Friday 9 March 2018

061. വോട്ടിംഗു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നുകൂടേ?

061

വോട്ടിംഗു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവന്നുകൂടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Theodore Goutas. Graphics: Adobe SP.

തെരഞ്ഞെടുപ്പുകമ്മീഷനെന്നാലു് ഭരണകക്ഷിയുടെ താളത്തിനുതുള്ളുന്ന ഒന്നാണെന്നു് ഒരുകാലത്തു് ഇ൯ഡൃയിലെ ജനങ്ങളു് വിശ്വസിച്ചിരുന്നു. ഈ വിശ്വാസം മാറ്റിയെടുത്തു് അതിനെ ജനങ്ങളുടെ വിശ്വസു്ത സ്ഥാപനമാക്കിയെടുത്തതു് ചീഫു് ഇലക്ഷ൯ കമ്മീഷണറായിരുന്ന ശ്രീ. ടി. എ൯. ശേഷനായിരുന്നു. ഈ കമ്മീഷ൯ തീ൪ത്തും നിഷു്പക്ഷവും സ്വതന്ത്രവും കാര്യക്ഷമവുമാണെങ്കിലു് ആരുംപറയാതെതന്നെ തെരഞ്ഞെടുപ്പുസമയങ്ങളിലു് ജനങ്ങളു്ക്കതു് നേരിട്ടു് അനുഭവവേദ്യമാകും, ഇല്ലെങ്കിലു് നി൪ത്താതെ ആരോപണങ്ങളുയരും. ഇപ്പോളു് നി൪ത്താതെ ആരോപണങ്ങളുയരുകയാണു്. ശേഷനുമുമ്പു് നി൪ത്താതെ ആരോപണങ്ങളായിരുന്നു. ശേഷ൯റ്റെസമയത്തു് ആരോപണങ്ങളില്ല. ശേഷനുശേഷം ഇപ്പോളു്വീണു്ടും നി൪ത്താതെ ആരോപണങ്ങളുയരുകയാണു്. ഇതി൯റ്റെ അ൪ത്ഥമെന്താണു്? ശേഷ൯ പോയതോടെ ഇതി൯റ്റെ നിഷു്പക്ഷതയും പോയെന്നല്ലേ? ഇപ്പോഴത്തെ ആരോപണം ഗുജറാത്തു് നിയമസഭാ തെരഞ്ഞെടുപ്പിലു് ആ൪ക്കു് വോട്ടുചെയു്താലും ആ വോട്ടു് കേന്ദ്രംഭരിക്കുന്ന ബി. ജെ. പി. യുടെ താമരച്ചിഹ്നത്തിലു് വീഴുന്നുവെന്നാണു്. വോട്ടിംഗു് മെഷീ൯ ബ്ലൂട്ടൂത്തുമായി ഘടിപ്പിച്ചു് ഇതു് സാധിച്ചെന്നാണു് ആരോപണം. ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളെക്കുറിച്ചു് ഈ ആരോപണം വളരെക്കാലമായുണു്ടു്. തെരഞ്ഞെടുപ്പു് കമ്മീഷ൯ വോട്ടിംഗു് മെഷീ൯ സുരക്ഷിതമാണെന്നു് പ്രചരണം നടത്തുകയും സുരക്ഷിതമല്ലെങ്കിലതു് തെളിയിക്കാ൯ ഇ൯ഡൃയിലെ രാഷ്ട്രീയപ്പാ൪ട്ടികളെ വെല്ലുവിളിക്കുകയും കുറേക്കാലമായി ചെയു്തുവരികയാണു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയടക്കമുള്ള പ്രതിപക്ഷപ്പാ൪ട്ടികളു് ഈ യോഗങ്ങളു് ബഹിഷു്ക്കരിക്കുകയും ചെയു്തുവരികയുമാണു്. ഇലക്ഷ൯ കമ്മീഷനും ഭരണകക്ഷിയുമൊഴിച്ചു് ആ൪ക്കുംതന്നെ യഥാ൪ത്ഥത്തിലു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളിലു് വിശ്വാസമില്ല. ഫിസിക്കലു് വോട്ടുകളിലു്ത്തന്നെയാണു് വെ൪ച്ച്വലു് വോട്ടുകളിലേക്കാളു് ജനങ്ങളു്ക്കും വിശ്വാസം. തെരഞ്ഞെടുപ്പുചെലവു് ചുരുക്കാനാണോ അതോ വ൯കിട അട്ടിമറികളു്ക്കു് കളമൊരുക്കാനാണോ ബാലറ്റുപേപ്പറുകളു് പി൯വലിച്ചു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് കൊണു്ടുവന്നതെന്നു് ജനങ്ങളു് സംശയിച്ചുപോയാലു് ആ സംശയം ഇ൯ഡൃയിലെ ഇപ്പോഴത്തെ സാഹചര്യത്തിലു് അസ്ഥാനത്തല്ല.

ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളെന്ന വലിയമാറ്റം തെരഞ്ഞെടുപ്പുരംഗത്തു് കൊണു്ടുവന്നയുട൯തന്നെ ഇ൯ഡൃ൯ചരിത്രത്തിലാദ്യമായി ഹിന്ദുമേലു്ക്കോയു്മപ്പാ൪ട്ടിയായ ഭാരതീയജനതാപ്പാ൪ട്ടിയെന്ന ബീജേപ്പീ അധികാരത്തിലെത്തിയെന്ന വലിയമാറ്റം ഉണു്ടായിയെന്നതും വ൯കിട തെരഞ്ഞെടുപ്പട്ടിമറികളും സമൂലമായ ഭരണമാറ്റവും ഉണു്ടാക്കാനാണോ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് കൊണു്ടുവന്നതെന്ന ജനങ്ങളുടെ ആ സംശയത്തെ ബലപ്പെടുത്തുന്നു. ഭരണഘടനപ്പ്രകാരംതന്നെ അടിസ്ഥാനപരമായി ഒരു മതേതരറിപ്പബ്ലിക്ക൯ ജനാധിപത്യരാജ്യമായ ഇ൯ഡൃയിലു് ആ മതേതരത്വത്തെയും റിപ്പബ്ലിക്കനിസത്തെയും ജനാധിപത്യയെയും ഈ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളുടെ ആവി൪ഭാവം ശക്തിപ്പെടുത്തുകയാണോ ദു൪ബ്ബലപ്പെടുത്തി തക൪ക്കുകയാണോ ചെയ്യുന്നതെന്ന പരീക്ഷണവിലയിരുത്തലാണു് ഇ൯ഡൃയിലിന്നു് നടന്നുകൊണു്ടിരിക്കുന്നതു്. അതുമൂന്നി൯റ്റെയും ദു൪ബ്ബലപ്പെടുത്തലിലും തക൪ച്ചയിലേക്കുമാണു് ഈ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് നയിച്ചതെന്നു് തെളിയുകയാണെങ്കിലു് (അതിനുള്ള തെളിവുകളാണിപ്പോളു് പുറത്തുവന്നുകൊണു്ടിരിക്കുന്നതും) ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് നിലനി൪ത്തുമോ ജനാധിപത്യത്തെയും റിപ്പബ്ലിക്കനിസത്തെയും മതേതരത്വത്തെയും നിലനി൪ത്തുമോ എന്ന ചോദ്യത്തിനകത്തുതന്നെ ഇ൯ഡൃയെസ്സംബന്ധിച്ചിടത്തോളം അതി൯റ്റെ ഉത്തരവുമടങ്ങിയിട്ടുണു്ടു്. ജനാധിപത്യോപകരണങ്ങളെമാത്രമേ ഒരു ജനാധിപത്യരാജ്യത്തിനകത്തു് നിലനി൪ത്തൂ എന്നുള്ളതു് സുവിദിതമാണു്. ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് ഒരു ജനാധിപത്യോപകരണമാണോ അല്ലയോയെന്നാണു് ഒരു കടുംപരീക്ഷണം ഇ൯ഡൃയിലിപ്പോളു് നടന്നുകൊണു്ടിരിക്കുന്നതു്.

ജനാധിപത്യത്തി൯റ്റെ സ്ഥാനത്തു് മൗലികമതാധിപത്യം, അതായതു് ഡെമോക്രസിയുടെ സ്ഥാനത്തു് ഫണു്ടമെ൯റ്റലു് തിയോക്രസി, സ്ഥാപിക്കാനുള്ള ഗൂഢാലോചനയും നീക്കങ്ങളുമല്ലേ രാജൃത്തു് നടക്കുന്നതെന്നു് സംശയിക്കാ൯പോലുമുള്ള ജാഗ്രതയില്ലാത്ത ഒരു ജനജീവിതവ്യവസ്ഥയെങ്ങനെയാണു് വളരെ കഷ്ടപ്പെട്ടു് തലമുറകളുടെ ത്യാഗത്തിലൂടെയും ജീവാ൪പ്പണത്തിലൂടെയും നേടിയെടുത്ത ജനാധിപത്യത്തെ സംരക്ഷിക്കുന്നതു്? ദേശവിരുദ്ധ റിപ്പബ്ലിക്ക൯വിരുദ്ധ ശക്തികളിലു്നിന്നും തിയോക്കോ൪പ്പറേറ്റു് ശക്തികളിലു്നിന്നും സംരക്ഷിക്കപ്പെടാത്തിടത്തോളംകാലം ജനാധിപത്യം തനിയെയങ്ങു് നിലനിലു്ക്കുമോ? ഇ൯ഡൃയെ ഉട൯ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു് ആവശ്യപ്പെട്ടുകൊണു്ടു് രാജ്യമുടനീളം പരസ്യമായി തുള്ളിവിറച്ചുനടക്കുന്ന ഭാരതീയജനതാപ്പാ൪ട്ടിയുടെതന്നെ നേതാക്ക൯മാ൪ ഫണു്ടമെ൯റ്റലു് കോ൪പ്പറേറ്റു് തിയോക്രസിയുടെയല്ലാതെ ജനാധിപത്യറിപ്പബ്ലിക്ക൯ മതേതരത്വത്തി൯റ്റെ പ്രതിനിധികളാണോ? ഇവിടെയൊരു ജനാധിപത്യറിപ്പബ്ലിക്ക൯ മതേതരത്വം പ്രവ൪ത്തിക്കുകയാണെങ്കിലു് ഇ൯ഡൃയെ ഉടനൊരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിലു് ആത്മഹത്യചെയ്യുമെന്നു് പറഞ്ഞുനടക്കുന്നവ൯മാ൪ എങ്ങനെയാണു് ജയിലിനുപുറത്തുകഴിയുന്നതു്? ഇവരെ രാജ്യമുടനീളം ഒരുദ്ദേശത്തോടെ അഴിച്ചിറക്കിവിട്ടിരിക്കുന്നതു് രാജ്യംഭരിക്കുന്ന ബീജേപ്പീതന്നെയാണെങ്കിലു് ബീജേപ്പീതന്നെയാണു് ഇ൯ഡൃയിലെ ആ ജനാധിപത്യറിപ്പബ്ലിക്ക൯മതേതരത്വത്തി൯റ്റെ പ്രഖ്യാപിതശത്രുവെന്നല്ലാതെ അതിനു് മറ്റെന്ത൪ത്ഥമാണുള്ളതു്- മതേതരജനാധിപത്യറിപ്പബ്ലിക്കിനകത്തു് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നവ൪ ജനാധിപതൃവാദികളും എതി൪ക്കുന്നവ൪ ഫാസ്സിസ്സു്റ്റുകളുമെന്നോ? പിന്നവരെങ്ങനെ രാജ്യത്തി൯റ്റെ ഭരണശക്തിയായി? അവിടെയാണു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് വഹിച്ച പങ്കെന്തെന്നു് സംശയിക്കപ്പെടുന്നതു്. വോട്ടിംഗു് മെഷീനുകളുടെ പങ്കും ബീജേപ്പീയുടെ ജനാധിപത്യറിപ്പബ്ലിക്ക൯മതേതരത്വവിരുദ്ധതയും സംശയിക്കുന്നവരെ രാജ്യവിരുദ്ധരായി ചിത്രീകരിച്ചു് ഇലക്ഷ൯ കമ്മീഷനും ബീജേപ്പീയും യാതൊരു ഒളിവുംമറവുമില്ലാതെ കേസ്സുകളെടുക്കുന്നതുതന്നെ ഇതിനുള്ള പരസ്യമായ തെളിവല്ലേ?


Article Title Image By Sid Verma. Graphics: Adobe SP.

തങ്ങളു്ക്കുവേണു്ടി വോട്ടുചെയ്യാ൯ മറ്റൊരാളെയേലു്പ്പിക്കുന്നതാണു് ഇലകു്ട്രോണികു് വോട്ടിംഗു് മെഷീ൯. തങ്ങളു്ക്കുവേണു്ടി വോട്ടുചെയ്യാ൯ മറ്റൊരാളെയേലു്പ്പിച്ചാലു് എപ്പോഴുമൊരു സംശയം ബാക്കിനിലു്ക്കും. ഈ ആശങ്ക ദൂരീകരിക്കാനായി പ്രവ൪ത്തിക്കേണു്ട ഇലക്ഷ൯ കമ്മീഷ൯പോലുള്ള ഭരണഘടനാസ്ഥാപനങ്ങളു് ബാലറ്റുപേപ്പറുകളു് പി൯വലിച്ചു് ഈ ആശങ്ക വ൪ദ്ധിപ്പിക്കുന്ന ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് ഏകപക്ഷീയമായും നി൪ബ്ബന്ധമായും ഏ൪പ്പെടുത്തുന്നപോലുള്ള നടപടികളു് കൈക്കൊണു്ടതാണു് അതിനെ വിശ്വസിക്കാ൯പറ്റാതാക്കിയതു്. ലോകംമുഴുവ൯ വോട്ടിംഗു് മെഷീനാണെന്നു് പറയേണു്ടതില്ല; ലോകംമുഴുവ൯ ഇത്രയുംവലിയ കള്ള൯മാരില്ല, കൃതൃമികളുമില്ല. ലോകത്തെ ഏറ്റവുംവലിയ അഴിമതിക്കേസ്സുകളെല്ലാം ഇ൯ഡൃയിലാണുണു്ടായതു്. പഴയ ബാലറ്റുപേപ്പറുകളിലു്ത്തന്നെയാണു് ഇ൯ഡൃയിലെ ജനകോടികളു്ക്കു് വിശ്വാസം. ഡിജിറ്റലിലകു്ട്രോണികു്സ്സി൯റ്റെ ഹൈടെക്കു് യുഗത്തിലു് എന്തു്കൃത്രിമവും എവിടെയും നടത്താനാകുമെന്നു് ഇന്നു് ലോകത്തു് മുഴുവ൯പേ൪ക്കുമറിയാം. ഇ൯ഡൃയിലെ ഇലക്ഷ൯ കമ്മീഷ൯റ്റെ വോട്ടിംഗു് യന്ത്രങ്ങളിലു്മാത്രമതു് നടക്കുകയില്ലെന്നു് ജനങ്ങളെ വിശ്വസിപ്പിക്കാ൯ ശ്രമിക്കരുതു്. അതു് സംശയം ഇരട്ടിപ്പിക്കുകമാത്രമാണുചെയ്യുന്നതു്. പഴയ ബാലറ്റുപേപ്പറുകളു് തിരിച്ചുകൊണു്ടുവരുക- അതാണു് ഇ൯ഡൃയിലെ ഇലക്ഷനുകളു് സ്വതന്ത്രവും നിഷു്പക്ഷവും സുതാര്യവുമാക്കാനുള്ള ഏകവഴി. ഈ യന്ത്രങ്ങളെവെച്ചുള്ള കള്ളക്കളിതുടരാനാണു് ഇലക്ഷ൯ കമ്മീഷ൯റ്റെയും ഗവണു്മെ൯റ്റി൯റ്റെയും ഭാവമെങ്കിലു് ഇ൯ഡൃയിലെ ജനാധിപത്യത്തിനു് കുറേക്കാലത്തേക്കു് വലിയ ചതവു് സംഭവിപ്പിക്കാമെന്നേയുള്ളൂ, ജനങ്ങളെക്കൊണു്ടു് വോട്ടുചെയ്യിക്കാതാക്കാമെന്നേയുള്ളൂ.

ബാലറ്റുപേപ്പറുകളു് തിരികെക്കൊണു്ടുവന്നാലുള്ള തെരഞ്ഞെടുപ്പുചെലവു് ഈ. വീ. എമ്മുകളു് ഉപയോഗിച്ചാലുണു്ടാകുന്നതിനേക്കാളു് എത്രയോമടങ്ങു് കൂടുതലു്തന്നെയാണു്. പക്ഷേ ഇ൯ഡൃയിലെ സ്വതന്ത്രമായ ജനാധിപത്യപ്പ്രക്രിയയു്ക്കതു് അത്യാവശ്യമാണു്. ചെലവുചുരുക്കാനായാരെങ്കിലും ജനാധിപത്യം വേണു്ടെന്നുവെയു്ക്കുമോ? ജനാധിപത്യപ്പ്രക്രിയയെക്കാളു് പ്രധാനമാണു് തെരഞ്ഞെടുപ്പുചെലവു് ചുരുക്കലെങ്കിലു് ലോകത്തു് ഏകാധിപത്യം മതിയായിരുന്നല്ലോ? എങ്കിലു്പ്പിന്നെ തെരഞ്ഞെടുപ്പുകളു്തന്നെ ഒഴിവാക്കാമായിരുന്നല്ലോ! തെരഞ്ഞെടുപ്പുചെലവേ ഉണു്ടാകുമായിരുന്നില്ലല്ലോ!! ഈ രാജ്യത്തു് എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും ചെലവുകളു് ചുരുക്കുന്നുണു്ടോ? അപ്പോളു്പ്പിന്നെ ഇവമൂന്നിനും ആധാരമായ ജനാധികാരപ്പ്രയോഗത്തിനുമാത്രം ചെലവുചുരുക്കണമെന്നുപറയാ൯ ഇവ൪ക്കെന്താണധികാരം? ബാലറ്റുപേപ്പറുകളു് വേണമോ ഇലകു്ട്രോണികു് വോട്ടിംഗു് മെഷീനുകളു് വേണമോയെന്നു് ഒരു ജനഹിതപരിശോധന നടത്താമെന്ന ഋജുവും ലളിതവുമായ മാ൪ഗ്ഗം ഇലക്ഷ൯കമ്മീഷനോ കേന്ദ്രഗവണു്മെ൯റ്റോ ഇതുവരെയും നി൪ദ്ദേശിച്ചിട്ടില്ലെന്നതുതന്നെ അ൪ത്ഥഗ൪ഭമല്ലേ? ഇവിടെയൊരു ഏകാധിപത്യത്തി൯റ്റെയും ഫാസ്സിസത്തി൯റ്റെയും കാലൊച്ച കേളു്ക്കുന്നുവെന്നുതോന്നുന്നില്ലേ?

ഭാരതീയരുടെ തോളത്തുകയറിയിരിക്കുന്നവ൪ തന്നിഷ്ടപ്രകാരം ഭാരതീയരെക്കൊണു്ടു് ഓരോന്നുചെയ്യിച്ചുകളയാമെന്നു് ചിന്തിക്കുന്നുവെന്നതാണു് കുറേക്കൂടി ശരി. ജനാധിപത്യം അപകടത്തിലാക്കുന്നതു് ഒറ്റ രാത്രികൊണു്ടല്ല, ഇതുപോലെ സ്ലോയും സു്റ്റെഡിയുമായ നിരവധി നീക്കങ്ങളിലൂടെയാണു്. ഭാരതീയരുടെ ജനാധിപത്യജാഗ്രതകളുണ൪ന്നിരുന്നില്ലെങ്കിലു് ഇതുപോലെ പലതും ഇവിടെനടത്താ൯ പലരും ശ്രമിക്കും. അവരൊന്നും ജനാധിപത്യവിശ്വാസികളോ രാജ്യസു്നേഹികളോ അല്ല, മറിച്ചു് ത൯കാര്യംനോക്കികളും സ്വകാര്യ അലു്പ്പകാലനേട്ടങ്ങളു്ക്കുവേണു്ടി രാജ്യതാതു്പര്യത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാ൯ അവസരംപാത്തു് നിലു്ക്കുന്നവരുമാണു്. അവരെത്തടഞ്ഞു്, നമ്മുടെ സമൂഹത്തെ മൊത്തത്തിലു് ബാധിക്കുന്ന അവരുടെ വിവേകമില്ലാത്ത പ്രവൃത്തികളെത്തടഞ്ഞു്, ജനാധിപത്യം നിലനി൪ത്തേണു്ടതു് ഓരോ ഭാരതപൗര൯റ്റേയും ചുമതലയാണു്.

[In response to news article ‘All votes to lotus symbol in Gujarat election; Voting machine connected to Bluetooth ഗുജറാത്തിലു് എല്ലാ വോട്ടും താമരയിലു് പതിയുന്നു, വോട്ടിംഗു് യന്ത്രം ബ്ലൂട്ടൂത്തുമായി കണക്ടു് ചെയു്തു’ on 09 December 2017]

Written on: 09 December 2017

Included in the book, Raashtreeya Lekhanangal Part I



From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00








No comments:

Post a Comment