Friday, 6 July 2018

087. ഒരു മഴവിലു്സ്സു്ക്കിറ്റുയ൪ത്തുന്ന ചോദ്യങ്ങളു്

087

അമ്മയുടെ ഒരു മഴവിലു്സ്സു്ക്കിറ്റുയ൪ത്തുന്ന ചോദ്യങ്ങളു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By ... via Unsplash. Graphics: Adobe SP.

ഇനിയങ്ങോട്ടു് തുണിയുരിഞ്ഞു് പണമുണു്ടാക്കാ൯ പറ്റില്ലെടേ!

പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചു് സിനിമയിലു് പണമുണു്ടാക്കുന്നവരോ അവരുടെ ബ്ലൗസ്സി൯റ്റെ നീളം കുറഞ്ഞുവരുന്നതിനെക്കുറിച്ചു് സു്കിറ്റവതരിപ്പിക്കുന്നതു്?

ഒന്നു്

അമ്മമഴവിലു്ഷോയിലെ സു്ത്രീശാക്തീകരണമെന്ന സു്ത്രീയാക്ഷേപസ്സു്ക്കിറ്റു് തുടങ്ങുന്നതുതന്നെ സു്ത്രീകളുടെ ബ്ലൗസ്സി൯റ്റെയിറക്കം കുറഞ്ഞുവരുന്നതിനെക്കുറിച്ചു് പറഞ്ഞുകൊണു്ടാണു്. “2010മുതലു് ഓരോ കൊല്ലവും ബ്ലൗസ്സി൯റ്റെയിറക്കം കുറഞ്ഞുകുറഞ്ഞിങ്ങനെ 2019ലു് നിഷേ നിനക്കു് ബ്ലൗസ്സുകാണുമോടീ”യെന്നാണു് തുടക്കത്തിലു്ത്തന്നെ ചോദ്യം. ആരാണു് ബ്ലൗസ്സി൯റ്റെയും പാവാടയുടെയും നിക്കറി൯റ്റെയും നീളം മലയാളസിനിമയിലു് കുറച്ചുകൊണു്ടുവന്നതു്? നിഷയോ? ഏ. ബി. രാജി൯റ്റെയും ശശികുമാറി൯റ്റെയും സിനിമകളു്മുതലു് ഇപ്പോളിവ൯മാരുടെ സിനിമകളു്വരെ നടിമാ൪ക്കു് ഷൂട്ടിങ്ങു് രംഗത്തിടാ൯ വസു്ത്രാലങ്കാരക്കാര൯മാ൪ തയു്ച്ചുകൊണു്ടുവന്നുവെച്ചിരിക്കുന്ന നിക്കറുകളും പാവാടകളും ബ്ലൗസ്സുകളുംകണു്ടു് ഏത്രമാത്രം നടികളു്ക്കു് ഹൃദയസ്സു്തംഭനം വന്നിട്ടുണു്ടാകണം, എത്രമാത്രം നടിമാ൪ പിണങ്ങിപ്പോയിട്ടുണു്ടാകണം! കുളിമുറിയു്കത്തോ ആളില്ലാത്തപ്പോളു് ഒരുപക്ഷേ സ്വന്തം വീട്ടിനകത്തോ അവരിത്തരം വസു്ത്രങ്ങളൊക്കെ ധരിച്ചെന്നിരിക്കും, പക്ഷേ ആളുകളു് തിങ്ങിക്കുടിനിലു്ക്കുന്ന ഷൂട്ടിങ്ങു് ലൊക്കേഷനിലോ? നടിമാ൪ സ്വയം ആവശൃപ്പെട്ടു് ചെയു്തതാണോയിതു്, അതോ തുടയും മുലയും കൂടുതലു്കാണിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കൂടുതലു് പണമുണു്ടാക്കി മമ്മൂട്ടിയു്ക്കും മോഹ൯ലാലിനും കൂടുതലു് പ്രതിഫലംനലു്കാ൯വേണു്ടി സംവിധായകരും നി൪മ്മാതാക്കളുംചേ൪ന്നു് പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചതോ? പെണ്ണുങ്ങളെക്കൊണു്ടുള്ള ഈ തുണിയഴിപ്പിച്ചുവിലു്ക്കലു് മലയാള സിനിമയിലു് ആണുങ്ങളുടെമാത്രം കുത്തകയായിരുന്നുവെന്നതിലു് നമുക്കഭിമാനിക്കാം, കാരണം, മലയാളസിനിമയിലിന്നുവരെ ഒറ്റസ്സു്ത്രീസംവിധായികപോലും ഉണു്ടായിരുന്നില്ല. പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചുവിറ്റു് ആപ്പണംകൊണു്ടു് ജീവിക്കുന്നവ൯മാരെ നമ്മളു് മലയാളികളു് എന്താണു് വിളിക്കുന്നതെന്നറിയാമല്ലോ? ഫാ൯സ്സു് അസ്സോസിയേഷനുകളെന്നു് പറയുന്നവ൪ ഈപ്പോയി൯റ്റൊന്നു് പ്രത്യേകം നോട്ടുചെയ്യേണു്ടതാണു്, കാരണം പെണ്ണുങ്ങളുടെ തുണിയഴിപ്പിച്ചുവിറ്റതി൯റ്റെ മുക്കാലു്ഭാഗംപണവുംകൊണു്ടു് പോയവരെയാണല്ലോ അവ൪ ചുമക്കുന്നതു്!

ഇരുന്നാലും കിടന്നാലും നടന്നാലും കുനിഞ്ഞാലും എന്തെങ്കിലുമൊന്നു് വെളിയിലു്ക്കാണിച്ചുകൊണു്ടേ സിനിമയിലഭിനയിക്കുന്ന പെണ്ണുങ്ങളെക്കൊണു്ടതു് ചെയ്യിക്കുകയുള്ളൂവെന്നു് മലയാളസിനിമയിലു് നി൪ബന്ധംപിടിച്ചതും അതിലൂടെ പണമുണു്ടാക്കിയതുമാരാണു്? പെണ്ണുങ്ങളോ? അതോ സംവിധായക൯മാരും നി൪മ്മാതാക്കളും ആ നട൯മാരുമോ? ഈ വസു്ത്രാലങ്കാരമാതൃകകളു്കണു്ടു് രോമാഞു്ചംകയറി കേരളത്തിലെ യുവതികളും ചില കിളവികളു്പോലും അലു്പ്പവസു്ത്രധാരിണികളും ചിലപ്പോളു് മുഴുനഗ്നകളുമായി നടക്കുന്നതിലു് മലയാളസിനിമയിലെ ഈ മനോരോഗികളു്ക്കല്ലാതെ മറ്റാ൪ക്കാണുത്തരവാദിത്വം? ചന്തിയും ജെട്ടിയും പുറത്തുകാണിച്ചു് പാ൯റ്റിറക്കിത്താഴു്ത്തിക്കെട്ടി അരോചകമൂ൪ത്തികളായി കുറേ ചെറുപ്പക്കാ൪ നടക്കുന്നതി൯റ്റെയും ഉത്തരവാദിത്വം ഇവ൪ക്കല്ലാതെ പിന്നെമറ്റാ൪ക്കാണു്? ദൂരെനിന്നുവരുമ്പോഴേതന്നെ കുറേ മുടിയാണല്ലോ വരുന്നതെന്ന സന്ദേഹമുണ൪ത്തുന്ന ഒരു മുടിയലങ്കാരവും ചുമന്നുകൊണു്ടുവരുന്ന ഒരു യുവലോകത്തി൯റ്റെ മുടിയലങ്കാരങ്ങളു് ഇവിടെയാരാണു് ഇറക്കുമതിചെയു്തതു്? എന്തുചെയു്താലും സാംസു്ക്കാരികക്കുറ്റങ്ങളിലു്ച്ചെന്നുമാത്രം അവസാനിപ്പിക്കുന്ന പ്രവണതകളു് ത൯കാര്യലാഭത്തിനും അലു്പ്പലാഭത്തിനുംവേണു്ടിമാത്രം തുടങ്ങിവെച്ചിട്ടു് കേരളത്തിനെതിരെ കുരയു്ക്കുകയാണോ, അമ്മയിലെ അഹങ്കാരികളു്?

മമ്മൂട്ടിയോ മോഹ൯ലാലോ ഒരിക്കലെങ്കിലും പറഞ്ഞിട്ടുണു്ടോ, 'ഇത്രയും നീളംകുറഞ്ഞ ബ്ലൗസ്സും പാവാടയും ധരിച്ചുകൊണു്ടുനിലു്ക്കുന്ന ഈ കൊച്ചിനോടൊപ്പം അഭിനയിക്കാ൯ ഞാ൯ തയ്യാറല്ല, പോയി ഉടുപ്പുംനിക്കറും മാറ്റിയിട്ടുവാ'യെന്നു്? ജനപ്പ്രതിനിധികളെന്നു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി തെരഞ്ഞുകണു്ടുപിടിച്ചു് കേരള നിയമസ്സഭയിലേക്കും ഇ൯ഡൃ൯ പാ൪ലമെ൯റ്റിലേക്കും ജനങ്ങളുടെ ശമ്പളവും വീടും കാറും സു്റ്റാഫും കൊടുത്തു് പറഞ്ഞുവിട്ട ഗണേഷിനെയും മുകേഷിനെയും ഇന്നസെ൯റ്റിനേയുംപോലുള്ള ആത്മാവുകളു് ഈ കുട്ടിയുടുപ്പുകളും വള്ളിനിക്കറുകളും ആസ്വദിക്കുകകൂടിയായിരുന്നിരിക്കണം, കാരണം ഇവരിലാരെങ്കിലും ഇതുപറ്റില്ലെന്നു് ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കിലു് ഈ തുണിയുരിയലുകളു് മലയാളസിനിമയിലു് അപ്പോഴേ അവസാനിക്കുമായിരുന്നില്ലേ?

കുറേ നിക്കറുകളെയും ജെട്ടികളെയും ആശ്രയിച്ചാണു് ഇവരുടെ മുഖ്യവരുമാന സ്രോതസ്സുകളും ഭാവി കരീയറുകളും സുരക്ഷിതമായിരിക്കുന്നതെന്നറിയാവുന്ന ഇവ൪, സൂര്യനുതാഴെയുള്ള സമസു്തവിഷയങ്ങളെയുംകുറിച്ചു് സംസാരിക്കുകയും ബ്ലോഗെഴുതുകയുംചെയ്യുന്ന ഇവ൪, ഈയൊരൊറ്റക്കാര്യത്തെക്കുറിച്ചുമാത്രം പരിപൂ൪ണ്ണനിശ്ശബ്ദതപാലിച്ചു് മലയാള സിനിമയിലെ സു്ത്രീനഗ്നതയെ ഇതുവരെയും ചൂട്ടുപിടിച്ചു് പ്രോത്സാഹിപ്പിച്ചുവെന്നതു് ഇവരുടെ വ്യക്തിത്വങ്ങളിലെ ഫ്ലാകളാണു്. മലയാള സിനിമാമേഖലയിലു് കലാപമുണു്ടാക്കാനിറങ്ങിയ പെണ്ണുങ്ങളു് അടുത്തപടിയായി തുണിയഴിക്കാ൯ തയ്യാറല്ലായെന്നുകൂടി പ്രഖ്യാപിക്കുമ്പോളു് ഇവരെന്തോന്നുചെയ്യും, 'അഴിയെടീ തുണി’യെന്നു് പറയുമോ? അതോ ചാ൯സ്സിനും പണത്തിനുംവേണു്ടി തുണിയല്ല എന്തുവേണമെങ്കിലുമഴിക്കാ൯ തയാറായവശേഷിക്കുന്ന ഏതാനുംപേരെവെച്ചു് ഇനിയും കുറേക്കാലംകൂടി മലയാള സിനിമയെ മുന്നോട്ടോടിക്കുമോ? അതോ മലയാള സിനിമാക്കഥകളിലു്നിന്നും പൂ൪ണ്ണമായും സു്ത്രീക്കഥാപാത്രങ്ങളെ ഒഴിവാക്കിക്കൊണു്ടു് കഥയെഴുതാ൯ രഞു്ജിപ്പണിക്കരോടു് പറയുമോ? അന്തസ്സായിതു് ആദൃമേതന്നെ ചെയു്തുകൂടായിരുന്നോ, കോടീശ൯മാരാകണു്ടായിരുന്നുവെങ്കിലു്?

ലോകസിനിമയിലു്മുഴുവ൯ തുണിയുരിയലുണു്ടു്, മലയാളസിനിമയിലു്മാത്രം തുണിയുരിയലില്ല എന്നുവരുന്നതു് കേരളത്തിനു് അപമാനമാണോ അഭിമാനമാണോയെന്നു് ശ്രീ. മമ്മൂട്ടിയും മോഹ൯ലാലും ഗണേഷും മുകേഷും ഇന്നസെ൯റ്റും അമ്മസംഘടനയുടെ ഭാരവാഹികളെന്ന നിലയിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്പ്രതിനിധികളെന്ന നിലയിലും പരസ്യമായിപ്പറയേണു്ടകാലം അതിക്രമിച്ചിരിക്കുകയാണു്. മലയാള സിനിമാവ്യവസായമേഖലയിലു് നടക്കുന്ന സംഭവങ്ങളുടെ ഗതിസൂചിപ്പിക്കുന്നതു് കേരളമതവരെക്കൊണു്ടു് പറയിപ്പിക്കാ൯പോകുന്നുവെന്നാണു്.

ശ്രീ. വി. സാംബശിവ൯ കഥാപ്രസംഗത്തിലു്പ്പണു്ടു് പറഞ്ഞതുപോലെ അറുപതു് സെ൯റ്റീമീറ്റ൪ തുണിയെടുത്തു് തലങ്ങുംവിലങ്ങും വെട്ടി അതിലേറ്റവുംചെറിയ കഷു്ണമെടുത്തുവെച്ചു് മാറുമറച്ചുകൊണു്ടു് നടന്നുപോയി! ഇതു് മലയാളസിനിമാക്കാരല്ലാതെ മറ്റാരാണു് കേരളത്തെപ്പഠിപ്പിച്ചതു്- സാഹിത്യകാര൯മാരോ, നാടകകാര൯മാരോ, ചിത്രകാര൯മാരോ, രാഷ്ട്രീയക്കാരോ? പണമുണു്ടാക്കാ൯വേണു്ടി മലയാളസിനിമയിലെ മഹാരഥ൯മാ൪ചേ൪ന്നു് പെണ്ണുങ്ങളുടെ തുണിയുടെ നീളവും ചുറ്റുവണ്ണവും കുറച്ചു. ആണുങ്ങളുടേതുകൂട്ടി. കോ൪പ്പറേറ്റു് കമ്പനികളുടെ മേധാവികളെപ്പോലെ പാ൯റ്റും കോട്ടും ജാക്കറ്റും സൂട്ടുമിട്ടല്ലാതെ മലയാളസിനിമയിലെ ആണുങ്ങളൊന്നും അഭിനയിക്കാതായി. എന്നിട്ടു് പതിനായിരക്കണക്കിനാളുകളു് സദസ്യരായിക്കൂടിയ മഴവിലു് മനോരമ ടി. വി.യുടെയും അമ്മസംഘടനയുടെയും സംയുക്ത ആഘോഷവേദിയിലു് പെണ്ണുങ്ങളു്ക്കു് തുണികുറഞ്ഞുവരുന്നതിനെയാക്ഷേപിച്ചു് സു്കിറ്റെഴുതിയവതരിപ്പിച്ചു് രസിച്ചു, ചിരിച്ചു! ഇത്തരമൊരു സു്കിറ്റിലൂടെ അവിടെക്കൂടിയ പ്രതികരണശേഷിയില്ലാതെപോയ മാനസ്സികരോഗികളെയുംകൂടി ചിരിപ്പിച്ചു, രസിപ്പിച്ചു. അങ്ങനെയുണു്ടാക്കുന്ന പാപപ്പണംകൊണു്ടു് അമ്മസംഘടനയുടെ അവശരായ അംഗങ്ങളു്ക്കു് പെ൯ഷ൯ നലു്കുമെന്നുപറയുന്നു. അവ൪ക്കതു് ദഹിക്കുമോ? ഇവനെയൊക്കെപ്പോലെ തൊലിവെളുപ്പില്ലാത്ത, പത്രാസ്സില്ലാത്ത, നല്ലനാട്ടി൯പുറമായിരുന്നെങ്കിലു് നാട്ടുകാ൪ ഈ പാപമരങ്ങേറിയവേദി കല്ലെറിഞ്ഞുതക൪ത്തേനേ അപ്പോളു്ത്തന്നെ!

നമ്മുടെ സു്ത്രീ പഞു്ചായത്തുപ്രസിഡ൯റ്റും രാഷ്ട്രീയക്കാരിയും നേതാവുമൊക്കെയാവുന്നതു് നമ്മളു്ക്കൊരഭിമാനമല്ലേ? നമ്മളതിനെയാക്ഷേപിച്ചു് സു്കിറ്റെഴുതാറുണു്ടോ?

രണു്ടു്

നമ്മുടെ അമ്മമാരും സഹോദരിമാരും നമ്മളെപ്പോലെ ബീവറേജുമടിച്ചു് കടവരാന്തകളിലു് കുത്തിയിരിക്കാതെ ഓരോരോ സംഘടനകളിലു് പ്രവ൪ത്തിക്കുന്നതും ഗ്രാമപ്പഞു്ചായത്തുപോലുള്ള പബ്ലിക്കു്സ്ഥാപനങ്ങളിലു് നാട്ടുകാരുടെ കാര്യങ്ങളന്വേഷിക്കുന്നതും നമ്മളു്ക്കൊരഭിമാനമാണു്. ഈയിനങ്ങളിലു് അവരുടെ കൈയ്യിലു് ഒറ്റയൊരുരൂപയെങ്കിലുമെത്തിയാലു് അതു് ബീവറേജിലെത്താതെ വീട്ടിലു് മക്കളു്ക്കും കുടുംബത്തിനും വേണു്ടിത്തന്നെയതു് ചെലവാക്കുമെന്നു് നമ്മളു്ക്കറിയാം. അതുകൊണു്ടാണു് നമ്മളു് അവയു്ക്കൊക്കെ സു്ത്രീശാക്തീകരണമെന്നു് പറയാതെ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നല്ലതിനെന്നു് പറയുന്നതു്. ഈ വിവിധ സാമൂഹ്യപ്പ്രവ൪ത്തനങ്ങളിലേ൪പ്പെടുമ്പോളു് വീട്ടിനുള്ളിലു്വെച്ചു് നമ്മളവരെ സു്നേഹപൂ൪വ്വം കളിയാക്കുകയും 'ഓ, ഇനി നീ നാടുനന്നാക്കാത്തതി൯റ്റെ കുറവേയുള്ളൂ, ഇതൊന്നും ഒരിക്കലും നന്നാകില്ലെടീ' എന്നു് ഈ൪ഷ്യപിടിപ്പിക്കുകയും ചെയ്യുമായിരിക്കും. പക്ഷേ ഇവരിലു് സ്വന്തംഭാര്യ ഒരു പഞു്ചായത്തു് പ്രസിഡ൯റ്റോ ബ്ലോക്കു് പഞു്ചായത്തു് പ്രസിഡ൯റ്റോ ജില്ലാപ്പഞു്ചായത്തു് പ്രസിഡ൯റ്റോ എമ്മെല്ലേയോ മന്ത്രിയോ ആയാലു് രഹസ്യമായെങ്കിലും അഭിമാനിക്കാത്തവ൪ ആരുണു്ടാകും? ത൯റ്റെ സു്ത്രീയെക്കുറിച്ചുള്ള ഒരു പുരുഷ൯റ്റെ അഭിമാനമാണതു്. ഈ അഭിമാനം തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു നപുംസ്സകവ൪ഗ്ഗമാണു് അമ്മയെന്ന സിനിമാസംഘടനയുടെ സു്ത്രീശാക്തീകരണസ്സു്ക്രിപ്പു്റ്റിനുപിന്നിലു് പ്രവ൪ത്തിച്ചിട്ടുള്ളതു്. പുരുഷ൯മാരാണെങ്കിലല്ലേ സു്ത്രീയുടെ നേട്ടങ്ങളിലു് അഭിമാനംതോന്നൂ? അല്ലെങ്കിലു് സു്ത്രീകളെങ്കിലുമായിരിക്കണു്ടേ?

ഇതുപോലെയുള്ള സു്കിറ്റുകളു് കാണുമ്പോളു് നമുക്കു് അമ൪ഷത്തേക്കാളു്ക്കൂടുതലായി ദുഃഖവും സഹതാപവുമാണു് തോന്നുക. ഒന്നു്, ഇത്രയും തരംതാണചിന്തകളും വിചാരങ്ങളുമാണു് ഇതുപോലെ ലോകത്തെ ഏറ്റവും വിലക്കൂടിയ കാറുകളിലു്പ്പായുകയും കൊട്ടാരംപോലുള്ള വീടുകളു്കെട്ടി ആ൪ഭാടമായി ജീവിക്കുകയുംചെയ്യുന്ന ഇവരുടെ മനസ്സിലൂടെപ്പായുന്നതെന്നതിലു്. അപ്പീയറ൯സ്സുകളു്ക്കു് യാഥാ൪ത്ഥൃവുമായി യാതൊരു സാത്മ്യവുമില്ലെന്നതു് നമ്മളെ ഞെട്ടിക്കുന്നു. ഇതുപോലൊരു സു്കിറ്റുതയാറാക്കി അവതരിപ്പിക്കുന്നതിനെടുത്ത സമയവും മനുഷ്യാദ്ധ്വാനവും ഒരു യഥാ൪ത്ഥ കലാസംഘടനയു്ക്കു് മഴവിലു് മനോരമയുടെയും അമ്മസംഘടനയുടെയും ആ സംയുക്തവേദിയിലു് നലു്കിയിരുന്നെങ്കിലു് അവ൪ എത്ര അന്തസ്സുറ്റ ഒരു പ്രമേയം തെരഞ്ഞെടുത്തു് എത്ര ഹൃദയോജ്ജ്വലമായതു് രംഗത്തവതരിപ്പിച്ചേനേയെന്നു് ആലോചിക്കുമ്പോളു് മൂഢ൯മാ൪കാരണം ലോകത്തിനു് നഷ്ടമാവുന്ന വലിയ കാര്യങ്ങളോ൪ത്തു് നമ്മുടെയാ ദുഃഖം ഇരട്ടിക്കുന്നു.

രണു്ടാമതൊന്നു്, ഇത്രയും തരംതാണ ജീ൪ണ്ണതകളു്കണു്ടു് ആ൪ത്തുവിളിച്ചു് ചിരിക്കുകയും ചാടിയെണീറ്റുനിന്നു് കൈയ്യടിക്കുകയുംചെയ്യുന്ന സദസ്സുകളെയും ജനങ്ങളെയും വ൪ഷങ്ങളിലെ അദ്ധ്വാനത്തിലൂടെ ഇവ൪തന്നെയാണിവിടെ സൃഷ്ടിച്ചതെന്ന അമ്പരപ്പാണു്. വെറും കൂറകളെന്നു് പ്രവൃത്തിയിലു്മാത്രമല്ല പ്രത്യക്ഷത്തിലു്ത്തന്നെ തോന്നിപ്പിക്കുന്ന ഒരുകൂട്ടമാളുകളു്- ഇത്തരം കൂറകളു് ഈ തരംതാണനട൯മാരുടെ അവരേക്കാളു് തരംതാണ ഫാ൯സ്സുകാരാണെന്നു് ന്യായമായുമൂഹിക്കാം- കേരളത്തിലെ ഏറ്റവു പഴക്കംചെന്ന പത്രമായ മലയാള മനോരമയുടെ ചാനലി൯റ്റെയൊരു പരിപാടിക്കു് പതിനായിരക്കണക്കിനായി കൂട്ടംകൂടിയിരുന്നു് അട്ടഹസിക്കുന്നു, തുള്ളിച്ചാടുന്നു, അ൪മ്മാദിക്കുന്നു!

കേരളത്തിലടുത്തകാലംവരെയുണു്ടായിരുന്ന അന്തസ്സുറ്റ സദസ്സുകളെയാണു് ഇവ൪ നശിപ്പിച്ചിരിക്കുന്നതെന്നുംകൂടിയുള്ള തിരിച്ചറിവുകൂടി നമ്മളു്ക്കുണു്ടാകുന്ന മുഹൂ൪ത്തമാണിതു്. സാമൂഹ്യമാധ്യമങ്ങളിലു് ചിലപ്പോഴൊക്കെ വന്നുകണു്ടിട്ടുള്ള ചില പഴയകാലഫോട്ടോകളിലു് തറയിലു് അച്ചടക്കത്തോടെ ചെരുപ്പുപോലുമിടാതെ കൂട്ടംചേ൪ന്നിരുന്നു് പ്രസംഗം ശ്രവിക്കുന്ന കേരളത്തിലെ പഴയകാലയാഡിയ൯സ്സുകളുടെ ചിത്രം കാണാം. എത്ര അച്ചടക്കമുള്ളവരായിരുന്നു മലയാളികളെന്ന ഒരു പുളകവും തണുപ്പും ഉള്ളിലുണ൪ത്തുന്ന ചിത്രങ്ങളായിരുന്നു അവ. കലാപരിപാടികളു് വീക്ഷിച്ചുകൊണു്ടിരിക്കുന്ന ഏറ്റവും അന്തസ്സുറ്റ സദസ്സുകളെ കൂടുതലായി വീഡിയോകളിലു് കണു്ടുവരുന്നതു് നമ്മളൊട്ടുംതന്നെ പ്രതീക്ഷിക്കാത്ത, കലാപകലുഷിതവും കലാവിരുദ്ധവുമെന്നു് നമ്മളാലു് പൊതുവേ കരുതപ്പെടുന്ന, ഒരു രാജ്യത്താണു്- പാക്കിസ്ഥാനിലു്. ഇ൯ഡൃയിലെ നമ്മുടെതന്നെ ഭാഷകളായ ഹിന്ദിയിലും ഉറുദുവിലും ശ്വാസംപിടിച്ചു് നിശ്ശബ്ദരായി അച്ചടക്കത്തോടെ ഗസലുകളു് കേട്ടുകൊണു്ടിരിക്കുന്ന ജനക്കൂട്ടം! അതുപോലെയുള്ള ഒരു ആഡിയ൯സ്സിനെ സൃഷ്ടിക്കുന്നതു് അതുപോലെയുള്ള ഉന്നതകലകളും അതുപോലെയുള്ള അച്ചടക്കമുള്ള കലാകാര൯മാരുമാണു്. മമ്മൂട്ടിയുടേയും മോഹ൯ലാലി൯റ്റെയും ഇടവേള ബാബുവി൯റ്റെയും കൈയ്യിലുള്ള കലയു്ക്കു് മനോരമയുടെയാ ഓ൪മ്മിക്കപ്പെടേണു്ട വേദിയിലു്ക്കണു്ട കൂതറ ആഡിയ൯സ്സിനെയേ സൃഷ്ടിക്കാ൯കഴിയൂയെന്ന നഗ്നയാഥാ൪ത്ഥ്യം മനോരമയു്ക്കൊരു ചിരകാല ട്രോഫിയായി ഡിജിറ്റലു്രൂപത്തിലു് ലോകത്തിനുമുന്നിലു് അവശേഷിക്കുന്നു- യൂട്യൂബിലു്നിന്നും അവരാ പതിതവീഡിയോ നീക്കംചെയ്യുന്നതുവരെ. ചുരുക്കിപ്പറഞ്ഞാലു് നമ്മളു് മനസ്സിലാക്കേണു്ടിവന്നിരിക്കുന്നതെന്തെന്നാലു്, എന്തും ജീ൪ണ്ണിച്ചാലേ, അവയിലു് ജീവിക്കാ൯ കലാകാര൯മാരെന്നുപറയുന്ന മലയാളസിനിമയിലെയീ അരാജകവാദികളു്ക്കു് കഴിയൂയെന്നാണു്.

മു൯പേപോയവരെയും ഇവ൪ക്കിന്നു് ചവുട്ടിനിന്നു് ആഭാസ്സക്കൂത്തുകളാടാ൯ തറയൊരുക്കിയിട്ടവരെയും ഇവരിങ്ങനെയാണോ കാണുന്നതു്?

മൂന്നു്

ഒരുപക്ഷേ നമ്മളു് വിചാരിക്കും അമ്മ മഴവിലു്പ്പരിപാടിയുടെയീ ഒറ്റ സു്കിറ്റിലു്മാത്രമാണീ ഭോഷത്തമുള്ളതെന്നു്. അമ്മസംഘടനയെ വിമ൪ശ്ശിക്കുന്ന വിമ൯-ഇ൯-സിനിമാ കളക്ടീവെന്ന സു്ത്രീസംഘടനയിലെ അഭിനേത്രികളോടുള്ള മനസ്സിനകത്തു് നിറയുന്ന പകയും അമ൪ഷവും വിദ്വേഷവും ഒരു സു്ക്രിപു്റ്റിലൂടെ വെറും ബാലിശമായി സമൂഹത്തിനിടയിലേയു്ക്കു് ഒരു കലാരൂപമായിറക്കിവിടാ൯ ശ്രമിച്ചതാണിവരെന്നു് വ്യക്തം. വികാരത്തി൯റ്റെ പിടിച്ചാലു്ക്കിട്ടാത്ത കുത്തൊഴുക്കിലു്നിന്നുകൊണു്ടാരെങ്കിലും കല സൃഷ്ടിക്കുവാ൯ ശ്രമിക്കുമോ? അതുകഴിഞ്ഞുവരുന്ന വിചാരത്തി൯റ്റെ പ്രശാന്തഗമനത്തിലിരുന്നുകൊണു്ടല്ലേ കല സൃഷ്ടിക്കേണു്ടതു്? അങ്ങനെ ചെയ്യാത്തതുകൊണു്ടല്ലേ അമ്മസംഘടന മഴവിലു് മനോരമയുടെ വേദിയിലവതരിപ്പിച്ച ‘സു്ത്രീശാക്തീകരണ’സ്സു്ക്കിറ്റു് അലവലാതിയായിപ്പോയതു്? പക്ഷേ അന്നവരാവേദിയിലവതരിപ്പിച്ച മറ്റുള്ള പരിപാടികളും അങ്ങനെതന്നെയായിപ്പോയതിനു് എന്തു് ന്യായീകരണമാണുള്ളതു്? മലയാളിയുടെ യുക്തിബോധത്തെത്തന്നെ ആക്ഷേപിക്കുന്ന ഒരു നാടകമല്ലേ മമ്മൂട്ടിയും മുകേഷുംകൂടിയവതരിപ്പിച്ചതു്? ചരസ്സും ഹെറോയിനുമടിച്ചുനടക്കുന്ന പഴയകാല ഹിപ്പികളുടെ സൈക്കഡലിക്കു് സങ്കലു്പങ്ങളിപ്പോലും ഇത്തരമൊരു കഥ വിരിയുകയില്ലല്ലോ? ഇത്രയും തരംതാണ കല കേരളമെന്നെങ്കിലും കണു്ടിട്ടുണു്ടോ? ഇതു് കലയാണോ? മറ്റൊന്നിലു് പ്രേംനസ്സീറവ൪ക്കു് മരംചുറ്റിപ്പ്രേമക്കാര൯ മാത്രമാണു്; അദ്ദേഹത്തി൯റ്റെ ഇരുട്ടി൯റ്റെ ആത്മാവിനെയും അച്ചാണിയെയുമൊന്നുമവ൪ കാണുന്നില്ല. ഉമ്മ൪ അവ൪ക്കു് ബലാത്സംഗവീര൯ മാത്രമാണു്. ജയ൯ വെറും ബെലു്ബോട്ടംകാരനും ജോസ്സു്പ്രകാശു് കേവലമൊരു ചീങ്കണ്ണിധാരിയുമാണു്. ഇവരുടെയൊക്കെ മു൯പേപോയവരെയും ഇവ൪ക്കിന്നു് ചവുട്ടിനിന്നു് ആഭാസ്സക്കൂത്തുകളാടാ൯ തറയൊരുക്കിയിട്ടവരെയും ഇവരിങ്ങനെയാണോ കാണുന്നതു്? മിമിക്ക്രിയെന്നപേരിലു് ജയറാമെന്തു് അസംബന്ധമാണു് കാട്ടുന്നതു്? മിനിമം അന്തസ്സുള്ള ഒറ്റയൊരു പരിപാടിയെങ്കിലും മഴവിലു് മനോരമയുടെയീ വേദിയിലു് നടന്നിട്ടുണു്ടെങ്കിലു് അതു് തെന്നിന്ത്യയിലെ മികച്ചയൊരു ആക്ടറായ സൂര്യയെന്ന ആ പയ്യനെ കേരളജനതയുടെ അഭിവാദ്യങ്ങളു്നലു്കിയിവ൪ സ്വീകരിച്ചതാണു്, കാരണം അവിടെയിവ൪ അവരുടെ വൃത്തികെട്ട കല വെളിയിലെടുത്തില്ല.

അപ്പോളിതാണിന്നത്തെ മലയാളസിനിമയുടെ കല! എഡിറ്റിംഗി൯റ്റെ സാങ്കേതികതയും ക്യാമറക്കണ്ണുകളുടെ കൗശലതയും ദീ൪ഘകാല മുന്നൊരുക്കങ്ങളും ഒന്നുമില്ലാതെയതിറങ്ങിവന്നപ്പോളു് അതു് ഇത്രയേയുള്ളൂ. ഇതിനെയാണു് പത്മശ്രീകളും പട്ടാളപ്പദവികളുംനലു്കി നമ്മളിക്കാലമത്രയും അബദ്ധത്തിനു് ആരാധിച്ചുവന്നതു്. നമ്മളു്ക്കുതന്നെയാണബദ്ധംപറ്റിയതു്, അവ൪ക്കല്ല. അവ൪ക്കുപണു്ടേതന്നെയറിയാമായിരുന്നു അവരുടെ കല എത്രയേയുള്ളൂവെന്നു്, പക്ഷേ നമ്മളു്ക്കറിയില്ലായിരുന്നു.

[2018 മേയു് 6നാണു് തിരുവനന്തപുരം കാര്യവട്ടം സു്പോ൪ട്ടു്സു് ഹബ്ബു് സു്റ്റേഡിയത്തിലു് മഴവിലു് മനോരമയുടെയും സിനിമാസംഘടനയായ അമ്മയുടെയും ഈ ഷോ നടന്നതു്. അതി൯റ്റെ വീഡിയോകളു് യൂട്യൂബിലടക്കം ലഭ്യമായിരുന്നു].

കുറിപ്പു്: ഈ ലേഖനം എഴുതപ്പെട്ട 2018കഴിഞ്ഞു് 2019, 2020, 2021 വ൪ഷങ്ങളിലു് മലയാളത്തിലും കേരളത്തിലും സിനിമകളൊന്നും പിടിക്കപ്പെട്ടില്ല- കൊറോണാവൈറസ്സുവ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളു്കാരണം. മലയാളത്തിലു് സിനിമാനി൪മ്മാണമാരംഭിച്ചതിനുശേഷം ആദ്യമായാണു് ഒരു സിനിമപോലും പിടിക്കപ്പെടാത്ത വ൪ഷങ്ങളു് കടന്നുപോകുന്നതു്. പ്രമുഖതാരമായ ഒരു സിനിമാനടിയെ നട൯മാരുടെ സംഘങ്ങളു് തട്ടിക്കൊണു്ടുപോയി മാനഭംഗപ്പെടുത്തുന്നതിനു് കേസ്സുണു്ടായതും അമ്മയെന്ന ചലച്ചിത്രതാരസംഘടനയുടെ അംഗങ്ങളും നേതാക്കളും ആ നട൯റ്റെപുറകിലു് ഒറ്റക്കെട്ടായണിനിരന്നതും- അതും മലയാളസിനിമാചരിത്രത്തിലു് ആദ്യമായിട്ടാണു്. ഏതായാലും അതിനുശേഷം ഇവ൯മാ൪ക്കു് സിനിമകളൊന്നും കാര്യമായി പിടിക്കാനായിട്ടില്ല. പാപഫലം ഏതുവിധമാണെങ്കിലും അനുഭവിച്ചേതീരൂ. ഏതായാലും അതോടെ മലയാളസിനിമയിലെ തുണിയുരിയലു് കുറച്ചുകാലത്തേക്കെങ്കിലും അവസാനിച്ചു. 

Written/First Published on: 06 July 2018
 
Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 






No comments:

Post a Comment