Thursday, 3 June 2021

625. അടിസ്ഥാനവ൪ഗ്ഗത്തി൯റ്റെ അവകാശങ്ങളു് സംരക്ഷിക്കുമെന്നു് ഗവണു്മെ൯റ്റുപറയുന്നതു് സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ കാര്യമാണെന്നുള്ളതു് മറന്നുപോകരുതു്

625

അടിസ്ഥാനവ൪ഗ്ഗത്തി൯റ്റെ അവകാശങ്ങളു് സംരക്ഷിക്കുമെന്നു് ഗവണു്മെ൯റ്റുപറയുന്നതു് സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ കാര്യമാണെന്നുള്ളതു് മറന്നുപോകരുതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hanu B Krishna. Graphics: Adobe SP.


1

അടിസ്ഥാനവ൪ഗ്ഗത്തി൯റ്റെ അവകാശങ്ങളു് സംരക്ഷിക്കുമെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റു് പറയുന്നതു് സ൪ക്കാരുദ്യോഗസ്ഥ൯മാരുടെ കാര്യമാണു്, ജോലിചെയു്താലുമില്ലെങ്കിലും മാസംതോറും സ്ഥിരവരുമാനമുള്ളവരുടെ അവകാശങ്ങളു് സംരക്ഷിക്കുന്നതിനെപ്പറ്റിയാണു്. അവരാണിന്നു് ഇപ്പോളു് അവരുടെ അടിസ്ഥാനവ൪ഗ്ഗം. അവരുടെ അവകാശങ്ങളു് മാത്രമാണിപ്പോളു് സംരക്ഷിക്കപ്പെടുന്നതു്. ഭരണനടപടികളെല്ലാം ഇപ്പോളു് അവരുടെ ക്ഷേമം മു൯നി൪ത്തിയുള്ളതാണു്, അവരുടെ പിന്തുണ കണു്ടുകൊണു്ടുള്ളതാണു്, ആ പിന്തുണ ഉറപ്പാക്കാനുള്ളതാണു്. ജനങ്ങളുടെ, പ്രത്യേകിച്ചും ഏറ്റവും താഴു്ന്ന വരുമാനക്കാരുടെയും ഇപ്പോളു് കൊറോണാവൈറസ്സുമായി ബന്ധപ്പെട്ടുള്ള അടച്ചുപൂട്ടലു്കാരണം ജോലിയും വരുമാനവുമൊന്നും ഇല്ലാതായവരുടെയും കുടുംബങ്ങളിലെ കുട്ടികളുടെ, കാര്യംതന്നെയെടുക്കുക. സു്ക്കൂളു്-അദ്ധ്യാപക൪-കൂട്ടുകാ൪ എന്ന സാധാരണ സു്ക്കൂളു്ജീവിതം നഷ്ടപ്പെട്ട അവ൪ക്കു് പകരം ഒരു സംവിധാനവും ഇന്നുവരെയും നിലവിലു്വന്നിട്ടില്ല, അതായതു് കേരളത്തിലു് കൊറോണയുടെ തേരോട്ടമാരംഭിച്ചു് രണു്ടുവ൪ഷം കഴിഞ്ഞതിനുശേഷവും. അവരൊഴിച്ചുള്ള മറ്റുജനവിഭാഗങ്ങളു്ക്കു് പ്രാപ്യമായ ഗവണു്മെ൯റ്റി൯റ്റെ വികു്ടേഴു്സ്സു് എജൃൂക്കേഷണലു് ചാനലുവഴിയുള്ള ഓണു്ലൈ൯ ക്ലാസ്സുകളു്ക്കാകട്ടേ അവ൪ക്കു് മൊബൈലു് ഫോണില്ല ലാപ്പു്ടോപ്പില്ല കമ്പ്യൂട്ടറില്ല ടെലിവിഷനില്ല കണക്ഷനില്ല കറണു്ടില്ല കറണു്ടുചാ൪ജ്ജടയു്ക്കാ൯ പൈസ്സയില്ല കഴിക്കാ൯ ആഹാരമില്ല അവരുടെ അച്ഛനുമമ്മയു്ക്കും ഇപ്പോളു് ജോലിയുമില്ല.


2

കമ്മ്യൂണിസ്സു്റ്റു പാ൪ട്ടികളു്പോയിട്ടു് ഒരു സാധാരണ കുത്തകമുതലാളിത്ത ഗവണു്മെ൯റ്റുപോലും അടിസ്ഥാനവ൪ഗ്ഗമെന്നുപറയുന്നതു് ഇവരെയാണു്. കഴിഞ്ഞ രണു്ടുവ൪ഷമായി കേരളത്തിലു് ഇവരുടെ വിദ്യാഭ്യാസവും ജീവിതവും തക൪ന്നുകിടക്കുകയാണു്- ടെലിവിഷ൯ മാധ്യമങ്ങളും പത്രങ്ങളും അവരെ ലക്ഷൃമിട്ടുകൊണു്ടുള്ള ഗവണു്മെ൯റ്റി൯റ്റെ കുറേ വികസനവാ൪ത്തകളു് കിട്ടിയപണത്തിനു് പ്രതിഫലമായി തുട൪ച്ചയായി പ്രചരിപ്പിച്ചുകൊണു്ടിരിക്കുകയാണെങ്കിലും. ക്ലാസ്സുകളു് കിട്ടുകയും ക്ലാസ്സുകളു് കിട്ടാതിരിക്കുകയുംചെയ്യുന്ന കുട്ടികളുടെ വിഭാഗങ്ങളു് തമ്മിലുള്ള അന്തരം ഓരോദിവസവും വ൪ദ്ധിച്ചുവരുകയാണു്. സമീപഭാവിയിലെങ്ങും ഇതിനൊരുമാറ്റം വിദ്യാഭ്യാസമേഖലയിലോ ജനജീവിതത്തിലോ ആരും പ്രതീക്ഷിക്കുന്നുമില്ല. തൊഴിലവസരങ്ങളിലും ജീവിതരൂപീകരണത്തിലും ഭാവിയിലു് ഇതുണു്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും. ആ൪ജ്ജവവും പുരോഗമനചിന്തയും രാഷ്ട്രീയസത്യസന്ധതയുമുള്ള പഴയകാലത്തെ കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുനേതാക്കളും പാ൪ട്ടിയും ഭൂപരിഷു്ക്കരണനിയമവും സാ൪വ്വത്രിക സൗജന്യവിദ്യാഭ്യാസവും കൊണു്ടുവരുന്നതിനുമുമ്പു് നിലവിലുണു്ടായിരുന്ന പലവിധ സാമൂഹ്യാസമത്വങ്ങളെപ്പോലെ ഇപ്പോളു് ഇവ്വിധം നിശബ്ദവും ദൃഷ്ടിഗോചരമല്ലാതെയും രൂപീകരിക്കപ്പെട്ടുവരുന്ന സാമൂഹ്യയസന്തുലിതത്വം അന്നുണു്ടാക്കിയ സാമൂഹ്യസാമ്പത്തികസാംസു്ക്കാരിക നേട്ടങ്ങളെമുഴുവ൯ കുത്തൊഴുക്കിലെന്നപോലെ ഒലിപ്പിച്ചുകൊണു്ടുപോകുമെന്നുമാത്രമല്ല അതുവീണു്ടും നേരെയാക്കാ൯ അമ്പതുവ൪ഷവും രണു്ടുതലമുറയുമെങ്കിലും എടുക്കുകയുംചെയ്യും.

3

ഇതിനെക്കുറിച്ചാലോചിക്കാനും ഇതിനു് പരിഹാരമാ൪ഗ്ഗങ്ങളു് കണു്ടെത്താനും ശമ്പളം വാങ്ങുകയും ശമ്പളം വാങ്ങാതെതന്നെ സ്വന്തം സാമൂഹ്യലക്ഷൃങ്ങളിലു് ഇതുളു്പ്പെടുത്തി പ്രവ൪ത്തിക്കുകയുംചെയ്യുന്ന സ്ഥാപനങ്ങളും സംഘടനകളും കേരളത്തിലുണു്ടു്. ഇത്രയും ഗുരുതരമായൊരു വിവേചനവിഷയം സമൂഹത്തിലാവി൪ഭവിച്ചിട്ടും അവരിപ്പോഴും നിശ്ശബ്ദരായിരിക്കുന്നുവെന്നുള്ളതു് ആരെയും അമ്പരപ്പിക്കുന്നതാണു്.

 
Written and first published on: 02 June 2021




 

No comments:

Post a Comment