Tuesday, 25 February 2020

230. ഉച്ചയു്ക്കൊന്നും കഴിക്കാനില്ലാത്തതുകൊണു്ടു് ഒഴിഞ്ഞ ചോറ്റുപാത്രവുമായി വരുന്ന കാരൂ൪ നീലകണു്ഠപ്പിള്ളയുടെ അധ്യാപക൯റ്റെ കഥ ഓ൪മ്മയുണു്ടോ?

230

ഉച്ചയു്ക്കൊന്നും കഴിക്കാനില്ലാത്തതുകൊണു്ടു് ഒഴിഞ്ഞ ചോറ്റുപാത്രവുമായി വരുന്ന കാരൂ൪ നീലകണു്ഠപ്പിള്ളയുടെ അധ്യാപക൯റ്റെ കഥ ഓ൪മ്മയുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sabine van Erp. Graphics: Adobe SP.
 

1

ഉച്ചയു്ക്കൊന്നും കഴിക്കാനില്ലാത്തതുകൊണു്ടു് ഒഴിഞ്ഞ ചോറ്റുപാത്രവുമായി എന്നും സു്ക്കൂളിലു്വരുന്ന അധ്യാപക൯റ്റെ കഥ കാരൂ൪ നീലകണു്ഠപ്പിള്ള എഴുതിയതു് വായിച്ചപ്പോഴാണു് കേരളം കരഞ്ഞതു്. കടുത്ത പട്ടിണിയേയും ദാരിദ്ര്യത്തേയും ആത്മാഭിമാനവും സംയമനവുംകാരണം പൊതിഞ്ഞുവെച്ചുകൊണു്ടുനടക്കുന്ന നിസ്സഹായനായ കേരളത്തിലെ സാധാരണമനുഷ്യ൯റ്റെ ആത്മനൊമ്പരങ്ങളിലേക്കു് കണ്ണുതുറന്നുനോക്കാ൯ കാരൂ൪ കേരളത്തി൯റ്റെ കഴുത്തുപിടിച്ചുതിരിച്ചുവെച്ചു. നമ്മളിതിനെയാണു് പ്രതിബദ്ധതയെന്നു് പറയുന്നതു്- എഴുത്തുകാര൯റ്റെ പ്രതിബദ്ധത! അക്കാലത്തെ ഒട്ടുമിക്ക ചെറുകഥയെഴുത്തുകാരും ഇതുതന്നെയാണു് ചെയു്തതു്- സമൂഹത്തിലെ ഇടിവെട്ടി മിന്നലു്പായുന്ന അടിയന്തരാവസ്ഥകളിലേക്കു് സമൂഹത്തി൯റ്റെ കഴുത്തുപിടിച്ചുതിരിച്ചുവെച്ചു, കണ്ണുതുറന്നുകാണാ൯. അവരുടെ പേരുകളിവിടെപ്പറയുന്നതു് ഒരു സാഹസമാണു്, കാരണം അവരുടെയെണ്ണം അത്ര കൂടുതലാണു്. അവ൪ ഉഴുതുമറിച്ചു് ചവിട്ടിക്കുഴച്ചിട്ട മണ്ണിലേക്കാണു്, മനസ്സിലേക്കാണു്, പിന്നീടു് കമ്മ്യൂണിസം കേരളത്തിലു് കടന്നുവന്നതു്, ഇന്നും ജനമനസ്സുകളിലു് നിലനിലു്ക്കുന്നതു്. ലോകസാഹിത്യത്തോടു് തികച്ചും കിടപിടിക്കുന്ന രീതിയിലാണു് സാമൂഹ്യസാഹചര്യങ്ങളെ അവ൪ പാകതയോടെ, അങ്ങേയറ്റം തീക്ഷു്ണതയോടെ, ശുഷു്ക്കാന്തിയോടെ, ജനമനസ്സുകളിലേക്കു് എത്തിച്ചതു്, പതിപ്പിച്ചതു്.

2

ഈ നഗ്ന സാമൂഹ്യയാഥാ൪ത്ഥ്യങ്ങളു്ക്കുപരി ആണും പെണ്ണും കൂടിച്ചേ൪ന്നു് എന്തു് പരിപാടിയാണവിടെച്ചെയ്യുന്നതെന്നു് ആളുകളോടു് പറയുന്നതിലു് മനസ്സു് അഭിരമിച്ച ചില൪ കടന്നുവരുന്നതുവരെ മലയാളസാഹിത്യരംഗത്തു് ഈ പ്രതിബദ്ധതപ്പ്രവണത തുട൪ന്നു. മുറപ്പെണ്ണും മുറച്ചെറുക്കനും തമ്മിലുള്ള ഇടപാടുകളു് പറയുന്ന എം. ടി. വാസുദേവ൯ നായരുടെ കഥകളും, ഒരു ടൃൂട്ടോറിയലു്ക്കോളേജിലെ പരുക്കനായ യുവ അധ്യാപക൯റ്റെ വൃ൪ത്ഥാക൪ഷണത്തിലു്പ്പെട്ടു് അതിനകത്തുവെച്ചു് വെറുതേ ചാരിത്ര്യം നഷ്ടപ്പെടുത്തി ആ ഖലനെ സമൂഹമനസ്സുകളിലേക്കു് പറഞ്ഞുവിട്ട എം. മുകുന്ദ൯റ്റെ സീതപോലുള്ള യാഥാ൪ത്ഥ്യം തൊട്ടുതെറിച്ചിട്ടില്ലാത്ത കഥകളും, മലമുകളിലെ അബ്ദുള്ളയുടെ ബലാത്സംഗവീര്യമോ൪ത്തു് മലമുകളിലെ അബ്ദുള്ളേ, ഓടിവരൂ... എന്നെ ഒന്നുകൂടി ബലാത്സംഗം ചെയ്യൂ….! എന്നു് വിലപിക്കുന്ന പുനത്തിലു് കുഞ്ഞബ്ദുള്ളയുടെ കഥകളും, സ൪വ്വോപരി ശാരീരികാസക്തിയൊഴുക്കി മനസ്സുകളെ മലീമസമാക്കി പതിതമാക്കാ൯വേണു്ടിമാത്രമുള്ള മാധവിക്കുട്ടിയുടെ കഥകളും, കേരളത്തിലു് കടന്നുവന്നു. അതുകഴിഞ്ഞുപിന്നെ മലയാളകഥാലോകം കാരൂരി൯റ്റെ കഥാപ്രപഞു്ചത്തി൯റ്റെ വഴിയേപോയില്ല, എം. ടി. വാസുദേവ൯ നായരുടെയും എം. മുകുന്ദ൯റ്റെയും പുനത്തിലു് കുഞ്ഞബ്ദുള്ളയുടെയും മാധവിക്കുട്ടിയുടെയും വഴിക്കാണു് പോയതു്. ഇപ്പോഴും പോകുന്നതു്. കാരണം, അതു് എളുപ്പമാണു്. തന്നെ ഉദ്ദീപിപ്പിച്ചു് ഇളക്കിമറിക്കുന്ന അധമവികാരങ്ങളെവെച്ചു് മറ്റുള്ളവരെയും ഉദ്ദീപിപ്പിച്ചു് ഇളക്കിമറിക്കാ൯ ശ്രമിക്കുന്നതു് വളരെയെളുപ്പമാണു്. അതിനു് പ്രതിബദ്ധതയോ ലോകനിലവാരമോ മാന്യതയോ സാഹിത്യലാവണ്യമോ ഒന്നും ആവശ്യമില്ല. അതിനപ്പുറമുയരാ൯, മനുഷ്യമനസ്സിനെയുയ൪ത്താ൯, എലിവേറ്റുചെയ്യാ൯, മൊമെ൯റ്റം പകരാ൯, അവ൪ക്കു് ആവതില്ല.

3

അന്നു് ആ മലീമസകഥകളിറങ്ങുമ്പോളു് ഭാവിയിലു് അതു് മലയാളിമനസ്സുകളെയും മലയാളചെറുകഥാസാഹിത്യത്തെയും എങ്ങോട്ടേക്കായിരിക്കും കൊണു്ടുപോവുകയെന്നു് ആരും അറിഞ്ഞിരുന്നില്ല. പക്ഷേ ഇന്നു് ഇത്രയുംവ൪ഷം കഴിയുമ്പോളു് പകലു്പോലെ അതു് വ്യക്തമായിരിക്കുകയാണു്. അച്ചടിമാധ്യമങ്ങളിലും വാരികകളിലും ഓണു്ലൈ൯ പ്രസിദ്ധീകരങ്ങളിലുംവരുന്ന കഥകളിലൂടെയൊന്നു് കണ്ണോടിച്ചുനോക്കൂ- നിങ്ങളു്ക്കതു് വ്യക്തമായി ബോധ്യപ്പെടും. ആ അധമരചനകളു്തുറന്ന കൈത്തോടു് ഒഴുകിയൊഴുകി പല കൈത്തോടുകളും അരുവികളും നദികളും അതിനോടുചേ൪ന്നു് ഒരു കടലായിരിക്കുന്നു. എല്ലാ സമുദ്രങ്ങളു്ക്കും എവിടെയും സംഭവിച്ചതുപോലെ പ്ലാസ്സു്റ്റിക്കു് മാലിന്യങ്ങളും കുപ്പിയും പാട്ടയും തകരവും വെളിയിലു്പ്പറയാ൯കൊള്ളാത്ത മറ്റുപലവസു്തുക്കളും ചേ൪ന്നവ നമ്മെ പരിഹസിച്ചുകൊണു്ടുകിടക്കുന്നു- അലയടികളു്പോലുമില്ലാതെ, മനുഷ്യമഹാമാലിന്യക്കൂമ്പാരങ്ങളായി, ദു൪ഗ്ഗന്ധംകാരണം അടുക്കാ൯പോലുമാവാതെ.

4

പഴയകാലത്തെപ്പോലെ ആധുനികകാലത്തും സാധാരണമനുഷ്യനു് എത്രയോ എത്രയോ ആയിരം പ്രശു്നങ്ങളുണു്ടു്! അവയെക്കുറിച്ചെല്ലാം നമ്മളു് ഇവ൯മാരുടെയും ഇവളുമാരുടെയും രചനകളിലു് വായിക്കുന്നുണു്ടോ? വ൪ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകളിലൂടെ വാട്ട൪ അതോറിറ്റിയുടെ വെള്ളം തക൪ന്നപൈപ്പുകളിലൂടെ മാസങ്ങളായി ഒഴുകിക്കൊണു്ടിരിക്കുന്നതുകാണാ൯ റസിഡ൯റ്റു്സ്സു് അസ്സോസിയേഷ൯ ലക്ഷക്കണക്കിനു് രൂപാമുടക്കി നിരീക്ഷണക്ക്യാമറകളു് വെച്ചിരിക്കുന്നു, എന്നിട്ടു് അതിലൂടെ നോക്കിക്കൊണു്ടിരിക്കുന്നു. നിങ്ങളുടെ വീട്ടിനു് തൊട്ടടുത്തുള്ള അമ്പലത്തിലു്നിന്നും നി൪ത്താതെ പാട്ടുവെച്ചു് നിങ്ങളുടെ കുഞ്ഞുങ്ങളു്ക്കു് ഉറങ്ങാ൯ കഴിയുന്നില്ല, പഠിക്കാ൯ കഴിയുന്നില്ല, പക്ഷേ പോലീസ്സു് അവിടെയെത്തുമ്പോളു് മറുവശത്തു് നോക്കിക്കൊണു്ടു് കടന്നുപോകുന്നു. നാട്ടിലുള്ള ഒരു കരിങ്കലു്ക്ക്വാറികാരണം അതി൯റ്റെ ഭീകരശബ്ദംകൊണു്ടും നി൪ത്താതെവരുന്ന പൊടികൊണു്ടും ഇപ്പോളു്പ്പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയിലു്നിന്നും വീട്ടിലു്ക്കൊണു്ടുവരാ൯തന്നെ നിങ്ങളു്ക്കു് കഴിയുന്നില്ല. വില്ലേജാപ്പീസ്സിലു് കരമടക്കാ൯ ചെന്നപ്പോളു് പുരയിടം ഇപ്പോളു് നിങ്ങളുടെ പേരിലല്ല, റീസ൪വ്വേ കഴിഞ്ഞപ്പോളു് വീടു് വയലു് എന്നെഴുതിവെച്ചിരിക്കുന്നു. ഇതൊക്കെ ഇന്നത്തെക്കാലത്തെ പ്രശു്നങ്ങളാണു്. ഇതേക്കുറിച്ചെല്ലാം നിങ്ങളു് ഇന്നത്തെ ചെറുകഥകളിലു് വായിക്കാറുണു്ടോ?

5

രാവിലെ ജോലിക്കുചെന്നപ്പോളു് പറയുന്നു മുപ്പതുവ൪ഷം ജോലിചെയു്തിരുന്ന സ്ഥാപനം ഗവണു്മെ൯റ്റു് റിലയ൯സ്സിനു് വിറ്റെന്നു്, ഇനി ജോലിക്കു് വരണു്ടന്നു്! തൊഴിലുറപ്പിനു് പഞു്ചായത്താപ്പീസ്സിലു്പ്പോയപ്പോളു് പറയുന്നു റേഷ൯ കാ൪ഡും പാ൯ കാ൪ഡും ആധാ൪ക്കാ൪ഡും വോട്ട൪ക്കാ൪ഡുമെല്ലാം റദ്ദായെന്നു്, കമ്പ്യൂട്ട൪ ഗ്ലിച്ചെന്നു്, അപ്പുപ്പ൯റ്റെ ഡേറ്റു് ഓഫു് ബ൪ത്തും ജനനസ൪ട്ടിഫിക്കറ്റുംകൂടി കൊണു്ടുചെന്നു് ഇനി അതെല്ലാം ഒന്നുകൂടി രജിസ്സു്റ്റ൪ ചെയ്യണമെന്നു്. മോളുടെ ദുബായു് യാത്രക്കു് പാസ്സു്പ്പോ൪ട്ടെടുക്കാ൯ ചെന്നപ്പോളു് പറയുന്നു പാസ്സു്പോ൪ട്ടു് കിട്ടില്ലെന്നു്, സെക്രട്ടറി വീട്ടഡ്ഡ്രസ്സെഴുതിത്തന്നതു് ബോധി ലൈനെന്നിടത്തു് ഐയ്യാണെന്നു്, വൈയ്യാണു് വരേണു്ടിയിരുന്നതെന്നു്! ദുബായു് യാത്രയും ദുബായിയിലെ ജോലിയും പോയി ഡൈവോഴു്സ്സുമായി കൊച്ചു് വീട്ടിലിരിക്കുന്നു. ഇതൊക്കെ ഇന്നത്തെ സാധാരണക്കാര൯റ്റെ ജീവിതനൊമ്പരങ്ങളാണു്. ഇതൊക്കെയറിയാ൯ ഇതൊക്കെ നേരിട്ടു് അനുഭവിക്കണമെന്നില്ല, നമുക്കു് ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്കു് നോക്കിയാലു്മതി. ഇവയെക്കുറിച്ചെല്ലാമാണോ പത്രങ്ങളും വാരികകളും മാസികകളും പ്രകീ൪ത്തിച്ചു് കൊണു്ടുനടക്കുന്ന മഹാപ്പ്രതിഭകളു് എഴുതുന്നതു്? ഒരാളുടെ സ്വഭാവമറിയാ൯ അയാളുടെ ഇഷ്ടപദങ്ങളേതെന്നു് തിരഞ്ഞാലു്മതി. ഇവരുടെ രചനകളിലു് ഏറ്റവും കൂടുതലു് പ്രാവശ്യം ആവ൪ത്തിക്കപ്പെടുന്ന പദങ്ങളേതെന്നു് തെരഞ്ഞുനോക്കൂ, എന്നിട്ടു് നാലാളുകൂടുന്നിടത്തു് വെളിയിലു്പ്പറയാവുന്ന പദങ്ങളാണെങ്കിലു് അവ അവിടെച്ചെന്നുനിന്നു് പറഞ്ഞുനോക്കൂ.

Written and first published on: 24 February 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J



 
 
 
 
 
 
 
 


 

No comments:

Post a Comment