Sunday, 12 January 2020

225. കോണകമുടുത്തുനടക്കുന്ന ഹിന്ദുരാഷ്ട്രം വരുന്നതിനുമുമ്പേ ഷ൪ട്ടും മുണു്ടും പാ൯റ്റും കോട്ടും ചുരിദാറും സാരിയുമിട്ടുനടക്കുന്ന പോട്ടം എടുത്തുവെക്കണു്ടേ?

225

കോണകമുടുത്തുനടക്കുന്ന ഹിന്ദുരാഷ്ട്രം വരുന്നതിനുമുമ്പേ ഷ൪ട്ടും മുണു്ടും പാ൯റ്റും കോട്ടും ചുരിദാറും സാരിയുമിട്ടുനടക്കുന്ന പോട്ടം എടുത്തുവെക്കണു്ടേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Pexels. Graphics: Adobe SP.
 

1

‘ഇസ്ലാംകയറിപ്പണിയുന്നതിനുമുമ്പു്’ ഭംഗിയായി വസു്ത്രധാരണംചെയു്തു് ചിരിച്ച മുഖത്തോടെ നടക്കുന്ന ഇറാ൯ ജനതയുടെ ഒരു ചിത്രം ആസ്സു്ട്രേലിയയിലെ അഡെലെയു്ഡിലു്നിന്നും ശ്രീ. അഗസ്സു്റ്റസ്സു് ജോ൪ജ്ജു് ഫേസ്സു്ബുക്കിലൊരു മലയാളിഗ്രൂപ്പിലു് പോസ്സു്റ്റുചെയു്തിരിക്കുന്നതുകണു്ടു. ഇറാ൯ ജനതയുടെ ഈ പഴയകാലചിത്രമെടുത്തുവെച്ചപോലെ ഇ൯ഡൃയിലെ ജനങ്ങളുടെ പോട്ടോം ഇപ്പോഴേ എടുത്തുവെക്കുന്നതു് നല്ലതാണു്. 2022ലു് ഇ൯ഡൃയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും 2025ലു് അഖണ്ഡഭാരതം നിലവിലു്വരുമെന്നുമുള്ള വാഗു്ദാനം വിശ്വസിച്ചു് മുഖവിലയു്ക്കെടുത്തു് കേന്ദ്രഗവണു്മെ൯റ്റിനെ വോട്ടുചെയു്തും അല്ലാതെയും വിജയിപ്പിച്ചു് അധികാരത്തിലേറ്റിയിട്ടു് നടക്കുകയാണു് രാഷ്ട്രീയ സ്വയംസേവക സംഘത്തിലെയും മറ്റു് ഹൈന്ദവ പോഷകസംഘടനകളിലെയും വിദ്യാഭ്യാസമുള്ളവ൪പോലും. അന്നുപിന്നെ ഇതുപോലെ ഷ൪ട്ടും മുണു്ടും പാ൯റ്റും കോട്ടും ചുരിദാറും സാരിയുമൊന്നും കാണുകയില്ല, പഴയ ഹിന്ദുരീതിയിലു് രാജാവിനടക്കം ഒരു കോണകംമാത്രമേ കാണൂ. അതുകൊണു്ടു് ഇതെല്ലാമുള്ള നല്ല ഓരോ പോട്ടം ഇപ്പോഴേ എടുത്തുവെക്കണു്ടേ ഭാവിയിലു് ഇതുപോലെ, ഇറാനിലെ ഈ ചിത്രംപോലെ, നോക്കിയിരുന്നുകാണാ൯?

2

ഇ൯ഡൃയെ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാ൯ ബുദ്ധിമുട്ടൊന്നുമില്ല- ഒരു പ്രസു്താവനയിറക്കി അതി൯റ്റെ നോട്ടീസ്സു് സംഘത്തിലൂടെ സ്വയംസേവക൪ക്കെല്ലാം എത്തിച്ചാലു്മതി ചക്രവ൪ത്തി. അതോടെ ഹിന്ദുരാഷ്ട്രം നിലവിലു്വന്നുകഴിഞ്ഞു- ഏതാനുംലക്ഷംവരുന്ന സംഘലോകത്തു്. നൂറുകോടിവരുന്ന ഇ൯ഡൃ൯ ജനലോകത്തു് അതു് ഉട൯തന്നെ അതോടെ പ്രാബല്യത്തിലു്വന്നുകഴിയുമല്ലോ. പക്ഷേ അഖണ്ഡഭാരതമുണു്ടാക്കാ൯മാത്രം അലു്പ്പം ബുദ്ധിമുട്ടുണു്ടെന്നേയുള്ളൂ. അതിനു് ഏതാനും കുഞ്ഞുരാഷ്ട്രങ്ങളെക്കൂടി കീഴടക്കണം. ശ്രീലങ്ക, നേപ്പാളം, പാക്കിസ്ഥാ൯, ബംഗു്ളാദേശു്, ബ൪മ്മ, അഫു്ഗാനിസ്ഥാ൯, കംബോഡിയ, വിയറ്റു്നാം, തായു്ലാ൯ഡു് എന്നീ സ്വതന്ത്രപരമാധികാര കുഞ്ഞുരാഷ്ട്രങ്ങളെയെല്ലാം അങ്ങനെ കീഴടക്കി സേനാവിന്യസനത്തിലൂടെ 2025ലു് അഖണ്ഡഭാരതം സ്ഥാപിക്കണം. സംഘശക്തിയും ഇ൯ഡൃയുടെ സൈനികശക്തിയും നോക്കുമ്പോളു് അതൊരു പ്രശു്നമല്ല, പ്രത്യേകിച്ചും ഈ രാജ്യങ്ങളെല്ലാം കൈയുംകെട്ടി നോക്കിയിരിക്കാ൯ പോവുകയാണെന്നു് ഹിന്ദുരാഷ്ട്രസേനയു്ക്കു് ഉറപ്പുള്ളപ്പോളു്, അതുപോലെ അവരുടെയെല്ലാം സഖ്യരാജ്യങ്ങളും സൈനിക അലയ൯സ്സുകളും! ശബരിമലയിലു് മകരവിളക്കുകാലത്തു് കാട്ടിനകത്തൊരു ദീപമുയ൪ത്തി അടയാളംകാട്ടുന്നപോലെ ഇ൯ഡൃ൯ സൈനികവിഭാഗങ്ങളു്ക്കൊരു പൊതുമേധാവിയെ നിയമിച്ചു് വിളക്കുകൊളുത്തിയുയ൪ത്തി അടയാളംകാണിച്ചപ്പോഴേ സംഘകുഞ്ഞുങ്ങളു്ക്കൊരു ആത്മവിശ്വാസമായി! ഇ൯ഡൃയുടെ കര-നാവിക-വ്യോമ മൂന്നുസേനകളുടെയും തലവ൯മാ൪ സ൪വ്വസൈന്യാധിപനായ രാഷ്ട്രപതിയുടെ സാന്നിധ്യത്തിലല്ലാതെ തമ്മിലു്ക്കാണാറില്ലെന്നു് നമ്മളു് കേട്ടിട്ടുണു്ടു്. ശരിയായിരിക്കാം. സ്വാതന്ത്ര്യംകിട്ടിയശേഷം ഇത്രയുംവ൪ഷത്തെയാ പാരമ്പര്യത്തെ ലംഘിച്ചു് മൂന്നുസൈന്യങ്ങളു്ക്കുംക്കൂടി ഒറ്റയൊരു അധിപനെ നിയമിച്ചതു് സൈന്യത്തിലും ബീജേപ്പീ പരമാധികാരകേന്ദ്രങ്ങളുണു്ടാക്കി ഹിന്ദുവലു്ക്കരിക്കുകയാണെന്നു് അന്നേ ആരോപണമുയ൪ന്നിരുന്നതാണു്.

3

അഖണ്ഡഭാരതമെന്നു് പറയുന്നതിനു് ചരിത്രത്തിലു് ഒറ്റയൊരു അ൪ത്ഥമേയുള്ളൂ. ഭരതചക്രവ൪ത്തി ഭരിച്ചിരുന്ന വെട്ടിമുറിക്കപ്പെടാത്ത ഭാരതമെന്നേ അതിന൪ത്ഥമുള്ളൂ. ആ ഭാരതത്തിലാകട്ടെ ഇവിടെപ്പറഞ്ഞ രതു്നദ്വീപം, സൈന്ധവം, നേപ്പാളം, അപഘനസ്ഥാനം, ബ്രഹ്മദേശം, ശ്യാമരാജ്യം എന്നീ ഇന്നത്തെ പരമാധികാരസ്വതന്ത്ര രാജ്യങ്ങളാണുണു്ടായിരുന്നതു്. അവയെയെല്ലാം തിരികെപ്പിടിക്കാതെ അഖണ്ഡഭാരതമാവുകയില്ല. അതല്ലാതെ വെട്ടിമുറിക്കപ്പെടാത്ത മറ്റുഭാരതമൊന്നുമുണു്ടായിരുന്നില്ല, പാക്കിസ്ഥാനും ബംഗു്ളാദേശുമായി വെട്ടിമുറിക്കപ്പെട്ട 1947ലേതു് അഖണ്ഡഭാരതമായിരുന്നില്ല, അതുപക്ഷേ അഖണ്ഡ ഇ൯ഡൃയായിരുന്നു. ഇതൊന്നുമല്ല ലക്ഷൃം, ഈ മുഴുവ൯ രാജ്യങ്ങളുടെയും മാ൪ക്കറ്റു് ഏകീകരണത്തിലൂടെ എങ്ങനെയെങ്കിലുമൊന്നു് പിടിച്ചുനിലു്ക്കാ൯മാത്രമാണു് താ൯ ഉദ്ദേശിച്ചതെന്നെങ്ങാ൯ റിലയ൯സ്സുമുതലാളി ഇനി അഥവാ ഇവരോടു് പറയേണു്ടിവന്നെന്നിരിക്കട്ടെ, എങ്കിലു് അപ്പോഴേ മുതലാളിക്കുള്ള സ൪വ്വപിന്തുണയും പി൯വലിച്ചു് ഇവ൪ ഓടിപ്പൊയു്ക്കളയില്ലേ? അപ്പോളു്പ്പിന്നെ കുറച്ചുകാലത്തേക്കു് മൂഢഹിന്ദുക്കളുടെയിടയിലു് അഖണ്ഡഭാരതമെന്നൊരു വാക്കു് പ്രചരിപ്പിക്കാതിരിക്കുന്നതെങ്ങനെ? ഹിന്ദുത്വംകളിച്ചു് ലോകമാ൪ക്കറ്റുകളു് നഷ്ടപ്പെടുന്ന മുതലാളിക്കു് ഏഷ്യയിലെ ബാക്കിയുള്ള മാ൪ക്കറ്റുകളെങ്കിലും തുറന്നുകിട്ടുന്നതിനുള്ള ഒരു പൊളിറ്റിക്കലു് പാസ്സു്പോ൪ട്ടു്!

Written and first published on: 12 January 2020

Included in the book, Raashtreeya Lekhanangal Part VII

https://www.amazon.com/dp/B0865MN76J
 
 
 
 
 
 





Tuesday, 7 January 2020

224. കുളത്തൂപ്പുഴ രവീന്ദ്രനെന്ന സംഗീതജ്ഞനെ സൃഷ്ടിച്ചതു് കുളത്തൂപ്പുഴയിലെ പുഴയും നിബിഢവനങ്ങളും കുളത്തൂപ്പുഴയിലെ ജനങ്ങളും കൂടിയല്ലേ?

224

കുളത്തൂപ്പുഴ രവീന്ദ്രനെന്ന സംഗീതജ്ഞനെ സൃഷ്ടിച്ചതു് കുളത്തൂപ്പുഴയിലെ പുഴയും നിബിഢവനങ്ങളും കുളത്തൂപ്പുഴയിലെ ജനങ്ങളും കൂടിയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kanenori. Graphics: Adobe SP.
 

1

രവീന്ദ്രനെന്ന സംഗീതസംവിധായകനെ മലയാളസിനിമയു്ക്കും സംഗീതലോകത്തിനും ലഭിച്ചതു് ശ്രീ. യേശുദാസിലൂടെയും അദ്ദേഹത്തി൯റ്റെ അന്നത്തെ തിരുവനന്തപുരം കവടിയാറിലുണു്ടായിരുന്ന തരംഗിണിയിലൂടെയും ആണെന്നതു് ശരിയായിരിക്കാം, പക്ഷേ കുളത്തൂപ്പുഴ രവീന്ദ്രനെന്ന സ്വതസിദ്ധ സംഗീതജ്ഞനെ ജനിപ്പിച്ചതു് കുളത്തൂപ്പുഴയിലെ പുഴയും നിബിഢവനങ്ങളും കുളത്തൂപ്പുഴയിലെ സഹൃദയരായ ജനങ്ങളും കൂടിയാണെന്നതിലു് യാതൊരു സംശയവുമില്ല, കൂടെ കുറേ പ്രൈവറ്റുബസ്സുകളും. കുളത്തൂപ്പുഴയിലു്നിന്നുള്ള വരവായതിനാലു് തരംഗിണി ഉണു്ടായിരുന്നില്ലെങ്കിലു്പ്പോലും ലോകത്തു് ഒരു ശക്തിക്കും അതു് തടയാ൯ കഴിയുമായിരുന്നില്ല. അദ്ദേഹം മഹാനഗരങ്ങളിലെത്തുന്നതിനും എത്രയോമുമ്പു് കണു്ടക്ടറുടെ കാക്കിവേഷമണിഞ്ഞിരുന്ന കാലത്തുതന്നെ ‘എ൯റ്റെ രണു്ടുപാട്ടി൯റ്റെ സംഗീതമുണു്ടെങ്കിലു് നി൯റ്റെ അഞു്ചു് ബസ്സു് വാങ്ങിക്കാമെഡേയു്' എന്നുപറഞ്ഞെന്നു് പറയപ്പെടുന്ന പ്രസിദ്ധമായ വാചകം ഈ പ്രദേശത്തുള്ള പഴയപലരുടെയും മനസ്സിലു് ഇപ്പോഴുമുണു്ടു്. കുളത്തൂപ്പുഴനിന്നും നേരിട്ടു് തെ൯മല-ചെങ്കോട്ട-തിരുനെലു്വേലിവഴി അതു് എന്നായാലും മദ്രാസ്സിലു്ത്തന്നെ എത്തുമായിരുന്നു. കുളത്തൂപ്പുഴമുതലു് മടത്തറ-കടയു്ക്കലു്-നിലമേലു്-ചടയമംഗലം-പുനലൂ൪ റൂട്ടിലോടുന്ന പ്രൈവറ്റുബസ്സുകളിലു് കയറുകയുമിറങ്ങുകയും സഞു്ചരിക്കുകയുംചെയ്യുന്ന ജനങ്ങളെ ശ്രദ്ധിച്ചിട്ടുണു്ടോ? എല്ലാം തികഞ്ഞ സഹൃദയ൯മാരാണു്, വലിയൊരുവിഭാഗം എന്തെങ്കിലുമൊരു കല കൈവശമുള്ളവരും. കൊല്ലം ജില്ലയിലെയും കൊട്ടാരക്കര താലൂക്കിലെയും ആ പ്രദേശമേ കലാകാര൯മാരുടെ കൂടാണു്. അവിടെ പെരുമാറുമ്പോളു് അതിലൊരെണ്ണമായിമാറാതെ തരമില്ല. അതായതു് ടെന്നിസ്സണി൯റ്റെ ‘ബ്രൂക്കി’ലെപ്പോലെ ഒറിജിനലു് കാട്ടാറുകളുടെ താളവും സംഗീതവും ശുദ്ധിയും നഗരത്തിനുകൂടി സമ്മാനിച്ച മനുഷ്യ൯! വിഭൂതിഭൂഷണു് ബന്ദോപാധ്യായയുടെ ആരണ്യകം എന്ന നോവലിലു് വിവരിച്ചതരം അനുപമകാനനഭംഗി. അതാണു് ശ്രീ. കുളത്തൂപ്പുഴ രവീന്ദ്ര൯ ഉള്ളിലു്.

2

ശ്രീ. കുളത്തൂപ്പുഴ രവീന്ദ്ര൯റ്റെ ജീവിതരേഖകളായി എഴുതപ്പെട്ടിട്ടുള്ള കുറിപ്പുകളിലെല്ലാം രണു്ടുകാര്യങ്ങളു് പ്രത്യേകം ശ്രദ്ധേയമാണു്. ഒന്നു്, കേരളത്തിലെ എണ്ണപ്പെട്ട ഒരു സംഗീതസംവിധായകനാവുന്നതുവരെയുള്ള അദ്ദേഹത്തി൯റ്റെ ജീവിതത്തെക്കുറിച്ചു് ഒന്നുംതന്നെ രേഖപ്പെടുത്തിക്കണു്ടിട്ടില്ല. ഇതുപോലൊരാളു് പെട്ടെന്നൊരൊറ്റദിവസംകൊണു്ടു് ഇത്തരമൊരു ശ്രദ്ധേയമായ കലാജീവിതത്തിലെത്തില്ലല്ലോ! അയാളു്ക്കു് വ൪ഷങ്ങളു്നീണു്ട ഒരു ബാല്യവും യൗവ്വനവും കൂട്ടുകാരും കലാജീവിതവും തൊഴിലുകളുമൊക്കെ ഉണു്ടായിരുന്നിരിക്കണമല്ലോ!! രണു്ടാമത്തേതു്, സിനിമാ സംഗീതസംവിധായകനായുള്ള ആദ്യകാലങ്ങളിലു് പല തിക്താനുഭവങ്ങളും ക്ഷമയോടെ, സഹനത്തോടെ, സംയമനത്തോടെ അദ്ദേഹം നേരിട്ടു എന്നാണു് എല്ലായിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതു്. അവയെന്തെല്ലാമായിരുന്നുവെന്നു് ഏതായാലും അദ്ദേഹംതന്നെപറഞ്ഞു് നമ്മളറിഞ്ഞിട്ടില്ല. എങ്കിലും, മറ്റുപല സമാനകലാകാര൯മാരും പ്രതിഭകളും പിന്നീടു് പറഞ്ഞിട്ടുള്ളതുപോലെയുള്ള കാര്യങ്ങളു് അദ്ദേഹവും നിശ്ചയമായും നേരിട്ടിട്ടുണു്ടാവണം, പ്രത്യേകിച്ചും മലയാളസിനിമാലോകത്തി൯റ്റെ ചരിത്രത്തെക്കുറിച്ചു് അലു്പമൊക്കെ ബോധം നമുക്കുമുള്ളതുവെച്ചുനോക്കുമ്പോളു്. പുതുതായി രംഗത്തുവരുന്ന ഒരു സംഗീതകാര൯റ്റെ ഏറ്റവും ഭീകരവും മനസ്സിനെ ഏറ്റവും ചതയു്ക്കുന്നതുമായ അനുഭവമെന്താണു്? അതു് ത൯റ്റെ സംഗീതം ത൯റ്റെ അറിവോടുകൂടിയാണെങ്കിലും അല്ലെങ്കിലും പ്രശസു്തനായ മറ്റൊരാളുടെപേരിലു് വെള്ളിത്തിരയിലു് പ്രത്യക്ഷപ്പെടുന്നതാണു്. ഒരു തുടക്കക്കാരനെ പ്രേക്ഷക൪ സ്വീകരിക്കുമോ, പടംപൊളിയുമോ എന്നൊക്കെയുള്ള പലഭയങ്ങളും ഇതി൯റ്റെ പുറകിലുണു്ടു്. ആരു് സംഗീതംനലു്കിയാലും ഒരു പ്രശസു്ത൯റ്റെപേരിലു് പുറത്തുവന്നു് ആ ഗാനം പ്രസിദ്ധമായാലു് യഥാ൪ത്ഥകലാകാര൯റ്റെ പേരു് പുറത്തുവന്നില്ലെങ്കിലും യഥാ൪ത്ഥസംഗീതത്തിനുതന്നെയാണല്ലോ ആ അംഗീകാരം. അതോടെ ആ സംഗീതസംവിധായകനെ സിനിമകളു് വിശ്വസിച്ചേലു്പ്പിക്കാമെന്നു് ഉറപ്പാവുകയല്ലേ? പക്ഷേ തുടരെ അങ്ങനെ മറ്റുപലരുടെയുംപേരുകളിലു്ത്തന്നെ വന്നുകൊണു്ടിരുന്നാലോ? ഈ പതിവു് കലാപരിപാടിയായിരുന്നുകാണില്ലേ അദ്ദേഹത്തെ ആദ്യകാലങ്ങളിലു് മഥിച്ചുകൊണു്ടിരുന്നതു്?

3

ഇവിടെ പ്രസക്തമാണെങ്കിലും അല്ലെങ്കിലും മലയാളികളെയാകെ പിടിച്ചുകുലുക്കി കണ്ണീരിലാഴു്ത്തിയ ഒരു ഗാനത്തെക്കുറിച്ചിവിടെ പറയാതിരിക്കാ൯കഴിയില്ല. 1967ലോമറ്റോ ആണെന്നുതോന്നുന്നു, ഈ ലേഖനകാര൯ ഒരു കുട്ടിയായിരുന്നപ്പോളു് സ്വന്തം ഗ്രാമമായ നന്ദിയോട്ടു് പ്രതിഭാ തീയറ്റേഴു്സ്സു് സ്വന്തമായി അവതരിപ്പിക്കാ൯ തയാറെടുത്തുകൊണു്ടിരുന്ന ഒരു നാടകത്തി൯റ്റെ റീഹേഴു്സ്സലു് കാണാ൯ പോയി. ഇന്നത്തെ പ്രശസു്ത ടി. വി. സീരിയലു്/സിനിമാ ആക്ട൪ സഹോദര൯മാരായ കൃഷു്ണകുമാ൪/കിച്ചുമാരുടെ പച്ചയിലെ വീട്ടിന്നടുത്തു് അവരുടെ ഒരു ബന്ധുവായ ശ്രീ. ശങ്കര൯കുട്ടി സാറി൯റ്റെ വീട്ടി൯റ്റെ കളപ്പുരയിലായിരുന്നു റീഹേഴു്സ്സലു്. (ശങ്കര൯കുട്ടി സാ൪ മറ്റുരണു്ടധ്യാപകരായ ശ്രീ. കെ. പി. രവീന്ദ്ര൯നായ൪ സാറിനോടും ശ്രീ. നെയ്യപ്പള്ളി പി. അപ്പുക്കുട്ട൯നായ൪ സാറിനോടുമൊപ്പം പിന്നീടു് അടിയന്തരാവസ്ഥാ തടവുകാരനായിരുന്നു). ശങ്കര൯കുട്ടി സാ൪ എഴുതിയെന്നു് ഈ ലേഖനകാര൯ വിശ്വസിക്കുന്ന ഒരു ഗാനത്തി൯റ്റെ റീഹേഴു്സ്സലായിരുന്നു ആ രാത്രിയിലു് അപ്പോളു്. സംഗീതംനലു്കി ആലപിക്കുന്ന അധ്യാപകനായിരുന്ന ശ്രീ. ആവണീശ്വരം രാമചന്ദ്ര൯ സാറും പച്ച പാലുവള്ളിയിലു്ത്തന്നെ അക്കാലത്തെവിടെ സു്ക്കൂളിലു് ജോലിയായി താമസിച്ചിരുന്നു, അപ്പോളു് അവിടെയുണു്ടായിരുന്നു. ആ വരികളും അന്നവിടെക്കേട്ട ആ സംഗീതവും ഇപ്പോഴും ഇത്രയുംവ൪ഷംകഴിഞ്ഞിട്ടും മനസ്സിലു് നിലു്ക്കുന്നുണു്ടു്, അതോടൊപ്പം ജയദേവനെന്ന മറ്റൊരു പ്രൈമറിസ്സു്ക്കൂളധ്യാപക൯ ആ രംഗം അഭിനയിക്കുന്നതും. വ൪ഷങ്ങളു്കഴിഞ്ഞു് ആ ഗാനം അതേവരികളിലു് അതേസംഗീതത്തിലു് രാമചന്ദ്ര൪സാറല്ല മറ്റൊരാളു്പാടി റെക്കാ൪ഡുചെയു്തു് കാസറ്റിലായി വീണു്ടുംകേട്ടു. ഏതാണെന്നറിയുമോ ആ ഗാനം? 'ഒരു കരിമൊട്ടി൯റ്റെ കഥയാണു് നീ!'

'അലയും കാറ്റി൯ ഹൃദയം, അരയാലു്ക്കൊമ്പിലു് തേങ്ങി' എന്ന പാട്ടു് താങ്കളു് വളരെക്കാലം ആസ്വദിച്ചുകാണുമല്ലോ, മിക്കവാറും ഇന്നും അതു് താങ്കളെ എന്തി൯റ്റെയോ രോമാഞു്ചംകൊണു്ടു് മൂടുന്നുണു്ടാവണമല്ലോ? അതാണു് വിഭൂതിഭൂഷണു് ബന്ദോപാധ്യായയുടെ ആരണ്യകം എന്ന നോവലിലു് വിവരിച്ചതരം അനുപമകാനനഭംഗി. അതാണു് ശ്രീ. കുളത്തൂപ്പുഴ രവീന്ദ്ര൯ ഉള്ളിലു്. ആ അരയാലിപ്പോഴും അവിടുണു്ടെന്നുപറഞ്ഞാലു് വിശ്വസിക്കുമോ, വരി ആരുതന്നെയെഴുതിയതാണെങ്കിലും? (ഈ പാട്ടിനെക്കുറിച്ചുതന്നെ ഇവിടെപ്പറഞ്ഞതിനൊരു കാരണമുണു്ടു്, അതുപക്ഷേ വിവരിക്കാ൯ ഉദ്ദേശിക്കുന്നില്ല. അതു് സിനിമയിലു് കൈതപ്രം, എസ്സു്. പി. വെങ്കിടേഷു് എന്നീ പേരുകളുമായി ബന്ധപ്പെട്ടായിരുന്നുവെന്നും അറിയാം). നിലമേലു്വെച്ചൊരു പ്രൈവറ്റുബസ്സുകണു്ടക്ട൪ അന്നൊരു ട്യൂഷ൯മാഷായിരുന്നു ഈ ലേഖകനു് ഒരു കുട്ടിവഴി അതിമനോഹരമായൊരു പാട്ടി൯റ്റെ കാസ്സെറ്റു് കൊടുത്തുവിട്ടതു് തികച്ചും വ്യക്തിപരമായ അനുഭവമായതിനാലും ആ പാട്ടി൯റ്റെയും സൃഷ്ട്യവകാശം ആ൪ക്കാണെന്നതിലൊരു ത൪ക്കത്തിനുകാരണമാകുമെന്നതുകൊണു്ടും ഇവിടെപ്പറയുന്നില്ല.

Written and first published on: 06 January 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J





 
 
 
 

 

Sunday, 5 January 2020

223. PWDയിലും Revenueവിലും Healthലും കൈക്കൂലിവാങ്ങാത്ത ഏവനെങ്കിലുമുണു്ടെങ്കിലു് അവനെ ആ ഡിപ്പാ൪ട്ടുമെ൯റ്റു് വേട്ടയാടുകയായിരിക്കും

223

PWDയിലും Revenueവിലും Healthലും കൈക്കൂലിവാങ്ങാത്ത ഏവനെങ്കിലുമുണു്ടെങ്കിലു് അവനെ ആ ഡിപ്പാ൪ട്ടുമെ൯റ്റു് വേട്ടയാടുകയായിരിക്കും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By SV Klimkin. Graphics: Adobe SP.
 
 
1

PWDയിലു് 98 ശതമാനവും, Revenueവിലു് 99 ശതമാനവും, Healthലു് 90 ശതമാനവുമാണു് കൈക്കൂലി വാങ്ങുന്നവരും കോഴ വാങ്ങുന്നവരും വെട്ടിപ്പും അഴിമതിയും തട്ടിപ്പും നടത്തുന്നവരും മോഷ്ടിക്കുന്നവരും വീട്ടിലെ പക പൊതുജനങ്ങളോടു് തീ൪ക്കുന്നവരും എവിടെ ഒരു പൈസ നക്കിയെടുക്കാ൯ അവസരമുണു്ടോ അതു് ഒരിക്കലും നഷ്ടപ്പെടുത്താത്തവരും. ഈ പീ. ഡബ്ലിയൂ. ഡീ. എന്നു് പറയുമ്പോളു് തിരുവനന്തപുരം-ചെങ്കോട്ട റോഡി൯റ്റെ വലതുവശത്തെ വളവുകളു് നൂക്കാ൯ പറഞ്ഞാലു് ചെങ്കോട്ട-തിരുവനന്തപുരം റോഡി൯റ്റെ വലതുവശത്തെ വളവുകളു് നൂത്തു് ഇടതുവശത്തുള്ള വീട്ടുകാരിലു്നിന്നും കടക്കാരിലു്നിന്നും സ്ഥലമുടമകളിലു്നിന്നുംമുഴുവ൯ പണംവാങ്ങുന്ന ആ പീ. ഡബ്ലിയൂ. ഡീ തന്നെ. റവന്യൂവെന്നു് പറയുമ്പോളു് പണംകൊടുത്താലു് പുറമ്പോക്കു് ഭൂമി നിങ്ങളുടെ ഭൂമിയെന്നു് രേഖപ്പെടുത്തുകയും പണം കൊടുത്തില്ലെങ്കിലു് നിങ്ങളുടെ ഭൂമി പുറമ്പോക്കെന്നു് റീസ൪വ്വേ റെക്കാ൪ഡുകളിലു് രേഖപ്പെടുത്തുകയുംചെയ്യുന്ന അതേ റവന്യൂതന്നെ. ഹെലു്ത്തിനെ മനസ്സിലായിക്കാണുമല്ലോ- ഡെലിവറിറൂമിനകത്തു് ഇപ്പോളു്ജനിച്ച കുഞ്ഞി൯റ്റെ കഴുത്തിലു്പ്പിടിച്ചുകൊണു്ടു് പണംചോദിക്കുന്ന അതേ ആരോഗ്യവകുപ്പുതന്നെ. ആരാണെങ്കിലും പണം കൊടുത്തുപോകില്ലേ?

2

പൊതുജനങ്ങളു്ക്കുള്ള ഏതവകാശവും ഏതാനുകൂല്യവും കൊടുക്കുന്നതിനേക്കാളു് എത്രയോ എളുപ്പമാണു് മുടക്കുന്നതു്! അതാണിവ൯മാ൪ വ൪ഷങ്ങളായി ചെയു്തുവരുന്നതും. ഇതിലു്ത്തന്നെ നാലു്പ്പതു് ശതമാനത്തിലു്ക്കുറയാതെ നേരെചൊവ്വേ വാതിലു്വഴിയല്ലാതെ ജന്നലിലു്ക്കൂടി ജോലിയിലു് കയറിയവരാണു്. ഇവരിലു് ഏതെങ്കിലുമൊരുത്തനെ ഒരിക്കലെങ്കിലും ഈ പീ. ഡബ്ലിയൂ. ഡീ.യിലെയോ റെവന്യൂവിലെയോ ഹെലു്ത്തിലെയോ ഒരു മന്ത്രി പിടികൂടിയതായോ പിരിച്ചുവിട്ടതായോ കേട്ടിട്ടുണു്ടോ? അപ്പോളു് ആദ൪ശവാ൯മാരും ആദ൪ശവതികളും ചമഞ്ഞുനടക്കുന്ന ഈ മന്ത്രിമാരും ഗവണു്മെ൯റ്റു് സെക്രട്ടറിമാരും പ്രൈവറ്റു് സെക്രട്ടറിമാരും മുതലുള്ള അവരുടെ സു്റ്റാഫും എത്ര ഭീകരരായ അഴിമതിക്കാരും കൈക്കൂലിക്കാരുമായിരിക്കണം! ഈ മൊത്തം പിന്തിരിപ്പ൯ ഉദ്യോഗസ്ഥപ്പടയും എ൯. ജി. ഓ. യൂണിയ൯റ്റെയും എ൯. ജി. ഓ. അസ്സോസിയേഷ൯റ്റെയും എ൯. ജി. ഓ. ഫ്രണു്ടി൯റ്റെയും ജോയി൯റ്റു് കൗണു്സ്സിലി൯റ്റെയും ഗസറ്റഡു് ഓഫീസ്സേഴു്സ്സു് അസ്സോസിയേഷ൯റ്റെയുമൊക്കെ മുന്നണിപ്പോരാളികളും നേതാക്കളും മെമ്പ൪മാരും അവരുടെ പൂ൪ണ്ണസംരക്ഷണത്തിലു് കഴിയുന്നവരുമാണു്. ഒരിക്കലെങ്കിലും ഇവരിലു് ഒരുത്തനെയെങ്കിലും ഇതിലേതെങ്കിലും സ൪വ്വീസ്സു്സംഘടന പുറത്താക്കിയതായി കേട്ടിട്ടുണു്ടോ? ഈ ഡിപ്പാ൪ട്ടുമെ൯റ്റുകളുടെ വെബ്ബു്സൈറ്റുകളിലു് പൊതുജനങ്ങളു്ക്കു് ഈ കള്ള൯മാരുടെ പേരുകളു് എഴുതിച്ചേ൪ക്കാ൯ ഇടം ഇട്ടിട്ടില്ലാത്തതു് എന്തുകൊണു്ടാണെന്നു് മനസ്സിലായിക്കാണുമല്ലോ!

3

ഇവ൯മാരെക്കുറിച്ചു് ഓരോ വ൪ഷവും പത്രങ്ങളിലു് ഓരോരുത്തരെഴുതിയയക്കുന്ന ലിഖിതങ്ങളു് ഈ പത്രങ്ങളു് പതുക്കിവെക്കാതെ പ്രസിദ്ധീകരിച്ചിരുന്നെങ്കിലു് ഒരുവ൪ഷം പത്രം അച്ചടിച്ചു് നടത്തിക്കൊണു്ടുപോകാ൯ അതുമാത്രംമതി. വേറേ വാ൪ത്തയെന്തിനു്! ജനങ്ങളനുഭവിച്ചതി൯റ്റെ സാക്ഷൃപത്രങ്ങളു് കെട്ടുകെട്ടുകണക്കിനല്ലേ പത്രങ്ങളു് അച്ചടിക്കാതെ കത്തിച്ചുകളയുന്നതു്! ഇനി ഇതിലൊന്നുംപെടാത്ത ഏവനെങ്കിലും ഈ ഡിപ്പാ൪ട്ടുമെ൯റ്റുകളിലു് ജോലിചെയ്യുന്നുണു്ടെങ്കിലു് അവനെ ഈ ഡിപ്പാ൪ട്ടുമെ൯റ്റുകളു് വേട്ടയാടുകയായിരിക്കും. അവ൯റ്റെയൊക്കെ പെ൯ഷ൯ അപേക്ഷകളായിരിക്കും ഈ ഡിപ്പാ൪ട്ടുമെ൯റ്റുകളുടെ ഡയറക്ടറേറ്റുകളിലെ പെ൯ഷ൯ സെക്ഷനുകളിലു് ആയിരക്കണക്കിനു് കെട്ടുകളായി വ൪ഷങ്ങളായി പൊടിയടിച്ചിരിക്കുന്നതു്. ഇത്തരം ഫയലുകളിലു് വ൪ഷങ്ങളായി കിടന്നടിക്കുന്ന ആഡിറ്റു് നോട്ടുകളിലു് വിശദീകരണമായി ഈ ഊള൯മാരെഴുതിവിടുന്ന കഥാവിവരണങ്ങളു് വായിച്ചു് അതുസ്വീകരിച്ചുസമ്മതിച്ചു് നി൪വ്വാണമടിച്ചിരിക്കുകയാണു് കേന്ദ്രഗവണു്മെ൯റ്റി൯റ്റെ അക്കൗണു്ട൯റ്റു് ജനറലാപ്പീസ്സിലെ നി൪ഗ്ഗുണപ്പരബ്രഹ്മങ്ങളു്!

4

ഏതാനുംവ൪ഷംമുമ്പുവരെ ഇവ൯മാരെ സു്തംഭിപ്പിക്കാ൯ ജനങ്ങളുടെ കൈയ്യിലു് വളരെ ഫലപ്രദമായ ഒരു ആയുധമുണു്ടായിരുന്നു- ചുവരെഴുത്തും പോസ്സു്റ്ററും! ‘വില്ലേജാപ്പീസ്സിലെ ശ്രീ. നി൪വൃതികുമാര൯നായരുടെ കൈക്കൂലി അവസാനിപ്പിക്കുക’ എന്ന ഒറ്റയൊരു പോസ്സു്റ്റ൪ വില്ലേജാപ്പീസ്സി൯റ്റെ മതിലിലു്ക്കണു്ടാലു്മതിയായിരുന്നു ശ്രീമാ൯ നി൪വൃതികുമാര൯നായ൪ ഒരു മാസം ആവഴി വരാതിരിക്കാനും ആപ്പീസ്സിലു്പ്പോകാതിരിക്കാനും. സ്വാഭാവികമായും അടുത്ത പോസ്സു്റ്റ൪ ഭയന്നു് അയാളു് കൈക്കൂലി വാങ്ങില്ലായിരുന്നു, അഴിമതി നടത്തുകയുമില്ലായിരുന്നു. നമ്മുടെ പേരു് ഒരു മതിലിലെഴുതിവെച്ചിരിക്കുന്നതു് ഏവനുമൊരു ഭയമാണു്- തെരഞ്ഞെടുപ്പിലെ സ്ഥാനാ൪ത്ഥികളു്ക്കും രാഷ്ട്രീയപ്പാ൪ട്ടിനേതാക്കളു്ക്കുമൊഴിച്ചു്. പരാതിചെന്നുപറഞ്ഞാലു് കെ. എസ്സു്. വൈ. എഫോ, ഡി. വൈ. എഫു്. ഐ. യോ, യൂത്തു് കോണു്ഗ്രസ്സോ, യുവമോ൪ച്ചയോ ആ ചുവരെഴുത്തോ പോസ്സു്റ്ററിംഗോ അവരുടെപേരിലു് നടത്തിക്കൊള്ളുമായിരുന്നു, പണു്ടു്. പക്ഷേ ഇന്നു് അവരെല്ലാം ആ അഴിമതിപ്പണു്ടാരങ്ങളുടെ സ്വന്തം ആളുകളാണു്. എത്ര വ൪ഷങ്ങളാവും ഈ സംഘടനകളുടെവകയായി അത്തരം ചുവരെഴുത്തുകളും പോസ്സു്റ്ററുകളും ജനങ്ങളു് ചുവരിലു്ക്കണു്ടിട്ടു്? ഇനി അത്തരമൊരു പരാതി ഒരു അനുഭസ്ഥ൯ നേരിട്ടു് എഴുതി ഒട്ടിച്ചാലു് അപ്പോളു് അവനെയന്വേഷിച്ചു് ഈ അഴിമതിപ്പടയുടെ പോലീസ്സെത്തും- 'ദിവ്യവും പരിശുദ്ധവും പുണ്യവുമായ' സ൪ക്കാരാപ്പീസ്സി൯റ്റെ മതിലിലു് പോസ്സു്റ്ററെഴുതിയൊട്ടിച്ചതിനു്. അപ്പോളു് പോലീസ്സുമുതലു് വിജില൯സ്സും മന്ത്രിമാരുമടക്കമുള്ള സകലരുടെയും പൂ൪ണ്ണസംരക്ഷണമനുഭവിച്ചുകൊണു്ടു് ഈ പട ജനങ്ങളെച്ചതയു്ക്കുന്നതു് നി൪ഭയം തുടരുന്നു. ഓരോ ദിവസവും കൈക്കൂലിയും അഴിമതിയും കൂടിവരുന്നതല്ലാതെ കുറയുന്നില്ല. ആയിരംപേ൪ കൈക്കൂലി കൊടുത്തിരുന്നിടത്തു് ലക്ഷംപേ൪ കൈക്കൂലികൊടുക്കാ൯ നി൪ബ്ബന്ധിക്കപ്പെടുന്നു. അപ്പോളു് ഇതിനൊരന്ത്യമില്ലേ?

5

പണു്ടു് വോക്കു്സ്സു് പോപ്പുലൈ അഥവാ ജനശബ്ദം എന്നൊരു ഇടപാടുണു്ടായിരുന്നു. ഇന്നതി൯റ്റെ പേരു് ഇ൯റ്റ൪നെറ്റെന്നാണു്- സാമൂഹ്യമാധ്യമങ്ങളെന്നും. അവിടെയാണിപ്പോളു് ജനങ്ങളു് ഇത്തരക്കാ൪ക്കെതിരെ പോസ്സു്റ്ററെഴുതിയൊട്ടിക്കുന്നതും ചുവരെഴുത്തുനടത്തുന്നതും. അതേ, ആഫ്രിക്കമുതലു് അ൯റ്റാ൪ട്ടിക്കവരെനീളുന്ന ആകാശച്ചുവരിലു്! ചിലപ്പോഴൊക്കെ ഇവ൯മാ൪ അവനവ൯റ്റെ രാജ്യത്തെ കോടതിയിലു്പ്പോകും അതിനെതിരെ. അപ്പോളു് ആ പോസ്സു്റ്ററുകളും ചുവരെഴുത്തുകളും പി൯വലിക്കപ്പെടും, അല്ലെങ്കിലു് അപ്രത്യക്ഷമാവും, അവ൯റ്റെ രാജ്യത്തുമാത്രം- ലക്ഷക്കണക്കിനാളുകളു് ആ മഹാ൯റ്റെ പേരും പ്രവൃത്തിയും വായിച്ചുകഴിഞ്ഞശേഷം. അതുതന്നെയാണു് അവനുള്ള ശിക്ഷ. അവ൯റ്റേതല്ലാത്ത മറ്റുരാജ്യങ്ങളിലു് അതപ്പോഴും ജനങ്ങളാലു് വായിക്കപ്പെട്ടുകൊണു്ടിരിക്കും. ഇതിലു് അസ്വസ്ഥതകയറിയ കേന്ദ്രഗവണു്മെ൯റ്റിലെയും ജനപ്പ്രതിനിധിവ൪ഗ്ഗത്തിലെയും അഴിമതിവേതാളങ്ങളു് ലോകത്തൊരിടത്തും ഇങ്ങനെയുള്ള ഒരുത്തനെപ്പറ്റിയും കഥകളടിച്ചുവിടരുതെന്നു് ഇ൯റ്റ൪നെറ്റിലു് പുതിയ ഡിജിറ്റലു്നിയമങ്ങളു് കൊണു്ടുവരുന്നുവെന്നുകേളു്ക്കുന്നു.

ഇതിങ്ങനെയാണെങ്കിലും ഈ സ൪ക്കാരഴിമതിവേതാളങ്ങളുടെ കഥകളു് ലോകത്തൊരുഗവണു്മെ൯റ്റിനെയും ഭയപ്പെടാതെ പ്രസിദ്ധീകരിക്കുന്ന അനവധി ധീരപ്രസ്ഥാനങ്ങളു് ഇ൯റ്റ൪നെറ്റിലു് നിലവിലു്വരുന്നുണു്ടു്. അതിലു്പ്പലതിലും ഈപ്പറഞ്ഞ കേന്ദ്രഗവണു്മെ൯റ്റ൯മാരുടെയും ജനപ്പ്രതിനിധിവ൪ഗ്ഗമേലാള൯മാരുടെയും ഒന്നാംനമ്പ൪ അഴിമതിക്കഥകളും കള്ളപ്പണക്കഥകളും നോക്കിത്തന്നെയാണു് പ്രസിദ്ധീകരിക്കുന്നതു്. അതിലു്ച്ചിലവ പ്രധാനമന്ത്രിമാരുടെയും പ്രസിഡ൯റ്റ൯മാരുടെയും അഴിമതിക്കഥകളും കള്ളപ്പണക്കഥകളും സു്പെഷ്യലൈസ്സുചെയു്തു് പ്രസിദ്ധീകരിക്കുന്നവയാണു്. ഇപ്പോളു്ത്തന്നെ മേക്കു് കംപ്ലയി൯റ്റു്, ഗോ കംപ്ലയി൯റ്റു്, പെറ്റിഷ൯ യുവ൪സെലു്ഫു് എന്നൊക്കെയുള്ള വെബ്ബു് സൈറ്റുകളു് ലോകംമുഴുക്കെ പ്രവ൪ത്തിച്ചുവരുന്നുണു്ടു്. നാളെ compaintagainstkeralapwd.com, compaintagainstkeralarevenue.com, compaintagainstkeralahealth.com, എന്നിങ്ങനെയൊക്കെയുള്ള ഓണു്ലൈ൯ വേദികളാണു് വരാ൯പോകുന്നതു്. കുറഞ്ഞപക്ഷം ജനങ്ങളു്ക്കു് വായിച്ചുരസിക്കാനുള്ള വകയെങ്കിലുമുണു്ടാകുമല്ലോ!

Written and first published on: 05 January 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J












 

222. ജനങ്ങളു് വീട്ടിലിരുന്നു് എന്തുചെയ്യുന്നുവെന്നു് ഭയമുള്ളവ൪ ഓരോരോ കാരണമുണു്ടാക്കി പുറത്തിറക്കി ക്യൂ നി൪ത്തിക്കും: നോട്ടുനിരോധനംമുതലു് നമ്മളു് ഇതു് കാണുന്നുതാണു്

222

ജനങ്ങളു് വീട്ടിലിരുന്നു് എന്തുചെയ്യുന്നുവെന്നു് ഭയമുള്ളവ൪ ഓരോരോ കാരണമുണു്ടാക്കി പുറത്തിറക്കി ക്യൂ നി൪ത്തിക്കും: നോട്ടുനിരോധനംമുതലു് നമ്മളു് ഇതു് കാണുന്നുതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Antonio Cansino. Graphics: Adobe SP.
 

ജനങ്ങളു് വീട്ടിലിരുന്നു് എന്തുചെയ്യുന്നുവെന്നു് ഭയമുള്ളവ൪ ഓരോരോ കാരണമുണു്ടാക്കി ജനങ്ങളെ വീട്ടിനുപുറത്തിറക്കി ക്യൂ നി൪ത്തിക്കും. നോട്ടുനിരോധനംമുതലു് നമ്മളു് ഇതു് കാണുന്നുതാണു്. നോട്ടുനിരോധനം കഴിഞ്ഞപ്പോളു് സകല ജനങ്ങളും ബാങ്കിലു് ആക്കൗണു്ടെടുക്കണമെന്നു് നി൪ബ്ബന്ധിച്ചു് ക്യൂ നി൪ത്തിച്ചു. അതുകഴിഞ്ഞു് ആധാ൪ക്കാ൪ഡില്ലെങ്കിലു് കൊന്നുകളയുമെന്നു് ഭീഷണിപ്പെടുത്തി ക്യൂ നി൪ത്തിച്ചു. ഇനി ക്യൂ നി൪ത്തിക്കാ൯ എന്തുവഴിയെന്നാലോചിച്ചപ്പോളു് അതിനകത്തിരുന്നുകൊണു്ടു് ഒരുത്ത൯ ചോദിച്ചു ആധാരക്കാ൪ഡും ബാങ്കക്കൗണു്ടും തമ്മിലു് ബന്ധിപ്പിച്ചില്ലെങ്കിലു് ജനങ്ങളുടെ പണമൊക്കെ പിടിച്ചെടുക്കുമെന്നു് ഭീഷണിപ്പെടുത്തി ക്യൂ നി൪ത്തിച്ചുകൂടേയെന്നു്. ഉട൯ അതംഗീകരിച്ചു, ജനപ്പ്രതിനിധിവ൪ഗ്ഗം അനുമതിനലു്കി, ഗവണു്മെ൯റ്റുത്തരവിറക്കി, ആളുകളു് ക്യൂ നിന്നു. അടുത്തതു് പാ൯ കാ൪ഡു് നി൪ബ്ബന്ധമാക്കി അതെടുക്കാ൯ ക്യൂ നി൪ത്തിക്കലായിരുന്നു. അതുകഴിഞ്ഞു് ബാങ്കക്കൗണു്ടും പാ൯ കാ൪ഡുംകൂടി ബന്ധിപ്പിക്കാ൯ ക്യൂ നി൪ത്തിക്കാമെന്നു് കണു്ടുപിടിച്ചു, ക്യൂ നി൪ത്തിച്ചു. രാജ്യംമുഴുവ൯ ജനങ്ങളുടെ ക്യൂവുകളു് ചമയു്ക്കാ൯ ഇനിയെന്തുവഴിയെന്നാലോചിച്ചപ്പോളു് റേഷ൯ കാ൪ഡുകളിലു് അനന്തസാധ്യതകളല്ലേ കിടക്കുന്നതെന്നു് കണു്ടുപിടിച്ചു. മാറിയും തിരിഞ്ഞും പലപലരീതിയിലു് ജനങ്ങളെ റേഷ൯ കാ൪ഡിനകത്തു് ക്യൂ നി൪ത്തിച്ചു.

അടുത്തു് പിടികൂടിയതു് വോട്ട൪ക്കാ൪ഡിനെയായിരുന്നു. ക്യൂ നി൪ത്തി സകല ജനങ്ങളെയുംകൊണു്ടു് അതെടുപ്പിച്ചു് തെരഞ്ഞെടുപ്പുനടത്തിയശേഷം പറയുന്നു അതുണു്ടായിട്ടും കാര്യമില്ല, അതിനു് വിലയില്ലാതായി, പുതിയതായി കൊണു്ടുവരുന്ന ഒരു കാ൪ഡുണു്ടായിട്ടേ കാര്യമുള്ളെന്നു്. അപ്പോളു് വിലയില്ലാത്ത ഈ കാ൪ഡുവെച്ചു് ഞങ്ങളു് വോട്ടുചെയു്തു് ജയിപ്പിച്ചു് ഭരണത്തിലേറ്റിയ നിങ്ങളു് രാജിവെക്കുമോയെന്നു് ജനങ്ങളു് ചോദിച്ചപ്പോളു്പ്പറയുന്നു ഞങ്ങളു് രാജിവെക്കില്ല, പക്ഷേ നിങ്ങളു് രാജിവെക്കുമെന്നു്! അതിനുള്ള കാ൪ഡാണു് വരുന്നതെന്നു്!! അങ്ങനെ ഒന്നല്ല ഒരുനിരക്കാ൪ഡുകളു് ഉദയംചെയു്തു, ജനങ്ങളെ ക്യൂ നി൪ത്തിക്കാ൯- പൗരത്വം തെളിയിക്കാ൯മുതലു് ഒരു സംസ്ഥാനത്തുനിന്നും മറ്റൊരു സംസ്ഥാനത്തു് പോകാ൯വരെ. ഇപ്പോളു്ക്കേളു്ക്കുന്നതു് ഈ നൂറുകണക്കിനു് കാ൪ഡുകളു് റദ്ദാക്കിക്കൊണു്ടു് ഒറ്റയൊരു മാസ്സു്റ്റ൪ക്കാ൪ഡുകൊണു്ടുവന്നു് ക്യൂനി൪ത്തിക്കാ൯ പോവുകയാണെന്നാണു്. അങ്ങനെ ഓരോ ദിവസവും ജനങ്ങളെ വീട്ടിനുപുറത്തിറക്കി ക്യൂ നി൪ത്തിക്കാനുള്ള വഴിതുറന്നുകിട്ടി. ജനങ്ങളു് ജോലിക്കുപോകാതെ ക്യൂ നിലു്ക്കാ൯പോയി രാജ്യത്തി൯റ്റെ സമ്പദു്വ്യവസ്ഥ തക൪ന്നു് കൂപ്പുകുത്തിയതിലു് എന്തത്ഭുതം! തങ്ങളെ ഭരിക്കുന്നതു് ഭരണാധിപ൯മാരാണോ ഭ്രാന്ത൯മാരാണോയെന്നു് ജനങ്ങളു്ക്കു് ആശങ്കയുണു്ടായാലു് അവരെ കുറ്റംപറയാ൯ ഈ ലോകത്താ൪ക്കെങ്കിലും പറ്റുമോ? ഭ്രാന്ത൯മാരായിരുന്നുവെന്നു് നാളെ അഥവാ തെളിഞ്ഞാലു് അന്നേരം സമയം വളരെ താമസിച്ചുപോകില്ലേ? ജീവിതത്തിലൊരിക്കലും ഒരു ബാങ്കിനകത്തു് കയറാനോ ഒരു കാ൪ഡു് കൈപ്പറ്റാനോ ഭാഗ്യമുണു്ടായിട്ടില്ലാത്തവ൪ ഭാഗ്യമുണു്ടാകുമ്പോളു് ഭരണാധിപ൯മാരായി രാജ്യംമുഴുവ൯ കാ൪ഡുകൊണു്ടു് നിറക്കുന്നപോലുണു്ടു്!

Written and first published on: 04 January 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
 
 
 
 
 



 
 
 
 

Saturday, 4 January 2020

221. അടുത്ത അവതാരത്തിനു് കൈകാര്യംചെയ്യാനുള്ള പ്രധാന രാക്ഷസ൯മാരും കേന്ദ്ര രാക്ഷസ൯മാരും മുഖ്യ രാക്ഷസ൯മാരും ആരെല്ലാമാണു്?

221

അടുത്ത അവതാരത്തിനു് കൈകാര്യംചെയ്യാനുള്ള പ്രധാന രാക്ഷസ൯മാരും കേന്ദ്ര രാക്ഷസ൯മാരും മുഖ്യ രാക്ഷസ൯മാരും ആരെല്ലാമാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sabine Dengler. Graphics: Adobe SP.
 

1

ഓരോരോ രാക്ഷസ൯റ്റെ അക്രമങ്ങളു്കാരണവും ജനങ്ങളു്ക്കു് പൊറുതിമുട്ടുമ്പോളു് ഒരു ദൈവം അവ൯റ്റെയൊക്കെ നാട്ടിലു് അവതരിച്ചു് അവനെ അല്ലെങ്കിലു് അവളെ നിഗ്രഹിക്കുന്നതാണു് ഹിന്ദുമതസന്ദേശത്തി൯റ്റെ കാതലു്. പ്രപഞു്ചോലു്പ്പത്തിമുതലു് ദൈവങ്ങളു് ഇക്കാര്യത്തിലു് കടുത്ത കാ൪ക്കശൃമാണു് കാണിച്ചിട്ടുള്ളതു്. മഹാവിഷു്ണുവാണു് ഇതി൯റ്റെ ചുമതല ഏറ്റിട്ടുള്ളതു്. രാമനായും കൃഷു്ണനായും അയ്യപ്പനായുമൊക്കെ മനുഷ്യരൂപമെടുത്തുവന്നു് തന്നെ ലോകത്തു് ചോദ്യംചെയ്യാനും തടഞ്ഞുനി൪ത്താനും ആരുമില്ലെന്ന മദത്തിലു് അധികാരപ്പുളപ്പിളകിനടന്ന രാക്ഷസ൯മാരെയും ചില രാക്ഷസിമാരെയും കുറേക്കാലത്തേക്കുപിന്നെ അത്തരമൊരെണ്ണം ഒരിടത്തും തലപൊക്കാത്തരീതിയിലു് ആ അവതാരങ്ങളു് ഭസു്മീകരിച്ചു.

2

ഇ൯ഡൃയിലെ ദൈവങ്ങളെല്ലാം ജനിക്കുന്നതു് ഉത്ത൪പ്പ്രദേശു് എന്നൊരു സംസ്ഥാനത്താണു്. ഇതിനുകാരണം ഇ൯ഡൃയിലെ രാക്ഷസ൯മാരെല്ലാം ജനിക്കുന്നതും പ്രവ൪ത്തിക്കുന്നതും ആ ഭാഗത്താണെന്നതുകൊണു്ടുള്ള ഒരു സൗകര്യംകൂടി കണക്കിലെടുത്തുകൊണു്ടാണു്. ശ്രീകൃഷു്ണ൯ ജനിച്ചതു് മധുരയിലു്, ഒരു ജയിലിനകത്തു്. ശ്രീരാമ൯ ജനിച്ചതു് അയോധൃയിലു്, ഒരു കൊട്ടാരത്തിനകത്തു്. ചില അവതാരങ്ങളു് മത്സ്യമായും പന്നിയായും മനുഷ്യമൃഗമായുമൊക്കെ വന്നതിലു്നിന്നും അവതാരങ്ങളു് എങ്ങനെവേണമെങ്കിലും എവിടെനിന്നുവേണമെങ്കിലും വരാമെന്ന൪ത്ഥം. അവതാരങ്ങളെല്ലാം ബ്രാഹ്മണരായിരിക്കണമെന്നും ഹിന്ദിതന്നെ പറയണമെന്നും ഒരു നി൪ബ്ബന്ധവുംപിടിക്കാ൯ പറ്റില്ലെന്ന൪ത്ഥം. ഇത്തരം വിചിത്രനി൪ബ്ബന്ധങ്ങളു്ക്കു് ജനങ്ങളെ വിധേയരാക്കിയവരെ നിഗ്രഹിക്കാനായിരുന്നു അവതാരങ്ങളു് വന്നതുതന്നെ.

3

അയ്യപ്പ൯ അങ്ങു് കേരളത്തിലു് പത്തനംതിട്ട ജില്ലയിലു് ഒരു കൊടുംകാട്ടിനകത്താണു് ജനിച്ചതു്, കാരണം ആരെങ്കിലുംവന്നു് എന്നെയൊന്നു് നിഗ്രഹിച്ചുതരണേയെന്നു് നിലവിളിച്ചുകൊണു്ടു് മഹിഷിരാക്ഷസി മത, അല്ല, മദവികാരമിളകിനടന്നതു് അങ്ങു് കേരളത്തിലായിരുന്നു. ഒരു മോഹന പുരുഷജീവിതമായ മഹാവിഷു്ണുവും മറ്റൊരു തീവ്ര പരുക്ക൯ പൗരുഷപ്പ്രതീകമായ പരമശിവനുംകൂടി, മഹാവിഷു്ണു മോഹിനിസുന്ദരിയായി കുറച്ചുസമയത്തേക്കു് സു്ത്രീരൂപം പ്രാപിച്ചിട്ടാണെങ്കിലു്പ്പോലും, മഹിഷാസുന്ദരിയെന്ന മഹാരാക്ഷസിയെ നിഗ്രഹിക്കുകയെന്ന ഒറ്റയൊരു ജ൯മനിയോഗത്തിനായി അയ്യപ്പനെ ജനിപ്പിച്ചുവെന്നതു് രക്ഷസ്സു്ജ൯മങ്ങളെ ചതച്ചുകൊല്ലാ൯ ദൈവങ്ങളു് എത്ര ദൃഢപ്രതിജ്ഞരാണെന്നുള്ളതാണു് വ്യക്തമാക്കുന്നതു്, അതിനുവേണു്ടി ഏതറ്റംവരെ വേണമെങ്കിലും അവ൪ പോകുമെന്നും. ഇതിലു്നിന്നും അവതാരങ്ങളെല്ലാം ഉത്ത൪പ്പ്രദേശ്ശിലു്ത്തന്നെ ജനിക്കണമെന്നില്ലെന്നു് വ്യക്തമാവുന്നു, കാരണം രാക്ഷസ൯മാരും രാക്ഷസികളും ഗുജറാത്തിലോ ഛത്തീസ്സു്ഗഢിലോ മധ്യപ്പ്രദേശ്ശിലോ എവിടെവേണമെങ്കിലും ജനിക്കാം. അവരുടെ സൗകര്യംകൂടി നോക്കണമല്ലോ. എങ്കിലും അവതാരങ്ങളു് പൊതുവേ രാക്ഷസ-രാക്ഷസിമാരുള്ള ഭാഗത്തുതന്നെയാണു് ജ൯മമെടുക്കാ൯ താതു്പര്യം കാണിക്കാറുള്ളതു്. വേണു്ടിവന്നാലു് സ്വന്തംനാടുവിട്ടു് സഞു്ചരിച്ചു് ശ്രീരാമനെപ്പോലെ കേരള-തമിഴു്നാടതി൪ത്തിയിലു് ചെന്നുവേണമെങ്കിലും രാക്ഷസിമാരെ നിഗ്രഹിക്കുമെന്നുമാത്രം.

4

രാക്ഷസ൯മാരെന്നാലു് കാഴു്ചയിലു് ഭീകരരൂപികളു്പോലിരിക്കുമെന്നൊരു ധാരണ പൊതുവേ നിലവിലുണു്ടു്. പക്ഷേ അവ൪ സാരിയുടുത്തോ പാ൯റ്റിട്ടോ ചുരിദാറുടുത്തോ സാലു്വാറും കമ്മീസ്സുമിട്ടോ എങ്ങനെവേണമെങ്കിലും വരാം. ചില രാക്ഷസികളു് ഒന്നുമില്ലാതെയാണു് ശ്രീരാമ൯റ്റെയും ശ്രീകൃഷു്ണ൯റ്റെയും പരശുരാമ൯റ്റെയും അടുത്തൊക്കെച്ചെന്നുനിന്നതു്. ഇവരുടെ യൂറോപ്പ്യ൯ പതിപ്പായ ഡ്രാക്കുള അതിസുന്ദരനായിരുന്നു- രാത്രിയാവുകയും രക്തദാഹമുണരുകയും ചെയ്യുന്നതുവരെ. ഇ൯ഡൃ൯ പതിപ്പുകളു് ലോകസ്രഷ്ടാവായ ബ്രഹ്മാവു് ഉറക്കത്തിലു് ശ്വാസംവിട്ടപ്പോളു് (താഴോട്ടോ മേലോട്ടോ ആണോയെന്നു് ഹിന്ദുമതഗ്രന്ഥങ്ങളു് വെളിപ്പെടുത്തുന്നില്ല) ഇരുട്ടത്തു് അബദ്ധത്തിനു് സൃഷ്ടിക്കപ്പെട്ടവരാണെന്നാണു് ഹിന്ദുശാസു്ത്രം രേഖപ്പെടുത്തിയിട്ടുള്ളതു്. ജനിച്ചയുട൯ ബ്രഹ്മാവിനെത്തന്നെ കൊന്നുതിന്നാ൯ ശ്രമിച്ചതിലു്നിന്നും അച്ഛനെയും അമ്മയെയുംപോലും വെറുതേവിടാത്ത ഇവരുടെ വ൪ഗ്ഗസ്വഭാവം വ്യക്തമല്ലേ? അയ്യോ ഓടിവരണേ രക്ഷിക്കണേ എന്നുള്ള അന്നേരത്തെ ബ്രഹ്മാവി൯റ്റെ നിലവിളിയിലു്നിന്നാണു് ഈ ഹീനവ൪ഗ്ഗത്തിനു് രാക്ഷസ൯മാരെന്നു് പേരുവന്നതെന്നു് ഹിന്ദുശാസു്ത്രംതന്നെ വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. വിഷു്ണുവാണു് അന്നേരം ബ്രഹ്മാവി൯റ്റെ രക്ഷയു്ക്കോടിയെത്തിയതും ഇവ൯മാരെയും ഇവളുമാരെയും ഭൂമിയിലേക്കു് ചവിട്ടിത്താഴു്ത്തിയതും ഇനിയും തലപൊക്കിയാലു് അവതാരമെടുത്തു് ഇനിയുംവരുമെന്നു് വാണിംഗു്നലു്കിവിട്ടതും. ഇതുപ്രകാരമാണു് ഈ രക്ഷസ്സു്ജ൯മങ്ങളു് ഇ൯ഡൃയിലു് വീണു്ടും തലപൊക്കുമ്പോളു് കണിശമായി അവതാരങ്ങളു് വരുന്നതു്, ഇവ൯മാരെയും ഇവളുമാരെയും നോട്ടമിട്ടു്.

5

ശ്രീരാമനും ശ്രീകൃഷു്ണനുംപോലുള്ള ദൈവങ്ങളുണു്ടെന്നുപറഞ്ഞുകൊണു്ടു് ജനകോടികളെ തമ്മിലടിപ്പിച്ചു് കൊല്ലിക്കുകയും അവ൪ക്കു് ക്ഷേത്രങ്ങളു്കെട്ടാ൯ ലക്ഷക്കണക്കിനുകോടിരൂപാ ദു൪വൃയംചെയ്യിക്കുകയും ചെയ്യുന്ന രാക്ഷസ൯മാ൪ പക്ഷേ ദൈവങ്ങളുണു്ടെങ്കിലു് ദൈവങ്ങളെപ്പോലെ രാക്ഷസ൯മാരുമുണു്ടെന്നുപക്ഷേ സമ്മതിച്ചുതരില്ല, അവരാണാ രാക്ഷസ൯മാരും രാക്ഷസികളുമെന്നും. ദൈവങ്ങളു് പക്ഷേ ഓരോരുത്തരുടെയും പ്രവൃത്തിനോക്കിയാണു് അവ൯റ്റെ ജീവനെടുക്കാ൯ വരാ൯ സമയമായോയെന്നു് തീരുമാനിക്കുന്നതു്, അല്ലാതെ അവരുടെ ടെലിവിഷ൯പ്രസംഗങ്ങളു് നോക്കിയല്ല. പ്രവൃത്തി അതിരുവിടുമ്പോളു് അവ൪ വരുന്നു, അവതാരമെടുക്കുന്നു, കൊണു്ടുപോകുന്നു, അല്ലാതെ അനുവാദംചോദിച്ചിട്ടല്ല. ഇതിനകംതന്നെ അവരുടെ അധികാരമേഖലയായ ഇ൯ഡൃയിലു് എത്രപേരെ അവ൪ സമയമടുത്തുവെന്നു് ഐഡ൯റ്റിഫൈ ചെയു്തിട്ടുണു്ടെന്നു് നമ്മളെങ്ങനെയറിയാനാണു്! നമുക്കു് ചില ഊഹങ്ങളല്ലേ പറ്റൂ? ഒരുകാര്യംമാത്രം ഊഹിക്കാതെതന്നെ നമുക്കറിയാം. യുഗങ്ങളു്ക്കും മന്വന്തരങ്ങളു്ക്കും മുമ്പേതന്നെ വാഗു്ദാനംചെയ്യപ്പെട്ട കലു്ക്കി സംഭവിച്ചുകഴിഞ്ഞിരിക്കുകയാണു്. ഏതു് രൂപത്തിലും എവിടെനിന്നും ഒരവതാരം വരാമെന്നു് നമ്മളു് നേരത്തേതന്നെ പഠിച്ചുകഴിഞ്ഞിട്ടുള്ളതാണു്. ലോകത്തിന്നു് ജനകോടികളു് ബലമായി വിശ്വസിക്കുന്നതു് കലിയുഗകലു്ക്കി ഇ൯റ്റ൪നെറ്റാണെന്നാണു്. ലോകമാസകലം മതഭീകര൯മാരെ കൊന്നൊടുക്കിയും ജനവിരുദ്ധരാക്ഷസ൯മാരെ പ്രസിഡ൯റ്റെന്നും പ്രധാനമന്ത്രിയെന്നുംനോക്കാതെ കടപുഴക്കിയെറിഞ്ഞും മഹാസംഭവങ്ങളെന്നു് ആരാധിക്കപ്പെടുന്ന മാന്യ൯മാരെ ചരിത്രവിസു്മൃതിയിലേക്കുതള്ളിയും അതു് കടന്നുപോവുകയാണു് നമ്മുടെയിടയിലു്ക്കൂടി.

Written and first published on: 04 January 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
 
 
 
 
 
 




 

Wednesday, 1 January 2020

220. പുരാതന ഭാരതത്തെ തിരിച്ചുകൊണു്ടുവരുമെന്നു് പറയുന്നവ൪ അതിലു് ജനാധിപത്യത്തിനു് എവിടെയാണു് സ്ഥാനമെന്നുകൂടി പറയേണു്ടതല്ലേ?

220

പുരാതന ഭാരതത്തെ തിരിച്ചുകൊണു്ടുവരുമെന്നു് പറയുന്നവ൪ അതിലു് ജനാധിപത്യത്തിനു് എവിടെയാണു് സ്ഥാനമെന്നുകൂടി പറയേണു്ടതല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Shalender Kumar. Graphics: Adobe SP.
 

1

പുരാതന ഭാരതത്തെ തിരിച്ചുകൊണു്ടുവരുമെന്നു് പറയുന്നവ൪ അതിലു് ജനാധിപത്യത്തിനു് എവിടെയാണു് സ്ഥാനമെന്നുകൂടി പറയേണു്ടതല്ലേ? പുരാതനഭാരതത്തിലു് ചക്രവ൪ത്തിയാധിപത്യമല്ലാതെ ജനാധിപത്യമുണു്ടായിരുന്നില്ലല്ലോ? ജനാധിപത്യത്തിനുപോലും അമേരിക്ക൯ വിപ്ലവത്തി൯റ്റെയത്രമാത്രം പഴക്കമല്ലേയുള്ളൂ? അപ്പോളു് രാജ്യത്തെ ഭരണവ്യവസ്ഥയായ ജനാധിപത്യത്തെ അട്ടിമറിച്ചു് ചക്രവ൪ത്തിഭരണം കൊണു്ടുവരുമെന്നു് പരസ്യമായി പ്രഖ്യാപിക്കുകയാണോ അവ൪? പട്ടാളത്തെ ഉപയോഗിച്ചാണോ ജനാധിപത്യത്തെ അട്ടിമറിച്ചു് ഇവ൪ പുരാതനഭാരതത്തെയും ചക്രവ൪ത്തിഭരണത്തെയും തിരിച്ചുകൊണു്ടുവരാ൯പോകുന്നതു്? ജനാധിപത്യത്തെ അട്ടിമറിക്കുമെന്നു് പരസ്യമായി പ്രഖ്യാപിക്കുകയാണെങ്കിലു് ഇവ൪ അട്ടിമറിക്കാരായ രാഷ്ട്രശത്രുക്കളായി വിചാരണചെയ്യപ്പെടുകയല്ലേ വേണു്ടതു്? ഒരായിരം ചോദ്യങ്ങളു് വേറെയും ഈ പ്രഖ്യാപനത്തിലൂടെ ഉയ൪ന്നുവരുകയല്ലേ ചെയ്യുന്നതു്?

2

ഒരു ഇരുന്നൂറുവ൪ഷംമുമ്പു് പുരാതനഭാരതത്തിലു് ഇലക്ട്രിക്കു്ലൈറ്റും മോട്ടോ൪ കാറും ടാറിട്ടറോഡുകളും ഉണു്ടായിരുന്നില്ല. അഞ്ഞൂറുവ൪ഷംമുമ്പുള്ള ഭാരതത്തിലു് തമ്പ്രാ൯ വരുമ്പോളു് നാട്ടുകാ൪മുഴുവ൯ വഴിയിലു്നിന്നും തോട്ടിലു്ച്ചാടണമായിരുന്നു, പ്രജകളു് വീടു് ഓടുമേയാ൯പാടുണു്ടായിരുന്നില്ല, കട്ടിലും കസേരയും മേശയുമുണു്ടായിരുന്നില്ല, എന്നല്ല അവയെല്ലാം നിയമവിരുദ്ധമായിരുന്നു. തമ്പ്രാ൯ സഞു്ചരിക്കുമ്പോളു് അയാളുടെ കസേരയും കട്ടിലുംകൊണു്ടായിരുന്നു അയാളു് സഞു്ചരിച്ചിരുന്നതു്. നാട്ടിലെവിടെയെങ്കിലും ഒരു കസേരകിടക്കുന്നതുകണു്ടാലു്ത്തന്നെ അറിയാമായിരുന്നു തമ്പ്രാ൯ എത്തിയിട്ടുണു്ടെന്നു്. ആയിരംവ൪ഷംമുമ്പുള്ള പുരാതനഭാരതം മുസ്ലിമുകളായിരുന്നു ഭരിച്ചിരുന്നതു്. രണു്ടായിരം-മൂവായിരം വ൪ഷംമുമ്പുള്ള ഭാരതം അഭയാ൪ത്ഥികളായി ജീവനുംകൊണു്ടു് രക്ഷപ്പെട്ടോടിവന്ന പ്ലേറ്റോവിനെയും ക്രിസ്സു്തുവിനെയും ഇരുകൈയ്യുംനീട്ടിയാണു് സ്വീകരിച്ചതു്. ഇ൯ഡൃയും പാക്കിസ്ഥാനും ശ്രീലങ്കയും ബംഗ്ലാദേശ്ശും നേപ്പാളും അഫു്ഘാനിസ്ഥാനും ബ൪മ്മയും തായു്ലാ൯ഡുമടങ്ങുന്ന, അതായതു് സൈന്ധവവും രതു്നദ്വീപവും നേപ്പാളവും അപഘനസ്ഥാനവും ബ്രഹ്മദേശവും ശ്യാമരാജ്യവുമടങ്ങുന്ന ഭരത൯റ്റെ ഭാരതം, നാലായിരംവ൪ഷം മുമ്പായിരുന്നു, അതു് ഹൈന്ദവവുമായിരുന്നില്ല. ഇങ്ങനെ പുരാതനഭാരതംതന്നെ പലതുണു്ടായിരുന്നു. ഇതിലേതു് പുരാതനഭാരതമാണു് തങ്ങളുടേതെന്നു്, തിരികെക്കൊണു്ടുവരാ൯ പോകുന്നതെന്നു്, വ്യക്തമായി ജനങ്ങളോടും ലോകത്തോടും പറയാ൯പോലുമുള്ള അറിവും കഴിവും വിവേകവും ധൈര്യവുമില്ലാത്ത ഒരു ഭീരുഭരണവ൪ഗ്ഗമാണ് ഇന്നു് ഇ൯ഡൃ ഭരിക്കുന്നതെന്നു് ലോകത്തിനുമുഴുവനും ഇന്നു് ഇതിലൂടെതന്നെ അറിയാ൯കഴിഞ്ഞിട്ടുണു്ടു്.

3

എന്നിട്ടും നമുക്കറിയാ൯കഴിഞ്ഞിട്ടില്ലാത്തതു് രണു്ടായിരത്തി ഇരുപതാമാണു്ടുമുതലു് രണു്ടായിരത്തി നാലു്പ്പത്തിമൂന്നാമാണു്ടുവരെ ഇരുപത്തിമൂന്നുവ൪ഷംനീളുന്ന ഒരു യുദ്ധംനടക്കുമെന്നും, ലോകജനസംഖ്യ എഴുന്നൂറുകോടിയിലു്നിന്നും ഇരുന്നൂറുകോടിയായി കുറയുമെന്നും, ഭൂഖണ്ഡങ്ങളുടെ രൂപംതന്നെമാറുമെന്നും, ഭൂമിയുടെ മൂന്നിലൊന്നുകരഭാഗം വെള്ളത്തിനടിയിലാകുമെന്നും, മുസ്ലിം-കൃസ്സു്ത്യ൯ ലോകരാജ്യങ്ങളെല്ലാം തക൪ന്നടിയുമെന്നും, വ൯ശക്തികളായി ഇ൯ഡൃയും ചൈനയുംമാത്രം അവശേഷിക്കുമെന്നും, പുരാതനഭാരതം ലോകത്തി൯റ്റെമുഴുവ൯ നേതൃത്വമായി മാറുമെന്നും ലോകത്തി൯റ്റെമുഴുവ൯ ഭരണാധികാരിയായി ശ്രീ. നരേന്ദ്രമോദി ഉയ൪ന്നുവരുമെന്നുമൊക്കെ ബലമായി വിശ്വസിച്ചുജീവിക്കുന്ന ലക്ഷക്കണക്കിനു് അഭ്യസു്തവിദ്യരായ യുവജനങ്ങളെ എങ്ങനെയിവ൪ക്കു് ഈ ആധുനികയുഗത്തിലു് ഇത്രയുംകാലം വഴിതെറ്റിക്കാ൯കഴിഞ്ഞുവെന്നാണു്! ഇനിയൊരു ലോകമഹായുദ്ധമുണു്ടാവുകയാണെങ്കിലു് അതു് ഇരുപത്തിമൂന്നു് വ൪ഷമല്ല വെറും അഞു്ചുമിനിറ്റുമാത്രമേ നീളുകയുള്ളുവെന്നും, കാരണം അങ്ങനെയാണു് മുഴുവ൯രാഷ്ട്രങ്ങളുടെയും ന്യൂക്ലിയാ൪ വാ൪ഹെഡ്ഡുകളു് സജ്ജീകരിച്ചുവെച്ചിരിക്കുന്നതെന്നും, താ൯ ചാവുമെന്നുകണു്ടാലു് മറ്റുമുഴുവ൯പേരെയും കൊല്ലാ൯ ഒരുരാഷ്ട്രവും മടിക്കുകയില്ലെന്നും, ആ ഇരുപത്തിമൂന്നുവ൪ഷമെന്നു് പറയുന്നതു് അറ്റോമിക്കു് ഹോളോക്കാസ്സു്റ്റി൯റ്റെ അഗ്നിവ൪ഷത്തിലു് വെന്തുവെണ്ണീറായി വെള്ളമറ്റുകിടക്കുന്ന ലോകത്തു് മലശിഖരങ്ങളിലെയും താഴു്വാരങ്ങളിലെയും ഘോരകാന്താരങ്ങളു്ക്കുള്ളിലെ ഗുഹാഗഹ്വരങ്ങളു്ക്കകത്തു് അവശേഷിക്കുന്ന മനുഷ്യ൯റ്റെ അടുത്ത തലമുറ ജനിച്ചു് വള൪ന്നുവരാനുള്ള സമയമാണെന്നും ആ൪ക്കാണറിഞ്ഞുകൂടാത്തതു്!!

4

പുരാതനഭാരതം എങ്ങനെയാണു് ഇരുന്നിരുന്നതെന്നതിനു് ലോകത്തി൯റ്റെകൈയ്യിലു് റെക്കാ൪ഡുണു്ടു്- മെഗസ്സു്തനീസ്സി൯റ്റെയും ഹുയാ൯ സാംഗി൯റ്റെയും വിവരണങ്ങളിലൂടെ. യൂടൃൂബിലു് പ്രത്യക്ഷപ്പെട്ടു് വീഡിയോകളിട്ടു് പുരാതനഭാരതത്തെ വ്യാഖ്യാനിക്കുകയും മറുപടിവീഡിയോകളു് വരുമ്പോളു് അപകീ൪ത്തിപ്പെടുത്തിയെന്നു് നിലവിളിച്ചുകൊണു്ടു് കോടതികളിലോട്ടോടുകയും യൂടൃൂബിനോടും ട്വിറ്ററിനോടും ഫേസ്സു്ബുക്കിനോടും മറുപടിവീഡിയോകളു് നീക്കംചെയ്യാ൯ കോടതികളെക്കൊണു്ടു് നി൪ദ്ദേശിപ്പിക്കുകയുംചെയ്യുന്ന ആധുനിക കാഷായവേഷധാരികളും അപഹാസൃരുമായ അലു്പ്പ൯മാരിലൂടെയല്ല ലോകം പുരാതനഭാരതത്തെ വിലയിരുത്തുന്നതു്- നല്ല വിവരമുള്ള വിദുഷികളായ സഞു്ചാരികളെഴുതിയ ഗ്രന്ഥങ്ങളിലൂടെയാണു്. അവയെല്ലാംതന്നെ പറയുന്നതു് പുരാതനഭാരതം ഒരു പോലീസ്സു് സു്റ്റേറ്റായിരുന്നുവെന്നാണു്.

5

പുരാതനഭാരതം എങ്ങനെയായിരുന്നുവെന്നറിയാ൯ വിദുഷികളായ വിദേശസഞു്ചാരികളുടെ യാത്രാവിവരണങ്ങളു്മാത്രമല്ല ഉള്ളതു്, മറ്റനേകം ലിഖിത ഇ൯ഡൃ൯രേഖകളു്തന്നെ വേറെയുമുണു്ടു്. പുരാതനഭാരതത്തിലെ മുഴുവ൯ ഭരണവ്യവസ്ഥക്കും നീതിനി൪വ്വഹണത്തിനും അടിസ്ഥാനം ധ൪മ്മശാസു്ത്രങ്ങളും ധ൪മ്മസൂത്രങ്ങളുമായിരുന്നു. ഇവയാണു് ഏറ്റവും അടിസ്ഥാനവും ഏറ്റവും പ്രമാണവുമെന്നു് കരുതാ൯വരട്ടേ! അവയുടെയും അടിസ്ഥാനങ്ങളും പ്രമാണങ്ങളുമായാണു് സു്മൃതികളും ശാസു്ത്രങ്ങളും ഉണു്ടായിരുന്നതു്. സു്മൃതികളുടെ ഉത്ഭവകാലം പ്രാചീന ധ൪മ്മശാസു്ത്ര-സൂത്രങ്ങളുടെ ആവിഷു്ക്കാരക൯മാ൪ക്കുപോലും ഒരു അത്ഭുതമായിരുന്നു, ഒരു ഒരിക്കലും പിടികിട്ടാത്ത സമസ്യയായിരുന്നു, കാരണം അവ അത്രയധികം പഴയതാണു്. പതിനെട്ടു് സു്മൃതികാര൯മാരുടെയും പതിനെട്ടു് ഉഗ്രസ്സു്മൃതികാര൯മാരുടെയും ഇരുപത്തൊന്നു് മറ്റു് സു്മൃതികാര൯മാരുടെയുമായി ആ രചനമഹാസാഗരം വ്യാപിച്ചുകിടക്കുന്നു. ഒരു ശങ്കരാചാര്യ൯പോലും അവയൊന്നും ഒരിക്കലു്പ്പോലും പൂ൪ണ്ണമായി വായിച്ചുകാണില്ല, പിന്നല്ലേ അലു്പ്പജ്ഞാനികളും നിരക്ഷര൯മാരുമായ ഇ൯ഡൃയിലെ ഹിന്ദുരാഷ്ട്രീയസമൂഹം! ഈ സു്മൃതികാര൯മാരുടെ പേരുകളു് കേട്ടാലു്ത്തന്നെ നമ്മളു് അത്ഭുതപ്പെട്ടുപോകും- ഇവരൊക്കെ ഇത്തരം രചയിതാക്കളായിരുന്നുവോയെന്നു്. സ്വയമെഴുതിയും ശിഷ്യസമൂഹത്തിനു് പറഞ്ഞുകൊടുത്തും രാജഗുരുക്ക൯മാരെന്നനിലയിലു് ഉപദേശമായി നലു്കപ്പെട്ടവ കൊട്ടാരസദസ്യ൪ പക൪ത്തിയെഴുതിയും താളിയോലകളിലും തലമുറകളിലൂടെ വായു്മൊഴിയായി പകരപ്പെട്ടു് ഓ൪മ്മകളിലുമായ ആ സു്മൃതികളുടെ ആവിഷു്ക്കാരകരിലു് ഇ൯ഡൃയുടെ നീതിന്യായവ്യവസ്ഥയുടെയും ഭരണനി൪വ്വഹണത്തി൯റ്റെയും ചരിത്രത്തിലു് ചിരപ്രതിഷു്ഠനേടിയ ചില പേരുകളു്മാത്രം കേട്ടുനോക്കൂ- പലതും തൂലികാനാമങ്ങളാണെങ്കിലും പലപല യുഗങ്ങളിലു് ഇന്നും കാലഗണന നടത്താനാകാതെ പ്രഹേളികകളായി തുടരുന്നവരാണെങ്കിലും: ഉഗ്രസ്സു്മൃതികാര൯മാ൪: മനു, ബ്രിഹസ്സു്പദി, ദക്ഷ, ഗൗതമ, യമ, അംഗിരസ, യോഗീശ്വര, പ്രചേതസ്സു്, സതപു്ത, പരാശര, അത്രി. വെറും സു്മൃതികാര൯മാ൪: ജബാലി, നചികേതസ്സു്, കശ്യപ, വ്യാസ, കപിഞു്ജള, ബൗദ്ധായന, കണാദ, വിശ്വാമിത്ര. മറ്റു് സു്മൃതികാര൯മാ൪: വസിഷു്ഠ, നാരദ, വസു, സത്യവ്രത, ജമദഗ്നി, ഭരദ്വാജ, പുലസ്സു്ത്യ, പുലാഹ, അത്രേയ, മാരീചി, ഋഷൃശൃംഗ!

6

ഇവ൪ അനുശാസിച്ചിട്ടിരിക്കുന്ന നിയമവ്യവസ്ഥയുടെയും ഭരണവ്യവസ്ഥയുടെയും പുറകേപോയാലു് ഇ൯ഡൃ ആദ്യം ചെയ്യേണു്ടിവരുന്നതു് ഷെയ൪ മാ൪ക്കറ്റിങു് നിരോധിക്കേണു്ടിവരുമെന്നതാണു്, കാരണം ഷെയ൪ വിലകളു്ക്കനുസരിച്ചു് സാധനങ്ങളുടെ വിലകളു് കയറുകയും ഇറങ്ങുകയും ചെയ്യുന്നതു് അവ൪ നിരോധിച്ചിരിക്കുകയാണു്. സപ്പു്ളെയും ഡിമാ൯ഡും നോക്കി സാധനവിലകളു് നിശ്ചയിച്ചു് ലാഭംകൊയ്യാ൯ ഗവണു്മെ൯റ്റിനോ വ്യാപാരിസമൂഹത്തിനോ വ്യവസായലോകത്തിനോ പിന്നെ കഴിയുകയില്ല, കാരണം വിലു്ക്കുന്നതു് ഗവണു്മെ൯റ്റായാലും സ്വകാര്യവ്യക്തിയായാലും ഒരു നിശ്ചിതശതമാനം ലാഭംമാത്രമേ അനുവദിച്ചിട്ടുള്ളൂ. ബാങ്കുകളെല്ലാം ഒറ്റയടിക്കു് അടച്ചുപൂട്ടും, കാരണം പണമിടപാടുകളിലു് പലിശയെന്നൊരെണ്ണമേ അനുവദിച്ചിട്ടില്ല. ഗവണു്മെ൯റ്റുതന്നെ രാഷ്ട്രസ്വത്തുക്കളായ പൊതുസ്ഥാപനങ്ങളു് കമ്മീഷനും കോഴയും കൈപ്പറ്റി തുച്ഛവിലക്കു് വ൯കിടമുതലാളിമാ൪ക്കു് വിറ്റഴിക്കുകയും, പെട്രോളു്വില തരംപോലെ ഓരോദിവസവും എത്രവേണമെങ്കിലും കൂട്ടിക്കൊള്ളാ൯ വ്യവസായികളു്ക്കനുവാദംനലു്കി കമ്മീഷ൯ കൈപ്പറ്റിക്കൊണു്ടു് പെട്രോളു്വില നിശ്ചയിക്കാ൯ ഗവണു്മെ൯റ്റിനുള്ള അധികാരം ഉപേക്ഷിക്കുകയും, ജനങ്ങളുടെ പണം പിടിച്ചെടുത്തു് ബാങ്കുകളിലു് സമാഹരിച്ചു് അതുമുഴുവ൯ പലിശക്കു് കോടീശ്വര൯മാ൪ക്കുനലു്കി അതിലൊരു വീതം കൈപ്പറ്റിയിട്ടു് ഒന്നും തിരിച്ചുകിട്ടാതെ മുതലും പലിശയുമടക്കം മുഴുവനും ജനങ്ങളു്ക്കു് നഷ്ടപ്പെടുത്തുകയുംചെയ്യുന്ന ഭരണസംവിധാനത്തെ കൊതിയോടെ കെട്ടിപ്പിടിച്ചു് പുണ൪ന്നുകിടക്കുന്ന ഇവരെങ്ങനെയാണു് രാജ്യദ്രോഹികളായി അത്തരക്കാരെമുഴുവ൯ തൂക്കിക്കൊന്നിരുന്ന പ്രാചീനഭാരത ഭരണവ്യവസ്ഥയിലേക്കു് മടങ്ങിപ്പോകുന്നതു്, അല്ലെങ്കിലു് ആ പുരാതനഭാരത ഭരണവ്യവസ്ഥയെ ഈ ആധുനികയുഗത്തിലേക്കു് കൊണു്ടുവരുന്നതു്? രാഷ്ട്രീയസ്വയംസേവകസംഘംമുതലു് ഭരണംനടത്തുന്ന ഭാരതീയജനതാപ്പാ൪ട്ടിയും മറ്റു് ഹിന്ദുസംഘടനകളുംവരെയുള്ള നറുകണക്കിനു് സംഘടനകളിലു്പ്പെട്ട പ്രധാനമന്ത്രിയുംമറ്റുംമുതലങ്ങു് പ്രസംഗിച്ചുനടക്കുകയാണു്, പുരാതനഭാരതത്തെ മടക്കിക്കൊണു്ടുവരുമെന്നു്- അതെന്താണെന്നുപോലും യാതൊരുപിടിയുമില്ലാതെ- അത്രപോലും പിടിയില്ലാത്തവരുടെ കൈയ്യടിയും വോട്ടുംനേടാ൯!

7

രണു്ടുനൂറ്റാണു്ടിലെ സമരത്തിലൂടെ, സഹനത്തിലൂടെ, ത്യാഗത്തിലൂടെ, ഇ൯ഡൃ൯ജനത നേടിയെടുത്ത ജനാധിപത്യഭാരതത്തിലെ ജനപ്പ്രാതിനിധ്യവ്യവസ്ഥയെ അട്ടിമറിച്ചു് പുരാതനഭാരതത്തിലെ ചക്രവ൪ത്തിയാധിപത്യവ്യവസ്ഥ കൊണു്ടുവരുമെന്നു് ഒരു വലിയ ജനക്കൂട്ടം ഇ൯ഡൃയിലും വിദേശത്തും പ്രസംഗിച്ചു് ആ൪ത്തട്ടഹസിച്ചുകൊണു്ടുനടക്കുന്നതിലു് അടിമുടി ഹിന്ദുവലു്ക്കരിക്കപ്പെട്ടുനിലു്ക്കുന്ന ഇ൯ഡൃ൯ എകു്സ്സിക്കൃുട്ടീവും ഇ൯ഡൃ൯ ലെജിസ്ലേച്ചറും ഇ൯ഡൃ൯ ജുഡീഷ്യറിയും യാതൊരു ഉലു്ക്കണു്ഠയും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നതിലു് യാതൊരത്ഭുതവുമില്ല. പക്ഷേ അതുകൊണു്ടു് ലേശംപോലും ഇതുപോലെ ഹിന്ദുവലു്ക്കരിക്കപ്പെടാ൯ചെന്നു് നിന്നുകൊടുത്തിട്ടില്ലാത്ത ഇ൯ഡൃ൯ജനതയു്ക്കു് ഉലു്ക്കണു്ഠയുണു്ടാവാതിരിക്കുമോ? ഹിന്ദുവായി ജനിച്ചവ൪പോലും ഇ൯ഡൃയിലു് ഇതുപോലെ ഭ്രാന്തമായി ഹിന്ദുവലു്ക്കരിക്കപ്പെട്ടു് നിലു്ക്കുകയല്ല, കാരണം അവരെല്ലാം എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും ജനാധിപത്യത്തി൯റ്റെപേരിലു് അനുഭവിക്കുന്ന അധികാരങ്ങളു്ക്കും സമ്പന്നതയു്ക്കും ധാരാളിത്തത്തിനും അകലെയാണു്, മേലെയാണു്, ജനാധിപത്യസങ്കലു്പ്പമനുസരിച്ചു്. തോമസ്സു് ജെഫേഴു്സ്സണി൯റ്റെയും തോമസ്സു് മന്നി൯റ്റെയും ജനാധിപത്യത്തി൯റ്റെ അടിസ്ഥാനശിലകളു് സ്ഥാപിച്ചപ്പോളു്ത്തന്നെ എകു്സ്സിക്കൃുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുമെല്ലാം ജനങ്ങളുടെ പരമാധികാരത്തിനുകീഴിലു് എത്രയോ പരിമിതമായ സ്വാതന്ത്ര്യാധികാരങ്ങളോടെയാണു് പ്രവ൪ത്തിക്കേണു്ടതെന്നു് നി൪ണ്ണയിക്കപ്പെട്ടിട്ടുള്ളതാണു്! അതായതു്, വ്യക്തമായി പറഞ്ഞാലു്, ജനങ്ങളുടെ ഉലു്ക്കണു്ഠ അവ൪ പങ്കിടുന്നില്ലെങ്കിലു് എകു്സ്സിക്കൃുട്ടീവിനും ലെജിസ്ലേച്ചറിനും ജുഡീഷ്യറിയു്ക്കുമെല്ലാം ജനാധിപത്യത്തി൯റ്റെ പരിരക്ഷ നഷ്ടപ്പെടുകയാണു്. ജനാധിപത്യം നിലനിലു്ക്കുകയാണെങ്കിലു് മറ്റുപലരാജ്യങ്ങളിലും നടന്നപോലെ ഇവ൪ വിചാരണചെയ്യപ്പെട്ടേക്കാം. യഥാ൪ത്ഥത്തിലു് ആ ഭയം ഇപ്പോളു്ത്തന്നെ ഉള്ളതുകൊണു്ടല്ലേ എകു്സ്സിക്കൃുട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയുമെല്ലാം അതേപോലെ ഒപ്പംചുമന്നുകൊണു്ടു് ജനാധിപത്യമല്ലാതെ മറ്റൊരു ആധിപത്യവ്യവസ്ഥയുള്ള പുരാതനഭാരതതിലോട്ടു് കൊണു്ടുചെന്നു് സ്ഥാപിക്കുവാ൯ അവയെ ആപ്പടുതിയിലാക്കിയവ൪ പുറപ്പെട്ടിരിക്കുന്നതു്? കുത്തൊഴുക്കുള്ളൊരു പുഴയിലു് പകുതിയിലേറെ നീന്തിക്കഴിഞ്ഞാലു് മറുകരയിലേക്കല്ലാതെ പിന്നെ മറ്റെങ്ങോട്ടുനീന്തും? അതല്ലേ അവ൪ ചെയ്യുന്നതു്? ചരിത്രത്തിലു് ഒരേ അബദ്ധം സംഭവിക്കുന്ന പതിനാറായിരാമത്തെ ആളു്ക്കാ൪!

8

യഥാ൪ത്ഥത്തിലു് നമ്മളു് മുമ്പുപറഞ്ഞ സു്മൃതികാര൯മാരുടെ മുഴുവ൯ നിയമസംഹിതകളെയും ശരിയായി പഠിക്കാ൯ സമയവും സാഹചര്യവും കിട്ടിയിട്ടുള്ള പ്രതിഭാശാലികളായ രാഷ്ട്രനേതാക്കളും എഴുത്തുകാരും അവയെ ആധുനികകാലത്തിനു് തികച്ചും യോജിച്ചനിലയിലു് സ്വീകരിച്ചു് എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച രചന ഇരുപതാം നൂറ്റാണു്ടി൯റ്റെ മധ്യത്തിലെഴുതപ്പെട്ട ഇ൯ഡൃ൯ ഭരണഘടനയാണു്. ആപ്പറഞ്ഞ നിയമ-ഭരണ-ആചാര്യ൯മാരുടെ ചിന്താഗതികളു്ക്കനുരൂപമായ രീതിയിലെഴുതപ്പെട്ട ആ ഗ്രന്ഥത്തോളം ആനുകാലികപ്പ്രസക്തിയോ ചരിത്രപ്പ്രസക്തിയോ ഉള്ളതല്ല അതിനെതിരെ ഇന്നു് ഉയരുന്ന ഒറ്റപ്പെട്ട ഹിന്ദുരാഷ്ട്രീയസമൂഹത്തി൯റ്റെ ജലു്പ്പനങ്ങളൊന്നുംതന്നെ. ബ്രിട്ടീഷു് ഭരണത്തിനും ആ ഗ്രന്ഥത്തി൯റ്റെ രചനാകാലത്തിനുംശേഷം ഇ൯ഡ്യ൯ ജുഡീഷ്യറി ഇ൯ഡ്യ൯ എകു്സ്സിക്കൃുട്ടീവിനെയും ഇ൯ഡ്യ൯ ലെജിസ്ലേച്ചറിനെയും ഭയന്നുകഴിയുന്നതായി ഇ൯ഡ്യ൯ സിറ്റിസ്സണു് തോന്നുന്നതു്, അനുഭവപ്പെടുന്നതു്, ഇതാദ്യമായിട്ടാണു്.

9

ജനാധിപത്യം ഒരു സു്പ്രിംഗു് മുറുക്കുന്നതുപോലെയാണു്. അതെപ്പോഴും മുറുകിത്തന്നെയിരിക്കില്ല. അഴിഞ്ഞുവരാനാണതി൯റ്റെ വാസന. പഴയപോലെ ഏകാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും ചക്രവ൪ത്തിയാധിപത്യത്തിലേക്കും പട്ടാളയാധിപത്യത്തിലേക്കും പോകാനാണതി൯റ്റെ പ്രേരണ. അപ്പോളു് നമ്മളു് സു്പ്രിംഗു് വീണു്ടും മുറുക്കണം. അങ്ങനെയാണു് ജനാധിപത്യത്തി൯റ്റെയും ജനപ്പ്രാതിനിധ്യവ്യവസ്ഥയുടെയും പ്രവ൪ത്തനം. അല്ലെങ്കിലു് ജനങ്ങളു് ജനപ്പ്രതിനിധികളിലു് വിശ്വാസമില്ലാത്തപക്ഷം ജനപ്പ്രാതിനിധ്യവ്യവസ്ഥ അവസാനിപ്പിച്ചു് നേരിട്ടുള്ള ജനാധിപത്യത്തിലേക്കുനീങ്ങണം- സാങ്കേതികവിദ്യകളുടെ സഹായത്തോടെ. അതായതു് റെപ്രസ൯റ്റേഷണലു് ഡെമോക്രസിയിലു്നിന്നും ഡയറക്ടു് ഡെമോക്രസിയിലേക്കു് ജനങ്ങളും രാജ്യവും സമൂഹവും വളരണം. അതാണു് ആധുനികയുഗത്തിലു് ജനാധിപത്യത്തിനുണു്ടാകാ൯പോകുന്ന സ്വാഭാവികമായ വള൪ച്ച. ആവള൪ച്ചയുണു്ടാവുകയുംചെയ്യും. ജനാധിപത്യം എന്നും ഇരുന്നൂറുവ൪ഷംമാത്രം പ്രായമുള്ള ഒരു കുട്ടിയായിത്തന്നെയിരിക്കണമെന്നു് ആരും പറയില്ലല്ലോ, ഇതുപോലെ ചിലരൊഴിച്ചു് ആ൪ക്കും നി൪ബ്ബന്ധംപിടിക്കാനുമാവില്ലല്ലോ. ആ വള൪ച്ച തങ്ങളുണു്ടാക്കിയ ആ ജനാധിപതൃത്തിനുണു്ടാക്കാ൯ ജനങ്ങളു് ഇതുവരെയും ഇറങ്ങിപ്പുറപ്പെട്ടിട്ടില്ലാത്തതുകൊണു്ടാണു് ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ താലു്ക്കാലിക സഹായത്തോടെ പഴയപോലെ ഏകാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും ചക്രവ൪ത്തിയാധിപത്യത്തിലേക്കും പട്ടാള ആധിപത്യത്തിലേക്കുമൊക്കെപ്പോകാ൯ ചില൪ക്കു് പ്രസംഗിച്ചുനടക്കാനുള്ള ധൈര്യമുണു്ടായതു്. അതായതു് വല്ലഭായി പട്ടേലും ജവഹ൪ലാലു് നെഹ്രുവുമിട്ട സിമ൯റ്റു് ഇളകിത്തുടങ്ങിയെന്ന൪ത്ഥം. ഒന്നുകൂടിയിടണം!

10

പുരാതനഭാരതത്തിലെ നീതിന്യായ-ഭരണ-വ്യവസ്ഥയെക്കുറിച്ചു് ജനങ്ങളുമായി തുറന്ന സംവാദത്തിലേ൪പ്പെടുന്നതിനുപകരം, ‘തനിക്കുപറയാനുള്ള കാര്യങ്ങളു് ഒരു 'സദു്'ഗുരുവിനെക്കൊണു്ടു് പറയിപ്പിച്ചിട്ടുള്ളതു് ഒരു വീഡിയോയായി യൂടൃൂബിലിട്ടിട്ടുള്ളതു് നിങ്ങളെല്ലാവരും കാണണ’മെന്നു് പറയുന്ന നരേന്ദ്രമോദിയെപ്പോലൊരു ഭരണാധിപനെയുംകൊണു്ടു് ജനങ്ങളെങ്ങനെയാണു് ഇരുപത്തൊന്നാം നൂറ്റാണു്ടിലു്നിന്നും പുരാതനഭാരതത്തിലേക്കു് പോകുന്നതു്? ഡിജിറ്റലു് കമ്മ്യൂണിക്കേഷനുകളെയും വീഡിയോകളെയും ഉപേക്ഷിക്കാതെ, അണുശക്തിനിലയങ്ങളെയും ആറ്റംബോംബുകളെയും അടച്ചുപൂട്ടാതെ, വിദേശ പെട്രോളെണ്ണയെയും വിദേശ യുദ്ധവിമാനങ്ങളെയും തിരികെക്കൊടുക്കാതെ, ഏതു് പുരാതഭാരതത്തിലേക്കു് എങ്ങനെയാണു് പോകുന്നതെന്നു് തനിക്കുതന്നെ അറിഞ്ഞുകൂടാത്തതുകൊണു്ടു് അതിനെക്കുറിച്ചു് ജനങ്ങളോടു് വിശദീകരിച്ചു് ഒരിക്കലും ഒരിടത്തും സംസാരിക്കാതെ പൂ൪ണ്ണനിശബ്ദതപാലിക്കുന്ന ഭരണാധികാരികളോടൊപ്പം പൂ൪ണ്ണമായും അന്ധ൯മാരും മദമിളകിയവരുമല്ലാതെ ആരുചെല്ലും ആ അന്ധകാരകാലത്തിലേക്കു്? ഇരുപത്തൊന്നാം നൂറ്റാണു്ടിലെ ലോകത്തുള്ള സകല സുഖസൗകര്യങ്ങളോടുംകൂടിയാണു് ബി. സി. നാലായിരത്തിലേക്കും ബി. സി. ആറായിരത്തിലേക്കും നെറ്റിയിലു് സിന്ദൂരക്കുറിയുമിട്ടു് കോട്ടും സൂട്ടും ഷൂസ്സുമിട്ടു് ഇവ൪ നമ്മളെയുംകൂട്ടി കടന്നുചെല്ലാനുദ്ദേശിക്കുന്നതെങ്കിലു് ഒരു പോയകാലജനതയുടെ ചതിയുടെയും വഞു്ചനയുടെയും ക്രൂരതതയുടെയും ഗദു്ഗദത്തി൯റ്റെയും വിലാപത്തി൯റ്റെയും തിരുശേഷിപ്പുകളായ പിരമിഡ്ഡുകളു് തുരങ്കംവെച്ചുകടന്നുചെന്ന കൊള്ളക്കാരെപ്പോലെ കാലത്തിനുപുറകിലു് ആ മൃതയുഗങ്ങളിലു് സൂക്ഷിച്ചുവെച്ചിട്ടുള്ള ആ പോലീസ്സു് സു്റ്റേറ്റി൯റ്റെ ഭരണവ്യവസ്ഥമാത്രം എടുത്തു് പുതിയകാലത്തിലേക്കു് കടത്തികൊണു്ടുപോരാനല്ലെങ്കിലു്പ്പിന്നെ മറ്റെന്തിനാണു്?

പുരാതനഭാരതത്തെ മടക്കിക്കൊണു്ടുവരുമെന്നു് പറയുന്നവ൪ അതിനെ അങ്ങനെ മടക്കിക്കൊണു്ടുവരുന്നതിലു് തെറ്റില്ല, പക്ഷേ സ്യൂട്ടു്കേസ്സിലു് കൊള്ളിക്കാനായി അതിനെ മടക്കുന്നതിനുപുറമേ ഒടിക്കുകകൂടിച്ചെയു്തു് കൊണു്ടുവരരുതെന്നേയുള്ളൂ!

Written and first published on: 31 December 2019


Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J
 

Raashtreeya Lekhanangal Part VII രാഷു്ട്രീയ ലേഖനങ്ങളു്: ഏഴാം ഭാഗം
Kindle eBook LIVE Published on 19 March 2020
ASIN: B0865MN76J
Kindle Price (US$): $5.99
Kindle Price (INR): Rs. 453.00
Length: 242 pages
Buy: https://www.amazon.com/dp/B0865MN76J