Sunday, 1 April 2018

069. ഇവരെന്നാണ് പ്രമോദ് ദാസ് ഗുപ്തയോളം വള൪ന്നത്?

ഇവരെന്നാണ് പ്രമോദ് ദാസ് ഗുപ്തയോളം വള൪ന്നത്?

പി എസ്സ് രമേശ് ചന്ദ്ര൯

ത്രിപുരയിലെ ബി ജെ പി വിജയം പണമൊഴുക്കിനേടിയതാണെന്നു് സി പി ഐ ദേശീയ നേതാവ് ശ്രീ ഡി രാജയും സി പി എമ്മിലെ ശ്രീ പിണറായി വിജയനും ശ്രീ കോടിയേരി ബാലകൃഷ്ണനും ആരോപണമുന്നയിച്ചിരിക്കുന്നു. ആകാം, കാരണം ബി ജെ പിയുടെ കൈയ്യില് മാത്രമേ ഇപ്പോള് ആത്തരം പണമുള്ളൂ. നോട്ടുനിരോധനം ഏ൪പ്പെടുത്തിയതുതന്നെ മറ്റെല്ലാ രാഷ്ട്രീയപ്പാ൪ട്ടികളുടെയും കരുതല് രൂപാശേഖരങ്ങള് തക൪ക്കാനും ഭാവിയിലെ ഒരിരുപതു വ൪ഷങ്ങള് തെരഞ്ഞെടുപ്പുകള് വിജയിക്കാനുള്ള പണം അവരുടെ കൈയ്യില് മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്നു് ഉറപ്പുവരുത്താനുമാണല്ലോ. ജനങ്ങളെ വിശ്വസിപ്പിക്കാനാവുമെന്നുകരുതി അവ൪ പ്രചരിപ്പിച്ച പുറമേപ്പറഞ്ഞ യാതൊരുലക്ഷൃവും നോട്ടുനിരോധനം നേടിയില്ലെന്നതും തെളിഞ്ഞുകഴിഞ്ഞതല്ലേ? പണംകൊണ്ട് ഒരു തെരഞ്ഞെടുപ്പിനെ ജയിക്കണമെങ്കില് ഇനിവരുന്ന ഒരു ഇരുപതുവ൪ഷക്കാലം അത് ബി ജെ പിയ്ക്കുമാത്രമേ കഴിയൂ.

പക്ഷെ ഈപ്പണം ത്രിപുരയില് അവ൪ എങ്ങനെ ചെലവഴിച്ചു എന്ന് വിശദീകരിക്കുന്നതിലാണ് നമുക്ക് ഇവരുമായി അഭിപ്രായവ്യത്യാസമുള്ളതു്. എത്രരൂപവരെ ബി ജെ പി ത്രിപുരയിലെ വിജയത്തിനുവേണ്ടി ചെലവഴിക്കാ൯ തയ്യാറായിരുന്നുകാണും- അഞ്ഞൂറുകോടി, ആയിരം കോടി, അയ്യായിരംകോടി? ത്രിപുരാഭരണകക്ഷിയായ മാ൪ക്സിസ്റ്റു പാ൪ട്ടിയും അവിടത്തെ പ്രധാന പ്രതിപക്ഷമായ കോണ്ഗ്രസ്സും തമ്മില് പൊരുതുന്നിടത്തോളംകാലം മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ ഭരണവീഴ്ചയുടെയും അക്രമത്തി൯റ്റെയും പശ്ചാത്തലത്തില് ഒരു ത്രികോണമത്സരത്തിലൂടെ വിജയം കൊയ്യാ൯ അവ൪ക്കു കഴിയുമായിരുന്നുവെന്നത് പകല് പോലെ വ്യക്തമായിരുന്നു. ഒരു മാ൪ക്സിസ്റ്റു-കോണ്ഗ്രസ്സ് ഐക്യം അഖിലേന്ത്യാടിസ്ഥാനത്തില് രൂപപ്പെടാതിരിക്കാ൯ പതിനായിരം കോടിരൂപ വേണമെങ്കിലും ബി ജെ പി മുടക്കാ൯ തയ്യാറാകുമായിരുന്നില്ലേ? മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ കേരളത്തിലെ സംഘടനയെയും ആ പാ൪ട്ടിയുടെ മു൯ ജനറല് സെക്രട്ടറിയേയും മാത്രം വിലയ്ക്കെടുത്താല് അത് നടക്കുമെങ്കില് അവരതിന് മടിക്കുമോ? ലോകത്തു് ഇതൊരു ആദ്യത്തെ സംഭവമാണോ?

അയ്യഞ്ചുവ൪ഷം കൂടുമ്പോള് ഒറ്റയ്ക്ക് ഭരിച്ചു് സ്വ൪വ്വതന്ത്ര സ്വതന്ത്രമായി വെട്ടിത്തിന്നാ൯ അവസരം കിട്ടണമെന്നാണ് മാ൪ക്സിസ്റ്റു പാ൪ട്ടി കേരള സംസ്ഥാനക്കമ്മിറ്റിയുടെ മനസ്സിലുള്ളത്. മാത്രവുമല്ല കോണ്ഗ്രസ്സുമായി യോജിച്ചുഭരിച്ചാല് രണ്ടെണ്ണത്തി൯റ്റെയും മുടിഞ്ഞ അഴിമതികാരണം കേരളത്തില് ബി ജെ പി ജനപിന്തുണയുള്ള പ്രധാന പ്രതിപക്ഷമായി ഉയ൪ന്നുവരുമെന്നുള്ളതും വ്യക്തമാണ്. ഇത് രണ്ടിനുമിടയാക്കാതെ യുക്തിഭദ്രവും ലാഭകരവുമായ ഒരു വഴി ബി ജെ പിയുടെ ബുദ്ധികേന്ദ്രങ്ങള് തന്നെ കണ്ടുപിടിച്ചു് ഇവ൪ക്കുമുന്നില് വെച്ചുകൊടുത്തുവെന്നതാണ് സത്യം- കോണ്ഗ്രസ്സ്- മാ൪ക്സിസ്റ്റു് ഐക്യത്തെ എന്തുവിലകൊടുത്തും എതി൪ത്ത് പരാജയപ്പെടുത്തുക- ഒറ്റവെടിയ്ക്കു് എല്ലാ പക്ഷികളെയും വീഴ്ത്തുകയുംചെയ്യാം, ആജീവനാന്തം തലമുറകള്ക്കു മുഴുവ൯ സുഖിക്കാനുള്ള പണം ലഭിക്കുകയും ചെയ്യും. അല്ലെങ്കില്പിന്നെ ത്രിപുര തെരഞ്ഞെടുപ്പ് റിസല്ട്ടുവന്നതി൯റ്റെ പിറ്റേന്ന് കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയ൯ മദ്രാസ്സിലൊരു ആശുപത്രിയില് അഡ്മിഷ൯ നേടിയതെന്തിന്? ഇടതുമുന്നണി ഭരണത്തില് കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുംമേലെ ഉയ൪ന്നുനില്ക്കുന്നുവെന്ന് അട്ടഹസിയ്ക്കുന്നതിന്നിടയ്ക്കുതന്നെ കേരളത്തിലെ മുഖ്യമന്ത്രി ബ്ലഡ് കൗണ്ട് കുറയുന്നതിന് ചികിത്സയ്ക്ക് തമിഴ്നാട്ടിലെന്തിനു പോകുന്നു? തിരുവനന്തപുരത്തെ പ്രഖ്യാതമായ മെഡിക്കല് കോളേജാശുപത്രിയെ വിശ്വാസമില്ലേ? അല്ലെങ്കില് ഈപ്പറഞ്ഞ ആരോഗ്യമേഖല ചതച്ചുവിടുന്ന കേരളത്തിലെ സാധാരണജനങ്ങള് ഈ അസുഖത്തിന് ചെയ്യുന്നപോലെ പപ്പായയിലയും മാതളപ്പഴവും കഴിച്ചാല്പ്പോരേ? അപ്പോളതല്ല കാര്യം- ബി ജെ പിയില് നിന്നും ആരുമറിയാതെ ആനുകൂല്യവും വാങ്ങാം, തെരഞ്ഞെടുപ്പ് പരാജയത്തി൯റ്റെ ചോദ്യങ്ങളില് നിന്നും രക്ഷപ്പെടുകയും ചെയ്യാം. മുമ്പത്തെപ്പോലെ ഹെലികോപ്റ്റ൪ കൊണ്ടുപോകാമായിരുന്നില്ലേ?

ബി ജെ പി ത്രിപുര തെരഞ്ഞെടുപ്പില് പണമൊഴുക്കിയിരിക്കാം എന്ന് ശ്രീ പിണറായി വിജയ൯ പറയുന്നതിലെ അതേ യുക്തിഭദ്രത കോണ്ഗ്രസ്സുമായി കൂട്ടുകൂടാതിരിക്കാ൯ ശ്രീ പിണറായി വിജയനും സംഘവും ബി ജെ പിയില് നിന്നും പണം വാങ്ങിയിരിക്കാം എന്നുപറയുന്നതിലുമുണ്ട്. ഇതൊരാരോപണമല്ല, സാധ്യതയാണ്- സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ട സാധ്യത, പ്രത്യേകിച്ചും സാമ്പത്തിക അഴിമതികളുടെയും ഇടപാടുകളുടെയും ആരോപണങ്ങളുടെയും പ്രോസിക്ക്യൂഷനുകളുടെയും നീണ്ട ചരിത്ര പശ്ചാത്തലമുള്ള ഒരു ഭരണ രാഷ്ട്രീയ സംഘമായതുകൊണ്ടു്. ബി ജെ പി നല്കിയതോ നല്കാ൯ സാധ്യതയുള്ളതോ ആയ പണമല്ലാതെ കോണ്ഗ്രസ്സ്-മാ൪ക്സിസ്റ്റു് ഐക്യത്തി൯റ്റെ സൈദ്ധാന്തിക നൈതിക പ്രശ്നങ്ങളൊന്നുംതന്നെ പിണറായി-കോടിയേരി സംഘത്തി൯റ്റെ കോണ്ഗ്രസ്സ് വിരുദ്ധതയിലടങ്ങിയിട്ടില്ല. കോണ്ഗ്രസ്സുമായി കൂട്ടുകൂടാ൯ പോളിറ്റ് ബ്യുറോ പറയുമ്പോള് 'പോടാ അവിടന്ന്' എന്നുപറയാ൯ ഇവരെന്താ പ്രമോദ് ദാസ് ഗുപ്തയാണോ? പാ൪ട്ടി ഭരണത്തിലുള്ളപ്പോള് ജീവിതത്തിലൊരിക്കലും ഭരണാസ്ഥാനമായ കല്ക്കത്തയിലെ റൈറ്റേഴ്സ് ബില്ഡിംഗില്ക്കയറിയിട്ടില്ലാത്ത ഈ പാ൪ട്ടി സെക്രട്ടറി 2013ല് ചൈനയില്.വെച്ചു മരിച്ചപ്പോള് ഇംഗ്ലണ്ടിലെ ദി ടെലിഗ്രാഫ് പത്രമെഴുതിയതു് 'സാധാരണ പ്രവ൪ത്തകനായി തുടങ്ങി നേതാവായി വള൪ന്നു് ഒരു മഹാസ്ഥാപനമായി മരിച്ച മനുഷ്യ'നെന്നാണ്. ഇവരെന്നാണ് അത്രത്തോളം വള൪ന്നത്?

[In response to news articles ‘BJP won Tripura election through money power- D Raja, Pinarayi Vijayan and Kodiyeri Balakrishnan ബി ജെ പി ത്രിപുര ഇലക്ഷ൯ ജയിച്ചത് പണശക്തികൊണ്ട്- ഡി രാജ, പിണറായി വിജയ൯, കോടിയേരി ബാലകൃഷ്ണ൯’ on 05 March 2018 in various media]

Link: പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ബിജെപി ത്രിപുരയില്‍ വിജയം നേടിയത്; ത്രിപുരയില്‍ ഇടതുപക്ഷം തിരിച്ചു വരുമെന്ന് പിണറായി

No comments:

Post a Comment