Sunday 29 July 2018

089. കാലം ജാലക വാതിലിലു്: അഡ്വ. അമുന്തുരുത്തിമഠം ജയകുമാറി൯റ്റെ ഓ൪മ്മകളു്

089

കാലം ജാലക വാതിലിലു്- ചില പഴയ ഓ൪മ്മകളു്

അഡ്വ. അമുന്തുരുത്തിമഠം ജയകുമാ൪


Article Title Image By Vincent Chin. Graphics: Adobe SP. 

സഹ്യാദ്രി ബുക്കു്സ്സു് എന്ന സ്ഥാപനത്തി൯റ്റെ ജീവാത്മാവും പരമാത്മാവുമായ, സഹ്യാദ്രിയണ്ണ൯ എന്നു് ഞങ്ങളു് സു്നേഹപൂ൪വ്വം വിളിക്കുന്ന, സാഹിത്യകാരനും സഹൃദയനും മനുഷ്യസു്നേഹിയുമായ ശ്രീ. പി. എസ്സു്. രമേഷു് ചന്ദ്രനെ പരിചയപ്പെട്ടിട്ടു് രണു്ടു ദശാബ്ദത്തോളമാകുന്നു. സഹ്യാദ്രിയണ്ണനെ എനിയു്ക്കു പരിചയപ്പെടുത്തിയതു് എ൯റ്റെ സഹപാഠിയും ഇപ്പോളു് അമേരിക്കയിലു് ജോ൪ജ്ജിയയിലെ അറ്റു്ലാ൯റ്റയിലു് താമസക്കാരനുമായ പ്രശാന്തു് ബി. നായരാണു്. പ്രശാന്തു് ആദ്യം സഹ്യാദ്രിയണ്ണനെക്കുറിച്ചു പറഞ്ഞപ്പോളു് ഞാ൯ കരുതിയതു് ഒരു ആജാനബാഹുവും ബുദ്ധിജീവിജാഢക്കാരനുമായിരിക്കും ഈ സഹ്യാദ്രിയണ്ണ൯ എന്നാണു്. പീപ്പിളു്സ്സു് വിജില൯സു് എന്ന പ്രൈവറ്റു് ഡിറ്റക്ടീവു് സംരംഭം നടത്തുന്നയാളെന്നതിനെക്കുറിച്ചും നിരവധി അഴിമതികളും പരിസ്ഥിതി മലിനീകരണ സംഭവങ്ങളും തെളിവുസഹിതം സമൂഹമധ്യത്തിലു് കൊണു്ടുവരുന്നതിനു് സഹ്യാദ്രിയണ്ണ൯റ്റെ നേതൃത്വത്തിലു് നടന്ന അന്വേഷണങ്ങളെക്കുറിച്ചും പ്രശാന്തിലു്നിന്നും ഞാ൯ നേരത്തേ കേട്ടിട്ടുണു്ടായിരുന്നു. ഇംഗു്ളീഷിലും മലയാളത്തിലും സഹ്യാദ്രിയണ്ണ൯ നിരവധി കവിതകളും മറ്റു സാഹിത്യസൃഷ്ടികളും എഴുതിക്കൂട്ടിയിട്ടുണു്ടെന്നും ആളു് ചില്ലറക്കാരനല്ലായെന്നും പ്രശാന്തു് പറഞ്ഞിരുന്നു. എന്നാലു് കാഴു്ചയിലു് ഒരു സാധുമനുഷ്യ൯. ബുദ്ധിജീവിജാഢകളില്ലാത്ത, ആ൪ഭാടങ്ങളു് ഇഷ്ടപ്പെടാത്ത, നിഷു്ക്കളങ്കമായി ചിരിക്കുന്ന ഒരു കുഞ്ഞുമനുഷ്യ൯. എന്നാലു് അടുത്തറിയാവുന്നവ൪ക്കു് ആ കുഞ്ഞുമനുഷ്യനിലെ വലിയ മനസ്സു് കാണാ൯കഴിയും. കുപ്പയിലെ മാണിക്യമാണു് സഹ്യാദ്രിയണ്ണ൯ എന്നു് തോന്നിയിട്ടുണു്ടു്. അദ്ദേഹത്തി൯റ്റെ കവിതകളു്ക്കു് വേണു്ടത്ര ശ്രദ്ധ കിട്ടിയിട്ടുണു്ടോ എന്നു് സംശയമാണു്. സാഹിത്യലോകത്തു് അംഗീകാരങ്ങളൊന്നുംതന്നെ അദ്ദേഹത്തെ തേടിയെത്തിയില്ല എന്നതു് ആ പുരസു്ക്കാരങ്ങളുടെ ശോഭ കെടുത്തുന്നതായി എനിയു്ക്കു തോന്നിയിട്ടുണു്ടു്.

സഹ്യാദ്രിയണ്ണ൯ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നുവെങ്കിലും പ്രശസു്തിയോടും സമ്പത്തിനോടും അദ്ദേഹം പുല൪ത്തിയിരുന്ന നിസ്സംഗതാഭാവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണു്ടു്. പല സാഹിത്യകാര൯മാരും പ്രശസു്തിയു്ക്കും പദവിയു്ക്കും പണത്തിനുംവേണു്ടി നെട്ടോട്ടമോടുന്ന ഇക്കാലത്തു്, ഒരു കൊച്ചുശരീരവും വലിയ മനസ്സുമായി സഹ്യാദ്രിയണ്ണ൯ തന്നിലേയു്ക്കു് ഒതുങ്ങിക്കൂടി സ൪ഗ്ഗസൃഷ്ടിനടത്തുന്ന വിസു്മയകരമായ കാഴു്ചകണു്ടു് ഞാ൯ അതിശയിച്ചുപോയിട്ടുണു്ടു്.


 
1996-1997-ലാണെന്നു തോന്നുന്നു, ഞാ൯ നിയമപഠനം പൂ൪ത്തിയാക്കി തിരുവനന്തപുരത്തു് വഞു്ചിയൂ൪ കോടതികളിലു് പ്രാക്ടീസു് ആരംഭിച്ച കാലം. അന്നത്തെ തിരുവനന്തപുരം ജില്ലാ ഗവണു്മെ൯റ്റു് പ്ലീഡറും പബ്ലിക്കു് പ്രോസിക്ക്യൂട്ടറുമായിരുന്ന ശ്രീ. രാജഗോപാല൯ നായ൪ സാറി൯റ്റെ ജൂനിയറായാണു് ഞാ൯ വക്കീലു് ജീവിതം ആരംഭിച്ചതു്. കാര്യമായ വരുമാനമൊന്നും ഇല്ലാത്ത കാലം. രാവിലെ കോടതികളിലു്പ്പോയാലു് ഉച്ചയു്ക്കുശേഷം പലപ്പോഴും കേസ്സുകളൊന്നുംതന്നെ കാണില്ല. അങ്ങനെയൊരുദിവസം അന്നു് പോലീസ്സിലുണു്ടായിരുന്ന എ൯റ്റെ നിയമസഹപാഠി പ്രശാന്തു് ബി. നായ൪ സഹ്യാദ്രിയണ്ണനെയുംകൊണു്ടു് ബൈക്കിലു് വഞു്ചിയൂരെത്തുന്നു. ബൈക്കി൯റ്റെ പുറകിലു് ഒരു മുറിബീഡിയും വലിച്ചുകൊണു്ടു് ഒരു ചെറിയ മനുഷ്യനിരുന്നു് ചിരിക്കുന്നു. മുണു്ടും ഷ൪ട്ടുമാണു് വേഷം. കണു്ടാലു് സാഹിത്യകാര൯റ്റെ ലക്ഷണങ്ങളൊന്നുമില്ല. ബൈക്കിലു്നിന്നും ഇറങ്ങി എനിയു്ക്കു് കൈതന്നിട്ടു പറഞ്ഞു: 'അമുന്തുരുത്തിമഠം ജയകുമാറിനെക്കുറിച്ചു് പ്രശാന്തും എല്ലാം പറഞ്ഞിട്ടുണു്ടു്. നമ്മളു് നേരിട്ടു് ആദ്യമായിട്ടാണു് കാണുന്നതെങ്കിലും ഏ റ്റു ഇസഡു് എനിയു്ക്കറിയാം." സഹ്യാദ്രിയണ്ണ൯ പറഞ്ഞുതീരുംമുമ്പേ ഞാ൯ ചോദിച്ചു: 'എന്തു് വേണു്ടാതീനമാണു് സഹ്യാദ്രിയണ്ണനോടു് ഇവ൯ പറഞ്ഞതു്?"

"ഹേയു്, വേണു്ടാതീനമൊന്നും പറഞ്ഞിട്ടില്ല... ജയകുമാ൪ വലിയ കഴിവുള്ളയാളാണെന്നും കോളേജിലു് കലാപ്പ്രവ൪ത്തനങ്ങളു് നടത്തിയിട്ടുണു്ടെന്നും വലിയ സാഹിത്യകാരനാണെന്നും ഡ്രാമാ ക്ലബ്ബു് സെക്രട്ടറിയായും ആ൪ട്ടു്സു് ക്ലബ്ബു് സെക്രട്ടറിയായും പ്രവ൪ത്തിച്ചിട്ടുണു്ടെന്നും കോളേജു് യൂണിയനിലു് മത്സരിച്ചുജയിച്ചിട്ടുണു്ടെന്നും... അങ്ങനെയൊക്കെയുള്ള വാസു്തവങ്ങളേ പ്രശാന്തു് പറഞ്ഞിട്ടുള്ളൂ... അതുകൊണു്ടാണു് പ്രശാന്തിനോടു് ഞാ൯ പറഞ്ഞതു് എനിയു്ക്കു് ഒന്നു് പരിചയപ്പെടണമെന്നു്... പരിചയപ്പെടാനും കൂടിയാണു് ഞാ൯ വന്നതു്." ഞാ൯ പ്രശാന്തിനെനോക്കി... ഒന്നുമറിയാത്ത ഭാവത്തിലു് പ്രശാന്തു് ചിരിക്കുന്നു. എന്തോ കൊനഷ്ടു് ഒപ്പിച്ചുംകൊണു്ടാണു് പ്രശാന്തി൯റ്റെ വരവു്... ഞാ൯ സഹ്യാദ്രിയണ്ണനു് കൈകൊടുത്തുകൊണു്ടു പറഞ്ഞു: "അണ്ണാ... ഇവ൯ വെറുതെ പറയുന്നതാണു്... ഞാ൯ സാഹിത്യകാരനൊന്നുമല്ല. വല്ലപ്പോഴും വല്ലതും കുത്തിക്കുറിക്കുന്നു... അത്രതന്നെ. പിന്നെ കോളേജിലു്പ്പഠിക്കുന്ന കാലത്തു് വിദ്യാ൪ത്ഥിരാഷ്ട്രീയത്തി൯റ്റെ ഭാഗമായി ഇലക്ഷനിലു് മത്സരിച്ചു് കോളേജു് യൂണിയ൯ ആ൪ട്ടു്സു് ക്ലബ്ബു് സെക്രട്ടറിയായി പ്രവ൪ത്തിച്ചിട്ടുണു്ടു്... ഡ്രാമാ ക്ലബ്ബു് സെക്രട്ടറിയായും പ്രവ൪ത്തിച്ചിട്ടുണു്ടു്... അതുശരിയാണു്... അതുകൊണു്ടു് എന്നെ സാഹിത്യകാരനായി മുദ്രകുത്തരുതു്... പ്ലീസ്സു്." സഹ്യാദ്രിയണ്ണ൯ മുറിബീഡി ആഞ്ഞുവലിക്കുകയാണു്. മുറിബീഡിയുടെ അരഞ്ഞാണു്ചരടുവരെയെത്തിയിട്ടും കളയുന്നില്ല. ബീഡിപ്പുകയുടെ ഗന്ധം എനിയു്ക്കിഷ്ടമല്ലെങ്കിലും ഞാനതു പുറത്തുകാണിച്ചില്ല... സഹ്യാദ്രിയണ്ണനോടു് വിവരങ്ങളു് തിരക്കി... സഹ്യാദ്രിയണ്ണ൯ പറഞ്ഞുതുടങ്ങി... "ജയകുമാറേ, ഞാ൯ ഹെലു്ത്തു് ഡിപ്പാ൪ട്ടുമെ൯റ്റിലാണു്. ഊളമ്പാറ മെ൯റ്റലു് ഹോസു്പിറ്റലിലു് മിനിസു്റ്റീരിയലു് സു്റ്റാഫാണു്. ഇപ്പോളു് സീനിയറായ ഒരു ക്ലാ൪ക്കാണു്... അത്യാവശ്യം ഇംഗു്ളീഷിലും മലയാളത്തിലും കവിതകളു് എഴുതും." അദ്ദേഹമൊരു പുസു്തകമെടുത്തു് എന്നെക്കാണിച്ചു... 'കാലം ജാലക വാതിലിലു്'... കവിത തുളുമ്പുന്ന ശീ൪ഷകം... പ്രി൯റ്റിങ്ങി൯റ്റെ പുത്ത൯മണം മാറാത്ത ഒരു ചെറിയ പുസു്തകം... "ഞാ൯ ഇതു് സ്വന്തം കൈപ്പടയിലാണു് എഴുതിയതു്. പ്രശാന്തി൯റ്റെ നന്ദിയോടുള്ള കേരളാ ഓഫു്സെറ്റു് പ്രസ്സിലാണു് ഇതു് അച്ചടിക്കാനിരുന്നതു്. അവിടെ പഴയ മലയാളം ലിപിയെല്ലാം ഉരുകിപ്പോയതുകൊണു്ടു് ശിവകാശിയിലു്ക്കൊണു്ടുപോയി കൈയ്യെഴുത്തിനെ ഫോട്ടോബ്ലോക്കാക്കി ഓഫു്സെറ്റിലു് അച്ചടിപ്പിച്ചു. ആയിരത്തോളം കോപ്പി അടിച്ചിട്ടുണു്ടു്. നിങ്ങളു് രണു്ടുപേരുംകൂടിയിതു് പ്രകാശനംചെയു്തുതരണം... എനിയു്ക്കു് ഇതിലു്നിന്നും ഒന്നുംവേണു്ട... ഇതു് വിറ്റുകിട്ടുന്ന കാശു് നിങ്ങളു്തന്നെ എടുത്തോളൂ... പ്രകാശനത്തിനുവേണു്ട എല്ലാ ചെലവുകളും ഞാ൯ വഹിക്കും..."

സഹ്യാദ്രിയണ്ണ൯ പറഞ്ഞുനി൪ത്തിയപ്പോളു് ഞാ൯ പ്രശാന്തി൯റ്റെ മുഖത്തുനോക്കി... ‘എന്തോന്നെടേ ഇതു്’ എന്ന അ൪ത്ഥത്തിലു്... അപ്പോളു് അതാണു് കാര്യം... പുസു്തകം പ്രകാശനം ചെയു്തുകൊടുക്കാമെന്നു് ഏറ്റിട്ടു വന്നിരിക്കുകയാണു് പ്രശാന്തു്... അവ൯റ്റെ മുഖത്തു് ഒരു വളിച്ച ചിരി മാത്രം... ഞാ൯ സഹ്യാദ്രിയണ്ണ൯റ്റെ മുഖത്തേയു്ക്കുനോക്കി... ഞാ൯ ഉള്ള സത്യം പറഞ്ഞു... "അണ്ണാ ഈ പ്രകാശനം എന്നൊക്കെപ്പറയുമ്പോളു്... ഞാനിതുവരെ ഒരു പുസു്തകവും പ്രകാശനം ചെയു്തിട്ടില്ല... ഞാ൯ പ്രകാശനം ചെയു്താലു്പ്പോരല്ലോ... അറിയപ്പെടുന്ന ഏതെങ്കിലും മഹദു്വ്യക്തികളെക്കൊണു്ടു് പ്രകാശനം ചെയു്താലേ ഈ പുസു്തകത്തിനു് നല്ല പബ്ലിസിറ്റി കിട്ടുകയുള്ളൂ... എങ്കിലു്മാത്രമേ ഇതു് വിറ്റുപോവുകയുള്ളൂ... ഞാനൊരു കാര്യം ചെയ്യാം. ഓ. എ൯. വി., മധുസൂദന൯ നായ൪ തുടങ്ങിയ റേഞു്ജിലുള്ള കവികളെ ചെന്നുകണു്ടു് ചടങ്ങിനു ക്ഷണിക്കാം... അതോടൊപ്പം പ്രശസു്തനായ മജീഷ്യ൯ ഗോപിനാഥു് മുതുകാടിനേയും കാ൪ട്ടൂണിസു്റ്റു് സുകുമാറിനേയും ക്ഷണിയു്ക്കാം..."



Lt-to-Rt: Magician Prof. Gopinath Muthukaud, Cartoonist-Writer Mr. Sukumar and Adv. Amunthuruthimadtam Jayakumar during the book-release function at Press Club, Trivandrum.
 
അപ്പോളു് പ്രശാന്തു് ഇടപെട്ടു. “മജീഷ്യ൯ ഗോപിനാഥു് മുതുകാടിനെ എനിയു്ക്കു പരിചയമുണു്ടു്. ഞാ൯ കൊണു്ടുവരാം.” ഞാ൯ അതു് സമ്മതിച്ചു. “ശരിയാണു്... മജീഷ്യ൯ ഗോപിനാഥു് മുതുകാടു് പൂജപ്പുരയിലു് മാജിക്കു് അക്കാഡമി തുടങ്ങിയിട്ടുണു്ടു്. അദ്ദേഹം നന്നായി പ്രസംഗിക്കുമെന്നു മാത്രമല്ല, മാജിക്കു് എന്ന കലയെ ജനകീയമാക്കുന്നതിലും പുതുപുത്ത൯ ജാലവിദ്യകളു് വികസിപ്പിച്ചെടുത്തു് സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലയായി അതിനെ വള൪ത്തിയെടുക്കുന്നതിലും അദ്ദേഹത്തി൯റ്റെ സംഭാവനകളു് വളരെ വലുതാണു്.” ഞാ൯ ലാ അക്കാഡമിയിലു് കലോത്സവത്തി൯റ്റെ ഉതു്ഘാടനത്തിനു ക്ഷണിച്ചപ്പോളു് യാതൊരു മടിയുംകൂടാതെ വരികയും പ്രൊഫസ്സ൪ മധുസൂദന൯ നായരോടൊപ്പം വേദിയിലു്വന്നു് നല്ലൊരു പ്രസംഗം നടത്തുകയും കാണികളുടെ ആവശ്യപ്രകാരം ചില ജാലവിദ്യകളു് കാട്ടുകയും ചെയു്തിട്ടുണു്ടു്. അന്നു് ആ സദസ്സിനെ മുഴുവ൯ കൈയ്യിലെടുക്കാ൯ മുതുകാടിനും പ്രൊഫ. മധുസൂദന൯ സാറിനും സാധിച്ചു... അതുകൊണു്ടു് അവ൪ രണു്ടുപേരെയും നമുക്കു് പുസു്തകപ്പ്രകാശനച്ചടങ്ങിനു് ക്ഷണിക്കണം."

അപ്പോളു് പ്രശാന്തു് ഒരു കാര്യംകൂടി ഓ൪മ്മിപ്പിച്ചു. "ജയകുമാറിനു് ഓ൪മ്മയുണു്ടോ... അന്നു് മുതുകാടു് ലാ അക്കാഡമി ലൈബ്രറിയിലു്നിന്നും ഒരു പത്രമെടുത്തുകൊണു്ടുവരാ൯ പറഞ്ഞു… ഞാ൯ ഹിന്ദുപ്പത്രം എടുത്തുകൊണു്ടുവന്നു കൊടുത്തു. മുതുകാടു് അതു് വേദിയിലു്വെച്ചു് വലിച്ചുകീറി... അടുത്ത സെക്ക൯റ്റിലു് മുതുകാടു് ജാലവിദ്യയിലൂടെ പത്രം പഴയപോലെയാക്കി... ഇതുകണു്ടു് പ്രൊഫ. മധുസൂദന൯ നായ൪ സാ൪ ലൈബ്രറിയിലു് അദ്ദേഹമെഴുതിയ കവിതകളു് ഉണു്ടെങ്കിലു് എടുത്തുകൊണു്ടുവരാ൯ എന്നോടു പറഞ്ഞു. 'മുതുകാടു് ചെയു്തപോലെ ഞാനും കവിതാലാപനം എന്ന മാജിക്കു് ചെയ്യാ'മെന്നു് അദ്ദേഹം അനൗണു്സുചെയു്തപ്പോളു് സദസ്സിലു്നിന്നും നിറഞ്ഞ കരഘോഷമുയ൪ന്നു. അപ്പോളു് പ്രി൯സിപ്പാളു് ധ൪മ്മരാജ൯ സാ൪ മൈക്കിലൂടെ അനൗണു്സുചെയു്തു, 'സോറി സാ൪, ഞങ്ങളുടെ ലൈബ്രറിയിലു് നിയമപ്പുസു്തകങ്ങളു് മാത്രമേയുള്ളൂ, സാഹിത്യപ്പുസു്തകങ്ങളു് സൂക്ഷിക്കാറില്ല.' അതുകേട്ടു് കൂസലില്ലാതെ പ്രൊഫ. മധുസൂദന൯ നായ൪ സാ൪ അദ്ദേഹമെഴുതിയ 'അഗസു്ത്യഹൃദയം' എന്ന കവിത ഒരുവരിപോലും തെറ്റാതെ ചൊല്ലിയതും എനിയു്ക്കോ൪മ്മയുണു്ടു്..." പ്രശാന്തു് പറഞ്ഞുനി൪ത്തി. ഞാ൯ പറഞ്ഞു: "നമുക്കു് ഇവ൪ രണു്ടുപേരെയും ക്ഷണിക്കാം. കൂടാതെ നമുക്കു് കാ൪ട്ടൂണിസു്റ്റു് സുകുമാറിനെയും ക്ഷണിക്കാം. അദ്ദേഹം രസികനാണു്. ഹാസ്യസാഹിത്യത്തിലു് അദ്ദേഹം വെന്നിക്കൊടിപാറിച്ച ആളാണു്. ഇതുകൂടാതെ നമുക്കു് സഹൃദയനും സാഹിത്യകാരനുമായ ഡോ. ബാബു പോളു്, പ്രശസു്ത സാഹിത്യകാര൯ ഡോ. കെ. എം. ജോ൪ജ്ജു് ഇവരെയൊക്കെ ക്ഷണിക്കണം. പുസു്തകപ്പ്രകാശനം ഗംഭീരമാക്കണം. നല്ല മീഡിയാപ്പബ്ലിസിറ്റിയും കിട്ടും, പുസു്തകം ചൂടപ്പംപോലെ വിറ്റുപോകുകയും ചെയ്യും. ഉതു്ഘാടക൯റ്റെയും മുഖ്യാതിഥിയുടെയും സൗകര്യംനോക്കി പുസു്തകപ്പ്രകാശനത്തി൯റ്റെ തീയതിയും നോട്ടീസും തീരുമാനിക്കാം."

ഇതെല്ലാംകേട്ടു് സഹ്യാദ്രിയണ്ണ൯ വായുംപൊളിച്ചു് നിലു്പ്പാണു്. സഹ്യാദ്രിയണ്ണ൯ പറഞ്ഞു: "അയ്യോ, നിങ്ങളിതു് വലിയ ഉത്സവംപോലെയാക്കുമല്ലോ... ഞാ൯ അത്രയുമൊന്നും ഉദ്ദേശിക്കുന്നില്ല. ചെറിയ ഒരു ചടങ്ങായിമാത്രം മതി. നിങ്ങളു് പറഞ്ഞപോലെ ചെയ്യാ൯ കണു്ടമാനം കാശുവേണം. ഇതു് അത്രവലിയ പുസു്തകമൊന്നുമല്ല. നമുക്കു് സിംപിളു് ആയി ചെയു്താലു്മതി!"… "ശരി, സഹ്യാദ്രിയണ്ണനു് സിംപിളു് മതിയെങ്കിലു് സിംപിളായിട്ടു് പ്രകാശനം നടത്താം," ഞാനും സമ്മതിച്ചു... "ശരി, ഇനി സഹ്യാദ്രിയണ്ണ൯ ഒന്നും പറയണു്ട... എല്ലാം ഞങ്ങളേറ്റു. ഈ പുസു്തകപ്പ്രകാശനം ഞങ്ങളു് അടിച്ചുപൊളിക്കും. അണ്ണ൯ സു്റ്റേജിലു് വെറുതേ ഒന്നു് നിന്നുതന്നാലു്മതി. ബാക്കിയെല്ലാം ഞങ്ങളേറ്റു." സഹ്യാദ്രിയണ്ണ൯റ്റെ സന്തോഷത്തിനു് അതിരില്ലായിരുന്നു. അദ്ദേഹം പറഞ്ഞു: "ഞാ൯ ആ പരിസരത്തു വരില്ല. ഞാ൯ ഒളിച്ചിരുന്നു് എല്ലാം കാണും... സു്റ്റേജിലു്പ്പോലും കയറില്ല"... അതു് ഞങ്ങളു്ക്കു് സമ്മതമല്ലായിരുന്നു. ഞാ൯ പറഞ്ഞു: "അണ്ണ൯ സു്റ്റേജിലു് കയറിയില്ലെങ്കിലു് ഞങ്ങളാരും സ്റ്റേജിലു് കയറില്ല. മാത്രമല്ല, അണ്ണനു് ഞങ്ങളു് ഒരു പൊന്നാട വാങ്ങിവെച്ചിട്ടുണു്ടു്, അതുചാ൪ത്തി ആദരിക്കാ൯." സഹ്യാദ്രിയണ്ണ൯ അടുത്ത ബീഡി കത്തിച്ചുകൊണു്ടു പറഞ്ഞു:

"ഒരു പൊന്നാടയും വേണു്ട ജയകുമാറേ... നമുക്കു് പുസു്തകപ്പ്രകാശനം നടക്കണം. ഞാനെഴുതിയ ഈ പുസു്തകമായിരിക്കണം അന്നത്തെ ഹീറോ, അല്ലാതെ ഞാനല്ല... ഞാ൯ സു്റ്റേജിലു് കയറില്ല... ഞാ൯ ഒളിച്ചിരുന്നു് നിങ്ങളുടെ പരിപാടി കാണും"... സഹ്യാദ്രിയണ്ണ൯ വഴങ്ങുന്ന മട്ടില്ല. ഞങ്ങളു് പിന്നെ കൂടുതലു് നി൪ബ്ബന്ധിക്കാ൯ പോയില്ല. കൂടുതലു് ച൪ച്ചകളു്ക്കായി ഞങ്ങളു് പാളയത്തെ ഇ൯ഡൃ൯ കോഫീ ഹൗസ്സിലേയു്ക്കുപോയി. ചായയും മസ്സാലദോശയും ജ്യൂസുമൊക്കെയായി കുറേനേരം മലു്പ്പിടിത്തം നടത്തിക്കഴിഞ്ഞപ്പോളു് വെയിറ്റ൪ ബില്ലുകൊണു്ടുവെച്ചു... അവരുടെ മുന്നിലു് ആളാവാ൯വേണു്ടി ബില്ല് ബലമായി ഞാനെടുത്തു. കൗണു്ടറിനുമുന്നിലു്വെച്ചു് ഞാ൯ പേഴു്സുതുറന്നു് നോക്കിയതും ഞെട്ടിപ്പോയി... പേഴു്സു് കാലി... എന്തുചെയ്യും... വല്യ കാര്യത്തിലു് ബില്ല് ബലമായി എടുത്തുംപോയി... ഇനി ഇതിലു്നിന്നും പതുക്കെ ഊരിപ്പോരാണമല്ലോ...ഞാ൯ ഒന്നും സംഭവിക്കാത്തപോലെ പ്രശാന്തിനെ ബില്ല് ഏലു്പ്പിച്ചു... ചില്ലറയില്ലെന്നു പറഞ്ഞു... ഭാഗ്യത്തിനു് പ്രശാന്തു് ‘നോട്ടുമില്ലേ’ എന്നു് ചോദിച്ചില്ല... എന്നാലു് അതിനുംമുമ്പേ സഹ്യാദ്രിയണ്ണ൯ ബില്ല് പേ ചെയു്തുകഴിഞ്ഞു. പിറ്റേന്നുതന്നെ ഞാനും പ്രശാന്തുംകൂടി 'കാലം ജാലക വാതിലിലു്' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്യുന്നതിനു് മുഖ്യാതിഥിയെയും, ഉതു്ഘാടകനെയും അദ്ധ്യക്ഷനെയും തപ്പിയിറങ്ങി.


 
പത്മശ്രീ പുരസു്ക്കാര ജേതാവും പ്രശസു്ത മലയാള സാഹിത്യകാരനും നിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായ കരിമ്പുമണ്ണിലു് മത്തായി ജോ൪ജ്ജു് എന്ന ഡോ. കെ. എം. ജോ൪ജ്ജു് സാറിനെ കാണാ൯ പോയി. അദ്ദേഹത്തി൯റ്റെ 'ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന പുസു്തകം ലൈബ്രറിയിലു്നിന്നും തപ്പിയെടുത്തു് വായിക്കാ൯ ഒരു ശ്രമം നടത്തിയിട്ടാണു് പോയതു്. സാഹിത്യത്തിലു് വളരെയധികം പ്രബന്ധങ്ങളു് അവതരിപ്പിച്ചു് ഡോക്ടറേറ്റുകളു് നേടിയിട്ടുള്ള, അറിവി൯റ്റെ നിറകുടമാണു് ജോ൪ജ്ജു് സാ൪. അദ്ദേഹത്തി൯റ്റെ വീട്ടിലു്ച്ചെന്നു് കാളിംഗു് ബെല്ല് അടിച്ചു് കാത്തുനിന്നു. കുറേനേരം കഴിഞ്ഞു. ആരും വരുന്നില്ല. വീണു്ടും ബെല്ലടിച്ചു. അകത്തെ ഏതോ മുറിയിലു്നിന്നും പൊട്ടിച്ചിരികളും ഉറക്കെയുള്ള സംസാരവും കേളു്ക്കുന്നുണു്ടായിരുന്നു... ഏതോ സാഹിത്യച൪ച്ചയാണെന്നു തോന്നുന്നു... വീണു്ടും ഒരിക്കലു്ക്കൂടി ബെല്ലടിച്ചപ്പോളു് കതകുതുറന്നിറങ്ങിവന്നതു് സാക്ഷാലു് ഡോ. കെ. എം. ജോ൪ജ്ജു് സാ൪. ഇടിച്ചുകയറി പരിചയപ്പെട്ടു. അദ്ദേഹം എന്നെയും പ്രശാന്തിനെയും അകത്തേയു്ക്കു ക്ഷണിച്ചു.

മുറിയിലു് ചെന്നുനോക്കിയപ്പോളു് മലയാളത്തിലെ പ്രഗത്ഭരെല്ലാമുണു്ടു്. പ്രൊഫ. ഓ. എ൯. വി. കുറുപ്പും, പ്രൊഫ. മധുസൂദന൯ നായരും, ഡോ. ബാബു പോളും തുടങ്ങി പലരും ഉണു്ടു്. സഹ്യാദ്രിയണ്ണ൯റ്റെ 'കാലം ജാലക വാതിലി'ലി൯റ്റെ പക൪പ്പു് ജോ൪ജ്ജു് സാറിനെക്കാണിച്ചു. പുസു്തകത്തി൯റ്റെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. അദ്ദേഹം പുസു്തകം അടിമുടി നോക്കിയിട്ടു് താളുകളു് മറിച്ചുനോക്കി ഓ. എ൯. വി. സാറിനും ബാബു പോളു് സാറിനും കൈമാറി. അവ൪ അതു് തിരിച്ചും മറിച്ചും നോക്കി. കവിതകളിലു് ചിലതൊക്കെ വായിച്ചു. ജോ൪ജ്ജു് സാ൪ പറഞ്ഞു: "ഈ കവിതാ സമാഹാരം നമ്മുടെ മു൯ മേയ൪ ... ..വി൯റ്റെ ഒരു അനിയ൯ രമേഷു് ചന്ദ്ര൯ എഴുതിയതാണെന്നാണു് ഈ പയ്യ൯മാ൪ പറയുന്നതു്. കവിയുടെ സ്വന്തം കൈപ്പടയിലു് പ്രി൯റ്റുചെയു്ത കവിതാ സമാഹാരം എന്ന പ്രത്യേകത ഇതിനുണു്ടു്. സംഭവം നന്നായിട്ടുണു്ടു്. എന്നിട്ടു് കവി എവിടെ? ഈ പുസു്തകം നിങ്ങളല്ലല്ലോ എഴുതിയതു്?"

അദ്ദേഹം പുസു്തകം ഞങ്ങളു്ക്കു് തിരികെത്തന്നു. ഞാ൯ പറഞ്ഞു: "സാ൪, രമേഷു് ചന്ദ്ര൯ എന്ന ഞങ്ങളുടെ സുഹൃത്താണു് ഇതു് എഴുതിയതു്. ചില സാങ്കേതികപ്പ്രശു്നങ്ങളു് കാരണമാണു് അദ്ദേഹം രംഗത്തു വരാത്തതു്. സാറിതു പ്രകാശനം ചെയു്തു തരണം. അതാണു് ഞങ്ങളുടെ ആഗ്രഹം." ജോ൪ജ്ജുസാ൪ ഞങ്ങളെ രൂക്ഷമായി നോക്കിയിട്ടു പറഞ്ഞു: "എന്തോ പന്തികേടു് തോന്നുന്നു. കവിത എഴുതിയയാളു് വിളിച്ചാലേ ഞാ൯ വരൂ. മാത്രമല്ല ഇനി നാളെ ഒരു ഇഷ്യൂ ഉണു്ടാകരുതു്. നിങ്ങളു് വേറെയാരെയെങ്കിലും വിളിച്ചു പ്രകാശിപ്പിക്കു്. അതുപോരേ കുറുപ്പേ?"... ഓ. എ൯. വി. സാ൪ അതുകേട്ടു തലയാട്ടി. ജോ൪ജ്ജുസാ൪ ഞങ്ങളുടെ നേരെനോക്കി പറഞ്ഞു: എനിയു്ക്കു് നിന്നുതിരിയാ൯ സമയമില്ല. ഈ മാസത്തിലു് നിരവധി മീറ്റിങ്ങുകളും സെമിനാറുകളും സമ്മേളനങ്ങളും ഉണു്ടു്. നാളത്തെ സെമിനാറിലേയു്ക്കുള്ള പ്രബന്ധം തയാറാക്കുന്ന തിരക്കിലാണു്. മാത്രമല്ല ഈ കവിതകളു് എഴുതിയ ആളു് ഒളിച്ചിരുന്നിട്ടു് നിങ്ങളെ പറഞ്ഞുവിട്ടു് എന്നെ ക്ഷണിച്ചതു് ശരിയായ നടപടിയല്ല. എന്നേക്കാളു് കേമ൯മാ൪ ധാരാളം ഉണു്ടു്. അവരോടു ചോദിച്ചുനോക്കു്"... ജോ൪ജ്ജുസാ൪ ഒഴിഞ്ഞുമാറി. ഞങ്ങളു് ഓ. എ൯. വി. കുറുപ്പു് സാറി൯റ്റെയും, ബാബു പോളു് സാറി൯റ്റെയും മധുസൂദന൯ നായ൪ സാറി൯റ്റെയും നേ൪ക്കു് പ്രതീക്ഷയോടെ മാറിമാറി നോക്കി. "ജോ൪ജ്ജുസാ൪ പറഞ്ഞില്ലേ?... അജ്ഞാത കവിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്യാ൯ തയാറുള്ള ആളുണു്ടോയെന്നു് തിരക്കിനോക്കു്... ഞങ്ങളു്ക്കുടനെ ഒരു മീറ്റിങ്ങു് കൂടണം." ഓ. എ൯. വി. സാ൪ തീ൪ത്തുപറഞ്ഞു. പിന്നെ ഞങ്ങളു് അവിടെ നിന്നില്ല. പതിയെ ഇറങ്ങിനടന്നു... ഞാനും പ്രശാന്തും. നേരേ പൂജപ്പുര മാജിക്കു് അക്കാഡമിയിലേയു്ക്കു പോയി.

ഇന്ദ്രജാലം എന്ന കലയെ സമൂഹന൯മയു്ക്കായി ഉപയോഗിച്ചുകൊണു്ടിരിക്കുന്ന പ്രസിദ്ധനായ ഇന്ദ്രജാലക്കാരനും, സുപ്രസിദ്ധനായ ഇന്ദ്രജാലക്കാര൯ വാഴക്കുന്നത്തി൯റ്റെ ശിഷ്യനുമായ പ്രൊഫ. ഗോപിനാഥു് മുതുകാടാണു് പൂജപ്പുരയിലെ മാജിക്കു് അക്കാഡമിയുടെ പ്രി൯സിപ്പാളു്. കാര്യം കേട്ട മാത്രയിലു്ത്തന്നെ അദ്ദേഹം സമ്മതിച്ചു... "സന്തോഷം... ഒരു സാഹിത്യകൃതിയും ഞാനിതുവരെ പ്രകാശനം ചെയു്തിട്ടില്ല. വിധിയുടെ നിയോഗം ഇതാണെങ്കിലു് ഞാ൯ പ്രകാശനം ചെയ്യാം." പിന്നെ ഞങ്ങളു് പോയതു് പ്രശസു്ത ഹാസ്യസാഹിത്യകാര൯ കാ൪ട്ടൂണിസു്റ്റു് സുകുമാറി൯റ്റെ വട്ടിയൂ൪ക്കാവു് ഉദിയ൯കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലേക്കാണു്. കാര്യം പറഞ്ഞപ്പോളു്ത്തന്നെ അദ്ദേഹം സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു: "ശരി. കവിതാസമാഹാരം ഞാ൯ പ്രകാശനം ചെയ്യുന്ന കാര്യം ഏറ്റു... മാത്രമല്ല ഒരു വക്കീലും പോലീസുകാരനും (പ്രശാന്തു്) കൂടിവന്നു പറയുമ്പോളു് എങ്ങനെ വേണു്ടെന്നു പറയും... പ്രകാശനച്ചടങ്ങിനു വന്നില്ലേലു് ഇനി എ൯റ്റെപേരിലു് കേസ്സു ചാ൪ജ്ജുചെയു്തുകളഞ്ഞാലു് എ൯റ്റെ കുടുംബം കുളമാവില്ലേ?"... എന്നുപറഞ്ഞു് അദ്ദേഹം പൊട്ടിച്ചിരിച്ചു... "എന്തായാലും ചടങ്ങിനു് ഞാ൯ വരാം." അദ്ദേഹം 'കാലം ജാലക വാതിലിലു്' തുറന്നുവായിച്ചു. എന്നിട്ടു് പറഞ്ഞു: "സംഭവം കൊള്ളാം, പുതുമയുണു്ടു്... എ൯റ്റെയും ചില പുസു്തകങ്ങളു് ഇതുപോലെ സ്വന്തം കൈപ്പടയിലു് എഴുതാ൯ പറ്റുമോയെന്നു നോക്കണം"...

അപ്പോളു് പ്രശാന്തു് അദ്ദേഹത്തോടു പറഞ്ഞു: "സാറേ, ഈ അമുന്തുരുത്തിമഠം ജയകുമാറും സാറിനെപ്പോലെ നമ്പൂരിയാണു്... കണു്ടാലു് പട്ടരുടെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ശരിക്കും പട്ടരാണു്... ജയകുമാറി൯റ്റെ ഇല്ലക്കാരാണു് തിരുവട്ടാ൪ ആദികേശവപ്പെരുമാളു് ക്ഷേത്രത്തിലെ സ്ഥാനികളു്... ആറാട്ടും പള്ളിവേട്ടയും രാജാവിനുപകരം നടത്തുന്നതു് ഇവരുടെ കുടുംബക്കാരാണു്... രാജാവി൯റ്റെ അടുത്ത ആളുകളാണു്"... ഇതുകേട്ടതും സുകുമാ൪ സാ൪ പൊട്ടിചിരിച്ചുകൊണു്ടു് പറഞ്ഞു: “ഓഹോ... അതുശരി... ഞാനും പോറ്റിയാണു്... തുളു പോറ്റി... മംഗലാപുരത്തുനിന്നും വന്നവരാണു്. ആറ്റിങ്ങലൊക്കെ ബന്ധുക്കളുണു്ടു്"... ഇത്രയുമായപ്പോളു് സുകുമാ൪ സാറി൯റ്റെ സഹധ൪മ്മിണി സ്വീകരണ മുറിയിലേയു്ക്കുവന്നു പറഞ്ഞു: "ചായ കുടിച്ചിട്ടു് പോകാം... ഇദ്ദേഹത്തെ ഒരുപാടുപേ൪ പരിപാടിയു്ക്കു് വിളിയു്ക്കും... അഞു്ചുപൈസയുടെ പ്രയോജനമില്ല അവരെക്കൊണു്ടു്. പരിപാടിയു്ക്കു് കൊണു്ടുപോകാ൯ കാറുമായിട്ടു് വരും... എന്നാലു് തിരികെകൊണു്ടാക്കില്ല... ഇതുകണു്ടില്ലേ ഷെലു്ഫിലു് വെയു്ക്കാ൯ സ്ഥലമില്ല... ഒരുപയോഗവുമില്ലാത്ത കുറേ മെമെ൯റ്റോകളു്മാത്രം"... അപ്പോളു് സുകുമാ൪ സാ൪ ഞങ്ങളോടു് പറഞ്ഞു: "ഞാനിന്നുവരെ ഒരു പരിപാടിയിലും പങ്കെടുക്കുന്നതിനു് ഒരു ഡിമാ൯ഡും വെച്ചിട്ടില്ല... ഞാ൯ നിങ്ങളുടെ പരിപാടിയു്ക്കു് വരാം... എന്നെ വിളിച്ചുകൊണു്ടുപോകുന്നതുപോലെ തിരികെക്കൊണു്ടുവിടണം... അത്രേയുള്ളൂ...

ഞങ്ങളു് ചായകുടിച്ചു പടിയിറങ്ങി. നേരേപോയതു് അന്നത്തെ എ൯റ്റെ സീനിയറും അന്നത്തെ ജില്ലാ ഗവണു്മെ൯റ്റു് പ്ലീഡറും പബ്ലിക്കു് പ്രോസിക്ക്യൂട്ടറുമായ എം. രാജഗോപാല൯ സാറി൯റ്റെ കവടിയാറിലെ വീട്ടിലേക്കാണു്. ചെന്നപ്പോളു് ഭാഗ്യം, അദ്ദേഹമുണു്ടു്. "ഹ, ഇതാരാണു് പോറ്റിയോ? എന്താണു് പോറ്റീ വിശേഷം... ഇതാരാണു്?" ഞാ൯ കാര്യം പറഞ്ഞു. "സാറേ, ഒരു പുസു്തകപ്പ്രകാശനച്ചടങ്ങുണു്ടു്. സാറിനെ ഞങ്ങളു് മുഖ്യാതിഥിയാക്കാനാണു് ഉദ്ദേശിക്കുന്നതു്…" രാജഗോപാല൯ സാ൪ നെറ്റിചുളിച്ചുകൊണു്ടു പറഞ്ഞു: "പോറ്റിയു്ക്കു് അറിയാമല്ലോ... സാഹിത്യവുമായി എനിയു്ക്കു ബന്ധമൊന്നുമില്ല...സാഹിത്യം ഇഷ്ടമാണു്... വായിക്കും... അത്രതന്നെ... പിന്നെ ജയകുമാ൪ പോറ്റിവന്നു വിളിച്ചതുകൊണു്ടുമാത്രം ഞാ൯ വരാം... ഞാ൯ എ൯റ്റെ വണു്ടിയിലു് യോഗസ്ഥലത്തു് എത്തിക്കൊള്ളാം...". അദ്ദേഹം ഉറപ്പുതന്നു.

'കാലം ജാലക വാതിലിലി'൯റ്റെ പ്രകാശനച്ചടങ്ങു സംബന്ധിച്ച ഓ൪മ്മകളു് ചികഞ്ഞെടുത്തതാണു്. പ്രസ്സു് ക്ലബ്ബിലെ 11-2-1999 ലെ പ്രകാശനച്ചടങ്ങു് വ൯ വിജയമായിരുന്നു. എന്നാലു് അന്നും സഹ്യാദ്രിയണ്ണ൯ വേദിയിലു് വന്നില്ല. ഒളിച്ചുനിന്നതേയുള്ളു. അതു് അന്നു് പലരും ചൂണു്ടിക്കാണിക്കുകയും ചെയു്തു. ലോകചരിത്രത്തിലാദ്യമായി പുസു്തകമെഴുതിയയാളു് ഒളിച്ചുനിന്നു് മറ്റുള്ളവരെക്കൊണു്ടു് പ്രകാശനം നടത്തിച്ച ആദ്യത്തെ സംഭവം!

ആദ്യം പ്രകാശനം ചെയ്യാ൯ നിശ്ചയിച്ച ഡോ. കെ. എം. ജോ൪ജ്ജു് സാ൪ ഇന്നില്ല. പ്രകാശനച്ചടങ്ങു് ഉതു്ഘാടനം നടത്തിയ പ്രൊഫ. ഗോപിനാഥു് മുതുകാടു് പല പുരസു്ക്കാരങ്ങളും ഏറ്റുവാങ്ങി അന്താരാഷ്ട്രതലത്തിലു്വരെ പ്രശസു്തനായി. കാ൪ട്ടൂണിസു്റ്റു് സുകുമാ൪ വാ൪ദ്ധക്യസഹജമായ ക്ഷീണം കാരണം വീട്ടിലു് വിശ്രമിക്കുന്നു. അന്നത്തെ വിശിഷ്ടാതിഥിയായ രാജഗോപാല൯നായ൪ സാ൪ ഹൈക്കോടതിയിലേയു്ക്കു് പ്രാക്ടീസുമാറ്റി തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റു്, ദേവസ്വം റിക്രൂട്ടു്മെ൯റ്റു് ബോ൪ഡു് ചെയ൪മാ൯ എന്നീ നിലകളിലു് തിരക്കിലായി. അന്നു് ഒളിച്ചിരുന്നു് കവിതകളെഴുതിയ ശ്രീ. രമേഷു് ചന്ദ്രനെന്ന സഹ്യാദ്രിയണ്ണ൯ ആരോഗ്യ വകുപ്പിലു്നിന്നും അടുത്തൂണു്പറ്റി ഇപ്പോഴും ഒളിച്ചിരുന്നു് പുസു്തകങ്ങളെഴുതുന്നു. ഇന്നദ്ദേഹം സഹ്യാദ്രി ബുക്കു്സ്സിനെ പുനരുജ്ജീവിപ്പിച്ചു് വീണു്ടും സാഹിത്യ നഭസ്സിലു് പാറിപ്പറന്നു നടക്കുകയാണു്. പ്രശാന്തു് വിവാഹശേഷം അമേരിക്കയിലു് താമസമാക്കി.

‘കാലം ജാലക വാതിലിലു്’ എന്ന കവിതാസമാഹാരത്തിനു് ഒരു ഓ൪മ്മക്കുറിപ്പു് എഴുതണമെന്ന സഹ്യാദ്രിയണ്ണ൯റ്റെ നിരന്തരമായ നി൪ബ്ബന്ധം സഹിക്കവയ്യാതെയാണു് ഇത്രയും ഓ൪മ്മയിലു്നിന്നും എഴുതാനിടവന്നതു്. ശ്രീ. സഹ്യാദ്രിയണ്ണ൯ ഇനിയും സാഹിത്യ സപര്യയിലു് മുഴുകാനും കാലം ഓ൪ത്തുവെയു്ക്കുന്ന കൃതികളു് മലയാള ഭാഷയു്ക്കു സംഭാവന നലു്കാനും ജഗദീശ്വര൯ ദീ൪ഘായുസ്സു് നലു്കട്ടെയെന്നുമാത്രം പ്രാ൪ത്ഥിച്ചുകൊണു്ടു്,

സസു്നേഹം,

അമുന്തുരുത്തിമഠം ജയകുമാ൪
തിരുവനന്തപുരം
4-6-2018

N.B. ഉള്ളതുപറയട്ടെ, പത്രപ്പ്രവ൪ത്തകരൊഴിച്ചു് ആ സദസ്സിലു് നിരന്നിരുന്നവരൊക്കെ പോലീസ്സുകാരും അഡ്വക്കേറ്റുമാരുമായിരുന്നു. അത്തരമൊരു സംഭവം അതുപോലെകൂടുതലു് കേരളത്തിലെവിടെയെങ്കിലും നടന്നിട്ടുണു്ടാവുമെന്നു തോന്നുന്നില്ല- പോലീസ്സിലുള്ള ഏതെങ്കിലും പ്രസിദ്ധ ക്രിമിനോളജിസു്റ്റി൯റ്റെ പുസു്തകം അത്തരത്തിലൊരു സദസ്സിലു് പ്രകാശനം ചെയു്തിട്ടുണു്ടെങ്കിലല്ലാതെ. Editor.


Kaalam Jaalaka Vaathilil First Collectors' Edition 1999
Out-of-Print 

 Kaalam Jaalaka Vaathilil First E-Book Edition 2014


Kaalam Jaalaka Vaathilil Second E-Book Edition 2019

To buy this book:
https://www.amazon.com/dp/B07CQNLHYR



Meet the Author P. S. RemeshChandran:

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single.

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book.

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.
 



No comments:

Post a Comment