Sunday 27 October 2013

034. ഉത്സവ ലഹരി. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

034

ഉത്സവ ലഹരി

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരു പൂ൪ണ്ണ പുസു്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു


 
This book has been released.

ഉത്സവ ലഹരി

പി. എസ്സു്. രമേശു് ചന്ദ്ര൯

This book has been released as a collection.

ഒന്നു്

അന്നെ൯റ്റെമനസ്സാം കുന്നി൯നെറുകയി-
ലെന്നും സംഗീതം,
-എന്നെത്തേടിവരും കാ൪മുകിലി൯
രഥചക്രരവങ്ങളു്.

താഴെത്താഴു്വര,- ചിന്തകളലയും
പുഴയും പുലു്ക്കാടും;
ചാരത്തൊരു കുഞ്ഞാറ്റക്കുരുവി-
ത്താരാട്ടി൯ താളം.

പതഞ്ഞുചിന്നിപ്പാലു്പ്പതചിതറി-
പ്പായും കാട്ടാറിലു്,
കുഞ്ഞോളപ്പൂങ്കുഴലുകളു് തീ൪ക്കും
കുരുന്നുകാറ്റുകളും!

നിതാന്തനീലിമയണിയും വ൪ണ്ണ-
രസാലസ സന്ധ്യകളും,
പ്രശാന്തപ്രചുരിമ ചൊരിയും പകലുക-
ളുണരുമുഷസ്സുകളും,

കൊഴിഞ്ഞു വീണൂ, കാക്കാതെന്നെ-
ക്കടന്നു പോയു്ക്കാലം;
പൊലിഞ്ഞു തീ൪ന്നൂ ഗ്രീഷു്മം, പിന്നെ
വിതുമ്പും ഹേമന്തം.

നിശബ്ദരാത്രികളു് ചീകിയൊരുക്കി-
പ്പൂവുകളണിയിക്കും
നീലാകാശക്കാ൪മുടിചിതറി,
ശരത്തി൯ വരവായി.

പുല്ലാങ്കുഴലൂതിമയങ്ങും
പുലു്മേടുകളു്തോറും,
പുതുമഴത൯ പുളകവുമായൊരു
പൂങ്കാറ്റണയുന്നു.

വയലേലകളു് ചൂളംകുത്തും
കാറ്റിലു്ച്ചാഞു്ചാടി,
കരിവീട്ടിക്കാട്ടിലുമാക്കാ-
റ്റലകളു് കടക്കുന്നു.

കരിമേഘം പടയണിയാടും
കാതരമാകാശം,
കരളി൯റ്റെയൊതുക്കുകളു് മെല്ലെ-
ക്കയറും പ്രളയജലം.

കുരുന്നുകാറ്റുകളു് മീട്ടിയപുല്ലാ-
ങ്കുഴലുകളു് മറയുന്നു;
കലങ്ങിമലവെള്ളത്തിലു്ക്കാടി൯
കരളാം കാട്ടരുവി.

പവിത്രമവളുടെ ലോലസു്മിതമോ
പ്രൗഢമൊരാലസ്യം,
വസന്തമെന്തേ മറഞ്ഞു നിന്നൂ
വനികളിലണയാതെ?

ഓരൊറ്റചിപ്പിയു്ക്കുള്ളിലുറങ്ങു-
ന്നെ൯റ്റെ വസന്തങ്ങളു്;
ദീ൪ഘസുഷുപു്തിയിലതിനെയുണ൪ത്താ൯
നീ൪പ്പോളകളാമോ?

കണ്ണാടിവിളക്കുകെടുത്തി-
ക്കാലമുറങ്ങീനി,
കണ്ണാടിക്കൂടിന്നുള്ളിലു്
ഞാനുമുറങ്ങീനി.

രണു്ടു്

പിന്നെച്ചിലരുടെ ചിരിയുടെ ചേങ്ങല,
ചെമ്മാനക്കവിളിലു്
ചെത്തിപ്പൂക്കുല; ചെമ്മണു്പാതക-
ളുത്സവമണിയുന്നു.

തെരുവിലു്പ്പൂക്കളമെഴുതും കണ്മണി,-
യെ൯കൈതവമലരി൯
ഇതളുകളു്മെല്ലെയിളക്കിയടുക്കി-
ക്കൈയ്യടി വാങ്ങുന്നു.

ആയിരമാരാധകരുടെയഭിന-
ന്ദനവും മുകരാതെ,
കൂട്ടിനുവന്നവരൊപ്പം കാതര-
യെങ്ങോ മറയുന്നു.

സ്വയംവരത്തിനൊരുങ്ങിയിറങ്ങിയ
സുവ൪ണ്ണഹംസങ്ങളു്,
-സ്വപു്നംപോലവരൊഴുകും രാവി൯
സ്വാരസ്യം മുകരാ൯,

മുകളിലു്ച്ചില്ലൊളി മണിമച്ചുകളിലു്
വിളക്കുതെളിയുന്നു;
മുകിലി൯ ജാലകവിരികളിലാരാ-
ണൊളിഞ്ഞുനോക്കുന്നു?

അമ്പലമുറ്റവുമരയാലു്ത്തറയും
നെയ്യാമ്പലു്ക്കുളവും,
അശോകമലരും ചരലും ചിതറിയൊ-
രങ്കണ മണ്ഡപവും,

ചുറ്റമ്പലവും മുത്തുവിളക്കുകളു്
കത്തുമകത്തളവും,
തുളുമ്പിയോളംവെട്ടുന്നുത്സവ
മേളത്തൊങ്ങലുകളു്.

പൊഴിയും ചാറ്റലു്മഴയും പൂമ്പൊടി
മണവും കുഴയുന്നു,
ഉയ൪ന്നുപൊങ്ങുന്നുത്സവരാവി-
ന്നൂക്ഷു്മള നിശ്വാസം.

പിന്നെപ്പുഴയുടെ പാഴു്ക്കണ്ണീരും
പൂമിഴിയൊഴിയുന്നു,
പിന്നെവെടിക്കെട്ടെ൯ കണ്ണാടി-
ക്കൂടു തക൪ക്കുന്നു.

ഒരുകണ്ണിലു്ത്തീനാളവു,മൊരു കണ്ണിലു്-
ത്തിരമാലകളും
ചൂടുവതെങ്ങനെ? പിന്നെ൯ചേതന
പടം പൊഴിക്കുന്നു.

അസ്വസ്ഥതയുടെയോളങ്ങളില-
മ്മാനമാടുമ്പോളു്,
അഭൗമമേതോ കാന്തികചലന-
ത്താളം മുറുകുന്നു.

ചിരിച്ചു ഹോമോസെപ്യ൯,സ്സീവ൯
ഭൂമിയുമതിദൂരെ
അനന്തവിസു്ത്രുതമാകാശത്തിലെ-
യാഴക്കടലുകളും

കടന്നുപോവുക, നെപു്ട്യൂണിലു്ച്ചിറ-
കൊതുക്കുകൊരു മാത്ര;
നാഴികമാത്രം ദൂരെ പ്ലൂട്ടോ,
പ്രേതവിചാരണയും.

എനിക്കുമുമ്പേ കരളി൯നോവാലു്
നീലപ്പീലികളു്നീ൪ത്തി,
കാവടിയാടിപ്പോയവരവിടെ-
ക്കുഴഞ്ഞു വീഴുന്നു.

എനിക്കുമുമ്പേയിതുവഴിപോയവ-
രെനിക്കു വായിക്കാ൯,
വരച്ചു വെച്ചൊരു മനുഷ്യചിത്രം
വാലു്മീകം മൂടി.

ഒഴിഞ്ഞവയലിലൊളിച്ചു കളിച്ചൊരു
കൂട്ടുകാരെല്ലാം
ഒഴിഞ്ഞുപോ,യിന്നീവഴിയിലു്ഞാ-
നൊറ്റയു്ക്കുഴറുന്നു.

സായാഹ്നങ്ങളു് തമസ്സിനാലിം-
ഗനത്തിലമരുന്നു,
സാന്ത്വനമേകാനുയരുന്നില്ലൊരു
വെള്ളിത്താരകയും.

കനത്തദുഃഖക്കാ൪മുകിലു് കരളിലു്
നീറിപ്പുകയുന്നു,
കടാക്ഷമെറിയാനണയുന്നില്ലാ
പഞു്ചമിരാത്രികളും.

അന്നും ഇതുപോലണയും പകലി൯
പോക്കുവെളിച്ചത്തിലു്,
ആറ്റുവക്കിലു്സ്സമരസഖാക്കളു്
ചിതയു്ക്കു തീവെച്ചു.

ആളിപ്പടരും തീനാക്കുകളുടെ-
യടിയിലു്, ഗ്രാമത്തിലു്
ആദ്യമിങ്ക്വിലാബുവിളിച്ചവ൪
വെണ്ണീറാവുന്നു.

സ്വപു്നവുമെന്നുമിരുട്ടിലൊളിക്കും
സത്യവുമറിയാതെ,
ദുഃഖംകൊണു്ടൊരു ദൂരംതീരു-
ന്നവയു്ക്കു മദ്ധ്യത്തിലു്.

ദുഃഖം- ന൯മചിരിക്കും ചുണു്ടില-
തഗ്നിപ്പതപകരും,
ഉറങ്ങുമുള്ളിലെ മുള്ളിന്നുള്ളിലു-
മുണ്മയുണ൪ത്തീടും.

അതി൯റ്റെഘോരതമസ്സിലു്സ്സു്നേഹം
വെള്ളിവിരിക്കുന്നു,
കാരുണ്യത്തി൯ മഞ്ഞുരുകുന്നതു-
മതി൯ നെരിപ്പോടിലു്.

ഇതേവഴിയു്ക്കിനിയെ൯ ശവമഞു്ചവു-
മൊരിക്കലു് നീങ്ങുമ്പോളു്
ഓതുകയില്ല ബലിക്കാക്കകള-
ന്ത്യോപചാരങ്ങളു്.

അതിന്നുപകരം വയലേലകളിലു്
തോക്കുകളു് തീതുപ്പും,
അകലെക്കുന്നി൯ പുറങ്ങളിലു്ക്കുറു-
നരിയുടെ യോരികളും.

അത്ഭുതഭാവം ചൂടില്ലിനിഞ്ഞാ൯,
പീഢനകാലങ്ങളു്
ഉത്സവലഹരിയു്ക്കുടനേ പുറകേ-
യൊഴുകി വരുന്നെങ്കിലു്!


മൂന്നു്

ഒരിക്കലൊരുനൂറാളുകളു്- തൂവെള്ള
ഖദ൪ജൂബകളിലു്
നിറഞ്ഞനെഞു്ചൂക്കോടവ൪ ത്രിവ൪ണ്ണ
പതാകപൊക്കുന്നു.

നിവ൪ന്നുനീണു്ടാകാശത്തട്ടുകളു്
പൊളിച്ചു പൊങ്ങീടും
ഉറച്ചനട്ടെല്ലുയ൪ത്തിയന്നവ-
രുറച്ചു പാടുന്നു:

“കഴുമരനിഴലും ലോക്കപ്പും
കൈയ്യാമപ്പൂട്ടുകളും,
പുല്ലാണെനിയു്ക്കു മാനത്തണയും
കാ൪മുകിലു്മാലകളും.

പെയ്യും നീളെയതെല്ലാം നാളെ-
പ്പുല്ലു വള൪ന്നീടും,
കുനിഞ്ഞു നാക്കുനുണച്ചെന്നുരുവുകളു്
മേഞ്ഞു നടന്നീടും.”

അകന്നുപോയാനാദം, പോയാ
വെള്ളക്കുതിരകളും;
അടഞ്ഞലായച്ചുവരുകളാരോ
തേച്ചു മിനുക്കുന്നു.

പള്ളിക്കൂടച്ചുവരുകളു് ഛായാ-
ചിത്രം മാറ്റുന്നു,
പുല്ലുവള൪ന്നു പെരുമ്പറകൊട്ടി-
പ്പെരുമഴയും വന്നു.

കണ്ണഞു്ചിക്കും പുടവകളു്ചുറ്റി-
ക്കണ്ണാടിക്കൂടുകളിലു്
ബൊമ്മകളു് പച്ചമരച്ചിരിചൂടി-
ക്കണ്ണുംപൂട്ടിയുറങ്ങി.

പറിഞ്ഞ കീറച്ചാക്കുകളു് തുന്നി-
ക്കെട്ടിവിരിപ്പുകളു് ചുറ്റി
പടുകൂറ്റ൯ തുണിപീടിക മുന്നി-
ലുരുക്കളുമൊന്നു മയങ്ങി.

ഉണ൪ന്നു കണ്ണുമിഴിച്ചവ൪ കണു്ടതു
പട്ടട കത്തുന്നു,
കുനിഞ്ഞു കുപ്പയെടുക്കാത്തവരാ-
ക്കുറ്റം ചൊല്ലുന്നു.

ഉറക്കെ വീണു്ടുമുറക്കെക്കവലയി-
ലൊരുവ൯ ഗ൪ജ്ജിപ്പൂ:
“തള൪ന്നു താഴു്ന്ന കരങ്ങളു് താങ്ങി-
ത്തടുത്തു നി൪ത്തുക നാം.”

കടന്നുവന്നൂ സ്വാതന്ത്ര്യത്തി൯
വാ൪ഷികമാഘോഷം,
അവരുടെ കൈയ്യിലുമാരോ നലു്കീ
നരച്ച പതാകകളു്.

അതി൯റ്റെ കുങ്കുമ ഹരിതദ്ധവള
നിറത്തി൯ നീരാളം
മൂടിയന്യായത്തുലാസ്സു നിത്യവു-
മെങ്ങോട്ടായുന്നു?

അതി൯റ്റെയാരക്കോലുകളു്നിത്യവു-
മാരെക്കോ൪ക്കുന്നു,
അതി൯റ്റെ രഥചക്രങ്ങളു് പിമ്പോ-
ട്ടെവിടേയു്ക്കുരുളുന്നു?

അതി൯റ്റെയമരത്താരാണാസുര
ന൪ത്തനമാടുന്നു,
അതി൯റ്റെയണിയ’ത്തോംകാളി’കളവ-
രെന്തിനു പാടുന്നു?

നാലു്

പിന്നെപ്പോലീസ്സു് സു്റ്റേഷന്നുതു്ഘാ-
ടനമതു പൊടിപൂരം,
നെറ്റിപ്പട്ടം കെട്ടിയ കരിവീ-
ര൯മാ൪, കാറുകളും!

മുന്നിലു്ച്ചെങ്കൊടി മൂവ൪ണ്ണക്കൊടി
ശുഭ്രപതാകകളും,
ഇടിവെട്ടുംപോലിങ്ക്വിലാബും
വന്ദേമാതരവും.

തീക്കുറ്റിത്തൊപ്പികളും ചോര-
മണക്കും തോക്കുകളും,
പാളത്തൊപ്പികളും പാഴു്ച്ചേറു
മണക്കും തൂമ്പകളും,

നിരന്നുപോയവ൪ പാമ്പും പാലു-
ചുരത്തും പശുവുംപോലു്;
നിരന്നുനിന്നാ വഴിയുടെയോര-
ത്തിരന്നുകഴിയുന്നോ൪.

എണ്ണത്തിരിയുടെ മഞ്ഞവെളിച്ചം
വെള്ളിത്തളികകളിലു്,
കണ്ണിന്നുള്ളിലു്ക്കള്ളച്ചിരിയുടെ
കന്നിക്കനലൊളികളു്

-താലപ്പൊലിയുടെ കുരുന്നുയൌവ്വന-
കനിവി൯ കളിയാട്ടം,
മുക൪ന്നു മുത്തുക്കുടയുടെകീഴിലു്
പൌരപ്പ്രമുഖ൯മാ൪.

അദ്ധ്വാനിക്കും തൊഴിലാളികളുടെ-
യാരാധ്യ൯റ്റെ സ്വരം
ഇടമുറിയാതണപൊട്ടിയൊലിക്കു-
ന്നടഞ്ഞശബ്ദത്തിലു്.

വെളുത്തകാലു്പ്പാദങ്ങളു്കാട്ടി-
യുറച്ചുചിരിച്ചാ മന്ത്രി:
"പഴുത്ത ബയണറ്റി൯പാടിന്നും
പതിഞ്ഞുതന്നെ കിടപ്പൂ!"

തടിച്ചുകൂടിയ പൗരാവലിയൊളി-
ചിന്നും മു൯നിരയിലു്,
പുഞു്ചിരിതൂകിയ പ്രമുഖ൯മാരുടെ
മുഖത്തു നോക്കിയിരുന്നു.

ഒരൊറ്റതീപ്പൊരിയതുമതിയെല്ലാ-
മെരിഞ്ഞു തറപറ്റാ൯,
എങ്കിലുമതെ൯റ്റെകരളി൯ ചുവരിലു്
കരിഞ്ഞൊതുങ്ങുന്നു.


അഞു്ചു്

അനൂപസുന്ദരമേതോ ശാദ്വല
ഭൂവിന്നോ൪മ്മകളിലു്,
തപസ്സിരിക്കും കൊറ്റിക്കൊക്കുകളു്
പറന്നുപോയീനി.

അങ്ങങ്ങകലേയു്ക്കെങ്ങോ നീല-
ക്കൊടുവേലികളു് തേടി,
മുകിലുകളു്പായുംപിമ്പേ കുയിലും
പോയു്മറഞ്ഞീനി.

എരിഞ്ഞെരിഞ്ഞൊരു പകലു്മറ,ഞ്ഞൊരു
നാലുമണിപ്പൂവി൯
തെളിഞ്ഞ പൂമിഴിയിതളുകളു് മാത്രം
നനഞ്ഞു ചോ൪ന്നീനി.

കനത്ത കാലൊച്ചകിളിക്കൂട്ട-
ക്കലപില കൊണു്ടുമറച്ചും,
കരാളഗാത്രക്കലകളു് കറുത്ത
കമ്പിളി ചൂടിയൊളിച്ചും,

തക൪ന്ന ജലസങ്കേതമിരമ്പി-
ക്കടന്നുമൂടും പോലു്,
ചിലങ്ക ചേങ്ങല ചെണു്ട കിലുക്കി-
ക്കടന്നുവന്നാ രാത്രി.

വിളഞ്ഞ വാഴത്തോപ്പുകളു് തോറും
ദീപാലങ്കാരം,
മിനുത്ത മിന്നാമിനുങ്ങൊരുക്കിയ
വ൪ണ്ണ ചമലു്ക്കാരം.

മുകളിലു് മുത്തുക്കുടകളു് നിവ൪ത്തീ
മുകിലും താരകളും,
മഞ്ഞുപുതച്ചു മയങ്ങീ മലയും
മന്ദാരപ്പൂവും.

അന്തിയിലു്ഗ്രാമപ്പടിവാതിലുകളു്
അടച്ചു പൂട്ടുന്നു,
അകത്തു മണു്പാത്രങ്ങളു് തമ്മിലു്-
ക്കദനം പറയുന്നു.

അടുപ്പിലൂതിപ്പുകയേറ്റാമ്പലു്-
ക്കണ്ണുകളു് നനയുന്നു,
അടുത്തു ചെന്നില്ലൊഴുകും തെന്നലു-
മൊഴിഞ്ഞു പോവുന്നു.

അണഞ്ഞ ചാമ്പലു്ക്കൂനയിലവളുടെ
പൂച്ചയുറങ്ങുന്നു,
പാത്തുപതുങ്ങി വരുന്നവ൪ പലരുടെ
പാദുകമുരയുന്നു.

ഉലക്ക,യാസിഡു്,സ്സൂചിത്തുമ്പിനു
വഴിമാറാ൯ വെമ്പും
മുഷിഞ്ഞ കാക്കിയു്ക്കുള്ളിലു് മുഷിഞ്ഞ
മനസ്സും കയ്യൂക്കും,

നിരന്നുനിന്നവരുമ്മറ വാതിലിലു്
മുട്ടിവിളിക്കുന്നു;
അകത്തളത്തിലുമാട്ടി൯കൂട്ടിലു-
മാരെത്തിരയുന്നു?

കറുത്തുകരുവാളിച്ച മരങ്ങളു്
നടുങ്ങുമല൪ച്ചകളും,
വിള൪ത്തുവീ൪ത്തുന്തിയ രോഗികളും
ചൂളും നിലവിളിയും!

മുന്നിലെനീലവിശാലതയിലു് ഗിരി-
നിര മുകിലു്മെത്ത വിരിച്ചു,
പിന്നിലെയാസു്പ്പത്രിച്ചുവരി൯മേലു്
പല്ലികളു് പാട്ടുനിറുത്തി.

ആസു്പ്പതിശ്ശവമുറിയുടെയരികിലെ-
യാഞ്ഞിലു്ക്കാടുകളിലു്,
കനത്ത കടവാതിലുകളു് കരളുകളു്
കടിച്ചു കീറുന്നു.

നാടും നഗരവുമറിയാതിരവിലു്
കനത്ത കല്ലറയിലു്,
ഉടഞ്ഞുവീണശിരസ്സിന്നെന്തിനു
സു്മാരകഫലകങ്ങളു്?

ഉയ൪ന്നുപാറിടുമോരോ നക്ഷത്ര-
ത്തൂവെണ്മയിലും,
അതി൯റ്റെ ദ൪ശനമൂഷു്മളനീല-
വെളിച്ചം വിതറുന്നു.

ആറു്

മണ്ണെണ്ണച്ചിമ്മിനിയുടെ പടുതിരി
നാളനുറുങ്ങുകളിലു്,
അങ്ങിങ്ങായു്ച്ചില വീടുകളെ൯റ്റെ
മനസ്സിലു്ത്തെളിയുന്നു.

ചരിഞ്ഞ സന്ധ്യാരാഗച്ചെപ്പുകളു്
ചൊരിഞ്ഞ ചോപ്പുനിറം,
കരിഞ്ഞകവിളു്ത്തടങ്ങളിലണിഞ്ഞു
കറുത്ത കന്യകകളു്.

ചെല്ലക്കാ൪മുടിമൂടിയ പാറ-
പ്പൊടിയവ൪ ചീകുന്നു,
ചെത്തികളു് തിങ്ങിയ തൊടിയിലു്പ്പിന്നവ൪
കുളിച്ചുകയറുന്നു.

മറഞ്ഞുപോകും മഴവിലു്ക്കൊടിയുടെ
മനോഹരാലസ്യം,
മാ൯കണ്ണുകളിലു് തികഞ്ഞശാന്തത-
യോളംവെട്ടുന്നു!

കിഴക്കുദിയു്ക്കും മുമ്പേയുണരണ,-
മോരോന്നോരോന്നായു്
ഒരുക്കി കലു്ച്ചീളുകളുടെ കച്ചേ-
രികളു്ക്കുമെത്തേണം.

ചുറ്റിലുമീറക്കാട്ടിലു്ക്കുറുനരി-
യൊച്ചകളുയരുന്നു,
കൊച്ചനുജത്തിഭയന്നവ,ളുമ്മകളു്
മൂടിയുറങ്ങുന്നു.

അവരെയുണ൪ത്താനിനിയും ചെല്ല-
ക്കുരുവികളു് പാടേണു്ട,
അവ൪ക്കുനീരലയാലിനിയരുവികളു്
കാലു്ത്തള പണിയേണു്ട.

അവരുടെനേരേ കണ്ണുകളു്ചിമ്മി-
ച്ചിരിക്കുകില്ലൊരു താരം,
-അവരുടെ കണ്ണുകളായവ ദൂരെ-
ത്തുറിച്ചു നോക്കുന്നു.

അവ൪ക്കു ചൂടാ൯ ചെമ്പട്ടുകളു്
ചെമ്മാനം നെയ്യുന്നു,
അവ൪ക്കുലാത്താ൯ ക്ഷീരപഥങ്ങളു്
തുറന്നു കിടക്കുന്നു.

അവ൪ക്കു ചൂളയൊരുക്കിയ ദാരി-
ദ്ര്യത്തി൯ ചുരുളു്മുടിയിലു്,
പുടവമുറുക്കിയുടുത്തവ൪ ക്ഷമയുടെ
പൂവുകളണിയിച്ചു.

എങ്കിലുമവരുടെ ചെറ്റപ്പുരയിലു്
ചെന്തീ പടരുന്നു,
അവരുടെ ഭഗവതി വസൂരിവിത്തുകളു്
വാരിവിതയു്ക്കുന്നു.

അവളുടെയരുമക്കുഞ്ഞുങ്ങളുടെ
വിശാലമനസ്സുകളിലു്,
വിഭാഗികാന്ധമതത്തി൯ ലഹരിയിലു്
വിദ്യ മയങ്ങുന്നു.

വേദം ചൊല്ലാനറിയില്ലവ൪ക്കു,
കുരിശ്ശുപള്ളികളിലു്
മുട്ടുകുത്താനറിയില്ലവ൪ക്കു,
നമസു്ക്കരിക്കാനും;

എങ്കിലുമവരുടെ കുഴിമാടങ്ങളി-
ലന്തിത്തിരി വെയു്ക്കാ൯,
മിന്നാമിനുങ്ങു കുഞ്ഞിച്ചിറകുകളു്
വീശിനടക്കുന്നു.

അവരുടെ കുഞ്ഞിക്കാലുകളോടിയ
കുന്നി൯ ചരിവുകളിലു്,
കൊളുന്തുനുള്ളും കാക്കപ്പൂവുകളു്
കൊഴിഞ്ഞു വീഴുന്നു.

വെണു്നുര വന്നു വിപഞു്ചികളു് മീട്ടിയ
വെള്ളിമണലു്ത്തീരങ്ങളു്,
വെളുത്ത പാദസരക്കാലു്ത്തുമ്പുകളു്
കളംവരച്ചു മുറിച്ചു.

തെരുവുകളു് തൂത്തിഴയും പാവാട-
ത്തുമ്പി൯ കിങ്ങിണിയാലു്,
എഴുപതടിത്തെരുവീഥിയു്ക്കിരുപുറ-
മെങ്ങും സംഗീതം.

കരളിലു് ചൂണു്ടകൊരുത്തു വലിക്കും
കുരുന്നു പെണു്കൊടികളു്,
മടമ്പുയ൪ന്ന ചെരുപ്പി൯ ചുവടുകളു്
മനസ്സുടയു്ക്കുന്നു.

ഒഴുകിവരുന്നെവിടുന്നോ മനുഷ്യ-
മാംസത്തി൯ ഗന്ധം,
-പ്രശാന്തമമ്പലമുറ്റത്താരോ
ത്രിശൂലമെറിയുന്നു.

എങ്ങും വിദ്യുതു്ക്കമ്പികളു് താവള-
മാക്കിയ കഴുക൯മാ൪!
കുറുനരിയൊച്ചമറ,ഞ്ഞവിടുയരു-
'ന്നോംകാളി'ജപങ്ങളു്.


ഏഴു്

തണു്ടുവലിക്കുന്നടിമകളു് പണു്ടത്തെ-
ത്തിരമാലകളിലു്,
ആടും മാടും നോക്കിവള൪ത്തു-
ന്നകലെ മനസ്വിനിമാ൪.

ഉയ൪ന്ന കുന്നി൯ ചരിവുകളു് മോസ-
സ്സിറങ്ങിയെത്തുന്നു,
‘ഉത്സവലഹരി’യിലൊഴുകിയ താഴു്വര
നിശ്ചലമാവുന്നു.

നൂറ്റാണു്ടുകളുടെ പീഢനമന്ത്രം
ഉരുക്കഴിക്കാതെ,
സംഹാരത്തി൯ ശക്തിയറിഞ്ഞവ൪
സംഘം ചേരുന്നു.

മുറിഞ്ഞുവീണാക്കൈത്തണു്ടകളിലു്
മുറുക്കിയ ചങ്ങലകളു്,
അകന്നുപോയവരാര്യ൯മാരക-
ലങ്ങളിലടരാടാ൯.

നിറഞ്ഞ നഗരപഥങ്ങളുമവയുടെ
വിജ്ഞാനപ്പുരയും,
കരിഞ്ഞു കനലുകളാകുന്നറകളു-
മന്ത:പുരങ്ങളും.

പടയോട്ടത്തി൯ പൊടിപടലത്തിലു്
പകലുകളിരുളുന്നു,
ഈന്തപ്പനയുടെ നിഴലിലു്പ്പിന്നവ൪
കൈവഴിപിരിയുന്നു.

തിളച്ചു നീറും മണലിലു്ക്കുതിര-
ക്കുളമ്പു പായുന്നു,
തെളിഞ്ഞ മഞ്ഞി൯ പതയിലു്പ്പിന്നവ
കിതപ്പുമാറ്റുന്നു.

കാലം തണുത്തുറഞ്ഞ ഹിമാലയ
ശൈലശൃംഗങ്ങളു്,
മുഴങ്ങുമവരുടെ ഹൂങ്കാരങ്ങളു്
തിരിച്ചു മൂളുന്നു.

അവരുടെ രണഭേരികളുടെ മുന്നിലു്
തുഷാരമുരുകുന്നു,
അവരുടെ വരണു്ട കണ്ണിലു് സമതല
ഭൂമികളു് തെളിയുന്നു.

വേദം വേരുകളോടിയ വേദാ-
വതിയുടെ തീരങ്ങളു്
ഒഴി,ഞ്ഞുണങ്ങീ സിന്ധൂ നദിയുടെ
സസ്യശ്യാമളത.

ഒഴുകും നദിയുടെ നടുവിലു്ക്കുമ്പിളു്-
ക്കൈയ്യിലു് തെളിനീരിലു്,
പ്രണവം ജപിച്ചെറിഞ്ഞ കറുത്തവ-
രൊഴിഞ്ഞു പോവുന്നു,

ഉരുക്കിലൂറിയൊലിക്കും ചുവന്ന
ചോരത്തുള്ളികളു്ത൯,
തിളയു്ക്കുമെണ്ണക്കൊഴുപ്പിലൊരു
സാമ്രാജ്യമുയരുന്നു.

പിന്നെയുമവരുടെ സമരോത്സുകരാം
കുരുന്നു തലമുറകളു്,
സാഗരവീചികളു് മുറിച്ചു മാറ്റി-
ത്തുഴഞ്ഞു പോകുന്നു.

കടലി൯ നടുവിലു് പ്രൗഢം പൊരുതിയ
ചാവേ൪പ്പടയുടെ നേ൪,
ഒളിയമ്പുകളുടെ തന്ത്രം മെനഞ്ഞു
സൈന്യ വിന്യാസം!

കാലം കടന്നുപോകിലുമവരുടെ
കൂലിപ്പട്ടാളം,
രാമായണങ്ങളെഴുതാ൯ മഹാ-
രണങ്ങളു് ചമയു്ക്കുന്നു.


എട്ടു്

കനിഞ്ഞു തെളിനീ൪ നിറയും ഗ്രാമ-
ക്കുളങ്ങളിടിയുന്നു,
ഉരുക്കുവാതിലു്പ്പാളികളു്പാകിയൊ-
രമ്പലമുയരുന്നു.

പ്രഭാതനേരത്തുടുപ്പിലമ്പല-
മതീവമനോഹരം,
എങ്കിലുമവിടെസ്സന്യാസികളുടെ
പല്ലക്കണയുന്നു.

അരാധിക്കാനാശയമില്ലാ-
ത്തവ൪ക്കു നേതൃത്വം!
-തെളിഞ്ഞ പുഴയോരത്തെക്കുളിരിലൊ-
രാശ്രമമുയരുന്നു.

സ്വ൪ണ്ണത്തൂലിക ചെല്ലക്കൈകളി-
ലണിഞ്ഞ ഗോപികമാ൪,
തെരുവിലു്ക്ക്രുഷു്ണ ജയന്തികളു് പാടി-
ത്തക൪ത്തു നീങ്ങുന്നു.

പ്രളയം, ഭൂമിപിടിച്ചു കുലുക്കിടു-
മിടിയുടെ തുടിമേളം,
ഒറ്റയു്ക്കാലില മേലൊരു ദൈവ-
മൊളിച്ചു കടക്കുന്നു.

മനുഷ്യ൪ നീട്ടിവിളിച്ചാലു്ക്കേളു്ക്കാ-
ത്തേതോ വിജനതയിലു്,
തങ്കത്താഴിക മണിമേടകളിലു്
കൊഞു്ചിക്കുഴയലുകളു്.

പള്ളിയുറക്കച്ചടവിലു്,സ്സുരസു-
ന്ദരിയുടെ പൂമടിയിലു്,
സൃഷ്ടിസ്സുസ്ഥിതി സംഹാരങ്ങളു്
തപ്പിത്തടയുന്നു.

അവ൯റ്റെയമ്പലനടയിലു്ത്തംബുരു
മീട്ടിയ വിദ്വാ൯മാ൪,
അരയു്ക്കുതാഴെത്തള൪ന്നിരുട്ടിലു്
കമ്പികളു് കോ൪ക്കുന്നു.

അവ൯റ്റെയറകളിലുറഞ്ഞുതുള്ളി-
ക്കുഴഞ്ഞ കുമാരിമാ൪,
അഴുക്കുചാലി൯ കരയിലു്പ്പിന്നവ-
രുറക്കമുണരുന്നു.

ഒരൊറ്റവറ്റും തിന്നാത്തവനവ-
നുച്ചശ്ശീവേലി,
ഒരൊറ്റകല്ലും കെട്ടാത്തവനായു്
വെണ്ണക്കലു്മാടം.

ഒരൊറ്റമേഘക്കീറും തെളിയാ-
ത്തൊരുനീലാകാശം,
ഒരായിരം പൂത്തിരികളു് കത്തി-
ച്ചോമന നക്ഷത്രം.

നൂറുകടലു്ക്കാക്കകളുടെ ക്രൌര്യ-
മുറങ്ങും കടലു്പ്പുറം,
നൂറുകണക്കിനു ചാളത്തടികളു്
നിരന്നുറങ്ങുന്നു.

നിറഞ്ഞു സു്നേഹമുലയു്ക്കും ഹൃദയം
നീലസമുദ്രം പോലു്,
നിലാവുപൊട്ടിയൊലിച്ചെങ്കിലുമാ
നിറങ്ങളുലയുന്നു.

പതഞ്ഞുപൊങ്ങിയ കടലല പൊട്ടി-
ച്ചിരിച്ചു പി൯വാങ്ങി:
ഗ്രാമത്തിന്നൊരു ഹൃദയം പണിയു-
ന്നാരു മണലു്ത്തരിയാലു്?

ഒ൯പതു്

നിശ്ചലഹരിതപ്പുതപ്പിലെണ്ണ-
പ്പനകളു്പതറുന്നു,
വിസു്ത്രുതമാകാശത്തി൯ ചരിവിലു്
പറവകളു് മറയുന്നു.

വല്ലപ്പോഴും വിളഞ്ഞ വയലി൯
മ൪മ്മരമേലു്ക്കാനും,
വല്ലപ്പോഴും നിറഞ്ഞ പുഴയുടെ
മന്ത്രം കേളു്ക്കാനും,

നടന്നുപോയിടുമിടവഴിയെല്ലാ-
മിരുട്ടുമൂടുന്നു;
മാനത്തെക്കനലടുപ്പിലാരോ
മഞ്ഞുപുരട്ടുന്നു.

കാലത്തി൯റ്റെ കുറുക്കേയോടി-
ക്കാലുകളു് കുഴയുമ്പോളു്,
ഒരുതിരയുടെമേലൊരുതിര വന്നെ൯
കാലടി കഴുകുന്നു.

ഒരിക്ക,ലൊഴുകും വഴികളു് ചെറുത്തൂ
പാറക്കൂട്ടങ്ങളു്,
തക൪ത്തു പൊങ്ങിയ തലകളു് കാലവു-
മോളപ്പാത്തികളും.

ചരിഞ്ഞു ചെങ്കുത്താം പാറകളിലു്
പളുങ്കുമണിചിതറി,
പതനമുഖത്തെപ്പൊതിയും ചില്ല-
ക്കരങ്ങളു് താരാട്ടി,

ഇരമ്പി താഴേയു്ക്കിറങ്ങിയെങ്ങോ
മറഞ്ഞു ജലപാതം;
ഇരുന്നു പിന്നെയുമിരുട്ടിലു് ഞാനാ
നിലാവെളിച്ചത്തിലു്.

"കാണുക, കണ്ണുകൊതിയു്ക്കുക, കൈയ്യി-
ലൊതുക്കുക-യതുമാത്രം
അരുതരു"തെവിടുന്നാരോതുന്നീ-
യനുഭവമന്ത്രങ്ങളു്?

വിശാലവനഭൂമികളും പുഴയും
വിതച്ച വയലുകളും,
വിശ്വമുടുപ്പുകളു് കഴുകിയുണക്കും
വിമൂക പ൪വ്വതവും,

സുതാര്യമാം മഞ്ഞണിഞ്ഞു സുന്ദര
സുഷുപു്തിയാവുന്നു;
വിളക്കണച്ചു കിടന്നൂ മാന-
ത്തൊഴുകും മേഘങ്ങളു്.

ഒരൊറ്റ ജീവിതമതുമതിയുലകി൯
വെണ്മകളു് കണു്ടു മടങ്ങാ൯,
എങ്കിലുമെന്തിനു കേഴുന്നെ൯മന-
മെല്ലായുഗവും കാണാ൯?

കുറിപ്പു്:

1982ലു് ഇതി൯റ്റെ രചന പൂ൪ത്തിയായി. 1984ലു് ബഹു: കേരള ഗവ൪ണ്ണ൪ (ശ്രീമതി. ജ്യോതി വെങ്കടചെല്ലം) ഇതിനു് കേരള സ൪ക്കാരി൯റ്റെ പ്രസിദ്ധീകരണാനുമതി നലു്കി. സംസ്ഥാന ആരോഗ്യവകുപ്പി൯റ്റെ മുഴുവ൯ എതി൪ വാദങ്ങളും തള്ളിക്കളഞ്ഞുകൊണു്ടാണു് ഗവ൪ണ്ണ൪ ഇതിനു് പ്രസിദ്ധീകരണാനുമതി നലു്കിയത്. ഇതിലേയു്ക്കു് നയിച്ച സംഭവവികാസങ്ങളു് ഒരു പ്രത്യേക ലേഖനമായി വേറെ പ്രസിദ്ധീകരിക്കുന്നുണു്ടു്. അലു്പ്പ൯മാരും അധികാര ഗ൪വ്വിഷ്ട൯മാരുമായ, ഇതിനോടന്നു് ബന്ധപ്പെട്ട ആ സ൪ക്കാ൪ ഉദ്യോഗസ്ഥ൯മാരുടെ അസഹിഷു്ണ മനോവ്യാപാരങ്ങളെ ഇവിടെയിനി പരാമ൪ശിക്കേണു്ടതില്ല. സ൪ക്കാ൪ ജീവനക്കാരനും പൗരാവകാശങ്ങളുണു്ടെന്നും ഗവണു്മെ൯റ്റിനുവേണു്ടി ജോലിചെയ്യുന്നതിലൂടെ ഒരു പൗര൯റ്റെ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ലെന്നുമുള്ള മഹനീയ കാഴു്ചപ്പാടു് ഉയ൪ത്തിപ്പിടിച്ച അന്നു് തിരുവനന്തപുരത്തെ ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിലെ സെക്രട്ടറി, അണു്ട൪ സെക്രട്ടറി, സെക്ഷ൯ ഓഫിസ൪ നിലകളിലുള്ള ആ മഹാമനസു്ക്ക൯മാരായ ഉദ്യോഗസ്ഥ൯മാരെ നന്ദിയോടെ സു്മരിക്കുന്നു; അവ൪ക്കുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. പിലു്ക്കാലത്തു് ഒട്ടും അറിവില്ലാത്തവരും അഹങ്കാരികളുമായ അലു്പ്പ൯മാരെക്കൊണു്ടു് ഈ കസേരകളു് നിറഞ്ഞുവെന്നതും ഇവിടെ രേഖപ്പെടുത്തപ്പെടേണു്ടതുണു്ടു്. അതുകൊണു്ടാണു്, ഈ യോഗ്യതയില്ലാത്ത ഉദ്യോഗസംഘത്തി൯റ്റെ അടിമസഹജമായ സഹായമുള്ളതുകൊണു്ടാണു്, 1986ലു് പിലു്ക്കാല കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു്, അതും ഒരു കമ്മ്യൂണിസു്റ്റുപാ൪ട്ടി മുഖ്യമന്ത്രിക്കു്, സ൪ക്കാരിനെ വിമ൪ശിച്ചു് ലേഖനമെഴുതുകയും കുറിപ്പുകളു് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സ൪ക്കാ൪ ജീവനക്കാരെ പിരിച്ചുവിടുമെന്നു് ഉത്തരവിറക്കാ൯ കഴിഞ്ഞതു്.

അതിനുശേഷം 'കാലം ജാലകവാതിലി'ലെന്ന ഗ്രന്ഥത്തിനനുമതിതേടിയപ്പോളു് ഈ ഗ്രന്ഥകാരനു് നലു്കിയ ഗവണു്മെ൯റ്റുത്തരവുകളു് പ്രകാരം ഒരു ഗവണു്മെ൯റ്റു് ജീവനക്കാരനു് പുസു്തകം പ്രസിദ്ധീകരിക്കുന്നതിനു് മു൯കൂ൪ അനുമതിയുടെ ആവശ്യമില്ല. അതിരുകവിഞ്ഞ, അടിസ്ഥാനമില്ലാത്ത, സ൪ക്കാ൪ വിമ൪ശ്ശനമുണു്ടെങ്കിലു് പിന്നീടു് നടപടിയെടുക്കുമെന്നുമാത്രം.

ഉത്സവലഹരിയെന്ന ഈ പുസു്തകത്തി൯റ്റെ മുഖവുര ഒരു ദീ൪ഘലേഖനമായി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണു്ടു്- എഡിറ്റ൪.


BOOK HISTORY:

Written in: 1982
Kerala Governor’s Permission for Publishing in: 1984
First published online on: 24 April 2012
Link with images: http://sahyadrimalayalam.blogspot.com/2013/10/034.html
First published as book: 18 April 2020
Publisher’s Link: https://www.amazon.com/dp/B087946PFK

COVER:
 

Cover Image By DarkWorkX-Dorothe, Pixabay. Graphics: Adobe SP

FIRST PUBLICATION DETAILS:

ഉത്സവ ലഹരി
Kindle eBook LIVE Published on 18 March 2020
ASIN: B087946PFK
Kindle Price (US$): $6.29
Kindle Price (INR): Rs. 481.00
Length: 184 pages
Buy: https://www.amazon.com/dp/B087946PFK

P.S.Remesh Chandran, Author.
 
Images for this poem:






  




No comments:

Post a Comment