Saturday 24 August 2019

171. കേഡ൪പ്പാ൪ട്ടിയെ ബഹുജനപ്പാ൪ട്ടിയാക്കിമാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു് കേഡ൪പ്പാ൪ട്ടിയുടേതുതന്നെ തുടരുന്നതല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രശു്നങ്ങളു്ക്കു് കാരണം?

171

കേഡ൪പ്പാ൪ട്ടിയെ ബഹുജനപ്പാ൪ട്ടിയാക്കിമാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു് കേഡ൪പ്പാ൪ട്ടിയുടേതുതന്നെ തുടരുന്നതല്ലേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ പ്രശു്നങ്ങളു്ക്കു് കാരണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

  Article Title Image By Dimitri Svetsikas1969. Graphics: Adobe SP.

കേഡ൪പ്പാ൪ട്ടികളും ബഹുജനപ്പാ൪ട്ടികളും തമ്മിലുള്ള വ്യത്യാസങ്ങളും നേതൃത്വത്തിനു് ക്രിമിനലു്ജീവിതം തുടരുന്നതിനുള്ള സൗകരൃങ്ങളും

ലോകത്തിലെതന്നെ ഏറ്റവുംവലിയ ജനാധിപത്യപ്പാ൪ട്ടികളിലൊരെണ്ണമാണു് ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സു്. ഇ൯ഡൃമുഴുവ൯ എന്തുമാത്രം അംഗങ്ങളു്, എത്ര സു്റ്റേറ്റുകളിലു് ഭരണം, എത്ര ദശാബ്ദങ്ങളു് തുട൪ച്ചയായി രാജ്യഭരണം! ഇതൊക്കെക്കണു്ടു് ആളില്ലാതെ ഒണങ്ങിയൊണങ്ങിക്കിടന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കു് കൊതിയായി. എങ്ങനെ അതുപോലെയുള്ള ഒരു വലിയ ആളു്ക്കൂട്ടമായി വളരാം? കോണു്ഗ്രസ്സിനെ നിലനി൪ത്തിയതും വള൪ത്തിയതും അതി൯റ്റെ ജനാധിപത്യ ബഹുജനസ്വഭാവമാണു്. അതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ആരോടുംചോദിക്കാതെ ഒരു ബഹുജനപ്പാ൪ട്ടിയായിമാറാ൯ തീരുമാനിച്ചു. ആ൪ക്കുവേണമെങ്കിലും മെമ്പ൪ഷിപ്പെടുക്കാം, നേതാവാകാം, മന്ത്രിവേണമെങ്കിലുമാകാം. കോണു്ഗ്രസ്സി൯റ്റെ മലപ്പുറം ഡീസീസ്സീ പ്രസിഡ൯റ്റായിരുന്ന ടി. കെ. ഹംസയു്ക്കു് കോണു്ഗ്രസ്സു് സീറ്റുകൊടുക്കാതെ സ്വതന്ത്രനായി മത്സരിച്ചപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അങ്ങോട്ടുചെന്നു് മാ൪കു്സ്സിസ്സു്റ്റുസ്വതന്ത്രനാക്കി മത്സരിപ്പിച്ചു, വിജയിപ്പിച്ചു. അടുത്തതവണ സീറ്റുംകൊടുത്തു, മന്ത്രിയുമാക്കി. ഹംസയിപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മഹാനേതാവു്! അതുപോലെ എത്രയോപേ൪! ആ൪ക്കും മെമ്പ൪ഷിപ്പുകൊടുക്കാനുള്ള പാ൪ട്ടിയുടെ തീരുമാനം ഒരു വ൯വിജയമായിരുന്നു. പാ൪ട്ടി ഒരു വ൯ ആളു്ക്കൂട്ടമായിമാറി, കേരളത്തിലു് കോണു്ഗ്രസ്സിനേക്കാളു് വലിയ ആളു്ക്കൂട്ടം.

ബഹുജനപ്പാ൪ട്ടിയായി മാറിയെങ്കിലും കോണു്ഗ്രസ്സിലെപ്പോലെ ജനാധിപത്യമൊന്നും പാ൪ട്ടിയിലു് വന്നില്ല. കോണു്ഗ്രസ്സിലു് നേതാക്ക൯മാ൪ക്കു് പരസ്സു്പരം പോരാടി പ്രസു്താവനയിറക്കാം, പത്രസമ്മേളനംപോലുംവിളിക്കാം, ആശയസംവാദംനടത്താം. അങ്ങനെ പാ൪ട്ടിക്കകത്തും പുറത്തുമായി നടക്കുന്ന ആശയസമാഹരണത്തിലൂടെ, അനുകൂല-പ്രതികൂല ച൪ച്ചകളിലൂടെ, അഭിപ്രായസമന്വയത്തിലൂടെ, ജനങ്ങളുടെ മു൯കൂട്ടിയുള്ള അറിവോടെ അതാതുവിഷയങ്ങളിലു് കോണു്ഗ്രസ്സു്പ്പാ൪ട്ടി ഒടുവിലൊരു തീരുമാനത്തിലെത്തുന്നു. അതുകൊണു്ടുതന്നെ ആ തീരുമാനങ്ങളു് പൊടുന്നനെ പ്രത്യക്ഷപ്പെട്ടു് ജനങ്ങളെ ഞെട്ടിക്കുന്നുമില്ല, അവയു്ക്കു് ജനങ്ങളുടെ പൂ൪ണ്ണപിന്തുണ പൊതുവേ ഉണു്ടായിരിക്കുകയുംചെയ്യും. കേഡ൪പ്പാ൪ട്ടികളിലു് ഇങ്ങനെ പരസ്സു്പരം പോരാടി പ്രസു്താവനയിറക്കുകയോ പത്രസമ്മേളനം വിളിക്കുകയോ പരസ്യമായി ആശയച൪ച്ചനടത്തുകയോ ചെയു്താലു് അന്നു് പാ൪ട്ടിക്കുപുറത്താണു്. ബഹുജനപ്പാ൪ട്ടികളിലു്നിന്നു് വ്യത്യസു്തമായി അതാണു് കേഡ൪പ്പാ൪ട്ടികളിലെ അച്ചടക്കനിയമം.

കേഡ൪പ്പാ൪ട്ടികളിലു് പാ൪ട്ടിയുടെ ആശയങ്ങളു്ക്കും ഉദ്ദേശങ്ങളു്ക്കും തത്വങ്ങളു്ക്കും മൂല്യബോധത്തിനും പാ൪ട്ടിപ്പരിപാടികളു്ക്കും അനുസൃതമായി ഒരു അംഗത്തെ വ൪ഷങ്ങളെടുത്തു് ഒരു മൂശയിലെന്നപോലെ വാ൪ത്തെടുക്കുന്നു. അയാളെയാണു് ഒരു പാ൪ട്ടിക്കേഡറെന്നു് പറയുന്നതു്. അയാളു് കാലുമാറുകയോ വഞു്ചിക്കുകയോ ഒരു ദൗത്യത്തിലു് വീഴു്ച്ചവരുത്തുകയോ ചെയ്യുന്നതെക്കുറിച്ചു് ചിന്തിക്കാ൯പോലുമാകില്ല: അങ്ങനെ ക൪ക്കശപരിശീലനം നലു്കിയവരെവെച്ചുണു്ടാക്കിയ പാ൪ട്ടിയായതുകൊണു്ടാണു് അതിനെ കേഡ൪പ്പാ൪ട്ടിയെന്നു് പറയുന്നതു്.

കേഡ൪പ്പാ൪ട്ടികളിലു് അനുരൂപമായ സ്വഭാവവും പെരുമാറ്റവുമുള്ളവ൪ക്കേ മെമ്പ൪ഷിപ്പു് നലു്കുകയുള്ളൂ. കേഡ൪ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളിലു് ആദ്യം ഗ്രൂപ്പു് മെമ്പ൪ഷിപ്പു് ലഭിക്കും. ആ ഗ്രൂപ്പിലു് മൂന്നോനാലോ കൊല്ലം നല്ല സേവനം നടത്തിയാലു് ക്യാ൯ഡിഡേറ്റു് മെമ്പ൪ഷിപ്പു് ലഭിക്കും. അപ്പോഴും അയാളു് വെറുമൊരു താതു്ക്കാലികക്കാരനായ ക്യാ൯ഡിഡേറ്റു്, അതായതു് സ്ഥാനാ൪ത്ഥി, മാത്രമാണു്, കാരണം അയാളുടെ വിശ്വസു്തത ഇനിയുമളന്നിട്ടില്ല. കൊളളാമെങ്കിലു് കുറേക്കാലം കഴിയുമ്പോളു് ബ്രാഞു്ചിലു് വരും. അപ്പോളാണയാളു് യഥാ൪ത്ഥത്തിലു് ഒരു മെമ്പറാകുന്നതു്. അതുകഴിഞ്ഞു്, അതിനുംമാത്രം കാര്യക്ഷമതയുണു്ടെങ്കിലു്മാത്രം, ലോക്കലു് കമ്മിറ്റിയിലു് വരും. താലൂക്കു്കമ്മിറ്റി, ജില്ലാക്കമ്മിറ്റി, സംസ്ഥാനക്കമ്മിറ്റി, കേന്ദ്രക്കമ്മിറ്റി എന്നിവയിലേക്കുള്ള അംഗത്വം തൊട്ടുകീഴിലുള്ള ഓരോ കമ്മിറ്റിയിലും മൊത്തമുള്ള അംഗത്വത്തിനനുസരിച്ചു് അവരുടെ ആനുപാതികമായ പ്രതിനിധികളു്ക്കു് മാത്രമാണു്- മണിയടിച്ചല്ല. സംസ്ഥാന-ജില്ലാ സെക്രട്ടേറിയറ്റുകളു്, പോളിറ്റു് ബ്യൂറോ എന്നീ അപഹാസ്യവും പാ൪ട്ടിവിരുദ്ധവുമായ അലങ്കാരതലങ്ങളെല്ലാം അധികാരക്കൊതിയ൯മാരായ അലു്പ്പ൯മാ൪ തന്നെത്തന്നെ ഇരുത്താ൯വേണു്ടി പിന്നീടുണു്ടാക്കിയതാണു്. പിന്നെ പാ൪ട്ടിക്കാ൪ഡ്ഡെന്നൊരു കാര്യം- അങ്ങനെയൊരെണ്ണത്തെക്കുറിച്ചു് കേഡ൪പ്പാ൪ട്ടികളിലു് കേട്ടുകേളു്വിപോലുമില്ല. കാരണമെന്താണെന്നോ? വേശ്യാലയത്തിലു്നിന്നും മദ്യഷാപ്പിലു്നിന്നും പിന്നീടവ കണു്ടെത്തുന്നതിനെക്കുറിച്ചു് കേഡ൪പ്പാ൪ട്ടികളു്ക്കു് ചിന്തിക്കാ൯പോലും കഴിയില്ല.

ഒരു കേഡ൪പ്പാ൪ട്ടിയിലു് നിങ്ങളു് അംഗമാണെന്നു് ഏതെങ്കിലും രേഖയുപയോഗിച്ചു് നിങ്ങളു്ക്കു് എവിടെയെങ്കിലും തെളിയിക്കാ൯ കഴിയുമോ? ഒരിക്കലുമില്ല. കാരണം, നിങ്ങളുടെ അംഗത്വം സംബന്ധിച്ച രേഖപ്പെടുത്തലുകളു് പാ൪ട്ടിയുടെ കൈയ്യിലു് മാത്രമാണു്. നിങ്ങളുടെ കൈയ്യിലു് ഒന്നുംതന്നെ കാണുകയില്ല. നിങ്ങളു് വ൪ഷംതോറും ലെവിയടയു്ക്കുണു്ടെങ്കിലു് അതിനുള്ള രേഖയും പാ൪ട്ടിയുടെ കൈയ്യിലു് മാത്രമാണു്. അതടച്ചതിനുള്ള രസീതും കിട്ടുകയില്ല. വാസു്തവത്തിലു് അങ്ങനെയൊരെണ്ണം അച്ചടിച്ചുവെച്ചിട്ടുപോലുമുണു്ടാകില്ല. സകല രേഖപ്പെടുത്തലുകളും അയാളു് അംഗമായിട്ടുള്ള കമ്മിറ്റിയുടെ മിനിറ്റു്സ്സു് ബുക്കുകളിലു് മാത്രമാണു്. പാ൪ട്ടി അണു്ട൪ഗ്രൗണു്ടിലു്പ്പോവുകയോ ഗുരുതരമായ മറ്റുപ്രതിസന്ധികളു് നേരിടേണു്ടിവരുകയോ ചെയ്യുകയാണെങ്കിലു് ആദ്യം ഒളിപ്പിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നതും ഈ മിനിറ്റു്സ്സുബുക്കാണു്- ആ ഒരെണ്ണംമാത്രം നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയു്താലു്മാത്രംമതി. പെട്ടെന്നൊരു താവളം വെക്കേറ്റുചെയ്യാനും അതുതന്നെയാണുപയുക്തം.

നിങ്ങളു്ചെയ്യുന്ന ജോലിക്കു് ഒരു കേഡ൪പ്പാ൪ട്ടി നിങ്ങളു്ക്കു് ശമ്പളമോ അലവ൯സോ യാത്രാബത്തപോലുമോ നലു്കുമോ? അതുമില്ല. നിസ്സ്വാ൪ത്ഥസേവനമാണു് നിങ്ങളിലു്നിന്നും പാ൪ട്ടി അവകാശപ്പെടുന്നതു്. 'പാ൪ട്ടിയുടെ ആശയങ്ങളു്ക്കും ഉദ്ദേശങ്ങളു്ക്കും തത്വങ്ങളു്ക്കും മൂല്യബോധത്തിനും പാ൪ട്ടിപ്പരിപാടികളു്ക്കും അനുസൃതമായ അനുരൂപമായ സ്വഭാവവും പെരുമാറ്റവും' നിങ്ങളു്ക്കുണു്ടെന്നു് അംഗത്വമാവശ്യപ്പെട്ട നിങ്ങളു്ക്കും അതംഗീകരിച്ച പാ൪ട്ടിക്കും ബോധ്യമുള്ളതുകൊണു്ടല്ലേ നിങ്ങളു് ഒരു കേഡ൪പ്പാ൪ട്ടിയിലു് അംഗമായതു്? പിന്നെന്തിനാണു് കൂലി? നിങ്ങളു്പിന്നെ എങ്ങനെ ജീവിക്കും, എങ്ങനെ പാ൪ട്ടിവിടും? ജോലിചെയു്തുതന്നെ ജീവിക്കും, ജോലിചെയു്തുതന്നെ പാ൪ട്ടിവിടേണു്ടിവരുമെന്നു് മറുപടി!

കീഴു്ക്കമ്മിറ്റികളിലു്നിന്നും മേലു്ക്കമ്മിറ്റികളിലേക്കു് ഒരു കേഡ൪പ്പാ൪ട്ടിയിലു് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു് എങ്ങനെയാണു്? കീഴു്ക്കമ്മിറ്റിയിലെ അംഗബലത്തിനനുസരിച്ചു് എത്ര പ്രതിനിധികളെ അയക്കാമോ, കീഴു്ക്കമ്മിറ്റി കൂടുമ്പോളു് അത്രയുംപേരെ ഒന്നിനുപുറകേയൊന്നായി ഓരോരുത്തരുടെ പേരും ആരെങ്കിലും നി൪ദ്ദേശിച്ചു് കൈപൊക്കി വോട്ടിനിട്ടു് അതെണ്ണിപ്പാസ്സാക്കി തെരഞ്ഞെടുത്തയക്കുന്നു. ലോക്കലു്ക്കമ്മിറ്റിമുതലു് കേന്ദ്രക്കമ്മിറ്റിവരെയും ഇതുതന്നെയാണു് സ്ഥിതി, ഇതുതന്നെയാണു് രീതി. രഹസ്യബാലറ്റും കൃത്രിമവുമൊന്നുമില്ല, പാ൪ട്ടിക്കുള്ളിലു് എല്ലാം പരസ്യമാണു്- ആരൊക്കെയാണു് ആ൪ക്കൊക്കെവേണു്ടിയാണു് കൈപൊക്കിയതെന്നതടക്കം. നേതൃത്വം സ്വന്തം പ്രേമഭാജങ്ങളുടെയും സ്വന്തം പിടിച്ചുവെയു്പ്പുകാരുടെയും പേരുകളടങ്ങുന്ന ഒരു പാനലു് കൊണു്ടുവന്നിട്ടു് അതിനെ മൊത്തമായി തെരഞ്ഞെടുക്കാനോ അതിനെ മൊത്തമായി തള്ളിക്കളഞ്ഞു് പുതിയൊരു പാനലിനെ നി൪ദ്ദേശിക്കാനോ ആവശ്യപ്പെടാ൯ ഒരു കേഡ൪പ്പാ൪ട്ടിയിലു് കഴിയില്ല. അങ്ങനെ ഒരു കമ്മിറ്റിയോടു് ആവശ്യപ്പെടുന്നതു് ഒരു കേഡ൪പ്പാ൪ട്ടിയിലു് ബീഭത്സമായ ഒരു ഉളു്പ്പാ൪ട്ടിജനാധിപത്യദ്ധ്വംസനമാണു്. അങ്ങനെ ഒരു കേഡ൪പ്പാ൪ട്ടിയിലു് നടക്കുന്നതായിക്കാണുന്നുണു്ടെങ്കിലു് അതു് എന്നേ ഒരു കേഡ൪പ്പാ൪ട്ടിയല്ലാതായിമാറിക്കഴിഞ്ഞു!

നിയമസഭകളും പാ൪ലമെ൯റ്റും ഭരണവുമൊക്കെസ്സംബന്ധിച്ച കേഡ൪പ്പാ൪ട്ടികളുടെ നിലപാടുകളും കാഴു്ച്ചപ്പാടുകളുമെല്ലാം അപൂ൪ണ്ണമാണു്, അവ്യക്തമാണു്, കാരണം അവയൊന്നും (കമ്മ്യൂണിസ്സു്റ്റു്) കേഡ൪പ്പാ൪ട്ടികളിലു് സങ്കലു്പ്പിക്കപ്പെട്ടിട്ടുള്ളവയല്ല. കേഡ൪പ്പാ൪ട്ടിസ്സ്വഭാവമനുസരിച്ചു് പാ൪ട്ടിയുടെ സ൪വ്വാധിപത്യമേയുള്ളൂ. എങ്കിലും, ഒരു ബൂ൪ഷ്വാ പാ൪ലമെ൯റ്ററി സെറ്റപ്പിനുള്ളിലു് രാജ്യത്തു് ഒരു തെരഞ്ഞെടുപ്പിലു് പങ്കെടുക്കേണു്ടിവന്നാലോ? ആരായിരിക്കും പാ൪ട്ടിയുടെ പ്രതിനിധിയായി മത്സരിക്കുന്നതു്? അതാതു് പ്രദേശത്തെ പാ൪ട്ടിയുടെ ഏറ്റവും സീനിയ൪ നേതാവുതന്നെ, സംശയമെന്തു്! തെരഞ്ഞെടുപ്പു് പ്രചാരണത്തിലൂടെ പാ൪ട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിലാണു് ഊന്നലു്. ജയിച്ചാലു് അതൊരു ബോണസ്സു്. അങ്ങനെയെങ്കിലു് പാ൪ട്ടിയുടെ സന്ദേശം നിയമസഭയിലും പാ൪ലമെ൯റ്റിലുംകൂടി എത്തിക്കാമെന്നുമാത്രം. അംഗസംഖ്യാപരിമിതിയും വിഭവശേഷിക്കുറവും എതി൪വശത്തു് തിരയടിക്കുന്ന ജാതിമതസാമ്പത്തികതരംഗങ്ങളും കാരണം തോറ്റുപോയാലും പാ൪ട്ടിക്കൊന്നുമില്ല. ഈ തരംഗങ്ങളെ അതിജീവിക്കാനായി സീനിയ൪ പ്രാദേശികനേതാവിനെ മത്സരിപ്പിക്കുന്നതിനുപകരം ജാതിമതസാമ്പത്തികമു൯വിധികളെ ചൂഷണംചെയു്തു് വിജയിക്കാ൯പറ്റിയ മറ്റൊരാളെ ഇറക്കുമതിചെയു്തു് സ്ഥാനാ൪ത്ഥിയാക്കുന്നതു് ഒരു കേഡ൪പ്പാ൪ട്ടിയിലു് അസാദ്ധ്യം. രാജ്യത്തെ സിവിലു് നിയമങ്ങളു്ക്കുപോലും വഴങ്ങാതിരിക്കാനായി പാ൪ട്ടിയാപ്പീസ്സുകളു് തുടങ്ങിയ സ്വത്തുക്കളു്പോലും സമ്പാദിക്കുന്നതിലു്നിന്നു് ഒഴിഞ്ഞുനിലു്ക്കുന്ന കേഡ൪പ്പാ൪ട്ടി, മഹാനായ സഖാവു് ലെനി൯ പറഞ്ഞതുപോലെ അദ്ധ്വാനിക്കാത്തവ൪ക്കു് ആഹാരം കൊടുക്കരുതെന്നും എന്തെങ്കിലും ജോലിചെയു്തുജീവിക്കാത്ത ഒരുത്തനെയും പാ൪ട്ടിയിലു് വേണു്ടെന്നും പാ൪ട്ടിപ്പ്രവ൪ത്തനം ഒരു ജോലിയാണെന്നു് ചിന്തിക്കുന്നവ൯ പാ൪ട്ടിസ്സഖാവല്ല പാ൪ട്ടിയുടെ ശത്രുവാണെന്നും പഠിപ്പിക്കുന്ന കേഡ൪പ്പാ൪ട്ടി, ജനപ്പ്രതിധികളെയുണു്ടാക്കി അവ൪ക്കു് ശമ്പളവും അലവ൯സ്സും കാറും വീടും സു്റ്റാഫും പെ൯ഷനും യാത്രാസൗജന്യങ്ങളുമൊക്കെ നലു്കുന്നതു് സങ്കലു്പിക്കാതിരുന്നതിലു് അത്ഭുതമുണു്ടോ?

പാ൪ട്ടിക്കു് ട്രേഡു് യൂണിയനുകളുണു്ടെങ്കിലു് ആരായിരിക്കുമതി൯റ്റെ സെക്രട്ടറി? ആ തൊഴിലു്മേഖലയിലു് ഏറ്റവുംകൂടുതലു് വ൪ഷം പ്രവ൪ത്തിച്ച തൊഴിലാളിതന്നെ. ചുമട്ടുതൊഴിലാളികളുടെ നേതാവു് വിയ൪ത്തൊലിച്ചു് ചുമടെടുക്കുന്നവ൯. തോട്ടംതൊഴിലാളികളുടെ നേതാവു് കൊതുകുകടികൊണു്ടു് കൊളുന്തുനുള്ളുന്നവ൯. മണലൂറ്റുതൊഴിലാളികളുടെ നേതാവു് രാപകലു് തണുത്തവെള്ളത്തിലിറങ്ങി മുങ്ങിനിന്നു് ചെവിയിലും മൂക്കിലും മണലുംകയറ്റി മണലുവാരിയെടുക്കുന്നവനും വള്ളത്തിലേക്കു് മറിക്കുന്നവനും ലോഡുംകൊണു്ടു് തുഴഞ്ഞുപോകുന്നവനും. ജീവിതത്തിലൊരിക്കലും ആറ്റിലിറങ്ങിയിട്ടില്ലാത്ത ഒരുത്ത൯ മണലൂറ്റു് തൊഴിലാളികളുടെ നേതാവാകുന്നതിനെക്കുറിച്ചു് കേഡ൪പ്പാ൪ട്ടികളിലു് ചിന്തിക്കാ൯പോലുമാവില്ല. തോട്ടംതൊഴിലാളികളുടെ നേതാവു് ഒരു കറുത്ത ബാഗുംകൊണു്ടുനടന്നു് മുതലാളിമാരുടെ വീടുകളിലു് കയറിയിറങ്ങി മാസംതോറും ലക്ഷക്കണക്കിനു് രൂപയുംകൊണു്ടു് വീട്ടിലു്പ്പോകുന്നതു് കേഡ൪പ്പാ൪ട്ടികളിലു് അസംഭവ്യം. രാവിലെ കുളിച്ചു് കുറിയും പൗഡറുമിട്ടു്, തേച്ച തൂവെള്ളക്കുപ്പായമിട്ടു്, നഖം മാനിക്യൂ൪ചെയു്തു് പാദം പ്യൂമാസ്സു്റ്റോണുമുരച്ചു്, റോഡിലേക്കിറങ്ങുമ്പോളു് എതിരേവരുന്നവ൯ 'ഇപ്പോളെന്തുചെയ്യുന്നു' എന്നു് ചോദിച്ചാലു് 'ഞാനിപ്പോളു് ഹെഡു്ലോഡു് ആ൯ഡു് ജനറലു് വ൪ക്കേഴു്സ്സു് യൂണിയ൯റ്റെ സെക്രട്ടറി'യെന്നു് പറയുന്നതു് കേഡ൪പ്പാ൪ട്ടികളിലു് സ്വപു്നലോകത്തുമാത്രം.

മെമ്പ൪ഷിപ്പി൯റ്റെ കാര്യത്തിലും, മേലു്ക്കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പി൯റ്റെ കാര്യത്തിലും, പരസ്യമായി ജനങ്ങളു്ക്കുമുമ്പിലുള്ള ആശയസംവാദത്തി൯റ്റെ കാര്യത്തിലും, ജോലിയൊന്നുംചെയ്യാതെ മറ്റുള്ളവരെ ചൂഷണംചെയു്തു് ജീവിക്കുന്ന കാര്യത്തിലും, പാ൪ലമെ൯റ്ററി രാഷ്ട്രീയത്തിലു്നിന്നുള്ള ആനുകൂല്യങ്ങളും സുഖങ്ങളും കൈപ്പറ്റുന്നകാര്യത്തിലും, ജാതിമതസാമ്പത്തികസ്സ്വാധീനങ്ങളെ തങ്ങളു്ക്കനുകൂലമായി ഉപയോഗിക്കുന്ന കാര്യത്തിലും, ട്രേഡു് യൂണിയനുകളുണു്ടാക്കുകയും കൊണു്ടുനടക്കുകയും ചെയ്യുന്നകാര്യത്തിലുമെല്ലാം, കേഡ൪പ്പാ൪ട്ടികളിലു്നിന്നും തികച്ചും വ്യത്യസു്തമായി ബഹുജനപ്പാ൪ട്ടികളിലു് കാര്യങ്ങളു് വളരെവളരെ ലിബറലാണു്. മെമ്പ൪ഷിപ്പി൯റ്റെ കാര്യത്തിലു് കേഡ൪പ്പാ൪ട്ടികളിലു് ക്വാളിറ്റി ഓറിയ൯റ്റേഷനാണെങ്കിലു്, അതായതു് ഗുണമേ൯മയാണു് കണക്കിലെടുക്കുന്നതെങ്കിലു്, ബഹുജനപ്പാ൪ട്ടികളിലതു് ക്വാണു്ടിറ്റി ഓറിയ൯റ്റേഷനാണു്, അതായതു് അംഗസംഖ്യക്കാണു് മു൯ഗണന. ബഹുജനപ്പാ൪ട്ടികളിലു് അംഗങ്ങളാകുന്നതിനോ, ഒരു പൊതുപാ൪ട്ടിപ്പരിപാടിയുമായി തത്വത്തിലു്, പൊതുവേ, യോജിപ്പു് പ്രകടിപ്പിക്കണമെന്നേയുള്ളൂ.

ഈ എല്ലാ കാര്യങ്ങളിലും ഒരു കേഡ൪പ്പാ൪ട്ടിയുടെ സ്വഭാവപ്രത്യേകതകളു്മുഴുവ൯ ഒരെണ്ണമൊഴികെ ഏകപക്ഷീയമായി സ്വയം തിരസ്സു്ക്കരിച്ചു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ഒരു ബഹുജനപ്പാ൪ട്ടിയുടെ സ്വഭാവപ്രത്യേകതകളു് എന്നേ സ്വീകരിച്ചുകഴിഞ്ഞുവെന്നു് വ്യക്തമല്ലേ? അച്ചടക്കനിയമങ്ങളാണു് ആ അവശേഷിക്കുന്ന ഒരെണ്ണം. ആ പാ൪ട്ടിയിലെ അച്ചടക്കനിയമങ്ങളു് പക്ഷേ കേഡ൪പ്പാ൪ട്ടിയുടേതുതന്നെയായി ഇന്നും തുടരുകയാണു്. അവ മാറ്റാനുള്ള ദശാബ്ദങ്ങളിലൂടെയുള്ള സമ്മ൪ദ്ദം ഈപ്പാ൪ട്ടിയുടെ പിന്തിരിപ്പ൯നേതൃത്വം ചെറുത്തുവരികയാണു്. എന്തിനാണു് ഒന്നൊഴികെ മുഴുവ൯ കാര്യങ്ങളിലും ആരോടും ചോദിക്കാതെ ഒരു കേഡ൪പ്പാ൪ട്ടിയെ ഒരു ബഹുജനപ്പാ൪ട്ടിയാക്കി മാറ്റിയിട്ടു് അച്ചടക്കനിയമങ്ങളു്മാത്രം ഒരു കേഡ൪പ്പാ൪ട്ടിയുടേതുതന്നെയായി നിലനി൪ത്തിയിരിക്കുന്നതു്? അതല്ലേ ഈ പാ൪ട്ടിയിലെ മുഴുവ൯ പ്രശു്നങ്ങളു്ക്കും കാരണം? വാസു്തവത്തിലു് അതല്ലാതെ ഒറ്റയൊരു പ്രശു്നമെങ്കിലും വേറെയുണു്ടോ?

മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് ഒരു ബഹുജനപ്പാ൪ട്ടിയുടെ അച്ചടക്കനിയമങ്ങളു് കടന്നുവരുമ്പോളു് എന്തൊക്കെസ്സംഭവിക്കും? പരസ്യപ്പ്രസു്താവയിറക്കിയും പത്രസമ്മേളനംനടത്തിയും പരസു്പരം എതി൪ത്തു് ആശയസംവാദംനടത്തുന്ന ഓരോരുത്തരുടെയും ആശയഗതികളെന്തൊക്കെയെന്നു് ജനങ്ങളു് മുഴുവനറിയും, അല്ലെങ്കിലു് മാധ്യമങ്ങളു് അറിയിക്കും. ആ ഓരോ ആശയഗതിയും ചായക്കടകളിലും കടത്തിണ്ണകളിലും ആലു്മരച്ചോടുകളിലും ചായയുംകുടിച്ചിരുന്നു് പത്രവുംവായിച്ചു് ജനങ്ങളു് കൂടിയിരുന്നു് ച൪ച്ചചെയ്യും, പാ൪ട്ടിയാപ്പീസ്സുകളിലു് നേതാക്ക൯മാ൪ ചായയും(?)കുടിച്ചു് അണു്ടിയും കൊറിച്ചു് കൂടിയിരുന്നു് ച൪ച്ചചെയ്യുന്നപോലെത്തന്നെ, അതും അതിനേക്കാളു് ഏകാഗ്രമായും നിഷു്പക്ഷമായും.

തീരുമാനങ്ങളു് നഗരത്തിലു് ഏ. കേ. ജീ. സെ൯റ്ററിലു്നിന്നും ഇങ്ങോട്ടുവരുകയല്ല, ഗ്രാമങ്ങളിലു് കടവരാന്തകളിലു്നിന്നും നഗരത്തിലേക്കു് അങ്ങോട്ടുചെല്ലും- മാ൪കു്സ്സും ഏംഗലു്സ്സും ലെനിനും ട്രോടു്സ്സു്ക്കിയും ലിയൂ ഷാവോ ചീ-യും മാവോയും ചെ-ഗുവേരയും കാസ്സു്ട്രോയുമെല്ലാം അഭിലഷിച്ചപോലെത്തന്നെ- ഗ്രാമങ്ങളിലു്നിന്നും നഗരങ്ങളിലേക്കു്! ഭരണത്തിലുണു്ടെങ്കിലു് ഇ൯റ്റല്ലിജ൯സ്സതു് റിപ്പോ൪ട്ടുചെയ്യും- കടവരാന്തകളിലെന്താണു് ച൪ച്ചനടക്കുന്നതെന്നു്. ഭരണത്തിലില്ലെങ്കിലു് ജനഹിതമെന്തെന്നു് ഗ്രാസ്സു്റൂട്ടു് ലെവലിലുള്ള സഖാക്കളു് കമ്മിറ്റികളിലൂടെ റിപ്പോ൪ട്ടയക്കും. ഇതൊന്നുമില്ലെങ്കിലും മാധ്യമങ്ങളിലു്നിന്നതു് വായിച്ചറിയാം.

ബഹുജനപ്പാ൪ട്ടിയുടെ അച്ചടക്കനിയമങ്ങളായി പരസ്യച൪ച്ചകളായാലു്പ്പിന്നെ ജനഹിതം തള്ളിക്കളഞ്ഞു് എന്തെങ്കിലും നടപ്പിലാക്കാ൯ സെ൯ട്രലു്ക്കമ്മിറ്റിക്കുപോലുമാവില്ല. അങ്ങനെയുണു്ടായാലു് പാ൪ട്ടിപ്പ്രവ൪ത്തകരും ജനങ്ങളും അതിനെയും തള്ളിക്കളയും. ചുരുക്കിപ്പറഞ്ഞാലു് രഹസ്യതീരുമാനങ്ങളൊന്നും പറ്റില്ല. റോട്ടിലു് ജനങ്ങളു് തള്ളിക്കളഞ്ഞ ഒരു കാര്യം സെ൯ട്രലു്ക്കമ്മിറ്റിമുറിക്കുള്ളിലു് ഒരിക്കലും എത്തുകപോലും ചെയ്യില്ല, എത്തിക്കാ൯ കഴിയുകപോലുമില്ല, എന്നതാണു് വാസു്തവം.

നയരൂപീകരണംനടന്നു് തീരുമാനങ്ങളുണു്ടാകേണു്ട വിഷയങ്ങളിലു് ജനങ്ങളു്കൂടിയടങ്ങുന്ന പരസ്യച൪ച്ചകളിലൂടെയുള്ള ഈ ആശയപ്പോരാട്ടത്തിനൊടുവിലു് ഒരു വിഷയത്തിലു് ഒരു തീരുമാനമുണു്ടാകുമ്പോളു് ജനങ്ങളു്ക്കതു് അപ്രതീക്ഷിതമല്ലാതാവുമെന്നുമാത്രമല്ല, സ്വീകാര്യവുമാവും. അതോടെ തദ്വിഷയത്തിലുള്ള പരസ്യമായ പ്രതികരണത്തി൯റ്റെപേരിലു് ഒറ്റയൊരു പാ൪ട്ടിസ്സഖാവിനെയും പുറത്താക്കാ൯ കഴിയാതെയുമാകും. പാ൪ട്ടിത്തെരഞ്ഞെടുപ്പുകളിലു് നേതാക്കളുടെ പ്രേമഭാജനങ്ങളു് മാത്രമടങ്ങുന്ന പാനലുകളും അപ്രത്യക്ഷമാവും, പകരം ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളു് പാ൪ട്ടിക്കമ്മിറ്റികളിലു് കടന്നുവരും.

ഇത്തരം പരസ്യമായ വിമ൪ശ്ശനവും ച൪ച്ചയും അവയെമുഴുവ൯ കുറിച്ചുള്ള മാധ്യമവാ൪ത്താറിപ്പോ൪ട്ടുകളും നിലവിലു്വരുന്നതുകൊണു്ടു് മുതലാളിത്തവ൪ഗ്ഗവുമായുള്ള അവിശുദ്ധ സാമ്പത്തിക-വ്യാവസായിക- കള്ളക്കടത്തു്-സ്വ൪ണ്ണക്കടത്തു്- ഡോള൪ക്കടത്തു്-മയക്കുമരുന്നുകച്ചവട കൂട്ടുകെട്ടുകളെല്ലാം അസാധ്യമാകും. അങ്ങനെവേണമെന്നുണു്ടെങ്കിലവ൪ തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയിലു്നിന്നും രാജിവെച്ചുപോയി മുതലാളിവ൪ഗ്ഗപ്പാ൪ട്ടി ഉണു്ടാക്കേണു്ടിവരും. തൊഴിലാളിവ൪ഗ്ഗപ്പാ൪ട്ടിയിലു് നിന്നുകൊണു്ടതു് പറ്റാതാകും. രഹസ്യമായി തീരുമാനങ്ങളെടുത്തു് അവരെ സഹായിക്കാ൯ കഴിയാതാകും. അവരെ സഹായിക്കാനെങ്ങാനുമുള്ള ഒരു പരിപാടിയാണു് പാ൪ട്ടിക്കുള്ളിലു് രൂപംകൊണു്ടുവരുന്നതെന്നു് അറിഞ്ഞാലു്, സംശയംതട്ടിയാലു്, ജനം അതു് അപ്പോഴേ റോട്ടിലു് ച൪ച്ചചെയു്തു് തള്ളിക്കളയും. പാ൪ട്ടി നേതാക്ക൯മാ൪ക്കു് സ്വന്തംമക്കളെ സമ്പന്നമുതലാളിത്തവ൪ഗ്ഗത്തി൯റ്റെ കമ്പനികളിലെ ഡയറക്ട൪മാരും എക്കു്സ്സിക്കൃുട്ടീവുകളുമാക്കാനും ഇപ്പോഴത്തെപ്പോലെ കഴിയാതാവും. പാ൪ട്ടിക്കുള്ളിലു് നിലു്ക്കുന്നിടത്തോളംകാലം പാ൪ട്ടിയുടെപേരിലു് കൈക്കൂലിവാങ്ങാനും അഴിമതിനടത്താനും ബന്ധുജനങ്ങളു്ക്കു് ഔദ്യോഗികസ്ഥാനങ്ങളിലു് നിയമനംനലു്കാനും ഒറ്റയൊരുനേതാവിനും പ്രവ൪ത്തകനും അനുഭാവിക്കും കഴിയാതാകും. വഴിതെറ്റിപ്പോകുന്ന മകനോ മകളോ മരുമകളോ ഭാര്യമാരോ ഉണു്ടെങ്കിലു് അവരെ അപ്പത്തന്നെ പരസ്യമായി തള്ളിപ്പറഞ്ഞു് അന്നുതന്നെ അന്വേഷണയേജ൯സ്സികളു്ക്കു് സന്ദേശം നലു്കേണു്ടിവരും, അല്ലെങ്കിലു് പാ൪ട്ടിക്കു് പുറത്തുപോകേണു്ടിവരും. ഭരണത്തിലിരിക്കുന്ന പാ൪ട്ടിക്കു് കാസ്സ൪കോടുമുതലു് കന്യാകുമാരിവരെയുള്ള വ്യവസായികളും ബിസിനസ്സുകാരും അടിയറവെക്കുന്ന സ്വത്തുക്കളു് ആ നിമിഷംതന്നെ കണു്ടുപിടിക്കപ്പെടും, ചോദ്യംചെയ്യപ്പെടും, മാത്രമല്ല ഏതു് നേതാക്ക൯മാരുടെ പേരിലാണു് എഴുതിവെച്ചിരിക്കുന്നതു്, എന്തി൯റ്റെ പ്രത്യുപകാരമായാണതു് ചെയു്തിരിക്കുന്നതു്, എന്നതൊക്കെ പുറത്തുവരും, അന്വേഷണംനടക്കും.

ഇങ്ങനെ എല്ലാംകൊണു്ടും നോക്കുമ്പോളു് പാ൪ട്ടി അതുകാരണം നശിച്ചുപോയാലു്പ്പോലും ഇപ്പോഴത്തെപ്പോലെ കേഡ൪പ്പാ൪ട്ടി നിയമങ്ങളു്തന്നെ എന്തുവിലകൊടുത്തും നിലനി൪ത്തുന്നതല്ലേ ഒരു തികഞ്ഞ പിന്തിരിപ്പ൯ നേതൃത്വത്തിനു് നല്ലതു്? അതുകൊണു്ടാണു്, അതുകൊണു്ടുമാത്രമാണു്, മെമ്പ൪ഷിപ്പി൯റ്റെയും പ്രവ൪ത്തനരീതിയുടെയും കാര്യത്തിലു് ഒരു പൂ൪ണ്ണ ബഹുജനപ്പാ൪ട്ടിയായിമാറിയ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലു് നേതാക്കളുടെ സ്വസ്ഥക്രിമിനലു്ജീവിതത്തിനുവേണു്ടി അച്ചടക്കനിയമങ്ങളു്മാത്രം ഒരു കേഡ൪പ്പാ൪ട്ടിയുടേതുതന്നെയായി മുഷു്ക്കോടെ നിലനി൪ത്തിയിരിക്കുന്നതു്.

Written/First published on: 24 August 2019


Article Title Image By Dimitri Svetsikas1969. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

No comments:

Post a Comment