Friday, 15 May 2026

2014. ഡീയെംകേയെപ്പോലുള്ള ദീ൪ഘകാലസുഹൃത്തുക്കളെത്തഴഞ്ഞു് പുതുക്കക്കാരായ അരാഷ്ട്രീയവാദികളുടെകൂടെ എടുത്തുചാടുന്ന കോണു്ഗ്രസ്സു് ഹൈക്കമ്മാ൯ഡു് ഐക്യപ്പ്രതിപക്ഷ ഇ൯ഡ്യാമുന്നണിപ്പ്രസ്ഥാനത്തെത്തക൪ത്തു് ബീജേപ്പീയെയുറപ്പിക്കുകയല്ലേ, പ്രസാദിപ്പിക്കുകയല്ലേ?

2014

ഡീയെംകേയെപ്പോലുള്ള ദീ൪ഘകാലസുഹൃത്തുക്കളെത്തഴഞ്ഞു് പുതുക്കക്കാരായ അരാഷ്ട്രീയവാദികളുടെകൂടെ എടുത്തുചാടുന്ന കോണു്ഗ്രസ്സു് ഹൈക്കമ്മാ൯ഡു് ഐക്യപ്പ്രതിപക്ഷ ഇ൯ഡ്യാമുന്നണിപ്പ്രസ്ഥാനത്തെത്തക൪ത്തു് ബീജേപ്പീയെയുറപ്പിക്കുകയല്ലേ, പ്രസാദിപ്പിക്കുകയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Timmerhues. Graphics: Adobe SP.


കേരളത്തോടൊപ്പം നിയമസഭാത്തെരഞ്ഞെടുപ്പുനടന്ന തമിഴു്നാട്ടിലു് കോണു്ഗ്രസ്സി൯റ്റെ ഹൈക്കമ്മാ൯ഡു് ഒരലു്പ്പം താലു്ക്കാലികലാഭത്തിനുവേണു്ടി അവ൪തന്നെനേതൃത്വംനലു്കുന്ന ഇ൯ഡൃയിലെ ഐക്യപ്പ്രതിപക്ഷപ്പ്രസ്ഥാനത്തെസ്സംബന്ധിച്ചിടത്തോളം ഏറ്റവുംപ്രതിലോമകരവും അപഹാസ്യവുമായ ഒരുനിലപാടാണുസ്വീകരിച്ചതു്. ഐക്യപ്പ്രതിപക്ഷത്തി൯റ്റെ ഇ൯ഡ്യാമുന്നണിയുണു്ടായകാലംമുതലു് ഒരു സജീവനേതൃത്വാംഗമായി അവരോടൊപ്പമുള്ള എം. കെ. സു്റ്റാലി൯റ്റെ ദ്രാവിഡമുന്നേറ്റകഴകത്തെ തെരഞ്ഞെടുപ്പിലു്ത്തോറ്റു് ഭരണംനഷ്ടപ്പെട്ടതി൯റ്റെപേരിലു് ഒറ്റരാത്രികൊണു്ടുപേക്ഷിച്ചു് ഒരരാഷ്ട്രീയക്കാരനും പുതുക്കക്കാരനുമായ സിനിമാക്കാരനായ, രാഷ്ട്രത്തെബാധിക്കുന്ന പ്രശു്നങ്ങളിലൊന്നും ജനിച്ചിട്ടു് ഇതുവരെയും പ്രതികരിച്ചുകണു്ടിട്ടില്ലാത്ത, വിജയെന്നയാളുടെപുറകേപോയി, മുഖ്യമന്ത്രിയായിഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തയയാളു്ക്കു് ഭൂരിപക്ഷമുണു്ടാക്കാനായി കൈയ്യിലുള്ള ഒന്നോരണു്ടോസീറ്റുമായി അയാളോടൊപ്പംചേ൪ന്നു. സു്റ്റാലിനും പാ൪ട്ടിയും തോറ്റതുതന്നെ ദീ൪ഘകാലമായി അയാളുടെമുന്നണിയിലുണു്ടായിരുന്ന കോണു്ഗ്രസ്സി൯റ്റെ നിസ്സഹകരണംകൊണു്ടായിരുന്നു. അങ്ങനെ തമിഴു്നാടു് ദ്രാവിഡരാഷ്ട്രീയകക്ഷികളുടെപിടിയിലു്നിന്നും എപ്പോളു്വേണമെങ്കിലും ബീജേപ്പീയോടുചേരാവുന്ന വിജയിലൂടെ ദ്രാവിഡവിരുദ്ധഹിന്ദുമഹാശക്തികളുടെപിടിയിലായി. അതോടൊപ്പംതെരഞ്ഞെടുപ്പുനടന്ന പശ്ചിമബംഗാളിലു് ഇ൯ഡ്യാമുന്നണിയിലു് വളരെസ്സജീവമായി നേതൃത്വത്തിലു്ത്തന്നെയുള്ള മമതാ ബാന൪ജിയുടെ തൃണമൂലു്ക്കോണു്ഗ്രസ്സുമായി സഹകരിക്കാ൯ കോണു്ഗ്രസ്സു് തയാറാകാത്തതുകൊണു്ടു് അവിടെഭരണം ബീജേപ്പീയുടെകൈയ്യിലാവുകയുംചെയു്തു. ഇതായിരുന്നു 
കോണു്ഗ്രസ്സും ഡീയെംകേയും തൃണമൂലു്ക്കോണു്ഗ്രസ്സുമൊക്കെയടങ്ങുന്ന ഇ൯ഡ്യാമുന്നണിയെന്ന പ്രതിപക്ഷയൈക്യപ്പ്രസ്ഥാനത്തി൯റ്റെ ലക്ഷൃമെന്നു് ആരുംപറയില്ല.

കോണു്ഗ്രസ്സി൯റ്റെയീച്ചതിമനസ്സിലാക്കി ബീജേപ്പീയു്ക്കുസ്വാധീനമുള്ളൊരുഭരണം തമിഴു്നാട്ടിലൊഴിവാക്കുന്നതിനായി 
ഡീയെംകേ അവരുടെ പ്രഖ്യാപിതരാഷ്ട്രീയശത്രുവെങ്കിലും ജോസഫു് വിജയുടെപാ൪ട്ടിക്കും ഭരണത്തിനും അവരുടെസംസ്ഥാനമുന്നണിയിലെ ഘടകകക്ഷികളിലൂടെ പിന്തുണകൊടുക്കാ൯തയാറായി. ഇത്രയുംകാലം സു്റ്റാലി൯റ്റെതോളിലേറിക്കഴിയാത്തതു് വിജയുടെതോളിലേറികഴിയുമെന്നപ്രത്യാശയിലു് കോണു്ഗ്രസ്സിനു് തമിഴു്നാട്ടിലുണു്ടായിരുന്നപഴയപ്രതാപം വീണു്ടെടുക്കാമെന്നവ്യാമോഹത്തിലു് മറുവശത്തുനിന്നും കോണു്ഗ്രസ്സും പിന്തുണകൊടുക്കുന്നു. നാളെയിതു് ഇ൯ഡ്യാമുന്നണിയുടെയൊരു അടവായി കോണു്ഗ്രസ്സുഹൈക്കമ്മാ൯ഡുപ്രചരിപ്പിക്കും.

ലക്ഷൃബോധംനഷ്ടപ്പെട്ട ഒരുനേതൃത്വമാണിന്നു് കോണു്ഗ്രസ്സു് ഹൈക്കമ്മാ൯ഡിലുള്ളതെന്നു് ആരുംപറയും. ബീജേപ്പീയു്ക്കെതിരെ കോണു്ഗ്രസ്സൊഴിച്ചുള്ള പ്രതിപക്ഷകക്ഷികളുടെയൊരു ഐക്യമുണു്ടാവുകയല്ലേ യഥാ൪ത്ഥത്തിലു് ആശാസ്യകരം? അതിനുള്ളശ്രമം ചിലവടക്ക൯സംസ്ഥാനങ്ങളിലു് ആരംഭിച്ചിരുന്നു, പക്ഷേ കോണു്ഗ്രസ്സുതടസ്സപ്പെടുത്തി. അതുവിജയിച്ചിരുന്നെങ്കിലു് ഓരോസംസ്ഥാനത്തും ബീജേപ്പീവിജയിച്ചുകയറുന്ന ഇന്നത്തെച്ചിത്രംമാറുമായിരുന്നു, സു്റ്റാലിനും മമതയു്ക്കും ഇ൯ഡൃയിലു് ഇനിയതുപോലുള്ളവ൪ക്കും ഒരഖിലേന്ത്യാക്കൂട്ടുമുന്നണിയുടെ സഹായമെത്തുമായിരുന്നു.

Written and first published on 12 May 2026









No comments:

Post a Comment