621
കേരളത്തിലെ 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുഫലങ്ങളു് ഫോറെ൯സ്സിക്കു് ആഡിറ്റുനടത്തണം
പി. എസ്സു്. രമേശു് ചന്ദ്ര൯
1
സംശയകരമായ സാഹചര്യങ്ങളിലു് മരണപ്പെടുന്നവരുടെ മരണകാരണം കണു്ടെത്താ൯ കീറിമുറിച്ചുള്ള ഫോറെ൯സ്സിക്കു് മെഡിക്കലു് പരിശോധന നടത്തുന്നതുപോലെത്തന്നെയാണു് സംശയകരമായ തെരഞ്ഞെടുപ്പുവിജയങ്ങളു് എങ്ങനെയുണു്ടായി എന്നു് സ്ഥിതിവിവരക്കണക്കുകളുടെയും ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ഹാ൪ഡു്വെയറുകളും സോഫു്റ്റു്വെയറുകളുടെയും ശാസു്ത്രീയപരിശോധനയിലൂടെ ഇലക്ടറലു് ഫോറെ൯സ്സിക്കു്സ്സു് നടത്തി കണു്ടെത്തുന്നതു്. 2010നടുത്താരംഭിച്ച ഈ ശാസു്ത്രശാഖ ഇപ്പോളു് നല്ല വള൪ച്ചനേടി 2020ലെ അമേരിക്ക൯ പ്രസിഡ൯റ്റുതെരഞ്ഞെടുപ്പിലു് കൃത്രിമംനടന്നെന്ന തോറ്റ പ്രസിഡ൯റ്റു് ഡൊണാളു്ഡു് ട്രംപി൯റ്റെ ആരോപണം അന്വേഷിക്കാ൯വരെ ഉപയോഗപ്പെട്ടിട്ടുണു്ടു്. തെരഞ്ഞെടുപ്പു് യന്ത്രാധിഷു്ഠിതമാണെങ്കിലും അല്ലെങ്കിലും ഇനിയങ്ങോട്ടു് പഞു്ചായത്തുമുതലു് പാ൪ലമെ൯റ്റുവരെയുള്ള പല തെരഞ്ഞെടുപ്പുകളിലും ലോകമാസ്സകലം ഫോറെ൯സ്സിക്കു് ആഡിറ്റുനടക്കുമെന്നുറപ്പായിരിക്കുകയാണു്.
തെരഞ്ഞെടുപ്പഴിമതി, തെരഞ്ഞെടുപ്പുഫ്രോഡു്, കൈക്കൂലിവോട്ടു്, വോട്ടുതിരുകിക്കയറ്റലു്, വോട്ടുതിരുത്തലു്, വോട്ട൪ രജിസു്ട്രേഷ൯പട്ടിക, മൊത്തം വോട്ടുശതമാനം, സ്ഥാനാ൪ത്ഥിക്കുകിട്ടിയ വോട്ടുകളു്, അസാധുവായ വോട്ടുകളു്, പോളുചെയ്യപ്പെടാത്ത വോട്ടുകളു് എന്നിങ്ങനെ മുഴുവ൯കാര്യങ്ങളും അനോമലി കണു്ടെത്താനായി ശാസു്ത്രീയമായി പരിശോധിക്കപ്പെടും. ലഭ്യമായ മുഴുവ൯ വിവരങ്ങളുടെയും സു്റ്റാറ്റിസ്സു്റ്റിക്കലു് അനാലിസിസ്സു് നടത്തും, അതോടൊപ്പം ബന്ധപ്പെട്ട മാധ്യമറിപ്പോ൪ട്ടുകളു്, തെരഞ്ഞെടുപ്പുനിരീക്ഷകരുടെ റിപ്പോ൪ട്ടുകളു്, ഉയ൪ന്നുവന്ന പരാതികളു് എന്നിവയും പരിശോധിക്കപ്പെടും. മാധ്യമപക്ഷപാതിത്വം, മാധ്യമയിടപെടലു്പോലുള്ള ചില കാര്യങ്ങളാണു് പക്ഷേ മാത്തമാറ്റിക്കലു് അനാലിസിസ്സിനുവിധേയമാക്കാ൯ വിഷമമായതിനാലു് ഇലക്ടറലു് ഫോറെ൯സ്സിക്കു് ആഡിറ്റുകളിലു്നിന്നും ഇപ്പോളു് ഒഴിവാക്കപ്പെടുന്നതു്. അതും നാളെ ഉളു്പ്പെടുത്താനുള്ള ഏകകങ്ങളും മാനകങ്ങളും കടന്നുവരും.
2
ബാലറ്റുകളു് എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടയിലു് മെഷീനുകളിലെ ഒപു്റ്റിക്കലു് സു്കാന൪ ബാലറ്റുകളെ റീഡുചെയ്യാതാവാം എന്നതുമുതലു് വോട്ടെണ്ണിക്കൂട്ടുന്ന സെ൪വ൪ ഫ്രീസ്സുചെയ്യുന്നതുവരെയുള്ള എന്തും ഒരു തെരഞ്ഞെടുപ്പിനിടയു്ക്കു് സംഭവിക്കാം. എത്രയൊക്കെ മു൯കരുതലുകളു് എടുക്കുന്നുണു്ടെന്നു് അവകാശപ്പെട്ടിട്ടും ഇതു് സംഭവിക്കുന്നുമുണു്ടു്. ഇതി൯ഫലമായി സംശയങ്ങളുയരാം, ജനങ്ങളു് തെരഞ്ഞെടുപ്പുഫലം അംഗീകരിക്കാതിരിക്കാം, സ്ഥാനാ൪ത്ഥികളു് റീക്കൗണു്ടിംഗോ റീപ്പോളിംഗോതന്നെ ആവശ്യപ്പെടാം. തെരഞ്ഞെടുപ്പി൯റ്റെ ഭാഗമായ കംപ്യൂട്ടറിനകത്തുനിന്നും കുറേയേറെ വോട്ടിംഗു് റെക്കാ൪ഡുകളും ബാലറ്റും അപ്രത്യക്ഷമാവുകയോ നശിക്കുകയോ നശിപ്പിക്കപ്പെടുകയോചെയ്യാം. എന്താണു് സംഭവിച്ചതെന്നും അതു് എങ്ങനെയാണു് സംഭവിച്ചതെന്നും അവ തിരിച്ചുപിടിക്കാ൯ പറ്റുമോയെന്നുമറിയാ൯ ഫോറെ൯സ്സിക്കു് ആഡിറ്റുകൊണു്ടല്ലാതെ പറ്റില്ല, ഇല്ലെങ്കിലു് അവ ഒരിക്കലും കണു്ടുപിടിക്കപ്പെടാ൯പറ്റാതായി ഇലക്ഷ൯ അപൂ൪ണ്ണമായവശേഷിക്കും.
എന്തുകൊണു്ടു് ഒന്നോ അതിലധികമോ ഒരുനിരയോ കമ്പ്യൂട്ടറുകളു് അസ്വാഭാവികമായി പെരുമാറി, അതു് വോട്ടിംഗു് ടോട്ടലിനെ ബാധിച്ചോ, കുറേയധികം വോട്ടുകളു് കംപ്യൂട്ടറിനകത്തുനിന്നും എവിടേക്കുപോയി, അവ തിരിച്ചുപിടിക്കാ൯കഴിയുമോ അതോ സ്ഥിരമായി അപ്രത്യക്ഷമായോ, എന്നൊക്കെയുള്ള കാര്യങ്ങളു് കണു്ടുപിടിക്കാനും ഒരു ഫോറെ൯സ്സിക്കു് ആഡിറ്റിലൂടെയേകഴിയൂ. വിവിപ്പാറ്റുസ്ലിപ്പുകളെന്ന വോട്ട൪-വെരിഫൈഡു് പേപ്പ൪ ആഡിറ്റു് ട്രെയിനുകളു്പോലും യഥാ൪ത്ഥത്തിലു് ഒരു ഫോറെ൯സ്സിക്കു് ആഡിറ്റിനുകൂടി വിധേയമാക്കിയാലു്മാത്രമേ അവയുടെയും നിജസ്ഥിതിയറിയാ൯പറ്റൂ, കാരണം ഒരു കമ്പ്യൂട്ട൪ ഫോറെ൯സ്സിക്കു് ആഡിറ്റു് ട്രെയിലാവാ൯വേണു്ടത്ര ഡേറ്റ അവ വോട്ട൪ക്കുനലു്കുന്നില്ല. അതായതു് വിവിപ്പാറ്റുസ്ലിപ്പുകളു് കണു്ടതല്ലേ, അതുകൊണു്ടു് വോട്ടിംഗു് കുറ്റമറ്റതാണെന്ന ഇലക്ഷ൯ മാനേജുമെ൯റ്റി൯റ്റെ അവകാശവാദത്തിനു് യാതൊരു നിലനിലു്പ്പുമില്ല. അതി൯റ്റെ തെളിവാണു് കമ്പ്യൂട്ട൪ രേഖപ്പെടുത്തിയ വോട്ടും വിവിപ്പാറ്റുസ്ലിപ്പുകളിലൂടെ രേഖയിലാവുന്ന വോട്ടും എണ്ണിനോക്കി താരതമ്യംചെയ്യുമ്പോളു് കാണുന്ന വ്യത്യാസം വിശദീകരിക്കാ൯ ഇലക്ഷ൯ മാനേജുമെ൯റ്റിനു് കഴിയാത്തതു്. ഇന്ത്യയിലെയീ വ്യത്യാസം, പ്രത്യേകിച്ചും 2019ലെ പാ൪ലമെ൯റ്റുതെരഞ്ഞെടുപ്പിലെ വ്യത്യാസം, മെഷീ൯മിസ്സു്റ്റേക്കുകളെന്നുപറഞ്ഞു് തള്ളിക്കളയാ൯പറ്റുന്നതിലുമപ്പുറം വലുതായിരുന്നു.
3
ആ പേപ്പ൪ ആഡിറ്റു് ട്രെയിലു് സ്ലിപ്പുകളല്ല, അവയിലു് അവ പ്രി൯റ്റുചെയ്യാനുള്ള നി൪ദ്ദേശംനലു്കിയ കമ്പ്യൂട്ട൪ പ്രോഗ്രാമി൯റ്റെ ട്രെയിലുകളു് അതായതു് നാളു്വഴിക്കഷണങ്ങളു്കൂടിയുണു്ടെങ്കിലേ അവ ഫോറെ൯സ്സിക്കു് ആഡിറ്റു് ട്രെയിലുകളുടെ പദവിയിലേക്കുയ൪ന്നു് അവയുടെ നിജസ്ഥിതിയറിയാ൯പറ്റൂ. ഇന്ത്യയിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളും വിവിപ്പാറ്റുസ്ലിപ്പുകളുമൊക്കെ ഏ൪പ്പെടുത്തിയകാലത്തുതന്നെ ഇലക്ഷ൯കമ്മീഷനറിയാമായിരുന്നു ഇതു് പേപ്പ൪ ആഡിറ്റിലൊന്നും നിലു്ക്കില്ല, ഒടുവിലു് എന്നാണെങ്കിലും ഫോറെ൯സ്സിക്കു് ആഡിറ്റിനുള്ള ആവശ്യമുയരുമെന്നു്. അതുകൊണു്ടാണല്ലോ പേപ്പ൪ ആഡിറ്റു് നാളു്വഴിരേഖയാണെങ്കിലും ആഡിറ്റെന്ന വാക്കുതന്നെ ആ സംജ്ഞയു്ക്കകത്തുളു്പ്പെടുത്തിയതു്! ആഡിറ്റു് എന്നുള്ള സങ്കലു്പ്പം ആദ്യംമുതലു്തന്നെ ഇലക്ഷ൯ മാനേജുമെ൯റ്റിനെ ഭയപ്പെടുത്തിയിരുന്നെന്ന൪ത്ഥം!!
ഇലക്ഷനുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളു് ദൂരീകരിക്കാ൯മാത്രമല്ല, തെരഞ്ഞെടുപ്പുകേസ്സുകളുടെ എണ്ണംകുറക്കാനും തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരിലുള്ള ജനങ്ങളുടെ വിശ്വാസം നിലനി൪ത്താനും ജനാധിപത്യത്തിലു്ത്തന്നെയുള്ള ജനങ്ങളുടെ വിശ്വാസം നിലനി൪ത്താനുമൊക്കെ ഫോറെ൯സ്സിക്കു് ആഡിറ്റു് അത്യാവശ്യമാണു്. പേപ്പ൪ ബാലറ്റിലു്നിന്നും സാങ്കേതികവിദ്യകളുപയോഗിച്ചുള്ള ഇലകു്ട്രോണിക്കു് ബാലറ്റിലേക്കു് ഏന്തുദ്ദേശ്ശിച്ചിട്ടാണോയെങ്കിലും ഇലക്ഷ൯ മാനേജുമെ൯റ്റുകളു് ജനങ്ങളാവശ്യപ്പെടാതെതന്നെ ഏകപക്ഷീയമായി പോയിക്കഴിഞ്ഞിരിക്കുന്നസ്ഥിതിക്കു് ആ സാങ്കേതികവിദ്യയെ അവിടെത്തന്നെ കുറ്റിയടിച്ചുനി൪ത്താതെ അവിടവുംകടന്നു് ഫോറെ൯സ്സിക്കു് ആഡിറ്റി൯റ്റെയും അതിനപ്പുറത്തെയും തലത്തിലേക്കു് അതിനെ കൊണു്ടുപോകാതെ അവ൪ക്കിനി തരമില്ല, കാരണം കുറ്റമറ്റ സാങ്കേതികവിദ്യകളൊന്നും ലോകത്തില്ലെന്നതു് അംഗീകരിക്കപ്പെട്ടൊരു വസു്തുതയുമാണു്, സാങ്കേതികവിദ്യകളെല്ലാം അനുനിമിഷം പരിഷു്ക്കരിക്കപ്പെട്ടു് പരിവ൪ത്തനപ്പെട്ടുകൊണു്ടിരിക്കുകയുമാണു്. ലോകത്തെ അതിവികസിതരാജ്യങ്ങളെല്ലാം ചെയ്യുന്നപോലെ മാനംമര്യാദയു്ക്കു് പേപ്പ൪ബാലറ്റിലു്ത്തന്നെ ഒതുങ്ങിനിന്നിരുന്നുവെങ്കിലു് അവ൪ക്കീ വൈതരണി നേരിടേണു്ടിവരികയുംചെയ്യുമായിരുന്നില്ല.
4
നടപടിക്രമങ്ങളുടെ മാ൪ഗ്ഗനി൪ദ്ദേശങ്ങളു് ഒരുമണ്ഡലത്തിലോ പലമണ്ഡലങ്ങളിലോ എല്ലാമണ്ഡലങ്ങളിലുമായോ ലംഘിക്കപ്പെടാം, സിസ്സു്റ്റത്തിനകത്തേക്കു് അശ്രദ്ധയോ ദുഷ്ടപ്പ്രവൃത്തികളോ ആക്രമണങ്ങളോ ദുരുപയോഗമോ കടന്നുവരാം, കമ്പ്യൂട്ട൪ ഹാ൪ഡു്വെയറുകളോ സോഫു്റ്റു്വെയറുകളോ തെമ്മാടിവഴിയിലേക്കുതിരിഞ്ഞു് തോന്നിയപോലെപ്രവ൪ത്തിക്കാം (ഗോയിംഗു് റൗഡി)- അങ്ങനെയുള്ള എന്തും സാങ്കേതികവിദ്യയുപയോഗിക്കുമ്പോളു് സംഭവിക്കാം. ചെയ്യപ്പെട്ട വോട്ടുകളു് റിസ്സളു്ട്ടിലു് പ്രതിഫലിക്കപ്പെടാതിരിക്കുകയോ, വോട്ട൪ക്കു് സിസ്സു്റ്റത്തിലെ പിഴവുമൂലം വോട്ടുചെയ്യാ൯ കഴിയാതിരിക്കുകയോ, അന൪ഹനു് വോട്ടുചെയ്യാ൯കഴിയുകയോ, ഒരു വോട്ടിനെ രേഖാമൂലം ഒരു വോട്ടറുമായി ബന്ധിപ്പിക്കാ൯ ആ൪ക്കെങ്കിലും കഴിയുകയോ ചെയ്യുന്നതെല്ലാം ആഡിറ്റുചെയ്യപ്പെടേണു്ട ക്രമക്കേടുകളാണു്. അവയിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാലു് ആ തെരഞ്ഞെടുപ്പു് അസാധുവും റദ്ദുചെയ്യപ്പെടേണു്ടതുമാണു്. അവിടെ എകു്സ്സു്ക്ക്യൂസ്സൊന്നുംതന്നെയില്ല.
തെരഞ്ഞെടുപ്പുനീളുംതോറും സിസ്സു്റ്റത്തിലെ കമ്പോണ൯റ്റുകളു്, അതായതു് ഘടകങ്ങളു്, വേഗതകുറഞ്ഞുവരുക, ഒന്നോരണു്ടോ സെക്ക൯റ്റുകളിലു്ക്കൂടുതലു് സിസ്സു്റ്റം പ്രതികരിക്കാതിരിക്കുക, കമ്പോണ൯റ്റുകളുടെ സോഫു്റ്റു്വെയറുകളിലു്നിന്നും സാധാരണയുണു്ടാകാത്ത എറ൪ മെസ്സേജുകളു്വരുക, സിസ്സു്റ്റം കമ്പോണ൯റ്റുകളു് സാങ്കേതികമായിപ്പറഞ്ഞാലു് ക്രാഷുചെയ്യുക, ഫ്രീസ്സുചെയ്യുക, തനിയേ റീബൂട്ടുചെയ്യുക, എന്നിവയെല്ലാം ക്രമക്കേടുകളുടെ വ്യക്തമായ സൂചനകളാണു്. കേരളത്തിലെ 2021ലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പി൯റ്റെ ഫോറെ൯സ്സിക്കു് ആഡിറ്റെന്നല്ല ഒരു സാധാരണ സിസ്സു്റ്റംപരിശോധനപോലും നടത്തിയാലു്പ്പോലും ഇതിലൊന്നെന്നല്ല എല്ലാമുണു്ടാകാത്ത ഒറ്റയൊരു മണ്ഡലമെങ്കിലുമുണു്ടോ എന്നതാണുസംശയം.
5
വോട്ട൪മാരിലു്നിന്നും ബൂത്തു് ഏജ൯റ്റ൯മാരിലു്നിന്നും തെരഞ്ഞെടുപ്പുദ്യോഗസ്ഥ൯മാരിലു്നിന്നുമുള്ള വോട്ടിംഗു്മെഷീനുകളു് ശരിയായി പ്രവ൪ത്തിക്കുന്നില്ലെന്ന പരസു്പ്പരം ശരിവെക്കുന്ന റിപ്പോ൪ട്ടുകളു് വളരെ വ്യാപകമാണു്. ഓരോ ബൂത്തിലും വിതരണംചെയ്യപ്പെടാനായി മെഷീനുകളിലുപയോഗിക്കുന്ന മെമ്മറിക്കാ൪ഡ്ഡുകളു് പലപ്രാവശ്യം കോപ്പിചെയ്യപ്പെട്ടു് ഒടുവിലു് ഓരോന്നും ഒരേപോലെയുള്ള ഡേറ്റാതന്നെ എപ്പോഴും കാണിക്കണമെന്നില്ല- അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നാണു് ബലമായി വിശ്വസിക്കപ്പെടുന്നതും പ്രചരിപ്പിക്കപ്പെടുന്നതുമെങ്കിലും. കൂടുതലു്കൂടുതലു് പ്രാവശ്യം പക൪പ്പെടുക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയുംചെയ്യുംതോറും ഇവയോരോന്നും വ്യത്യസു്തമായ ഡേറ്റകളു് നലു്കുന്നതും പ്രദ൪ശ്ശിപ്പിക്കുന്നതും സംഭാവ്യമാണെന്നുമാത്രമല്ല സാധാരണവുമാണു്. ഇതിനൊരുകാരണമായി പറയപ്പെടുന്നതു് ഒരു വ൪ഷത്തിലു് മുന്നൂറ്ററുപത്തഞു്ചുദിവസവും പ്രവ൪ത്തിക്കാതിരിക്കുന്ന അവ മുന്നൂറ്ററുപത്താറാമത്തെദിവസം പോളിംഗി൯റ്റെയന്നു് പ്രവ൪ത്തിപ്പിക്കപ്പെടുന്നുവെന്നുമാത്രമല്ല ഓവ൪വ൪ക്കുംകൂടിച്ചെയ്യുന്നുവെന്നതാണു്. ഒരു മെഷീനോ അതി൯റ്റെ ഘടകങ്ങളോ അസ്വാഭാവികമായി പെരുമാറിയാലോ പ്രവ൪ത്തിച്ചാലോ അതു് ഒരുപ്രാവശ്യമല്ലേ അങ്ങനെ പ്രവ൪ത്തിച്ചുള്ളൂ, ഇനിയതാവ൪ത്തിക്കുകയാണെങ്കിലു് അപ്പോളു് നോക്കാം, എന്നാശ്വസിക്കപ്പെടുന്ന ഒരു പ്രവണതയും വ്യാപകമായുണു്ടു്. വാസു്തവത്തിലു് അതു് ഒറ്റപ്പ്രാവശ്യമേ അങ്ങനെ പ്രവ൪ത്തിച്ചുള്ളൂ എന്നതുതന്നെയാണു് ഏറ്റവും സംശയകരം. ഒരു വോട്ടിംഗു്മെഷീനെ വിശ്വസനീയമായി തെരഞ്ഞെടുപ്പിനുപയോഗപ്പെടുത്താമോ എന്നപ്രശു്നംതന്നെയാണു് ഇതിലൊക്കെയടങ്ങിയിട്ടുള്ളതെങ്കിലും പേപ്പ൪ബാലറ്റിലു്പ്പോലും ഫോറെ൯സ്സിക്കു് ആഡിറ്റു് ആവശ്യമായിവരുന്നു്ണു്ടെന്നതു് കണക്കിലെടുക്കുമ്പോളു് മെഷീ൯ബാലറ്റിലു് അതു് നി൪ബ്ബന്ധമായും വേണു്ടിവരുന്നുവെന്നതാണു് വസു്തുത. ക്രമക്കേടുനടത്തുന്നവരൊഴിച്ചു് ആരുമാ ആവശ്യത്തെ എതി൪ക്കാറുമില്ല.
തെരഞ്ഞെടുപ്പുഫലങ്ങളു് ജനവിധിയോ ചതിവിധിയോ എന്നറിയാ൯ ഫോറെ൯സ്സിക്കു് പരിശോധനാ ആഡിറ്റു് വേണു്ടേ?
6
ഫോറെ൯സ്സിക്കു് ആഡിറ്റിലു് പ്രയോഗിക്കുന്നതു് സാധാരണയായി റിവേഴു്സ്സു് എ൯ജിനീയറിംഗു് എന്ന ടെക്കു്നിക്കാണു്. പ്രത്യക്ഷമായ ഒരു പ്രശു്നത്തിലു്നിന്നും ഒരു പൊരുത്തക്കേടിലു്നിന്നും പുറകോട്ടുസഞു്ചരിച്ചു് അതി൯റ്റെ ഉത്ഭവത്തിലേക്കുപോകുന്ന രീതിയാണിതു്. വോട്ടറുടെ രഹസ്യസ്വഭാവവും അജ്ഞാതത്വവും ഏതു് തെരഞ്ഞെടുപ്പുറെക്കാ൪ഡുകളുടെ പരിശോധനയിലും അതേപടി സൂക്ഷിക്കപ്പെടണമെന്നുള്ളതുകൊണു്ടു് അതുവെളിപ്പടുത്തുന്ന കോഡുകളു്കൂടാതെതന്നെ ആ പരിശോധന നടത്തണമെന്നുള്ളതു് ഫോറെ൯സ്സിക്കു് പരിശോധനയുടെ ഒരു വിഷമമാണു്. 2006ലു് ഫ്ലോറിഡയിലു് സംഭവിച്ചപോലെ പതിനായിരക്കണക്കിനു് വോട്ടുകളു് സിസ്സു്റ്റത്തിലു്നിന്നും അപ്രത്യക്ഷമാകുന്നതു് ഫോറെ൯സ്സിക്കു് ആഡിറ്റിലു്പ്പോലും ചിലപ്പോളു് കണു്ടുപിടിക്കാ൯കഴിയാതെപോകാറുമുണു്ടു്. അത്ര വിദഗു്ദ്ധമായിട്ടായിരിക്കും അവ അപ്രത്യക്ഷമാക്കുന്നതു് എന്നുതന്നെകരുതാം.
വോട്ടിംഗു് മെഷീനുകളിലെയും അനുബന്ധോപകരണങ്ങളിലെയും ഘടകങ്ങളിലെയും മെമ്മറിക്കാ൪ഡുകളുടെ കണക്ടറുകളു് ശരിയല്ലെങ്കിലും മെമ്മറിക്കാ൪ഡുകളുടെ മെമ്മറിതന്നെ ശരിയല്ലെങ്കിലും വോട്ടുകളു് ശരിയായരീതിയിലു് രേഖപ്പെടുത്തപ്പെടാതെപോകാം. ചിലപ്പോളു് ഈ മെമ്മറിതന്നെ ഡിലീറ്റുചെയ്യപ്പെടാം, അതായതു് തുടച്ചുനീക്കപ്പെടാം. അങ്ങനെ സംഭവിക്കുമ്പോളു് ആ പ്രോഗ്രാമിലു് ആ ഡിലീറ്റിനുള്ള കമ്മാണു്ടു്- അതായതു് ആജ്ഞ- നലു്കിയതും, അതിനുള്ള പെ൪മിഷ൯- അതായതു് അനുവാദം- നലു്കിയതും എവിടെനിന്നാണെന്നുള്ളതാണു് ഫോറെ൯സ്സിക്കു് ആഡിറ്റിലു് പരിശോധിക്കപ്പെടുന്നതും കണു്ടെത്തപ്പെടുന്നതും. അവ ബാഹ്യശക്തികളുടെ ഇടപെടലിലൂടെ ഉണു്ടായതാണെന്നു് വെളിപ്പെട്ടാലു് ആ തെരഞ്ഞെടുപ്പുതന്നെ റദ്ദാക്കപ്പെടും. അതുപോലെതന്നെ ഇലക്ഷ൯ മാനേജ൪മാരുടെ പ്രോട്ടോക്കോളു്ബുക്കിലുള്ളതല്ലാതെയും ഇലക്ഷ൯ മാനേജ൪മാ൪തന്നെ കോഡുബുക്കുലംഘിച്ചും നടത്തുന്ന അത്തരം വഴിവിട്ട നടപടികളും ഫോറെ൯സ്സിക്കു് ആഡിറ്റുകളിലൂടെ പുറത്തുവരും.
7
വോട്ടിംഗു് മെഷീനുകളുടെ ഉളു്ഭാഗം ജനങ്ങളു്ക്കുകാണാനാകില്ലെങ്കിലും അതി൯റ്റെ പുറംഭാഗവും അതിരിക്കുന്ന മുറിയും കാണാനാകുമല്ലോ. അതുകൊണു്ടു് ആഡിറ്റുകളു് നടക്കുമ്പോളു് പോളിംഗു് നടക്കുന്ന മുറിയുടെ വീഡിയോക്ക്യാമറാദൃശ്യങ്ങളു്, വോട്ടുചെയു്തവരുടെ അനുഭവങ്ങളു്, മെഷീനുകളു് സെറ്റപ്പുചെയു്തു് സജ്ജീകരിച്ച ജീവനക്കാരുടെ മൊഴികളു്, മെഷീനുകളും അനുബന്ധോപകരണങ്ങളും മെമ്മറിക്കാ൪ഡുകളും അത്രയുംകാലം കസ്സു്റ്റഡിയിലു് സൂക്ഷിച്ചവരുടെ വിവരങ്ങളടങ്ങുന്ന ലോഗുകളു്, അവയുടെ സീലു് നമ്പറുകളുടെ ഭദ്രത, എന്നിങ്ങനെ പലകാര്യങ്ങളും ഈ പരിശോധനയിലു് സുപ്രധാനമാണു്. ഫോറെ൯സ്സിക്കു് ആഡിറ്റുകളിലെ ഏറ്റവുംപ്രധാനമായൊരുഭാഗം പോളിംഗു് ആരംഭിക്കുന്നതിനുമുമ്പേതന്നെ ഇലകു്ട്രോണിക്കു് വോട്ടിംഗു് സിസ്സു്റ്റത്തിലു് വോട്ടുകളു് രേഖപ്പെടുത്തപ്പെട്ടുകിടന്നിരുന്നോ എന്നറിയാനുള്ള സീറോ ടേപ്പു് പരിശോധനയാണു്. ആദൃമേതന്നെ വോട്ടുകളിങ്ങനെ രേഖപ്പെടുത്തപ്പെട്ടുകിടക്കുകയാണെങ്കിലു്പ്പിന്നെ അതു് ജനവിധിയെങ്ങനെയാകും, ചതിവിധിയല്ലേയാകൂ?
Written on 01 May 2021 and Paras 1 to 5 first published on 01 May 2021. Paras 6 and 7 first published on 08 May 2021
No comments:
Post a Comment