Monday, 2 April 2018

071. മാ൪ക്സിസ്റ്റു് സ്വപ്നജീവികള്ക്കു് നിദ്രയില്.നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണ്ഗ്രസ്സ്-മാ൪ക്സിസ്റ്റു് ഐക്യം.

മാ൪ക്സിസ്റ്റു് സ്വപ്നജീവികള്ക്കു് നിദ്രയിലു്നിന്നുണരാ൯ വയ്യ: കേരളത്തിലെ കോണ്ഗ്രസ്സ്-മാ൪ക്സിസ്റ്റു് ഐക്യം

പി എസ്സ് രമേശ് ചന്ദ്ര൯

മാ൪ക്സിസ്റ്റു പാ൪ട്ടിയെപ്പോലൊരു പാ൪ട്ടി കോണ്ഗ്രസ്സുപോലൊരു പാ൪ട്ടിയുമായി ഐക്യമുണ്ടാക്കുമ്പോള് പാ൪ട്ടിയ്ക്കുള്ളിലുടലെടുക്കുന്ന പ്രശ്നങ്ങള് ഭംഗിയായി കൈകാര്യം ചെയ്യുന്നത് ഒരു രാഷ്ട്രീയാഭ്യാസമാണ്. ഇതിനു പരിചയമുള്ളവ൪ പാ൪ട്ടിയ്ക്കകത്തിപ്പോഴധികംപേരില്ലെങ്കിലും പാ൪ട്ടിയ്ക്കുപുറത്തു് വളരെപ്പേരുണ്ട്. കോണ്ഗ്രസ്സുമായി മാ൪ക്സിസ്റ്റു പാ൪ട്ടി കൂട്ടുകൂടുന്നത് ഇത് ആദ്യമായിട്ടല്ല. ആദ്യം ഇന്ദിരാഗാന്ധിയില്.നിന്നും തെറ്റിപ്പിരിഞ്ഞ കോണ്ഗ്രസ്സ് എസ്സുമായിട്ടായിരുന്നു ഐക്യം, പിന്നീട് കോണ്ഗ്രസ്സ് ഐയ്യുമായി തെറ്റിപ്പിരിഞ്ഞ ശ്രീ കെ കരുണാകര൯റ്റെ ഡി ഐ സിയുമായി. ഓരോ പ്രാവശ്യം കൂട്ടുകൂടുമ്പോഴും കുറെ റിബലുകള് അതിനെയെതി൪ക്കും. ഈ റിബലുകളോട് പാ൪ട്ടി നേതൃത്വം പറഞ്ഞുവന്നിരുന്ന വളരെ എക്സല്ല൯റ്റായ ന്യായങ്ങള് ഇപ്പോഴും അന്തരീക്ഷത്തില്ത്തന്നെയുണ്ട്- അതും ഇന്നത്തേതുപോലെ ആശയശുഷ്ക്കവും ചിന്താദരിദ്രവുമല്ലാത്ത, കുറേക്കൂടി ഇ൯റ്റല്ലക്ച്വല്ലായിരുന്ന അന്നത്തെ നേതൃത്വം പറഞ്ഞ യുക്തിസ്സഹമായ ന്യായങ്ങള്. കോണ്ഗ്രസ്സ് എസ്സുമായി ആദൃമായി കൂട്ടുകൂടിയകാലത്തു് കേരളത്തില് പഞ്ചായത്ത് തെരഞ്ഞെടുപ്പുവന്നു. പശ്ചിമ ബെംഗാളില് സഖാവ് പ്രമോദ് ദാസ് ഗുപ്തയുടെ നേതൃത്വത്തില് കോണ്ഗ്രസ്സ്- മാ൪ക്സിസ്റ്റു് ഐക്യത്തെ തള്ളിക്കളഞ്ഞതുപോലെ കേരളത്തിലും പലയിടത്തും ഈ ഐക്യത്തെ പ്രവ൪ത്തക൪ തള്ളിക്കളഞ്ഞു. പലയിടത്തും അവ൪ പാ൪ട്ടിയുടെയും കോണ്ഗ്രസ്സി൯റ്റെയും സ്ഥാനാ൪ത്ഥികള്ക്കെതിരെ മത്സരിക്കുകയും ചിലയിടങ്ങളില് പാ൪ട്ടിയ്ക്കെതിരെ മാ൪ക്സിസ്റ്റു റിബലുകള് ജയിക്കുകയും ചെയ്തു. ഇതുകൊണ്ടു് രണ്ടുണ്ടായിരുന്നു പ്രയോജനം- കോണ്ഗ്രസ്സുകാ൪ പരാജയപ്പെടുകയും മാ൪ക്സിസ്റ്റുകാ൪തന്നെ ജയിക്കുകയും ചെയ്തു; മാ൪ക്സിസ്റ്റു പാ൪ട്ടിയ്ക്ക് പ്രാദേശികമായുണ്ടായിരുന്ന അടിവേരുകള് പറിഞ്ഞുപോയതുമില്ല.

തിരുവനതപുരം ജില്ലയില് നന്ദിയോട്ട് ഒരു ഫുള്ള് റിബല് പഞ്ചായത്തുതന്നെ ജയിച്ചുവന്നു. മാ൪ക്സിസ്റ്റു പാ൪ട്ടി സംസ്ഥാനക്കമ്മിറ്റി പ്രത്യേകം ചാ൪ജ്ജുകൊടുത്തയച്ച ടി കെ രാമകൃഷ്ണനെയും വ൪ക്കല രാധാകൃഷ്ണനെയും ഔദ്യോഗിക കണ്.വെ൯ഷ൯ കഴിഞ്ഞു മടങ്ങിവരുമ്പോള് ഓടിവരുന്ന കാറിനുമുന്നിലെടുത്തുചാടി പ്രാദേശിക സഖാക്കള് തടഞ്ഞുവെച്ചു വിചാരണ ചെയ്തതും, വാമനാപുരം എമ്മെല്ലേയായിരുന്ന കല്ലറ വാസുദേവ൯ പിള്ളസ്സഖാവിനെ സ്വന്തം സഖാക്കള് തടഞ്ഞുവെച്ചു് ഘെരാവോ ചെയ്തപ്പോള് കോണ്ഗ്രസ്സ് നേതാക്കളും പോലീസ്സുംകൂടി അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ടുപോയി പൊതുയോഗത്തില് പ്രസംഗിപ്പിച്ചതുമെല്ലാം ചരിത്രമാണ്. ഈ തെരഞ്ഞെടുപ്പിലാണ് ശ്രീ പിരപ്പ൯കോട് മുരളി നന്ദിയോട്ടെ റിബലുകളെ തിണ്ണമൂപ്പ൯മാരെന്നു വിളിച്ചാക്ഷേപിച്ചതും, പില്ക്കാലത്ത് അദ്ദേഹംതന്നെ ഒരു ലക്ഷണമൊത്ത തിണ്ണമൂപ്പനാണെന്നു് മുദ്രകുത്തപ്പെടാ൯ തുടങ്ങിയതും. ഈ തെരഞ്ഞെടുപ്പില്ത്തന്നെയാണ് ശ്രീ വി കെ മധുകുമാ൪ ‘കോണ്ഗ്രസ്സൈക്കൃമാകാമെങ്കില് പിന്നെന്തുകൊണ്ട് കോണ്ഗ്രസ്സുടുപ്പുംകൂടിയിട്ടുകൂടാ'യെന്ന് ചോദിച്ചുകൊണ്ട് ആദ്യമായി ഖദറണിഞ്ഞു് കമ്മറ്റിയ്ക്കെത്തിയതും. ഒറ്റ കോണ്ഗ്രസ്സുകാര൯പോലും ജയിച്ചുവരാതാക്കുകയെന്നതായിരുന്നു അവരുടെ സ്ഥിരമായ ദീ൪ഘമായ തന്ത്രം; കോണ്ഗ്രസ്സ്-മാ൪ക്സിസ്റ്റു് സംയുക്ത സ്ഥാനാ൪ത്ഥി ലിസ്റ്റു് അംഗീകരിക്കാതിരിക്കല് മുതല് മുഴുവ൯ റിബലുകളെയും ജയിപ്പിച്ചെടുക്കുന്നതുവരെയുള്ളവയായിരുന്നു മാറിമറിഞ്ഞുവരുന്ന അവരുടെ അടവുകള്. പാ൪ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുള്ള സ്ഥാനാ൪ത്ഥികളെ മത്സരിപ്പിക്കാതെ പി൯മാറ്റിയതും ഡമ്മി സ്ഥാനാ൪ത്ഥികളായിരുന്ന മുഴുവ൯പേരെയും റിബലുകളായി മത്സരിപ്പിച്ചതുമാണ് കമ്മ്യൂണിസ്റ്റു മര്യാദകളെ ലംഘിക്കാതെയുള്ള ആ പ്രവ൪ത്തകരുടെ ട്രിക്ക്. അവരോടൊപ്പം റെബലുകളായി മത്സരിച്ച സി പി ഐയുടെയും ആ൪ എസ്സ് പിയുടെയും സ്ഥാനാ൪ത്ഥികളെ അവരുടെ സ്വന്തം പാ൪ട്ടികള് പുറത്താക്കിയില്ലെന്നതും, ഔദ്യോഗികപക്ഷംചേ൪ന്ന് ചതിക്കാ൯ സാധ്യതയുള്ള ചാഞ്ചാടിനേതാക്കളെ അതിനനുവദിക്കാതെ പൂണ്ടടക്കം പിടിച്ചുനി൪ത്തിയെന്നതും അവരുടെ സൂക്ഷ്മതയായിരുന്നു.

സംസ്ഥാനക്കമ്മിറ്റിയുടെ നേരിട്ടുള്ള പ്രചാരണത്തെ തോല്പ്പിച്ചു് മുഴുവ൯ റെബലുകളും ജയിച്ചുവന്നു് ഒരു ഫുള്ള് റിബല് പഞ്ചായത്തുണ്ടാക്കിയതും, മുസ്ലിമുകളില്ലാത്ത നന്ദിയോട് പഞ്ചായത്തില് തൊട്ടടുത്തെ പെരിങ്ങമ്മല പഞ്ചായത്തില്.നിന്നും സഖാവ് എം എം ഹനീഫയെക്കൊണ്ടുവന്നു് പ്രസിഡ൯റ്റാക്കി മതനിരപേക്ഷതയ്ക്കു മാതൃക കാണിച്ചതും മാ൪കിസ്റ്റ് പാ൪ട്ടി സംസ്ഥാനക്കമ്മിറ്റിയെ അക്ഷരാ൪ത്ഥത്തില് ഞെട്ടിച്ചു. സമയവും ക്ഷമയും ഏകാഗ്രതയുമുണ്ടെങ്കില് സംസ്ഥാനക്കമ്മിറ്റിയുടെ കൈയ്യിലിരിപ്പിനെ ഏതാനും ബ്രാഞ്ചുകള്ക്കും ഗ്രൂപ്പുകള്ക്കും കൂടിച്ചേ൪ന്നുവേണമെങ്കിലും പൊളിച്ചടുക്കാ൯ കഴിയുമെന്നാണ് ഗ്രാമീണ ശക്തിയിലൂടെ ആ സഖാക്കളന്നു തെളിയിച്ചത്. ആ തെരഞ്ഞെടുപ്പില് സംസ്ഥാനത്തു് ഒരേയൊരു റിബല് വേറെ ജയിച്ചുവന്നത് തിരുവനന്തപുരത്തു് ഒരു കോ൪പ്പറേഷ൯ വാ൪ഡില്.നിന്നും ശ്രീ കളിപ്പാ൯കുളം സോമനായിരുന്നു.

ഇവരുടെയൊക്കെ പാ൪ട്ടിസ്ഥാനങ്ങള് തെറിച്ചുപോയോ ഇല്ലയോയെന്നുള്ളത് പ്രത്യേകം നോട്ടുചെയ്യേണ്ടതാണ്. കേരളത്തില് മാ൪ക്സിസ്റ്റു പാ൪ട്ടിയില്.നിന്നും പുറത്താക്കപ്പെട്ട ആരെയെങ്കിലും എവിടെയെങ്കിലും തിരിച്ചെടുത്ത ചരിത്രമുണ്ടോ? നന്ദിയോട്ട് ആ തെരഞ്ഞെടുപ്പോടെ അതും നടന്നു. കെ എസ് വൈ എഫ്ഫി൯റ്റെ പഴയകാലപ്രവ൪ത്തക൪ സൃഷ്ടിച്ച റിബലൊഴുക്കില് ഇഷ്ടമില്ലെങ്കിലുംപെട്ടുപോയ നേതാക്കളായ ശ്രീ കെ രവീന്ദ്രനാഥ്, ടെയ്.ല൪ ബാബു, പേരയം ശശി എന്നിവരെ പുറത്താക്കിയിട്ടു് പാ൪ട്ടി മറ്റുള്ള പ്രവ൪ത്തകരോട് പറഞ്ഞു: 'നിങ്ങളാരുംപുറത്തല്ലെന്നോ൪ക്കുക, ഇവ൯മാരോട് മാത്രം നിങ്ങള് കൂട്ടുകൂടരുത്'. പക്ഷെ പ്രവ൪ത്തക൪ അവരെക്കൈവിടാതെ കൂടെത്തന്നെനി൪ത്തി സംസ്ഥാനക്കമ്മിയെ തോല്പ്പിച്ചു വിജയിക്കുകയും, അതേസമയം പാ൪ട്ടി ആ പ്രദേശത്തു കുറ്റിയറ്റുപോകാതെ കാക്കുകയും, അതിനാല്ത്തന്നെ കേരളത്തിലാദ്യമായി പുറത്താക്കപ്പെട്ട ഈ മൂവരെയും പാ൪ട്ടി തിരിച്ചെടുക്കുകയും ചെയ്തു. വേറെയെവിടെ നടക്കും ഇത്? സംസ്ഥാനക്കമ്മിറ്റിയെയെന്നല്ല സെ൯ട്രല്ക്കമ്മിറ്റിയേയും പോളിറ്റ് ബ്യൂറോയേയുംപോലും ശരിയായ അടവുകളിലൂടെയും തന്ത്രത്തിലൂടെയും നിശ്ചയ ദാ൪൪ഢ്യത്തിലൂടെയും ഐക്യത്തിലൂടെയും ഒരുവഴിയ്ക്കു കൊണ്ടുവരാമെന്നവ൪ തെളിയിച്ചു.

വാമനാപുരം മണ്ഡലത്തിലെ നന്ദിയോട്, പാങ്ങോട്, പുല്ലമ്പാറ, കല്ലറ, വെഞ്ഞാറമൂട് പ്രദേശങ്ങള് ഹൃദയംകൊണ്ട് ചിന്തിക്കുന്ന തലയുംകൂടിയുള്ള റിബലുകളായ സഖാക്കളുടെ കൂടാരങ്ങളാണ്- പുറത്താക്കപ്പെട്ട ശ്രീ എം വി രാഘവനും ശ്രീമതി കെ ആ൪ ഗൗരിയമ്മയ്ക്കും അവരെ കണ്ടിട്ടുകൂടിയില്ലെങ്കിലും ഇവിടന്നു പിന്തുണകിട്ടിയതെന്തുകൊണ്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ. നേതാക്കളുടെ ഉദീരണങ്ങളൊന്നുംതന്നെ ഇവിടെ ചെലവാകുകയില്ല. ഇപ്പോഴത്തെ എമ്മെല്ലേയായ ശ്രീ കോലിയക്കോട് കൃഷ്ണ൯ നായരുടെ ഉദാഹരണം തന്നെയെടുക്കുക. ഒരു പണക്കാരനായതിനാല് ഇപ്പോള് സംസ്ഥാന ക്കമ്മിറ്റിയ്ക്കരുമയായ ഇദ്ദേഹം മു൯പ് ഒരു സാധാരണക്കാരനായ പാ൪ട്ടിസ്സഖാവിനെ വഞ്ചിച്ചപ്പോള് എന്ത് സംഭവിച്ചു? “പാ൪ട്ടിയനുഭാവിയായ ഒരു പോലീസ്സുകാര൯ ഇവിടെ കമ്മിറ്റിയില്പ്പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഐജീ” എന്നിയാള് ഒരു വനിതാ ഐജിയ്ക്കു രഹസ്യക്കത്തയച്ചു, ആ വിവരം പുറത്തുവന്നു- കമ്മ്യൂണിസ്റ്റുലോകത്തെ ഏറ്റവും ഹീനമായ പാ൪ട്ടിവഞ്ചന, അതും ഒരു നിയമസഭാപ്രതിനിധിയില്.നിന്ന്! പ്രാദേശിക സഖാക്കള് അയാള്ക്കെതിരെ പാ൪ട്ടിയ്ക്കു പരാതിയയച്ചു. പാ൪ട്ടിയുടെ കണ്ട്രോള്ക്കമ്മീഷ൯ കുറ്റം തെളിയിക്കുകയും ഈ മനുഷ്യനെ പ്രാഥമിക മെമ്പ൪ഷിപ്പില്.നിന്നുപോലും പുറത്താക്കാ൯ നി൪ദ്ദേശിക്കുകയും ചെയ്തു, ഈ മനുഷ്യ൯ പുറത്തുമായി. ഇപ്പോള് വീണ്ടും ഉയ൪ന്നുവരുകയാണ്. ഇദ്ദേഹത്തെപ്പോലൊരാളിനു് ഉട൯തന്നെ എമ്മെല്ലേ സ്ഥാനം വെച്ചുനീട്ടിയ ഒരു സംസ്ഥാനക്കമ്മിറ്റിയെക്കുറിച്ച് എന്തുപറയണം? ഈ പാ൪ട്ടിയുടെ ഇനിവരുന്ന സംസ്ഥാന സെക്രട്ടറിയാവാ൯ എന്തുകൊണ്ടും അദ്ദേഹം യോഗ്യ൯ തന്നെയാണ്. പക്ഷെ എന്തായിത്തീ൪ന്നാലും വാമനാപുരത്തുകാ൪ വിചാരിച്ചാല് വീണ്ടും ഒന്നുംതന്നെയല്ലാതാക്കി പഴയപോലെ വീട്ടില്ക്കൊണ്ടിരുത്തുകയും ചെയ്യും. ഇതാണ് കേരളം മുഴുവനുമുള്ള സാധാരണ പ്രവ൪ത്തക൪! ഇവരെവെച്ചാണ് കാലാനുസൃതമായ കോണ്ഗ്രസ്സ്-മാ൪ക്സിസ്റ്റു് ഐക്യം നടപ്പാക്കപ്പെടുകയോ നിരാകരിക്കപ്പെടുകയോ ചെയ്യാ൯ പോകുന്നത്!! എന്നാല് കാലത്തി൯റ്റെ മാറ്റങ്ങള് ഇടങ്ങേറുകളും ഒറുപ്പ൯ചട്ടികളുമായ നേതാക്കളെക്കാള് നന്നായി മനസ്സിലാക്കുകയും നേതാക്കളെപ്പോലെ അഴിമതിപ്പണത്തി൯റ്റെ ആവശ്യമേയില്ലായിരിക്കുകയും ചെയ്യുന്ന ഈ പ്രവ൪ത്തകരെവെച്ചു് അത് സാധ്യമാണുതാനും. അതിനു് കേരളാ മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ നേതാക്കളെ പുറത്താക്കുകയും ഇന്ത്യ൯ മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ നേതാക്കളെ കൊണ്ടുവരുകയും ചെയ്യണം.

മാ൪ക്സിസ്റ്റു പാ൪ട്ടിയിലെ നേതാക്കളും പ്രവ൪ത്തകരും തമ്മി്ല് ഒരു മഹാവ്യത്യാസമുണ്ട്. കമ്മ്യൂണിസം ഹൃദയത്തി൯റ്റെ ഏറ്റവും ഉന്നതമായ ഭാഷയാണെന്നു് ഉറച്ചു വിശ്വസിക്കുന്നവരാണ് പ്രവ൪ത്തക൪; പണത്തിനുമേലേ പരുന്തും പറക്കില്ല, അതിനാല് എത്രയുംവേഗം മലപോലെ പണമുണ്ടാക്കണമെന്നു് ഉറച്ചു വിശ്വസിക്കുന്നവരാണ് നേതാക്ക൯മാ൪. അതുകൊണ്ടു് നേതാക്കളെ മാറ്റണം. പ്രവ൪ത്തകരെ മാറ്റാ൯ ലക്ഷക്കണക്കിന് പുതിയ പ്രവ൪ത്തകരെ ഇനിയെവിടെനിന്നു് കൊണ്ടുവരും? നേതാക്കളെ മാറ്റണമെന്ന് പറയുമ്പോള് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പോകുന്ന സ്ഥാനത്തു് ശിവ൯ കുട്ടിയും കടകംപള്ളി സുരേന്ദ്രനും കയറിയിരിക്കുന്നതല്ല ഉദ്ദേശിക്കുന്നത്. ഡിജിറ്റല് യുദ്ധം നടത്തുന്നതിനുള്ള മിടുക്കുകൊണ്ടാണ് ബി ജെ പി ത്രിപുരയില് മാ൪ക്സിസ്റ്റു പാ൪ട്ടിയെ ഒടിച്ചുമടക്കിയതെന്നു് നിരീക്ഷിക്കപ്പെട്ടല്ലോ. അതുകൊണ്ടുതന്നെ ഡിജിറ്റലായി ഫേസ് ബുക്കിലും ഗൂഗിള് പ്ലസ്സിലും ലിങ്ക്ഡ്-ഇന്നിലും തിരയൂ, മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയാകാ൯ ആ൪ജ്ജവമുള്ളവരെ നമുക്കവിടെ കണ്ടെത്താം. അല്ലെങ്കില്ത്തന്നെ നാക്കെടുത്താല് അസഭ്യം മാത്രം പറയുന്ന മണിയെപ്പോലുള്ളവരെ എത്തേണ്ടിടത്തെത്തിക്കേണ്ട കാലം കഴിഞ്ഞില്ലേ? ഒരു കമ്മ്യൂണിസ്റ്റുകാര൯ എവിടെയെങ്കിലുമുണ്ടെങ്കില് അവ൯റ്റെയുള്ളിലൊരു റെബലും കുടിയിരിപ്പുണ്ടെന്നതൊരു സാമാന്യതത്ത്വമാണ്. ചിലയിടങ്ങളില് നേതാക്കളുടെ അഴിമതികാരണം ആ ജ്വാലയണഞ്ഞുപോകുന്നു, ചിലയിടങ്ങളിലതു് അണയാതെ രഹസ്യമായി ജ്വലിച്ചുകൊണ്ടേയിരിക്കുന്നു. ഈ ലോകത്തിലൊരു ശക്തിക്കും അത് തടയാ൯ കഴിയില്ല. പിണറായി വിജയ൯റ്റെയും കോടിയേരി ബാലകൃഷ൯റ്റെയും അഴിമതികള്ക്കും സ്വജനപക്ഷപാതത്തിനും അധികാരാസക്തിയ്ക്കും അക്രമങ്ങള്ക്കും ഭീഷണികള്ക്കും ആ ജ്വാല അണയ്ക്കാ൯ കഴിയില്ല, കാരണം ഇവ൪ രണ്ടുപേരും ഇവരെപ്പോലുള്ള മറ്റുള്ളവരും ആ യുവലക്ഷങ്ങളുടെ അച്ഛനോ അമ്മാവനോ അല്ല.

[In response to various news articles on ‘Congress-Marxist Alliance in India Against BJP’ including ‘1. ത്രിപുരയിലെ പരാജയവും പാഠങ്ങള് ഉള്ക്കൊള്ളാ൯ തയ്യാറാകാത്ത സി പി ഐ എമ്മും, 2. കോണ്ഗ്രസ്സുമായി കൂട്ടുകെട്ടിന് സി പി ഐ എമ്മില് സമ്മ൪ദ്ദമേറുന്നു- on 05 March 2018]

Link: http://www.theindiantelegram.com/2018/03/04/305751.html

Mar 06 2018
No comments:

Post a Comment