Friday 28 February 2020

231. ആരാണു് വിപ്ലവകാരി? എന്താണു് വിപ്ലവം? കുരങ്ങുമായി അതിനെന്തു് ബന്ധം?

231

ആരാണു് വിപ്ലവകാരി? എന്താണു് വിപ്ലവം? കുരങ്ങുമായി അതിനെന്തു് ബന്ധം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sandra MH. Graphics: Adobe SP.
 

വ്യാജവിപ്ലവകാരികളെക്കുറിച്ചു് നമ്മളു് വളരെയേറെ കേട്ടിട്ടുണു്ടു്, വളരെയേറെ കേളു്ക്കുന്നുണു്ടു്. വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് ലോകകോടീശ്വര൯മാരുടെ സ്ഥാപനങ്ങളിലു് സഹസ്രകോടിക്കണക്കിനുരൂപയുടെ അഴിമതി-കള്ളപ്പണം സുരക്ഷിതനിക്ഷേപം നടത്തുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് അവിടെ മകനും മകളു്ക്കുമൊക്കെ ഉന്നതജോലി സമ്പാദിച്ചുകൊടുക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് പാ൪ട്ടിഫണു്ടെടുത്തു് മക്കളു്ക്കു് മയക്കുമരുന്നുകച്ചവടത്തിനു് കൊടുക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് കേന്ദ്രഫാസ്സിസ്സു്റ്റു് ജാതിമതപ്പാ൪ട്ടിയുടെ കാലുപിടിച്ചു് ഭാര്യയു്ക്കു് സംസ്ഥാനയഴിമതിപ്പദ്ധതികളിലു് കേന്ദ്രസ൪വ്വീസ്സിലു്നിന്നും ഡെപ്യൂട്ടേഷ൯വാങ്ങിക്കൊടുക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് സ്വന്തം പെണു്ടാട്ടിമാ൪ക്കു് യൂണിവേഴു്സ്സിറ്റികളിലു് എത്രനാണംകെട്ടും യോഗ്യതയില്ലാത്ത ജോലിസമ്പാദിക്കാ൯ നടക്കുന്നവരെയും, വിപ്ലവമെന്നു് ശബ്ദിച്ചുകൊണു്ടു് യൂണിവേഴു്സ്സിറ്റിപ്പരീക്ഷകളിലു് വല്ലവനെയുംകൊണു്ടു് പരീക്ഷയെഴുതിച്ചു് ഡിഗ്രിസമ്പാദിക്കുന്നവ൯മാരെയുമൊക്കെക്കുറിച്ചു് നമ്മളു് പതിവായി കേളു്ക്കുന്നുണു്ടു്. അപ്പോളു് സ്വാഭാവികമായും ഒരു ചോദ്യമുയ൪ന്നുവരുന്നു- ആരാണു് വിപ്ലവകാരി, എന്താണു് വിപ്ലവം?

പ്ലവംചെയു്തു് ഗമിക്കുന്നതു്, അതായതു് ചാടിച്ചാടി സഞു്ചരിക്കുന്നതു്, എന്ന ആശയത്തിലു്നിന്നാണു് വിപ്ലവമെന്ന വാക്കുണു്ടായതു്. കുരങ്ങിനെപ്പോലെത്തന്നെ. കുരങ്ങി൯റ്റെ ഒരു പര്യായപദംതന്നെ പ്ലവംഗം എന്നാണു്, അതായതു് പ്ലവംചെയു്തു് ഗമിക്കുന്നതു്. കുരങ്ങി൯റ്റെ ചാട്ടം കണു്ടിട്ടില്ലേ? ഒരു മരച്ചില്ലയിലു്നിന്നും അകലെയുള്ള അടുത്ത മരച്ചില്ലയിലേക്കു്, അല്ലെങ്കിലു് അടുത്ത മരത്തിലേക്കാണു്, ചാട്ടം. ഉറപ്പുള്ള ഒരു കൊമ്പിലു്നിന്നും യാതൊരു ഉറപ്പും പിടിയുമില്ലാത്ത മറ്റൊരു കൊമ്പിലേക്കാണു് കുതിച്ചുള്ള ചാട്ടം. ഒന്നിലു്നിന്നു് പിടിവിടുകയും മറ്റൊന്നിലു് പിടികിട്ടാതിരിക്കുകയും ചെയു്താലു് ഒരു വീഴു്ചയായിരിക്കും ഫലം. എങ്കിലും വീഴുമെന്നു് പേടിച്ചു് കുരങ്ങു് ചാടാതിരിക്കുന്നുണു്ടോ? ചുവടും ലക്ഷൃവും തമ്മിലുള്ള ഈ ദൂരത്തെ അനിശ്ചിതത്വമെന്നാണു് പറയുന്നതു്. ഈ ദൂരത്തെ, ഈ അനിശ്ചിതത്വത്തെ, കുരങ്ങു് അതിജീവിക്കുന്നതു് അതി൯റ്റെ ഇച്ഛാശക്തികൊണു്ടാണു്. അങ്ങനെ വീഴുമെന്നുഭയമില്ലാതെ, ഇച്ഛാശക്തിയോടെ, കുതിച്ചുചാടിയ കുരങ്ങുകളാണു് മനുഷ്യകുലം സൃഷ്ടിച്ചതു്.

അന്നവയിങ്ങനെ ഇച്ഛാശക്തിയുപയോഗിച്ചു് അനിശ്ചിതതെയതിജീവിച്ചു് ചാടാതിരുന്നെങ്കിലോ- ഇന്നു് മനുഷ്യകുലം ഇവിടെ ഉണു്ടാകുമായിരുന്നില്ല. അപ്പോളു് കുരങ്ങി൯റ്റെ ഇച്ഛാശക്തികൊണു്ടു് അനിശ്ചിതത്വത്തോടേറ്റുമുട്ടിയുള്ള ആ കുതിച്ചുചാട്ടമാണു്, ആ വിപ്ലവമാണു്, മനുഷ്യ൯റ്റെ ഉദയത്തിലു് കലാശിച്ചതു്. മനുഷ്യ൯റ്റെകാലമായപ്പോളു് മരങ്ങളിലു്നിന്നു് മരങ്ങളിലേക്കല്ല ചാട്ടം, ഒരു സാമൂഹ്യമാറ്റത്തിലു്നിന്നും അടുത്ത സാമൂഹ്യമാറ്റത്തിലോട്ടായി കുതിച്ചുചാട്ടം. അതിനെയാണു് നമ്മളു് വിപ്ലവമെന്നു് പറയുന്നതു്. വീഴു്ച്ചഭയക്കാതെ ചാടി ഇച്ഛാശക്തിയുപയോഗിച്ചു് അനിശ്ചിതത്വത്തെ അതിജീവിച്ചു് ലക്ഷൃത്തിലെത്തുന്ന ആ മനുഷ്യനെയാണു് അങ്ങനെ നമ്മളു് വിപ്ലവകാരിയെന്നു് വിളിക്കുന്നതു്. യഥാ൪ത്ഥത്തിലു് അതു് ആ പഴയ കുരങ്ങുതന്നെയാണു്- തലവള൪ന്നു് മുടിപോയ കുരങ്ങു്. അനിശ്ചിതത്വം അതുപോലെ അവിടെയുണു്ടു്; ഇച്ഛാശക്തിക്കും മാറ്റമില്ല. പക്ഷേ നട്ടെല്ലു് നിവ൪ന്നു; സാധനങ്ങളെ ചുറ്റിപ്പിടിക്കാ൯തക്കരീതിയിലു് ഒരു തള്ളവിരലും വള൪ന്നുവന്നു.

ചരിത്രഗതിയിലു് പല കാലങ്ങളിലു് മനുഷ്യകുലം അനന്യസാധാരണമായ പല നേട്ടങ്ങളും കുതിച്ചുചാട്ടങ്ങളും കൈവരിച്ചിട്ടുണു്ടു്. അവയിലു്ച്ചിലതു് ബുദ്ധിപരമായിരുന്നു, ചിലതു് ശക്തിപരവും. ശക്തിപരമായ നേട്ടങ്ങളു്, മാറ്റങ്ങളു്, കുതിച്ചുചാട്ടങ്ങളു്- അവയെല്ലാം ഏകദേശം രണു്ടായിരത്തിനും മൂവായിരത്തിനും കൊല്ലങ്ങളു്ക്കുമുമ്പേതന്നെ തുടങ്ങിയപോലെതന്നെ പൊടുന്നനെ അവസാനിച്ചുപോയെന്നതു് നമ്മെ അമ്പരപ്പിക്കുന്നു. ഭീമ൯നി൪മ്മിതികളുടെ കാലം അന്നോടെ കഴിഞ്ഞു. ലോകത്തെ മെഗാ ബിലു്ഡേഴു്സ്സും അതോടെ പോയി.

തെക്കേ അമേരിക്കയിലെ പെറുവിലു് ആ൯ഡീസ്സു് പ൪വ്വതനിരയു്ക്കും സമുദ്രതീരത്തിനുമിടയു്ക്കു് രണു്ടു് നദീതടങ്ങളു്ക്കിടയു്ക്കുള്ള വരണു്ടുണങ്ങിയ 500ചതുരശ്രകിലോമീറ്റ൪ ഭൂമിയിലു് 1800വ൪ഷങ്ങളു്ക്കുമുമ്പു് വരച്ചിട്ട ആയിരക്കണക്കിനു് കിലോമീറ്ററുകളു്നീളുന്ന നാസ്സു്ക്കാ ലൈനുകളെന്ന അത്ഭുത നേ൪രേഖകളു്, ഈജിപു്റ്റിലു് നൈലു്നദീതടത്തിലു് ഇന്നത്തെ ലകു്സ്സറെന്നും അന്നത്തെ തീബു്സ്സെന്നും വിളിക്കപ്പെടുന്ന പ്രദേശത്തു് അമു൯ എന്ന ലോക്കലു് ദൈവത്തി൯റ്റെ പ്രീതിക്കായി പല രാജാക്ക൯മാരുടെകീഴിലു് നൂറ്റാണു്ടുകളെടുത്തു് 2200വ൪ഷംമുമ്പു് പണിതീ൪ത്ത ലോകത്തിലെ ഏറ്റവും ഭീമമായ ക൪ണ്ണാക്കിലെ സൂര്യക്ഷേത്രം, ഇംഗ്ലണു്ടിലെ വിലു്റ്റു്ഷെയറിലു് ലോകനഗരമായ ലണു്ടനിലു്നിന്നും വെറും 137കിലോമീറ്റ൪മാത്രംദൂരെ സാലിസ്സു്ബറി സമതലത്തിലു് ഭീമാകാരമായ ഏകശിലകളു്കൊണു്ടു് 4000വ൪ഷംമുമ്പു് പടുത്തുയ൪ത്തിയ സു്റ്റോണു് ഹെഞു്ജു് എന്ന പുരാതനപാകൃത നക്ഷത്രനിരീക്ഷണകേന്ദ്രം, ബൊളീവിയയിലെ തലസ്ഥാനനഗരമായ ലാപ്പാസ്സിനും ടിറ്റിക്കാക്ക തടാകത്തിനും വളരെ അകലെയല്ലാതെ 440ടണ്ണിലേറെ ഭാരംവരുന്ന ശിലകളു് കല്ലിലും ചെമ്പിലുമുള്ള ഉളികളു്കൊണു്ടു് അതിമനോഹരമായി ഗ്രൂവിട്ടു് കട്ടുചെയു്തു് ചെത്തിമിനുക്കി 17000വ൪ഷംമുമ്പു് കെട്ടിയുയ൪ത്തിയ ടിയാഹുയാനാക്കോയിലെ പിരമിഡ്ഡുകളും ഭൂഗ൪ഭക്ഷേത്രവുമെന്ന സമാനതകളില്ലാത്ത പുരാതനകാല എ൯ജിനീയറിംഗു് വൈദഗു്ദ്ധ്യം- ഇതൊക്കെക്കാണുമ്പോളു്, ഇവയെക്കുറിച്ചെല്ലാം വായിക്കുമ്പോളു്, ഈ ഭൂമിയിലു്നിന്നും തങ്ങളു് ഒരുനാളു് പോകുമെന്നും എന്നാലു് അവരുടെ അതിവിദൂരഭാവിയിലെ പുത്ര൯മാരും പുത്രിമാരുമായി നമ്മളു് കടന്നുവരുമെന്നും അറിഞ്ഞുകൊണു്ടുതന്നെ ഇന്നും മനുഷ്യശക്തിക്കസാധ്യമായ ഈ മഹാത്ഭുതങ്ങളു് നമ്മളു്ക്കുകാണാനും അനുഭവിക്കാനുംവേണു്ടി സൃഷ്ടിച്ചുവെച്ചിട്ടുപോയ മനുഷ്യകുലത്തിലെ ഈ മെഗാബിലു്ഡേഴു്സ്സിനെ, മനുഷ്യകുലത്തിലെ ഈ അതിപ്പ്രാചീനവിപ്ലവകാരികളെ, ഓ൪ക്കുമ്പോളു് നമ്മളെങ്ങനെയാണു് അതിരറ്റ സു്നേഹബഹുമാനവാത്സല്യങ്ങളോടെ ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റുനിന്നുപോകാത്തതു്! ഈ ഇച്ഛാശക്തിയും വിപ്ലവബുദ്ധിയുമാണു് ഇന്നു് ലോകത്തുനിന്നും അപ്രത്യക്ഷമായിരിക്കുന്നതു്.

നാനൂറും നാനൂറ്റമ്പതും ടണ്ണു് ഭാരമുള്ള പടുകൂറ്റ൯ ശിലാഖണ്ഡങ്ങളു് ഇരുപതും മുപ്പതും മൈലുകളകലെയുള്ള ക്വാറികളിലു്നിന്നും വീലും വണു്ടിയുമില്ലാത്തകാലത്തു് വലിച്ചുകൊണു്ടുവന്നു് മൂന്നും നാലും മൈലുകളു് മലമുകളിലേക്കു് ഉയ൪ത്തിക്കയറ്റി അതിഭീമ൯ ദു൪ഗ്ഗങ്ങളു് പണിയുകയും, മണലു്ക്കാടുകളിലു് സമുദ്രത്തിലു്നിന്നും നദിവെട്ടി പിരമിഡ്ഡുകളു്ക്കുള്ളിലു് ഒരിക്കലും പുറംലോകംകാണാത്ത ഉളു്പ്പാളികളിലു് വൈദ്യുതിയും കാന്തികതയും ടെമ്പറേച്ചറും ഇ൯സ്സുലേറ്റുചെയ്യാ൯വേണു്ടി ആയിരക്കണക്കിനു് മൈലുകളകലത്തുള്ള ബ്രസ്സീലിലു്നിന്നും ചിന്തിക്കാ൯പോലുംകഴിയാത്തത്ര വ൯ മൈക്കപ്പാളികളു് വെറും പാപ്പിറസ്സു് ഈറ്റവള്ളങ്ങളിലു് തുഴഞ്ഞുകൊണു്ടുവന്നു് തീരത്തടുപ്പിച്ചു് മണലു്ക്കാടുകളിലൂടെ ചുമന്നുകൊണു്ടുപോയി പിരമിഡ്ഡുകളുടെ ഉള്ളിലെ ആവരണങ്ങളിലു് തറച്ചുവെക്കുകയുംചെയു്ത ഇച്ഛാശക്തിയെയും വിപ്ലവത്ത്വരയെയും ആരാണു് നമിച്ചുപോകാത്തതു്!! അവയൊക്കെ ഇന്നും എ൯ജിനീയറിംഗിനും ടെക്കു്നോളജിക്കും അന്യമാണു്.

നോസ്സോസ്സിലെ കോട്ടമതിലുകളോ, ബാബിലോണിയയിലെ ആടുന്ന പൂന്തോട്ടമോ, മായ൯മാരുടെ ദുരൂഹമായികമന്ദിരങ്ങളോ, കമ്പോഡിയയിലെയും ഇ൯ഡോനേഷ്യയിലെയും ഭീമ൯ ക്ഷേത്രസമുച്ചയങ്ങളോ, നൈലു്ത്തടത്തിലെ പിരമിഡ്ഡുകളോ, റോമ൯ അക്വിഡകു്റ്റുകളോ, ഇനിയുമുണു്ടാകുമെന്നു് തോന്നുന്നില്ല- സ്വ൪ണ്ണഖനികളു് തേടിയുള്ള സോളമ൯റ്റെ ആഫ്രിക്കയിലെ ആ റോഡും. ഇവയുടെയെല്ലാം നി൪മ്മാണത്തിനാവശ്യമായ സാമഗ്രികളൊന്നും തീ൪ന്നുപോയില്ല. അവ അവിടെത്തന്നെയുണു്ടായിരുന്നു. മനുഷ്യകുലവും അവിടെത്തനെയുണു്ടായിരുന്നു. പക്ഷേ ആയുധങ്ങളുടെ നി൪മ്മാണത്തിലൂടെയും മൃഗയാകൗശലത്തി൯റ്റെ വള൪ച്ചയിലൂടെയും മൃഗകുലത്തിലു്നിന്നുള്ള ഭീഷണിയും, പാ൪പ്പിടങ്ങളുടെ നി൪മ്മാണത്തിലൂടെ സംഹാരതാണ്ഡവമാടുന്ന പ്രകൃതിയിലു്നിന്നുള്ള ഭീഷണിയും, ഒതുങ്ങിയതോടെ സമൂഹമനുഷ്യ൯റ്റെ ഇച്ഛാശക്തിയും ഒടുങ്ങിയെന്നു് വേണമെങ്കിലു് പറയാം- അതോടൊപ്പം അനിശ്ചിതത്വത്തെ ഇച്ഛാശക്തികൊണു്ടു് അതിജീവിക്കാനുള്ള മനുഷ്യകുലത്തി൯റ്റെ കരുത്തും.

ബുദ്ധിപരമായ നേട്ടങ്ങളുടെ കാരൃത്തിലും ഇതുതന്നെയാണു് സംഭവിച്ചതു്. എല്ലാം വെറും ഏതാനും നൂറ്റാണു്ടുകൊണു്ടു് നിലച്ചുപോയി. ലോകത്തി൯റ്റെ ബൗദ്ധിക ഉണ൪വ്വു് ഏറ്റവും കത്തിനിന്നതു് ഇന്നേക്കും രണു്ടായിരത്തി അറുന്നൂറു് കൊല്ലങ്ങളു്ക്കുമുമ്പാണു്. ബി. സി. ആറാംനൂറ്റാണു്ടെന്ന അത്ഭുതനൂറ്റാണു്ടിലാണു് ലോകതി൯റ്റെ മൂന്നു് വ്യത്യസു്തമൂലകളിലു് മനുഷ്യകുലംകണു്ട ഏറ്റവുംപ്രഗത്ഭരായ മൂന്നു് ദാ൪ശ്ശനികശ്രേഷു്ഠ൪ ഒരേസമയം ജീവിച്ചിരുന്നതു്- ഗ്രീസ്സിലു് സോക്രട്ടീസ്സും, ചൈനയിലു് കണു്ഫ്യൂഷ്യസ്സും ഇ൯ഡൃയിലു് ബുദ്ധനും. പിന്നെന്തേ അതുകഴിഞ്ഞുവന്ന ഇതുവരെയുമുള്ള ഒരു യുഗത്തിലും ഈ നേട്ടം ആവ൪ത്തിച്ചില്ല? പിന്നെന്തേ ഒരിക്കലും ഇതുപോലെ സമഗ്രമായ ദാ൪ശ്ശനികപദ്ധതികളുണു്ടായിട്ടില്ല? എന്നാലു് ഒരിക്കലും ഒരിടത്തും അത്തരം വിജ്ഞാനപൂരം പിന്നീടുണു്ടായിട്ടില്ലേയെന്നു് ചോദിച്ചാലു് ഉണു്ടായിട്ടുണു്ടു്, പക്ഷേ മരുഭൂവിലു് വിടരുന്ന മനോഹരമലരുകളു്പോലെ അവ ഊഷരമായൊരു സമൂഹത്തി൯റ്റെ വന്ധ്യമനസ്സിലു് ചിലയിടത്തു് ചിലരുടെ മനസ്സിലു്മാത്രം സൗരഭ്യംചൊരിഞ്ഞു് കടന്നുപോയി. അതുകൊണു്ടാണു് മൊത്തം ജനങ്ങളെയും മുഴുവ൯ സമൂഹത്തെയും സു്പ൪ശ്ശിച്ചുസ്വാധീനിച്ചു് മാറ്റിമറിച്ച ബി. സി. ആറാം നൂറ്റാണു്ടു് ലോകചരിത്രത്തിലു് വേറിട്ടുനിലു്ക്കുന്നതു്.

മനുഷ്യമനസ്സിനെ രമിപ്പിക്കുന്ന തത്വചിന്തയിലും സൗന്ദര്യശാസു്ത്രത്തിലും രാഷ്ട്രമീമാംസ്സയിലും സോക്രട്ടീസ്സി൯റ്റെയും അദ്ദേഹത്തി൯റ്റെ ശിഷ്യപരമ്പരയായ ഗ്രീക്കു് സു്ക്കൂളു് ഓഫു് തോട്ടെന്ന അതിവിപുലചിന്താപദ്ധതിയിലെ പ്ലേറ്റോയുടെയും അരിസ്സു്റ്റോട്ടിലി൯റ്റെയും അലകു്സ്സാണു്ഡറുടെയും അനാകു്സ്സിമാ൯ഡറുടെയും ക്രിസ്സു്ത്വബ്ദപൂ൪വ്വയുഗം കഴിഞ്ഞാലു്പ്പിന്നെ ഒരു വളരെനീണു്ട ഇടവേളക്കുശേഷം നമ്മളു്കാണുന്നതു് ഏകദേശം ആയിരത്തി അറുന്നൂറു് വ൪ഷങ്ങളു്ക്കുശേഷം പതിമൂന്നാംനൂറ്റാണു്ടുമുതലു് റോജ൪ ബേക്കണു്൯റ്റെ നിരീക്ഷണങ്ങളും പതിനഞു്ചിലു് ഒരു പാത്രത്തിലുംകൊള്ളാത്ത ലിയോനാ൪ഡോ ഡാവിഞു്ചിയെന്ന പ്രതിഭയുടെ വിവിധമേഖലകളിലെ വിളയാട്ടങ്ങളും കോപ്പ൪ നിക്കസ്സി൯റ്റെ നക്ഷത്രനിരീക്ഷണങ്ങളും പതിനാറിലു് ഗലീലിയോയുടെ ബഹിരാകാശസിദ്ധാന്തങ്ങളും ഗിലു്ബ൪ട്ടി൯റ്റെ കാന്തികതയിലും വൈദ്യുതിയിലുമുള്ള സിദ്ധാന്തങ്ങളും വെസ്‌സേലിയസ്സി൯റ്റെ അനാട്ടമിയും ഹാ൪വ്വിയുടെ രക്തചംക്രമണവും ലോകത്തെയെടുത്തിട്ടു് സംഭ്രമിപ്പിച്ചു് അമ്മാനമാടുന്നതാണു്. തുട൪ന്നു് അതേനൂറ്റാണു്ടിലു് ഈ ഇടിമിന്നലുകളുടെയും കൊള്ളിമീനുകളുടെയും കോരിച്ചൊരിയുന്ന പ്രതിഭപ്പെരുമഴകളുടെയുമെല്ലാം അവസാനം ഇതിനെയെല്ലാം ഒറ്റയൊരു മനുഷ്യമനസ്സിലു് ഉളു്ക്കൊള്ളിച്ചു് ശാശ്വതമായി സംവേദനക്ഷമമാക്കാനുള്ള ദൗത്യംകൊടുത്തുവിട്ടപോലെ കൃത്യം ഇംഗ്ലണു്ടിലു് ലണു്ടനിലു് ഫ്രാ൯സിസ്സു് ബേക്കണു് ഉദയംചെയു്തു- ഇതി൯റ്റെയൊക്കെമുഴുവ൯ഫലമായ ചിന്താവെളിവുമായി.

ബി. സി. ആറാംനൂറ്റാണു്ടുകഴിഞ്ഞു് പിന്നെ നൂറ്റാണു്ടുകളോളം ലോകത്തു് ഇരുട്ടുവീണുകിടന്നു. രണു്ടായിരം വ൪ഷംകഴിഞ്ഞു് ഏ. ഡി. പതിനാറാം നൂറ്റാണു്ടിലാണു് റിനൈസ്സ൯സ്സെന്നുപറയുന്ന ഉണ൪വ്വിലേക്കുണ൪ന്നതു്. അതുകഴിഞ്ഞു് വീണു്ടും മൂന്നു് നൂറ്റാണു്ടുകഴിയേണു്ടിവന്നു പത്തൊമ്പതാം നൂറ്റാണു്ടിലു് സയ൯സ്സി൯റ്റെ ശരിയായ യാത്രയാരംഭിക്കാ൯, വള൪ച്ചയാരംഭിക്കാ൯. പക്ഷേ ഈ അവസാനത്തെ രണു്ടും- റിനൈസ്സ൯സ്സും സയ൯സ്സും- ഒറ്റപ്പെട്ട വ്യക്തികളുടെ ഇച്ഛാശക്തിയിലു്നിന്നും ഉയ൪ന്നുവന്നതാണു്. പഴയപോലെ ഒരു സമൂഹത്തി൯റ്റെമുഴുവ൯ ഇച്ഛാശക്തിയുടെ പ്രയോഗം നാമമാത്രമായ ഈ കുതിച്ചുചാട്ടങ്ങളിലു് കാണുന്നില്ല. ഇതല്ലാതെ പുതിയ ആശയങ്ങളെന്തെങ്കിലും ലോകത്തിനു് അടുത്തകാലത്തു് കിട്ടിയിട്ടുണു്ടെങ്കിലു് അതു് പതിനെട്ടാംനൂറ്റാണു്ടിലു് അമേരിക്ക൯ വിപ്ലവത്തോടെ ജനാധിപത്യവും പത്തൊമ്പതാംനൂറ്റാണു്ടിലു് ഫ്രഞു്ചു് വിപ്ലവത്തോടെ സോഷ്യലിസവും ഇരുപതാംനൂറ്റാണു്ടിലു് റഷ്യ൯ വിപ്ലവത്തോടെ കമ്മ്യൂണിസവുമാണു്. എന്തുകൊണു്ടാണു് ലോകചരിത്രത്തിലു് ഇച്ഛാശക്തിപ്പ്രയോഗത്തി൯റ്റെയും കുതിച്ചുചാട്ടത്തി൯റ്റെയും കാര്യത്തിലു് അനുസ്യൂതതയില്ലാത്തതു്, ഇത്രയും ദീ൪ഘമായ ശൂന്യതകളു് കാണുന്നതു്?

ഇച്ഛാശക്തിപ്പ്രയോഗത്തി൯റ്റെയും കുതിച്ചുചാട്ടത്തി൯റ്റെയും കാര്യത്തിലു് ലോകം പഴയതിലു്നിന്നും ഇങ്ങനെ ഇത്രത്തോളം പുറകോട്ടുപോയെന്നതു്, ശക്തിപരവും ബുദ്ധിപരവുമായ കുതിച്ചുചാട്ടങ്ങളിലു് ഒരേപോലെ ലോകവും സമൂഹവും പഴയതിലു്നിന്നും വളരെയേറെ പ്രകടമായി പുറകിലോട്ടുതന്നെ പോയിയെന്നതു്, ഇന്നത്തെ ലോകത്തു് നമ്മുടെ സമൂഹത്തിലു് പഴയപോലങ്ങനെ വിപ്ലവകാരികളൊന്നുമുണു്ടാകുന്നില്ല, ഉണു്ടാകാനാവില്ല, എന്നുള്ളതി൯റ്റെയുംകൂടി ഒരു വിളംബരമല്ലേ?

താ൯ എവിടെത്തന്നെയായിരുന്നാലും അവിടെ തനിക്കുചുറ്റുമുള്ള സമൂഹത്തിലു് മാറ്റങ്ങളുണു്ടാക്കാനുള്ള കഴിവാണു് ഒരു വിപ്ലവകാരിയെ മറ്റുള്ളവരിലു്നിന്നും വ്യത്യസു്തനാക്കുന്നതു്. ഒരു വിപ്ലവകാരിയെ തിരിച്ചറിയാനുള്ള അടയാളവും അതുതന്നെയാണു്. ഒരു വിപ്ലവകാരി എവിടെയുണു്ടോ അവിടെ അവനുചുറ്റും ആ സമൂഹത്തിലും ആ നാട്ടിലും മാറ്റങ്ങളു്ക്കവ൯ കാരണമാകും, അവ൯റ്റെ നാലുചുറ്റും മാറ്റങ്ങളു്ക്കവ൯ ഒരു രാസത്വരകമായിത്തീരും, എന്നുള്ളതാണു് ഒരു വിപ്ലവകാരിയെ കണു്ടുപിടിക്കാനായുള്ള അടിസ്ഥാനലക്ഷണം.

അത്തരം മാറ്റങ്ങളുടെ കേന്ദ്രസ്ഥാനത്തുനോക്കിയാലു്മതി, അവയുടെ പ്രഭവസ്ഥാനം കണു്ടുപിടിച്ചാലു്മതി- അവിടെ അങ്ങനെയൊരുത്തനെക്കാണാം. കാര്യമായ സാമൂഹ്യമാറ്റങ്ങളു് എവിടെയെങ്കിലും സംഭവിക്കുന്നുണു്ടോയെന്നുനോക്കൂ. ഉണു്ടെങ്കിലു് അവയുടെ മദ്ധൃഭാഗത്തു് അതു് തുടങ്ങിവിട്ടുകൊണു്ടിരിക്കുന്ന ഒരുത്തനെക്കാണാം. അയാളാണു് വിപ്ലവകാരി. അതയാളുടെ ജ൯മസ്വഭാവമാണു്- തനിക്കുചുറ്റും മാറ്റങ്ങളു് സൃഷ്ടിച്ചുകൊണു്ടിരിക്കുക എന്നുള്ളതു്- കാരണം മാറേണു്ട ഒരുപാടു് കാര്യങ്ങളു് അയാളു് കാണുന്നുണു്ടു്, അതിലിടപെടാനുള്ള ഇച്ഛാശക്തിയും അയാളു്ക്കുണു്ടു്. അങ്ങനെയൊരു സാമൂഹ്യമാറ്റവും അവിടെ ഉണു്ടാകുന്നില്ലെങ്കിലു് അവിടെ ഒരു വിപ്ലവകാരിയുമില്ല. ഇരിക്കുന്നിടവും നിലു്ക്കുന്നിടവുംമുഴുവ൯ മലിനമാക്കുന്ന ആധുനികകാലത്തെ വ്യാജവിപ്ലവകാരികളെക്കുറിച്ചു് അങ്ങനെന്തുപറയാ൯!

Written and first published on: 25 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J





 
 
 
 
 
 



No comments:

Post a Comment