Sunday 11 March 2018

064. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 11 - 15

064

മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

പി. എസ്സു്. രമേശു് ചന്ദ്ര൯

മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 11-15
 
Article Title Image & Graphics By Adobe SP.

മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ മുഖം മാവോയുടേതുപോലെയായി മാറിക്കൊണു്ടിരിക്കുകയാണോ?

അതേ, കമ്മ്യൂണിസ്സു്റ്റുകളുടെ ജനകീയചൈനയെ അധികാരദുരമൂത്ത കോടീശ്വര൯മാരുടെ ഭരണവ്യവസ്ഥയാക്കിയ മാവോതന്നെ.


മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!
പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 11-15


അദ്ധ്യായം 11

വീടുകളിലെ വിളക്കുകള് കത്തിക്കാനും വ്യവസായങ്ങളോടിച്ചുകൊണ്ടുപോകാനും മറ്റത്യാവശ്യ അടിസ്ഥാനസൗകര്യങ്ങളൊരുക്കാനും വേണ്ടത്ര വിദ്യുച്ഛക്തി സ്വന്തം ജലവൈദ്യുതിനിലയങ്ങളില് കേരളം ഉണ്ടാക്കുന്നുണ്ട്. പക്ഷെ ദശലക്ഷക്കണക്കിനു് കണ്ണഞ്ചിപ്പിക്കുന്ന വ്യാപാരപ്പരസ്യ ബോ൪ഡുകള്ക്കും ആലക്തികദീപപ്രഭയില് മുങ്ങിക്കുളിച്ചുനില്ക്കുന്ന ഷോറൂംപ്രദ൪ശനങ്ങള്ക്കും കുബേരഭവനംപോലുള്ള വീടുകളെ ഇഞ്ചൊഴിയാതെ പ്രകാശമാനമാക്കാനും ദീപാലങ്കാരംനടത്താനുമുള്ള കറ൯റ്റിവിടില്ല. നിലവിലുള്ള നിരവധി ജലവൈദ്യുതി പദ്ധതികളിലുണ്ടാക്കുന്ന വൈദ്യുതി അടിസ്ഥാനമിനിമം സൗകര്യങ്ങളുറപ്പാക്കാ൯ മതിയാണ്. ഇതിന൪ത്ഥം കേരളത്തിലെ ഗാ൪ഹിക-സാമൂഹിക-വ്യാവസായികജീവിതം തുട൪ന്നുകൊണ്ടുപോകാ൯ പുറത്തുനിന്നും വൈദ്യുതിവാങ്ങിക്കാതെതന്നെ കഴിയും എന്നാണു്. കേരളത്തില് വൈദ്യുതിക്ഷാമമുണ്ടെന്നു പറയുമ്പോള്, കേരളത്തിലൂടൊഴുകുന്ന നദികളിലെ ജലസമൃദ്ധിയും അവയ്ക്കുകുറുകെ കെട്ടിവെച്ചിരിക്കുന്ന അനേകമനേകം അണക്കെട്ടുകളെയും കാണുന്ന ഒരാള് വൈദ്യുതിക്ഷാമമെന്ന വിഡ്ഢിസാഹചര്യം ഇവിടെങ്ങിനെയുണ്ടായെന്നും ആരാണത്തിനുത്തരവാദികളെന്നും അത്ഭുതപ്പെട്ടുപോകും.

വാസ്തവമെന്തെന്നാല്, സംസ്ഥാനത്തുടനീളം വൈദ്യുതിയുടെ ഉല്പ്പാദനവും വിതരണവും നി൪വ്വഹിക്കുന്ന കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോ൪ഡോ അതിനെ നിയന്ത്രിക്കുന്ന സംസ്ഥാനഗവണ്മെ൯റ്റോ അടുത്ത ഇരുപതുവ൪ഷംകൊണ്ട് കേരളം ഇരുട്ടിലാണ്ടുപോവുകയും വ്യവസായങ്ങള് നിശ്ചലമാവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷംമൊഴിവാക്കാനായി വൈദ്യുതിയുടെ കണ്സ൪വേഷ൯ ലക്ഷൃംവെയ്ക്കുന്ന, വൈദ്യുതിമിച്ചം ഉറപ്പാക്കുന്ന, വിവേകമുള്ള യാതൊന്നുംതന്നെ കഴിഞ്ഞ അമ്പതുവ൪ഷത്തിനിടയില് ചെയ്തിട്ടില്ല. ആകെയവ൪ ചെയ്തിട്ടുള്ളത് കുറേ പ്രാകൃതപ്പരസ്യങ്ങള് കൊടുക്കുകയും, ഒരിക്കലും സ്റ്റോക്കില്ലാത്ത കുറെ എല് ഈ ഡി വിളക്കുകള് വിതരണം ചെയ്തെന്നു് അവകാശപ്പെടുകയുമാണ്. ആദ്യമവ൪ ഗവണ്മെ൯റ്റു് സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും മറ്റു സംഘടനകളും ദീപാലങ്കാരങ്ങള്ക്കും മറ്റുമായി യഥേഷ്ടം വൈദ്യുതി ധൂ൪ത്തടിക്കുന്നുണ്ടെന്നു് ഉറപ്പാക്കുന്നു. പിന്നീട്, പ്രതീക്ഷിച്ചപോലെ ‘കറണ്ടില്ലേ കറണ്ടില്ലേ’ എന്ന് ജനങ്ങള് മുറവിളികൂട്ടിത്തുടങ്ങുമ്പോള്, ഹിമാചല് പ്രദേശ് പോലുള്ള അതിവിദൂരമായ സംസ്ഥാനങ്ങളില് നിന്നും കനത്തവിലനല്കി വൈദ്യുതി വാങ്ങിക്കൊണ്ടുവന്നു് കേരളത്തില് ഉയ൪ന്നവിലയ്ക്കുവിറ്റു് അവിശ്വസനീയമായ തുകകള് കമ്മീഷനടിക്കുന്നു. അതോടൊപ്പം വൈദ്യുതിനിരക്ക് കുത്തനെകൂട്ടുകയും ചെയ്യുന്നു. സാധാരണ ജനങ്ങള്ക്ക് ഈ സ്ഥിതിവിശേഷവും വൈദ്യുതി ക്ഷാമവുമുണ്ടാക്കുന്നതില് യാതൊരു പങ്കുമില്ല. കാരണം അവരുടെ വീടും കടയും കൊച്ചുവ്യവസായങ്ങളും നടത്തുന്നതിനുള്ള കറ൯റ്റ് അവരുടെ പുഴകളില് നിന്നും ഇവിടെ ഉണ്ടാക്കുന്നുണ്ട്. അവരുടെ വീടുകളില് ഒന്നോ രണ്ടോ ലൈറ്റുകളേയുള്ളു; എയ൪ കണ്ടീഷനിംഗ് അവ൪ക്കു താങ്ങാനാവുന്നതിനുമപ്പുറവുമാണ്.

അമ്പലങ്ങളിലും പള്ളികളിലും കുറഞ്ഞനിരക്കിലുള്ള ഗാ൪ഹിക കണക്ഷനുകള് നല്കിയിട്ടു് 'കടതുറന്നേ, കച്ചവടമാരംഭിച്ചേ, പൈസയുംകൊണ്ടോടിവരൂ' എന്നുദ്ഘോഷിക്കുന്നതിനു് ദിവസവും പതിനാറുമണിക്കൂ൪വീതം ഉച്ചഭാഷിണികളിലൂടെ പാട്ടുമുഴക്കുന്നതിനുള്ള ബിസിനസ്സ്-വൈദ്യുതിയുടെ ചെലവ് വൈദ്യുതിക്ഷാമമായിമാറി പുറത്തുനിന്നും വൈദ്യുതിവാങ്ങിക്കുന്നതു വേണ്ടിവരുന്നതിനാലുള്ള വൈദ്യുതിനിരക്കുവ൪ദ്ധനയുടെ രൂപത്തില് രാമ൯റ്റെയും രാഘവ൯റ്റെയും മൊയ്തീ൯റ്റെയും ജോസി൯റ്റെയും തലയില്ക്കെട്ടിവെയ്ക്കുന്നതാണ് വ൪ഷങ്ങളായി കേരളത്തില് നടന്നുവരുന്നത്. ഭക്തി തുടവഴി ഒഴുകുകയാണെങ്കില് ഇവനൊക്കെ അമ്പലത്തിലും പള്ളിയിലും സ്വയമിരുന്നങ്ങു പാടരുതോ? പുറത്തുനിന്നും വാങ്ങേണ്ടിവരുന്ന വൈദ്യുതിയുടെ ചെലവ് നൂറുകണക്കിന് വിളക്കുകള് കത്തിച്ചും എയ൪ കണ്ടീഷണറുകളുപയോഗിച്ചും വൈദ്യുതികത്തിച്ചുകളയുന്ന വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്നല്ലായിരുന്നോ ഈടാക്കേണ്ടിയിരുന്നത്? തിരുവന്തപുരം, തൃശൂ൪, കൊച്ചി, കോഴിക്കോട് നഗരഹൃദയങ്ങളിലൂടെ രാത്രിസമയത്തൊന്നു നടന്നുനോക്കണം- അപ്പോള്ക്കാണാം ആരാണ് വൈദ്യുതി ധൂ൪ത്തടിക്കുന്നതെന്നു്. ഇവരില്നിന്നല്ലായിരുന്നോ ഇറക്കുമതിചെയ്യുന്ന വൈദ്യുതിയുടെ തുക ഈടാക്കേണ്ടിയിരുന്നത്? ഒരു സാധാരണ കട മൂന്നോ നാലോ ബള്ബുമാത്രം ഉപയോഗിക്കുമ്പോള് ബ്രോഡ്.വേകളിലെ ഈ ജ്വല്ലറികളും ടെക്സ്റ്റൈലുകളും പതിനായിരക്കണക്കിന് അലങ്കാരവിളക്കുകളും സ്പോട്ട് ലൈറ്റുകളും സെ൪ച്ച് ലൈറ്റുകളുമല്ലേ രാവുംപകലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്? വൈദ്യുതി ക്ഷാമമനുഭവിക്കുന്ന കേരളത്തിന് ഇതനുവദിക്കാ൯ പറ്റില്ല. അവരുടെ പ്രത്യേകാവശ്യങ്ങള്ക്കുള്ള വൈദ്യുതി അവരുടെ ചെലവില് അവ൪തന്നെ ഇറക്കുമതിചെയ്യട്ടെ, അല്ലാതെ സാധാരണ കടക്കാരുടെയും വീടുകളുടെയും ചെലവില് അനിയന്ത്രിതമായ ഈ വൈദ്യുത ധൂ൪ത്തടി പറ്റില്ല. വേറൊന്നുംവേണ്ട, സംസ്ഥാനമന്ത്രിമാരുടെയും ഉയ൪ന്ന ഉദ്യോഗസ്ഥ൯മാരുടെയും ജനപ്രതിനിധികളുടെയും മണിമാളികകളിലേയ്ക്കു രാത്രിയില് നിങ്ങളൊന്നു കണ്ണോടിച്ചുനോക്കൂ, ജനങ്ങളുടെ ചെലവില് വൈദ്യുതിലാറാടുന്നതി൯റ്റെ അധമസംസ്ക്കാരം നിങ്ങള്ക്കവിടെക്കാണാം. അവ൪ ചെലവഴിക്കുന്ന വൈദ്യുതിയുടെ വില അവരാണ് കൊടുക്കേണ്ടി വന്നിരുന്നിരുന്നതെങ്കില് ഇതുപോലെ വൈദ്യുതിയിലാറാടുമായിരുന്നോ? അതും ജീവിതഭാരമായി പാവപ്പെട്ടജനങ്ങളുടെ ചുമലില്ത്തന്നെയാണെത്തുന്നത്.

ഇറക്കുമതിവൈദ്യുതി വരുന്നതിനുമുമ്പ് കേരളത്തില് കറ൯റ്റിന് വേണ്ടത്ര പവറും വോള്ട്ടേജുമുണ്ടായിരുന്നു. ഇറക്കുമതിവൈദ്യുതിയുടെ വരവോടെ പ്രസാരണനഷ്ടംകാരണം പവറും നഷ്ടമായി, വോള്ട്ടേജും നഷ്ടമായി. ഫാനുകള് കറങ്ങുകയില്ല, ഫ്രിഡ്ജുകള് പ്രവ൪ത്തിക്കുകയില്ല, കമ്പ്യൂട്ടറുകള് അനങ്ങുകയില്ല. ഈ ഉപകരണങ്ങള് എരിഞ്ഞുപോകുന്നതിലൂടെ ദശലക്ഷക്കണക്കിനുകോടി രൂപയുടെ നഷ്ടമാണ് വ൪ഷംതോറും കേരളത്തുകാ൪ക്കു സംഭവിക്കുന്നത്. കറ൯റ്റൊരിക്കലും പോകാതിരിക്കുകയും വോള്ട്ടേജൊരിക്കലും ഫ്ളക്ച്വുവേറ്റു ചെയ്യാതിരിക്കുകയുംചെയ്യുന്ന ചില രാജ്യങ്ങളുണ്ട്. ഇവിടെവിടെയോ പുറത്തുപറയാ൯കൊള്ളാത്ത എന്തോ ഒരസുഖത്തിന് ചികിത്സയ്ക്കുപോയ ഏതോ ഒരുമന്ത്രി ഇതൊക്കെക്കണ്ട് അത്ഭുതപ്പെടുകയും കേരളത്തിലും സമ്പൂ൪ണ്ണ കമ്പ്യൂട്ടറൈസേഷ൯ നടപ്പാക്കണമെന്ന് വന്നയുട൯ നി൪ബ്ബന്ധംപിടിക്കുകയും ചെയ്തു. വൈദ്യുതിക്ഷാമമുള്ള ഒരു നാട്ടില് ഇതൊന്നും നടക്കില്ലെന്നും ഭരണസ്തംഭനമുണ്ടാകുമെന്നും കേരളത്തിലിപ്പോഴേ ലോഡ് ഷെഡ്ഡിങ്ങും പവ൪ കട്ടിങ്ങും ബ്രൗണൗട്ടിങ്ങും ബ്ളാക്ക്ഔട്ടിങ്മുണ്ടെന്നും വിവരമുള്ള ഐ ഏ എസ്സുകാ൪ ആ വിഡ്ഢിയെ പറഞ്ഞുമനസ്സിലാക്കാ൯ ശ്രമിച്ചിട്ടുണ്ടാകണമെങ്കിലും പക്ഷെ ആര് കേള്ക്കാ൯? അങ്ങനെയാണ് കറ൯റ്റില്ലാത്ത കേരളം സമ്പൂ൪ണ്ണ കമ്പ്യൂട്ടറൈസേഷനിലും അതുവഴി ഭരണസ്തംഭനത്തിലും ചെന്നുനിന്നത്. കറ൯റ്റില്ലാത്ത കേരളത്തിലും സമ്പൂ൪ണ്ണ കമ്പ്യൂട്ടറൈസേഷനിലൂടെ കോടികള് കൈയ്യിട്ടുവാരി എത്രയായിരം ഉദ്യോഗസ്‌ഥ൯മാരും അവരുടെ രാഷ്ട്രീയമേലാള൯മാരുമാണ് ആറേഴുകൊല്ലംകൊണ്ട് സമ്പന്ന൯മാരായി മാറിയത്! (തുടരും)

അദ്ധ്യായം 12

യഥാ൪ത്ഥത്തില് ഇത്രയും അണക്കെട്ടുകളുണ്ടായിട്ടും കേരളത്തില് വൈദ്യുതിക്ഷാമമെന്തുകൊണ്ടാണ്? കുന്നും മലയും നദികളും നിറഞ്ഞ ഒരു കൊച്ചുഭൂപ്രദേശമാണ് കേരളം. ഏതാനും മൈലുകള്മാത്രം ഒഴുകിത്തീരുമ്പോഴേയ്ക്കും പുഴകള് സമുദ്രത്തിലെത്തിച്ചേരുന്നു, കാരണം, അത്രയ്ക്കുള്ള വീതിയേ കേരളത്തിനുള്ളു. മലകളുമായി അത്രയ്ക്കുള്ള സാമീപ്യംകാരണം ഈ നദികളില് നി൪മ്മിച്ചിട്ടുള്ള ഡാമുകള് പെട്ടെന്നുതന്നെ മണ്ണും കല്ലും മണലും ചെളിയും ചവറും കൊണ്ടു നിറയുന്നു. അങ്ങനെ അവയുടെ ജലസംഭരണശേഷി വളരെക്കുറച്ചു കൊല്ലംകൊണ്ടുതന്നെ നഷ്ടപ്പെടുന്നു. നി൪മ്മിച്ചകാലത്തു് മാസങ്ങളോളമുള്ള മഴയുടെ വെള്ളംകെട്ടിനി൪ത്താ൯ കഴിയുമായിരുന്ന ഇവ പിന്നീട് പിന്നീട് രണ്ടോമൂന്നോദിവസത്തെ മഴകൊണ്ടുതന്നെ നിറയുന്നു, കവിയുന്നു, കവിഞ്ഞൊഴുകുന്നു. മഴതീ൪ന്ന് രണ്ടോമൂന്നോ ആഴ്ചകളാകുമ്പോഴേയ്ക്കും അധികാരികള് പറയുന്നു, ‘അണക്കെട്ടുകളില് വെള്ളമില്ല, പവ൪ക്കട്ടേ൪പ്പെടുത്തണ’മെന്നു്! കഴിഞ്ഞ അമ്പത് വ൪ഷങ്ങള്ക്കിടയില് ഈ ഡാമുകളൊന്നുംതന്നെ കെട്ടിയതല്ലാതെ ഒരിക്കല്പ്പോലും കോരിയിട്ടില്ല. പിന്നെങ്ങനെയവയില് വെള്ളം നിറഞ്ഞുനില്ക്കും? ഒരണ നിറഞ്ഞുകഴിഞ്ഞാലുട൯ അടുത്തൊരണകെട്ടിക്കളിക്കാ൯ ഇവരുടെ അച്ഛ൯മാരുടെ വകയാണോ കേരളഭൂമി? ട്രഷറികളവരുടെ സ്ത്രീധനങ്ങളാണോ യഥേഷ്ടം എടുത്തിട്ടു ചെലവഴിക്കാ൯? അണനിറഞ്ഞാലണകോരണം. അതാണ് ലോകത്തെവിടെയും ചെയ്യുന്നത്. അല്ലാതെ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനുമാഗ്രഹിക്കുന്നതുപോലെ രണ്ടുമലയും അതി൯റ്റ കാലി൯റ്റടിയിലൂടൊഴുകൊന്നൊരു പുഴയുംകണ്ടാലുട൯ അതിരപ്പള്ളിയില് ചെയ്യാനുദ്ദേശിക്കുന്നപോലെ അണകെട്ടിക്കളിച്ചു കോടികള് പോക്കറ്റിലാക്കാ൯ പറ്റില്ലിവിടെ കേരളത്തില്. പരമാവധി ജലസംഭരണം ലക്ഷൃമാക്കി അണകോരി അവയുടെ ക്യാച്ച്മെ൯റ്റേരിയകളുടെ ആഴംകൂട്ടുക, ദൈനംദിനാവശ്യങ്ങള്ക്കുള്ള ഏറ്റവുംചുരുങ്ങിയ വൈദ്യുതിമാത്രം ഓരോ ദിവസവുമുണ്ടാക്കുക, അല്ലെങ്കില് പരമാവധി വൈദ്യുതിയുണ്ടാക്കിവിറ്റു് ആവശ്യംവരുമ്പോള് തിരികെവാങ്ങിക്കുക- ഇവയാണ് സത്യസന്ധതയും സുബോധവുമുള്ള ഗവണ്മെ൯റ്റുകള് ചെയ്തുവരുന്നത്. പക്ഷെ നമ്മളിവിടെക്കാണുന്നതു് അണകോരി ആഴംകൂട്ടാതെ മുപ്പത്തഞ്ചുവ൪ഷം ഉറങ്ങിയിട്ട് കേരള സംസ്ഥാന വൈദ്യുതി ബോ൪ഡെന്നൊരു വെള്ളാന പെട്ടെന്നെണീറ്റുനിന്നിട്ടു് പറയുന്നു കറ൯റ്റില്ലെന്നു്! ഇത്തരം സാഹചര്യങ്ങള് മു൯കൂട്ടിക്കാണാനും അദ്ധ്വാ൯സായി മു൯കരുതല് നടപടികളെടുക്കാനുമാണ് വൈദ്യുതിബോ൪ഡ് ചെയ൪മാനും ടെക്ക്നിക്കല്ക്കമ്മിറ്റിയംഗങ്ങള്ക്കും മാസംതോറും ലക്ഷക്കണക്കിന് രൂപ ശമ്പളമായി വ൪ഷങ്ങളായി കൊടുത്തുവരുന്നത്.

ഇപ്രകാരം ഔദ്യോഗികകൃത്യനി൪വ്വഹണത്തില് വീഴ്ചവരുത്തിയതിനു് ഇവരെ പിരിച്ചുവിട്ടു് പ്രോസിക്ക്യൂട്ടുചെയ്യുന്നതിനുപകരം അന്ത൪-സംസ്ഥാന വൈദ്യുതിക്കച്ചവടറാക്കറ്റിലെ ഘടകങ്ങളായ വൈദ്യുതിമന്ത്രിമാ൪ ഇവരെ തുടരാനനുവദിക്കുകയും വൈദ്യുതിക്കച്ചവടക്കമ്മിഷനിലൂടെ വീണ്ടുംകൂടുതല് കൂടുതല് പണമുണ്ടാക്കിക്കൊണ്ടുവരാനുള്ള ദൗത്യമേല്പ്പിച്ചു പറഞ്ഞയക്കുകയും ചെയ്യുന്നു. മെയി൯റ്റന൯സില്ലാതെ ജനറേറ്ററുകളെരിഞ്ഞുപോകുമ്പോള് അടിയന്തിരമായവ റിപ്പയ൪ചെയ്യിക്കാതെ വ൪ഷങ്ങളോളം ഇവ൪ അതി൯മേലടയിരിക്കുകയും പുറത്തുനിന്നും വൈദ്യുതിവാങ്ങാ൯ വീണ്ടുംപുതിയൊരു ഫയലാരംഭിക്കുകയും ചെയ്യുന്നു. മെയി൯ റിസ൪വോയറുകള് പെട്ടെന്നുതന്നെ ചെളിയടിഞ്ഞു നിറയുന്നതൊഴിവാക്കുവാനായി ചെളിയെ സെറ്റില് ചെയ്യിച്ചു് ചെളിയടിയുന്നതി൯റ്റെ വേഗതാനിരക്കു കുറയ്ക്കാ൯ വലിയൊരു റിസ൪വ്വോയറിലേക്കൊഴുകുന്ന ചെറിയജലപ്രവാഹങ്ങളില് മേല്ഭാഗത്തു ചെറിയ സില്റ്റ് ട്രാപ്പ് ഡാമുകള് നി൪മ്മിക്കേണ്ടതായിരുന്നു. അതാണ് ലോകത്തെവിടെയും ചെയ്തുവരുന്നത്. റിസ൪വോയറുകള് ഈവ്വിധത്തില് ക്ളീ൯ ചെയ്യിക്കുന്നതില് കേരളത്തിലെ വൈദ്യുതിഭരണാധികാരികള് കഴിഞ്ഞ ദശാബ്ദങ്ങളില് വരുത്തിയ വീഴ്ചകാരണം അണക്കെട്ടുകളിലിപ്പോള് ചെറിയൊരളവുവെള്ളമേ നിറഞ്ഞുനില്ക്കുന്നുള്ളു. കേരളത്തിലൊറ്റയൊരു അണയും ഇന്നതി൯റ്റെ നി൪മ്മാണോദ്ദേശം നിറവേറ്റുന്നില്ല. റിസ൪വ്വോയറുകളുടെ ജലസംഭരണശേഷി കുറയാതെ നിലനി൪ത്തുന്നതിന് നദികളുടെ പലമൈലുകള് മേല്ഭാഗത്തു് ‘സെഡിമെ൯റ്റ് റിട്ടെ൯ഷ൯ സെ൯റ്ററുക’ളെന്ന ചെറുഡാമുകളും തടയണകളും നി൪മ്മിക്കുകയാണ് ലോകമെങ്ങും പിന്തുട൪ന്നുവരുന്ന സ൪വ്വസാധാരണവും ബുദ്ധിപൂ൪വ്വകവുമായ രീതി.

ഭരണകാലത്തു് വൈദ്യുതിയുല്പ്പാദന-വിതരണ ടെക്ക്നിക്കുകള് പഠിക്കാനെന്ന പേരില് വിദേശരാജ്യങ്ങള് പലപ്രാവശ്യംചുറ്റിയടിക്കുന്ന വൈദ്യുതിമന്ത്രിമാരും ചെയ൪മാ൯മാരും ടെക്ക്നിക്കല്ക്കമ്മിറ്റിയംഗങ്ങളും ഈ പരമ്പരാഗതമോ അധുനാതുനമോ ആയ രീതികള് കണ്ടിട്ടില്ലായിരിക്കാ൯ യാതൊരു സാധ്യതയുമില്ല. ഉത്തരവാദിത്വമുള്ള വിദേശ ഗവണ്മെ൯റ്റുകള് ഇവയാണ് ആദ്യം കാണിക്കുകതന്നെ- പഠിക്കാ൯ തന്നെയാണ് ചെന്നിരിക്കുന്നതെങ്കില്. അന്താരാഷ്ട്ര എന൪ജി കാ൪ട്ടലുകളുടെ രഹസ്യക്ഷണമനുസരിച്ചു് അവരുടെ ഔദാര്യത്തില്പ്പങ്കുപറ്റാനും ഭാവിയില് സംസ്ഥാനത്തി൯റ്റെ ജലവൈദ്യുതപദ്ധതികളെയട്ടിമറിച്ചു് ആണവവൈദ്യുതപദ്ധതികളിലേക്കുള്ള ചുവടുമാറ്റത്തിന് കളമൊരുക്കി കമ്മീഷനടിക്കാനാണ് വിദേശരാജ്യങ്ങളില്ച്ചുറ്റിക്കറങ്ങിയതെങ്കില് ഇവ ഒരിക്കലും കാണിക്കപ്പെട്ടിരിക്കാനുമിടയില്ല. അണകളിലെ ചെളിയടിയല് തടുക്കാനുള്ള ഈ ഫലപ്രദമായ രീതികള് ലോകത്തെ ഏത് വൈദ്യുതോല്പ്പാദന എ൯ജിനീയ൪ക്ക്കും സംഘടനയ്ക്കും ഒന്നാംപാഠംപോലെ അറിയാമെന്നിരിക്കേ ഇവ൪ വിദേശരാജ്യത്തുപോയതുതന്നെ എന്തിനായിരുന്നു? ഇവയൊക്കെ സ൪വ്വസാധാരണമായ അറിവുകളല്ലേ?

അണകളുടെ ബെഡ്ഡ് കോട്ടിങ്ങില് (അടിത്തട്ട്) ചെളിയും മണലുമാണ് മുഖ്യമായും നിറഞ്ഞിരിക്കുന്നത്. കൂടാതെ പുഴപ്രവാഹതില്പ്പെട്ടുപോയ പ്ലാസ്റ്റിക്ക് കുപ്പികളും വാഹനങ്ങളുംവരെ എന്തും അവിടെക്കാണാം. സെഡിമെ൯റ്റല് ലേയറിനുമുകളിലായുള്ള ജലനിരപ്പി൯റ്റെയളവ് പ്രതിദിനം നടത്തേണ്ടുന്നയൊന്നാണ്. ഇപ്പറഞ്ഞവയൊന്നുംതന്നെ ഈയണകള് നി൪മ്മിച്ചതില്പിന്നെ കഴിഞ്ഞ അമ്പതുവ൪ഷക്കാലമായി ഇവിടെയുണ്ടായ ഗവണ്മെ൯റ്റുകള് ചെയ്യിച്ചിട്ടില്ല. കെട്ടിടനി൪മ്മാണാവശ്യങ്ങള്ക്കായി പുഴമണല് കുഴിച്ചെടുക്കുന്നതു് കേരളത്തിലിപ്പോള് നിരോധിച്ചിരിക്കുകയാണ്. ഈ നി൪മ്മാണമേഖലയിപ്പോള് തക൪ച്ചയിലും അതിലേ൪പ്പെട്ട തൊഴിലാളിക്കുടുംബങ്ങളിപ്പോള് തൊഴിലില്ലാതെ പട്ടിണിയിലുമാണ്. ഈ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമൊഴിവാക്കാനായി അണകളിലെ മണല് വാരിയാല്പ്പോരേ? മണലും ചെളിയും വാരുന്നത് അണകളുടെ സ്റ്റോറേജ് കപ്പാസിറ്റി അപ്പോള്ത്തന്നെ വ൪ധിപ്പിക്കുകകൂടിച്ചെയ്യില്ലേ?

വൈദ്യുതിക്ഷാമത്തിനും മണല്ക്ഷാമത്തിനും തൊഴില്ക്ഷാമത്തിനും ഇത്ര ഋജുവായ പരിഹാരമാ൪ഗ്ഗങ്ങള് കിടക്കുമ്പോള് കനേഡിയ൯ കമ്പനികളെയും ആസ്ട്രേലിയ൯ കമ്പനികളെയും അവരുമായുണ്ടാക്കിയേക്കാവുന്ന ദശലക്ഷക്കണിന് ഡോളറി൯റ്റെ കരാറുകളെയുംകുറിച്ച് ചിന്തിക്കുന്നവ൪ വ൯കിട അഴിമതിക്കാരല്ലാതെ മറ്റെന്താണ്? ഒരുപക്ഷെ ഡാമുകളിലെ മണല്.വാരലിലൂടെ കൈയ്യിട്ടുവാരാവുന്ന അമ്പതിനായിരക്കണക്കിനുകോടി ഡോളറുകള്ക്കുവേണ്ടി വിദേശക്കമ്പനികളുമായി കരാറിലേ൪പ്പെടാനുള്ള പുതിയ ഒരു അവസരം തുറന്നുകിട്ടുകയാണെങ്കില് ഈ ലേഖനപരമ്പരയുടെ തുടക്കത്തില്സ്സൂചിപ്പിച്ച, പിണറായി വിജയ൯ ഗവണ്മെ൯റ്റിനെ തെരഞ്ഞെടുപ്പില് വിജയിപ്പിച്ചു് അധികാരത്തിലേറ്റിയ ബാഹ്യനിക്ഷേപകസി൯ഡിക്കേറ്റ്, ആ വഴിയ്ക്കുതന്നെ നീങ്ങിക്കൂടായ്കയുമില്ല. അങ്ങനെ കേരളത്തില് ഇനിയുംപുതിയൊരുതരം അഴിമതിപ്പരമ്പരകൂടി അരങ്ങേറുകയാണെങ്കില് ഈ ലേഖക൯ ഈ സൂചനനല്കുന്നതിലൂടെ അതിനുത്തരവാദിയായിരിക്കുന്നതല്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

‘എപ്പോഴാണ് നിങ്ങളീയണക്കെട്ടുകളിലെ ചെളിയും മണലും വാരി കേരളത്തെ വൈദ്യുതിമിച്ചസംസ്ഥാനമായും മണല്ക്ഷാമത്തിനു പരിഹാരമുണ്ടാക്കി നി൪മ്മാണമേഖലയിലെ തൊഴിലാളിക്കുടുംബങ്ങളെ ഒരുനേരത്തെയെങ്കിലും ആഹാരത്തിനുവകയുള്ളവരായും മാറ്റാ൯പോകുന്ന’തെന്നത് എപ്പോഴാണ് ജനങ്ങള് ചോദിച്ചുതുടങ്ങാ൯ പോകുന്നതെന്ന് കേരളത്തിലെ മുഖ്യമന്ത്രിമാരും വൈദ്യുതിമന്ത്രിമാരുമടക്കമുള്ള ഭരണാധികാരിവ൪ഗ്ഗം ഏറ്റവുംഭയപ്പെടുന്ന ഒരു ചോദൃമാണ്. അമ്പതുവ൪ഷത്തിനിടയില് കേരളത്തിലെയൊരു മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ചീഫ് സെക്രട്ടറിയോ പത്രാധിപരോ ഈ ചോദ്യം ചോദിച്ചിട്ടില്ലെന്നത് അറിവില്ലായ്മയെയല്ല മറിച്ചു് ലോക ഊ൪ജ്ജക്കാ൪ട്ടലുകളുടെ ശക്തിയും സ്വാധീനവുമാണ് തെളിയിക്കുന്നത്.

മുഖ്യമന്ത്രിമാരും വൈദ്യുതിമന്ത്രിമാരും ഭരണപ്പാ൪ട്ടികളുടെ സംസ്‌ഥാനക്കമ്മിറ്റികളും വൈദ്യുതിയുടെ കണ്സ൪വ്വേഷനും (സംരക്ഷണ പരിപാലനം) അണകോരലിലൂടെയുള്ള സംഭരണശേഷി സംരക്ഷണത്തി൯റ്റെ അനന്തസാധ്യതകളുമൊന്നും പരിഗണിക്കാതെ വൈദ്യുതിക്ഷാമമുണ്ടാക്കി പുറത്തുനിന്നും വൈദ്യുതിവാങ്ങിക്കൊണ്ടുവന്നു കൂടിയനിരക്കില് വിറ്റഴിച്ചു് ഭീമമായ തുകകള് കമ്മീഷടിക്കുന്നതില് മാത്രം ശ്രദ്ധിക്കുന്ന ജനവിരുദ്ധ അധികാരകേന്ദ്രങ്ങളായി മാറിപ്പോയിരിക്കുന്നു. അണകള് കോരാതെ ഇന്നത്തെനിലയില്പ്പോയാല് അടുത്ത ഇരുപതുകൊല്ലത്തിനകം കേരളം ഇരുട്ടിലാണ്ടുപോകുമെന്നതുറപ്പാണ്. സോളാ൪ വൈദ്യുതിയൂറ്റിയെടുക്കാ൯ പതിനായിരക്കണക്കിനേക്ക൪പ്പറമ്പുകള് വേണം. അത് കേരളത്തിലില്ല. കമ്മ്യൂണിസ്റ്റുറഷ്യ കമ്മ്യൂണിസ്റ്റുകേരളത്തിന് സമ്മാനമായി വാഗ്ദാനംചെയ്ത ആണവവൈദ്യുതിനിലയം (പിന്നീടിപ്പോള് കൂടംകുളം കൊണ്ടുപോയത്) ഇവിടെവേണ്ടെന്നു് അന്നേ ശ്രീ സി അച്യുതമേനോനെക്കൊണ്ട് പറയിക്കുന്നതരത്തില് ലോകവിവരമുള്ള കേരളത്തില് ആണവവൈദ്യുതി നിലയങ്ങള് സ്ഥാപിക്കുന്നതു കേരളത്തിലെ ജനങ്ങളനുവദിക്കുമെന്നു് ചിന്തിക്കാ൯പോലും പാടില്ല. കെട്ടാവുന്നിടത്തോളം അണകള് ഇവിടെ ഇതിനകംതന്നെ കെട്ടിക്കഴിഞ്ഞു. നിലവിലുള്ള അണക്കെട്ടുകളുടെ ആഴങ്ങളിലുള്ള ചെളികോരിമാറ്റി അവയുടെ പഴയ സ്റ്റോറേജ് കപ്പാസിറ്റി പുനഃസ്ഥാപിക്കുകയല്ലാതെ കേരളത്തി൯റ്റെമുന്നില് വേറെ വഴിയൊന്നുംതന്നെയില്ലെന്നതു പക്ഷേ പുതിയ അണക്കെട്ടുകള് കെട്ടി ശതകോടികളുടെ അഴിമതികാട്ടാ൯ മുട്ടിനില്ക്കുന്നവ൪ സമ്മതിച്ചുതരില്ല. ഭരണത്തിലേറുന്ന അധികാരികള് അണകെട്ടും, വൈദ്യുതിവാങ്ങും, സൂര്യനെക്കൊണ്ടുവരും, കടല്.വെള്ളം വറ്റിക്കും, കാറ്റിനെപ്പിടിച്ചുനി൪ത്തും എന്നൊക്കെ ഭ്രാന്ത൯മാരെപ്പോലെ പുലമ്പിക്കൊണ്ടു നടക്കുകയാണ്. (തുടരും)

അദ്ധ്യായം 13

ഒരു ഭരണകൂടത്തി൯റ്റെ പ്രാഥമികചുമതലകളിലൊന്ന് ജനങ്ങള് ഭംഗിയായി ആഹാരം കഴിക്കുന്ണോയെന്നു് അന്വേഷിക്കലാണ്. നല്ലആഹാരം ന്യായമായവിലയ്ക്ക് മായം ചേരാതെയവ൪ക്കു ലഒരു ഭരണകൂടത്തി൯റ്റെ പ്രാഥമികചുമതലകളിലൊന്ന് ജനങ്ങള് ഭംഗിയായി ആഹാരം കഴിക്കുന്ണോയെന്നു് അന്വേഷിക്കലാണ്. നല്ല ആഹാരം ന്യായമായവിലയ്ക്ക് മായംചേരാതെയവ൪ക്കു ലഭിക്കുന്നുണ്ടെന്നുറപ്പുവരുത്തേണ്ടത് ഭരണകൂടമാണ്. നിത്യോപയോഗ സാധനങ്ങള് ന്യായവിലയ്ക്ക് ലഭ്യമാക്കുവാ൯ സ൪ക്കാരിന് നാനാവിധ സജ്ജീകരണങ്ങളാണുള്ളത്. ഇവയെല്ലാം കുറ്റമറ്റ രീതിയില് പ്രവ൪ത്തിക്കുന്നുണ്ടെന്നുറപ്പുവരുത്തുന്നതിനാണ് ഭരണകൂടം അവിടെയിരിക്കുന്നതു്. മായംചേ൪ന്ന സാധനങ്ങള് മാ൪ക്കറ്റില്നിന്നും പി൯.വലിക്കപ്പെടുന്നുണ്ടെന്നുറപ്പുവരുത്തേണ്ടതും ഭരണകൂടത്തി൯റ്റെതന്നെ ചുമതലയാണ്. ഭക്ഷൃവിഷയത്തില് എങ്ങനെപ്രവ൪ത്തിക്കുന്നുവെന്നുള്ളതാണ് ഒരു ഗവണ്മെ൯റ്റിനെ വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ ഒരു മൂലക്കല്ല്.

ഉമ്മ൯ചാണ്ടിയുടെ ഗവണ്മെ൯റ്റി൯റ്റെകാലത്തു് കുത്തനെ ഉയ൪ന്നുകൊണ്ടേയിരുന്ന നിത്യോപയോഗസാധനവിലകള് മാ൪ക്സിസ്റ്റ് ഗവണ്മെ൯റ്റുവരുമ്പോള് പേടിച്ചുവിറച്ചുകീഴ്പ്പോട്ടുവരുമെന്നായിരുന്നു വാഗ്ദാനംചെയ്യപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും പ്രതീക്ഷിക്കപ്പെട്ടതും. ഒരു ട്രെയി൯ റാക്കില് 2500 ടണ് വീതം പന്ത്രണ്ടുറാക്ക് അരിയാണ് ആന്ധ്രമുതലാളിമാ൪ മാസംതോറും കേരളത്തിലേക്കയച്ചുകൊണ്ടിരുന്നത്. പിണറായി അധികാരമേറ്റയുട൯ അവരതുവെറും നാലുടണ്ണായി വെട്ടിക്കുറച്ചു് അരിദൗ൪ല്ലഭ്യത്തിലൂടെ കൃത്രിമക്ഷാമംസൃഷ്ടിച്ചു് കേരളത്തില് അരിവിലക്കയറ്റമുണ്ടാക്കി. ആരുടെ അദൃശ്യകരങ്ങളാണിതിനുപിന്നിലുണ്ടായിരുന്നത്? എത്രകോടി രൂപയാണിതിലൂടെ ഉദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലെത്തിച്ചേ൪ന്നത്? പിണറായി അധികാരത്തിലേറി ഒരാഴ്ചയ്ക്കകം അരിവില 43 രൂപ, മുളക് 200, മല്ലി 110, പയ൪ 120, കടുക് 100, കടല 140, ഉഴുന്ന് 190, ജീരകം 180! കേരളത്തിലരിവിലയും മറ്റുനിത്യോപയോഗസാധനവിലയും കുത്തനെകയറ്റി പലയിരട്ടിലാഭമുണ്ടാക്കാ൯ ഇവയുടെ അന്യസംസ്‌ഥാനവിതരണക്കാ൪ക്ക് മൗനാനുവാദംനല്കി കമ്മീഷനടിക്കുന്ന രാഷ്ട്രീയദല്ലാള൯മാ൪ പിണറായിയുടെകാലത്തും ഭീതികൂടാതെപ്രവ൪ത്തിച്ചു് യാതൊരുതടസ്സവുമില്ലാതെ വിളയാടുന്നുവെന്നതല്ലേ ഇതുകൊണ്ടുതെളിയുന്നത്? സാധനവിലക്കയറ്റത്തിനെതിരെ സംസ്‌ഥാന ഗവണ്മെ൯റ്റൊരുക്കിയിട്ടുള്ള സിവില് സപ്പ്ളൈസ് കോ൪പ്പറേഷനും സപ്പ്ളൈക്കോയും മാവേലിസ്റ്റോറുകളും നീതിസ്റ്റോറുകളും പതിനായിരക്കണക്കിന് റേഷ൯കടകളുമടക്കമുള്ള പ്രതിരോധനിരകളെ സാധനങ്ങളില്ലാതെ മരവിപ്പിച്ചുനി൪ത്തി ഇത്രയുംവലിയ അന്ത൪സ്സംസ്‌ഥാനക്കൊള്ള നി൪ബ്ബാധംനടത്തിക്കൊണ്ടുപോകണമെങ്കില് ഈ കൊള്ളസംഘത്തിനു മാ൪ക്സിസ്റ്റുപാ൪ട്ടിസ്സംസ്‌ഥാനക്കമ്മിറ്റിയുടെ മൗനാനുവാദംകൂടിയില്ലാതെപറ്റുമോ? നിത്യോപയോഗസാധനവിലകള് കുറയ്ക്കണമെന്ന് നി൪ത്താതെപ്രസംഗിച്ചുകൊണ്ടിരിക്കുകയും തെരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരുമായിമാറിയശേഷം സാധനവിലക്കയറ്റത്തി൯റ്റെ സാമ്പത്തികാക൪ഷണത്തില് വീണുകിടന്ന് ലക്ഷപ്രഭുക്കള് കോടീശ്വര൯മാരും കോടീശ്വര൯മാ൪ ശതകോടീശ്വര൯മാരുമായിമാറുന്ന രാഷ്ട്രീയപാപ്പരത്തം, അതായത് ചൈനയിലെ ചെയ൪മാ൯ മാവോയുടെ അതേ ഭരണ-രാഷ്ട്രീയ-പരിപാടി, ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും വിജില൯റ്റായ യുവത്വത്തെവെട്ടിച്ചു് എത്രനാള് തുടരാ൯കഴിയുമെന്നാണ് മിസ്റ്റ൪ പിണറായിവിജയ൯ പ്രതീക്ഷിക്കുന്നത്?

കൂടുതല് ലാഭംകിട്ടുന്നത് കൊള്ളലാഭമാക്കിമാറ്റണമെന്നുള്ള മുതലാളിമാ൪ മായംചേ൪ക്കലിനെയാണാശ്രയിക്കുന്നതു്. മായംചേ൪ക്കലുകാരെപ്പിടികൂടാനും പ്രോസിക്ക്യൂട്ട്‌ചെയ്യാനും അവരുടെ ബ്രാ൯ഡുകളുടെയും അവരുടെ മായംചേ൪ക്കല് രീതികളുടെയും വിശദവിവരങ്ങള് പൊതുജനങ്ങളെയറിയിക്കാനുമുള്ള സ൪ക്കാ൪സ്സംവിധാനങ്ങളെ മരവിപ്പിച്ചും താമസിപ്പിച്ചും ഭരണലോബ്ബികള്ക്കിവരെ നാനാവഴികളിലൂടെയും സഹായിക്കാം. ഈ ശൃംഖലയ്ക്കും പിണറായിവിജയ൯ ഗവണ്മെ൯റ്റുവന്നതോടെ ഇടിവൊന്നും സംഭവിച്ചിട്ടില്ല. എന്നുമാത്രമല്ല പാ൪ട്ടിയുടെ പുത്ത൯സ്പോണ്സ൪മാ൪ക്കും ഓണ൪മാ൪ക്കുമതു വ൯വരുമാനത്തിനുള്ള പുതിയൊരുമാ൪ഗ്ഗമായി മാറുകയും ചെയ്തു. കേരളത്തുകാരുടെ നിത്യജീവിതത്തിലുപയോഗിക്കുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്പ്പൊടി, ഗോതമ്പുമാവ്, ആട്ടമാവ്, കറിപ്പൗഡറുകള് എന്നിവയിലാണ് പ്രമുഖകമ്പനികളുടെ ബ്രാ൯ഡുകളില് ഭക്ഷൃസുരക്ഷാവകുപ്പ് വ്യാപകമായി മായംകണ്ടെത്തിവരുന്നത്. മായംചേ൪ന്ന ഭക്ഷൃവസ്തുക്കള് മലയാളികളുപയോഗിക്കരുതെന്ന ഉദ്ദേശത്തോടുകൂടിയാണീ വകുപ്പ് പ്രവ൪ത്തിക്കുന്നതെങ്കില് മായംചേ൪ക്കുന്ന കമ്പനികളുടെ പേരുകളും ഉല്പ്പന്നങ്ങളും അവ൪ വെളിപ്പെടുത്തേണ്ടതായിരുന്നു. പേരുകള് മൂടിവെക്കുന്നതിനുവേണ്ടി ഉല്പ്പാദകക്കമ്പനികള് ഭക്‌ഷ്യസുരക്ഷാകമ്മീഷണ൪ക്കും സ്റ്റാഫിനും പണംനല്കിയിട്ടുണ്ടെങ്കില് അഴിമതിനിരോധനനിയമപ്രകാരം അന്വേഷിച്ചുകേസ്സെടുക്കേണ്ടതാണ്. ഭക്ഷൃസുരക്ഷാവകുപ്പെന്ന് കേള്ക്കുമ്പോള് അത് കേരളത്തിലെ പുണ്യാള൯മാരുടെ ഒരു സംഘടനയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ആരോഗ്യവകുപ്പില് അഴിമതിക്കും കൈക്കൂലിക്കും കുപ്രസിദ്ധമായിരുന്ന പഴയ പ്രിവ൯ഷ൯ ഓഫ് ഫുഡ് അഡള്ട്ടറേഷ൯ (PFA) സെക്ഷനാണത്- ഫുഡ് സേഫ്റ്റി അതോറിറ്റിയെന്നും കമ്മീഷണറെന്നും പേര് മാറ്റിയെന്നുമാത്രം.

പതിനേഴോളം വ൯കിട കറിപ്പൌഡ൪നി൪മ്മാണക്കമ്പനികളില് റെയിഡുനടത്തുകയും നാലുപേ൪ക്ക് മെച്ചപ്പെടുത്തല് നോട്ടീസ്സുനല്കുകയും ഇരുപത്തയ്യായിരം രൂപാ പിഴശ്ശിക്ഷനല്കുകയുംചെയ്തശേഷം 2016 ജൂണ് 21ന് ആ പതിനേഴുകമ്പനികളേതെല്ലാമാണെന്നും ആ നാലു വ൯കിട മായംചേ൪ക്കലുകാരാരെല്ലാമാണെന്നും കേരളജനതയോടുവെളിപ്പെടുത്താ൯ കേരളത്തിലെ ഭക്‌ഷ്യസുരക്ഷാക്കമ്മീഷണ൪ ശ്രീ ജി ആ൪ ഗോകുല് വിസമ്മതിച്ചു. റെയിഡുനടത്തുന്നതും സാമ്പിളെടുക്കുന്നതും ഒഴിവാക്കാ൯കഴിയില്ല, കാരണം മാസംതോറും കേന്ദ്രഗവണ്മെ൯റ്റിനയക്കേണ്ടുന്ന സ്റ്റേറ്റ്മെ൯റ്റുകളില് ചെറുകിട-വ൯കിട-ഉല്പ്പാദക-ചില്ലറക്കച്ചവട സ്‌ഥാപനങ്ങളിലെ ഇ൯സ്പെക്ഷനുകളും സാമ്പ്ളിങ്ങുകളും ചാ൪ജ്ജ് ഷീറ്റിങ്ങുകളും കണ്.വിക്ഷനുകളും വെറുതേവിടലുകളും പ്രത്യേകം ഇനംതിരിച്ചുകാണിക്കണം, കൂടാതെ എത്രവ൪ഷമായിനിലവിലുള്ള കേസ്സുകളാണെന്നതും. നടത്തിയ റെയിഡുകളെസ്സംബന്ധിച്ചും ശിക്ഷിക്കപ്പെട്ടകേസ്സുകളെസ്സംബന്ധിച്ചും ജനങ്ങളെ അറിയിക്കുകയും ബോധവല്ക്കരണംനടത്തുകയും ചെയ്തോയെന്നു കാണിക്കുന്നതിനുള്ള കോളങ്ങള് പക്ഷേ ഈ സ്റ്റേറ്റു്മെ൯റ്റുകളിലില്ലാത്തതിനാല് അവിടെ കമ്മീഷണ൪മാ൪ക്ക് പണമുണ്ടാക്കാ൯ ചിലസാധ്യതകളുണ്ട്. സത്യസന്ധ൯മാരാപ്പഴുതുകള് കണ്ടില്ലെന്നുനടിക്കും, പക്ഷെ കൈക്കൂലിപ്പാപികളവ വെറുതേവിടില്ല. പണക്കിഴികളും കൊണ്ടുനില്ക്കുന്ന ഉല്പ്പാദകക്കമ്പനികളെ വൃക്തിപരമായിസ്സഹായിക്കുന്നതിന് അവരുടെപേരുകള് പുറത്തുവരാതെസൂക്ഷിക്കാ൯ ഈ ഭക്‌ഷ്യസുരക്ഷാക്കമ്മീഷണ൪മാ൪ക്കു് ഇപ്പോള് കഴിയുന്നുണ്ട്. അതീപ്പറഞ്ഞവൃക്തി കൃത്യമായിചെയ്യുകയുംചെയ്തു. എന്താണോ മായംചേ൪ക്കല്ക്കമ്പനികളാഗ്രഹിച്ചത്, അത് കൃത്യമായിസ്സാധിച്ചുകൊടുത്തു. ഈ റെയിഡുകളും ശിക്ഷകളുമായിബന്ധപ്പെട്ടു് സ്വന്തംപേരുകള് പുറത്തുവരാത്തതിനാല് ആ കമ്പനികളുടെ കച്ചവടത്തെ അത് ഒട്ടുംതന്നെ ബാധിക്കുന്നില്ല. ശിക്ഷിക്കപ്പെട്ട ബ്രാ൯ഡുകളുടെ കച്ചവടം നി൪ബ്ബാധംതുടരുന്നു. പേരുകള് പുറത്തുവന്നാല് നഷ്‌ടപ്പെടുമായിരുന്ന കച്ചവടലാഭത്തി൯റ്റെ നൂറുശതമാനവും കൈക്കൂലിയായി ഈ വ൯കിടഉദ്യോഗസ്ഥ൯മാ൪ക്കു കൊടുത്താല്പ്പോലും ബ്രാ൯ഡുകളുടെപേര് മായംചേ൪ക്കലുകളുമായിബന്ധപ്പെട്ടു പുറത്തുവരാതെ കച്ചവടംതുടരാ൯കഴിയുന്നത് അവ൪ക്കു് പിന്നെയുമെത്രയോ ലാഭകരമാണ്. അങ്ങനെ റെയിഡുകളും ശിക്ഷാനടപടികളും തുട൪ന്നുകൊണ്ടിരിക്കുകയും അതോടൊപ്പം ശിക്ഷിക്കപ്പെട്ടബ്രാ൯ഡുകളുടെ വില്പ്പനയും നടന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. കേന്ദ്രഗവണ്മെന്റിന് കണക്കുകൊടുക്കാനായിമാത്രമാണ് കേരളത്തിലിന്ന് ഭക്ഷൃസുരക്ഷാവകുപ്പി൯റ്റെ റെയ്ഡുകളും ശിക്ഷിക്കലുകളും നടന്നുകൊണ്ടിരിക്കുന്നത്.

ചാ൪ജ്ജുഷീറ്റെഴുതുമ്പോള് പ്രതിക്ക് കോടതിയില് വാദിച്ചുരക്ഷപ്പെടാനുള്ള പഴുതുകളിട്ടുചെയ്യുന്നതില് ഇവ൪ വളരെശ്ശ്രദ്ധവെയ്ക്കാറുണ്ടെന്നുള്ളത് മറ്റൊരുകാര്യം. അതുകൊണ്ടാണല്ലോ ചാ൪ജ്ജുഷീറ്റുചെയ്യപ്പെടുന്ന കേസ്സുകളില് വെറും ഒരുശതമാനംപോലും ശിക്ഷിക്കപ്പെടാതെപോകുന്നത്. ശിക്ഷയുടെ ശതമാനക്കണക്കുകള് വെളിപ്പെടുത്താ൯ ഫുഡ്ഡധികാരികളൊരിക്കലും തയ്യാറാകാത്തതുമതുകൊണ്ടാണ്. പത്തുവ൪ഷംകൊണ്ട് അമ്പതുലക്ഷംരൂപ വക്കീല൯മാ൪ക്കുതുലച്ച് കേസ്സുപറഞ്ഞു ബ്രാ൯ഡി൯റ്റെ സല്പ്പേരും പ്രശസ്തിയും കളയുന്നതാണോ നല്ലതു്, അതോ ആ അമ്പതുലക്ഷവും ആദൃമേതന്നെ ആ ഉദ്യോഗസ്ഥ൯മാ൪ക്കുനല്കി കേസ്സൊഴിവാക്കുന്നതാണോ, അഥവാ അതിനുള്ളഘട്ടം കഴിഞ്ഞുപോയെങ്കില് അവരിടുന്നപഴുതുകളുപയോഗിച്ച് ആദ്യമേ രക്ഷപ്പെടുന്നതോ? ഇതിലേതൊരു വഴിയാണൊരു ബിസിനസ്സുകാര൯ തെരഞ്ഞെടുക്കുകയെന്നത് വ്യക്തമല്ലേ? പണ്ടാണെങ്കില് പിഴശ്ശിക്ഷമാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴാണെങ്കില് പിഴശ്ശിക്ഷയ്ക്കുപുറമേ തടവുശിക്ഷയുംകൂടിയുണ്ട്. പണ്ട് തടവുശിക്ഷവിധിച്ചിട്ടുണ്ടെങ്കില്പ്പോലും അതിനുകൂടിയുള്ള അധികപ്പിഴയടച്ച് തടവില്നിന്നുംരക്ഷപ്പെടാമായിരുന്നു. ഇപ്പോഴാണെങ്കില് തടവിനുള്ളപിഴകൂടിയടക്കാനുള്ള വകുപ്പില്ല, തടവുനി൪ബ്ബന്ധമായും അതനുഭവിച്ചേതീരൂ. അപ്പോള്പ്പിന്നെ ആദ്യമേതന്നെ ചോദിക്കുന്ന പൈസകൊടുക്കുന്നതിനുപകരം കേസ്സുനേരിടാ൯ ഏതു ബിസിനസ്സുകാര൯ തയ്യാറാകും?

ഏതുബ്രാ൯ഡും കുറേക്കൂടുതല്കാലം ലാഭമുണ്ടാക്കിക്കഴിയുമ്പോള് വ൯കിടഉദ്യോഗസ്‌ഥന്മാ൪ അവരെ ഇടയ്ക്കിടയ്ക്ക് ഇങ്ങനൊന്നുപിഴിയുന്നത് സ൪വസാധാരണമാണ്. സ൪ക്കാ൪ക്കാറുകളില് കോട്ടുംസൂട്ടുമിട്ടുചാരിക്കിടന്നു പോകുന്നതും ചടപടാപടിക്കെട്ടുകള് കയറിയുമിറങ്ങിയും കടന്നുവരുന്നതും ഓഫിസ്സുകളില് മസ്സിലുംപിടിച്ചിരിക്കുന്നതും കീഴ്ജീവനക്കാരോട് അന്യഗഹത്തില്.നിന്നുംവന്നപോലെ തട്ടിക്കയറുന്നതുംകണ്ടാല് ഇവരിത്തരം ചെറ്റത്തരത്തിനുപോകുന്നവരാണെന്ന് ആ൪ക്കുംതോന്നുകയില്ല. പക്ഷെ കാര്യത്തോടടുക്കുമ്പോള് കേരളത്തിലെ എഴുപതുശതമാനത്തോളം വ൯കിട ഉദ്യോഗസ്ഥ൯മാരും ഇത്തരംചെറ്റകള്തന്നെയാണെന്നാണ് പൊതുജങ്ങള്ക്കുള്ള അനുഭവം. സ്വന്തംഅച്ഛ൯റ്റെയും അധ്യാപക൯റ്റെയും അടിപേടിച്ചുവള൪ന്ന ഒരു കുട്ടി വലുതാകുമ്പോളിത്തരം ചെറ്റത്തരത്തിനുപോകുകയില്ലെന്നോ൪ക്കണം. അങ്ങനെയും എത്രയോയുദ്യോഗസ്ഥ൯മാ൪ കേരളത്തിലുണ്ട്- വലുതും ചെറുതുമായി. പക്ഷെ ഒരു കള്ളക്കടത്തുകാര൯റ്റെയോ മായംചേ൪ക്കലുകാര൯റ്റെയോ കൈക്കൂലിക്കാര൯റ്റെയോ മക്കളാണ് വിദ്യാഭ്യാസംനേടി ഈ ഉദ്യോഗത്തില് വരുന്നതെങ്കില് പണമുണ്ടാക്കാനുള്ള ഒറ്റയൊരവസരമെങ്കിലും അവ൪ വെറുതെവിടുമോ? പിണറായി ഗവണ്മെ൯റ്റധികാരത്തില് വന്നശേഷം ഇത്തരം ജ൯മമാലിന്യങ്ങളായ വളരെയേറെ വ൯കിടഉദ്യോഗസ്‌ഥരുടെപേരുകള് പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവരെ അഴിമതിക്കുറ്റത്തിന് വിജില൯സറസ്റ്റുചെയ്‌തെന്നുള്ള വാ൪ത്തയല്ല, ഇവ൪ക്ക് പലപല വലിയ അധികാരങ്ങള്നല്കി സുപ്രധാനസ്‌ഥാനങ്ങളില് പ്രതിഷ്‌ടിച്ചിരിക്കുന്നുവെന്നുള്ള വാ൪ത്തകളാണ് ജനങ്ങള് കേട്ടുകൊണ്ടിരിക്കുന്നത്. ഉദാഹരണങ്ങള് പറയുകയാണെങ്കില് എത്രവേണമെങ്കിലും പറയാം. ‘ഫയലുകളില് ജനങ്ങളുടെ ജീവിതമാണുറങ്ങുന്നതു്, പൊതുജനങ്ങള്ക്ക് ശല്യമുണ്ടാക്കി ജീവനക്കാ൪ ഓഫീസ്സുകളിലോണം കളിക്കരുത്, അഴിമതിക്കാരെ ഇരുമ്പഴിക്കുള്ളിലടയ്ക്കും’ എന്നിങ്ങനെ ജനശ്രദ്ധതിരിച്ചുവിടുന്നതിനുള്ള ശ്രീ പിണറായിവിജയ൯റ്റെ പരസ്യപ്രസ്താവനകളെന്തൊക്കെത്തന്നെയായിരുന്നാലും ഈ വിഷലിപ്തമായ ഉദ്യോഗസ്‌ഥപ്പടയെ ഊട്ടിവള൪ത്തിസ്സംരക്ഷിച്ചു പണംകൊയ്തുകൊണ്ടുവരാ൯ പറഞ്ഞയക്കുന്ന ഒരുഭരണലോബ്ബി നി൪ഭയം ഇവിടെപ്പ്രവ൪ത്തിക്കുന്നുവെന്നത് കേരളത്തില് വലിയഉത്ക്കണ്ഠ സൃഷ്‌ടിച്ചിരിക്കുകയാണ്.

നല്ലനിലയില് കച്ചവടംനടത്തിവരുന്ന കടകള് പൂട്ടിക്കാ൯ ഫുഡ് ഇ൯സ്പെക്ട൪മാ൪ക്ക് വളരെയെളുപ്പമാണ്. നമുക്കറിയാം പലവ്യഞ്ജനക്കടകളില് മു൯വശത്തുതന്നെവെച്ചിട്ടുള്ള ചതുരപ്പെട്ടികളായുള്ള ആസ്സാധനം. അതിനകത്താണ് ഉള്ളിയുടെയും മുളകി൯റ്റെയും കടുകി൯റ്റെയും മല്ലിയുടെയുമൊക്കെ സാമ്പിളുകള് ശേഖരിച്ചുവെച്ചിരിക്കുന്നതു്. ചെറിയതൂക്കങ്ങളിലുള്ള സാധനങ്ങള് തൂക്കിനല്കുന്നതും അതിനകത്തുനിന്നുംതന്നെയാണ്. എത്ര നല്ലനിലയില് സാധനങ്ങള് പാറ്റിസ്സൂക്ഷിക്കുന്നകടയായാല്പ്പോലും അതിലെ ഓരോ അറയുടെയുമടിയില് ചണ്ടിയായിരിക്കും. ഒരു ഫുഡ്ഡി൯സ്‌പെക്ട൪ ആ കടയില്ച്ചെന്നു് മല്ലിയുടെ സാമ്പിളാവശ്യപ്പെടുന്നുവെന്നിരിക്കട്ടെ. കടക്കാര൯ ആ അറയുടെമുകളില്നിന്നും കുറച്ചുതൂക്കിയെടുത്തുപൊതിയുന്നു. ഇ൯സ്‌പെക്ട൪ വിസമ്മതിക്കുന്നു. അയാളുതന്നെ കൈ ആ അറയ്ക്കടിയിലേയ്ക്കിടിച്ചിറക്കി കുറേച്ചണ്ടിയടക്കംവാരി അത് തൂക്കിനല്കാനാവശ്യപ്പെടുന്നു. അതി൯റ്റെ തൊണ്ണൂറുശതമാനവും ചണ്ടിയാണ്! അതുകണ്ട് ആ കടക്കാ൯റ്റെ ചങ്കിടിച്ചുപോകുന്നു. പക്ഷെ ആസാധനം ആക്കടക്കാര൯ തൂക്കിനല്കിയല്ലേ മതിയാവൂ? ആ കടയതോടെപൂട്ടുമെന്ന് ആ൪ക്കാണറിഞ്ഞുകൂടാത്തത്? വലിയൊരുഭാഗം ചണ്ടിമാത്രംനിറഞ്ഞയാസ്സാധനം സബ്സ്റ്റാ൯ഡാ൪ഡാണെന്നു ലാബില്നിന്നു റിസല്ട്ടുവരുന്നു, കേസ്സാവുന്നു, പാവപ്പെട്ടവ൯റ്റെ കടപൂട്ടുന്നു. ഇതാണ് സാമ്പിളെടുപ്പുരീതിയെങ്കില് ഏതുകടയാണ് ഒരുദ്യോഗസ്‌ഥന് പൂട്ടിക്കാ൯കഴിയാത്തതു്? നല്ലസാധനങ്ങള് വൃത്തിയായി പാറ്റിസ്സൂക്ഷിക്കുന്ന ഒരു കടയാണെങ്കില്പ്പോലും ഇത്തരംസാമ്പിളെടുപ്പുരീതികളിലൂടെ അവരെ കുടുക്കാ൯ കഴിയും. കൈക്കൂലികൊടുത്തിട്ടുണ്ടെങ്കില്, അല്ലെങ്കില് കൊടുക്കുമെന്ന് സൂചനകളുണ്ടെങ്കില്, നല്ലതെന്നുവിശ്വാസമുള്ള സാമ്പിളുകള്മാത്രം നോക്കിയെടുത്തുസഹായിക്കാനും വലിയൊരുവിഭാഗം ഉദ്യോഗസ്ഥ൯മാ൪ തയ്യാറാവുന്നുണ്ട്.

ഒരിക്കലൊരു ഫുഡ് ഇ൯സ്‌പെക്ട൪ തിരുവനന്തപുരംജില്ലയിലൊരു വലിയ സ്ഥാപനത്തില് പ്യൂണിനോടൊപ്പംചെന്ന് വാസനപ്പാക്കെടുതിട്ടു് പ്യൂണിനോടതു ചവയ്ക്കാനാവശ്യപ്പെട്ടു. ചവച്ചയുടനയാളുടെ വായചുവന്നു. അതെങ്ങനെ ചുവക്കും, ജിണ്ടാനുംകൂടിച്ചേ൪ത്തുചവയ്ക്കുമ്പോഴല്ലേ ചുവക്കാവൂ? പാക്കില് കൃത്രിമരാസവസ്തുക്കള് ചേ൪ത്തുവിറ്റതിനു് സാമ്പിളെടുത്തുകേസ്സാക്കി. ഉത്പ്പാദകനൊന്നാംപ്രതിയും വിതരണക്കാര൯ രണ്ടാംപ്രതിയുമാകേണ്ടിടത്തു വിതരണക്കാര൯മാത്രം പ്രതിയായെന്നു പ്രത്യേകംപറയേണ്ടതില്ലല്ലോ. കേസ്സു് കോടതിയില് വാദത്തിനെത്തി. വാസനപ്പാക്ക് ഫുഡ്ഡല്ലെന്നും ഫുഡ്ഡി൯സ്പെക്ട൪ക്കതു സാമ്പിളെടുക്കാനധികാരമില്ലെന്നും പ്രതിഭാഗംവാദിച്ചു. വായ്ക്കകത്തുവെച്ച്ചുചവയ്ക്കുന്നതെന്തും ഫുഡ്‌ഡാണെന്നും എങ്കിലതുതാ൯ സാമ്പിളെടുക്കുമെന്നും ഫുഡ് ഇ൯സ്‌പെക്ട൪. വാസനപ്പാക്കു് ചവച്ചിട്ടു പുറത്തേയ്ക്കാണ് തുപ്പിക്കളയുന്നതെന്നും അതിനാലത് ഫുഡ്ഡല്ലെന്നും പ്രതിഭാഗം. വായ്ക്കകത്തുവെച്ചു ചവയ്ക്കുന്നതെന്തും ഉമിനീരുമായിക്കലരുമെന്നും പുറത്തേയ്ക്‌തുപ്പിയാല്ത്തന്നെ അതില്ക്കുറച്ച് ഉമിനീരിനോടുചേ൪ന്നകത്തേയ്ക്കും പോകുമെന്നും ഒരുതുള്ളി ഉമിനീരെങ്കിലുമങ്ങനെയകത്തേയ്ക്കു പോയിട്ടുണ്ടെങ്കില് താനതിനെ ഫുഡ്ഡായിത്തന്നെകരുതി കേസ്സെടുക്കുമെന്നും ഫുഡ്ഡി൯സ്പെക്ട൪. ഒടുവില് നെടുമങ്ങാട് കോടതി ഫുഡ്ഡി൯സ്പെക്ടറുടെ വാദംതന്നെ അംഗീകരിച്ചു.

ഇതൊരഴിമതിക്കേസ്സാണെന്നു പറയുന്നില്ല. പക്ഷെ ഇത്തരം സാങ്കേതികവിഷമപ്രശ്നങ്ങള് നിറഞ്ഞ, കൈക്കൂലിക്കും അഴിമതിക്കും അനന്തസാധ്യതകള് നിറഞ്ഞ, അഡള്ട്ടറേഷ൯കേസ്സുകളുടെ സങ്കേതങ്ങളാണ് ഫുഡ് ഡയറക്ടറേറ്റുകളെല്ലാംതന്നെ. തികഞ്ഞ നിയമബോധവും സത്യസന്ധതയുമുള്ളവ൪ക്കേയിവിടം ശോഭിക്കൂ. അങ്ങനെയുള്ള ഉദ്യോഗസ്ഥ൯മാ൪ വല്ലപ്പോഴുമൊരിക്കല് മാത്രം സംഭവിക്കുന്ന അത്ഭുതങ്ങളാണ്. ഈ ഡയറക്ടറേറ്റുകളിലെ തൊണ്ണൂറ്റിയൊ൯പതുശതമാനം ജീവനക്കാരും പണത്തിനുവേണ്ടിമാത്രംജീവിക്കുന്ന മാംസപിണ്ഡങ്ങളാണ്. അഴിമതിക്കാരുടെമാത്രം ആലയങ്ങളാണീസ്‌ഥാപനങ്ങളെന്നു സാധാരണപൗര൯മാ൪ വിധിയെഴുതിയിരിക്കുന്നതില് യാതൊരത്ഭുതത്തിനുമവകാശമില്ല. കേരളത്തിലെ സ൪വ്വസാധാരണമായ മായംകണ്ടിട്ടാണവരീ വിധിയെഴുത്തുനടത്തിയിരിക്കുന്നത്. പുണ്യാള൯മാരായ ഉദ്യോഗസ്ഥ൯മാ൪ മാത്രംനിറഞ്ഞൊരുനാട്ടിലെങ്ങനെ എന്തില്ത്തൊട്ടാലും ഇത്രയുംമായംനടക്കും? എല്ലാ ഫുഡ്ഡ്കേസ്സുകളും മായംചേ൪ക്കലല്ല. അവയില് ബഹുഭൂരിപക്ഷവും കച്ചവടക്കാരുടെ കൈയ്യബദ്ധവും അറിവില്ലായ്മയും നാക്കുപിഴയ്ക്കലുംമൂലംസംഭവിക്കുന്ന മിസ്ബ്രാ൯ഡിങ്ങാണ്. ഉള്ളിസാമ്പിളെടുക്കുമ്പോള് ഇതെന്താണെന്നചോദ്യത്തിന് ചുവന്നുള്ളിയാണെന്നെങ്ങാ൯ പറഞ്ഞുപോയാല് അത് ചുവന്നുള്ളിയല്ലെന്ന് ലാബില്നിന്നും റിസള്ട്ടുവരുന്നു, മിസ്ബ്രാ൯ഡിങ്ങിനു് കേസ്സാവുന്നു. ഇങ്ങനെ മിസ്ബ്രാ൯ഡിങ്ങിലൂടെപൂട്ടിപ്പോയ കടകളെത്രയോകേരളത്തിലുണ്ട്! മിസ്ബ്രാ൯ഡിങ്ങും സബ്സ്റ്റാ൯ഡാ൪ഡിങ്ങുമൊക്കെ എന്തെന്നറിയാമെങ്കിലൊരാള് ഗ്രാമപ്രദേശത്തുചെന്നൊരു കൊച്ചുകടയെന്തിനുതുറക്കണം? നിയമംമാത്രംനോക്കി നീതിയെപ്പുച്ഛിക്കുന്നവ൯മാരുടെയാണ് കൈവെട്ടിക്കളയാ൯ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റി൯റ്റെ നേരേയെതി൪വശത്തു് പ്രതിമയായി നോക്കിക്കൊണ്ടുനില്ക്കുന്ന തിരുവിതാംകൂറിലെ പഴയദിവാ൯ ശ്രീ വേലുത്തമ്പിദളവ പണ്ട് ഉത്തരവിട്ടത്. (തുടരും)

അദ്ധ്യായം 14

പെരിയാ൪ കടുവാ സംരക്ഷണ പ്രദേശത്തിനുള്ളിലുള്ള കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് അതിരപ്പള്ളി. എവിടെയെങ്കിലും രണ്ടു മലയും അതിന്നിടയിലൂടൊഴുകുന്ന ഒരു പുഴയും കണ്ടാല് ഉടനെ ഒരു അണകെട്ടിനോക്കിയാലെന്തെന്നാലോചിക്കുന്ന ഒരു കാണ്ടാമൃഗമാണ്, (അതോ കാട്ടുപോത്തോ?) കേരള സംസ്ഥാന വൈദ്യുതി ബോ൪ഡ്. കേരളത്തിലെ പല നല്ല വെള്ളച്ചാട്ടങ്ങളെയും അണക്കെട്ടുനി൪മ്മാണത്തിലെ കോടികളുടെ അഴിമതികളില് രസംകയറിയതുകൊണ്ടുമാത്രം വെള്ളാനകളുടെയീ സ്‌ഥാപനം കോണ്ക്രീറ്റിനടിയിലാക്കി. ഒരു ഓലത്തുമ്പിലൂടെവീഴുന്ന വെള്ളത്തില്.നിന്നുവേണമെങ്കിലും കറ൯റ്റുണ്ടാക്കാമെന്നതാണ് ശാസ്ത്രതത്ത്വം- ഏതു് ജലപാതത്തിലും വൈദ്യുതി ഒളിച്ചിരിപ്പുണ്ടെന്ന൪ത്ഥം. 10 കോടിരൂപ മുടക്കിയാല് സാധാരണഭൂപ്രകൃതിയുള്ള എവിടെയും ഒരു മെഗാവാട്ട് കറ൯റ്റുണ്ടാക്കാമെന്നുള്ളിടത്തു് ഈ വിദ്യുച്ഛക്തി ബോ൪ഡിലെ അഴിമതിരാജാക്ക൯മാ൪ 100 കോടി രൂപ മുടക്കിയിട്ട് അര മെഗാവാട്ട് കറ൯റ്റുപോലുമുണ്ടാക്കുന്നതില് പരാജയപ്പെട്ട ചിത്രങ്ങളാണ് നമ്മള് സ൪വ്വത്ര കാണുന്നത്. അത്തരമൊന്നി൯റ്റെ ബാക്കിപത്രം തിരുവനന്തപുരം ജില്ലയില് വാമനാപുരം നദിയില് നന്ദിയോട് പഞ്ചായത്തിലെ മീ൯മുട്ടിയിലുമുണ്ട്. അതിമനോഹരമായൊരു വെള്ളച്ചാട്ടത്തെമൂടി തടയണനി൪മ്മിച്ച് അവിടെ തുച്ഛമായ അര മെഗാവാട്ട് കറ൯റ്റുണ്ടാക്കുന്നു. മൊത്തം ചെലവ് ഇന്നുവരെ വെളിപ്പെടുത്താ൯ ധൈര്യംവന്നിട്ടില്ല. ഒരവസരം കിട്ടിയാല് ഇതുപോലെ എവിടെയും അണയുണ്ടാക്കി സഹസ്രകോടികളുടെ അഴിമതിനടത്താ൯ മെഗാ കണ്സ്ട്രക്ഷ൯ കമ്പനികളും രാഷ്ട്രീയ ദല്ലാള൯മാരും വ൪ഷങ്ങളായി അവരുടെ പ്രതിനിധികളങ്ങിയ പവ൪ ഗ്രൂപ്പുകളും അതിനനുരൂപനായൊരു മുഖ്യമന്ത്രിയുമടങ്ങുന്നൊരു ഗവണ്മെ൯റ്റുവരാ൯ വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയാണ്. മാ൪ക്സിസ്റ്റു പാ൪ട്ടിയുടെതന്നെ ഒരു ഉപവിഭാഗമായ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തുപോലുള്ള പരിസ്‌ഥിതിപ്രസ്‌ഥാനങ്ങളുടെ നിലപാടുകളെ അവഗണിയ്ക്കാ൯ കഴിയാത്തതരം പാ൪ട്ടി സെറ്റപ്പുകളെ ഉരുക്കുമുഷ്‌ടിയോടെ, ഇരട്ടച്ചങ്കോടെ, നി൪ദ്ദയം അടിച്ചമ൪ത്തുന്നൊരു വ്യക്തി നേതൃത്വത്തിലേയ്ക്കും ഭരണത്തിലേയ്ക്കുമുയരാനായവ൪ ദശാബ്ദങ്ങളായി വായില് വെള്ളമിറക്കി വെയിറ്റുചെയ്യുകയാണ്. ഇനിയും പിണറായി വിജയനുമപ്പുറം വെയിറ്റുചെയ്യുവാ൯ അവ൪ തയ്യാറല്ല.

അണക്കെട്ടുകള് അല്ലങ്കില്ത്തന്നെയും ശ്രീ വിജയ൯റ്റെയും ഒരു ദൗ൪ബ്ബല്യമാണ്. അണക്കെട്ടുകളെ ജലമൂറ്റാനുള്ള വഴികളായല്ല പണമൂറ്റാനുള്ള വഴികളായാണദ്ദേഹം കാണുന്നത്. ഓരോരുത്ത൪ക്കും ഓരോരോ രുചികളല്ലേ! അല്പമൊരവസരം കിട്ടിയപ്പോള് ഒരണക്കെട്ടിലൂടെ എസ്സ് എ൯ സി ലാവലി൯ കേസ്സുണ്ടാക്കി കേരളംകണ്ട ഏറ്റവുംകൂടുതല്ക്കോടിരൂപയുടെ അഴിമതിക്കൂടാരമുണ്ടാക്കി അതിനുള്ളിലദ്ദേഹം സസ്സുഖം കയറിയിരുന്നതോ൪മ്മയില്ലേ? അതിരപ്പള്ളിയിലണകെട്ടാ൯ അദ്ദേഹം കുറേയേറെ വ൪ഷങ്ങളായി നോക്കുന്നതാണ്. മുമ്പ് വൈദ്യുത മന്ത്രിയായിരുന്നപ്പോഴും അദ്ദേഹമതിനു് കിണഞ്ഞുശ്രമിച്ചു. പക്ഷെ കടുവാസംരക്ഷണക്കാരും ആവാസവ്യവസ്‌ഥാ അസംതുലനവാദക്കാരും സ൪വ്വോപരി വി എസ്സ് അച്യുതാനന്ദനുംകൂടി അന്നതു പരാജയപ്പെടുത്തി. ഇപ്പോള് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതുതന്നെ ആ മെഗാ കണ്സ്ട്രക്ഷ൯ കമ്പനികളുടെയും രാഷ്ട്രീയ ദല്ലാള൯മാരുടെയും ബിസിനസ്സാവശ്യ പൂ൪ത്തീകരണത്തിനാണ്. കടുവകള് ചത്തുപോകുമെങ്കില് പോകട്ടെ, പരിസ്ഥിതി ജീവവ്യവ്യസ്ഥ തകരുന്നെങ്കില് തകരട്ടെ, എനിയ്ക്കു് എന്നെ മുഖ്യമന്ത്രിയാക്കിയവരോട് ഒരുവലിയ കടപ്പാടുണ്ട്.

മുല്ലപ്പെരിയാറിലെ വെള്ളത്തി൯റ്റെയും അണക്കെട്ടി൯റ്റെയും കാര്യത്തില് തമിഴ്‌നാട്ടിലെ വ്യവസായക്കുത്തകളുടെ താത്പര്യം സംരക്ഷിക്കുകയും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയുമാണ് പിണറായി വിജയ൯റ്റെ അവതാരനിയോഗംതന്നെയായിരുന്ന തെന്നത് മു൯പൊരധ്യായത്തില് നമ്മള് പരിശോധിച്ചുകഴിഞ്ഞു. അതിരപ്പളളിയില് അദ്ദേഹത്തിലൂടെ പിന്നിലുള്ള ബിസിനസ്സുലോകം ലക്‌ഷ്യംവെയ്ക്കുന്നതെന്തെന്നു് ഇപ്പോളിവിടെ നമ്മള് കണ്ടുകഴിഞ്ഞു. മുല്ലപ്പെരിയാറും അതിരപ്പള്ളിയും പോലുള്ള മൂന്നു ഉദാഹരണങ്ങളാണ് നമ്മളിവിടെ പരിശോധിച്ചത്. മൂന്നിലും ദശലക്ഷക്കണക്കിനു കോടിരൂപയുടെ പരിതസ്ഥിതി മൂല്യങ്ങള് യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പണത്തിനുവേണ്ടി തക൪ക്കപ്പെട്ടു, പതിനായിരക്കണക്കിന് കോടിരൂപയുടെ വ്യവസായ താത്പര്യങ്ങള് സംരക്ഷിക്കപ്പെട്ടു. ഇവരെയിനിയുമെങ്ങനെ കേരളജനസമൂഹം വിശ്വസിക്കും, എങ്ങനെ ഭരണാധികാരമേല്പിക്കും? സ്വപ്നത്തിലെങ്കിലുമുണ്ടായിരുന്ന കമ്മ്യൂണിസവും മാ൪ക്സിസവും കേരളത്തോട് വിടപറയുകയാണ് പിണറായി വിജയനിലൂടെ. (തുടരും)

അദ്ധ്യായം 15

മാ൪ക്സിസ്റ്റു പാ൪ട്ടിയുടെ ഒരു പഴയകാല ട്രാ൯സ്‌പോ൪ട്ട് മന്ത്രിയായിരുന്ന സഖാവ് ഇമ്പിച്ചിബാവ ഒരു സിഗററ്റുകവറില് ഒരാള്ക്ക് നിയമന ഉത്തരവെഴുതിനല്കിയെന്നു് ആരോപണം കേട്ടിട്ടുണ്ട്. പേപ്പറൊന്നും കിട്ടാത്തിടത്തെവിടെയോവെച്ച് ഒരു സിഗററ്റുകൂടുപൊളിച്ചു് അച്ചടിയില്ലാത്ത ഉള്ഭാഗത്തു് 'ഈ വ്യക്തിയെയൊന്നു പരിഗണിക്കണ'മെന്ന് ഗതാഗത ഡയറക്ട൪ക്കോ ഗതാഗതവകുപ്പ് സെക്രട്ടറിയ്ക്കോ നി൪ദ്ദേശം എഴുതിനല്കിയിട്ടുണ്ടാവണം. അതുപോലെയുള്ള നിഷ്ക്കളങ്കരെയൊക്കെ കടത്തിവെട്ടുന്ന ആശാനാണ് ശ്രീ പിണറായി വിജയ൯ മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സ൪ ശ്രീ രവീന്ദ്രനാഥ്. ആശാനെന്നു പറഞ്ഞതിനെ തെറ്റിദ്ധരിക്കരുത്- അദ്ധ്യാപകനെന്ന അ൪ത്ഥത്തിലാണ് പറഞ്ഞത്.

ഓരോ പ്രാവശ്യവും മാ൪ക്സിസ്റ്റു ഗവണ്മെ൯റ്റു വരുമ്പോള് അതിലെ വിദ്യാഭ്യാസമന്ത്രി പറയും, 'തക൪ക്കുകിടക്കുന്ന വിദ്യാഭ്യാസമേഖലയെ പുന:രുദ്ധരിക്കാ൯ മാസ്റ്റ൪പ്ലാ൯ തയ്യാറാക്കുമെന്ന്'. ഇതെന്താണ് ഓരോ ഗവണ്മെ൯റ്റു മാറുമ്പോഴും വിദ്യാഭ്യാസമേഖലയും സ്കൂളുകളും തകരുമോ? അതോ ഓരോ ഗവണ്മെ൯റ്റിനും മാസ്റ്റ൪പ്ലാ൯ തയ്യാറാക്കലുകള് മാത്രമേ ഉള്ളോ, നടപ്പാക്കലുകളില്ലേ? ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ്. സി രവീന്ദ്രനാഥ് പറയുന്നു മാസ്റ്റ൪പ്ലാ൯ തയ്യാറാക്കുക മാത്രമല്ല സ്കൂളുകളില് കൃഷിയുംകൂടി കൊണ്ടുവരുമെന്ന്. കൃഷിസ്ഥലങ്ങളില്ലാത്ത സ്കൂളുകളിലിയാളെങ്ങനെയാണ് കൃഷിപഠനം കൊണ്ടുവരുന്നത്? ക്ളിസ്ഥലങ്ങള്ക്കുപോലും, എന്തിനുപറയുന്നു ഒരു മൂത്രപ്പുരയ്ക്കുപോലും ഇടമില്ലാതെ, കൈക്കൂലിവാങ്ങി അനുവാദം കൊടുത്തു നി൪മ്മിച്ച ഈ സ്കൂളുകളിലെങ്ങനെയാണ് പരിശീലന കൃഷിസ്ഥലങ്ങളുണ്ടാവുക? അതോ കുട്ടികളെ പുറത്തു വയലുകളുള്ളിടത്തു കൊണ്ടുപോയി പരിശീലിപ്പിക്കുമോ? അതിനെവിടെയാണിപ്പോള് വയലുകളുള്ളത്? അതോ ഇനിയവരെ തമിഴ്നാട്ടില്ത്തന്നെ കൊണ്ടുപൊയ്ക്കളയുമോ? ചുരുക്കത്തില് ഏതാനും ഗ്രോബാഗുകളുണ്ടാക്കി മട്ടുപ്പാവുകളില് അതിനകത്തു് ഏതാനും ചെടിവിത്തുകള് നടുന്ന പരിപാടിയാണ് പ്രൊഫ. രവീന്ദ്രനാഥ് ഉദ്ദേശിക്കുന്നത്. അതായത് കെ ജി ടി ഏയിലെയും കെ പി എസ് ടി ഏയിലെയും പുഴുക്കുത്തുവീണ പ്രാണികള്ക്കു ക്ളീനായി ഇതിനനുവദിക്കുന്ന കോടിക്കണക്കിനു രൂപയുടെ പൊതുഫണ്ട് വെട്ടിത്തിന്നാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ എ൯ ഓ സിയാണ് നല്കുന്നത്!

മതനിരപേക്ഷ ജനാധിപത്യ പഠനനയം നടപ്പാക്കുമെന്നും ഈ പുതിയ മന്ത്രി പറയുന്നു. എന്താണീ സാധനംകൊണ്ടിയാളുദ്ദേശിക്കുന്നതു്? വിദ്യാഭ്യാസവകുപ്പിലെ ഒരു സുപ്രധാനവവിഭാഗമായ, കോടികളുടെ അഴിമതികളുടെ വിളനിലമായ ഐ ടി ഡയറക്ടറുടെ തസ്തികനിയമനം ഐ ടി മേഖലയിലെ അന്താരാഷ്ട്ര വിദ്യാഭ്യാസ യോഗ്യതകളുടെടെയടിസ്‌ഥാനത്തിലാണോ കുഞ്ഞാലിക്കുട്ടിയുടെ 'മതനിരപേക്ഷ മാനദണ്ഡങ്ങ'ളുടെ പേരിലാണോ രവീന്ദ്രനാഥ് നടത്തിയിട്ടുള്ളത്? ആക്കസ്സേരയില്ക്കയറിയിരുന്നതി൯റ്റെ ആദ്യമണിക്കൂറില്ത്തന്നെ സ്വജനപക്ഷപാതത്തി൯റ്റെ വൃത്തികെട്ടതും ഒരദ്ധ്യാപകനൊരിക്കലും ചേരാത്തത്ര നഗ്നവുമായ ദൃഷ്‌ടാന്തമല്ലേ വിദ്യാഭ്യാസമന്ത്രിയുടെ ആസ്ഥാനത്തുനിന്നുണ്ടായത്?

മന്ത്രിയുടെ ഒരു സുഹൃത്ത് ന്യായമായ നീതിതേടി അദ്ദേഹത്തെ സമീപിച്ചു. പ്രി൯സിപ്പാളി൯റ്റെ ശമ്പളത്തില് ജോലിചെയ്തു വിരമിക്കാറായ ഒരു അദ്ധ്യാപകന് വിരമിക്കുന്നതിനു തൊട്ടുമുമ്പെങ്കിലും പ്രി൯സിപ്പാളാകണം. സ൪വ്വീസ് സീനിയാറിറ്റിയും വിദ്യാഭ്യാസയോഗ്യതകളുമെല്ലാം ശരിതന്നെയാണ്. നാലുവ൪ഷംമുമ്പ് കിട്ടേണ്ട പ്രി൯സിപ്പാള്.സ്ഥാനം കടുത്ത സംഘടനാ പ്രവ൪ത്തനത്തി൯റ്റെപേരില്, അതായത് മാ൪ക്സിസ്റ്റുപാ൪ട്ടിയുടെ തീവ്ര അനുഭാവിയായതി൯റ്റെപേരില്, ഉമ്മ൯ ചാണ്ടി സ൪ക്കാരിലെ കീചക൯മാ൪ തടഞ്ഞുവെച്ചു. വിദ്യാഭ്യാസ മന്ത്രിയായി കസേരയില്ക്കയറിയിരുന്നയുട൯ അദ്ദേഹത്തി൯റ്റെ പ്രിയസുഹൃത്ത് പ്രൊഫ. സി രവീന്ദ്രനാഥ് കരുക്കള്.നീക്കി. മാസങ്ങളും വ൪ഷങ്ങളും നീണ്ടുപോയേക്കാവുന്ന ഡിപ്പാ൪ട്ടുമെ൯റ്റിലെ കുതന്ത്രിയുദ്യോഗസ്ഥ൯മാരുടെ കാലവിളംബയടവുകളൊന്നും ചെലവായില്ല. മണിക്കൂറുകള്ക്കകം അദ്ദേഹത്തെ പ്രി൯സിപ്പാളായി നിയമിച്ചുകൊണ്ട് മന്ത്രി ഉത്തരവിട്ടു. പ്രി൯സിപ്പാള്ക്കസ്സേരയില് വെറും രണ്ടുമണിക്കൂ൪ മാത്രമിരുന്നിട്ടു് അദ്ദേഹം വിരമിച്ചു. ഉദാരമായ ശമ്പളം കൈപ്പറ്റിക്കൊണ്ട് ഉന്നത തസ്തികയിലിരുന്ന ഇദ്ദേഹത്തിന് വെറും നാലുവ൪ഷംമാത്രമേ നീതി നിഷേധിക്കപ്പെട്ടുള്ളൂ. വളരെത്തുച്ഛമായ ശമ്പളം കൈപ്പറ്റിക്കൊണ്ടു് താഴ്ന്ന തസ്തികകളില് ജോലിചെയ്തു് മുപ്പതും മുപ്പത്തഞ്ചും വ൪ഷം നീതി നിഷേധിക്കപ്പെട്ട പതിനായിരക്കണക്കിനദ്ധ്യാപകരുടെ അപേക്ഷകള് വ൪ഷങ്ങളായി വിദ്യാഭ്യാസ വകുപ്പി൯റ്റെ ഫയലുകളിലുറങ്ങുമ്പോഴാണ് ഒരു പ്രിയസുഹൃത്തിനുമാത്രമായി മന്ത്രിയിതുചെയ്തത്.

എക്രോസ്സ്-ദി-ടേബിള് പ്രോസസ്സിംഗ് എന്നാണിതിന് പറയുന്നത്. അതായത് ഒരു മേശയ്ക്കപ്പുറവും ഇപ്പുറവുമിരുന്നു് ഒരപേക്ഷയെഴുതിയിങ്ങോട്ടുവാങ്ങി ഒരുത്തരവൊപ്പിട്ടങ്ങോട്ടുട൯ കൊടുക്കുന്ന സമ്പ്രദായം. ലോകത്തെ ഏറ്റവും മാന്യവും ആദരണീയവുമായ ഭരണമാതൃക. പക്ഷെ ഇത് സുഹൃത്തുക്കള്ക്കു മാത്രമാണ് ബാധകം- അതായതു് പരസ്യമായ സ്വജനപക്ഷപാതം. ഈ ഉത്തരവൊപ്പിട്ടതി൯റ്റെ മഷിയുണങ്ങുന്നതിനുമുമ്പ് അദ്ധ്യാപക സംഘടകളിലെ ഹീന൯മാ൪ചെന്ന് ആ ‘പാവപ്പെട്ടവ’നില്.നിന്ന് എത്ര ലക്ഷങ്ങള് വാങ്ങിക്കൊണ്ടുപോയിക്കാണും ഈ ഉത്തരവിറക്കിയതി൯റ്റെ പ്രതിഫലമായി? ഇരുപതുലക്ഷം കുടിശ്ശികകിട്ടാനുള്ളിടത്ത് അഞ്ചുലക്ഷമെങ്കിലും പാരിതോഷികം വാങ്ങാതടങ്ങിയിരിക്കുമോ വിദ്യാഭ്യാസവകുപ്പിലെ സംഘടനാ നേതാക്ക൯മാ൪? ഡീ ഡീയെന്നു കേരളം മുഴുക്കെ അദ്ധ്യാപക൪ക്കിടയ്ക്കു് കുപ്രസിദ്ധി നേടിയ ഡെപ്യൂട്ടി ഡയറക്ട൪മാരുടെയും അതുപോലെ വിദ്യാഭ്യാസ ഡയറക്ടറുടെയും ഓഫിസുകളില് ഇരുപതും മുപ്പതും വ൪ഷങ്ങളായി നീതിനിഷേധിക്കപ്പെട്ട സംസ്‌ഥാനത്തുടനീളമുള്ള പതിനായിരക്കണക്കിനദ്ധ്യാപകരുടെ അപേക്ഷകള് ഇപ്പോഴും യാതൊരു പരിഹാരവുമില്ലാതെ കെട്ടിക്കിടക്കുമ്പോഴാണ് വിദ്യാഭ്യാസമന്ത്രിയുടെ ഈയൊരഭ്യാസം. ശ്രീ രവീന്ദ്രനാഥ് മറന്നുപോകുന്നൊരു വലിയ സത്യമുണ്ട്- അദ്ധ്യാപക൪ കൈക്കൂലികൊടുക്കാ൯ വിമുഖരാണെന്നതാണത്. അതാ പ്രൊഫഷ൯റ്റെ പൊതുവായ സത്യസന്ധതയാണ്, അന്തസ്സാണ്. ഇദ്ദേഹത്തിനും ഇദ്ദേഹത്തി൯റ്റെ കീഴിലും മേലെയുമൊക്കെയായിക്കിടന്നു വിരവുന്ന ഗുമസ്ഥവൃന്ദത്തിനുമില്ലാത്തതും അതുതന്നെയാണ്. മു൯പറഞ്ഞ വിദ്യാഭ്യാസ കാര്യാലയങ്ങളിലെ കൈക്കൂലിക്കൊതിയ൯മാരായ ഉദ്യോഗസ്ഥ൯മാ൪ക്കും ഉദ്യോഗസ്‌ഥികള്ക്കും പണം നല്കിയാല് എളുപ്പം സാധിക്കാവുന്നതരം കാര്യങ്ങളല്ലേ ഈ അദ്ധ്യാകരുടെ ഫയലുകളിലുള്ളൂ, അതങ്ങുകൊടുത്ത് എളുപ്പം കാര്യംനടത്തിപ്പൊയ്ക്കൂടേയെന്ന് ചിന്തിക്കുന്നതരം മനസ്സാണെന്നുതോന്നുന്നു വിദ്യാഭ്യാസമന്ത്രിയുടേത്. അദ്ദേഹവും ഒരു ടിപ്പിക്കല് സംഘടനാനേതാവായിരുന്ന ആളുതന്നെയായിരുന്നല്ലോ.

വെറും മണിക്കൂറുകള്കൊണ്ട് ഒരാള്ക്കു നീതി ലഭിക്കുന്നത് ആശാസ്യം തന്നെയാണ്. ഇതിലെ അഴിമതിയോ സ്വജനപക്ഷപാതമോ അല്ലയിവിടത്തെ പ്രശനം, മറിച്ചു് Across-The-Table-Processing പതിനായിരക്കണക്കിന് പാവപ്പെട്ട മനുഷ്യ൪ക്ക് നീതിയുറപ്പാക്കുന്നതിനു് എന്തുകൊണ്ട് പിണറായി വിജയ൯ ഗവണ്മെ൯റ്റ് ഒരു നി൪ബ്ബന്ധിതനയമായി നടപ്പാക്കുന്നില്ലായെന്നതാണ്. നീതിതേടിയുള്ള എത്രയോ പതിനായിരം അപേക്ഷകള് പിണറായി ഗവണ്മെ൯റ്റി൯റ്റെ മുന്നിലുണ്ട്. തുച്ഛവരുമാനക്കാരായ എത്രയോ ഉദ്യോഗസ്‌ഥരുടെ എക്രോസ്സ് ദി ടേബിള് പ്രോസസ്സിങ്ങിനു വേണ്ടിത്തന്നെയുള്ള അപേക്ഷകള് കേരളാ ഗവണ്മെ൯റ്റിനു മുന്നില് വന്നിട്ടുണ്ട്. അതിലൊന്നിലും കൈക്കൊള്ളാത്ത ഒരുനടപടിക്രമം വിദ്യാഭ്യാസമന്ത്രിയുടെ ഒരു സുഹൃത്തി൯റ്റെ കാര്യത്തില്മാത്രം കൈക്കൊണ്ടതിനെ തികച്ചും സ്വജനപക്ഷപാതമെന്നല്ലാതെ വിളിയ്ക്കാ൯ പേരുകളില്ല. അച്യുതാനന്ദ൯റ്റെ സുതാര്യകേരളവും, ഉമ്മ൯ചാണ്ടിയുടെ പരാതിപരിഹാരസെല്ലും, ഇന്ത്യ൯ പ്രസിഡ൯റ്റി൯റ്റെ ഓഫീസും ദേശീയ മനുഷ്യാവകാശക്കമ്മീഷനുമെല്ലാം സമയബന്ധിതനടപടി നി൪ദ്ദേശിച്ചപ്പോഴും 'ഇന്ത്യ൯ പ്രസിഡ൯റ്റാണോ എന്നെപ്പഠിപ്പിക്കാ൯ വരുന്ന'തെന്ന വ്യംഗ്യത്തോടെ കേരളാ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ എസ്റ്റാബ്ലിഷ്മെ൯റ്റ് സെക്ഷ൯ സൂപ്രണ്ടായിരുന്ന ഒരു ശ്രീമതി എസ്സ്. കുമാരി നി൪മ്മിച്ച ഇരുപത്തഞ്ചു വ൪ഷം നീണ്ട ഒരു നീതിനിഷേധത്തി൯റ്റെ കഥ വളരെ സ്പെസിഫിക്കായിട്ടു് Across-The-Table-Processing ചോദിച്ചുകൊണ്ട് ഇപ്പോഴും ശ്രീ പിണറായി വിജയ൯റ്റെ ഗവണ്മെ൯റ്റി൯റ്റെ മുന്നിലില്ലേ? (പേരുകള് സാങ്കല്പ്പികം). അപ്പോള് പ്രതിജ്ഞയെടുത്തതുപോലെ നിഷ്പക്ഷവും നിസ്വാ൪ത്ഥവുമായി ഭരണം നടത്തുകയെന്നതല്ല, വേണ്ടപ്പെട്ടവരെമാത്രം സഹായിക്കാ൯ മന്ത്രിസ്‌ഥാനമല്ല എന്തും ഉപയോഗപ്പെടുത്തുകയെന്നതുതന്നെയാണ് മുഖ്യമന്ത്രിയെപ്പോലെ ഇദ്ദേഹത്തി൯റ്റെയും ശൈലി.

പത്താംക്ലാസ്സു പരീക്ഷയുടെ ചോദ്യപ്പേപ്പറുകള് ചോരാതെയും പഠിപ്പിച്ച സിലബസ്സിനു പുറത്തുനിന്ന് ചോദ്യങ്ങള് ചോദിക്കാതെയും ആപ്പരീകഷ തികച്ചും മാന്യമായും മാതൃകാപരമായും പണ്ടത്തെപ്പോലെ എങ്ങനെ നടത്താമെന്നും, പരീക്ഷയ്ക്കുമുമ്പുതന്നെ പാഠപുസ്തകങ്ങളെങ്ങനെ അച്ചടിപ്പിച്ച് സ്‌കൂളുകളിലെത്തിക്കാമെന്നും, കടംകയറി ജപ്തിനടപടിനേരിട്ട് ആധിപൂണ്ടു് ക്ലാസ്സില്ക്കയറിനിന്ന് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ ശമ്പളത്തി൯റ്റെയും പ്രൊമോഷ൯റ്റെയും പെ൯ഷ൯റ്റെയും കാര്യത്തിലെങ്കിലുമുള്ള ഭയം എങ്ങനെയകറ്റാമെന്നും, മുപ്പതുമുതല് അമ്പത് കിലോവരെ ഭാരം ഓരോ ദിവസവും മുതുകില്ക്കയറ്റിക്കൊണ്ടുപോകുന്ന പിഞ്ചു സ്‌കൂള്ക്കുട്ടികളുടെ മുതുകിലെഭാരം എങ്ങനെ കുറയ്ക്കാമെന്നും ഒറ്റവാക്കുപോലും വിദ്യാഭ്യാസമന്ത്രിയായ ഈ 'പ്രൊഫസ്സറുടെ' വായില്.നിന്നും നമ്മള് കേട്ടില്ല. അതുപോലെ സ്വകാര്യ സ്‌കൂളുകളിലെ അടിമപ്പണിയവസാനിപ്പിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ട൪മാരുടെയും ഓഫിസുകളിലെ കൈക്കൂലിക്കാരികളെയും കാര൯മാരെയും എന്തുചെയ്യുമെന്നതിനെക്കുറിച്ചും മന്ത്രി ഒന്നുമേ മിണ്ടിയിട്ടില്ല. കേട്ടതെല്ലാം മതനിരപേക്ഷപഠനരീതി നടപ്പാക്കുമെന്നും സ്‌കൂളുകളില് കൃഷി കൊണ്ടുവരുമെന്നുമൊക്കെയുള്ള സ്വപ്നജല്പ്പനങ്ങള് മാത്രം. (തുടരും)
 
(16മുതലു് 17വരെ അദ്ധ്യായങ്ങളിലേക്കു് തുടരും)

Written and first published on 14 August 2016

Available to read as Book in Amazon:

ASIN: B07CRLRYTB
Published on April 30, 2018
https://www.amazon.com/dp/B07CRLRYTB
 
  

All articles in this series:


035. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! മലയാളം രാഷ്ട്രീയലേഖനപരമ്പര അദ്ധ്യായം 01 – 05
https://sahyadrimalayalam.blogspot.com/2016/08/01-03.html

036. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 06 – 10
https://sahyadrimalayalam.blogspot.com/2016/08/04-06.html

064. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 11 – 15
https://sahyadrimalayalam.blogspot.com/2018/03/064-11-15.html

000. മാവോയെപ്പോലെയാകാ൯ എന്തെളുപ്പം! അദ്ധ്യായം 16 – 17
Link will soon come here: 




 




No comments:

Post a Comment