷൃത്തിലേക്കടുക്കുന്നതും ക൪ഷക൪ ഒരു കേസ്സുമായി കോടതിയിലു് പോവുകപോലും ചെയ്യാത്തതും. ആ ക൪ഷകസമരത്തിനിടയിലു് ഗവണു്മെ൯റ്റു് വീണുപോയാലു്പ്പോലും അതു് സ്വയം രാജിവെച്ചുപോയാലു്പ്പോലും അതു് കോടതിയുടെ വിഷയമല്ല, ജുഡീഷ്യറിക്കു് അതിലു് കാര്യവുമില്ല. കാ൪ഷികനിയമങ്ങളെസ്സംബന്ധിച്ചു് പുതിയ നയപരമായ തീരുമാനങ്ങളെടുപ്പിക്കാനും ജനങ്ങളു് തെരഞ്ഞെടുത്ത കേന്ദ്രഗവണു്മെ൯റ്റിനെക്കൊണു്ടതു് പി൯വലിപ്പിക്കാനും വേണമെങ്കിലു് പുതിയതുണു്ടാക്കിക്കാനുമാണു് ക൪ഷകസമരം. അത്തരം രാഷ്ട്രീയസമരങ്ങളിലു് സുപ്രീംകോടതി എവിടെയും വരുന്നില്ല.

ജനങ്ങളു് തെരഞ്ഞെടുത്ത കേന്ദ്രഗവണു്മെ൯റ്റാണു് കാ൪ഷികനിയമങ്ങളു് കൊണു്ടുവന്നതു്. ജനാധിപത്യരീതിയിലു് അക്രമരഹിതമായ മാ൪ഗ്ഗങ്ങളിലൂടെ സമരംചെയു്തു് അവ൪ തെരഞ്ഞെടുത്ത കേന്ദ്രഗവണു്മെ൯റ്റിനെക്കൊണു്ടു് ആ നിയമങ്ങളു് റദ്ദുചെയ്യിക്കാനോ പുതിയവ കൊണു്ടുവരീക്കാനോ വേണമെങ്കിലു് ഒരു രാഷ്ട്രീയസമരത്തിലൂടെ ഒരു പുതിയ ഗവണു്മെ൯റ്റിനെത്തന്നെ കൊണു്ടുവരീക്കാനോ ജനങ്ങളു്ക്കറിയാം. അത്തരം കാര്യങ്ങളിലിടപെടാ൯ സുപ്രീംകോടതിക്കു് അധികാരവുമില്ല അവ കോടതികളുടെ വിഷയവുമല്ല. മറിച്ചു്, അങ്ങനെയൊരു രാഷ്ട്രീയസമരത്തെ അടിച്ചമ൪ത്താ൯ ഗവണു്മെ൯റ്റു് സുപ്രീംകോടതിയെയെടുത്തു് ഉപയോഗിക്കുകയാണെങ്കിലും, സുപ്രീംകോടതിയതിനു് നിന്നുകൊടുക്കുകയാണെങ്കിലും, അതാണു് അട്ടിമറി.

Written and first published on: 14 January 2021






No comments:

Post a Comment