218
ഇ൯ഡൃയിലിന്നു് വ൪ഗ്ഗസമരം ജനമെന്ന വ൪ഗ്ഗവും ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗവും തമ്മിലാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Phuong Nguyen. Graphics: Adobe SP.
1. ജനപ്പ്രതിനിധിവ൪ഗ്ഗത്തിനു് ജനമെന്നവ൪ഗ്ഗത്തോടു് ഇത്ര പകയെന്തു്?
1
ഇ൯ഡൃയിലിന്നു് വ൪ഗ്ഗസമരം ജനമെന്ന വ൪ഗ്ഗവും ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗവും തമ്മിലാണു്. ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗത്തി൯റ്റെ സകല അധികാരങ്ങളും ജനമെന്ന വ൪ഗ്ഗത്തിലു്നിന്നും സമയബന്ധിതമായി അവ൪ക്കു് കാലപരിമിതികളോടെ നലു്കപ്പെട്ടതാണു്. എന്നിട്ടിപ്പോളു് ജനത്തിനു് അവകാശങ്ങളൊന്നുമില്ലാതായി, മുഴുവ൯ അവകാശങ്ങളും അധികാരങ്ങളും ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗത്തി൯റ്റെ കൈകളിലു്മാത്രമായി. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, സ൪വ്വലോകസഹകരണം എന്നിവയാണു് ജനങ്ങളു്ക്കു് തുടക്കത്തിലുണു്ടായിരുന്ന അവകാശങ്ങളും അധികാരങ്ങളും. ഇവയൊന്നുംതന്നെ ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗം ജനങ്ങളു്ക്കു് നേടിക്കൊടുത്തതല്ല, ബ്രിട്ടീഷുകാരിലു്നിന്നും രാഷ്ട്രീയസ്വാതന്ത്ര്യം ലഭിക്കുമ്പോളു്ത്തന്നെ ഇ൯ഡ്യാക്കാ൪ അവരുടെ അന്നത്തെ സ്വാതന്ത്ര്യസമരനേതാക്കളിലൂടെ കൈവശപ്പെടുത്തിയതാണു്. അതിനുംശേഷമാണു് ഇ൯ഡൃയിലു് ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗംതന്നെയുണു്ടായതു്. ഇന്നു് ആ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും, സ൪വ്വലോകസഹകരണവും എവിടെനോക്കിയിട്ടും കാണുന്നില്ലെങ്കിലു് ആരാണതു് പിടിച്ചെടുത്തുകൊണു്ടുപോയി കൊലപ്പെടുത്തിയതെന്നു് വ്യക്തമല്ലേ?
2
സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും, സ൪വ്വലോകസഹകരണവും സംരക്ഷിക്കാ൯ ജനങ്ങളു് ചുമതലയേലു്പ്പിച്ചുവിട്ട ജനപ്പ്രതിനിധികളു് ഇവ നശിപ്പിച്ചെങ്കിലു്, സ്വയമൊരു പുതിയവ൪ഗ്ഗമായിമാറി സ്വന്തം വ൪ഗ്ഗസ്വഭാവങ്ങളും പെരുമാറ്റരീതികളും പൊതുപരിപാടികളും വികസിപ്പിച്ചെടുത്തു് നടപ്പിലാക്കാ൯ തുടങ്ങിയെങ്കിലു്, ജനമെന്ന വ൪ഗ്ഗം എന്താണു് ചെയ്യേണു്ടതു്? ആ വ൪ഗ്ഗം അവ പുനഃസൃഷ്ടിക്കാ൯ പരിശ്രമിക്കേണമോ അതോ ആ ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ വഞു്ചനകളു്ക്കു് വീണു്ടും വീണു്ടും കഴുത്തു്വെച്ചുകൊടുക്കണമോ? ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗം ഇപ്പോഴും ഇവിടെത്തന്നെയുണു്ടല്ലോ. അപ്പോളു് അവരെയേലു്പ്പിച്ച സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവും, സ൪വ്വലോകസഹകരണവും എവിടെ?
3
ജനപ്പ്രതിനിധിവ൪ഗ്ഗത്തിനു് ജനമെന്ന വ൪ഗ്ഗത്തോടു് ഇത്രത്തോളം അസൂയയും പകയും വിദ്വേഷവും പ്രതികാരബുദ്ധിയും ഉണു്ടാവാ൯ കാരണമെന്താണു്? ജനങ്ങളു് പൊതുവേ ക്ലീനാണു്, അവ൪ സംശുദ്ധിയോടെ സമാധാനത്തോടെ ജീവിക്കുന്നു. ജനപ്പ്രതിനിധിവ൪ഗ്ഗമാകട്ടെ, അവ൪ ക്ലീനാണെന്നു് അവ൪തന്നെ പറയുമോ? എത്രമാത്രം ആരോപണങ്ങളാണു് അവ൪ പരസു്പരം വാരിയെറിഞ്ഞിട്ടുള്ളതു്- നിയമനി൪മ്മാണസഭകളു്ക്കകത്തും പത്രങ്ങളിലൂടെയും പുറത്തുള്ള പ്രസംഗങ്ങളിലൂടെയും! ജനങ്ങളുടെ സംശുദ്ധിയും ജനപ്പ്രതിനിധികളുടെ പതിതത്വവും ഘോരവിപരീതങ്ങളാണു്. മാന്യമായാണു് ജീവിക്കുന്നതെന്നതിനാലു് ജനങ്ങളു്ക്കു് ഉറങ്ങാ൯കിടക്കുമ്പോളു് ദുസ്സ്വപു്നങ്ങളില്ല, അവ൪ സുഖമായുറങ്ങുന്നു, കാരണം അവരുടെപേരിലു് അഴിമതിയാരോപണങ്ങളില്ല, ബന്ധുനിയമനവിവാദങ്ങളില്ല, കൈക്കൂലിക്കേസ്സുകളില്ല, അനധി:കൃതസ്വത്തുസമ്പാദന അന്വേഷണങ്ങളില്ല, കാലുമാറ്റമാനക്കേടുകളുമില്ല, പുറത്താക്കലു്ഭീതിയുമില്ല. ജനപ്പ്രതിനിധിവ൪ഗ്ഗമോ? അപൂ൪വ്വംചിലരൊഴിച്ചു് ഓരോരുത്തരുടെയുംമേലു് ഇവയുടെയെല്ലാം ഓരോ മലതന്നെയുണു്ടു്. എങ്ങനെ അവ൪ക്കു് ഉറക്കംകിട്ടാനാണു്! നിഷു്ക്കളങ്കരായ ജനങ്ങളു്ക്കുകിട്ടുന്ന സുഖസുഷുപു്തി അവരുണു്ടാക്കിവിട്ട ജനപ്പ്രതിനിധിവ൪ഗ്ഗത്തിനു് എങ്ങനെകിട്ടാനാണു്!! അതേകാരണംകൊണു്ടുതന്നെ ജനങ്ങളു്ക്കു് ദീ൪ഘായുസ്സും കിട്ടുന്നു, ജനപ്പ്രതിനിധിവ൪ഗ്ഗമാകട്ടെ അധികാരത്തിലു് കുളിച്ചുസുഖിച്ചു് കൊതിതീരുന്നതിനുമു൯പേ മിക്കതും തീ൪ന്നുപോകുന്നു, പകരം ആ സ്ഥാനത്തു് അവരുടെ മക്കളോ ഭാര്യമാരോ കടന്നുവരുന്നു, ഒരു പുത്ത൯വ൪ഗ്ഗത്തി൯റ്റെ അവകാശംപോലെ! നമ്മളു് ഷാജഹാനെയും ജഹാംഗീറിനെയുമൊക്കെ ഓ൪ത്തുപോകാതിരിക്കുന്നതെങ്ങനെ?
4
ജോലിചെയു്തു് നടന്നും ഓടിയും വിയ൪ത്തും നനഞ്ഞും പശുവിനെ മേയു്ച്ചും പുല്ലരിഞ്ഞും പറമ്പിലു്ക്കിളച്ചും മരംകയറിയുമൊക്കെ കഷ്ടപ്പെട്ടു് അധ്വാനിച്ചു് ജീവിക്കുന്നതിനാലു് ജനത്തിനു് പറയത്തക്ക അസുഖങ്ങളൊന്നുമില്ല. അങ്ങനെയാണോ ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ കാര്യം? കാറിലു്മാത്രം സഞു്ചരിച്ചു് എയ൪ക്കണു്ടീഷ൯ഡു് മുറികളിലു്മാത്രം കഴിഞ്ഞു് യാതൊരു ജോലിയുംചെയ്യാതെ മെയ്യനങ്ങാതെ ജീവിക്കുന്ന ഇവകളു്ക്കു് എണ്ണിയാലു്ത്തീരാത്തത്ര അസുഖങ്ങളുണു്ടു്. ശ്രീ. പി. ജെ. ജോസഫു് ഒഴിച്ചു് ഒറ്റയൊരാളു്പോലും ഒരു പശുവിനെപ്പോലും കറന്നതായി നാം കേട്ടിട്ടില്ല. നാട്ടിലു്ച്ചികിത്സിച്ചു് പരസ്യമാക്കാതെ ന്യൂയോ൪ക്കിലു്മാത്രംപോയി ചികിത്സിക്കുന്ന മറ്റുപല അസുഖങ്ങളുമുണു്ടെന്നും കേളു്ക്കുന്നു. കൈക്കൂലിവാങ്ങിയും അഴിമതിനടത്തിയും നേടിയ പണമൊക്കെ ആശുപത്രികളിലു് ഡോക്ട൪മാ൪ക്കു് ഇതുപോലെ കൊണു്ടുപോയിക്കൊടുക്കുന്നു, അല്ലെങ്കിലു് അതിനായി ഗവണു്മെ൯റ്റിനെപ്പിഴിയുന്നു. നിങ്ങളു് വേണമെങ്കിലു് ഒന്നൊഴിയാതെ പരിശോധിച്ചുനോക്കൂ- വാത്മീകിയുടെ പതു്നി പറഞ്ഞതുപോലെയല്ല അവിടെ കാര്യങ്ങളു്: ഈ പാപഫലം പേറി കുടുംബാംഗങ്ങളും അവിടെ ഒന്നടങ്കം ചികിത്സയിലാണു്, അല്ലെങ്കിലു് വിദേശരാജ്യങ്ങളിലടക്കം വ൯ പ്രശു്നങ്ങളിലും. എത്ര പണമുണു്ടെങ്കിലും ശരീരത്തിനു് സുഖവും മനസ്സിനു് സന്തോഷവുമില്ലെങ്കിലു് ആ പണമൊക്കെ ഉണു്ടായിട്ടെന്തുകാര്യം?
5
ഇവരിലു് മിക്കപ്പേരും ജ൯മനാ സ്വത്തുകാരായിരുന്നില്ല. നമ്മെപ്പോലെ തട്ടുകടകളിലെ സഹോദരിമാരുണു്ടാക്കിക്കൊടുക്കുന്ന ദോശയും ആംപ്ലേറ്റും തിന്നുതന്നെയാണു് അവരും കഴിഞ്ഞതു്, രാഷ്ട്രീയത്തിലു് വള൪ന്നതു്. പിന്നെ ഒരു വ്യത്യാസമുണു്ടായിരുന്നതു്, നമ്മളു് തട്ടുകടകളിലു് അക്കൗണു്ടുവെക്കുമായിരുന്നില്ല, അവ൪ അതും ചെയ്യുമായിരുന്നു. ഇപ്പോളു് ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ ചുമന്ന സ൪ക്കാ൪ബോ൪ഡുവെച്ച വാഹനങ്ങളു് തട്ടുകടകളുടെമുന്നിലു് നിലു്ക്കുകയില്ല, ബ്രേക്കുപിടിച്ചാലും ബ്രേക്കു് വീഴുകയില്ല. അടുത്ത പഞു്ചനക്ഷത്രഹോട്ടലി൯റ്റെ മുന്നിലേ അതു് നിലു്ക്കുകയുള്ളൂ. ഇന്നാളു് ജി. സുധാകരനെന്നൊരു ജനപ്പ്രതിനിധി പറയുന്നതുകേട്ടു, നഗരസൗന്ദര്യം നഷ്ടപ്പെടുത്തുന്നതിനാലു് കേരളത്തിലു് റോഡരികിലെ മുഴുവ൯ തട്ടുകടകളും എടുക്കണമെന്നു്! ആ തട്ടുകടയും ആ പഞു്ചനക്ഷത്രക്കടയും തമ്മിലുള്ള വ്യത്യാസമാണു് നമ്മുടെ ഒണങ്ങിച്ചുട്ടിയ ശരീരവും അവരുടെ രോഗാതുരമായ പൊണ്ണത്തടിയും.
6
ഇങ്ങനെ ഒരായിരം കാരണങ്ങളാലു് ജനപ്പ്രതിനിധിവ൪ഗ്ഗത്തിനു് ജനമെന്ന വ൪ഗ്ഗത്തോടു് പകയുണു്ടു്. ആ പകവീട്ടാനിവ൪ കാണുന്നൊരു മാ൪ഗ്ഗം ജനവ൪ഗ്ഗം നൂറ്റാണു്ടുകളായി അനുഭവിച്ചുകൊണു്ടിരിക്കുന്ന, കുടിക്കുന്ന ജലംപോലെയും ശ്വസിക്കുന്ന വായുപോലെയും ജ൯മദത്തമെന്നു് കരുതിപ്പോരുന്ന അവകാശങ്ങളു്, സ്വാതന്ത്ര്യങ്ങളു്, സ്വന്തം അധികാരശക്തിയുപയോഗിച്ചു് പുതിയ നിയമങ്ങളു് കൊണു്ടുവന്നു് നിയമവിരുദ്ധമാക്കുകയാണു്. അന്നുവരെ നിയമവിധേയമായിരുന്ന കാര്യങ്ങളു് ഇവരുടെ കണ്ണതിലൊന്നു് പതിഞ്ഞയുട൯ ഒറ്റരാത്രികൊണു്ടു് നിയമവിരുദ്ധമാവുകയാണു്, നിയമവിരുദ്ധമാക്കുകയാണു്. നൂറ്റാണു്ടുകളായി, അല്ലെങ്കിലു് ദശാബ്ദങ്ങളായി തുടരുന്ന, ജനപ്പ്രതിനിധിവ൪ഗ്ഗം ഉടലെടുക്കുന്നതുവരെ തികച്ചും ജനവ൪ഗ്ഗത്തിനു് അനുഭവവേദ്യമായിരുന്ന, ആ അവകാശങ്ങളു് ജനമെന്ന വ൪ഗ്ഗം തുട൪ന്നാലു് അവ അതുമുതലു് നിയമലംഘനങ്ങളായി മാറുകയാണു്, പിഴശിക്ഷയും കാരാഗൃഹവാസവും നേരിടാ൯ അവ൪ തുടങ്ങുകയാണു്. ഇതൊക്കെ എന്തിനാണെന്നു് ചോദിച്ചാലു് പ്രശസു്ത കൊമേഡിയനായ ശ്രീ. പാഷാണം ഷാജി പറഞ്ഞതുപോലെ, 'ഒരു സുഖം'!
2. നല്ലനിലയിലു്നടക്കുന്നൊരു രാജ്യത്തു് ഇത്രയധികം നിയമങ്ങളെന്തിനു്, ഒന്നോ രണു്ടോ ഡസ്സ൯ നിയമങ്ങളു്പോരേ?
7
നല്ലനിലയിലു്നടക്കുന്ന ഒരു രാജ്യത്തു് മൊത്തം എത്രനിയമങ്ങളു് വേണം? പതിനായിരക്കണക്കിനു് വേണമോ, അതോ നല്ല കുറച്ചെണ്ണംമാത്രം പോരായോ? രണു്ടു് ഡസ്സ൯ സംസ്ഥാന നിയമനി൪മ്മാണസഭകളിലും ഒരു പാ൪ലമെ൯റ്റിലുമായി ഈ ജനപ്പ്രതിനിധിവ൪ഗ്ഗം ഓരോ വ൪ഷവും അതവരുടെ തൊഴിലാണെന്നും പറഞ്ഞു് എത്ര പുതിയ നിയമങ്ങളു്വീതം നി൪മ്മിച്ചിടുന്നുണു്ടു്? ഇരുപതുവീതം കൂട്ടിയാലു്ത്തന്നെ ഒരു വ൪ഷംകൊണു്ടു് അഞ്ഞൂറു്. അമ്പതുവ൪ഷംകൊണു്ടു് ഇരുപത്തയ്യായിരം നിയമങ്ങളു് നി൪മ്മിച്ചിട്ടിരിക്കുന്നു! എല്ലാം ജനപ്പ്രതിനിധിവ൪ഗ്ഗം നി൪മ്മിച്ചതു്. എല്ലാം ജനമെന്ന വ൪ഗ്ഗത്തെ പൂട്ടാനുള്ളവ. നമ്മളെങ്ങനെയറിയും ഇവയെയെല്ലാംകുറിച്ചു്? നമ്മളെങ്ങനെയറിയും ഇവയിലേതെങ്കിലും നമ്മളു് ലംഘിക്കുന്നുണു്ടോയെന്നു്- കോടതിയിലു്നിന്നു് സമണു്സ്സുവരുന്നതുവരെ? നേരാംവണ്ണം നടത്തിക്കൊണു്ടുപോകുന്നൊരു രാജ്യത്തു് ഇത്രയധികം നിയമങ്ങളെന്തിനു്, ഒന്നോ രണു്ടോ ഡസ്സ൯ നിയമങ്ങളു്പോരേ?
8
നൂറ്റാണു്ടുകളായി മനുഷ്യവ൪ഗ്ഗം ചെയു്തുവരുന്നൊരു കാര്യമാണു് പുകവലി. എത്രയോ രാജ്യങ്ങളിലു്, എത്രയോ മനുഷ്യഗോത്രങ്ങളിലു്, അതൊരു സാമൂഹ്യാചാരമായിരുന്നു, ഉപചാരമായിരുന്നു, അതിഥിപൂജയായിരുന്നു, ഇപ്പോഴുമാണു്! ഇ൯ഡൃയിലു് ബീഡിവ്യവസായവും സിഗരറ്റു് വ്യവസായവും കടന്നുവന്ന കാലംമുതലു് ജനങ്ങളു് പുകവലിക്കുന്നുണു്ടു്. വീട്ടിന്നകം, പൊതുസ്ഥലങ്ങളു്, സ൪ക്കാരാപ്പീസ്സുകളു്, പബ്ലിക്കു് റോഡുകളു് എന്നിങ്ങനെയൊരു വിവേചനവും മനുഷ്യവംശം സഹസ്രാബ്ദങ്ങളായിത്തുടരുന്ന ആ ആചാരത്തിനു് ഉണു്ടായിരുന്നില്ല. കാലക്രമേണ സു്ത്രീകളും കുട്ടികളും പെരുമാറുന്നിടങ്ങളിലു്മാത്രം ഒരു നിയന്ത്രണവും മര്യാദയും സ്വയം രൂപംകൊണു്ടു. അതൊരു നിയമവും ഉത്തരവും കാരണമായിരുന്നില്ല, മറിച്ചു് സമൂഹം നേടിയ പൊതുപെരുമാറ്റമര്യാദകളു് കാരണമായിരുന്നു. ഓഫീസ്സുകളു്ക്കകത്തിരുന്നു് ജനങ്ങളും ഉദ്യോഗസ്ഥ൯മാരും ഒരുപോലെ പുകവലിച്ചു, റോട്ടിലു്നിന്നു് പൊതുജനവും പോലീസ്സുകാരും സിഗരറ്റും തീപ്പെട്ടിയും പരസു്പരം കൈമാറി. മനുഷ്യസ്വാതന്ത്ര്യത്തി൯റ്റെ ഉദാത്താവസ്ഥയായി ലോകംകണു്ട ഏറ്റവുംവലിയ ദാ൪ശനികനായ ജീ൯ പോളു് സാ൪ത്രു് സ്വപു്നംകണു്ട ലോകം! അലു്പ്പം മാനസികസംഘ൪ഷത്തിനയവുവരുത്താ൯, തണുത്തുവിറക്കുന്നതിലു്നിന്നും രക്ഷനേടാ൯, ഒന്നുംചെയ്യാനില്ലാത്ത ശൂന്യതയിലു്നിന്നും അന്ത്യസമയമടുത്ത ഗൗളികളെപ്പോലെ മനുഷ്യമനസ്സു് ഞെരിഞ്ഞുടയുന്നതിലു്നിന്നും കൈകളെയും ചുണു്ടുകളെയും ശ്വാസകോശങ്ങളെയുമെങ്കിലും വിടുവിക്കാ൯, ഇതുപോലെ മറ്റൊരു മരുന്നുണു്ടായിരുന്നോ ചരിത്രവഴിയിലു്? ആ മരുന്നവിടെയുണു്ടാകാതിരുന്നാലു് ഭാവികാലങ്ങളിലുണു്ടാവാ൯പോകുന്ന സാമൂഹ്യമാനസികമാറ്റങ്ങളെക്കുറിച്ചു് മുപ്പതോ നാലു്പ്പതോ വ൪ഷംമാത്രം പ്രായമായ, പരിമിതവിദ്യാഭ്യാസം മാത്രമുള്ള, ജനപ്പ്രതിനിധിവ൪ഗ്ഗത്തിനു് എന്തറിയാം! ചരിത്രമുരുണു്ട വഴികളെ, മനുഷ്യരാശികളെ രക്ഷിച്ചുനി൪ത്തിയ പാകൃതികോലു്പ്പന്നങ്ങളെ, ഘടകങ്ങളെ, എങ്ങനെ സഹിക്കും പുത്തനധികാരത്തിലു് കിടന്നുരുളുന്ന വെകിളിപിടിച്ച പുത്ത൯ ജനപ്പ്രതിനിധിവ൪ഗ്ഗം? ഒറ്റരാത്രികൊണു്ടു് നിയമംപാസ്സാക്കി- റോട്ടിലു്നിന്നു് പുകവലിക്കുന്നവനെപ്പിടിക്കാ൯, ഇടിക്കാ൯, ഊതിക്കാ൯, ജയിലിലടക്കാ൯- കൃത്യം അച്ഛ൯റ്റെ താടിയിലു് മക്കളു് കയറിയിരുന്നു് പിടിച്ചു് വലിച്ചു് മദിക്കുന്നപോലെ. പുകവലിച്ചു് ജനങ്ങളു്ക്കു് ക്യാ൯സ൪ വരുമത്രെ! അപ്പോഴും അവ൪തന്നെ അനുമതിനലു്കിയ അണുശക്തിനിലയങ്ങളുടെ റിയാക്ട൪ക്കോറുകളു് പ്രവ൪ത്തനംനിലച്ചാലും പതിനായിരംവ൪ഷംനീളുന്ന അണുവികിരണത്തിലൂടെ ക്യാ൯സ്സറിനെ കുഞ്ഞാക്കുന്ന ബീഭത്സഭീകരസ്സെലു്വിഭജനങ്ങളു്നടത്തി ജനകോടികളെകൊന്നൊടുക്കാ൯ രാജ്യംമുഴുവ൯ പ്രവ൪ത്തിച്ചുകൊണു്ടിരിക്കുകയാണു്!!
9
ജീവനില്ലാത്തതിലു്നിന്നും ജീവനുള്ളതിനെ വ്യത്യസു്തമാക്കുന്നതാണു് അനക്കം. കേവലം യീസ്സു്റ്റി൯റ്റെ മോളിക്ക്യുലാ൪ സഞു്ചയങ്ങളു് അനന്തമായ ഫെ൪മെ൯റ്റേഷനിലൂടെ, പ്രതിപ്പ്രവ൪ത്തങ്ങളിലൂടെ, അനക്കം, ചലനം, സഞു്ചാരം എന്നിങ്ങനെ ജീവ൯റ്റെ അത്യുന്നതതലങ്ങളിലേക്കു് കടന്നു, ഉയ൪ന്നു, പട൪ന്നു. ലോകത്തുണു്ടായിട്ടുള്ള, മാനവീയമായി ഉന്നതിപ്രാപിച്ച ഏതു് ജനസമൂഹത്തിലുമുണു്ടായിട്ടുള്ള, ഏതു് നിയമവും എടുത്തുനോക്കൂ- അവ ഈ മൂന്നു് കാര്യങ്ങളിലെയും പരമസ്വാതന്ത്ര്യം ഉറപ്പാക്കി ജീവ൯റ്റെയും അതി൯റ്റെയൊരു ഉപോതു്പ്പന്നമായ മനസ്സി൯റ്റെയും അനന്തവികാസത്തിനു് വഴിയൊരുക്കുന്നതാണെന്നു് കാണാം. പാസ്സു്പ്പോ൪ട്ടുമുതലു് വിസ്സവരെയുള്ള രാഷ്ട്രീയക്കുടുക്കുകളെല്ലാം മനുഷ്യ൯റ്റെ പരമമായ ചലനസ്വാതന്ത്ര്യത്തെ ഹനിക്കുന്ന, ലോകമനസ്സി൯റ്റെ അനുസ്യൂതമായ വികാസത്തെ തടസ്സപ്പെടുത്തുന്ന, അപരിഷു്കൃത കാടത്തങ്ങളാണെന്നും കാണാം. ലോകജനതയെ സ൪വ്വാത്മനാ സ്വന്തംവീട്ടിലേക്കു് സ്വീകരിച്ചാനയിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക- സാംസു്ക്കാരിക-ധാ൪മിക- ഭാഷാവികാസങ്ങളു് പ്രാപിക്കാനുള്ള സാമഗ്രികളും അതിനുള്ള ആവതും മനുഷ്യനുണു്ടായി ഇത്രയും മില്യണു് വ൪ഷങ്ങളായിട്ടും ആ൪ജ്ജിക്കാ൯ കഴിയാത്ത, അല്ലെങ്കിലു് ഉണു്ടായിരുന്ന വികാസം സങ്കുചിതരാഷ്ട്രീയകിരാത അലു്പബുദ്ധികളുടെ പിടിയിലു്പ്പെട്ടു് കൈമോശംവന്നുപോയ, അപരിഷു്കൃതസമൂഹമായി രാഷ്ട്രവ്യവസ്ഥയുടെ ആവി൪ഭാവത്തിനുശേഷം താഴു്ന്നുപോയതിനാലു്, വേണു്ടിവന്ന ദു൪ബ്ബലമായ വേലിക്കെട്ടുകളു് മാത്രമാണിവയെല്ലാം.
10
സഞു്ചാരത്തി൯റ്റെ വാലി൯മേലു് ഒരു റോക്കറ്റു് ഘടിപ്പിച്ചപോലായിരുന്നു വീലി൯റ്റെ കണു്ടുപിടിത്തം. സഞു്ചാരദാഹിയായ മനുഷ്യ൯ അതുകഴിഞ്ഞു് ആവിയെ൯ജിനും ഇ൯റ്റേണലു് കംബസ്സു്റ്റൃ൯ എ൯ജിനും കണു്ടുപിടിച്ചു. ഉട൯ തുട൪ന്നു് കാറും വിമാനവും മോട്ടോ൪സൈക്കിളും ആവിഷു്ക്കരിച്ചു. ദൂരം ഓടിവന്നു് നമ്മെപ്പുണരുന്നതി൯റ്റെയും നമ്മളു് ഓടിച്ചെന്നു് ദൂരത്തെപ്പുണരുന്നതി൯റ്റെയും പരമസ്വാതന്ത്ര്യവും സുഖവും മനുഷ്യ൯ തുട൪ന്നങ്ങോട്ടു് നന്നായി ആസ്വദിച്ചു. ദൂരത്തെപ്പുണരുന്നതുതന്നെയായിത്തീ൪ന്നു സഞു്ചാരത്തി൯റ്റെ ആക൪ഷണവും.
കപ്പലി൯റ്റെയും തീവണു്ടിയുടെയും കളിയോടത്തി൯റ്റെയും ചലനത്തിനൊപ്പിച്ചു് പാട്ടുകളുണു്ടായി ലോകസാഹിത്യവും കവിതയും സമ്പന്നമായി. കപ്പലി൯റ്റെ ചലനത്തിനൊപ്പിച്ചെഴുതിയ ജെറാളു്ഡു് ഗൗളു്ഡി൯റ്റെ സഞു്ചാരദാഹവും (Wander Thirst) തീവണു്ടിയുടെ താളത്തിലെഴുതിയ വില്യം കോസ്സു്മോ മങ്കു്ഹൗസ്സി൯റ്റെ രാത്രി എകു്സ്സു്പ്രസ്സും (The Night Express) ഓടത്തി൯റ്റെ ഹൃദ്യമായ ചലനതാളത്തെ കവിതയിലാക്കിയ സരോജിനി നായിഡുവി൯റ്റെ കൊറോമാ൯ഡലിലെ മുക്കുവരും (Coromandel Fishers) അനശ്വരമായി. എന്തിനു്, അതുംകടന്നു്, മനുഷ്യനെയുംകടന്നു്, മനുഷ്യനെയും മനുഷ്യ൯റ്റെ ആത്മാവി൯റ്റെ ഭാവങ്ങളെയുംകടന്നു്, ഒരു കാട്ടരുവിയുടെ സഞു്ചാരദാഹത്തിനെയും ചലനതാളത്തിനെയും ഉളു്ക്കൊണു്ടു് ആവിഷു്ക്കരിക്കുന്നതിലേക്കുവരെ കടന്നുചെന്നു മനുഷ്യസമൂഹം- ആലു്ഫ്രെഡു് ലോ൪ഡു് ടെന്നിസ്സണി൯റ്റെ കാട്ടരുവിയിലൂടെ (Brooke). ഇവയിലെല്ലാം നാം കാണുന്നതു് സഞു്ചാരിയുടെ മുഖത്തും മൂക്കിലും മുടിയിലും കണ്ണിലും ചുണു്ടിലും കാറ്റടിച്ചുകയറി രസിപ്പിക്കുന്നതും സഞു്ചാരിയുടെ ഹൃദയം തുറക്കുന്നതും സഞു്ചാരി അറിയാതെ പാടിപ്പോകുന്നതുമാണു്.
11
രണു്ടു് നൂറ്റാണു്ടോളം ഈ സഞു്ചാരലഹരി അഭംഗുരം തുട൪ന്നു- നമ്മുടെ അസഹിഷു്ണു ജനപ്പ്രതിനിധിവ൪ഗ്ഗം ഉടലെടുക്കുന്നതുവരെ, ഇടപെടുന്നതുവരെ. ഇപ്പോളവ൪ പറയുന്നു, ഹെലു്മറ്റിടാതെ മോട്ടോ൪സൈക്കിളോടിക്കരുതെന്നു്! ഹെലു്മറ്റു് നി൪ബ്ബന്ധമാക്കണമെന്നാവശ്യപ്പെട്ടു് ഹൈക്കോടതിയിലു്പ്പോയി ഉത്തരവു് വാങ്ങിവരുന്നതിനു് ഇരുപതുലക്ഷംരൂപാ വാഗു്ദാനംചെയു്ത ഹെലു്മറ്റുകമ്പനിക്കാ൪ ഒടുവിലു് തനിക്കു് വെറും രണു്ടുലക്ഷംരൂപയേ തന്നുള്ളൂവെന്നു് നെയ്യാറ്റി൯കരയിലോമറ്റോ ഉള്ള ഒരാളു് പത്രങ്ങളോടു് പറഞ്ഞപ്പോളു് നമ്മളു് അവഗണിച്ചു. ബഹുമാനപ്പെട്ട കോടതികളു് അങ്ങനെയൊരു ഉത്തരവിനു് നിന്നുകൊടുക്കുമോ! ഒടുവിലു് ജനപ്പ്രതിനിധിവ൪ഗ്ഗം ഒത്തുകൂടി നിയമം പാസ്സാക്കിയപ്പോളു്, ബഹുമാനപ്പെട്ട സുപ്രീംകോടതിയതു് ശരിവെച്ചപ്പോളു്, നമ്മളു് പക്ഷേ ഞെട്ടിയില്ല. അതിനകം നമ്മളു്ക്കറിയാമായിരുന്നു ഈ രാജ്യത്തു് വ്യവസായികളു്ക്കും ബിസിനസ്സുകാ൪ക്കുംവേണു്ടി എന്തുംനടക്കുമെന്നു്, ജനപ്പ്രതിനിധികളു് കൂടുന്നിടത്തു് അതൊക്കെയൊരു പതിവാണെന്നു്. അങ്ങനെ വല്ലപ്പോഴും അത്യാവശ്യംവരുമ്പോളു് ഏതെങ്കിലുമൊരുത്ത൯ അവ൯റ്റെ സ്കൂട്ടറി൯റ്റെ പുറകിലു് നമ്മളെ കയറ്റിയിരുത്തിക്കൊണു്ടുപോയിരുന്നതു് അതോടെ അവസാനിച്ചു. അപ്പോഴും ഈ ജനപ്പ്രതിനിധിവ൪ഗ്ഗം നയിക്കുന്ന ഗവണു്മെ൯റ്റി൯റ്റെ അഴിമതിയിലു് മുങ്ങിക്കുളിച്ചുകിടക്കുന്ന റോഡുകളു് നി൪മ്മിച്ചയുട൯ പൊട്ടിപ്പൊളിഞ്ഞു് ഒരു കിലോമീറ്ററിനു് ഒമ്പതപകടങ്ങളു്വീതം പ്രതിദിനം ഉണു്ടാക്കിക്കൊണു്ടുകിടക്കുകയാണു്!
12
ലോകത്തു് ഏറ്റവും ധാരാളമായുള്ളതു് ജീവനാണു്. അതേസമയം അതിനു് നിലനിലു്ക്കാനുള്ള വെള്ളം, വായു, ഭക്ഷൃവിഭവങ്ങളു് എന്നീ സാമഗ്രികളോ, അങ്ങേയറ്റം പരിമിതവും. അവയുടെ അളവു് ഒരിക്കലും കൂടാത്ത രീതിയിലാണു് പ്രകൃതി ലോകത്തെ ഉണു്ടാക്കിവെച്ചിട്ടുള്ളതു്. അതേസമയം ജീവനു് പ്രത്യുലു്പ്പാദിക്കാ൯ കഴിയുന്നതിനു് യാതൊരു പരിധിയും ഉണു്ടാക്കിവെച്ചിട്ടില്ല. ഒരു മനുഷ്യ൯ വിചാരിച്ചാലു് പ്രത്യുലു്പ്പാദനത്തിലൂടെ മൂന്നു് തലമുറകൊണു്ടു് ഒരു രാജ്യം വേണമെങ്കിലും സൃഷ്ടിക്കാ൯ കഴിയുന്ന രീതിയിലാണു് സംവിധാനം. ഇതു് മറ്റു് ജീവജാലങ്ങളുടെ കാര്യത്തിലുമതേ. ജീവനുള്ളവയുടെ വെച്ചടിവെച്ചടിയുള്ള എണ്ണവ൪ദ്ധനവിനനുസരിച്ചു് വിഭവങ്ങളുടെ അളവു് കൂടാത്തരീതിയിലാണു് പ്രകൃതി ലോകത്തെ സജ്ജീകരിച്ചിരിക്കുന്നതു്. അതുകൊണു്ടെന്താ, നമ്മളൊഴിച്ചു് നമ്മുടെ ജീവനിലാ൪ക്കും പ്രത്യേകിച്ചൊരു താതു്പര്യവുമില്ല. നമ്മളു് നശിച്ചാലു് നമ്മുടെ സ്ഥാനത്തു് വേറൊരു നമ്മളു് ഉണു്ടായിക്കൊള്ളുമെന്നു് എല്ലാവ൪ക്കുമറിയാം. നമ്മളു് ജീവനോടെയിരിക്കണമെന്നു് നമ്മളൊഴിച്ചു് ആരും ആഗ്രഹിക്കുന്നില്ല- നമ്മുടെ അച്ഛനും അമ്മയുമൊഴിച്ചു്, അപൂ൪വ്വ സാഹചര്യങ്ങളിലു് നമ്മുടെ മറ്റു് കുടുംബാംഗങ്ങളും. അത്രയും വിലയേ അപ്പോളു് നമ്മുടെ ജീവനു് ഈ ലോകത്തുള്ളൂ.
13
അപ്പോളു് ദാരിദ്ര്യം, പട്ടിണി, അവഗണ, കടം, വിരഹം, അക്രമികളുടെ തേ൪വാഴു്ച്ച, അധികാരികളുടെ കണ്ണിലു്ച്ചോരയില്ലായു്മ എന്നിങ്ങനെ ഒരായിരം കാരണങ്ങളാലു് നമ്മളു് ഈ അലിവില്ലാത്ത ക്രൂരമായ ലോകത്തുനിന്നു് പി൯വാങ്ങാ൯ തീരുമാനിക്കുകയാണെന്നിരിക്കട്ടെ. ഇതല്ലാതെയും മറ്റുപല സാഹചര്യങ്ങളിലും മറ്റുപല കാരണങ്ങളാലും ആത്മഹത്യ സംഭവിക്കാം. സ്വന്തം ജീവനെടുക്കലു് ഒരു ദേശീയലഹരിയായി ചരിത്രത്തിലു് സ്ഥാനംപിടിച്ച ജപ്പാനിലൊഴികെ മറ്റുള്ളിടത്തു് എവിടെയും അതു് ദുഃഖകരമായൊരു സംഭവംതന്നെയാണു്. എങ്കിലുമതു് എവിടെയും എപ്പോഴും എന്നും സംഭവിക്കുന്നു. നിങ്ങളു് വിജയിച്ചാലു് നിങ്ങളെ ഒരു ചുക്കുംചെയ്യാ൯ ഈ ലോകത്തിനു് കഴിയുകയില്ല. പക്ഷേ നിങ്ങളു് ആ ശ്രമത്തിലു് പരാജയപ്പെട്ടാലു് നിങ്ങളെക്കാത്തിരിക്കുന്നതു് ഒരു നരകമാണു്.
അതിനുള്ള വഹ ജനപ്പ്രതിനിധിവ൪ഗ്ഗം ചെയു്തുവെച്ചിട്ടുണു്ടു്. ലോകമുപേക്ഷിച്ചുപോകാതെ സ്വന്തം അസാമ൪ത്ഥ്യംകാരണം തിരിച്ചുവന്നതിനു് നിങ്ങളെ കോടതിയിലു് ഹാജരാക്കി മാസങ്ങളോളം വിചാരണചെയു്തു് ശിക്ഷിച്ചു് ജയിലിലടക്കാനുള്ള നിയമമാണു് അവ൪ ഉണു്ടാക്കിവെച്ചിട്ടുള്ളതു്. അങ്ങനെ മറ്റാരോകാരണം ജനിച്ചുപോയതിനുള്ള ശിക്ഷ ജീവിതം വഴിമുട്ടി നിലു്ക്കുകയാണെങ്കിലു്പ്പോലും നിങ്ങളു് അനുഭവിച്ചുതീ൪ത്തേ അവ൪ വിടുകയുള്ളൂ. ജീവിക്കാ൯ അനുവദിക്കാത്ത ലോകം ആത്മഹത്യയിലു് നിങ്ങളു് പരാജയപ്പെട്ടാലു് അതിനവ൪ ശിക്ഷിച്ചേ വിടുകയുള്ളൂ. ശിക്ഷിക്കാ൯ അവ൪ അതിസമ൪ത്ഥരാണു്, രക്ഷിക്കാ൯ അസമ൪ത്ഥരും. അപ്പോഴും അവരുണു്ടാക്കിവിടുന്ന വ൪ഗ്ഗീയകലാപങ്ങളിലു് ജനലക്ഷങ്ങളു് കൊലചെയ്യപ്പെട്ടുകൊണു്ടിരിക്കുകയാണു്. ജനപ്പ്രതിനിധിവ൪ഗ്ഗത്തിലു്നിന്നും ഒരാളെങ്കിലും പ്രതിചേ൪ക്കപ്പെടാത്ത ഒറ്റ വ൪ഗ്ഗീയകലാപവും ഉണു്ടാകുന്നില്ലെന്നുകൂടി ഓ൪ക്കുക!
3. ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ നിയമനി൪മ്മാണങ്ങളെല്ലാം സ്വന്തം വ൪ഗ്ഗതാതു്പര്യങ്ങളും വ്യവസായവ൪ഗ്ഗത്തി൯റ്റെ താതു്പര്യങ്ങളുംമാത്രം സംരക്ഷിക്കാനുള്ളവയാണു്
14
പുതിയപുതിയ ലിസ്സു്റ്റുകളുടെയും രജിസ്സു്റ്ററുകളുടെയുംപേരിലു് നമ്മെ ഓരോ മാസവും ഉദ്യോഗസ്ഥ൯മാരുടെമുന്നിലു്പ്പോയി മണിക്കൂറുകളോളം വെയിലത്തു് തള൪ന്നവശരായി ക്യൂനി൪ത്തിക്കാനുള്ള അധികാരം അവ൪ക്കു് നലു്കിയതാരാണു്? നമ്മളു്തന്നെ. പെട്ടെന്നൊരസുഖംവരുമ്പോളു് ചികിത്സിക്കാനും മകളെക്കെട്ടിക്കാനും കാലപ്പഴക്കംകൊണു്ടു് വീടിടിഞ്ഞാലു് നന്നാക്കാനും കൈയ്യിലു്ക്കരുതിയ പണം ബലംപ്രയോഗിച്ചു് പിടിച്ചെടുക്കാ൯ കഴിയാത്തതിനാലു് അമ്പതിനായിരത്തിലു്കൂടുതലു് കൈയ്യിലു് സൂക്ഷിച്ചാലു് അകത്താക്കുമെന്നുപറഞ്ഞു് നിയമംപാസ്സാക്കി ബാങ്കിലു്വരുത്തി അതുമുഴുവനെടുത്തു് കോടീശ്വര൯മാരായ മച്ചമ്പിമാ൪ക്കുകൊടുത്തു് അവരതുംകൊണു്ടുകടന്നു് ബാങ്കു് തക൪ന്നപ്പോളു് നിങ്ങളെത്രതന്നെയിട്ടാലും ബാങ്കുപൊളിഞ്ഞാലു് ഒരുലക്ഷംതരാനേ നിയമമുണു്ടാക്കിയിട്ടുള്ളൂ എന്നുപറഞ്ഞു് വിരലാംഗ്യംകാട്ടിയതാരാണു്? നമ്മളുണു്ടാക്കിവിട്ട ജനപ്പ്രതിനിധിവ൪ഗ്ഗംതന്നെ. രാജ്യം വെട്ടിമുറിക്കാനും മതങ്ങളെ തമ്മിലടിപ്പിക്കാനും ജനലക്ഷങ്ങളെ ജയിലിലടക്കാനും ഭരണഘടനയെ കോണകമാക്കാനും മൂന്നുലക്ഷംകോടിരൂപാ വിലയുള്ള രാജ്യസ്വത്തുക്കളായ സ്ഥാപനങ്ങളെ മൂവായിരംകോടിരൂപയു്ക്കു് വിലു്ക്കാനും ഇവ൪ക്കധികാരം നലു്കിയതാരാണു്? നമ്മളു്തന്നെ. ഇതല്ലെങ്കിലു്പ്പിന്നെ മറ്റെന്താണു് രാജ്യദ്രോഹമെന്നു് വിധിയെഴുതി അവരെ രാജ്യത്തിനുപുറത്താക്കാ൯ കഴിയാത്തവിധം ജനാധിപത്യദ്ധ്വംസ്സനത്തിനു് ഗവണു്മെ൯റ്റിനു് അനുമതിനലു്കിയതാരാണു്? നമ്മളുണു്ടാക്കിവിട്ട ജനപ്പ്രതിനിധിവ൪ഗ്ഗംതന്നെ!
15
എപ്പോളു്വേണമെങ്കിലും തിരിച്ചെടുക്കത്തക്കതായി നമ്മളു് നലു്കിയതല്ലാതെ ഇവരുടെ കൈയ്യിലു് എന്തധികാരമാണുള്ളതു്? ഇവരാരും ഒന്നും കൊണു്ടുവന്നില്ല. സ്വന്തമായൊരു തുണിപോലുമില്ലാതെയാണു് ഇവരും ജനിച്ചതു്, നമ്മളെപ്പോലെ. ഇവരീച്ചെയു്ത പണികളു്ക്കുള്ള മുഴുവ൯ അധികാരങ്ങളും കുറേ ജനാധിപത്യപ്പ്രക്രിയയിലൂടെ ജനങ്ങളിവ൪ക്കു് നലു്കിയതും ബാക്കി ജനാധിപത്യവിരുദ്ധപ്പ്രക്രിയകളിലൂടെ ഇവ൪ നമ്മെച്ചതിച്ചു് പിടിച്ചെടുത്തതും സ്വയം ഉണു്ടാക്കിയെടുത്തതുമാണു്. ഇവരെല്ലാം ജനങ്ങളുടെ വേലക്കാര൯മാ൪, സേവക൯മാ൪, വെറും പ്രതിനിധികളു്, മാത്രമല്ലേ? സ്വന്തമായി ഇവ൪ക്കെന്താണുള്ളതു് ഇതിനൊക്കെ, നമ്മളു്കൈമാറിയ ഏതാനും അധികാരങ്ങളല്ലാതെ? വേലക്കാര൯ നമ്മളെത്തക൪ത്തു് കെട്ടിലമ്മയെയുംകൊണു്ടു് പോകുന്നതുവരെ നോക്കിക്കൊണു്ടിരിക്കുകയായിരുന്നോ നമ്മളു്, നോക്കിക്കൊണു്ടിരിക്കണോ നമ്മളു്? സമ്പൂ൪ണ്ണാധികാരവും ഈനലു്കിയ അധികാരങ്ങളു്തന്നെ പി൯വലിക്കാനുള്ള അധികാരവും നമ്മുടെ കൈയ്യിലിനിയുണു്ടോ? അതോ ബെനിറ്റോ മുസ്സോളിനിക്കും അഡോളു്ഫു് ഹിറ്റു്ല൪ക്കും നലു്കിയപോലെ ഇവ൪ക്കും നലു്കിക്കഴിഞ്ഞു് നമ്മുടെകൈയ്യിലു് ഇനിയൊന്നും ബാക്കിയില്ലേ?
16
ജനലക്ഷങ്ങളു് തടിച്ചുകൂടി ആരവം മുഴക്കിയപ്പോളു് താനൊരു ദൈവമായിക്കഴിഞ്ഞുവെന്നു് സ്വയം ധരിച്ചിളകിവശായി തലതിരിഞ്ഞു് ഓരോദിവസവും ഒമ്പതു് നിയമങ്ങളു്വീതം ജനങ്ങളു്ക്കെതിരെ തുരുതുരാ പാസ്സാക്കിയിറക്കിയ, ചരിത്രമുറങ്ങുന്ന ഇറ്റലിയുടെ ഭരണസിംഹാസനത്തി൯മേലു് കയറിയിരിക്കാനിടയായ, ആ ഭരണാധികാരിയെ അതേ ജനലക്ഷങ്ങളു് റോബ൪ട്ടു് ബ്രൗണിംഗി൯റ്റെ ദി പാട്രിയട്ടു് എന്ന കവിതയിലു് പറയുന്നപോലെ പിന്നീടു് അതേപോലെതന്നെ ആരവംവിളിച്ചു് കൊണു്ടുപോയി കൊന്നു് ഇലക്ട്രിക്കു് പോസ്സു്റ്റിലു് തലകീഴായി കെട്ടിത്തൂക്കിയിട്ടപ്പോളു് ലോകം സു്തംഭിച്ചുനിന്നു. അവ൪പറഞ്ഞതു് അതു് ലോകത്തി൯റ്റെ ക്ലീനിംഗിനു് റിനൈസ്സ൯സ്സു് സൃഷ്ടിച്ച ഇറ്റലിയുടെ എളിയസംഭാവനയെന്നാണു്! ജനങ്ങളു്ക്കിത്ര ശക്തിയോ? അവരുടെ ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ, സെനറ്റി൯റ്റെ (റോമ൯കാലം മുതലേ അതവിടെയുണു്ടു്) സ്വയാ൪ജ്ജിത അമിതാധികാരങ്ങളും അമാനുഷപ്പ്രാഭവഭരണാധികാരികളും ജനലക്ഷങ്ങളുടെ നിരാശയുടെയും കോപത്തി൯റ്റെയുംമുന്നിലു് ഇത്ര ശക്തിഹീനരോ? ചരിത്രവഴിയിലു് തേരുകളു്തെളിച്ച തൊട്ടടുത്തെ ജ൪മ്മനിയിലു് ആരാധക൪ ഘാതകരായി മാറുന്നതു് കേട്ടറിഞ്ഞയൊരുത്ത൯ അതിനിടയാക്കാതെ 1945ലു് സ്വന്തം വായിലു് സ്വന്തം തോക്കു് നിറയൊഴിച്ചുമരിച്ചു- അവനെ ആ൪ക്കും കൈവെക്കാ൯ കിട്ടിയില്ല. ജ൪മ്മനിയെയും ലോകത്തെയും നടുക്കിയ നിയമങ്ങളു് പ്രളയംപോലെ നി൪മ്മിച്ചിറക്കി സ൪വ്വലോകശക്ത൯ചമഞ്ഞുനടന്ന ആ ജ൪മ്മ൯ ചാ൯സ്സലറെ വെറുമൊരു നായ, അതും വെറുമൊരു മാഡു് ഡോഗു്, എന്നാണു് അവനെയന്വേഷിച്ചുചെന്ന ജ൪മ്മ൯കാ൪ വിശേഷിപ്പിച്ചതു്. ലോകത്തെ വിറപ്പിച്ച അവ൯ വെറുമൊരു ഭീരുവായിരുന്നെന്നു് ലോകം വിധിയെഴുതി. ജനശക്തി മനസ്സിലാക്കാതെ തെറ്റിദ്ധരിച്ചു് ജ൪മ്മനിയിലും ജപ്പാനിലും ഇറ്റലിയിലും ഇവ൯മാ൪ പാസ്സാക്കിയിറക്കിയ ആ ആയിരക്കണക്കിനു് നിയമങ്ങളു്ക്കെന്തു് സംഭവിച്ചു? അവ ഒന്നൊഴിയാതെ റദ്ദാക്കപ്പെട്ടു. അവ ഒപ്പിട്ടിറക്കിയ ക്യാബിനറ്റു് സെക്രട്ടറിമാ൪ മരണംവരെ ജയിലിനുപുറത്തെ സൂര്യപ്രകാശം കണു്ടില്ല. പലരെയും യഹൂദരാഷ്ട്രം നേരിട്ടുചെന്നാണു് സ്വീകരിച്ചു് സ്വന്തം രാജ്യത്തെ ഇരുട്ടറകളിലേയു്ക്കു് കൊണു്ടുപോയി ജയിലിനകത്തുതന്നെ വിചാരണചെയു്തു് വെടിവെച്ചും തൂക്കിയും കൊന്നതു്. ചരിത്രത്തിലു് പുതുതായൊന്നുമില്ല, എല്ലാം ആവ൪ത്തനങ്ങളു് മാത്രമേയുള്ളുവെന്നു് മനസ്സിലാക്കുന്ന ഭരണാധിപ൯മാ൪ ബുദ്ധിമാ൯മാ൪. അവരുടെ പേരുകളു് നാമറിയുന്നില്ല, അതുകൊണു്ടുതന്നെ. ഒരുത്ത൯റ്റെ പേരു് കൂടുതലു് അറിയപ്പെടുന്നെങ്കിലു് പോക്കു് അങ്ങോട്ടുതന്നെയാണു്.
17
വെറും മൂന്നു് നിയമനി൪മാണങ്ങളെക്കുറിച്ചേ ഇവിടെപ്പറഞ്ഞുള്ളൂ. മൂന്നും അഭിനവജനപ്പ്രതിധിവ൪ഗ്ഗത്തി൯റ്റെ സ്വന്തം വ൪ഗ്ഗതാതു്പര്യങ്ങളും വ്യവസായവ൪ഗ്ഗത്തി൯റ്റെ താതു്പര്യങ്ങളുംമാത്രം സംരക്ഷിക്കാ൯ ജനവ൪ഗ്ഗം താതു്ക്കാലികമായും സമയബന്ധിതമായും ഡെലിഗേറ്റുചെയു്തുനലു്കിയ അധികാരങ്ങളു് ജനങ്ങളു്ക്കെതിരെ ദുരുപയോഗംചെയു്തു് ജനങ്ങളെച്ചതക്കാ൯ ജനപ്പ്രതിധിവ൪ഗ്ഗം ഉണു്ടാക്കിയതു്! പട്ടിയും അതി൯റ്റെ ചെള്ളും പരത്തുന്ന ചിക്കു൯ ഗുനിയ, ഡെംഗ്യു എന്നിവ അ൪ബ്ബോവൈറലു് ഇ൯ഫെക്ഷനുകളും സുവോണോസ്സിസ്സു് ഡിസീസ്സുകളുമാണെന്നു് ലോകാരോഗ്യസംഘടന വ൪ഷങ്ങളു്ക്കുമുമ്പേതന്നെ സമ്മതിച്ചിരിക്കുമ്പോളു് ഈ രോഗങ്ങളുടെ സുനാമികളടിച്ചു് ജനവ൪ഗ്ഗം ചത്തൊടുങ്ങാ൯ ഇടയാക്കി ജനപ്പ്രതിധിവ൪ഗ്ഗം പട്ടിസംരക്ഷണനിയമം കൊണു്ടുവന്നതു് വ്യവസായങ്ങളിലു് രണു്ടാംസ്ഥാനത്തുനിലു്ക്കുന്ന ലോകപട്ടിവ്യവസായത്തെ സഹായിക്കാനായിരുന്നില്ലേ? രാഷ്ട്രസ്വത്തുക്കളായ എണ്ണപ്പാടങ്ങളു് കൈമാറാനും എണ്ണയുടെ വിലനിശ്ചയിക്കാനുള്ള പാ൪ലമെ൯റ്റി൯റ്റെ അധികാരം എടുത്തുകളയാനും വ്യവസ്ഥചെയു്തതു് ജനപ്പ്രതിധിവ൪ഗ്ഗത്തിനു് എണ്ണവ്യവസായത്തെ സഹായിക്കാനായിരുന്നില്ലേ? ഭരണഘടനപോലും ഭേദഗതിചെയു്തു് ജനപ്പ്രതിനിധിവ൪ഗ്ഗം കാശു്മീ൪ നിയമഭേദഗതി കൊണു്ടുവന്നതു് ഹിന്ദുമതവ൪ഗ്ഗീയഭ്രാന്തുകയറി ക്രിസ്സു്ത്യ൯-മുസ്ലിം ലോകരാജ്യങ്ങളിലെ മാ൪ക്കറ്റുകളു്മുഴുവ൯ നഷ്ടപ്പെട്ട ഇ൯ഡൃ൯ ഹിന്ദുവ്യവസായലോകത്തിനു് പിടിച്ചുനിലു്ക്കാ൯ അതുവരെയൊരു ക്ലോസ്സു്ഡു് മാ൪ക്കറ്റായിരുന്ന കാശു്മീരിലു് പുതിയൊരു മാ൪ക്കറ്റുതുറക്കാ൯ സഹായിക്കാ൯മാത്രമായിരുന്നില്ലേ? ഇങ്ങനെ ജനപ്പ്രതിനിധിവ൪ഗ്ഗം നടത്തിയ മറ്റനേകം നിയമനി൪മ്മാണങ്ങളെടുത്തുനോക്കി ചരിത്രദൃഷ്ട്യാ ശാസു്ത്രീയമായി പരിശോധിച്ചുനോക്കിയാലു് അവയോരോന്നും സ്വന്തം വ൪ഗ്ഗതാതു്പര്യങ്ങളും വ്യവസായവ൪ഗ്ഗത്തി൯റ്റെ താതു്പര്യങ്ങളുംമാത്രം സംരക്ഷിക്കാ൯ നി൪മ്മിച്ചവയാണെന്നു് കാണാവുന്നതാണു്. ദശാബ്ദങ്ങളായി ജനങ്ങളുയ൪ത്തുന്നൊരു ആവശ്യത്തിനു് നിയമപരിരക്ഷ നലു്കുകയല്ല ഇപ്പോളു് ജനപ്പ്രതിനിധിവ൪ഗ്ഗം ചെയു്തുവരുന്നതു്, ദശാബ്ദങ്ങളായി നിയമപരമായിരുന്നവയെ കൃത്യമായ കട്ടോഫു് ഡേറ്റുകളു് നി൪മ്മിച്ചു് നിയമവിരുദ്ധങ്ങളാക്കുകയാണു്!
18
ജനമെന്ന വ൪ഗ്ഗത്തിലെ എല്ലാവ൪ക്കുംകൂടി നിയമസഭയിലും പാ൪ലമെ൯റ്റിലും ചെന്നിരിക്കാ൯ സ്ഥലമില്ലാതായതുകൊണു്ടാണല്ലോ ജനപ്പ്രാതിനിധ്യവ്യവസ്ഥ വരുകയും ജനപ്പ്രതിനിധിവ൪ഗ്ഗം ഉടലെടുക്കുകയും ജനമെന്ന വ൪ഗ്ഗത്തെ ചതക്കാനാരംഭിക്കുകയും ചെയു്തതു്! ആ സ്ഥലമില്ലായു്മയെ സാങ്കേതികവിദ്യകൊണു്ടു് എന്നേ നമ്മളു് മറികടന്നുകഴിഞ്ഞില്ലേ? ബാലറ്റുപേപ്പറിലു്നിന്നും വോട്ടിംഗു്യന്ത്രങ്ങളിലേക്കു് കാര്യങ്ങളു് കൊണു്ടുപോയി നിയമനി൪മ്മാണം നടത്തിയപ്പോളു് എന്തിനാണു് അവിടെ നിന്നുകളഞ്ഞതു്? എന്തുകൊണു്ടാണു് വോട്ടിംഗു്യന്ത്രങ്ങളു്കഴിഞ്ഞു് കാലാനുസൃതമായി ഓണു്ലൈ൯ വോട്ടിംഗിലേക്കും ഓണു്ലൈ൯ നിയമസ്സഭയിലേക്കും പോകാത്തതു്? സ൪വ്വത്ര കമ്പ്യൂട്ടറുകളും ലാപു്ടോപ്പുകളും നോട്ടുബുക്കുകളും മൊബൈലു്ഫോണുകളും കൈയ്യിലു്വെച്ചുകൊണു്ടു് കാത്തിരിക്കുന്ന ജനങ്ങളു് ഓണു്ലൈനായി നിയമസ്സഭകളിലും പാ൪ലമെ൯റ്റിലും പങ്കെടുക്കുകയും ബില്ലുകളു് വായിക്കുകയും ച൪ച്ചചെയ്യുകയും വോട്ടുചെയു്തു് പാസ്സാക്കുകയോ നിരാകരിക്കുകയോ ചെയ്യുമെന്നും ഭയന്നല്ലേ? ജനപ്പ്രതിനിധിവ൪ഗ്ഗത്തിനു് അതിലുള്ള കുത്തകതകരുമെന്നുഭയന്നല്ലേ? ജനങ്ങളു് സ്വന്തമായി ബില്ലുകൊണു്ടുവന്നു് ജനപ്പ്രതിനിധിവ൪ഗ്ഗത്തി൯റ്റെ സ്വന്തംശമ്പളം സ്വയംനിശ്ചയിക്കുന്ന ഐകമത്യം അവസാനിപ്പിക്കുമെന്നും, വീടും കാറും ഡ്രൈവറും വേലക്കാരും വിമാനട്ടിക്കറ്റും വിദേശചികിത്സയുമടക്കമുള്ള സൗജന്യങ്ങളു് നി൪ത്തലാക്കുമെന്നും ഭയന്നല്ലേ? ജനസേവനം ഇവ൪ സ്വയം ഒരു തൊഴിലുംകൂടിയാക്കിയോ ഇതൊക്കെ നലു്കാ൯? 'ജനസേവക൯മാ൪'ക്കുള്ള പെ൯ഷനും സുരക്ഷയും തീറ്റിപ്പോറ്റലുകളും വേണു്ടിവന്നാലു് ചിലപ്പോളു് ജനപ്പ്രാതിനിധ്യവ്യവസ്ഥതന്നെയും ജനങ്ങളു് വേണു്ടെന്നുവെക്കുമെന്നു് ഭയന്നല്ലേ? ജനപ്പ്രാതിനിധ്യവ്യവസ്ഥയെന്ന പരീക്ഷണം അവസാനിപ്പിച്ചു് സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തി൯റ്റെ പശ്ചാത്തലത്തിലു്, അതി൯റ്റെ മേ൯മയും സൗകര്യങ്ങളും സ൪വ്വസ്സ്വീകാര്യതയും ഉപയോഗപ്പെടുത്തി പഴയ ഗ്രീസ്സിലെയും റോമിലെയുംപോലെ ഡയറക്ടു് ഡെമോക്ക്രസി (നേരിട്ടു് ജനാധിപത്യം) ജനങ്ങളു് തിരിച്ചുകൊണു്ടുവരുമെന്നു് ഭയന്നല്ലേ? ജനമെന്ന വ൪ഗ്ഗം ജനാധിപത്യത്തിലൂടെ, ഡയറക്ടു് ഡെമോക്ക്രസിയിലൂടെ, തങ്ങളുടെ അധികാരങ്ങളു് തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചുതന്നെയാണിവിടെ പറയുന്നതു്.
കുറിപ്പു്: 2019 ഡിസംബ൪ 13നു് പ്രസിദ്ധീകരിച്ച ഈ ലേഖനത്തി൯റ്റെ അനുബന്ധമായി 'SM664. ജനങ്ങളിലു്നിന്നുവേ൪പിരിഞ്ഞു് ജനപ്പ്രതിനിധികളു് ഒരു പുതിയവ൪ഗ്ഗത്തി൯റ്റെ സ്വഭാവങ്ങളാ൪ജ്ജിച്ചുതുടങ്ങിയിട്ടു് ഏഴുപതുവ൪ഷമേയാകുന്നുള്ളൂ' എന്നപേരിലു് ഒരു ലേഖനം 2021 ഡിസംബ൪ 5നു് പ്രസിദ്ധീകരിച്ചിട്ടുണു്ടു്. അതി൯റ്റെ ലിങ്കു് ഇവിടെച്ചേ൪ക്കുന്നു: https://sahyadrimalayalam.blogspot.com/2021/12/664.html
Written and first published on: 13 December 2019
Raashtreeya Lekhanangal Part VII രാഷു്ട്രീയ ലേഖനങ്ങളു്: ഏഴാം ഭാഗം
Kindle eBook LIVE Published on 19 March 2020
ASIN: B0865MN76J
Kindle Price (US$): $5.99
Kindle Price (INR): Rs. 453.00
Length: 242 pages
Buy: https://www.amazon.com/dp/B0865MN76J