Friday, 4 October 2013

027. കാലം ജാലക വാതിലില്. പി.എസ്സ്. രമേശ് ചന്ദ്ര൯. മലയാളം കവിത.

കാലം ജാലക വാതിലില്

സ്ഥാനമാനങ്ങള്ക്കും അക്കാദമിക്ക് പദവികള്ക്കും പണത്തിനും വേണ്ടി ജനങ്ങളെയും സാമൂഹ്യ പ്രസ്ഥാനങ്ങളെയും പ്രതിബദ്ധതയെയും സ്വന്തം വള൪ച്ച്ചയ്ക്കുപയോഗിക്കുകയും എന്നിട്ട് ഒറ്റരാത്രികൊണ്ട്  കൈയ്യൊഴിയുകയും ചെയ്ത കേരളത്തിലെ സാഹിത്യകാരന്മാരെയും കവികളെയും അഭിസംബോധന ചെയ്യുന്നതാണ് 1981ല് രചിക്കപ്പെട്ട ഈ കവിത- അവരെ മാത്രം അഭിസംബോധന ചെയ്യുന്നത്.

കാലം ജാലക വാതിലില്

പി.എസ്സ്. രമേശ് ചന്ദ്ര൯

ഒന്ന് 

നീലജലത്തിന്നനന്ത വിസ്തൃതി- 
യില്നൂറ്റാണ്ടുകളായ്,
ജീവ൯റ്റെയുള്ത്തുടിപ്പുകള് കതിരി- 
ട്ടുണരും കണികകളായ്, 

ഒഴുകിയ സൂക്ഷ്മശരീരിണികള് ചേ൪- 
ന്നൊരുമിച്ചൊന്നായി; 
മനുഷ്യനെത്ര മനോഹര,നെങ്കിലു- 
മെഴുതാനില്ലൊന്നും.

എ൯റ്റെനാടി൯ പുഴയും പൂക്കളു-
മുത്സവരാത്രികളും, 
നിശബ്ദമാകും വനമദ്ധ്യത്തിലെ 
നീലക്കുയിലുകളും,

വിയ൪പ്പുതുള്ളിയില് മഴവില്ലെഴുതും 
ഗ്രാമപ്പുഞ്ചിരിയും,
വിശുദ്ധ,മെത്ര വിമോഹന,മെങ്കിലു- 
മെഴുതാനില്ലൊന്നും!

രണ്ട്

നിങ്ങള് പൊയ്മുഖമൂരുക, തെരുവുക- 
ളുറക്കമുണരുന്നു;
നിങ്ങള് കണ്ണുകള് കഴുകുക, പുലരി- 
ത്തുടുപ്പു മായുന്നു.

ഞങ്ങള് പണിയും വയലേലകളുടെ 
വസന്തരാത്രികളില്, 
ചാട്ടവാറുകള് ചീറ്റിയ ചോര- 
ച്ചുകപ്പു പടരുന്നു.

ഞങ്ങളുറങ്ങും മണ്കുടിലുകളുടെ 
മന്ദഹാസത്തില്,
കരഞ്ഞുവറ്റിയ കണ്ണി൯കാളിമ 
തുള്ളിത്തൂവുന്നു.

നിങ്ങള് പാദുകമൂരുക, തെരുവുകള് 
തീപ്പൊരി തുപ്പുന്നു;
അച്ഛസ്ഫടിക ജലാശയമല്ലിതു 
വിസ്തൃത മരുഭൂമി.

മൂന്ന്

ഓണപ്പുടവകള് നമ്മുടെയോമന 
ചൂടിയകാലം പോയ്, 
തിരുവാതിരയൂഞ്ഞാലു മറഞ്ഞൂ 
കഴുകുമരങ്ങള്ക്കായ്.

നമ്മുടെ ചുക്കാനൊടിഞ്ഞു, കാല്ക്കലെ 
മണ്ണും മറയുന്നു;
നമ്മുടെ ചുറ്റും നിരന്നു തോക്കുകള് 
തീമഴ ചൊരിയുന്നു.

ചുമലില് തൂങ്ങിയ കിഴവ൯ കൈയ്യുകള് 
ചങ്ങലയാക്കുന്നു;
കാണാതൊന്നും ചൊല്ലാതാരാ- 
ണൊഴുകി നടക്കുന്നു?

ചുറ്റും ചിതയിലെയെരിയും തീയില് 
സത്യം നിങ്ങള് കണ്ടു,
നിങ്ങളുറങ്ങിയുണ൪ന്നതുപോലൊരു 
കനവായന്നും കരുതി.

ഓ൪ക്കുക, നിത്യം കനവി൯ ചിറകില് 
ഒഴുകിനടന്നതു നിങ്ങള്; 
പിന്നിടുമോരോ സീമകളും നീ 
കാലം നിശ്ചലമാകില്.

പണ്ടൊരു വൃദ്ധനഹങ്കാരത്താല് 
യാങ്കികളോടൊരു ചോദ്യം:
"നല്കാമോയീ മണ്ണിനെ മുഴുവ൯, 
രൊക്കം കാശിനു മാത്രം?"

ഇന്നാ വൃദ്ധനു സന്തോഷിക്കാം, 
കുഞ്ഞുകിടാങ്ങളിലൂടെ 
വാങ്ങിയതി൯ഡൃയെ മാത്രവുമ,ല്ലൊരു 
സംസ്കാരത്തെത്തന്നെ.

നിത്യവുമിത്തിരി മത്തുപക൪ന്നാല് 
പോരും ഗാന്ധിജി കൂടെ, 
പിന്നാണോ നട്ടെല്ലുതക൪ന്നെരി-
തീയില്പ്പിടയും ജനത?

അച്ഛ൯ ചെങ്കോല് താഴേയ്ക്കിട്ടാ- 
ലോടിയെടുക്കും മകളും,
മകളുടെ ചെങ്കോല് താനെയൊടിഞ്ഞാ- 
ലവളെത്താങ്ങും മകനും!

പ്റകൃതിയൊരല്പം പ്രതികാരത്തി൯ 
ദാഹം തീ൪ത്തന്നേരം, 
ഒഴുകിനടന്നതു നിങ്ങള്മാത്രം 
ചിന്തകള് ചിറകുകളാക്കി.        

തട്ടിത്തഴുകാ൯ വന്ന കരങ്ങളില് 
മുത്തം നല്കീ നിങ്ങള്,
ചുംബനമേകിയ ചുണ്ടുകളെല്ലാം 
താഴിട്ടന്നവ൪ പൂട്ടി.

ആ൪ത്തുചിരിച്ചൊരു നാവുകളെല്ലാ- 
മരിയാനാജ്ഞകള് നല്കി, 
കണ്ടുകരഞ്ഞൊരു കണ്ണുകളൊന്നും 
കണ്ടീലിനിയൊരു തിങ്കള്.

നാല്

ചുള്ളിയൊടിക്കാ൯ പോയവ൪ തിരികെ-
പ്പോരുന്നില്ലല്ലോ,
പൊന്തക്കാട്ടിലവരുടെ ദേഹം 
കഴുക൯ കൊത്തുന്നു.

കാട്ടുകിഴങ്ങിനു പോയവരെവിടേ
കാണുന്നില്ലല്ലോ,
കാടിന്നുള്ളില്ക്കലാപകാരികള്
യോഗം ചേ൪ന്നത്രെ!

കുടിലില്ക്കുഞ്ഞിനെയാക്കിപ്പോയവ൪
തിരിച്ചു ചെന്നപ്പോള്
കുടിലുകള് കത്തു,ന്നവിടൊരു നീന്തല്-
ക്കുളം വരുന്നത്രെ!

നാലുംകൂടിയ കവലയിലാരോ
ചുവരുകളെഴുതുന്നു,
കുട്ടികള് തെരുവില്പ്പാടിനടക്കു-
ന്നവരുടെ സൂക്തങ്ങള്.

മുഷ്ടിചുരുട്ടി വിളിക്കുന്നാരോ 
മുദ്രാവാക്യങ്ങള്, 
വെടിയുടെയൊച്ചകളുയരു,ന്നാരോ 
ചുമച്ചു തുപ്പുന്നു.

വിളക്കുറങ്ങിയ വീട്ടിന്നുള്ളില്
നെടുവീ൪പ്പുയരുന്നു,
വിശന്നുവീണുതള൪ന്നുമയങ്ങു-
ന്നരുമക്കുഞ്ഞുങ്ങള്.

ഓരോ കുടിലിനുമോരോ കഴുമര-
മുയ൪ന്നു നമ്മള്ക്കായ്,
ഓരോകഴുവിലുമുല്‌ക്കകളാകു-
ന്നോരോ നക്ഷത്രം. 

'കക്കയ'മീവ൯കരയുടെ മിഴിനീ൪-
പ്പുഴയിലെയൊരു കുഞ്ഞോളം; 
കാലം നിശ്ചലമാകില്ലിനിയൊരു
കാലം പിന്നെവരില്ല.

അഞ്ച്

ഞങ്ങടെയോ൪മ്മകള് നന്നാണെങ്കില്
ഓ൪ക്കുന്നുണ്ടൊരു ഗാനം,
സിന്ധുവില് ഗംഗയില് യമുനയിലിന്നുമ-
തലകള് പാടുന്നു:

"ഞങ്ങളുമില്ലാ നിങ്ങളുമില്ലാ
നമ്മള്- നമ്മള് മാത്രം,
നമ്മുടെതല്ലോ ഭാരത;മൊഴുകും
കണ്ണീരൊപ്പുക നിങ്ങള്."

പാതിമറഞ്ഞൊരു പാവംദേഹം
പാടിമറഞ്ഞാ ഗാനം,
കാലത്തി൯തേ൪ നീങ്ങിടുമൊച്ചയി-
ലാണ്ടുകിടന്നാ ഗാനം.     

ഒക്ടോബറുകള് വരുമ്പോള് മാത്രം 
നിങ്ങളതോ൪ക്കുന്നു,
സാമ്രാജ്യത്വം കെട്ടിയചങ്ങല-
യണിയും ഞങ്ങളെയും.

കപ്പലില് വന്നൊരു സാമ്രാജ്യത്വം
വാരിയെറിഞ്ഞൊരു മുത്തും,
പവിഴവുമെല്ലാം ചെപ്പിലൊതുക്കി-
പ്പറന്നു നിങ്ങളകന്നു.

കണ്ടില്ലാരും ദില്ലീഗേറ്റുകള്
കത്തിക്കാളിയതും,
ജാംഷഡ്പൂരിലെയുരുക്കുചൂളകള്
കരിഞ്ഞൊതുങ്ങിയതും.

ഈദി൯ചോര മണക്കുംമണല്പ്പു-
റങ്ങളു,മലിഗാറും
-പതഞ്ഞു പോങ്ങുന്നോ൪മ്മയിലവരുടെ-
യന്ത്യനമസ്ക്കാരം.

തിരിഞ്ഞു നോക്കുക ചരിത്രമെഴുതിയ
ചെങ്കല്ച്ചുവരുകളില്,
സുവ൪ണ്ണ സിംഹാസനങ്ങളല്ല,
-ശവക്കുഴി കാക്കുന്നു.

ആറ്

ഞങ്ങള്ചോരവാറ്റിനനയ്ക്കും
പഴനിലമൊരുനാളില്,
സ്വന്തമാകുമെന്നു പറഞ്ഞവ-
രെവിടെപ്പോയീനി?

ഞങ്ങള് വയലോരങ്ങളിലെങ്ങും
വെള്ളപ്പ്രാവുകള്ത൯,
മാനിഷാദ മന്ത്രംകേള്ക്കാ൯
കാത്തുനിന്നീനി.

തടവറകള് നൂറായിരങ്ങളി,
ലൊഴുകും ചുടുചോര
പുഴകള് തീ൪ക്കേ പുറത്തു നി൯ടെ
പാട്ടും കേട്ടീനി.

ഭയന്നു പോയൊരു തലമുറ ശ്വാസം-
വിടാ൯ ഭയക്കുന്നു,
പടുത്തുയ൪ത്തുവതെങ്ങനെയവ൪ക്കു
പാ൪ക്കാനൊരു രാഷ്ട്രം?

ഏഴ്

നീലനിലാവും തിങ്കള്ക്കലയും
മുഖം മിനുക്കുമ്പോള്,
നിശ്ചലമാകും കുളത്തിലാരോ
കല്ലുകളെറിയുന്നു.

തൊടികളിലന്തിത്തിരികള് തെളിയ്ക്കും
ഗ്രാമപ്പുളകങ്ങള്,
-നിങ്ങള് നിങ്ങടെ നീലക്കണ്ണാ-
ലവരെത്തഴുകല്ലേ.

കത്തുന്നണയാ,തരുണോജ്ജ്വലമൊരു
വസന്ത കാലത്തി൯
പ്രതീക്ഷ;യാളിക്കത്തുന്നങ്ങി-
ങ്ങഗ്നിസ്ഫുലിംഗങ്ങള്.

പടരും പുതിയ പ്രകാശകരങ്ങള്
പരത്തും ചോരച്ചൂരി൯,
ശക്തിനുക൪ന്നീ നിദ്രകുടഞ്ഞെഴു-
നേല്ക്കുക വേഗം നിങ്ങള്.

തൂലിക ചൂടിയ കൈകളിലെല്ലാം
പടവാളേന്തുക നിങ്ങള്,
ശക്തമൊരായുധമത്രേ ജീവിത-
മേന്തുക വാളായ്ക്കൈയ്യില്.

ജഢത്വഭാരം പേറിയ ജീവിക-
ളൊന്നൊന്നായെല്ലാം,
മണ്ണടിഞ്ഞപ്പോഴും മനുഷ്യ-
നമരത്വം നല്കാ൯,

മഞ്ഞില് മഴയില് പ്രചണ്ഡമാരുത-
നലറും പ്രളയത്തില്,
അന്യം വരാതെയോരോ തലമുറ
കടന്നു കൈമാറി,

കൈയ്യില്ക്കിട്ടിയ ജീവിതമായുധ-
മാക്കിയൊരുങ്ങീനോ;
കരളിലുറച്ച കിനാവിലുരച്ചതു
മൂ൪ച്ച വരുത്തീനോ.

മഞ്ഞിനെ വെട്ടാനല്ലീവാള്,
വരിവണ്ടിനെയോങ്ങാനല്ല,
സാമ്രാജ്യത്വം കെട്ടിയുയ൪ത്തിയ
കോട്ടകള് തട്ടിനിരത്താ൯.

നമ്മുടെ മുന്നിലുയ൪ന്നുവരുന്നൊ-
രിരുട്ടി൯ കോട്ടകളാകെ,
ആഞ്ഞുതക൪ത്തീ നാടി൯മോചന-
മാരംഭിക്കാറായി.

അണിയണിയായുയരട്ടെ നിരന്നീ-
യാസാദി൯ പുതുമന്ത്രം:
“ആയിരമായുധമല്ലാ വേണ്ടതൊ-
രായിരമാളുകള് വേണം.

ഒന്നിച്ചൊരുമിച്ചലറിയടുത്തൊരു
വ൯തിരയായ് നാം ചെന്നാല്,
കാലത്തിന്ടെ മണല്ത്തട്ടുകളില്
ഞാഞ്ഞൂല് മണ്ണിലൊളിക്കും.

ഒരുചെറുകാറ്റായ് നമ്മളുയ൪ന്നൊരു
വ൯കാറ്റായ്ച്ചെന്നാലോ,
സംസ്ക്കാരത്തിരുമുറ്റമഴുക്കും
കരിയില വിണ്ണിലൊളിക്കും.

ഒരുചുടുകാറ്റായുയരുക നമ്മള് 
കരിയിലക്കാടിനു ചുറ്റും,
ഒരുവ൯തിരയായ്‌പ്പടരുക നമ്മള്
കളിമണ്തുരുത്തിനു ചുറ്റും.”  


കുറിപ്പു്

സ്ഥാനമാനങ്ങള്ക്കും അക്കാദമിക്ക് പദവികള്ക്കും പണത്തിനും വേണ്ടി ജനങ്ങളെയും സാമൂഹ്യ പ്രസ്ഥാനങ്ങളെയും പ്രതിബദ്ധതയെയും സ്വന്തം വള൪ച്ച്ചയ്ക്കുപയോഗിക്കുകയും എന്നിട്ട് ഒറ്റരാത്രികൊണ്ട്  കൈയ്യൊഴിയുകയും ചെയ്ത കേരളത്തിലെ സാഹിത്യകാരന്മാരെയും കവികളെയും അഭിസംബോധന ചെയ്യുന്നതാണ് 1981ല് രചിക്കപ്പെട്ട ഈ കവിത- അവരെ മാത്രം അഭിസംബോധന ചെയ്യുന്നത് - എഡിറ്റ൪.
No comments:

Post a Comment