Friday, 15 December 2017

040. ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് ഡിമാ൯ഡുകളു് വെയു്ക്കാനുള്ള അധികാരമുണു്ടു്

040

ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് ഡിമാ൯ഡുകളു് വെയു്ക്കാനുള്ള അധികാരമുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By We Road. Graphics: Adobe SP

കേരളത്തിലെ ഇക്കഴിഞ്ഞ രണു്ടു് തെരഞ്ഞെടുപ്പുകളിലും ഞാ൯ വോട്ടുചെയു്തില്ല- പഞു്ചായത്തു് തെരഞ്ഞെടുപ്പിലും അസ്സംബു്ളി തെരഞ്ഞെടുപ്പിലും-, കാരണം എ൯റ്റെ ലളിതമായ മൂന്നു് ഡിമാ൯ഡുകളും ആരും അംഗീകരിച്ചില്ല. എന്നല്ല, അവ ചെവിക്കൊള്ളാ൯പോലും പ്രധാനപ്പെട്ട മൂന്നു് പാ൪ട്ടികളും- കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റും ബി. ജെ. പിയും- തയ്യാറായില്ല. ഒരിക്കലു് നിയമംപാസ്സാക്കിക്കഴിഞ്ഞാലു്പ്പിന്നെ വല്ലതുംചെയ്യാനൊക്കുമോ, ഇതൊക്കെ ഏതെങ്കിലുംകാലത്തു് നടക്കുന്നകാര്യങ്ങളാണോ, ദിവാസ്വപു്നങ്ങളിലു്നിന്നൊക്കെ താഴെയിറങ്ങേണു്ട കാലംകഴിഞ്ഞു സഖാവേ, സ൪ക്കാരെന്നുപറഞ്ഞാലു് എന്താണെന്നാണു് ഇയാളു് മനസ്സിലാക്കിയിട്ടുള്ളതു്, എന്നിങ്ങനെ നിരവധി ന്യായങ്ങളു് അവ൪ ഓരോരുത്തരും പറഞ്ഞു. ഇതു് മൂന്നും പാവപ്പെട്ട ജനങ്ങളുടെ പൊതു ആവശ്യങ്ങളാണെന്നും, അവ ഏതുജനപ്പ്രതിനിധിക്കും ഒരു ബില്ലവതരിപ്പിച്ചു് നേടിയെടുക്കാവുന്നതേയുള്ളുവെന്നും, ആ൪ക്കുംപറ്റില്ലെന്നു് നിങ്ങളു്പറയുന്ന ഇത്തരംകാര്യങ്ങളാണു് ഡലു്ഹിയിലു് ഒരു അരവിന്ദു് കേജ്രിവാളു് വന്നിരുന്നു് ചെയു്തതെന്നും പറഞ്ഞതൊന്നും അവ൪ പരിഗണിക്കാനേ തയ്യാറായില്ല. ഒരിക്കലു് നിയമംപാസ്സാക്കിയതിനെ ബുദ്ധിശക്തിയും ജനശക്തിയുമുപയോഗിച്ചു് മറികടക്കാ൯ അഡ്വക്കേറ്റെന്നു് പേരിനുമുമ്പിലു് ചേ൪ത്തിട്ടുള്ള പതിനായിരക്കണക്കിനു് നേതാക്കളുള്ള ഈ രാജ്യത്തു് എന്തുകൊണു്ടു് കഴിയുന്നില്ല എന്നചോദ്യം അവരെ പ്രകോപിപ്പിക്കുകയാണു് ചെയു്തതു്. ഇനി എ൯റ്റെ അടിസ്ഥാനപരവും ലളിതവുമായ മൂന്നു് ഡിമാ൯ഡുകളും എന്തൊക്കെയാണെന്നു് പരിശോധിക്കാം:

1. ആശുപത്രികളിലു് പണു്ടത്തെപ്പോലെ എല്ലാം സൗജന്യമായിരിക്കണം. പ്രവേശനഫീസ്സും ലാബു് ടെസ്സു്റ്റിനും മെഡിസ്സിനുമുള്ള പൈസ്സയുംപോലും വാങ്ങാ൯പാടില്ല.

നമ്മളു് കൈയ്യിലു് പൈസ്സയുംവെച്ചു് നോക്കിക്കൊണു്ടിരിക്കുമ്പോളു് അസുഖംവരില്ല. കയ്യിലു് ഒറ്റപ്പൈസ്സപോലുമില്ലാതാവുമ്പോഴാണു് ആളുകളു്ക്കു് അസുഖങ്ങളു് വരുന്നതു്. അന്നേരംനോക്കി ചതയു്ക്കരുതു്. അസുഖംവന്നു് ജോലിചെയ്യാനാവാതെ രാജ്യത്തു് ഉലു്പ്പാദനനഷ്ടം സംഭവിക്കാതിരിക്കാനാണു് സ൪ക്കാരുകളു് ധ൪മ്മാശുപത്രികളു് തുടങ്ങിയതുതന്നെ. ഓരോ രോഗിക്കും അയാളുടെ രോഗനിലയനുസരിച്ചു് ഡോക്ട൪ നി൪ദ്ദേശിക്കുന്ന കഞ്ഞി ഡയറ്റും മിലു്ക്കു് ഡയറ്റും ആശുപത്രികളിലു് ലഭിക്കണം. മിലു്ക്കു് ഡയറ്റെന്നു് പറയുമ്പോളു് അഞു്ചുകഷു്ണം മോഡേണു് ബ്രെഡ്ഡും ഒന്നരഗ്ലാസ്സു് കാച്ചിയപാലും എന്ന൪ത്ഥം. അല്ലാതെ രണു്ടുപേ൪ക്കായി മൂന്നുകവ൪ മിലു്മപ്പാലു് നലു്കിയിട്ടു് അവ വെളിയിലു് തട്ടുകടയിലു്ക്കൊണു്ടുകൊടുത്തു് പകരം അവിടെനിന്നു് കാച്ചിയപാലുവാങ്ങി കുടിച്ചുകൊള്ളാ൯പറയുന്ന ചെറ്റത്തരമല്ല. ഈ പുതിയ ഡയറ്റുനിയമം കൊണു്ടുവന്നിട്ടു് തൊട്ടുപുറകേ ആശുപത്രികളു്ക്കു് വെളിയിലുള്ള തട്ടുകടകളു്മുഴുവ൯ എടുത്തുമാറ്റിച്ച ജനപ്പ്രതിനിധികളു് എത്ര വൃത്തികെട്ടവ൯മാരും ജനവിരുദ്ധ൯മാരുമാണെന്നു് ജനങ്ങളു് എന്നേ തിരിച്ചറിഞ്ഞുകഴിഞ്ഞതാണു്! കഞ്ഞി ഡയറ്റെന്നു് പറയുമ്പോളു് ജലനഷ്ടംനേരിടുന്ന രോഗികളു്ക്കു് ജലനഷ്ടവും ഊ൪ജ്ജനഷ്ടവും പരിഹരിച്ചു് അതിവേഗം ആരോഗ്യനില തിരിച്ചുപിടിക്കുന്നതിനു് ആരോഗ്യമേഖലയിലെ മിടുക്ക൯മാ൪ചേ൪ന്നു് പണു്ടുകണു്ടുപിടിച്ച, ഇഷ്ടംപോലെ ജലവും ഉപ്പും തേങ്ങയും നെല്ലരിയും ചേ൪ന്ന, എളുപ്പം ദഹിക്കുന്ന പോഷകക്കഞ്ഞിയെന്ന൪ത്ഥം.

ഇതൊന്നുംതന്നെ ആശുപത്രികളിലു് പുതിയ കാര്യങ്ങളല്ല, രാജഭരണകാലംമുതലു് സ്വാതന്ത്യത്തിനുശേഷം ദശകങ്ങളോളം ഈയടുത്തകാലംവരെയും ജനങ്ങളു് അനുഭവിച്ചുകൊണു്ടിരുന്ന വിശിഷ്ടസേവനങ്ങളാണു്. ജനങ്ങളുടെ ചെലവിലു് കോടിക്കണക്കിനുരൂപയുടെ സൗജന്യചികിത്സയനുഭവിച്ചുകൊണു്ടു് ലോകംമുഴുവ൯ കറങ്ങിനടക്കുന്ന കുറേ ജനപ്പ്രതിനിധികളു് കൂടിയിരുന്നു് നിയമംപാസ്സാക്കിയും ഒന്നിനുപുറകേയൊന്നായി പുതിയ സ൪ക്കാരുത്തരവുകളിറക്കിയും ഇല്ലാതാക്കിയവയാണിവയെല്ലാം. ഈ സുപ്രധാനമായ ജനകീയാവകാശങ്ങളു് എടുത്തുമാറ്റിച്ച അധമ൯മാരായ ജനപ്പ്രതിനിധികളു് കടന്നുവരുമ്പോളു് ജനം എഴുന്നേറ്റുനിന്നില്ലെങ്കിലു് അവരെ പ്രോട്ടോക്കോളി൯റ്റെപേരിലു് പോലീസ്സു് പിടിച്ചുകൊണു്ടുപോകുന്നു, ഇടിച്ചുചതയു്ക്കുന്നു, പുറത്തെറിയുന്നു. ഇവ൪ക്കാ൪ക്കും പക്ഷേ ഒരിക്കലും തടയാ൯കഴിയാത്തൊരു കാര്യമുണു്ടു്- എമ്മെല്ലേയുടേയും എംപിയുടേയും ചുവന്നബോ൪ഡുവെച്ച കാറിലു് തടിച്ചുകൊഴുത്തു് ചാരിക്കിടന്നു് പോകുമ്പോളു് റോട്ടിലും ബസ്സു്സു്റ്റാ൯ഡിലും നോക്കിനിലു്ക്കുന്ന ജനം വിളിച്ചുപറയുന്ന ഒരിടത്തും അച്ചടിക്കാ൯കൊള്ളാത്ത തീപിടിക്കുന്ന അഭിപ്രായങ്ങളു്, കമ൯റ്റുകളു്! ജനത്തി൯റ്റെ വെറുംകുറേ പ്രതിനിധികളു്ക്കിത്ര അഹങ്കാരമാകാമെങ്കിലു് അവരുടെ ഓണ൪മാരായ യഥാ൪ത്ഥജനം അവരുടെ യഥാ൪ത്ഥ അധികാരങ്ങളു് കുറേ വേലക്കാര൯മാ൪ക്കു് ഡെലിഗേറ്റുചെയു്തുകൊടുക്കാതെ ഡയറക്ടു് ഡെമോക്ക്രസിയിലൂടെ തിരികെപ്പിടിക്കേണു്ടതല്ലേ?

ആശുപത്രികളിലു് ജനങ്ങളു്ക്കു് നഷ്ടപ്പെട്ട സൗജന്യചികിത്സയുടെയും മിലു്ക്കു് ഡയറ്റി൯റ്റെയും കഞ്ഞി ഡയറ്റി൯റ്റെയും അവകാശങ്ങളു് തിരികെപ്പിടിക്കേണു്ടതു്, പുന:സ്ഥാപിച്ചുകൊടുക്കപ്പെടേണു്ടതു്, ജനങ്ങളുടെ ആവശ്യമാണു്, ജനപ്പ്രതിനിധികളുടെ ഉത്തരവാദിത്ത്വമാണു്, ഇനിമേലു് വോട്ടുചെയ്യുന്നതിനു് ജനങ്ങളു്വെയു്ക്കുന്ന ഒരു കണു്ഡീഷനാണു്. ഇവ പുനഃസ്ഥാപിക്കണമെന്നതു് ജനപ്പ്രതിനിധികളു്ക്കു് ജനങ്ങളു് നലു്കുന്ന ഒരു ആജ്ഞയാണു്. ജനപ്പ്രതിനിധികളുടെ ഓണറായ ജനത്തിനു് അതിനുള്ള അധികാരമുണു്ടു്. എന്തെങ്കിലും സംശയമുണു്ടെങ്കിലു് ഓണു്ലൈനായോ കടലാസ്സിലൂടെയോ ഈ വിഷയത്തിലു് ഒരു റഫറണു്ടം നടത്തിനോക്കൂ, അപ്പോളു്ക്കാണാം എന്താണു് സംഭവിക്കുകയെന്നു്. ജനങ്ങളു് സ്വന്തം സൗജന്യചികിത്സാ അവകാശങ്ങളു് റഫറണു്ടത്തിലൂടെ പുനഃസ്ഥാപിക്കുകയും ജനപ്പ്രതിനിധികളുടെ മുഴുവ൯ സൗജന്യചികിത്സാ അവകാശങ്ങളും റദ്ദാക്കുകയും ചെയ്യും. ഒരു സാധാരണജനമെന്ന നിലയിലുള്ള സൗജന്യചികിത്സാ അവകാശങ്ങളു്മാത്രമേ ജനപ്പ്രതിനിധികളു്ക്കു് പിന്നെ അവശേഷിക്കൂ. ഇതൊരു പകലു്സ്സ്വപു്നമായി ആരും കരുതരുതു്. ആദ്യം റഫറണു്ടങ്ങളു് കടന്നുവന്നു. പിന്നെ ഓണു്ലൈ൯ വോട്ടിംഗു് ലോകംമുഴുവ൯ കടന്നുവന്നു. പിന്നെ ഇരുപതാംനൂറ്റാണു്ടിലെ ജനകീയകണു്ടുപിടിത്തമായ ഇ൯റ്റ൪നെറ്റുപയോഗിച്ചു് ജനങ്ങളു് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വന്തം അഭിപ്രായങ്ങളു് രേഖപ്പെടുത്തുന്നതും ആ സ്വയംകൃത അഭിപ്രായങ്ങളു് ഭീമാകാരംപൂണു്ടു് ഒരു പൊതുജനസാന്നിദ്ധ്യയഥാ൪ത്ഥൃമായിക്കലാശിച്ചു് നമ്മുടെചുറ്റുംവന്നു് നിലു്ക്കുന്നതും നാം കണു്ടുകൊണു്ടിരിക്കുകയാണു്. അസ്സംബ്ലിയിലു്പ്പോയിരിക്കാതെതന്നെ ബില്ലുകളെയും നിയമങ്ങളെയും വോട്ടു്ഡൗണു് ചെയ്യുകയോ വോട്ടപ്പു് ചെയ്യുകയോ ചെയ്യാനുള്ള ഡയറക്ടു് ഡെമോക്ക്രസിയായതു് കടന്നുവരികതന്നെയാണു്, ഓണറുടെ പ്രവൃത്തികളു് ഈജോലിചെയ്യുന്നതിനു് ശമ്പളംപറ്റുന്ന അവരുടെ താലു്കാലികപ്പ്രതിനിധികളു്ക്കു് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

2. റേഷ൯വിലയു്ക്കു് വിറകു് ലഭൃമാക്കണം, അല്ലെങ്കിലു് മുന്നൂറുരൂപയു്ക്കു് പാചകവാതകം നലു്കണം.

വനത്തിനുള്ളിലു്ക്കയറി വിറകുവെട്ടിക്കൊണു്ടുവന്നു്, അല്ലെങ്കിലു് താഴെവീണുകിടക്കുന്നതു് ശേഖരിച്ചുകൊണു്ടുവന്നു്, സന്ധ്യക്കു് അന്തിച്ചന്തകളിലു് വിറ്റാണു് നാട്ടി൯പുറങ്ങളിലു് നിരവധിയാളുകളു് നിത്യവൃത്തികഴിഞ്ഞിരുന്നതു്. കാട്ടിനുള്ളിലെ മരങ്ങളിലു്നിന്നും ആരെങ്കിലും വിറകൊടിച്ചാലുമില്ലെങ്കിലും ആ മരങ്ങളുടെ കൊമ്പുകളു് ഓരോദിവസവും ഒരു നിശ്ചിതവേഗതയിലു് വള൪ന്നുകൊണു്ടേയിരിക്കും. അതുകൊണു്ടു് ഈ വിറകൊടിക്കുന്നതൊരു ദേശീയനഷ്ടമോ വനനഷ്ടമോ ആയിരുന്നില്ല. ഒടിച്ചില്ലെങ്കിലും ഉണങ്ങി താഴെവീണു് ആക്കൊമ്പുകളു് നശിച്ചുതന്നെപോകുമെന്നുള്ളതുറപ്പാണു്. ഒരുപക്ഷേ അതു് താഴെവീണഴുകി വനത്തിനുതന്നെ ഒരു പോഷകമാകില്ലേയെന്നു് ചില൪ ചോദിച്ചേക്കാം. നിശ്ചയമായും ആകും, പക്ഷേ നാട്ടി൯പുറത്തുകാ൪ കയറി വിറകൊടിയു്ക്കുന്നതൊരു മഹാനഷ്ടമല്ലെന്നു് മാത്രമാണിവിടെപ്പറഞ്ഞതു്. മാത്രമല്ല നാട്ടുകാരുടെ വനത്തിനുള്ളിലെ ഈ സാന്നിധ്യമാണു് ഫോറസ്സു്റ്റുദ്യോഗസ്ഥരും വനംകൊള്ളക്കാരുംകൂടി മരംമുറിച്ചുകൊണു്ടുപോകുന്നതു് അസാധ്യമാക്കുന്നതും. നാട്ടുകാ൪ വനത്തിനുള്ളിലു്ച്ചെല്ലാതാക്കിയാലു് എന്തും മുറിച്ചുകൊണു്ടുപോകാമല്ലോ! ഒടുവിലൊടുവിലു് യാഥാ൪ത്ഥ്യബോധമില്ലാത്ത കുറേ ഫോറസ്സു്റ്റുദ്യോഗസ്ഥ൪ വനത്തിലു്ക്കയറുന്നവരുടെ കോടാലിയും വെട്ടുകത്തിയും പിടിച്ചെടുത്തുകൊണു്ടുപോയിത്തുടങ്ങി. അതിനുംപുറമേ വനനശീകരണത്തിനു് കേസ്സുകളും എടുത്തുതുടങ്ങി. ഇതിനൊക്കെപ്പുറമേ, ചുള്ളിയൊടിക്കാ൯പോകുന്ന പെണ്ണുങ്ങളെ വനത്തിനുള്ളിലു്വെച്ചു് വനപാലക൯മാ൪ മാനഭംഗപ്പെടുത്തുന്നതും ബലാത്സംഗംചെയ്യുന്നതും ഒരു പതിവുസംഭവമായിരുന്നു. ഏതായാലും വനത്തിലു്ക്കയറി വിറകൊടിച്ചുള്ള നിത്യവൃത്തികഴിച്ചിലു് നിലച്ചുപോയി. അതോടെ കാട്ടിലെ വിറകുകത്തിച്ചുള്ള നാട്ടി൯പുറത്തെ പെണ്ണുങ്ങളുടെ പാചകവും നിലച്ചു. പിന്നെയവ൪ പതുക്കെ മണ്ണെണ്ണയിലേക്കുതിരിഞ്ഞു. അപ്പോഴാണു് ഗവണു്മെ൯റ്റിലെ കോടാലികളായ കണു്ടകാല൯മാ൪ അതു് ശ്രദ്ധിച്ചതും മണ്ണെണ്ണക്കു് റേഷ൯ ഏ൪പ്പെടുത്തിയതും. അതുംകഴിഞ്ഞു് കേന്ദ്ര കണു്ടകാല൯മാ൪ മണ്ണെണ്ണയുടെ വിതരണം രാജ്യംമുഴുവ൯ നി൪ത്തിവെച്ചു. അന്നാണു് നാട്ടി൯പുറത്തെയാപ്പെണ്ണുങ്ങളു് ഗവണു്മെ൯റ്റിനോടു് ചോദിച്ചതു്, 'ഇനി എന്തരെടുത്തിട്ടു് ഒലത്തു'മെന്നു്!

ഇരന്നു് വോട്ടുവാങ്ങുന്നതു് ജനങ്ങളോടു്, കൂറു് കോ൪പ്പറേറ്റുകളോടു്- അതാണു് ഇന്നു് ഇ൯ഡൃയിലെ ആധുനിക ജനാധിപത്യപ്പ്രസ്ഥാനങ്ങളുടെ മുഖം. കാട്ടുവിറകിനെ ആശ്രയിച്ചിരുന്നിടത്തോളംകാലം വീട്ടമ്മമാരെ കോ൪പ്പറേറ്റുകളു്ക്കു് കീഴു്പ്പെടുത്തിക്കൊടുക്കാ൯ ആധുനിക ജനാധിപത്യതിനു് കഴിയുമായിരുന്നില്ല; അടുപ്പുകത്തിക്കുന്ന കാര്യത്തിലെങ്കിലും അവ൪ സ്വയംപര്യാപു്തരായിരുന്നു. വിറകുനിരോധിച്ചു് മണ്ണെണ്ണയിലേയു്ക്കവരെ സമ൪ത്ഥമായി ഉന്തിത്തള്ളിയതോടെ ജനാധിപത്യനേതാക്കളു്ക്കു് ചെലവിനുകൊടുക്കുന്ന സമ്പന്നയുലു്പ്പാദകവ൪ഗ്ഗത്തി൯റ്റെ പിടിയിലേയു്ക്കവ൪ വീണുകഴിഞ്ഞു. പാചകവാതകത്തിനുകൂടി അവരെ തീ൪ത്തും അടിമകളാക്കുന്നതുവരെ മുതലാളിത്ത ഉലു്പ്പാദകവ൪ഗ്ഗത്തി൯റ്റെ അജണു്ട പൂ൪ണ്ണമാവില്ല. പക്ഷേ അതിനുമുമ്പു് ഒരു കടമ്പകൂടിയുണു്ടായിരുന്നു- പട്ടണങ്ങളിലെ വീട്ടമ്മമാരുടെ അറക്കപ്പൊടിയടുപ്പുകളെക്കൂടി നാടുകടത്തുന്നതു്.

കോ൪പ്പറേറ്റുകളു്ക്കു് പെണ്ണുങ്ങളുടെ അടുക്കളയിലേക്കു് വഴിയൊരുക്കിയ പരമനന്ദികെട്ട ജനപ്പ്രതിനിധികളു്

കരിയുടെയും പുകയുടെയും സ്ഥലസൗകര്യക്കുറവി൯റ്റെയും കാരണമായി ഗ്രാമങ്ങളിലു് വിറകടുപ്പുപോലെ പട്ടണങ്ങളിലെ പെണ്ണുങ്ങളു് ഉപയോഗിച്ചിരുന്നതു് തടിമില്ലുകളിലു്നിന്നും പുറന്തള്ളുന്ന അറക്കപ്പൊടിയായിരുന്നു. ഒരിരുമ്പടുപ്പിനകത്തു് പരസു്പരം ലംബമായി നടുക്കു് കുത്തനെയും താഴെ അതിലു്ച്ചെന്നുമുട്ടുന്ന രീതിയിലു് വിലങ്ങനെയും ഓരോ ഉരുള൯ തടിക്കഷണങ്ങളു്വെച്ചു് അറക്കപ്പൊടി കുത്തിനിറച്ചിട്ടു് രണു്ടു് തടിക്കഷണങ്ങളുമെടുക്കുമ്പോളു് നല്ല വായുസഞു്ചാരമുള്ള അവരുടെ അടുപ്പായി. അതിനെയാണു് ബജാജും റാലിയും കടന്നുവന്നു് ഇലക്ട്രിക്കടുപ്പുകളിലൂടെ പുറന്തള്ളി കോ൪പ്പറേറ്റുകളു്ക്കു് പെണ്ണുങ്ങളുടെ അടുക്കളയിലേക്കു് വഴിയൊരുക്കിയതു്. തടിമില്ലുകളിലു് ആ അറക്കപ്പൊടിയിപ്പോഴും വ൯മലകളു്പോലെ കൂടിക്കിടക്കുന്നുണു്ടു്, കാരണം കെട്ടിടനി൪മ്മാണത്തി൯റ്റെ കുതിച്ചുപാച്ചിലിലു് തടിമില്ലുകളുടെ ബിസിനസ്സിനു് കോട്ടമൊന്നും സംഭവിച്ചില്ല. പണു്ടത്തേതിനേക്കാളും എത്രയോയിരട്ടി അറക്കപ്പൊടി ഇപ്പോഴുണു്ടാക്കുന്നുണു്ടു്! പക്ഷേ അവ ഒന്നുംചെയ്യാനാവാത്ത മാലിന്യമായി വ൪ഷങ്ങളെടുത്തു് സ്ഥലവും മെനക്കെടുതി അഴുകിജീ൪ണ്ണിച്ചു് മണ്ണിലു്ക്കിടന്നു് നശിക്കുന്നു. ഇപ്രകാരം ലക്ഷക്കണക്കിനു് ടണ്ണു് ഊ൪ജ്ജം നശിക്കാ൯വിട്ടിട്ടു് ഊ൪ജ്ജസംരക്ഷണമെന്നു് പ്രതിദിനം പരസ്യംകൊടുക്കുന്ന ഉദ്യോഗസ്ഥക്കാണു്ടാമൃഗങ്ങളു് സാമ്രാജ്യത്വത്തി൯റ്റെയും ക്യാപ്പിറ്റലിസത്തി൯റ്റെയും കോ൪പ്പറേറ്റിസത്തി൯റ്റെയും ഏജ൯റ്റ൯മാ൪ തന്നെയല്ലേ?

വിറകടുപ്പിനെയും മണ്ണെണ്ണയടുപ്പിനെയും അറക്കപ്പൊടിയടുപ്പിനെയും നാടുകടത്തിയതോടെ ഇ൯ഡൃ൯ പാചകരംഗം ജനാധിപത്യനേതാക്ക൯മാരിലൂടെ പെട്രോളു്വാതകഭീമ൯മാ൪ക്കു് പൂ൪ണ്ണമായും തുറന്നുകിട്ടി. അതിനുശേഷം ഏതാനുംചില വ൪ഷങ്ങളു്കൊണു്ടു് പാചകവാതകവില നൂറ്റമ്പതു് രൂപയിലു്നിന്നും ആയിരത്തോളം രൂപയാക്കി അവ൪ ഉയ൪ത്തി. ഇതിനുവേണു്ടിയവ൪ മുടക്കിയതു് ജനാധിപത്യനേതാക്ക൯മാരെ അതിസമ്പന്നരായി നിലനി൪ത്താനും ദശകങ്ങളോളം ചെലവിനുകൊടുക്കാനുമുള്ള പൈസ്സയാണു്. എന്നാലും അവ൪ക്കു് വ൯ലാഭം തന്നെയാണു്. ഇ൯ഡൃയിലെ എണ്ണക്കമ്പനികളിലൊരെണ്ണംപോലും നഷ്ടത്തിലാണെന്നു് അവരുടെ ബോ൪ഡുയോഗങ്ങളിലു് ഇന്നുവരെ പറഞ്ഞിട്ടില്ല. മറിച്ചു് ഭരണകൂടത്തി൯റ്റേതായ യാതൊരു നിയന്ത്രണവുമില്ലാതെ നടത്താ൯കഴിയുന്ന ഭീമമായ എണ്ണവിലക്കൊള്ളയടികാരണം അവരുടെ ഓഹരിവിലകളു് പ്രതിദിനം കുതിച്ചുയരുകയാണു്. ഭരണകൂടമെങ്ങനെ നിയന്ത്രിക്കും? ഇവ൪തന്നെയല്ലേ ഭരണകൂടം? ഇതിലെ വ൯ ഓഹരിയുടമകളും ഡയറക്ട൪മാരുമെല്ലാം ആരാണെന്നല്ലേ? നമ്മുടെ ജനാധിപത്യനേതാക്ക൯മാ൪തന്നെയാണതും. എന്തൊരെമണ്ഡ൯ ചൂഷണരീതി- നാലുചുറ്റുനിന്നും ജനാധിപത്യത്തി൯റ്റെപേരിലു്! പാചകവാതക സിലിണു്ടറുകളുടെപേരിലുള്ള കൊള്ള യൂറോപ്യ൯രാജ്യങ്ങളു് പിടിച്ചുനി൪ത്തിയതു് പാചകവാതകം അടിസ്ഥാന മൗലിക അവകാശമാക്കിയും വൈദ്യുതിയും വെള്ളവുംപോലെ ഓരോവീടിനും പൈപ്പുലൈനുകളിലൂടെ പാചകവാതകം നലു്കിയുമാണു്. സൂര്യനുതാഴെയുള്ള സമസു്തവിഷയങ്ങളെയുംകുറിച്ചു് ഉഗ്രമായി പ്രസംഗിക്കുന്ന രാഹുലു് ഗാന്ധിമുതലു് നരേന്ദ്രമോദിവരെയുള്ള പതിനായിരക്കണക്കിനു് ദേശീയനേതാക്ക൯മാരൊന്നുംതന്നെ കുഴലുകളിലൂടെ ഓരോവീടിനും പാചകവാതകം നലു്കുന്നതിനെക്കുറിച്ചു് ഒറ്റവാക്കുപോലും ഇന്നുവരെയും സംസാരിച്ചിട്ടില്ലെന്നതുതന്നെ ഇവരെല്ലാം എണ്ണക്കമ്പനികളുടെ ആരാണെന്നു് നമുക്കു് വ്യക്തമാക്കിത്തരുകയാണു്. നൂറുവ൪ഷംകഴിഞ്ഞു, യൂറോപ്പിലു് കുഴലുകളിലൂടെ പാചകവാതകം നലു്കിയിട്ടു്. ഇതുവരെ ഇവരാരും അതിനെക്കുറിച്ചു് കേട്ടിട്ടുമില്ല, കണു്ടിട്ടുമില്ലത്രേ! ഇനി ഇവ൪ അങ്ങനെയതു് കുഴലുകളിലൂടെ വീടുകളിലു് നലു്കിയാലു്ത്തന്നെ ഇതേ എണ്ണക്കമ്പനികളിലൂടെ അവരുടെ അതേ കൊള്ളയടിനയമുപയോഗിച്ചുതന്നെയാകില്ലേ? ഇനി ഈ പാചകവാതകത്തി൯റ്റെമുഴുവ൯ യഥാ൪ത്ഥ ഓണ൪മാരാണു്? ഇതൊന്നും ഇവരുടെ സ്വന്തം പാടങ്ങളിലു് വിളയുന്നതല്ല, പൊതുജനങ്ങളുടെ വകയായ രാജ്യത്തെ എണ്ണപ്പാടങ്ങളിലു്നിന്നും ഉപോലു്പ്പന്നമായി ഊറിവരുന്നതാണു്. രാജ്യത്തി൯റ്റെ അന൪ഘസമ്പത്തുക്കളായ എണ്ണപ്പാടങ്ങളു് സ്വന്തം അച്ഛ൯റ്റെവകപോലെ എടുത്തിട്ടമ്മാനമാടാനും കുടുംബസ്സ്വത്തുപോലെ യഥേഷ്ടം ഉപയോഗിക്കാനും തീറെഴുതിക്കൊടുത്ത ദേശീയനേതാക്ക൯മാ൪ ഇതിലെത്രത്തോളം അഴിമതിനടത്തിയിട്ടുണു്ടെന്നു് ഒരുനാളന്വേഷണംനടന്നു് കണക്കെടുക്കപ്പെടുമ്പോളു് നൈജീരിയ൯ എണ്ണപ്പാടക്കേസ്സുപോലെ എത്രയായിരം നേതാക്ക൯മാരുടെ ബീഭത്സമുഖങ്ങളു് വെളിപ്പെടുത്തുന്ന എന്തെല്ലാമെന്തെല്ലാമൊക്കെയായിരിക്കും വെളിച്ചത്തുവരിക!

3. റോഡിലു്ക്കൂടിപ്പോകുമ്പോളു് ഇവിടെയൊരാളു്ക്കും- കുട്ടികളു്ക്കോ സു്ത്രീകളു്ക്കോ ആ൪ക്കും- പട്ടികടിയും പേവിഷബാധയും ഉണു്ടാവരുതു്.

കേരളത്തിലെ തെരുവുകളിലും വീടുകളിലു്ക്കയറിച്ചെന്നും പിഞു്ചുകുഞ്ഞുങ്ങളെയും അമ്മമാരെയും, കടത്തിണ്ണകളിലു്ക്കിടന്നു് അന്തിയുറങ്ങുന്നവരെയും, പട്ടികളു് കടിച്ചുകുടഞ്ഞു് കൊല്ലുമ്പോളു് 'ഇതൊക്കെ എന്നോടുവന്നു് പറയുന്നതെന്തി'നെന്നമട്ടിലു് അസ്വസ്ഥത പ്രകടിപ്പിച്ചു് നിസ്സാരമട്ടിലു് ജനങ്ങളു് നലു്കിയ കാറിലു്ക്കയറിപ്പോകുന്ന കുറേ മന്ത്രിമാരും ജനപ്പ്രതിനിധികളും ഇവിടുണു്ടു്. കേന്ദ്രനിയമമെന്നൊന്നും ചിലച്ചിട്ടു് കാര്യമില്ല. അതും ഇവരെപ്പോലെയുള്ള കുറേ ജനപ്പ്രതിനിധികളു് കൂടിച്ചേ൪ന്നിരുന്നു് ഉണു്ടാക്കിയതുതന്നെയാണു്. അതുപോലെ വീണു്ടുംകുറേ ജനപ്പ്രതിനിധികളു് കൂടിച്ചേ൪ന്നിരുന്നു് ഈ കുരുക്കഴിയു്ക്കുക. അതിനുതന്നെയാണു് ശമ്പളവും പെ൯ഷനും മറ്റാനുകൂല്യങ്ങളും ജനങ്ങളു് തരുന്നതു്. ലോകപ്പ്രസിദ്ധമായ അഴിയാത്ത ഗോ൪ഡ൯ കുരുക്കു് അലകു്സ്സാണു്ട൪ ചക്രവ൪ത്തി വാളുകൊണു്ടു് ഒറ്റവെട്ടിനു് വെട്ടിയാണന്നഴിച്ചതു്. രാഷ്ട്രീയനേതാക്ക൯മാ൪ ലോകത്തെ ഏറ്റവുംവലിയ വ്യവസായങ്ങളിലൊന്നായ പട്ടിവ്യവസായത്തിലു്നിന്നും പണവാങ്ങിയിട്ടാണു് അവരെ നിലനി൪ത്തുന്നതിനുള്ള നിയമങ്ങളുണു്ടാക്കുന്നതെന്നു് ജനങ്ങളു്ക്കെല്ലാം നന്നായറിയാം. ആ ലോകവ്യവസായത്തി൯റ്റെ നടപ്പുരീതികളു് നോക്കുമ്പോളു് എത്രവലിയ ജനപ്പ്രതിനിധിയെയും തലസ്ഥാനലോബിയിസ്സു്റ്റുകളു്വഴി ആയിരക്കണക്കിനുള്ള അവരുടെ വഴികളിലു് ഏതെങ്കിലുമൊന്നിലൂടെ വിലയു്ക്കെടുത്തു് നിയമങ്ങളുണു്ടാക്കിച്ച ചരിത്രമേ അവ൪ക്കുള്ളൂ. അവരുടെ പണം വാങ്ങിത്തന്നെയാണു് ആ നിയമങ്ങളുണു്ടാക്കിയതെന്നു് ലോകത്തിന്നുവരെ ഒരു ജനപ്പ്രതിനിധിയും പറഞ്ഞിട്ടുമില്ല. കേന്ദ്രനിയമമെന്നൊക്കെപ്പറഞ്ഞാലു് അതാരാണുണു്ടാക്കുന്നതെന്നും എങ്ങനെയുള്ളവരാണുണു്ടാക്കുന്നതെന്നും എന്തിനൊക്കെവേണു്ടിയാണു് ഉണു്ടാക്കുന്നതെന്നും കുറേയൊക്കെ ജനങ്ങളു്ക്കുമറിയാം. അതുകൊണു്ടു് കുറേ ജനപ്പ്രതിനിധികളു്തന്നെ കൂടിയിരുന്നു് വേണു്ടതെന്തെന്നുവെച്ചാലു് ചെയു്തു് ഈ പുതിയ പ്രതിസന്ധി ഒഴിവാക്കുക.

എത്രയോ തെരഞ്ഞെടുപ്പുകളിലു് പ്രവ൪ത്തിച്ചു! എത്രയോ തെരഞ്ഞെടുപ്പുകളിലു് വോട്ടുചെയു്തു!! എത്രയോ എത്രയോ തെരഞ്ഞെടുപ്പുകളു്ക്കുശേഷം ജനപ്പ്രതിനിധികളാലു് വീണു്ടും വീണു്ടും വഞു്ചിക്കപ്പെട്ടു!!! ഇനിമുതലു് എനിക്കും എന്നെപ്പോലുള്ളവ൪ക്കും ഡിമാ൯ഡുകളുണു്ടു്. ഓരോ തെരഞ്ഞെടുപ്പിലും കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റിനുമറിയാം അവരിലാരെങ്കിലുംതന്നെ അധികാരത്തിലു്വരുമെന്നു്. ഭരണത്തിലില്ലാത്ത കോണു്ഗ്രസ്സിനും മാ൪കു്സ്സിസ്സു്റ്റിനുമാവശൃമുള്ള മുഴുവ൯കാര്യങ്ങളും ഭരണത്തിലുള്ള കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റും അപ്പപ്പോളു്ത്തന്നെ അങ്ങോട്ടുമിങ്ങോട്ടും നടത്തിക്കൊടുക്കുന്നുണു്ടു്. ഇപ്പോളു് ഇവ൪ക്കെതിരെ ഒരു ത്രികോണമത്സരമൊരുക്കിക്കൊണു്ടു് ബി. ജെ. പിയും കൂടി ഒരു ഭീഷണിയായിക്കടന്നുവന്നു് അവരിരുവരുടെയും പ്ലാനുകളു് തെറ്റിച്ചു. അഞു്ചുവ൪ഷംകഴിഞ്ഞു് ഇനിയുംവരുന്ന ഒരു തെരഞ്ഞെടുപ്പിലു് ഒരു ചതുഷു്ക്കോണ മത്സരമൊരുക്കിക്കൊണു്ടു് സാധാരണജനങ്ങളു്കൂടിക്കടന്നുവരുമെന്നും, ആരെയും ഇഷ്ടമല്ലെന്നു് രേഖപ്പെടുത്തുന്ന 'നോട്ട'പോലെ ഓണലൈ൯വോട്ടിംഗും വരുമെന്നും വിദ്യാസമ്പന്നമായ കേരളത്തിലും അരവിന്ദു് ഖേജ്രിവാളിനെപ്പോലൊരു ധീര൯ കടന്നുവരുമെന്നും ഉറപ്പാണു്. മുഖ്യധാരാമാധ്യമങ്ങളും വമ്പ൯ രാഷ്ട്രീയപ്പാ൪ട്ടികളും പുച്ഛിച്ചെറിഞ്ഞ ഇതുപോലുള്ള മുദ്രാവാക്യങ്ങളും ആവശ്യങ്ങളും ആവരുന്ന തെരഞ്ഞെടുപ്പിലു് മുന്നണിമുദ്രാവാക്യങ്ങളായിമാറി അതിനൊത്ത അതുപോലൊരു ഭരണക്രമത്തിനു് രൂപംകൊടുക്കുമെന്നുമുറപ്പാണു്.

[Based on ‘General response to elections in 2016’. Written on 17 May 2016]

Included in Raashtreeya Lekhanangal Part I
 


From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00
 
 
 
 




No comments:

Post a Comment