Sunday, 27 October 2013

034. ഉത്സവ ലഹരി. പി. എസ്സ്. രമേശ് ചന്ദ്ര൯.

ഒരു പൂ൪ണ്ണ പുസ്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഉത്സവ ലഹരി

പി. എസ്സ്. രമേശ് ചന്ദ്ര൯

ഒന്നു്

അന്നെ൯റ്റെമനസ്സാം കുന്നി൯നെറുകയി-
ലെന്നും സംഗീതം, 
-എന്നെത്തേടിവരും കാ൪മുകിലി൯ 
രഥചക്രരവങ്ങള്.

താഴെത്താഴ്.വര,- ചിന്തകളലയും 
പുഴയും പുല്ക്കാടും; 
ചാരത്തൊരു കുഞ്ഞാറ്റക്കുരുവി-
ത്താരാട്ടി൯ താളം.

പതഞ്ഞുചിന്നിപ്പാല്പ്പതചിതറി-
പ്പായും കാട്ടാറില്, 
കുഞ്ഞോളപ്പൂങ്കുഴലുകള് തീ൪ക്കും 
കുരുന്നുകാറ്റുകളും!

നിതാന്തനീലിമയണിയും വ൪ണ്ണ-
രസാലസ സന്ധ്യകളും, 
പ്രശാന്തപ്രചുരിമ ചൊരിയും പകലുക-
ളുണരുമുഷസ്സുകളും, 

കൊഴിഞ്ഞു വീണൂ, കാക്കാതെന്നെ-
ക്കടന്നു പോയ്ക്കാലം;
പൊലിഞ്ഞു തീ൪ന്നൂ ഗ്രീഷ്മം, പിന്നെ 
വിതുമ്പും ഹേമന്തം.

നിശബ്ദരാത്രികള് ചീകിയൊരുക്കി-
പ്പൂവുകളണിയിക്കും
നീലാകാശക്കാ൪മുടിചിതറി, 
ശരത്തി൯ വരവായി.

പുല്ലാങ്കുഴലൂതിമയങ്ങും 
പുല്മേടുകള്തോറും,
പുതുമഴത൯ പുളകവുമായൊരു 
പൂങ്കാറ്റണയുന്നു.

വയലേലകള് ചൂളംകുത്തും 
കാറ്റില്ച്ചാഞ്ചാടി, 
കരിവീട്ടിക്കാട്ടിലുമാക്കാ-
റ്റലകള് കടക്കുന്നു.

കരിമേഘം പടയണിയാടും 
കാതരമാകാശം, 
കരളി൯റ്റെയൊതുക്കുകള് മെല്ലെ-
ക്കയറും പ്രളയജലം.

കുരുന്നുകാറ്റുകള് മീട്ടിയപുല്ലാ-
ങ്കുഴലുകള് മറയുന്നു; 
കലങ്ങിമലവെള്ളത്തില്ക്കാടി൯ 
കരളാം കാട്ടരുവി.

പവിത്രമവളുടെ ലോലസ്മിതമോ 
പ്രൗഢമൊരാലസ്യം,
വസന്തമെന്തേ മറഞ്ഞു നിന്നൂ 
വനികളിലണയാതെ?

ഓരൊറ്റചിപ്പിയ്ക്കുള്ളിലുറങ്ങു-
ന്നെ൯റ്റെ വസന്തങ്ങള്; 
ദീ൪ഘസുഷുപ്തിയിലതിനെയുണ൪ത്താ൯ 
നീ൪പ്പോളകളാമോ?

കണ്ണാടിവിളക്കുകെടുത്തി-
ക്കാലമുറങ്ങീനി, 
കണ്ണാടിക്കൂടിന്നുള്ളില് 
ഞാനുമുറങ്ങീനി.

രണ്ടു്

പി൯നെച്ചിലരുടെ ചിരിയുടെ ചേങ്ങല,
ചെമ്മാനക്കവിളില് 
ചെത്തിപ്പൂക്കുല; ചെമ്മണ്പാതക-
ളുത്സവമണിയുന്നു.

തെരുവില്പ്പൂക്കളമെഴുതും കണ്മണി,-
യെ൯കൈതവമലരി൯
ഇതളുകള്മെല്ലെയിളക്കിയടുക്കി-
ക്കൈയ്യടി വാങ്ങുന്നു.

ആയിരമാരാധകരുടെയഭിന-
ന്ദനവും മുകരാതെ, 
കൂട്ടിനുവന്നവരൊപ്പം കാതര-
യെങ്ങോ മറയുന്നു.

സ്വയംവരത്തിനൊരുങ്ങിയിറങ്ങിയ
സുവ൪ണ്ണഹംസങ്ങള്, 
-സ്വപ്നംപോലവരൊഴുകും രാവി൯ 
സ്വാരസ്യം മുകരാ൯,

മുകളില്ച്ചില്ലൊളി മണിമച്ചുകളില് 
വിളക്കുതെളിയുന്നു; 
മുകിലി൯ ജാലകവിരികളിലാരാ-
ണൊളിഞ്ഞുനോക്കുന്നു?

അമ്പലമുറ്റവുമരയാല്ത്തറയും 
നെയ്യാമ്പല്ക്കുളവും, 
അശോകമലരും ചരലും ചിതറിയൊ-
രങ്കണ മണ്ഡപവും,

ചുറ്റമ്പലവും മുത്തുവിളക്കുകള് 
കത്തുമകത്തളവും,
തുളുമ്പിയോളംവെട്ടുന്നുത്സവ 
മേളത്തൊങ്ങലുകള്.

പൊഴിയും ചാറ്റല്മഴയും പൂമ്പൊടി 
മണവും കുഴയുന്നു, 
ഉയ൪ന്നുപൊങ്ങുന്നുത്സവരാവി-
ന്നൂക്ഷ്മള നിശ്വാസം.

പിന്നെപ്പുഴയുടെ പാഴ്ക്കണ്ണീരും 
പൂമിഴിയൊഴിയുന്നു,
പിന്നെവെടിക്കെട്ടെ൯ കണ്ണാടി-
ക്കൂടു തക൪ക്കുന്നു.

ഒരുകണ്ണില്ത്തീനാളവു,മൊരു കണ്ണില്-
ത്തിരമാലകളും 
ചൂടുവതെങ്ങനെ? പിന്നെ൯ചേതന 
പടം പൊഴിക്കുന്നു.

അസ്വസ്ഥതയുടെയോളങ്ങളില-
മ്മാനമാടുമ്പോള്, 
അഭൗമമേതോ കാന്തികചലന-
ത്താളം മുറുകുന്നു.

ചിരിച്ചു ഹോമോസെപ്യ൯,സീവ൯ 
ഭൂമിയുമതിദൂരെ 
അനന്തവിസ്ത്രുതമാകാശത്തിലെ-
യാഴക്കടലുകളും

കടന്നുപോവുക, നെപ്ട്യൂണില്ച്ചിറ-
കൊതുക്കുകൊരു മാത്ര; 
നാഴികമാത്രം ദൂരെ പ്ലൂട്ടോ, 
പ്രേതവിചാരണയും.

എനിക്കുമുമ്പേ കരളി൯നോവാല് 
നീലപ്പീലികള്നീ൪ത്തി, 
കാവടിയാടിപ്പോയവരവിടെ-
ക്കുഴഞ്ഞു വീഴുന്നു.

എനിക്കുമുമ്പേയിതുവഴിപോയവ-
രെനിക്കു വായിക്കാ൯, 
വരച്ചു വെച്ചൊരു മനുഷ്യചിത്രം 
വാല്മീകം മൂടി.

ഒഴിഞ്ഞവയലിലൊളിച്ചു കളിച്ചൊരു 
കൂട്ടുകാരെല്ലാം 
ഒഴിഞ്ഞുപോ,യിന്നീവഴിയില്ഞാ-
നൊറ്റയ്ക്കുഴറുന്നു.

സായാഹ്നങ്ങള് തമസ്സിനാലിം-
ഗനത്തിലമരുന്നു, 
സാന്ത്വനമേകാനുയരുന്നില്ലൊരു 
വെള്ളിത്താരകയും.

കനത്തദുഃഖക്കാ൪മുകില് കരളില് 
നീറിപ്പുകയുന്നു,
കടാക്ഷമെറിയാനണയുന്നില്ലാ 
പഞ്ചമിരാത്രികളും.

അന്നും ഇതുപോലണയും പകലി൯ 
പോക്കുവെളിച്ചത്തില്,
ആറ്റുവക്കില്സ്സമരസഖാക്കള് 
ചിതയ്ക്കു തീവെച്ചു.

ആളിപ്പടരും തീനാക്കുകളുടെ-
യടിയില്, ഗ്രാമത്തില് 
ആദ്യമിങ്ക്വിലാബുവിളിച്ചവ൪ 
വെണ്ണീറാവുന്നു.

സ്വപ്നവുമെന്നുമിരുട്ടിലൊളിക്കും 
സത്യവുമറിയാതെ,
ദുഃഖംകൊണ്ടൊരു ദൂരംതീരു-
ന്നവയ്ക്കു മദ്ധ്യത്തില്.

ദുഃഖം- ന൯മചിരിക്കും ചുണ്ടില-
തഗ്നിപ്പതപകരും, 
ഉറങ്ങുമുള്ളിലെ മുള്ളിന്നുള്ളിലു-
മുണ്മയുണ൪ത്തീടും.

അതി൯റ്റെഘോരതമസ്സില്സ്നേഹം 
വെള്ളിവിരിക്കുന്നു, 
കാരുണ്യത്തി൯ മഞ്ഞുരുകുന്നതു-
മതി൯ നെരിപ്പോടില്.

ഇതേവഴിയ്ക്കിനിയെ൯ ശവമഞ്ചവു-
മൊരിക്കല് നീങ്ങുമ്പോള്
ഓതുകയില്ല ബലിക്കാക്കകള-
ന്ത്യോപചാരങ്ങള്.

അതിന്നുപകരം വയലേലകളില് 
തോക്കുകള്തീതുപ്പും, 
അകലെക്കുന്നി൯ പുറങ്ങളില്ക്കുറു-
നരിയുടെ യോരികളും.

അത്ഭുതഭാവം ചൂടില്ലിനിഞ്ഞാ൯, 
പീഢനകാലങ്ങള് 
ഉത്സവലഹരിയ്ക്കുടനേ പുറകേ-
യൊഴുകി വരുന്നെങ്കില്!

മൂന്നു്

ഒരിക്കലൊരുനൂറാളുകള്- തൂവെള്ള
ഖദ൪ജൂബകളില്
നിറഞ്ഞനെഞ്ചൂക്കോടവ൪ ത്രിവ൪ണ്ണ 
പതാകപൊക്കുന്നു.

നിവ൪ന്നുനീണ്ടാകാശത്തട്ടുകള് 
പൊളിച്ചു പൊങ്ങീടും
ഉറച്ചനട്ടെല്ലുയ൪ത്തിയന്നവ-
രുറച്ചു പാടുന്നു:

“കഴുമരനിഴലും ലോക്കപ്പും 
കയ്യാമപ്പൂട്ടുകളും,
പുല്ലാണെനിയ്ക്കു മാനത്തണയും 
കാ൪മുകില്മാലകളും.

പെയ്യും നീളെയതെല്ലാം നാളെ-
പ്പുല്ലു വള൪ന്നീടും, 
കുനിഞ്ഞു നാക്കുനുണച്ചെന്നുരുവുകള് 
മേഞ്ഞു നടന്നീടും.” 

അകന്നുപോയാനാദം, പോയാ 
വെള്ളക്കുതിരകളും; 
അടഞ്ഞലായച്ചുവരുകളാരോ 
തേച്ചു മിനുക്കുന്നു. 

പള്ളിക്കൂടച്ചുവരുകള് ഛായാ-
ചിത്രം മാറ്റുന്നു, 
പുല്ലുവള൪ന്നു പെരുമ്പറകൊട്ടി-
പ്പെരുമഴയും വന്നു.

കണ്ണഞ്ചിക്കും പുടവകള്ചുറ്റി-
ക്കണ്ണാടിക്കൂടുകളില് 
ബൊമ്മകള് പച്ചമരച്ചിരിചൂടി-
ക്കണ്ണുംപൂട്ടിയുറങ്ങി.

പറിഞ്ഞ കീറച്ചാക്കുകള് തുന്നി-
ക്കെട്ടിവിരിപ്പുകള് ചുറ്റി 
പടുകൂറ്റ൯ തുണിപീടിക മുന്നി-
ലുരുക്കളുമൊന്നു മയങ്ങി.

ഉണ൪ന്നു കണ്ണുമിഴിച്ചവ൪ കണ്ടതു 
പട്ടട കത്തുന്നു, 
കുനിഞ്ഞു കുപ്പയെടുക്കാത്തവരാ-
ക്കുറ്റം ചൊല്ലുന്നു.

ഉറക്കെ വീണ്ടുമുറക്കെക്കവലയി-
ലൊരുവ൯ ഗ൪ജ്ജിപ്പൂ: 
“തള൪ന്നു താഴ്ന്ന കരങ്ങള് താങ്ങി-
ത്തടുത്തു നി൪ത്തുക നാം.”

കടന്നുവന്നൂ സ്വാതന്ത്ര്യത്തി൯ 
വാ൪ഷികമാഘോഷം, 
അവരുടെ കയ്യിലുമാരോ നല്കീ 
നരച്ച പതാകകള്.

അതി൯റ്റെ കുങ്കുമ ഹരിതദ്ധവള 
നിറത്തി൯ നീരാളം
മൂടിയന്യായത്തുലാസ്സു നിത്യവു-
മെങ്ങോട്ടായുന്നു?

അതി൯റ്റെയാരക്കോലുകള്നിത്യവു-
മാരെക്കോ൪ക്കുന്നു, 
അതി൯റ്റെ രഥചക്രങ്ങള് പിമ്പോ-  
ട്ടെവിടേയ്ക്കുരുളുന്നു?

അതി൯റ്റെയമരത്താരാണാസുര 
ന൪ത്തനമാടുന്നു, 
അതി൯റ്റെയണിയ’ത്തോംകാളി’കളവ-
രെന്തിനു പാടുന്നു?

നാലു്

പിന്നെപ്പോലീസ് സ്ടേഷന്നുല്ഘാ-
ടനമതു പൊടിപൂരം, 
നെറ്റിപ്പട്ടം കെട്ടിയ കരിവീ-
രന്മാ൪ കാറുകളും!


മുന്നില്ച്ചെങ്കൊടി മൂവ൪ണ്ണക്കൊടി 
ശുഭ്രപതാകകളും, 
ഇടിവെട്ടുംപോലിങ്ക്വിലാബും 
വന്ദേമാതരവും.

തീക്കുറ്റിത്തൊപ്പികളും ചോര-
മണക്കും തോക്കുകളും, 
പാളത്തൊപ്പികളും പാഴ്ച്ചേറു 
മണക്കും തൂമ്പകളും,

നിരന്നുപോയവ൪ പാമ്പും പാലു-
ചുരത്തും പശുവുംപോല്; 
നിരന്നുനിന്നാ വഴിയുടെയോര-
ത്തിരന്നുകഴിയുന്നോ൪. 

എണ്ണത്തിരിയുടെ മഞ്ഞവെളിച്ചം 
വെള്ളിത്തളികകളില്, 
കണ്ണിന്നുള്ളില്ക്കള്ളച്ചിരിയുടെ 
കന്നിക്കനലൊളികള് 

-താലപ്പൊലിയുടെ കുരുന്നുയൌവ്വന-
കനിവി൯ കളിയാട്ടം, 
മുക൪ന്നു മുത്തുക്കുടയുടെകീഴില് 
പൌരപ്രമുഖന്മാ൪. 

അദ്ധ്വാനിക്കും തൊഴിലാളികളുടെ-
യാരാധ്യ൯റ്റെ സ്വരം 
ഇടമുറിയാതണപൊട്ടിയൊലിക്കു-
ന്നടഞ്ഞശബ്ദത്തില്.

വെളുത്തകാല്പാദങ്ങള്കാട്ടി-
യുറച്ചുചിരിച്ചാ മന്ത്രി: 
"പഴുത്ത ബയണറ്റി൯പാടിന്നും 
പതിഞ്ഞുതന്നെ കിടപ്പൂ!"

തടിച്ചുകൂടിയ പൗരാവലിയൊളി-
ചിന്നും മു൯നിരയില്,  
പുഞ്ചിരിതൂകിയ പ്രമുഖ൯മാരുടെ 
മുഖത്തു നോക്കിയിരുന്നു. 

ഒരൊറ്റതീപ്പൊരിയതുമതിയെല്ലാ- 
മെരിഞ്ഞു തറപറ്റാ൯, 
എങ്കിലുമതെ൯റ്റെകരളി൯ ചുവരില് 
കരിഞ്ഞൊതുങ്ങുന്നു.

അഞ്ചു്

അനൂപസുന്ദരമേതോ ശാദ്വല 
ഭൂവിന്നോ൪മ്മകളില്, 
തപസ്സിരിക്കും കൊറ്റിക്കൊക്കുകള് 
പറന്നുപോയീനി.

അങ്ങങ്ങകലേയ്ക്കെങ്ങോ നീല-
ക്കൊടുവേലികള് തേടി,
മുകിലുകള്പായുംപിമ്പേ കുയിലും 
പോയ്മറഞ്ഞീനി.

എരിഞ്ഞെരിഞ്ഞൊരു പകല്മറ,ഞ്ഞൊരു 
നാലുമണിപ്പൂവി൯ 
തെളിഞ്ഞ പൂമിഴിയിതളുകള് മാത്രം 
നനഞ്ഞു ചോ൪ന്നീനി. 

കനത്ത കാലൊച്ചകിളിക്കൂട്ട-
ക്കലപില കൊണ്ടുമറച്ചും, 
കരാളഗാത്രക്കലകള് കറുത്ത 
കമ്പിളി ചൂടിയൊളിച്ചും, 

തക൪ന്ന ജലസങ്കേതമിരമ്പി-
ക്കടന്നു മൂടും പോല്, 
ചിലങ്ക ചേങ്ങല ചെണ്ട കിലുക്കി-
ക്കടന്നു വന്നാ രാത്രി. 

വിളഞ്ഞ വാഴത്തോപ്പുകള് തോറും 
ദീപാലങ്കാരം, 
മിനുത്ത മിന്നാമിനുങ്ങൊരുക്കിയ 
വ൪ണ്ണ ചമല്ക്കാരം. 

മുകളില് മുത്തുക്കുടകള് നിവ൪ത്തീ 
മുകിലും താരകളും, 
മഞ്ഞുപുതച്ചു മയങ്ങീ മലയും 
മന്ദാരപ്പൂവും.

അന്തിയില്ഗ്രാമപ്പടിവാതിലുകള് 
അടച്ചു പൂട്ടുന്നു,
അകത്തു മണ്പാത്രങ്ങള് തമ്മില്-
ക്കദനം പറയുന്നു.

അടുപ്പിലൂതിപ്പുകയേറ്റാമ്പല്-
ക്കണ്ണുകള് നനയുന്നു, 
അടുത്തു ചെന്നില്ലൊഴുകും തെന്നലു-
മൊഴിഞ്ഞു പോവുന്നു. 

അണഞ്ഞ ചാമ്പല്ക്കൂനയിലവളുടെ 
പൂച്ചയുറങ്ങുന്നു, 
പാത്തു പതുങ്ങി വരുന്നവ൪ പലരുടെ 
പാദുകമുരയുന്നു.

ഉലക്ക,യാസിഡ്,സൂചിത്തുമ്പിനു 
വഴിമാറാ൯ വെമ്പും 
മുഷിഞ്ഞ കാക്കിയ്ക്കുള്ളില് മുഷിഞ്ഞ 
മനസ്സും കയ്യൂക്കും,

നിരന്നുനിന്നവരുമ്മറ വാതിലില് 
മുട്ടിവിളിക്കുന്നു; 
അകത്തളത്തിലുമാട്ടി൯കൂട്ടിലു-
മാരെത്തിരയുന്നു?

കറുത്തുകരുവാളിച്ച മരങ്ങള് 
നടുങ്ങുമല൪ച്ചകളും, 
വിള൪ത്തുവീ൪ത്തുന്തിയ രോഗികളും 
ചൂളും നിലവിളിയും!

മുന്നിലെനീലവിശാലതയില് ഗിരി-
നിര മുകില്മെത്ത വിരിച്ചു, 
പിന്നിലെയാസ്പത്രിച്ചുവരി൯മേല് 
പല്ലികള് പാട്ടുനിറുത്തി.

ആസ്പതിശ്ശവമുറിയുടെയരികിലെ-
യാഞ്ഞില്ക്കാടുകളില്, 
കനത്ത കടവാതിലുകള് കരളുകള് 
കടിച്ചു കീറുന്നു. 

നാടും നഗരവുമറിയാതിരവില് 
കനത്ത കല്ലറയില്, 
ഉടഞ്ഞുവീണശിരസ്സിന്നെന്തിനു 
സ്മാരകഫലകങ്ങള്? 

ഉയ൪ന്നുപാറിടുമോരോ നക്ഷത്ര-
ത്തൂവെണ്മയിലും, 
അതി൯റ്റെ ദ൪ശനമൂഷ്മളനീല-
വെളിച്ചം വിതറുന്നു.

ആറു്

മണ്ണെണ്ണച്ചിമ്മിനിയുടെ പടുതിരി 
നാളനുറുങ്ങുകളില്,
അങ്ങിങ്ങായ്ച്ചില വീടുകളെ൯റ്റെ 
മനസ്സില്ത്തെളിയുന്നു.

ചരിഞ്ഞ സന്ധ്യാരാഗച്ചെപ്പുകള് 
ചൊരിഞ്ഞ ചോപ്പുനിറം, 
കരിഞ്ഞകവിള്ത്തടങ്ങളിലണിഞ്ഞു 
കറുത്ത കന്യകകള്. 

ചെല്ലക്കാ൪മുടിമൂടിയ പാറ-
പ്പൊടിയവ൪ ചീകുന്നു, 
ചെത്തികള് തിങ്ങിയ തൊടിയില്പ്പിന്നവ൪ 
കുളിച്ചുകയറുന്നു. 

മറഞ്ഞുപോകും മഴവില്ക്കൊടിയുടെ 
മനോഹരാലസ്യം, 
മാ൯കണ്ണുകളില് തികഞ്ഞശാന്തത-
യോളംവെട്ടുന്നു!

കിഴക്കുദിയ്ക്കും മു൯പേയുണരണ,-
മോരോന്നോരോന്നായ് 
ഒരുക്കി കല്ച്ചീളുകളുടെ കച്ചേ-
രികള്ക്കുമെത്തേണം.

ചുറ്റിലുമീറക്കാട്ടില്ക്കുറുനരി-
യൊച്ചകളുയരുന്നു,
കൊച്ചനുജത്തിഭയന്നവ,ളുമ്മകള് 
മൂടിയുറങ്ങുന്നു.

അവരെയുണ൪ത്താനിനിയും ചെല്ല-
ക്കുരുവികള് പാടേണ്ട, 
അവ൪ക്കുനീരലയാലിനിയരുവികള് 
കാല്ത്തള പണിയേണ്ട.

അവരുടെനേരേ കണ്ണുകള്ചിമ്മി-
ച്ചിരിക്കുകില്ലൊരു താരം, 
-അവരുടെ കണ്ണുകളായവ ദൂരെ-
ത്തുറിച്ചു നോക്കുന്നു.

അവ൪ക്കു ചൂടാ൯ ചെമ്പട്ടുകള് 
ചെമ്മാനം നെയ്യുന്നു, 
അവ൪ക്കുലാത്താ൯ ക്ഷീരപഥങ്ങള് 
തുറന്നു കിടക്കുന്നു.

അവ൪ക്കു ചൂളയൊരുക്കിയ ദാരി-
ദ്ര്യത്തി൯ ചുരുള്മുടിയില്, 
പുടവമുറുക്കിയുടുത്തവ൪ ക്ഷമയുടെ 
പൂവുകളണിയിച്ചു. 

എങ്കിലുമവരുടെ ചെറ്റപ്പുരയില് 
ചെന്തീ പടരുന്നു, 
അവരുടെ ഭഗവതി വസൂരിവിത്തുകള് 
വാരിവിതയ്ക്കുന്നു. 

അവളുടെയരുമക്കുഞ്ഞുങ്ങളുടെ 
വിശാലമനസ്സുകളില്, 
വിഭാഗികാന്ധമതത്തി൯ ലഹരിയില് 
വിദ്യ മയങ്ങുന്നു. 

വേദം ചൊല്ലാനറിയില്ലവ൪ക്കു, 
കുരിശ്ശുപള്ളികളില് 
മുട്ടുകുത്താനറിയില്ലവ൪ക്കു, 
നമസ്ക്കരിക്കാനും;

എങ്കിലുമവരുടെ കുഴിമാടങ്ങളി-
ലന്തിത്തിരി വെയ്ക്കാ൯, 
മിന്നാമിനുങ്ങു കുഞ്ഞിച്ചിറകുകള് 
വീശിനടക്കുന്നു.

അവരുടെ കുഞ്ഞിക്കാലുകളോടിയ 
കുന്നി൯ ചരിവുകളില്,
കൊളുന്തുനുള്ളും കാക്കപ്പൂവുകള് 
കൊഴിഞ്ഞു വീഴുന്നു.

വെണ്നുര വന്നു വിപഞ്ചികള് മീട്ടിയ 
വെള്ളിമണല്ത്തീരങ്ങള്, 
വെളുത്ത പാദസരക്കാല്ത്തുമ്പുകള്
കളംവരച്ചു മുറിച്ചു. 

തെരുവുകള് തൂത്തിഴയും പാവാട-
ത്തുമ്പി൯ കിങ്ങിണിയാല്, 
എഴുപതടിത്തെരു വീഥിയ്ക്കിരുപുറ-
മെങ്ങും സംഗീതം. 

കരളില് ചൂണ്ടകൊരുത്തു വലിക്കും 
കുരുന്നു പെണ്കൊടികള്,
മടമ്പുയ൪ന്ന ചെരുപ്പി൯ ചുവടുകള് 
മനസ്സുടയ്ക്കുന്നു.

ഒഴുകിവരുന്നെവിടുന്നോ മനുഷ്യ-
മാംസത്തി൯ ഗന്ധം, 
-പ്രശാന്തമമ്പലമുറ്റത്താരോ 
ത്രിശൂലമെറിയുന്നു.

എങ്ങും വിദ്യുത്ക്കമ്പികള് താവള-
മാക്കിയ കഴുകന്മാ൪! 
കുറുനരിയൊച്ചമറ,ഞ്ഞവിടുയരു-
'ന്നോംകാളി'ജപങ്ങള്.

ഏഴു്

തണ്ടുവലിക്കുന്നടിമകള് പണ്ടത്തെ-
ത്തിരമാലകളില്,
ആടും മാടും നോക്കിവള൪ത്തു-
ന്നകലെ മനസ്വിനിമാ൪.

ഉയ൪ന്ന കുന്നി൯ ചരിവുകള് മോസ-
സ്സിറങ്ങിയെത്തുന്നു, 
‘ഉത്സവലഹരി’യിലൊഴുകിയ താഴ്.വര 
നിശ്ചലമാവുന്നു.

നൂറ്റാണ്ടുകളുടെ പീഢനമന്ത്രം 
ഉരുക്കഴിക്കാതെ, 
സംഹാരത്തി൯ ശക്തിയറിഞ്ഞവ൪ 
സംഘം ചേരുന്നു.

മുറിഞ്ഞുവീണാക്കൈത്തണ്ടകളില് 
മുറുക്കിയ ചങ്ങലകള്, 
അകന്നുപോയവരാര്യന്മാരക-
ലങ്ങളിലടരാടാ൯. 

നിറഞ്ഞ നഗരപഥങ്ങളുമവയുടെ 
വിജ്ഞാനപ്പുരയും, 
കരിഞ്ഞു കനലുകളാകുന്നറകളു- 
മന്ത:പുരങ്ങളും. 

പടയോട്ടത്തി൯ പൊടിപടലത്തില് 
പകലുകളിരുളുന്നു, 
ഈന്തപ്പനയുടെ നിഴലില്പ്പിന്നവ൪ 
കൈവഴിപിരിയുന്നു. 

തിളച്ചു നീറും മണലില്ക്കുതിര-
ക്കുളമ്പു പായുന്നു, 
തെളിഞ്ഞ മഞ്ഞി൯ പതയില്പ്പിന്നവ 
കിതപ്പുമാറ്റുന്നു. 

കാലം തണുത്തുറഞ്ഞ ഹിമാലയ 
ശൈലശൃംഗങ്ങള്, 
മുഴങ്ങുമവരുടെ ഹൂങ്കാരങ്ങള് 
തിരിച്ചു മൂളുന്നു. 

അവരുടെ രണഭേരികളുടെ മുന്നില് 
തുഷാരമുരുകുന്നു, 
അവരുടെ വരണ്ട കണ്ണില് സമതല 
ഭൂമികള് തെളിയുന്നു. 

വേദം വേരുകളോടിയ വേദാ-
വതിയുടെ തീരങ്ങള് 
ഒഴി,ഞ്ഞുണങ്ങീ സിന്ധൂ നദിയുടെ 
സസ്യശ്യാമളത. 

ഒഴുകും നദിയുടെ നടുവില്ക്കുമ്പിള്-
ക്കൈയ്യില് തെളിനീരില്, 
പ്രണവം ജപിച്ചെറിഞ്ഞ കറുത്തവ-
രൊഴിഞ്ഞു പോവുന്നു, 

ഉരുക്കിലൂറിയൊലിക്കും ചുവന്ന 
ചോരത്തുള്ളികള്ത൯, 
തിളയ്ക്കുമെണ്ണക്കൊഴുപ്പിലൊരു 
സാമ്രാജ്യമുയരുന്നു. 

പിന്നെയുമവരുടെ സമരോല്സുകരാം 
കുരുന്നു തലമുറകള്, 
സാഗരവീചികള് മുറിച്ചു മാറ്റി-
ത്തുഴഞ്ഞു പോകുന്നു. 

കടലി൯ നടുവില് പ്രൗഢം പൊരുതിയ 
ചാവേ൪പ്പടയുടെ നേ൪, 
ഒളിയമ്പുകളുടെ തന്ത്രം മെനഞ്ഞു 
സൈന്യ വിന്യാസം! 

കാലം കടന്നുപോകിലുമവരുടെ 
കൂലിപ്പട്ടാളം, 
രാമായണങ്ങളെഴുതാ൯ മഹാ-
രണങ്ങള് ചമയ്ക്കുന്നു.  

എട്ടു്

കനിഞ്ഞു തെളിനീ൪ നിറയും ഗ്രാമ-
ക്കുളങ്ങളിടിയുന്നു,
ഉരുക്കുവാതില്പ്പാളികള്പാകിയൊ-
രമ്പലമുയരുന്നു.

പ്രഭാതനേരത്തുടുപ്പിലമ്പല-
മതീവമനോഹരം,
എങ്കിലുമവിടെസ്സന്യാസികളുടെ 
പല്ലക്കണയുന്നു.

അരാധിക്കാനാശയമില്ലാ-
ത്തവ൪ക്കു നേതൃത്വം! 
-തെളിഞ്ഞ പുഴയോരത്തെക്കുളിരിലൊ-
രാശ്രമമുയരുന്നു.

സ്വ൪ണ്ണത്തൂലിക ചെല്ലക്കൈകളി-
ലണിഞ്ഞ ഗോപികമാ൪, 
തെരുവില്ക്ക്രുഷ്ണ ജയന്തികള് പാടി-
ത്തക൪ത്തു നീങ്ങുന്നു. 

പ്രളയം, ഭൂമിപിടിച്ചു കുലുക്കിടു-
മിടിയുടെ തുടിമേളം, 
ഒറ്റയ്ക്കാലില മേലൊരു ദൈവ-
മൊളിച്ചു കടക്കുന്നു. 

മനുഷ്യ൪ നീട്ടിവിളിച്ചാല്ക്കേള്ക്കാ-
ത്തേതോ വിജനതയില്, 
തങ്കത്താഴിക മണിമേടകളില് 
കൊഞ്ചിക്കുഴയലുകള്.

പള്ളിയുറക്കച്ചടവില്,സ്സുരസു-
ന്ദരിയുടെ പൂമടിയില്, 
സൃഷ്ടിസ്സുസ്ഥിതി സംഹാരങ്ങള് 
തപ്പിത്തടയുന്നു.

അവ൯റ്റെയമ്പലനടയില്ത്തംബുരു 
മീട്ടിയ വിദ്വാന്മാ൪, 
അരയ്ക്കുതാഴെത്തള൪ന്നിരുട്ടില് 
കമ്പികള് കോ൪ക്കുന്നു.

അവ൯റ്റെയറകളിലുറഞ്ഞുതുള്ളി-
ക്കുഴഞ്ഞ കുമാരിമാ൪, 
അഴുക്കുചാലി൯ കരയില്പ്പിന്നവ-
രുറക്കമുണരുന്നു.

ഒരൊറ്റവറ്റും തിന്നാത്തവനവ-
നുച്ചശ്ശീവേലി, 
ഒരൊറ്റകല്ലും കെട്ടാത്തവനായ് 
വെണ്ണക്കല്മാടം.

ഒരൊറ്റമേഘക്കീറും തെളിയാ-
ത്തൊരുനീലാകാശം,
ഒരായിരം പൂത്തിരികള് കത്തി-
ച്ചോമന നക്ഷത്രം.

നൂറുകടല്ക്കാക്കകളുടെ ക്രൌര്യ-
മുറങ്ങും കടല്പ്പുറം, 
നൂറുകണക്കിനു ചാളത്തടികള് 
നിരന്നുറങ്ങുന്നു.

നിറഞ്ഞു സ്നേഹമുല്യ്ക്കും ഹൃദയം 
നീലസമുദ്രം പോല്, 
നിലാവുപൊട്ടിയൊലിച്ചെങ്കിലുമാ 
നിറങ്ങളുലയുന്നു.

പതഞ്ഞുപൊങ്ങിയ കടലല പൊട്ടി-
ച്ചിരിച്ചു പി൯വാങ്ങി:
ഗ്രാമത്തിന്നൊരു ഹൃദയം പണിയു-
ന്നാരു മണല്ത്തരിയാല്?

ഒ൯പതു്

നിശ്ചലഹരിതപ്പുതപ്പിലെണ്ണ-
പ്പനകള്പതറുന്നു, 
വിസ്ത്രുതമാകാശത്തി൯ ചരിവില് 
പറവകള് മറയുന്നു.

വല്ലപ്പോഴും വിളഞ്ഞ വയലി൯ 
മ൪മ്മരമേല്ക്കാനും,
വല്ലപ്പോഴും നിറഞ്ഞ പുഴയുടെ 
മന്ത്രം കേള്ക്കാനും,

നടന്നുപോയിടുമിടവഴിയെല്ലാ-
മിരുട്ടു മൂടുന്നു; 
മാനത്തെക്കനലടുപ്പിലാരോ 
മഞ്ഞു പുരട്ടുന്നു.

കാലത്തി൯റ്റെ കുറുക്കേയോടി-
ക്കാലുകള് കുഴയുമ്പോള്, 
ഒരുതിരയുടെമേലൊരു തിര വന്നെ൯ 
കാലടി കഴുകുന്നു. 

ഒരിക്ക,ലൊഴുകും വഴികള് ചെറുത്തൂ
പാറക്കൂട്ടങ്ങള്, 
തക൪ത്തു പൊങ്ങിയ തലകള് കാലവു-
മോളപ്പാത്തികളും. 

ചരിഞ്ഞു ചെങ്കുത്താം പാറകളില് 
പളുങ്കുമണിചിതറി, 
പതനമുഖത്തെപ്പൊതിയും ചില്ല-
ക്കരങ്ങള് താരാട്ടി,

ഇരമ്പി താഴേയ്ക്കിറങ്ങിയെങ്ങോ 
മറഞ്ഞു ജലപാതം; 
ഇരുന്നു പിന്നെയുമിരുട്ടില് ഞാനാ 
നിലാവെളിച്ചത്തില്.

"കാണുക, കണ്ണു കൊതിയ്ക്കുക, കൈയ്യി-
ലൊതുക്കുക-യതുമാത്രം 
അരുതരു"തെവിടുന്നാരോതുന്നീ-
യനുഭവമന്ത്രങ്ങള്? 

വിശാലവനഭൂമികളും പുഴയും 
വിതച്ച വയലുകളും, 
വിശ്വമുടുപ്പുകള് കഴുകിയുണക്കും 
വിമൂക പ൪വ്വതവും, 

സുതാര്യമാം മഞ്ഞണിഞ്ഞു സുന്ദര 
സുഷുപ്തിയാവുന്നു; 
വിളക്കണച്ചു കിടന്നൂ മാന-
ത്തൊഴുകും മേഘങ്ങള്. 

ഒരൊറ്റ ജീവിതമതുമതിയുലകി൯ 
വെണ്മകള് കണ്ടു മടങ്ങാ൯, 
എങ്കിലുമെന്തിനു കേഴുന്നെ൯മന-
മെല്ലായുഗവും കാണാ൯?1982 ല് ഇതി൯റ്റെ രചന പൂ൪ത്തിയായി. 1984 ല് ബഹു: കേരള ഗവ൪ണ്ണ൪ (ശ്രീമതി. ജ്യോതി വെങ്കട ചെല്ലം) ഇതിനു് കേരള സ൪ക്കാരി൯റ്റെ പ്രസിദ്ധീകരണാനുമതി നല്കി. ഇതിലേയ്ക്കു നയിച്ച സംഭവവികാസങ്ങള് അന്യത്ര ചേ൪ത്തിട്ടുണ്ട്. അല്പ൯മാരും അധികാര ഗ൪വ്വിഷ്ടന്മാരുമായ സ൪ക്കാ൪ ഉദ്യോഗസ്ഥന്മാരുടെ അസഹിഷ്ണ മനോവ്യാപാരങ്ങള് ഇവിടെ പരാമ൪ശിക്കുന്നത് ഉചിതമല്ല.

ഉത്സവലഹരിയെന്ന ഈ പുസ്തകത്തി൯റ്റെ മുഖവുര ഒരു ദീ൪ഘലേഖനമായി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണ്ട്- എഡിറ്റ൪.
  No comments:

Post a Comment