Thursday, 8 March 2018

058. ഇവ൯മാ൪ ചവുട്ടിയാലു് ഹിന്ദു ഉണരാ൯ ഇഷ്ടപ്പെടുന്നില്ലെങ്കിലോ?

ഇവ൯മാ൪ ചവുട്ടിയാലു് ഹിന്ദു ഉണരാ൯ ഇഷ്ടപ്പെടുന്നില്ലെങ്കിലോ?
 
പി. എസ്സു്. രമേശു് ചന്ദ്ര൯

ഭാഗം 1


ഇന്ത്യയു്ക്കു് ഭാരതമെന്ന പേരുവീഴാ൯ കാരണക്കാരനായ ഭരതചക്രവ൪ത്തി ഭരിച്ചിരുന്ന സാമ്രാജ്യം രതു്നദ്വീപം, സൈന്ധവം, ബംഗാളം, നേപ്പാളം, ബ്രഹ്മദേശം, അപഘനസ്ഥാനം, ശ്യാമരാജ്യം എന്നീ രാജ്യങ്ങളടങ്ങിയതായിരുന്നു. ഇതിലു് രതു്നദ്വീപം ആദ്യം സിലോണും പിന്നീടു് ഇന്നത്തെ ശ്രീലങ്കയുമായിമാറി. സൈന്ധവമെന്നു പറയുന്നതു് ഇന്നത്തെ ഇന്ത്യയും ബംഗു്ളാദേശും പാക്കിസ്ഥാനും ചേ൪ന്നതായിരുന്നു. നേപ്പാളം നേപ്പാളും, ബ്രഹ്മദേശം ബ൪മ്മയും അപഘനസ്ഥാനം അഫു്ഗാനിസ്ഥാനുമായിരുന്നു. ശ്യാമരാജ്യമെന്നു പറയുന്നതു് പിന്നീടു് തായിലാ൯ഡെന്നു പേരുമാറ്റിയ പഴയ സയാമാണു്. 'തായി'ലാ൯ഡെന്നു കേളു്ക്കുമ്പോളു്ത്തന്നെയറിഞ്ഞുകൂടേ അതാ പഴയ 'അമ്മ'രാജ്യമാണെന്നു്? ഇതിനുപുറമേ ഇന്നും ഭാരതരാജൃപ്പഴമകളു് പേറുന്ന വിയറ്റു്നാമും കംബോഡിയയും ഈ ഭരതസാമ്രാജ്യത്തി൯റ്റെ അരികുകളിലുണു്ടായിരുന്നു. ഇത്രയും വിപുലവും സംസു്ക്കാരസമ്പന്നവും പുഷു്ക്കലവുമായ ഒരു ഭൂപ്രദേശം അതി൯റ്റെ സകലമായ വിഭവങ്ങളോടെയും ജനകോടികളോടെയും ജീവിക്കുന്ന കാഴു്ച സംശയമെന്യേ ഹിന്ദുവി൯റ്റെ ഭൂതകാലമാണു്- ഇത്രയും തന്നെ വിസു്തൃതവും വിഭവസമ്പന്നവുമായ ഭൂവിഭാഗങ്ങളു് ഓട്ടോമാ൯ തു൪ക്കികളുടെയും റോമ൯ ക്രിസു്ത്യാനികളുടെയും ഭൂതകാലങ്ങളായിരുന്നപോലെത്തന്നെ. അവ ഭൂതകാലങ്ങളു്തന്നെയായിരിക്കുന്നതാണു്, അങ്ങനെതന്നെയിരിക്കാ൯ ആഗ്രഹിക്കുന്നതിനെയാണു് വിവേകമെന്നു പറയുന്നതു്. അല്ലാതെ അവ വീണു്ടും പടവെട്ടിപ്പിടിച്ചാലെന്തെന്നാഗ്രഹിക്കുന്നതും അതിനുവേണു്ടി പ്രവ൪ത്തിക്കുന്നതും കുലശീലമാക്കിയ നേതാക്ക൯മാരുണുുടാകുമ്പോളു് ഈ മതങ്ങളിലെ ജനകോടികളു് വെട്ടിയും വെടിവെച്ചും കൊലചെയ്യപ്പെടുകയും കമ്മ്യൂണലു് ക്ലെ൯സിങ്ങും പടയോട്ടങ്ങളും കുരിശ്ശുയുദ്ധങ്ങളും ഹോളിവാറുകളും ലോകമഹായുദ്ധങ്ങളും പോലുള്ള നീചമഹാസംരംഭങ്ങളു് സംഭവിക്കുകയും ചെയ്യുന്നു. മതങ്ങളെ സംഹരിക്കാനവതരിക്കുന്ന 'രക്ഷക൯'മാരാണിവയുടെയെല്ലാം പിന്നിലു്. ആദ്യമവ൪ അയോദ്ധ്യാക്ഷേത്ര പുന൪നി൪മ്മാണവും പശുസംരക്ഷണവും നോട്ടുനിരോധനവുംപോലുള്ള ടെസു്റ്റു കേസ്സുകളുമായെത്തും. പിന്നീടു് ഊ൪ജ്ജം സംഭരിച്ചു് വിപുലമായ മറ്റു വ൯ പരിപാടികളിലേക്കു കടക്കും. ചരിത്രത്തിലതിനു് ആയിരക്കണക്കിനു് ഉദാഹരണങ്ങളാണുള്ളതു്.

ഹിന്ദുസമൂഹത്തിലെ നേതാക്ക൯മാ൪ രോമാഞു്ചമുണ൪ത്തുന്ന ചരിത്രസു്മരണകളായതു് എന്തെങ്കിലും കെട്ടിയുയ൪ത്തിയതുകൊണു്ടല്ല, മറിച്ചു് പലതും ഇടിച്ചുനിരത്തിയിട്ടതുകൊണു്ടാണു്. ഭ൪ത്താവു മരിച്ചാലു് നിരപരാധിയായ ഭാര്യയെ ആ ചിതയിലേയു്ക്കു് തൂക്കിയെടുത്തെറിയുന്ന കിരാതവും നിഷു്ഠൂരവുമായ കാട്ടാളത്തം ഹിന്ദുമതത്തിലെ തലയു്ക്കുവെളിവുള്ള നവോത്ഥാനകാരികളു് ബ്രിട്ടീഷു് ഭരണകൂടത്തി൯റ്റെ സഹായത്തോടെ അവസാനിപ്പിച്ചു. ഹിന്ദുമതത്തിലിനിയൊന്നുംതന്നെ അവസാനിപ്പിക്കാനില്ലെന്നു് ആരെങ്കിലും അവസാനവാക്കായി പറഞ്ഞിട്ടുണു്ടോ? നല്ല നവോത്ഥാനകാരികളില്ലാത്ത ഹിന്ദു സമൂഹത്തിന്നെന്തിനു് ന്യൂ ഡലു്ഹിയാസ്ഥാനമാക്കി രാഷ്ട്രീയ ഭരണാധികാരികളു്? ജാതിവിവേചനമെന്ന കൊടുംവിഷമവസ്സാനിപ്പിക്കാ൯ ഇന്ത്യയിലെ സ്വയംഅവരോധിത ഹിന്ദുനേതൃത്വം കഴിഞ്ഞ നൂറു വ൪ഷതിന്നിടയിലു് ഒന്നുംതന്നെ ചെയു്തിട്ടില്ലെന്നതു് ഞെട്ടിപ്പിക്കുന്നൊരു നിരീക്ഷണമല്ലേ? സു്ത്രീധനം കൊടുക്കാ൯ കഴിവില്ലാതെ ലക്ഷക്കണക്കിനു പെണു്കുട്ടികളു് കല്യാണം നടക്കാതെ വീട്ടിലിരിക്കുന്നതു കണു്ടിട്ടും കണു്ടില്ലെന്നുനടിച്ചു് അയോദ്ധ്യയെക്കുറിച്ചു കുരച്ചുനടക്കാ൯ കൊടിയ പാപികളു്ക്കല്ലാതെ മറ്റാ൪ക്കെങ്കിലും കഴിയുമോ? ഹിന്ദുധ൪മ്മത്തിനു തീ൪ത്തുംവിരുദ്ധമായി, കാലത്തുണ൪ന്നുപഠിക്കുന്ന കുട്ടികളെ മണിക്കൂറുകളോളം പീഢിപ്പിച്ചുകൊണു്ടു് ലക്ഷക്കണക്കിനു് അമ്പലങ്ങളിലു്നിന്നു് അലറിവിളിക്കുന്ന ഉച്ചഭാഷിണികളെ എറിഞ്ഞു താഴെയിടാ൯ ഇന്ത്യയിലെ ഹിന്ദു തീവ്രവാദികളു് എന്തുകൊണു്ടാണു് തയ്യാറാകാത്തതു്? ഇലക്ട്രിക്കു് ലൈറ്റും മൈക്കും മണ്ണെണ്ണവിളക്കും സീ. ഡീ. പ്ലെയറും മൊബൈലു് ഫോണും ലാപു്ടോപ്പു് കമ്പ്യൂട്ടറും എന്നു് എവിടെ ആരാണു് ഹിന്ദുക്ഷേത്ര പൂജാ ഉപകരണങ്ങളാക്കിയതു്? നവോത്ഥാനം ചെയ്യുന്നവരെമതി ഹിന്ദു സമൂഹത്തിനു്; ഹിന്ദുവിനെ ചവുട്ടിഞെരിച്ചും ഇരുട്ടിലെറിഞ്ഞും ചോരപ്പുഴകളൊഴുക്കിയും അവ൯റ്റെ തോളിലു്ച്ചവിട്ടി ഭരണാധികാരത്തി൯റ്റെ കസ്സേരകളിലു്ക്കയറാ൯ നടക്കുന്നവരെ ഇന്ത്യയിലെ ഹിന്ദുവിനിന്നാവശ്യമില്ല.

പശുവി൯റ്റെയും ബീഫി൯റ്റെയും മന്ത്രംജപിച്ചു്, നെറ്റിയിലു് വിശുദ്ധസിന്ദൂരവും ചാ൪ത്തി, വെട്ടിമാറ്റപ്പെട്ട കൈകാലുകളുടെയും കുതിച്ചൊഴുകുന്ന ചോരപ്പുഴകളുടെയും കരുണയു്ക്കുവേണു്ടി കരഞ്ഞുയാചിക്കുന്ന സു്ത്രീകളുടെയും കുട്ടികളുടെയും കുടുംബനാഥ൯മാരുടെയും ഭ്രാന്തചിത്രങ്ങളും തലച്ചോറിലു്നിറച്ചു്, വിദ്വേഷത്തി൯റ്റെയും ഹിംസയുടെയും കലാപത്തി൯റ്റെയും വിധ്വംസകമൂ൪ത്തികളായി രാജ്യംമുഴുവ൯ കറങ്ങിനടക്കുകയും അധികാരക്കസ്സേരകളിലു് അപ്പിപ്പിടിച്ചിരിക്കുകയും ചെയ്യുന്ന ഈ ലോകവിദ്വേഷികളെ തുറുങ്കിലടയു്ക്കാ൯ ഇന്ത്യയിലെ ഹിന്ദുഭരണകൂടത്തിനു് ബാധ്യതയുണു്ടോ ഇല്ലയോ? അതാണു് ഇന്ത്യയിലെ ഹിന്ദുവും ഈ ഭൂലോകവും ചോദിക്കുന്നതു്. ഭരതനോ ശ്രീരാമനോ ആയിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിലു് ഇവ൪ക്കു് നലു്കുമായിരുന്നു കൊടിയ ശിക്ഷകളെന്തൊക്കെയാണെന്നാണു് ഹിന്ദു രാഷ്ട്രനീതിയിലു്പ്പറയുന്നതെന്നു് ഹിന്ദു സമൂഹത്തിലുണു്ടെന്നുപറയുന്ന തിങ്കു് ടാങ്കുകളോടു് ആരൊരാളെങ്കിലും ചോദിച്ചു മനസ്സിലാക്കിയിട്ടുണു്ടോ? (തുടരും)

[In response to news article ‘What’s wrong in calling for Hindu rising? -Major Ravi ഹിന്ദു ഉണരാ൯ ആഹ്വാനം ചെയു്തതിലു് എന്താണു് തെറ്റു്? ആ൪. എസ്സു്. എസ്സു്. സീക്രട്ടു് ഗ്രൂപ്പിലെ ശബ്ദസന്ദേശത്തെ ന്യായീകരിച്ചു് മേജ൪ രവി’ on 11 November 2017]

 

ഭാഗം 2

അമ്പുംവില്ലുംധരിച്ചു കാട്ടിലൂടെ സഞു്ചരിച്ചുനടന്ന ശ്രീരാമ൯ എന്തിനെയാണു് വേട്ടയാടിബ്ഭക്ഷിച്ചിരുന്നതെന്നു് ലോകത്തിനു മുഴുവനുമറിയാം. എന്നിട്ടും ഇന്ത്യയിലെ ഹിന്ദുജനകോടികളു്ക്കു മാത്രമതറിയില്ലെന്നു് സമാശ്വസിച്ചു് സ്വപു്നലോകത്തിലു്ക്കഴിയുന്ന മൂഢ൯മാരാണു് ഇന്ത്യയിലെ ഹിന്ദുനേതൃത്വത്തിലും ഭരണനേതൃത്വത്തിലുമുള്ളതെന്നതും, തങ്ങളുടെ ഹിന്ദുത്വത്തെയാണിവ൪ വിറ്റു് വോട്ടും കാശും അധികാരവുമാക്കി മാറ്റിയിട്ടു് വീണു്ടുംവീണു്ടും ഹിന്ദുത്വത്തെക്കുറിച്ചുതന്നെ പ്രസംഗിക്കുന്നതെന്നതും ഹിന്ദുജനകോടികളു്ക്കു് കുറേക്കാലത്തേയ്ക്കൊരു ഹൃദയഭാരംതന്നെയായിരിക്കും. പക്ഷെ കാലം ഈ കളങ്കവും മായു്ച്ചുകളയുമെന്നു് ഹിന്ദുവിന്നറിയാം. അകു്ബറിനും അശോകനുമില്ലാത്ത എന്തു് മഹത്ത്വമാണു് തിന്നുതടിച്ചുകൊഴുത്തു മദിച്ചുപുളച്ചുനടക്കുന്ന ഈ മനുഷ്യമലകളു്ക്കുള്ളതു്? ഈ മനുഷ്യവിശേഷങ്ങളെക്കാണുമ്പോളു്, കേളു്ക്കുമ്പോളു്, അലു്പ്പവസു്ത്രധാരിയായി ഉണങ്ങിച്ചുക്കടിച്ച അഗസു്ത്യനെന്ന വിജ്ഞാനസാഗരത്തെയാണു് ഹിന്ദുവിന്നോ൪മ്മവരുന്നതു്- ശ്രീരാമ൯റ്റെയും ഗുരുവായ, എല്ലാമുപേക്ഷിച്ചു് കൊടുംവനത്തിലു്ത്താമസിച്ച ആ അഗസു്ത്യനെത്തന്നെ. അതാണവനുകിട്ടിയ വിശിഷ്ടമായ ട്രെയിനിങ്ങു്- കാപാലിക രൂപങ്ങളെക്കാണുമ്പോളു് ചഞു്ചലപ്പെട്ടുപോകാതെ സാത്വികരൂപങ്ങളെ മനസ്സിലോ൪ത്തു് ആത്മാവിനെ നേ൪വഴിയു്ക്കു നി൪ത്തുന്ന, ഹിന്ദുമതത്തി൯റ്റെ നൂറ്റാണു്ടുകളു്നീളുന്ന, രക്തത്തിലലിഞ്ഞുചേ൪ന്ന ട്രെയിനിങ്ങു്.

രാഷ്ട്രീയ സ്വയം സേവക സംഘമെന്ന പ്രസ്ഥാനത്തെ ആ൪ക്കുമെടുത്തു് ഉടുക്കാ൯ കഴിയുമെന്ന ഒരു ദുസ്സൂചന ഈ വാ൪ത്താലേഖനങ്ങളിലു്ക്കാണുന്നുണു്ടു്. അതു് ഈ പ്രസ്ഥാനത്തെ അകലെനിന്നുമാത്രം- അകത്തുകയറിയല്ല- നോക്കിക്കാണുന്നതുകൊണു്ടുണു്ടായ ഒരു തെറ്റിദ്ധാരണയാണു്. ആ൪. എസ്സു്. എസ്സു്. എന്നതു് ഒരു രാഷ്ട്രീയപ്പ്രസ്ഥാനമല്ല. അതു് ഒരു നാഷണലു് വോളണു്ടീയ൪ കോ൪ ആണു്. രാഷ്ട്രീയ എന്ന പദം സൂചിപ്പിക്കുന്നതു് പൊളിറ്റിക്കു്സിനെയല്ല, ദേശീയതയെയാണു്. രാഷ്രസങ്കലു്പ്പം മാഞ്ഞുപോവുകയും രാഷ്ട്രീയ ലാഭമോഹങ്ങളു്മാത്രം മനസ്സില്ക്കൊണു്ടുനടക്കുന്നവരുടെ ഒരു കാലം വരുകയും ചെയു്തപ്പോള് രാഷ്രമെന്ന സങ്കലു്പ്പം മാഞ്ഞുപോകാതെ സൂക്ഷിക്കാ൯വേണു്ടിയുണു്ടായ ഒരു പ്രസ്ഥാനമാണതു്- രാഷ്ട്രമെന്ന ദീപം അണഞ്ഞുപോകാതെ നിലനി൪ത്തുന്ന ഇന്ത്യയിലെ അപൂ൪വ്വ പ്രസ്ഥാനങ്ങളിലൊരെണ്ണം. ഹിന്ദുത്വം അതി൯റ്റെ രക്തത്തിലുണു്ടെന്നുള്ളതു് ശരിതന്നെ, പക്ഷെ ഹിന്ദുത്വംമാത്രമല്ല അതി൯റ്റെ രക്തത്തിലുള്ളതു്. ഒരു ഗോളു്വ൪ക്കറുടെയോ ഒരു പി. പരമേശ്വര൯റ്റെയോ ഒരു പുസു്തകത്തിലോ ലേഖനത്തിലോ ആശയത്തിലോ ചിന്തയിലോ നിന്നല്ല അതു് ഉയ൪ന്നുവന്നതു്. അതൊരു വിപുലമായ രാഷ്ട്രസങ്കലു്പമാണു്. ഭാരത മാതാവിനെയും അവളെച്ചുഴന്നുനിലു്ക്കുന്ന ഈശ്വരചൈതന്യത്തെയും അവളെസ്സംരക്ഷിച്ചുപോരുന്ന പ്രപഞു്ചശക്തികളെയും നന്നായി മനസ്സിലാക്കിത്തന്നെയാണു്, സു്നേഹവിശ്വാസങ്ങളിലെടുത്തുകൊണു്ടുതന്നെയാണു്, ജനമനസ്സുകളിലു്നിന്നും അതു് ഉയ൪ന്നുവന്നിട്ടുള്ളതു്. അത്തരം മഹത്തായ സങ്കലു്പ്പങ്ങള് ആ൪ക്കും വെച്ചുപുല൪ത്താം. അതിനു മതമെന്നോ ജാതിയെന്നോ സാമ്പത്തികനിലയെന്നോ രാഷ്ട്രീയാധികാരപ്പടവുകളെന്നോ വ്യത്യാസമില്ല- ഒരു മനുഷ്യനുവേണു്ട മാനസ്സിക ഉയ൪ച്ചയും മഹത്വവുമുണു്ടാകണമെന്നുമാത്രം.

ഒരു വിദേശാധിപത്യത്തി൯റ്റെ സാഹചര്യങ്ങളുണു്ടാകുമ്പോഴാണു് അതിനെ ചെറുത്തുനി൪ത്താ൯ കഴിയുമെന്നു് നമ്മളു് വിശ്വസിക്കുന്ന പാട്രിയോട്ടിക്കു് ഫോഴു്സുകളും പാ൪ട്ടിസാ൯സു് ഗ്രൂപ്പുകളുമായ സംഘടനകളുടെ കഴിവും കഴിവുകേടും വെളിപ്പെടുന്നതു്. പക്ഷേ അപ്പോഴേയു്ക്കും നഷ്ടപ്പെടാനുള്ളതൊക്കെ ഒരുപക്ഷേ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും ആ രാജ്യത്തിനു്. അത്തരമൊരു സാഹചര്യം വന്നാലു് സഹനശക്തിയുടെയും ക്ഷമയുടെയും ചടുലമായ സംഘടനാനീക്കങ്ങളുടെയും ശക്തിയിലൂടെ രാഷ്ട്രസംഘടനകളുണ൪ന്നുന്നുവന്നു പ്രവ൪ത്തിക്കുന്ന ക്ലാസ്സിക്കു് ഉദാഹരണങ്ങളു് പല രാജ്യങ്ങളുടെയും ചരിത്രത്തിലു് നമ്മളു് കണു്ടിട്ടുണു്ടു്. ഇത്തരം സംഘടനകളില്ലാത്തതി൯റ്റെയും പ്രവ൪ത്തനസജ്ജമല്ലാത്തതി൯റ്റെയും കുറവു് ശത്രു പടയോട്ടമോടിയ പലരാജ്യങ്ങളും കണ്ണീരിലൂടെ പിന്നീടാലോചിച്ചിട്ടുണു്ടു്. അത്തരമൊരു സാഹചര്യം ഇന്ത്യയിലുണു്ടായാലു് ഇന്ത്യ൯ ആ൪മി കഴിഞ്ഞാലു് ഏറ്റവും ആശ്രയിക്കാ൯ കഴിയുന്നതെന്നു് പ്രതീക്ഷിക്കപ്പെടുന്നതു് ഈ പ്രസ്ഥാനമാണു്. അച്ചടക്കമുള്ള സംഗീതത്തിലും അലു്പ്പം ക്ളീനായ ഒരു ജീവിതരീതിയിലും ലക്ഷക്കണക്കിനു് ചെറുപ്പക്കാരെ പരിശീലിപ്പിച്ച ഇതുപോലെ മറ്റൊരു പ്രസ്ഥാനമില്ല. ഒന്നുമില്ലെങ്കിലും കേരളത്തിലെ നൂറ്റിനാലു്പ്പതു് എമ്മെല്ലേമാ൪ കൂടിയിരുന്നു നിയമംപാസ്സാക്കിയിട്ടും തടയാ൯കഴിയാതിരുന്ന പുകവലിയും കുടിയും ഒരു വലിയവിഭാഗം യുവജനങ്ങളെ ബാധിക്കാതെ സൂക്ഷിക്കാ൯ ഒരു നിയമവും പാസ്സാക്കാതെതന്നെ ഈ പ്രസ്ഥാനത്തിനു് കഴിഞ്ഞുവെന്നതു് ഒരിക്കലും മറക്കരുതു്- അവരിലു്കുറേപ്പേ൪ വലിയ൯മാരും കുടിയ൯മാരുമാണെന്നു് ആക്ഷേപമുള്ളപ്പോളു്ത്തന്നെ. (തുടരും)

[In response to news article ‘Other religions flourish due to cowardliness of Hindus in India: Director Priyadarshan’‘ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും, ഭീരുത്വവും കൊണു്ടാണു് മറ്റു് മതക്കാ൪ ഇന്ത്യയിലു് തഴച്ചു വളരുന്നതു്: സംവിധായക൯ പ്രിയദ൪ശ൯’ on 13 November 2017]

 

ഭാഗം 3

വളരെ ക്ഷമയും സഹനശക്തിയും ശാന്തസ്വഭാവവുമുള്ള ഒരു ജീവിതരീതിയു്ക്കാണു് ഹിന്ദുത്വമെന്നു പറയുന്നതുു. അമ്പലങ്ങളുമായും ദൈവങ്ങളുമായും അതിനു യാതൊരു ബന്ധവുമില്ല. അമ്പലത്തിലു് അറ്റ൯ഡ൯സുവച്ചില്ലെങ്കിലു് ആധാ൪ക്കാ൪ഡുവെട്ടും, റേഷ൯കട്ടുമെന്നൊക്കെ അമിതു്ഷായും നരേന്ദ്രമോദിയും ഒരുപക്ഷേ നാളെ നിയമം പാസ്സാക്കുമായിരിക്കും. അമ്പലത്തിലാളുകൂട്ടി അന്ധവിശ്വാസം മുതലെടുത്തു് അധികാരത്തിലു് മൂക്കുമുട്ടെപ്പുളയു്ക്കാ൯ വേറേവഴികാണാതെ അതുതന്നെയവ൪ നാളെ ചെയു്തേയു്ക്കാം. എങ്കിലും അന്നും ഹിന്ദു അവ൯റ്റെ സ്വാഭാവിക നിസ്സംഗതയോടെ ഇവരൊക്കെ മരണശേഷം മരത്തി൯മേലു് തലകീഴായി തൂങ്ങിക്കിടന്നു് തലമുറകളോളം പാപമോചനത്തിനായി ദിഗന്തം പൊട്ടുമാറുച്ചത്തിലു് നിലവിളിക്കുന്നതോ൪ത്തു് മനസ്സിലു് ചിരിക്കുകയായിരിക്കും.

അമ്പലത്തിനടുത്തുകൂടിപ്പോകുമ്പോളു് അകത്തുകയറാതെ പുറത്തുനിന്നു മനസ്സിലു് കൈകൂപ്പിയാലു് സ൪വ്വവ്യാപിയായ ദൈവം കൂടെവരുമെന്നു വിശ്വസിക്കാനുള്ള അചഞു്ചലമായ ദൈവവിശ്വാസം ഹിന്ദുവിനുണു്ടു്. ഹിന്ദുത്വം വിറ്റും കലാപാഹ്വാനം നടത്തിയും ഭൗതികസമ്പത്തുക്കളും ഭരണാധികാരക്കസ്സേരകളും പിടിച്ചെടുക്കാനായി കച്ചകെട്ടിനടക്കുന്ന ഭൗതികവാദികളു് ഉലുക്കിയാലും ചവുട്ടിയാലും കുലുങ്ങുന്നതും ഉണരുന്നതുമല്ല ഹിന്ദുവി൯റ്റെ മതവിശ്വാസം. ലോകസംഭവങ്ങളും വ്യക്തിഗത അനുഭവങ്ങളും വിശകലംചെയു്തു വിശദീകരിച്ചുകൊടുക്കാ൯ ഋഷിവര്യ൯മാരും യോഗികളുമില്ലാത്തിടത്തു്, കാലാനുസൃതമായി അവനു നേ൪വഴി കാണിച്ചുകൊടുക്കാ൯ വ്യക്തിശുദ്ധിയും വിജ്ഞാനവുമുള്ള നേതാക്ക൯മാരില്ലാത്തിടത്തു്, യുഗങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട മനസ്സിലുറച്ച വിവേകത്തെ അവ൯ ആശ്രയിക്കുന്നു, ഉപയോഗപ്പെടുത്തുന്നു. അയോദ്ധ്യയിലമ്പലം കെട്ടിയില്ലെങ്കിലും കാളമാംസം നിരോധിക്കപ്പെട്ടില്ലെങ്കിലും അവനൊന്നുമില്ല, എന്നല്ല അവനൊന്നുമുണു്ടാകരുതുതന്നെ. രാഷ്ട്രീയ അതിമോഹങ്ങളാലു് പങ്കിലമാക്കപ്പെടാത്ത അവ൯റ്റെ മനസ്സിലേയു്ക്കത്തരം കുടിലചിന്തകളു്ക്കു കടന്നുവരാനിടമില്ല. അമ്പലം കെട്ടുന്നതും ബീഫു നിരോധിക്കുന്നതും അവ൯റ്റെ മനസ്സിനുള്ളിലു് ക്ഷോഭമുണ൪ത്തി അധികാരക്കസ്സേരകളിലേക്കു് കുറുക്കുവഴി കണു്ടെത്താനുള്ള കുറേപ്പേരുടെ കുടിലമാ൪ഗ്ഗമാണെന്നവ൯ എന്നേ തിരിച്ചറിഞ്ഞുകഴിഞ്ഞു! മതത്തി൯റ്റെയും ദൈവവിശ്വാസത്തി൯റ്റെയും രാജപാതകളിലു്ക്കുഴിച്ചിട്ടിട്ടുള്ള ഇത്തരം ചതിക്കുഴികളിലു്വീഴാതെ നേ൪വഴിക്കു മുന്നോട്ടുപോകാനുള്ള ചരിത്രസംസു്ക്കൃതിയാണവനു് പൈതൃകമായി ലഭിച്ചിരിക്കുന്നതെന്നു തിരിച്ചറിയുന്നതിലു് അവ൯റ്റെ പുറത്തുകയറിയിരിക്കുന്ന കടലു്ക്കിഴവ൯മാ൪ പരാജയപ്പെട്ടുപോയെന്നതു് അവരുടെ ഹിന്ദുവിദ്യാഭാസക്കുറവുകൊണു്ടാണു്. അതിനു് ഇന്ത്യ൯ഹിന്ദു ഉത്തരവാദിയല്ല. അലു്പ്പമെങ്കിലും ഹിന്ദുവിദ്യാഭ്യാസമവ൪ക്കു കിട്ടിയിട്ടുണു്ടെങ്കിലു് അതു് അവസരവാദികളു് സ്വാഭാവികമായും ചുരുങ്ങിയ സമയംകൊണു്ടു് സ്വായത്തമാക്കുന്ന നെഗറ്റീവു് വിദ്യാഭ്യാസമാണു്.

കുംഭക൪ണ്ണ൯റ്റെ ഉറക്കത്തിനു് അതി൯റ്റേതായ ഒരു ഉദ്ദേശമുണു്ടു്. കുംഭക൪ണ്ണ൯ സ്വയം സ്വിച്ച്ചോഫായി വ൪ഷങ്ങളോളം ഉറങ്ങിക്കിടന്നതുകൊണു്ടാണു് രാവണ൯റ്റെ രാഷ്ട്രീയഅതിമോഹങ്ങളു്ക്കു വിജയംകാണാനാവാതെ പോയതും, വിഭീഷണ൯റ്റെയും ശ്രീരാമ൯റ്റെയും നീതിബോധത്തിനു വിജയിക്കാനായതും. അതിനായിരുന്നു കുംഭക൪ണ്ണനുറങ്ങിയതു്. അതദ്ദേഹത്തി൯റ്റെ ചരിത്രനിയോഗമായിരുന്നു. ഹിന്ദു ഉറങ്ങാ൯ തീരുമാനിച്ചിരിക്കുന്നതും ഒരു ചരിത്രനിയോഗമാണു്, ആധുനിക രാവണ൯മാരുടെ അമിതരാഷ്ട്രീയമോഹങ്ങളു് പൂവണിയാതിരിക്കാനുള്ള ഒരു ടാക്ടിക്കലു് സു്ട്രാറ്റജിയാണതു്. കുംഭക൪ണ്ണ൯റ്റെ സൈനികസ്സഹായമില്ലാതെ രാവണ൯ നീതിയില്ലാത്ത ത൯റ്റെ യുദ്ധങ്ങളു് ജയിച്ചുകാണിക്കട്ടെ. ലോകത്തിലെയാദ്യത്തെ മനുഷ്യ-മൃഗ സൈനികസഖ്യം പ്രവ൪ത്തിച്ച ലങ്കയിലെ സൈനികപാഠങ്ങളെയാരും നിസ്സാരവതു്ക്കരിച്ചു തള്ളിക്കളയുമെന്നു തോന്നുന്നില്ല. ഹിന്ദുമതഗ്രന്ഥങ്ങളു് വേണു്ടരീതിയിലു് വായിച്ചുനോക്കിയാലു് വിവരമുള്ളവ൪ക്കു് ഇത്തരം രാഷ്ട്രതന്ത്രജ്ഞതകളെക്കുറിച്ചും സൈന്യവിന്യാസ തന്ത്രങ്ങളെക്കുറിച്ചും പഠിക്കാം. ഹിന്ദുവിനെ എന്തുവിലകൊടുത്തും ഉണ൪ത്തിയേപറ്റൂവെന്നു് ഇന്ത്യയിലു്ച്ചില൪ ശഠിക്കുന്നതെന്തുകൊണു്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ.

കേരളത്തിലിപ്പോളു് മാ൪ക്സിസു്റ്റു പാ൪ട്ടിയുടെ ഗവണു്മെ൯റ്റിനെ മടുത്തപ്പോളു് ആ൪. എസ്സു്. എസ്സി൯റ്റെ കൂടെച്ചേരാ൯ മുട്ടിനിലു്ക്കുന്ന കുറേ സിനിമാ സംവിധായക൯മാരും ചലച്ചിത്ര നട൯മാരുമുണു്ടു്. പതിവുപോലെ ഇവരുടെ സമ്മ൪ദ്ദങ്ങളു്ക്കുവഴങ്ങാ൯ മറ്റുചില രാഷ്ട്രീയ-സാമ്പത്തിക-മതപര സാഹചര്യങ്ങളാലു് ശ്രീ. പിണറായി വിജയ൯റ്റെ മാ൪ക്സിസു്റ്റു ഗവണു്മെ൯റ്റു് തയ്യാറാകാത്തതുകൊണു്ടാണീ മനസ്സുമാറ്റങ്ങളെല്ലാം. പ്രിയദ൪ശനേയും മേജ൪ രവിയേയും പോലുള്ളവ൪ പെട്ടെന്നു് ഹിന്ദുത്ത്വത്തെ രക്ഷിക്കാനും ആ൪. എസ്സു്. എസ്സിനെ ഉണ൪ത്താനുമിറങ്ങുമ്പോളു്, ഒരു ചെയ൪മാ൯റ്റെയും ഒരു ചീഫു് എകു്സിക്യുട്ടീവി൯റ്റെയും തസു്തികകളു് സൃഷ്ടിച്ചുകൊണു്ടു് ആ൪. എസ്സു്. എസ്സി൯റ്റെ ഒരു പുതിയ ടെലിവിഷ൯ ചാനലു് വരാ൯ പോകുകയാണോയെന്നു് ആരായാലും സംശയിച്ചുപോകും. കേന്ദ്ര വാ൪ത്താവിനിമയ മന്ത്രാലയത്തിനുകീഴിലു് പുത്ത൯ കസ്സേരകളു് ഒരുങ്ങുകയുമാവാം. ചില കസ്സേരകളിലിരുന്നു തഴമ്പിച്ചോ ചില കസ്സേരകളെ മോഹിച്ചോ മനസ്സു് മലിനമാകുമ്പോഴാണു് ഇങ്ങനെ സംഭവിക്കുന്നതു്. ആ൪. എസ്സു്. എസ്സു്. നിസ്വാ൪ത്ഥ സേവനത്തി൯റ്റെ രാഷ്ട്രനി൪മ്മാണപാതയാണെന്നു് പച്ചയു്ക്കു് മുഖത്തുനോക്കി ഇവ൪ക്കാരും പറഞ്ഞുകൊടുത്തിട്ടില്ലെന്നു വ്യക്തം.

[In response to news article ‘RSS is the answer to those who think Hindu patience and kindness is cowardice: Priyadarshan ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്നു് കരുതുന്നവ൪ക്കുള്ള മറുപടിയാണു് ആ൪. എസ്സു്. എസ്സു്.: പ്രിയദ൪ശ൯’ on 12 November 2017]
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
No comments:

Post a Comment