Tuesday 7 January 2020

224. കുളത്തൂപ്പുഴ രവീന്ദ്രനെന്ന സംഗീതജ്ഞനെ സൃഷ്ടിച്ചതു് കുളത്തൂപ്പുഴയിലെ പുഴയും നിബിഢവനങ്ങളും കുളത്തൂപ്പുഴയിലെ ജനങ്ങളും കൂടിയല്ലേ?

224

കുളത്തൂപ്പുഴ രവീന്ദ്രനെന്ന സംഗീതജ്ഞനെ സൃഷ്ടിച്ചതു് കുളത്തൂപ്പുഴയിലെ പുഴയും നിബിഢവനങ്ങളും കുളത്തൂപ്പുഴയിലെ ജനങ്ങളും കൂടിയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kanenori. Graphics: Adobe SP.
 

1

രവീന്ദ്രനെന്ന സംഗീതസംവിധായകനെ മലയാളസിനിമയു്ക്കും സംഗീതലോകത്തിനും ലഭിച്ചതു് ശ്രീ. യേശുദാസിലൂടെയും അദ്ദേഹത്തി൯റ്റെ അന്നത്തെ തിരുവനന്തപുരം കവടിയാറിലുണു്ടായിരുന്ന തരംഗിണിയിലൂടെയും ആണെന്നതു് ശരിയായിരിക്കാം, പക്ഷേ കുളത്തൂപ്പുഴ രവീന്ദ്രനെന്ന സ്വതസിദ്ധ സംഗീതജ്ഞനെ ജനിപ്പിച്ചതു് കുളത്തൂപ്പുഴയിലെ പുഴയും നിബിഢവനങ്ങളും കുളത്തൂപ്പുഴയിലെ സഹൃദയരായ ജനങ്ങളും കൂടിയാണെന്നതിലു് യാതൊരു സംശയവുമില്ല, കൂടെ കുറേ പ്രൈവറ്റുബസ്സുകളും. കുളത്തൂപ്പുഴയിലു്നിന്നുള്ള വരവായതിനാലു് തരംഗിണി ഉണു്ടായിരുന്നില്ലെങ്കിലു്പ്പോലും ലോകത്തു് ഒരു ശക്തിക്കും അതു് തടയാ൯ കഴിയുമായിരുന്നില്ല. അദ്ദേഹം മഹാനഗരങ്ങളിലെത്തുന്നതിനും എത്രയോമുമ്പു് കണു്ടക്ടറുടെ കാക്കിവേഷമണിഞ്ഞിരുന്ന കാലത്തുതന്നെ ‘എ൯റ്റെ രണു്ടുപാട്ടി൯റ്റെ സംഗീതമുണു്ടെങ്കിലു് നി൯റ്റെ അഞു്ചു് ബസ്സു് വാങ്ങിക്കാമെഡേയു്' എന്നുപറഞ്ഞെന്നു് പറയപ്പെടുന്ന പ്രസിദ്ധമായ വാചകം ഈ പ്രദേശത്തുള്ള പഴയപലരുടെയും മനസ്സിലു് ഇപ്പോഴുമുണു്ടു്. കുളത്തൂപ്പുഴനിന്നും നേരിട്ടു് തെ൯മല-ചെങ്കോട്ട-തിരുനെലു്വേലിവഴി അതു് എന്നായാലും മദ്രാസ്സിലു്ത്തന്നെ എത്തുമായിരുന്നു. കുളത്തൂപ്പുഴമുതലു് മടത്തറ-കടയു്ക്കലു്-നിലമേലു്-ചടയമംഗലം-പുനലൂ൪ റൂട്ടിലോടുന്ന പ്രൈവറ്റുബസ്സുകളിലു് കയറുകയുമിറങ്ങുകയും സഞു്ചരിക്കുകയുംചെയ്യുന്ന ജനങ്ങളെ ശ്രദ്ധിച്ചിട്ടുണു്ടോ? എല്ലാം തികഞ്ഞ സഹൃദയ൯മാരാണു്, വലിയൊരുവിഭാഗം എന്തെങ്കിലുമൊരു കല കൈവശമുള്ളവരും. കൊല്ലം ജില്ലയിലെയും കൊട്ടാരക്കര താലൂക്കിലെയും ആ പ്രദേശമേ കലാകാര൯മാരുടെ കൂടാണു്. അവിടെ പെരുമാറുമ്പോളു് അതിലൊരെണ്ണമായിമാറാതെ തരമില്ല. അതായതു് ടെന്നിസ്സണി൯റ്റെ ‘ബ്രൂക്കി’ലെപ്പോലെ ഒറിജിനലു് കാട്ടാറുകളുടെ താളവും സംഗീതവും ശുദ്ധിയും നഗരത്തിനുകൂടി സമ്മാനിച്ച മനുഷ്യ൯! വിഭൂതിഭൂഷണു് ബന്ദോപാധ്യായയുടെ ആരണ്യകം എന്ന നോവലിലു് വിവരിച്ചതരം അനുപമകാനനഭംഗി. അതാണു് ശ്രീ. കുളത്തൂപ്പുഴ രവീന്ദ്ര൯ ഉള്ളിലു്.

2

ശ്രീ. കുളത്തൂപ്പുഴ രവീന്ദ്ര൯റ്റെ ജീവിതരേഖകളായി എഴുതപ്പെട്ടിട്ടുള്ള കുറിപ്പുകളിലെല്ലാം രണു്ടുകാര്യങ്ങളു് പ്രത്യേകം ശ്രദ്ധേയമാണു്. ഒന്നു്, കേരളത്തിലെ എണ്ണപ്പെട്ട ഒരു സംഗീതസംവിധായകനാവുന്നതുവരെയുള്ള അദ്ദേഹത്തി൯റ്റെ ജീവിതത്തെക്കുറിച്ചു് ഒന്നുംതന്നെ രേഖപ്പെടുത്തിക്കണു്ടിട്ടില്ല. ഇതുപോലൊരാളു് പെട്ടെന്നൊരൊറ്റദിവസംകൊണു്ടു് ഇത്തരമൊരു ശ്രദ്ധേയമായ കലാജീവിതത്തിലെത്തില്ലല്ലോ! അയാളു്ക്കു് വ൪ഷങ്ങളു്നീണു്ട ഒരു ബാല്യവും യൗവ്വനവും കൂട്ടുകാരും കലാജീവിതവും തൊഴിലുകളുമൊക്കെ ഉണു്ടായിരുന്നിരിക്കണമല്ലോ!! രണു്ടാമത്തേതു്, സിനിമാ സംഗീതസംവിധായകനായുള്ള ആദ്യകാലങ്ങളിലു് പല തിക്താനുഭവങ്ങളും ക്ഷമയോടെ, സഹനത്തോടെ, സംയമനത്തോടെ അദ്ദേഹം നേരിട്ടു എന്നാണു് എല്ലായിടത്തും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതു്. അവയെന്തെല്ലാമായിരുന്നുവെന്നു് ഏതായാലും അദ്ദേഹംതന്നെപറഞ്ഞു് നമ്മളറിഞ്ഞിട്ടില്ല. എങ്കിലും, മറ്റുപല സമാനകലാകാര൯മാരും പ്രതിഭകളും പിന്നീടു് പറഞ്ഞിട്ടുള്ളതുപോലെയുള്ള കാര്യങ്ങളു് അദ്ദേഹവും നിശ്ചയമായും നേരിട്ടിട്ടുണു്ടാവണം, പ്രത്യേകിച്ചും മലയാളസിനിമാലോകത്തി൯റ്റെ ചരിത്രത്തെക്കുറിച്ചു് അലു്പമൊക്കെ ബോധം നമുക്കുമുള്ളതുവെച്ചുനോക്കുമ്പോളു്. പുതുതായി രംഗത്തുവരുന്ന ഒരു സംഗീതകാര൯റ്റെ ഏറ്റവും ഭീകരവും മനസ്സിനെ ഏറ്റവും ചതയു്ക്കുന്നതുമായ അനുഭവമെന്താണു്? അതു് ത൯റ്റെ സംഗീതം ത൯റ്റെ അറിവോടുകൂടിയാണെങ്കിലും അല്ലെങ്കിലും പ്രശസു്തനായ മറ്റൊരാളുടെപേരിലു് വെള്ളിത്തിരയിലു് പ്രത്യക്ഷപ്പെടുന്നതാണു്. ഒരു തുടക്കക്കാരനെ പ്രേക്ഷക൪ സ്വീകരിക്കുമോ, പടംപൊളിയുമോ എന്നൊക്കെയുള്ള പലഭയങ്ങളും ഇതി൯റ്റെ പുറകിലുണു്ടു്. ആരു് സംഗീതംനലു്കിയാലും ഒരു പ്രശസു്ത൯റ്റെപേരിലു് പുറത്തുവന്നു് ആ ഗാനം പ്രസിദ്ധമായാലു് യഥാ൪ത്ഥകലാകാര൯റ്റെ പേരു് പുറത്തുവന്നില്ലെങ്കിലും യഥാ൪ത്ഥസംഗീതത്തിനുതന്നെയാണല്ലോ ആ അംഗീകാരം. അതോടെ ആ സംഗീതസംവിധായകനെ സിനിമകളു് വിശ്വസിച്ചേലു്പ്പിക്കാമെന്നു് ഉറപ്പാവുകയല്ലേ? പക്ഷേ തുടരെ അങ്ങനെ മറ്റുപലരുടെയുംപേരുകളിലു്ത്തന്നെ വന്നുകൊണു്ടിരുന്നാലോ? ഈ പതിവു് കലാപരിപാടിയായിരുന്നുകാണില്ലേ അദ്ദേഹത്തെ ആദ്യകാലങ്ങളിലു് മഥിച്ചുകൊണു്ടിരുന്നതു്?

3

ഇവിടെ പ്രസക്തമാണെങ്കിലും അല്ലെങ്കിലും മലയാളികളെയാകെ പിടിച്ചുകുലുക്കി കണ്ണീരിലാഴു്ത്തിയ ഒരു ഗാനത്തെക്കുറിച്ചിവിടെ പറയാതിരിക്കാ൯കഴിയില്ല. 1967ലോമറ്റോ ആണെന്നുതോന്നുന്നു, ഈ ലേഖനകാര൯ ഒരു കുട്ടിയായിരുന്നപ്പോളു് സ്വന്തം ഗ്രാമമായ നന്ദിയോട്ടു് പ്രതിഭാ തീയറ്റേഴു്സ്സു് സ്വന്തമായി അവതരിപ്പിക്കാ൯ തയാറെടുത്തുകൊണു്ടിരുന്ന ഒരു നാടകത്തി൯റ്റെ റീഹേഴു്സ്സലു് കാണാ൯ പോയി. ഇന്നത്തെ പ്രശസു്ത ടി. വി. സീരിയലു്/സിനിമാ ആക്ട൪ സഹോദര൯മാരായ കൃഷു്ണകുമാ൪/കിച്ചുമാരുടെ പച്ചയിലെ വീട്ടിന്നടുത്തു് അവരുടെ ഒരു ബന്ധുവായ ശ്രീ. ശങ്കര൯കുട്ടി സാറി൯റ്റെ വീട്ടി൯റ്റെ കളപ്പുരയിലായിരുന്നു റീഹേഴു്സ്സലു്. (ശങ്കര൯കുട്ടി സാ൪ മറ്റുരണു്ടധ്യാപകരായ ശ്രീ. കെ. പി. രവീന്ദ്ര൯നായ൪ സാറിനോടും ശ്രീ. നെയ്യപ്പള്ളി പി. അപ്പുക്കുട്ട൯നായ൪ സാറിനോടുമൊപ്പം പിന്നീടു് അടിയന്തരാവസ്ഥാ തടവുകാരനായിരുന്നു). ശങ്കര൯കുട്ടി സാ൪ എഴുതിയെന്നു് ഈ ലേഖനകാര൯ വിശ്വസിക്കുന്ന ഒരു ഗാനത്തി൯റ്റെ റീഹേഴു്സ്സലായിരുന്നു ആ രാത്രിയിലു് അപ്പോളു്. സംഗീതംനലു്കി ആലപിക്കുന്ന അധ്യാപകനായിരുന്ന ശ്രീ. ആവണീശ്വരം രാമചന്ദ്ര൯ സാറും പച്ച പാലുവള്ളിയിലു്ത്തന്നെ അക്കാലത്തെവിടെ സു്ക്കൂളിലു് ജോലിയായി താമസിച്ചിരുന്നു, അപ്പോളു് അവിടെയുണു്ടായിരുന്നു. ആ വരികളും അന്നവിടെക്കേട്ട ആ സംഗീതവും ഇപ്പോഴും ഇത്രയുംവ൪ഷംകഴിഞ്ഞിട്ടും മനസ്സിലു് നിലു്ക്കുന്നുണു്ടു്, അതോടൊപ്പം ജയദേവനെന്ന മറ്റൊരു പ്രൈമറിസ്സു്ക്കൂളധ്യാപക൯ ആ രംഗം അഭിനയിക്കുന്നതും. വ൪ഷങ്ങളു്കഴിഞ്ഞു് ആ ഗാനം അതേവരികളിലു് അതേസംഗീതത്തിലു് രാമചന്ദ്ര൪സാറല്ല മറ്റൊരാളു്പാടി റെക്കാ൪ഡുചെയു്തു് കാസറ്റിലായി വീണു്ടുംകേട്ടു. ഏതാണെന്നറിയുമോ ആ ഗാനം? 'ഒരു കരിമൊട്ടി൯റ്റെ കഥയാണു് നീ!'

'അലയും കാറ്റി൯ ഹൃദയം, അരയാലു്ക്കൊമ്പിലു് തേങ്ങി' എന്ന പാട്ടു് താങ്കളു് വളരെക്കാലം ആസ്വദിച്ചുകാണുമല്ലോ, മിക്കവാറും ഇന്നും അതു് താങ്കളെ എന്തി൯റ്റെയോ രോമാഞു്ചംകൊണു്ടു് മൂടുന്നുണു്ടാവണമല്ലോ? അതാണു് വിഭൂതിഭൂഷണു് ബന്ദോപാധ്യായയുടെ ആരണ്യകം എന്ന നോവലിലു് വിവരിച്ചതരം അനുപമകാനനഭംഗി. അതാണു് ശ്രീ. കുളത്തൂപ്പുഴ രവീന്ദ്ര൯ ഉള്ളിലു്. ആ അരയാലിപ്പോഴും അവിടുണു്ടെന്നുപറഞ്ഞാലു് വിശ്വസിക്കുമോ, വരി ആരുതന്നെയെഴുതിയതാണെങ്കിലും? (ഈ പാട്ടിനെക്കുറിച്ചുതന്നെ ഇവിടെപ്പറഞ്ഞതിനൊരു കാരണമുണു്ടു്, അതുപക്ഷേ വിവരിക്കാ൯ ഉദ്ദേശിക്കുന്നില്ല. അതു് സിനിമയിലു് കൈതപ്രം, എസ്സു്. പി. വെങ്കിടേഷു് എന്നീ പേരുകളുമായി ബന്ധപ്പെട്ടായിരുന്നുവെന്നും അറിയാം). നിലമേലു്വെച്ചൊരു പ്രൈവറ്റുബസ്സുകണു്ടക്ട൪ അന്നൊരു ട്യൂഷ൯മാഷായിരുന്നു ഈ ലേഖകനു് ഒരു കുട്ടിവഴി അതിമനോഹരമായൊരു പാട്ടി൯റ്റെ കാസ്സെറ്റു് കൊടുത്തുവിട്ടതു് തികച്ചും വ്യക്തിപരമായ അനുഭവമായതിനാലും ആ പാട്ടി൯റ്റെയും സൃഷ്ട്യവകാശം ആ൪ക്കാണെന്നതിലൊരു ത൪ക്കത്തിനുകാരണമാകുമെന്നതുകൊണു്ടും ഇവിടെപ്പറയുന്നില്ല.

Written and first published on: 06 January 2020

Included in the book, Raashtreeya Lekhanangal Part VII
https://www.amazon.com/dp/B0865MN76J





 
 
 
 

 

No comments:

Post a Comment