342
അന്തസ്സും ആഭിജാത്യവും തറവാടിത്തവും ഫേസ്സു്ബുക്കി൯റ്റെ രൂപമാറ്റവും തമ്മിലെന്തുബന്ധം?
പി. എസ്സു്. രമേശു് ചന്ദ്ര൯
1
ചില വീടുകളിലു് ചെല്ലുമ്പോളു് ആ വീടി൯റ്റെ പൂമുഖം, അതായതു് കയറിച്ചെന്നിരിക്കുന്ന മു൯വശം, ഓരോപ്രാവശ്യവും മാറിക്കിടക്കുന്നതു് കാണാം. ചിലപ്പോളു് കസ്സേരകളും മേശകളും ചാരുകസ്സേരയുമെല്ലാം അങ്ങോട്ടുമിങ്ങോട്ടും സ്ഥാനം മാറികിടക്കുന്നതായിക്കാണാം. ചിലപ്പോളു് ഈട്ടിയിലുള്ള ചൂരലു്വരിഞ്ഞ പഴയവയു്ക്കുപകരം എല്ലാം സു്റ്റീലിലുള്ളവ ഇരുന്നാലു്ത്തെറിക്കുന്ന കുഷ്യനിട്ടു് കിടത്തിയിരിക്കുന്നതു് കാണാം. ചിലപ്പോളു് മൊത്തം പെയി൯റ്റുംമാറ്റി വൃത്തികെട്ട പുതിയതു് അടിച്ചുവെച്ചിരിക്കുന്നതുകാണാം. ഇനിച്ചിലപ്പോളു് പൂമുഖമേ അവിടെയില്ലാതെ അതി൯റ്റെ സ്ഥാനത്തു് പുതിയതെന്തെങ്കിലും പണിതുവെച്ചിരിക്കുന്നതു് കാണാം. ഒടുവിലൊടുവിലു് ഓരോദിവസവുമുള്ള ഈ മാറ്റപ്പരമ്പരകളു് താങ്ങാനാവാതെ നമ്മളവിടെ പോകാതാവുന്നു- നമുക്കു് അത്യാവശ്യമായ സ്വന്തം കാര്യങ്ങളു് അവിടംകൊണു്ടു് സാധിക്കാ൯ ഒന്നുമില്ലെങ്കിലു്. ഒരു വീടിനു് ഒരു സ്ഥായിയായ സ്വഭാവം കാണണു്ടേ? ഒരു മനസ്സിലു്പ്പതിഞ്ഞ പൂമുഖഭാവം വേണു്ടേ? പുത്ത൯പണക്കാരുടെയും സ്വഭാവത്തിനൊരു ഉറപ്പില്ലാത്തവരുടെയും വീടുകളിലാണിതു് സംഭവിക്കുന്നതു്. പണം കൂടുതലു് വന്നുകയറുംതോറും ഓരോ പുതിയ മാറ്റങ്ങളും ആ പാവം വീടിനാണു് സംഭവിക്കുന്നതു്. ആ പാവം വീടെന്തുപിഴച്ചു? അവ൪ പാവങ്ങളായിരുന്നപ്പോഴും അവ൪ പണക്കാരായപ്പോഴും ആ കൂര ഒരേപോലെ അവ൪ക്കഭയം നലു്കിയില്ലേ, ഓടും തട്ടുമുള്ള അതിനുതാഴെ കിടത്തിയുറക്കിയില്ലേ? അതുപറഞ്ഞപ്പോഴാണോ൪ത്തതു് ഇന്നാളു്പോയപ്പോളു് ആ മേലു്ക്കൂരയും മാറിയിരിക്കുന്നതുകണു്ടു. ഓടിനുപകരം ഒറ്റരാത്രികൊണു്ടു് കോണു്ക്രീറ്റു് ടെറസ്സുചെയു്തുവെച്ചിരിക്കുന്നു! എന്നിട്ടു് ചൂടുകാരണം മുകളിലും ചുവരിലും തറയിലും മൂന്നുനാലു് ഫാനുകളും വെച്ചിരിക്കുന്നു, അല്ലെങ്കിലു് പുറത്തിറങ്ങിയിരിക്കുന്നു.
2
ഇനി മറ്റുചില വീടുകളുണു്ടു്. അമ്പതോ നൂറോ വ൪ഷങ്ങളായി ആ വീടിനൊരു മാറ്റവും സംഭവിച്ചിട്ടുണു്ടാവുകയില്ല, ആ വീട്ടിലുള്ളവ൪ക്കും. ഓടിട്ട പഴയ മേലു്ക്കൂരയും തട്ടും വീട്ടിനുവെളിയിലുള്ള കിണറും കുളിപ്പുരയും കളിയിലുമെല്ലാം അതേപോലെ അവിടെത്തന്നെയുണു്ടാവും. പൂമുഖം പണു്ടെങ്ങനെയാണോ കിടന്നതു് അതുപോലെതന്നെ യാതൊരു മാറ്റവുമില്ലാതെ കിടക്കുന്നുണു്ടാവും. പണു്ടു് നമ്മുടെ അച്ഛനോടുകൂടി അവിടെച്ചെല്ലുമ്പോളു് അച്ഛ൯ പറഞ്ഞിട്ടുണു്ടാവും, 'പണു്ടു് ഞാ൯ കൊച്ചായിരുന്നപ്പോളു് ഇവ൯റ്റെ അച്ഛ൯റ്റെ കാലത്തു് ഇവിടെവന്നിരുന്ന കാലത്തും ഇതു് ഇങ്ങനെതന്നെയായിരുന്നു കിടന്നിരുന്നതെന്നു്'. ഒറ്റയൊരു ഉരുപ്പടിപോലും സ്ഥാനംമാറിയിട്ടില്ല. പഴയതു് പോയിട്ടില്ല, പുതിയതു് വന്നിട്ടില്ല. കാരണവരുടെ പഴയ ചാരുകസേരപോലും അതേപടി അവിടെത്തന്നെയുണു്ടു്, ഒരിഞു്ചുപോലും സ്ഥാനംമാറാതെ. അതിലേക്കു് നോക്കുമ്പോളു് കാരണവ൪ ഇപ്പോഴും അവിടെയുണു്ടെന്നുതന്നെ തോന്നും, ആ ഉപദേശങ്ങളും. (അവയിലു് കളങ്കമുണു്ടെങ്കിലു് അതുമായു്ക്കുന്നതിനാണു് ഇടയു്ക്കിടയു്ക്കിങ്ങനെ അടുത്ത തലമുറകളു് രൂപംമാറ്റുന്നതു്, ആ ഓ൪മ്മകളു് മറക്കുന്നതിനും!). മതിലു്ക്കെട്ടും തൊടിയും പറമ്പും വിശാലമായ മുറ്റവും ഉണു്ടെങ്കിലും ഇല്ലെങ്കിലും, ആ വീടി൯റ്റെ പണു്ടുമുതലേ നാട്ടുകാരോ൪മ്മിക്കുന്ന രൂപവും മുഖവും ഒട്ടും മാറാതെതന്നെ കണിശ്ശമായി അടുത്ത തലമുറകളു് കാത്തുസൂക്ഷിച്ചിട്ടുണു്ടു്. പഴമയാണു് ഈ വീടി൯റ്റെ ഐശ്വര്യമെന്നു് ചുവരിലു് എഴുതിവെച്ചിട്ടില്ലെങ്കിലും ആ വീട്ടിലു്ച്ചെല്ലുന്ന ഓരോരുത്ത൪ക്കും അതു് അനുഭവപ്പെടും. അന്തസ്സും ആഭിജാത്യവും തറവാടിത്തവും അടുത്ത തലമുറകളിലേക്കു് പകരാ൯ മുതി൪ന്നവ൪ ദീ൪ഘകാലം ജീവിച്ചിരിക്കുന്നതുകൊണു്ടും, അവരുടെ വാക്കിനു് വിലയുള്ളതുകൊണു്ടും, എത്രപണം വന്നുകയറിയാലും പോയാലും സ്വഭാവം മാറാത്തതുകൊണു്ടുമാണു്, ആ വീടുകളുടെ രൂപവും ഭാവവും മുഖവും മാറാതെ അവ അങ്ങനെ നിലനിലു്ക്കുന്നതു്. അവരുടെ അച്ഛനുമമ്മയും അപ്പൂപ്പ൯മാരും അമ്മൂമ്മമാരും എങ്ങനെയാണു് ആ വീടിനെ നിലനി൪ത്തിയിരുന്നതു് അങ്ങനെതന്നെ നിലനി൪ത്തിയില്ലെങ്കിലു് സ്വത്വത്തി൯റ്റെയും സംസു്കാരത്തി൯റ്റെയും സവിശേഷതയായ എന്തോ നഷ്ടപ്പെട്ടുപോകുമെന്നൊരു ഭയം അവരിലു് തലമുറകളിലൂടെ ആ പഴയകാല അന്തസ്സും ആഭിജാത്യവും തറവാടിത്തവും പക൪ന്നുനലു്കിയിട്ടുണു്ടെന്നു് വ്യക്തം.
3
പഴയവീടുകളു്ക്കും മാറ്റങ്ങളൊന്നും ഉണു്ടാകാതെയുമിരിക്കുന്നില്ല. കറണു്ടും ഒഴുകുന്നവെള്ളവും കടന്നുവന്നു, പക്ഷേ വലിയ രൂപമാറ്റങ്ങളൊന്നും വീട്ടിനുണു്ടാക്കാതെ നിശബ്ദമായിത്തന്നെ. എങ്കിലും പണു്ടു് വെളിച്ചം പക൪ന്നിരുന്നു റാന്തലും കിണറുമൊന്നും ആക്രിവിലയു്ക്കു് തൂക്കിവിറ്റില്ല. ഇപ്പോഴും കറണു്ടുപോകുമ്പോളു് എറാത്തു് തൂക്കിയിട്ടിരിക്കുന്ന റാന്തലു്വിളക്കുതന്നെയാണു് കത്തിക്കുന്നതു്, അതു് മിക്കവാറും എന്നും വേണു്ടിവരാറുമുണു്ടു്. കുടിക്കാനുള്ള വെള്ളം ഇപ്പോഴും കിണറ്റിലു്നിന്നുതന്നെയാണെടുക്കുന്നതു്. അഞു്ചാറുപ്രാവശ്യം തൊട്ടിയിട്ടിടിച്ചു് വെള്ളംനിറച്ചു് മേലോട്ടും താഴോട്ടും വലിച്ചു് വെള്ളംകലക്കി ശുദ്ധമാക്കിയിടുന്നതി൯റ്റെ രുചിയും ആ ശബ്ദവും എന്നും സൂര്യവെളിച്ചമടിക്കുന്നതിലു് വെള്ളത്തിനുള്ള ഉണ൪വ്വുംപോലും എത്ര മധുരതരമാണു്! കാറുവാങ്ങിയപ്പോളു് പൂമുഖമിടിച്ചല്ല അതിട്ടതു്, പകരം കളീലു് കാ൪ഷെഡ്ഡായി. ചേട്ട൯ അവിടെയിരുന്നാണു് വല്ലപ്പോഴും വെള്ളമടിക്കുന്നതു്, കാരണവരു് കാണാതെയും കൊച്ചുങ്ങളെക്കാണിച്ചു് അതിനെ വീട്ടിനകത്തുകയറ്റാതെയും. കാണാ൯ വരുന്നവരെല്ലാം കളീലിലോട്ടാണു് ചെല്ലുന്നതു്. ഇലക്ഷനു് നോട്ടീസ്സുതരാ൯ വരുന്നവ൪ രണു്ടെണ്ണം പൂമുഖത്തിട്ടിട്ടു് കളീലിലോട്ടാണു് പോയിച്ചെന്നിരിക്കുന്നതു്, വീട്ടിലുള്ള പെണ്ണുങ്ങളു് അങ്ങോട്ടുചെല്ലും പ്രസംഗംകേളു്ക്കാ൯. ഇന്നാളൊരുത്ത൯ പറഞ്ഞുകൊണു്ടു് പോകുന്നതുകേട്ടു, 'കെളവനുണു്ടാക്കിയതു് സഖാവു് അതേപടി സംരക്ഷിച്ചിട്ടുണു്’ടെന്നു്! രാത്രി പുറത്തിറങ്ങുന്നതെങ്ങനെയാണു്, അതുകൊണു്ടു് കുളിമുറി വീട്ടിനകത്തു് കെട്ടുന്നതിനെക്കുറിച്ചു് ആലോചനവന്നപ്പോളു് ചേട്ടനാണു് പറഞ്ഞതു് അതു് നി൯റ്റെ അപ്പൂപ്പ൯റ്റെ കാലത്താണു് പറഞ്ഞിരുന്നതെങ്കിലു് പുതിയ വീടുകെട്ടി ഇറങ്ങിക്കോളാ൯ പറയുമായിരുന്നെന്നു്. സത്യത്തിലു് അതുതന്നെയാണു് ചെയു്തതു്: കക്കൂസും കുളിമുറിയുമൊക്കെ അകത്താക്കി അതിനടുത്തു് പിള്ളേ൪ക്കുപഠിക്കാ൯ കമ്പ്യൂട്ട൪വരെവെച്ചു് പുതിയ വീടുകെട്ടി പഴയതു് അതുപോലെ നിലനി൪ത്തി. അന്നുവന്ന എ൯ജിനീയ൪ പറഞ്ഞതാണു്, പഴയതു് ഇടിച്ചു് ആ സ്ഥാനത്തു് അതുപോലെ പുതിയതു് കെട്ടിത്തരാമെന്നു്. പക്ഷേ പഴയതു് അതേപടിനി൪ത്താ൯ ഓടഴിച്ചിറക്കി കഴുകി ഉത്തരവും കഴുക്കോലുമെല്ലാം കേടായതു് നന്നാക്കിയും മാറ്റിയുംവെച്ചു് ഓടും തിരിച്ചുകയറ്റിവെച്ചപ്പോളു്ത്തന്നെ അതിനേക്കാളു് എന്തോരം രൂപയായി! പലരുമങ്ങനെയാണു്. വീടുമാറ്റിപ്പണിഞ്ഞാലു് അപ്പൂപ്പനും അമ്മൂമ്മയും അച്ഛനും അമ്മയുമൊക്കെയിറങ്ങിപ്പോകുമെന്നും, പിന്നെ നമ്മളു് തനിച്ചാകുമെന്നുമാണു് അന്നേ ചേട്ട൯ പറഞ്ഞതു്. പൂമുഖത്തെ പടിക്കെട്ടിടിച്ചു് മുറ്റം ഉയ൪ത്തുന്നതിനെക്കുറിച്ചു് ആലോചനവന്നപ്പോളു് ചേട്ടനാണന്നെതി൪ത്തതു്- വൈകിട്ടു് വീട്ടിലുള്ള പെണ്ണുങ്ങളെല്ലാം മു൯വശത്തു് പടിക്കെട്ടി൯മേലു് നിരന്നിരുന്നു് പലതട്ടിലായിരുന്നു് പേ൯ നോക്കിക്കൊടുക്കുന്നതും മുടി കോതിക്കൊടുക്കുന്നതും അതിലൊരാളെയും വഴിയേപോയപ്പോളു് കണു്ടാണു് ചേട്ട൯ ഈ വീട്ടിലു് വന്നുകയറിയതെന്നുപറഞ്ഞു്, അതും പിള്ളരുകേളു്ക്കേ! എങ്കിലു്പ്പിന്നെ മണ്ണുകുഴച്ചുണു്ടാക്കി നിറയെ അരളിപ്പൂക്കളു് പട൪ന്നുകിടന്നിരുന്ന മതിലുപലയിടത്തും തക൪ന്നുകിടന്നിരുന്നതു് നിങ്ങളെന്തിനാണു് കെട്ടിയതെന്നു് ചോദിച്ചപ്പോഴാണു് ചേട്ട൯ പറയുന്നതു് അതു് ഇനിയങ്ങനെ ആരും കടന്നുവരാതിരിക്കാനാണെന്നു്!
4
പതിനാറുവ൪ഷംമുമ്പു് 2004 ഫെബ്രുവരി നാലാംതീയതി അമേരിക്കയിലെ ഹാ൪വാ൪ഡു് യൂണിവേഴു്സ്സിറ്റി സു്റ്റുഡ൯റ്റുമാരായ മാ൪ക്കു് സുക്ക൪ബ൪ഗ്ഗും കൂട്ടുകാരുംകൂടി കോളേജു് ഹോസ്സു്റ്റലു്മുറിയിലു് തുടങ്ങിയ ഫേസ്സു്ബുക്കു് ആദ്യം ഹാ൪വാ൪ഡു് യൂണിവേഴു്സ്സിറ്റി സു്കോള൪മാ൪ക്കും അതുകഴിഞ്ഞു് ക്രമേണ കൊളമ്പിയ, സു്റ്റാ൯ഫോ൪ഡു്, യേലു് യൂണിവേഴു്സ്സിറ്റികളിലെ സു്കോള൪മാ൪ക്കും അതുംകഴിഞ്ഞു മസ്സാച്ചുസെറ്റു്സ്സു് ഇ൯സ്സു്റ്റൃൂട്ടു് ഓഫു് ടെക്കു്നോളജിയിലെയും പിന്നീടു് ബോസ്സു്റ്റണു് ഏരിയയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഉന്നതനിലവാരമുള്ള ഹയ൪ യൂണിവേഴു്സ്സിറ്റി വിദ്യാ൪ത്ഥികളു്ക്കും പരസു്പരം ആശയവിനിമയം നടത്തുന്നതിനാണു് തുടങ്ങിയതു് എന്നതിലു്നിന്നുതന്നെ ലോകത്തെ എണ്ണപ്പെട്ട ഈ യൂണിവേഴു്സ്സിറ്റികളിലെ സു്കോള൪മാരുടെ ഉന്നതനിലവാരത്തിലുള്ള ആശയവിനിമയമായിരുന്നു ഇതി൯റ്റെ തുടക്കത്തിലെ ലക്ഷൃമെന്നു് മനസ്സിലാക്കാം. പതിനാറുവ൪ഷംകഴിഞ്ഞു് ഇന്നു് നൂറ്റിപ്പതിനൊന്നു് ഭാഷകളിലു് അതി൯റ്റെ സേവനമെത്തിനിലു്ക്കുമ്പോളു് എത്രപേരതിനെ അതി൯റ്റെ ആദ്യത്തെ ഹയ൪ സു്കോള൪ നിലവാരത്തിലു്ത്തന്നെ ഉപയോഗിക്കുന്നുണു്ടെന്നുള്ള കണക്കെടുത്താലു് ആരായാലുമൊന്നമ്പരന്നുപോകും. അതിനുള്ള തെളിവുകളാണു് വളരെ നിലവാരംതാഴു്ന്ന വിദ്യാശൂന്യ൯മാരുടെ ആക്രോശങ്ങളും ആക്ഷേപങ്ങളുമായി ഗ്രൂപ്പുകളിലും പേജുകളിലുമുടനീളം വളരെ വ്യാപകമായി നമ്മളിന്നു് കാണുന്നതു്. വാസു്തവത്തിലു് അവയുടെ കടലിനിടയിലു് വളരെ അപൂ൪വ്വമായേ വിദ്യാഭ്യാസക൪മ്മംകൂടി നി൪വ്വഹിക്കുന്ന പഠനങ്ങളോ ലേഖനങ്ങളോ ചില ഒറ്റപ്പെട്ട പച്ചത്തുരുത്തുകളും ദ്വീപുകളുംപോലെ നമ്മളിവിടെ കാണുന്നുള്ളൂ. എന്തുകൊണു്ടു് ഉന്നതചിന്താഗതിയുടെ മകുടോദാഹരണമായി വായിക്കപ്പെടാവുന്ന ലേഖനങ്ങളും പഠനങ്ങളും 2.7ദശകോടി അംഗങ്ങളുമായി ഇന്നു് ലോകത്തെ ഏറ്റവുംവലിയ സാമൂഹ്യമാധ്യമമായി വള൪ന്നുനിലു്ക്കുന്ന ഇതിനെ ഇന്നു് അലങ്കരിക്കുന്നില്ലെന്നതിനെസ്സംബന്ധിച്ചുതന്നെ അത്രയേറെ പഠനങ്ങളൊന്നും നടന്നു് ഇവിടെയേതായാലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതായി നമ്മളാരും കാണുന്നില്ലതന്നെ. അതി൯റ്റെ സ്ഥാപകരായ ആ സു്കോള൪മാരോളംതന്നെ പ്രതിഭയുള്ളവരുടെ ഗ്രൂപ്പുകളൂം പേജുകളും ഇന്നു് ഫേസ്സു്ബുക്കിലു് ഇല്ലെന്നല്ല പറയുന്നതു്, പക്ഷേ ആഴവും പരപ്പും ബൗദ്ധിക-അക്കാദമികു് നിലവാരവുമുള്ള എത്ര ലേഖനങ്ങളു് നമ്മളിപ്പോളിവിടെ കാണുന്നുണു്ടു്, കുറഞ്ഞപക്ഷം മലയാളഭാഷയിലു്? വാസു്തവത്തിലു് എന്തെങ്കിലും വായിക്കാനുള്ള വകയായിത്തന്നെയാണോ ലോകമിന്നു് ഫേസ്സു്ബുക്കിനെ ഉപയോഗിക്കുന്നതു്? ഫേസ്സു്ബുക്കിലു് നടന്നിട്ടുള്ള പരിഷു്ക്കരങ്ങളൊന്നും ഈവഴിയു്ക്കല്ല പോയിട്ടുള്ളതെന്നതു് ദു:ഖകരമാണു്.
5
ഒരു പഴയവീടുപോലെതന്നെയായിരുന്നു പല൪ക്കും ഫേസ്സു്ബുക്കും. രാത്രി അതി൯മേലു്ക്കിടന്നുറങ്ങുന്നു, രാവിലെ അതി൯മേലുണരുന്നു. അങ്ങനെ ആ പഴയ പൂമുഖവും കളിയിലും കിണറും തൊടിയും പറമ്പും മതിലും പടിക്കെട്ടും റാന്തലുമെല്ലാം പഴയപല ഓ൪മ്മകളുംപേറി ജീവിതത്തി൯റ്റെ ഭാഗമായപോലെതന്നെ ഫേസ്സു്ബുക്കിലു് പലതും വ൪ഷങ്ങളു്കൊണു്ടു് പരിചിതമാവുന്നു. നേരത്തേപറഞ്ഞ ആ പഴയവീടി൯റ്റെ പൂമുഖവും പടിക്കെട്ടും കിണറും കളീലും മതിലുമൊക്കെപ്പോലെ ഫേസ്സു്ബുക്കിലും അതി൯റ്റെ ഉപയോക്താക്കളു്ക്ക് ദീ൪ഘകാലത്തിലൂടെ പരിചിതവും ശീലവുമായിത്തീ൪ന്ന പലതുമുണു്ടു്. അവ ഒന്നൊന്നായിവിടെ വിവരിക്കാ൯ കഴിയുമെങ്കിലും, അവയിലോരോന്നിനും വൈകാരികമായി ഈ ഓരോ ബിംബങ്ങളോടുമുള്ള അത്ഭുതസാദൃശ്യം ഇവിടെ വരച്ചുകാട്ടാ൯ കഴിയുമെങ്കിലും, അതു് ഫേസ്സു്ബുക്കുപയോഗിക്കുന്നവരായ വായനക്കാരുടെ സ൪ഗ്ഗാത്മകതയിലും ഭാവനയിലും വിശ്വാസമുള്ളതിനാലു് അവരുടെ പ്രൈവറ്റാസ്വാദനത്തിനായി അവ൪ക്കുതന്നെവിടുന്നു. ഈ പരിചിതമായ ഫീച്ചറുകളൊക്കെ അവ പതിവി൯പടി എന്നും കിടന്നിരുന്നിടത്തുനിന്നും അപ്രത്യക്ഷമാവുമ്പോളു് നേരത്തേപറഞ്ഞ എന്നും പൂമുഖംമാറുന്ന ആ വീടുപോലെ പഴയവരും പരിചിതരായവരുമൊന്നും അങ്ങോട്ടുപിന്നെ പോകാതാവുന്നു. ഇങ്ങനെ പഴയപല വീടുകളും സൈബ൪സ്സു്പെയു്സ്സിലു്നിന്നും അപ്രത്യക്ഷമായിട്ടുണു്ടു്. പൂമുഖംമാറ്റാനും പൊളിച്ചുപണിയാനും മടിച്ചതുകൊണു്ടാണു് ഫേസ്സു്ബുക്കി൯റ്റെതന്നെ ഏറ്റവുംവലിയ എതിരാളിയായിരുന്ന ഗൂഗിളു് പ്ലസ്സു് നിശബ്ദം പി൯വാങ്ങിയതു്, അതിനുമുമ്പ് അവരുടെതന്നെ നോളേജു് പ്ലാറ്റു്ഫോമായിരുന്ന നോളും (Knol), അതോടൊപ്പം സാമൂഹ്യമാധ്യമമായിരുന്ന ഗൂഗിളു് ഗ്രൂപ്പുകളൂം അപ്രത്യക്ഷമായതു്. ഏകദേശം അക്കാലയളവിലു്ത്തന്നെയാണു് യാഹൂഭീമ൯റ്റെ സോഷ്യലു് പബ്ലിഷിങ്ങു് പ്ലാറ്റു്ഫോമായിരുന്ന യാഹൂ കോണു്ട്രിബ്യൂട്ട൪ നെറ്റു്വ൪ക്കും അപ്രത്യക്ഷമായതു്. മാറ്റങ്ങളെ വെല്ലുവിളിച്ചു് ഗൂഗിളി൯റ്റെ ബ്ലോഗ്ഗ൪ പ്ലാറ്റു്ഫോംമാത്രം എഴുത്തുകാ൪ക്കും വായനക്കാ൪ക്കും പ്രിയപ്പെട്ടതായി അചഞു്ചലവും അതുല്യവുമായി നിലു്ക്കുന്നുണു്ടു്.
6
ഈ മുഴുവ൯ പ്ലാറ്റു്ഫോമുകളും ഒര൪ത്ഥത്തിലല്ലെങ്കിലു് മറ്റൊര൪ത്ഥത്തിലു് പബ്ലിഷിങു് പ്ലാറ്റു്ഫോമുകളായിരുന്നു. ഫേസ്സു്ബുക്കിനെ അവയിലു്നിന്നൊക്കെ വ്യത്യസു്തമാക്കുന്നതും വളരാനും പടരാനും അംഗബലംവ൪ദ്ധിക്കാനും ഇടയാക്കിയതു് അത് തുടക്കംമുതലേ ഒരു പബ്ലിഷിങു് പ്ലാറ്റു്ഫോമെന്നതിലു്നിന്നുമാറി ഒരു ഫോട്ടോ-ഷെയറിങു് പ്ലാറ്റു്ഫോമായി എന്നതാണു്. ഇന്നത്തെ ലോകത്തു് ഏറ്റവും എളുപ്പമുള്ള പണിയാണു് ഫോട്ടോയെടുക്കലു്. സാ൪വത്രികമായി ലഭ്യമായ മൊബൈലു്ഫോണു് ക്യാമറകളു്കാരണം ഒരു മൊബൈലു്ഫോണുണു്ടെങ്കിലു് ആ൪ക്കും ഫോട്ടോയെടുക്കാം, ഫേസ്സു്ബുക്കുണു്ടെങ്കിലു് അതു് ഇടാം. അതുകൊണു്ടു് യുവജനങ്ങളും കുട്ടികളും ഫേസ്സു്ബുക്കിലു് വന്നുനിറഞ്ഞു, പോരാത്തതിനു് ഫോട്ടോയിടുന്നതിനുമാത്രമായി അവ൪ വിലയു്ക്കെടുത്ത ഇ൯സ്സു്റ്റാഗ്രാമുമുണു്ടു്. ലേഖനങ്ങളെഴുതുന്നതും പ്രസിദ്ധീകരിക്കുന്നതുമൊന്നും ഇത്തരക്കാ൪ക്കു് ഒരു എളുപ്പപ്പണിയല്ലെന്നുമാത്രമല്ല, അത്രയുംനേരം മനസ്സു് ഒന്നിലുറപ്പിച്ചുനി൪ത്തുന്നതും എന്തെങ്കിലും എഴുതുന്നതുമെല്ലാം ഇത്തരക്കാ൪ക്കു് അസാധ്യവുമാണു്. അതുകൊണു്ടു് ഈ കാലത്തിനൊത്തവിധം ഇവരെ ഉളു്ക്കൊണു്ടു് ഫേസ്സു്ബുക്കുവള൪ന്നു, മറ്റുള്ളതു് തള൪ന്നു. 'നാണംകെട്ടും പണമുണു്ടാക്കിയാലു് നാണക്കേടാപ്പണം മാറ്റിക്കൊള്ളും' എന്നുപറയുന്നപോലെ തുടക്കത്തിലെ ആശയവിനിമയസദസ്സെന്ന നിലയിലു്നിന്നും ഒരു ഫോട്ടോഷെയറിംഗു്സ്ഥലമായി ഫേസ്സു്ബുക്കു് മാറിയെങ്കിലും അതിഭീമമായ അംഗസംഖൃയിലൂടെ വന്നുചേരുന്ന പരസ്യവരുമാനം ആ നാണക്കേടു് മാറ്റുന്നു. കാലാന്തരത്തിലു് ഫേസ്സു്ബുക്കി൯റ്റെ തുടക്കം ഒരു ഫോട്ടോഷെയറിംഗു് സൈറ്റായിട്ടായിരുന്നതുപോലെ അതി൯റ്റെ ഒടുക്കവും അങ്ങനെതന്നെ ആയിരിക്കാനാണു് സാധ്യത, മാ൪ക്കറ്റിംഗിലേക്കുകൂടി കടന്നശേഷമായിരിക്കുമെന്നുമാത്രം. തുടക്കത്തിലു് ഈ ഫോട്ടോഷെയറിംഗി൯റ്റെപേരിലു് മാ൪ക്കു് സുക്ക൪ബെ൪ഗ്ഗു് കേസ്സും കോളേജിലു്നിന്നും പുറത്താക്കലുംവരെ നേരിട്ടപോലെ അതി൯റ്റെ ഒടുക്കവും ആക്കാരണങ്ങളാലു്ത്തന്നെ ആയിരിക്കുമോ എന്നേ ഇനി അറിയാനുള്ളൂ.
7
ഫേസ്സു്ബുക്കിലു് വരുന്ന മാറ്റങ്ങളു് രൂപപരമാണെന്നാണിവിടെപ്പറയുന്നതു്, ഗുണപരമല്ല. ഗ്രൂപ്പുസംവാദങ്ങളു്ക്കു് പരിഗണന കൊടുക്കുന്നില്ലെന്നല്ല ഇവിടെപ്പറയുന്നതു്, വ്യക്തിസംഭാഷണങ്ങളു്ക്കു് ഊന്നലു് കൊടുക്കുന്നുവെന്നാണു്. രൂപമെത്രമാറിയാലും ഗുണത്തിലു് മെച്ചമൊന്നും സംഭവിക്കുന്നില്ലെങ്കിലു് പിന്നെ അതുകൊണു്ടെന്തുകാര്യം? കൂടുതലു്കൂടുതലു് ചിത്രങ്ങളു് വന്നിട്ടെന്തുകാര്യം, കൂടുതലു്കൂടുതലു് മെച്ചപ്പെട്ട ലേഖനങ്ങളും കുറിപ്പുകളുംവരാതെ? ഇപ്പോളു് ‘നിങ്ങളു് ഇവിടെ എന്തെങ്കിലും എഴുതൂ’ എന്നതിലല്ല ഊന്നലു്, ‘എന്തെങ്കിലും ചിത്രം ഉണു്ടാക്കിയിടൂ’ എന്നതിലാണു്. ഏതുസൃഷ്ടിയുടെയും ആയുസ്സു് തീരുമാനിക്കുന്നതു് അതി൯റ്റെ ഉപയോഗസാധ്യതയാണു്. ഒരു ലേഖനമോ കുറിപ്പോ അവയിലെ ആശയത്തെ ഓ൪മ്മിക്കുകയാണെങ്കിലു് അതേപടി നമ്മളു്ക്കു് ആവ൪ത്തിക്കാം, ജീവിതത്തിലും സമൂഹത്തിലും നാനാരംഗങ്ങളിലു് ഉപയോഗിക്കാം. ആ ഉപയോഗക്ഷമതയാണു് ആ ലേഖനങ്ങളു്ക്കും കുറിപ്പുകളു്ക്കും ആയുസ്സു് നലു്കുന്നതു്. അവയുപയോഗിക്കാ൯ നമുക്കു് ഇ൯റ്റ൪നെറ്റോ കമ്പൃൂട്ടറോ യന്ത്രങ്ങളോ വൈദ്യുതിയോ ബാറ്ററിപ്പവറോ യാതൊരുവിധ സാങ്കേതികവിദ്യകളോ ഒന്നും ആവശ്യമില്ല. ഏതു് കാട്ടി൯നടുവിലും പുഴമധ്യത്തിലും നമുക്കവ ഉപയോഗിക്കാം, ആവ൪ത്തിക്കാം. പക്ഷേ അങ്ങനെയാണോ ചിത്രങ്ങളുടെ കാര്യം? നിങ്ങളൊരു ചിത്രകാരനല്ലെങ്കിലു് നിങ്ങളവയെ എങ്ങനെ മറ്റൊരിടത്തു് ആവ൪ത്തിക്കും? അവയെയെങ്ങനെ ഉപയോഗിക്കുമെന്നൊന്നാലോചിച്ചുനോക്കിയാലു് അവയുടെ ഉപയോഗക്ഷമത അങ്ങേയറ്റം തുച്ഛമാണെന്നുകാണാം. ഇത്രയും തുച്ഛമായ ഉപയോഗക്ഷമതയുള്ള ഒരു കാര്യത്തിലൂന്നലു്നലു്കിക്കൊണു്ടു് ഒരു ബൃഹദു്സംരംഭമായ ഫേസ്സു്ബുക്കു് പൊളിച്ചുപണിയുന്നതു് ആശാസ്യമാണോയെന്നതാണു് ഇവിടത്തെ വിമ൪ശ്ശനം.
ഫേസ്സു്ബുക്കിലു് എഴുതുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിക്കൂടിവരികയായിരുന്നു. അതു് ഗ്രൂപ്പുകളിലു്വായിച്ചു് ഉളു്ക്കൊള്ളുന്നവരുടെ എണ്ണവും, അതിനനുസരിച്ചു് കാഴു്ച്ചപാടുകളു് പരിഷു്ക്കരിക്കുന്നവരുടെ എണ്ണവും രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യവീക്ഷണങ്ങളു് മാറുന്നവരുടെ എണ്ണവും, കൂടിവരികയായിരുന്നു. ഭരണകൂടത്തിനു് ഏറ്റവും അസ്വസ്ഥതയുണു്ടാക്കുന്ന ഒരു സാഹചര്യമാണു് അതു്, പ്രത്യേകിച്ചും പുകഴു്ത്തലു്രാഷ്ട്രീയത്തി൯റ്റെ കാലംകഴിഞ്ഞു് ഇ൯റ്റ൪നെറ്റിലു് വിമ൪ശ്ശനരാഷ്ട്രീയത്തി൯റ്റെ കാലം കടന്നുവന്നതോടെ. എഴുത്തി൯റ്റെ കഥകഴിച്ചു് അതു് അവസാനിപ്പിക്കുന്നതിനുള്ള ഭരണകൂടത്തി൯റ്റെ ഇടപെടലാണു് ചിത്രത്തി൯റ്റെ വരവേലു്പ്പും വ്യക്തിവ്യാപാരങ്ങളിലേക്കുള്ള ഈ നിഷു്ക്ക൪ഷതയും ഈ പ്രോത്സാഹനച്ചായു്വും സൂചിപ്പിക്കുന്നതു്.
8
ഒരു ലളിതവും വ്യക്തവുമായ ഉദാഹരണത്തിലൂടെ ഈ ഉപരിപ്ലവമായ മാറ്റത്തി൯റ്റെ ഉന്നം വിശദമാക്കാം. ഫേസ്സു്ബുക്കു് പൂമുഖം മാറ്റിയതിനുമുമ്പും പിമ്പുമുള്ള ഹോംപേജു് എടുത്തുനോക്കൂ. മുമ്പു് ഹോംപേജു് തുറന്നാലു് ഇടതുവശത്തു് നമ്മളു് അംഗമായിട്ടുള്ള ഗ്രൂപ്പുകളുടെ ഷോ൪ട്ടു്കട്ടുകളു് അവയിലു് എളുപ്പം എത്തിച്ചേരുന്നതിനായി ഒരു ലിസു്റ്റായി ഉണു്ടായിരുന്നു. അതുകാണുന്ന നമ്മളു് ആദ്യമായി ആ ഗ്രൂപ്പുകളിലേക്കുതന്നെ പോകും, പുതിയതായി എന്തൊക്കെ ഉണു്ടെന്നുനോക്കും, പോസ്സു്റ്റുകളും അഭിപ്രായങ്ങളും വായിക്കും, അഭിപ്രായങ്ങളു് എഴുതും, നമ്മുടെവക പോസ്സു്റ്റുകളു് ഇടും. ഇപ്പോളവ അവിടെനിന്നും അപ്രത്യക്ഷമായി, മുകളിലു് ഒരു ഐക്കോണി൯റ്റെ പുറകിലു്ക്കൊണു്ടുചെന്നു് വെച്ചിരിക്കുന്നു. അതിനുപകരം ഇപ്പോളു് ഹോംപേജു് തുറന്നാലുട൯ കാണുന്നതു് നമ്മുടെ സുഹൃത്തുക്കളുടെ ഒരുനിര ഷോ൪ട്ടു്കട്ടുകളാണു്, ഉട൯ ആശയവിനിമയം നടത്താനുള്ള പ്രേരണയായി. ആ ആശയവിനിമയത്തി൯റ്റെ കടലിലാഴു്ന്നുകഴിഞ്ഞാലു്പ്പിന്നെ നമ്മളു് ഗ്രൂപ്പുകളിലേക്കു് പോകുന്നില്ല. അതിനുള്ള സമയം കിട്ടുന്നില്ല. അവയെ മറന്നുപോകുന്നു. സാമൂഹ്യവ്യാപാരത്തെ സംബന്ധിച്ചിടത്തോളം ഏതാണു് പ്രധാനം- ഗ്രൂപ്പുകളോ സുഹൃത്തുക്കളോ?
നമുക്കു് ഫേസ്സു്ബുക്കിലു് എത്രതന്നെ സുഹൃത്തുക്കളോ ഉണു്ടായിരിക്കട്ടേ, മു൯കാല പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നതു് നമുക്കു് അവരിലു് അഞു്ചോപത്തോ പേരിലു്ക്കൂടുതലു് ആളുകളുമായി ഒരുദിവസം അ൪ത്ഥവത്തായ ആശയവിനിമയങ്ങളിലൊന്നും ഏ൪പ്പെടാ൯ കഴിയില്ലെന്നാണു്, ഒരു പത്തോ ഇരുന്നൂറോ പേരിലു്ക്കൂടുതലു് ആളുകളുമായി ആഴു്ചയിലൊരിക്കലു്പ്പോലും ആശയവിനിമയംനടത്താ൯ നമുക്കു് കഴിയില്ലെന്നാണു്- അല്ലെങ്കിലു് നമുക്കു് അതുമാത്രമായിരിക്കണം ജോലി. അതുകൊണു്ടാണു് ഒരാളു്ക്കു് ഫേസ്സു്ബുക്കിലുള്ള മൊത്തം ഫ്രണു്ഡു്സ്സി൯റ്റെ എണ്ണം ഇരുന്നൂറ്റമ്പതോ മുന്നൂറോ കഴിയുന്നതുകൊണു്ടു് പ്രായോഗികമായി ഒരുകാര്യവുമില്ലെന്നു് വിധിക്കപ്പെട്ടിട്ടുള്ളതു്. പക്ഷേ നമ്മളു് ഒരു ഗ്രൂപ്പിലാണു് ആ സമയം സംവദിക്കുന്നതെങ്കിലോ? രാഷ്ട്രീയസംവാദങ്ങളെല്ലാം നടക്കുന്ന നല്ല അംഗബലമുള്ള ഒരു ഗ്രൂപ്പാണെങ്കിലു് അവിടെനമ്മളു് ഒരു അഭിപ്രായത്തിലൂടെയോ ഒരു പോസ്സു്റ്റിലൂടെയോ അതിനേക്കാളെത്രയോ പേരിലാണു് എത്തിച്ചേരുന്നതും അ൪ത്ഥവത്തായി സംവദിക്കുന്നതും! അതുതടഞ്ഞിട്ടല്ലെങ്കിലും ആദ്യമേതന്നെ ആ ഗ്രൂപ്പുകളെക്കുറിച്ചു് ഓ൪മ്മിപ്പിക്കാതെയും പ്രോത്സാഹിപ്പിക്കാതെയും അതിനുപകരം സുഹൃത്തുക്കളുമായി ഇടപെടുന്നതിനെ ഓ൪മ്മിപ്പിക്കുന്നതി൯റ്റെ അ൪ത്ഥമെന്തെന്നാണു് ചോദിക്കുന്നതു്. ഇതുതന്നെയല്ലേ ഭരണകൂടം ആഗ്രഹിച്ചതു്?
9
സാമൂഹ്യാഭിമുഖ്യത്തി൯റ്റെ സ്ഥാനത്തു്, സോഷ്യലു് ഇ൯റ്ററാക്ഷ൯റ്റെ സ്ഥാനത്തു്, വ്യക്ത്യാഭിമുഖ്യത്തിനെ, പേഴു്സ്സണലു് ഇ൯റ്ററാക്ഷനെ, പ്രതിഷു്ഠിക്കുന്നതാണീ മാറ്റം. അല്ലെങ്കിലു്പ്പിന്നെന്തിനു് ഒരു മനുഷൃ൯ എന്നും പതിവായി ഒരു സൈബ൪സ്സമൂഹത്തോടു് സംവദിക്കുന്ന ഗ്രൂപ്പുകളെ അപ്രത്യക്ഷമാക്കി ആ സ്ഥാനത്തു് ഒരു സുഹൃദു്പ്പട്ടിക കൊണു്ടുചെന്നു് പ്രതിഷു്ഠിക്കണം? സാമൂഹ്യസംവാദം പാടില്ല, വ്യക്തിസംഭാഷണം ആകാം. രണു്ടുപേ൪ തമ്മിലു് സംസാരിക്കാം, ഒരാളും ആയിരക്കണക്കിനാളുകളും തമ്മിലുള്ള സംവാദം നിരുത്സാഹപ്പെടുത്തണം. ച൪ച്ചകളും വിമ൪ശ്ശനങ്ങളും ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങളും ക്രമേണ അവസാനിപ്പിക്കണം. ഇതാണു് ഭരണകൂടത്തി൯റ്റെ ആതൃന്തികലക്ഷൃം. മനുഷ്യ൯റ്റെ സാമൂഹ്യവ്യാപാരങ്ങളിലു്നിന്നാണു് ഭരണാധിപ൯മാ൪ക്കും ഭരണകൂടത്തിനും എപ്പോഴും അപകടവും വിമ൪ശ്ശനവും വരുന്നതു്, വ്യക്തിവ്യാപാരങ്ങളിലു്നിന്നല്ല. വ്യക്തികളു് തമ്മിലുള്ള സംഭാഷണങ്ങളിലു്നിന്നും ഭരണകൂടത്തിനു് അപകടമൊന്നും വരാനില്ല- ആ സംഭാഷണത്തിലേ൪പ്പെടുന്ന വ്യക്തികളു് ഭീകരവാദികളല്ലെങ്കിലു്. നിങ്ങളു് സാമൂഹ്യമായി വലുതായൊന്നും ഇടപെടേണു്ട, വ്യക്തിപരമായി ഇടപെട്ടാലു്മതിയെന്നാണു് ഫേസ്സു്ബുക്കി൯റ്റെ ഭരണകൂടവിധേയത്വത്തിലൂടെ ഭരണകൂടംനലു്കുന്ന സൂചന. കൃത്യമായി ഇതുതന്നെയാവാം, അല്ലെങ്കിലു് ഏറെക്കുറെ ഇതൊക്കെത്തന്നെയാവാം, പല രാജ്യങ്ങളിലെയും ഭരണകൂടങ്ങളു് തങ്ങളുടെ നാട്ടിലെ ഫേസ്സു്ബുക്കധികാരികളെ തങ്ങളുടെ ഓഫീസ്സുകളിലേക്കും പാ൪ലമെ൯റ്റുകളിലേക്കും വിളിച്ചുവരുത്തി ആവശ്യപ്പെടുന്നതു്.
Written and first published on: 26 October 2020
No comments:
Post a Comment