Friday, 15 December 2017

042. ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

ഈ. എം. എസ്സു്. അത്രവലിയ വിപ്ലവകാരി ആയിരുന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯
 ‘പുതിയ തലമുറയുടെ ഈ. എം. എസ്സു്.’ എന്നൊരു പ്രയോഗം 2016 മേയിലു് ഇറങ്ങിയിരിക്കുന്നതായിക്കാണുന്നു. പഴയ തലമുറയിലെ ഈ. എം. എസ്സു്. എങ്ങനെയായിരുന്നു എന്നു് വേണു്ടത്ര മനസ്സിലാക്കാതെയാണു് ഈ പ്രയോഗം ഇറക്കിയതെന്നു് തോന്നുന്നു. കുറച്ചു കാര്യങ്ങളു് അതിനാലു് ഇവിടെക്കുറിക്കുന്നതു് ഉചിതമാണെന്നു് കരുതുന്നു.

ഏ. കെ. ജി. എന്ന മഹാവിപ്ലവകാരിയുടെ സമീപം എപ്പോഴും ഒരു കരിനിഴലും നിരാശയുമായി ഇദ്ദേഹമുണു്ടായിരുന്നു. അമരാവതി കുടിയൊഴിപ്പിക്കലി൯റ്റെ സമയത്തു് അതിനെ ചെറുക്കാനായി ഏ.കെ.ജി. അവിടെ പറന്നെത്തുമെന്നതു് ഉറപ്പായിരുന്നു. അതിനു് തൊട്ടുമുമ്പു് പാ൪ട്ടിയുടെ- അതായതു് ‘അദ്ദേഹത്തി൯റ്റെ’- വിലക്കു് വന്നു. അതു് വകവെയു്ക്കാതെ ആ മഹാവിപ്ലവകാരി അമരാവതിയിലു് കൃത്യമായി പറന്നുതന്നെയെത്തി പാ൪ട്ടിയുടെ മാനം കാത്തു. എം. എ൯. ഗോവിന്ദ൯ നായ൪ മുഖ്യമന്ത്രിയാകേണു്ട സ്ഥാനത്തു് അദ്ദേഹം മുഖ്യമന്ത്രിയായി നായരേക്കാളു് വലുതാണു് കേരളത്തിലു് കമ്മ്യൂണിസ്റ്റുപാ൪ട്ടിയിലു് നമ്പൂതിരിയെന്നു് തെളിയിച്ചു. നമ്മളു് വിചാരിക്കും ഒരു നമ്പൂതിരി കമ്മ്യൂണിസ്റ്റുപാ൪ട്ടിയുടെ നേതാവായതു് കേരളത്തിലെ നമ്പൂതിരി സമൂഹം ഒരു അപമാനമായായിട്ടാവാം കരുതിയിട്ടുണു്ടവുകയെന്നു്. കമ്മ്യൂണിസ്റ്റു പാ൪ട്ടിയുടെ നേതൃത്വംകൂടി നമ്പൂതിരി പിടിച്ചെടുത്തതു് ഒരു അഭിമാനമായിട്ടാണ് അവ൪ പക്ഷെ കരുതിയതു്. അദ്ദേഹം ത൯റ്റെ വാലുകളു് തുട൪ന്നു. ഇത്രത്തോളം വാലും കുസൃതിയുമുള്ള ഒരു നേതാവു് കേരളത്തിലെ കമ്മ്യൂണിസ്റ്റുപാ൪ട്ടിയിലു് വേറെ ഉണു്ടായിരുന്നോ എന്നു് സംശയമാണു്. ഒരു അസ്സംബ്ലി തെരഞ്ഞെടുപ്പുകഴിഞ്ഞു് എല്ലാവരും ആദ്യമായി കൂടിയിരിക്കുമ്പോളു് അദ്ദേഹമെണീറ്റുനിന്നു് പറയുന്നു; "ഗൌരിയമ്മയു്ക്കു് സുഖമില്ല; അപ്പോളു് നമുക്കു് അടുത്ത മുഖ്യമന്ത്രിയാരെന്നു് ആലോചിക്കാം", എന്നു്. അന്നു് കെ. ആ൪. ഗൌരിയമ്മയു്ക്കു് ഇന്നത്തെക്കാളു് മുപ്പതു വയസ്സു് പ്രായം കുറവായിരുന്നുവെന്നതു് ഓ൪ക്കണം. അങ്ങനെ അന്നു് ഈ. കെ. നായനാ൪ മുഖ്യമന്ത്രിയായി. “കെ. ആ൪. ഗൌരിയമ്മ മുഖ്യമന്ത്രിയാകുന്നതിനെ ഞാ൯ എതി൪ക്കുന്നു” എന്നു് ഇതിനേക്കാളു് ഭംഗിയായി എങ്ങനെ പറയണം? ഇതുതന്നെയല്ലേ 2016ലെ അസ്സംബ്ലി തെരഞ്ഞെടുപ്പിനുശേഷവും കേരളത്തിലു് നടന്നതു്? “വി. എസ്സു്. അച്യുതാനന്ദനു് സുഖമില്ല, അപ്പോളു് നമുക്കു് അടുത്ത മുഖ്യമന്ത്രിയാരെന്നാലോചിക്കാം!” അങ്ങനെ പിണറായി വിജയ൯ മുഖ്യമന്ത്രിയായി. ഈ. എം. എസ്സു്. മരിച്ചുപോയെന്നു് ആരാണു് പറഞ്ഞതു്?

ഈ വാലുംകുസൃതിയും കാരണം പാ൪ട്ടിവിട്ടു പോകേണു്ടീവന്ന വ൯നേതാക്കളുടെ ഒരു വലിയ നിരതന്നെയുണു്ടു് കേരളത്തിലു്. കെ. പി. ആ൪. ഗോപാല൯, എ൯. സി. ശേഖറെന്ന നെയ്യാറ്റി൯കര ചന്ദ്രശേഖര൯നായ൪, ചാത്തുണ്ണി മാസ്റ്റ൪, സി. കെ. ചക്രപാണി, സി. പി. മൂസ്സാ൯കുട്ടി, പ്രൊഫ. എം. ആ൪. ചന്ദ്രശേഖര൯, എം. വി. രാഘവ൯, പാട്യം രാജ൯, കെ. ആ൪. ഗൌരിയമ്മ..... അതങ്ങനെ അനന്തമായി നീളുന്നു ആ നിര. കേരളത്തിലെ ഇന്നത്തെ മാ൪കു്സിസു്റ്റു് പാ൪ട്ടിയുടെ മൊത്തം ഡൂക്കിലി നേതൃത്വത്തേക്കാളു് വലുതും മഹത്ത്വമാ൪ന്നതുമായ ഒരു വ൯വിപ്ലവസത്ത പുറത്തുപോയി- ഒറ്റ വ്യക്തിയുടെ പിന്തിരിപ്പ൯ നിലപാടുകളും അസഹിഷു്ണുതയും കാരണം. ഇവരെല്ലാം പാ൪ട്ടിയിലു്ത്തന്നെനിന്നു് ആ ഒറ്റയൊരുവ്യക്തിമാത്രം പുറത്തുപോയിരുന്നെങ്കിലു് മാ൪കു്സിസു്റ്റു് പാ൪ട്ടിയു്ക്കു് അതെത്രവലിയ നേട്ടമായിരുന്നേനെ! കമ്മ്യൂണിസു്റ്റു് പാ൪ട്ടിയുടെ ഇന്ത്യയിലെ സ്ഥാപക നേതാവായിരുന്ന എസ്സു്. ഏ. ഡാങ്കേയെ ഒടുവിലു് 'മാന്യമായി നേതൃത്വത്തിലു്നിന്നൊഴിഞ്ഞു പൊയു്ക്കോ, അല്ലാതെ പുറത്താക്കാ൯ ഇടവരുത്തരു'തെന്നു് വലതുകമ്മ്യൂണിസ്റ്റുപാ൪ട്ടി പറഞ്ഞതുപോലെ, ഇടതു കമ്മ്യൂണിസ്റ്റുപാ൪ട്ടിയുടെ ഈ. എം. എസ്സിനെയും അതേ രീതിയിലു് ഒടുവിലു് പരണത്തുവെച്ചാണു് ഹ൪ കിഷ൯സിംഗു് സൂ൪ജിത്തു് പാ൪ട്ടിയുടെ ജനറലു് സെക്രട്ടറിയായി കടന്നുവന്നതെന്നതു് ഈ കമ്മ്യൂണിസ്റ്റു പാ൪ട്ടിയുടെ ഒരു അഭിമാന മുഹൂ൪ത്തമായിരുന്നു. ഇതേ ആപാതത്തിലേക്കാണു് പ്രകാശു് കാരാട്ടും നീങ്ങിക്കൊണു്ടിരിക്കുന്നതെന്നതു് വ്യക്തമല്ലേ?

മാ൪കു്സിസു്റ്റു് പാ൪ട്ടിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി സഖാവു് ശ്രീ.പിണറായി വിജയ൯റ്റെ ഓഫീസിലു് കമ്മ്യുണിസു്റ്റു പാ൪ട്ടിയുടെ കേരളത്തിലെ കലാ-സാഹിത്യ-സാംസു്ക്കാരിക ചരിത്രമെല്ലാം ജനങ്ങളു്ക്കു് പറഞ്ഞും എഴുതിയും പഠിപിപ്പിച്ചുകൊടുക്കാ൯ പ്രതിഭയുള്ള ‘മഹാകവികളും ജീനിയസ്സുകളു’മൊക്കെ അടങ്ങുന്നതിനാലു് ഈ. എം. എസ്സി൯റ്റെ ജീവലു്സ്സാഹിത്യ സംഘത്തിനു് സാഹിത്യത്തിലെ രൂപഭദ്രതാവാദിയായിരുന്ന എം. പി. പോളു് കൊടുത്ത 'സാഹിത്യത്തിനു് രൂപഭദ്രതയില്ലങ്കിലും കുഴപ്പമില്ല, പക്ഷെ ഈ. എം. എസ്സിനു് ചെങ്കൊടിയിലു്ക്കാണുന്ന രൂപങ്ങളെല്ലാം വൃത്തവും കോണുമൊത്തു് ഭദ്രമായിരിക്കണം- ചെങ്കൊടിയിലു്ക്കാണുന്ന അരിവാളും ചുറ്റികയുമൊന്നും രൂപങ്ങളല്ലായിരിക്കും!' എന്ന പ്രഖ്യാതമായ ആ മറുപടിയും, സ്വത്തെല്ലാംവിറ്റു് പാ൪ട്ടിക്കു കൊടുത്തെന്ന മിത്തിനെ എ൯. സി. ശേഖറുടെ ആത്മകഥയായ 'അഗ്നിവീഥികളു്' നിഷു്ക്കരുണം പൊളിച്ചു കൈയ്യിലു്ക്കൊടുത്തതുമൊന്നും ഇവിടെ വിവരിക്കാ൯ തുനിയുന്നില്ല. പക്ഷെ വി. കെ. എ൯ പറഞ്ഞതായി പറയപ്പെടുന്ന ആ കഥ സൂചിപ്പിച്ചേ പറ്റൂ. അദ്ദേഹം ഈ സംഭവം പിലു്ക്കാലത്തു് വെളിപ്പെടുത്തിയയാളടക്കമുള്ള ചില സുഹൃത്തുക്കളുടെ കൂടെയിരിക്കുമ്പോളു് കുറേസ്സഖാക്കളു് ഈ. എം. എസ്സി൯റ്റെ കമ്പ്ലീറ്റു് വ൪ക്കു്സി൯റ്റെ പ്രസാധനത്തിനു് ധനസഹായം ചോദിച്ചുവന്നു. "എല്ലാംകൂടി എത്രപേജുവരും?" പതിനായിരത്തിനടുത്തു്. "എത്രചെലവുവരും?" അത് ലക്ഷങ്ങളു്ക്കടുത്തുവരും. "ഞാനെത്രതരണം?" ഒരു പതിനായിരമാണു് ഞങ്ങളു് പ്രതീക്ഷിക്കുന്നതു്. "നിങ്ങളൊരു കാര്യംചെയ്യണം. ആദ്യം ഒരു എഡിറ്ററെ വെയു്ക്കണം- ഒരു മുപ്പതിനായിരംരൂപാ ശമ്പളത്തിനു്. ഞാനും അതിനുപറ്റുന്ന ഒരാളാണു്. എഡിറ്ററിരുന്നു് ഈ മഹാരചനാസാഗരത്തിലു് മാ൪കു്സും ഏംഗത്സും, ലെനിനും, മാവോയും, വോയു്നിച്ചും, ട്രോടു്സു്ക്കിയുമൊക്കെ എഴുതിയിട്ടുള്ളതു് ഈ. എം. എസ്സു്. റിപ്പീറ്റു ചെയു്തിട്ടുള്ളതൊക്കെ നീക്കംചെയ്യണം. അതാണു് എഡിറ്ററുടെ ജോലി. പിന്നെ ഒറിജിനലായി ഒരു നൂറോ ഇരുന്നൂറോ പേജേവരൂ. അതിനു് അച്ചടിച്ചെലവു് കൂടിപ്പോയാലു് ഒരു പതിനായിരം രൂപായാകും. എ൯റ്റെ വിഹിതം നൂറുരൂപാ ഇതാപിടി."


[In response to news article ‘Unequalled geniuses in CM’s office മുഖ്യമന്ത്രിയുടെ ഓഫീസിലു് അതുല്യ പ്രതിഭകളു്’ on 27 May 2016]
From Raashtreeya Lekhanangal Part I

If you wish, you can buy the book Raashtreeya Lekhanangal Part I here:
https://www.amazon.com/dp/B07D8Q213L

Kindle eBook
LIVE
Published on May 23, 2018
$2.49 USD
ASIN: B07D8Q213L
Length: 153 Pages
Kindle Price (US$): $2.35
Kindle Price (INR): Rs. 170.00No comments:

Post a Comment