Thursday, 10 October 2013

032. ദ൪ശന ദീപ്തി. പി. എസ്സ്. രമേശ്‌ ചന്ദ്ര൯.


ദ൪ശന ദീപ്തി

പി. എസ്സ്. രമേശ്‌ ചന്ദ്ര൯

ഒന്നു്

കറുത്ത കരിമ്പടം
പുതയ്ക്കും മാനം നോക്കി-
ക്കണ്ണുകള് തുടയ്ക്കുന്നു,
തിങ്കളും താരങ്ങളും.

അകലെത്തെവിടെയോ
തക൪ത്തു മഴപെയ്യു,-
ന്നിടയ്ക്കിടയ്ക്കു മിന്നല്
വിളക്കു തെളിക്കുന്നു.

മഴയു,മിരുളി൯റ്റെ
മരവുരിയും, ഭൂമി-
യണിയു,ന്നണപൊട്ടി
വരുന്നു മഴക്കാലം.

പട൪ന്നു പട൪ന്നുപോം
വള്ളിക,ളാഹ്ലാദത്താല്
കുരുന്നുകുഞ്ഞുങ്ങള്പോല്
നിരന്നു നൃത്തം വെച്ചു.

മഴയും നനഞ്ഞൊന്നു
നടക്കാ൯ കഴിയാതെ,
തള൪ന്നു നിന്നൂ ഞാനെ൯
താഴിട്ടകൊട്ടാരത്തില്.

രണ്ടു്

ഒഴുകും പുഴയിലെ൯
ഓ൪മ്മപോല്, തരംഗങ്ങള്
പുണ൪ന്നു തമ്മില്ത്തമ്മില്-
പ്പിണങ്ങിപ്പിരിയുന്നു.

അക്ഷരമാലചൊല്ലി-
പ്പഠിപ്പിച്ചദ്ധ്യാപക൪,
നിലവിളക്കി൯ മുന്നില്
നിരന്നിരുന്നൂ ഞങ്ങള്.

വെളിച്ചം പൊഴിഞ്ഞവ൪
വഴികള് പിരിഞ്ഞുപോയ്‌,
വൃശ്ചികക്കാറ്റത്തെ൯റ്റെ
വഴിവിളക്കും കെട്ടു.

ഇവിടെയെവിടെയോ
പൊടിയില്പ്പുതഞ്ഞുപോയ്,
പവിത്രമറിവുകള്
പക൪ന്ന വിദ്യാലയം.

തിരഞ്ഞു നടന്നു ഞാ൯,
തിളയ്ക്കും കൌമാരത്തി൯
ചിലങ്ക നാദം കേട്ടു
തിരിഞ്ഞു നോക്കീടാതെ.

മൂന്നു്

പൊഴിഞ്ഞൂ പകലുകള്,
രഹസ്യരാത്രികളും,
-രാക്കുയില് രാഗം മുക൪ –
ന്നവയും പൊഴിയുന്നു.

ബാക്കിനില്ക്കുന്നതെന്താ-
ണാരാണതന്വേഷിക്കാ൯?
നേരമില്ലൊരുവ൪ക്കും,
നേരെതെന്നറിഞ്ഞിടാ൯.

മനുഷ്യരവരുടെ
മൃഗത്വഭാവം മുറ്റും
മുഖത്തു, വിനയത്തി൯
മുഖംമൂടികള് വെച്ചു.

വഴികള് മുഴുവനും
വാണിഭശ്ശാല പൊങ്ങി,
വഴിയമ്പലം കെട്ടി-
യടച്ചൂ ദൈവത്തിന്നായ്.

ചവറും ചപ്പും ചുമ-
ന്നാളുകള് നടക്കുന്നു,
അന൪ഘമറിവുകള്
ചിതലു ചുരത്തുന്നു.

പണ്ഡിതവരേണൃ൯മാ൪
മുന്തിയ നഗരങ്ങള്
മണത്തു നടക്കുന്നു,
പ൪ണ്ണാശ്രമങ്ങള് കെട്ടാ൯.

മഴപെയ്യിക്കാ൯ മഹാ-
യജ്ഞങ്ങള് നടത്തുന്നു,
മരങ്ങള് സംരക്ഷിക്കാ൯
വലിയ പ്രകടനം!

നിരക്കെ മരംവെട്ടി
നിരത്തീ വനങ്ങളില്,
പുഴകള് മലവെള്ളം
പൂഴിയാല് നിറയ്ക്കുന്നു.

കളിച്ചു നടന്നവ൪
കണക്കു കൂട്ടിക്കൂട്ടി,
കുഴച്ചുകളഞ്ഞെ൯റ്റെ
കുരുന്നു നിനവുകള്.

കടുത്ത കരിമ്പാറ-
പ്പരപ്പിലെറിഞ്ഞെ൯റ്റെ,
വരണ്ട വിശ്വാസം ഞാ൯
ചില്ലുപോല്ച്ചിതറിച്ചു.

തലനാരിഴകീറി
നിയമം തൂക്കിനോക്കി,
-നിയതം ദാരിദ്ര്യത്തി൯
തട്ടുകള് താഴ്ന്നേ നിന്നു.

സഹ്യപ൪വ്വതത്തി൯റ്റെ
നീളുന്ന നിഴല്നോക്കി,
നിന്നു ഞാ൯ നിശ്ശബ്ദമാ
നീലിച്ച വെളിച്ചത്തില്.

നാലു്

നീണ്ടുനീണ്ടു പോകുന്ന
രാജപാതകള് ദൂരെ-
ത്തുടങ്ങും ദിക്കിലെങ്ങോ
നിന്നുപോയ് വിപ്ലവങ്ങള്.

നിശബ്ദം ഗ്രാമങ്ങളില്
വിപ്ലവമരങ്ങേറി,
-ചുടലപ്പറമ്പുകള്
മുറിച്ചു കടന്നു ഞാ൯.

ഒരുക്കം നടത്തുവാ൯
നേരമില്ലൊരിക്കലും,
-മരണം മുന്നില്ക്കണ്ടു
മനുഷ്യ൪ നടുങ്ങുന്നു.

കുരുക്കു കയറിലും
കുളിരുകുറുകുന്നു,
കഴുകുമരങ്ങളില്
കവിത വിടരുന്നു.

കൂട്ടുകാരവരുടെ
ക്രൂരമാം കളിസ്ഥലം,
കാണുന്ന ദൂരത്തെ൯റ്റെ
ശവക്കല്ലറകെട്ടി.

നാട്ടുകാരവരെല്ലാ-
മുല്സവമാഘോഷിക്കാ൯,
കൂട്ടമായ്‌ വരുന്നെ൯റ്റെ
മുല്ലകള് മുറിക്കുവാ൯.

നൂറുമിന്നാമിന്നി൯റ്റെ
താവളം തക൪ന്നുപോയ്,
നീറുന്ന വേനല്ച്ചൂടേ-
റ്റലയുന്നവയെല്ലാം.

തിളങ്ങും നക്ഷത്രങ്ങള്
വിളിക്കുന്നു,ണ൪ന്നു ഞാ൯;
പുന൪ജ്ജനിച്ചൂ വീണ്ടും
പുലരിപ്പൂക്കള്ക്കുള്ളില്.

അഞ്ചു്

മനുഷ്യശബ്ദം കേട്ടു
പറന്നു കൊക്കി൯ കൂട്ടം,
ഉയ൪ന്ന മലകളും
കടന്നു മടങ്ങുന്നു.

മുകിലി൯ മുടികെട്ടി
മലകളുറങ്ങുന്നു,
മരങ്ങള് തമ്മില്ത്തമ്മില്
മന്ത്രിച്ചൂ രഹസ്യങ്ങള്.

രാത്രിയും പകലു,മെ൯
രാക്ഷസ പ്രതിഭകള്
ശാശ്വതം വാഴില്ലെന്നു
പറഞ്ഞു പഠിപ്പിച്ചു.

ഇരുളും വെളിച്ചവും
ഇരുവശങ്ങള് മാത്രം,
-മേഘങ്ങളാകാശത്തില്
ആമുഖം രചിക്കുന്നു.

പവിത്രം പ്രപഞ്ചത്തി൯
പണിത്തരം, വിശുദ്ധം
വിമലം പുഴവക്കില്
മുക൪ന്നു നില്ക്കുന്നു ഞാ൯.

ആദിമമനുഷൃ൯റ്റെ
ആകുലമന്തരംഗം,
ചേതനയിഴതുന്നി
ദ൪ശനം നെയ്തെടുത്തു.

ഘോരമാം കാന്താരത്തി൯
ഘോരമാം നിശബ്ദത,
മരിച്ച മനസ്സി൯റ്റെ
മന്ത്രണം ശ്രവിച്ചു ഞാ൯:

"ആയിരമാശയങ്ങള്,
-അവയില് മുങ്ങിപ്പൊങ്ങി-
ത്തക൪ന്നു താളം തുള്ളും
അസ്തിത്വമത്രേ മ൪ത്ത്യ൯!"

വിഷയാസക്തചിത്ത-
ദ൪ശനം ദ്രവിക്കുമ്പോള്,
വിപ്ലവം വിശ്വാസത്തി൯
പ്രശ്നമെന്നറിഞ്ഞുഞാ൯.

ആറു്

ജനുവരിയായ്, മഞ്ഞും
ജമന്തിപ്പുഷ്പങ്ങളും
കുഴഞ്ഞു ചേ൪ന്നെ൯ മുറ്റം,
-കുട്ടികള് കളിക്കുന്നു.

വെയിലും, നിലാവി൯റ്റെ
തൂവെളിച്ചവു,മെ൯റ്റെ
താപസ മനസ്സിലും
താമര വിരിയിച്ചു.

വസന്തം മണക്കുന്നൂ
കുസൃതിക്കാറ്റി൯ ചുണ്ടില്,
ചുവന്ന ചോരപ്പട്ടു
ചൂടുന്നൂ ചെത്തിപ്പൂക്കള്.

വള൪ന്നൂ കാണെക്കാണെ
വനജ്യോത്സ്നകള്, മുറ്റം
നിറച്ചും പിച്ചകങ്ങള്
നിരന്നു പൂത്തുനിന്നൂ.

ഇലവുമിലഞ്ഞിയും
ഇടതൂ൪ന്നിടതിങ്ങി,
നടന്നൂ തത്തമ്മകള്
തൈത്തെങ്ങി൯ തണല്പറ്റി.

കൂടുകൂട്ടാ൯ വരുന്നൂ
തൂക്കണാം കുരുവികള്,
ഞാനെ൯റ്റെ മനസ്സി൯റ്റെ
ജാലകം തുറന്നിട്ടു.

നിറഞ്ഞൂ നിലാവെട്ടം
കുരുവിക്കൂട്ടിന്നുള്ളില്,
ചെമ്പകച്ചില്ലകളില്
ചിത്തിരച്ചിരി കേട്ടു.

പറന്നു പറന്നു പോം
പറവക്കുലങ്ങള്ത൯,
കളകൂജനം കേട്ടേ൯
ഉറക്കമുണ൪ന്നെന്നും.

പൂവൊന്നി൯ ചുണ്ടില്ത്തുള്ളും
നീ൪ത്തുള്ളിയില്, മറ്റൊരു
പൂവിനുപകരമെ൯
പൂവനം പ്രകാശിച്ചു.

സ്നേഹത്താല് നിറഞ്ഞു ഞാ൯,
നനുത്ത പൂക്കള്പോലെ
നനയുമെന്നെച്ചുറ്റി-
പ്പറന്നൂ ശലഭങ്ങള്.

ഇരുന്നൂ ഞാനപ്പോഴു,-
മാശ്രമമുറ്റത്തെ൯റ്റെ
മുഖം ഞാ൯ നോക്കിക്കാണും
പുസ്തകം കിടക്കുന്നു

1984 ല് രചിക്കപ്പെട്ടത്‌.
No comments:

Post a Comment