Monday, 26 November 2018

092. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 3

092. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 3

പി. എസ്സു്. രമേശു് ചന്ദ്ര൯

 

കാനനക്ഷേത്രമെന്നതുപോട്ടെ, ഒരു നഗരക്ഷേത്രത്തിനകത്തുപോലും ഒരു ഭക്ത൯ എത്രത്തോളം നിശ്ശബ്ദത പാലിക്കണം? ഉച്ചത്തിലു് ശബ്ദിച്ചും മുദ്രാവാക്യം വിളിച്ചും ദേവതയെ അലോസരപ്പെടുത്താ൯ പാടുണു്ടോ? സ്വയമിരുന്നു് ഉള്ളുരുകി പാടുന്നതിനുപകരം ആപ്പ്രവൃത്തി ഉച്ചഭാഷിണിയിലൂടെ ചെയ്യാ൯ എന്നു് ആരാണനുവാദം നലു്കിയതു്? തന്ത്രസമുച്ചയത്തിലതും പറഞ്ഞിട്ടുണു്ടോ? പുലിയും കടുവയും യഥേഷ്ടമിറങ്ങിനടക്കുന്ന ഒരു ഘോരകാന്താരത്തിലു് അവയെയകറ്റാ൯ വനവാസി പാട്ടകൊട്ടുന്നപോലെയും ഉച്ചത്തിലു് കൂവിവിളിക്കുന്നപോലെയും കാനനവാസനായ അയ്യപ്പനെക്കാണാ൯ പോകുന്ന തീ൪ത്ഥാടക൪ അവയെബു്ഭയപ്പെടുത്തി ദൂരെനി൪ത്താ൯ അന്നത്തെപ്പ്പോലെതന്നെ ഇന്നും കൂട്ടംചേ൪ന്നു് ശരണം വിളിച്ചു് ഉച്ചത്തിലു് ഒച്ചയുണു്ടാക്കിക്കൊണു്ടുപോകുന്നതു് മനസ്സിലാക്കാം. പക്ഷേ അതു് പതിനെട്ടുപടിവരെയല്ലേ പാടുള്ളൂ, അതുംകഴിഞ്ഞു് സന്നിധാനത്തും ശ്രീകോവിലിനുമുന്നിലും കയറിച്ചെയ്യുമോ? അതൊരു തികഞ്ഞ മര്യാദകേടല്ലേ? ഒരു ക്ഷേത്രത്തിനുള്ളിലു് എത്രത്തോളം ഒച്ചയാണു് ഒരു മനുഷ്യനുണു്ടാക്കാ൯ അനുവാദമുള്ളതെന്നു് അതിമനോഹരമായ ഭാഷയിലു്, ഉള്ളിലു്തട്ടുന്ന വാക്കുകളിലു്, അങ്ങേയറ്റം അ൪ത്ഥഗ൪ഭമായി കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കാനന അയ്യപ്പക്ഷേത്രങ്ങളിലൊന്നായ കുളത്തൂപ്പുഴയിലു് ശ്രീകോവിലിനു് തൊട്ടടുത്തു് എഴുതിവെച്ചിട്ടുണു്ടു്: 'ശബ്ദം നാമജപത്തിനുമാത്രം'! എന്നുവെച്ചു് ഉച്ചഭാഷിണിയിലൂടെ മറ്റുള്ളവരുടെ ചെവിപൊട്ടുമാറു് നാമം ജപിക്കണമെന്നു് അതിന൪ത്ഥമുണു്ടോ? തൊണു്ടപൊട്ടുമാറുച്ചത്തിലു് സന്നിധാനത്തു് ശരണം വിളിക്കാമെന്നു് അതിന൪ത്ഥമുണു്ടോ? നാമജപംതന്നെ കുളിച്ചു് വൃത്തിയായി മനസ്സും ശരീരവും ശുദ്ധിയായി ഈശ്വരനിലു്ത്തന്നെ ആത്മാവ൪പ്പിച്ചു് ദേവ൯റ്റെ സന്നിധിയിലോ സ്വന്തം വീടുകളു്ക്കുള്ളിലിരുന്നോ സമാധാനത്തോടെയല്ലേ ചൊല്ലേണു്ടതു്? പ്രക്ഷോഭമധ്യത്തിലു് ഒരേസമയം ഒരു ആയുധവും ഒരു പരിചയുമായി അതിനെയെടുത്തു വീശുന്നതു് ഒരു ആഭാസത്തരമല്ലേ? തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റി൯റ്റെ മുന്നിലുള്ള ഫുട്ടു് പാത്തിലു് മിനറലു് വാട്ടറുംമറ്റും കുടിച്ചിരുന്നു് ഉപവാസത്തിലും കാസ൪ഗോഡുമുതലു് പാറശ്ശാലവരെ തെരുവുകളിലു് കുളിക്കാതെയും വൃത്തിയില്ലാതെയും വിയ൪ത്തൊലിച്ചു് കൂട്ടംകൂടിനടന്നു് ഗതാഗതതടസ്സവുമുണു്ടാക്കിയും ക്രമസമാധാനത്തെ വെല്ലുവിളിച്ചും പോലീസ്സു് സു്റ്റേഷനുകളു്ക്കു് മുമ്പിലും നിയമക്കോടതികളു്ക്കു് മുമ്പിലും നാമജപ സിറ്റിംഗു്-ഇന്നും ഘോഷയാത്രകളും നടത്തുന്നതു് ആഭാസത്തരമാണെന്നു് എന്താണു് ആരുമിതുവരെ ഇവ൪ക്കു്, ഈ ശബരിമല സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭക൪ക്കു് പറഞ്ഞുകൊടുക്കാത്തതു്?

ശബരിമലയിലു്പ്പോകുന്ന വി. ഐ. പി. മാ൪ക്കെല്ലാം ആവശ്യപ്പെടാനുള്ളതു് ഒരേയൊരു കാര്യം മാത്രമാണ്- സന്നിധാനംവരെയും പ്രൈവറ്റു് വാഹനങ്ങളു് പോകാ൯ പോലീസ്സു് അനുവദിക്കണം, കാരണം ഭക്ത൪ ബുദ്ധിമുട്ടുകയാണു് ഇതുമൂലം! പൊതുവിജ്ഞാനമുള്ള മുഴുവ൯പേ൪ക്കുമറിയാം ശബരിമല തീവ്രസ്സ്വഭാവമുള്ള അക്രമകാരികളുടെ നിഴലിലാണെന്നും അതിനാലു് അങ്ങേയറ്റം ശ്രദ്ധ പോലീസ്സും ഗവണു്മെ൯റ്റും ചെലുത്തണമെന്നു് കേന്ദ്രസ൪ക്കാ൪ സംസ്ഥാന സ൪ക്കാരിനു് മുന്നറിയിപ്പു് നലു്കിയിരിക്കയാണെന്നും, അതുകൊണു്ടു് ശബരിമല ക്ഷേത്രത്തി൯റ്റെ ചുറ്റളവിലുള്ള ഏതാനും കിലോമീറ്റ൪ദൂരം പോലീസ്സു് സുരക്ഷാനടപടികളും പരിശോധനകളും കടുപ്പിച്ചിരിക്കയാണെന്നും. ഇതിനാലും ഇപ്പോളു് ഒരു ഉരുളു്പ്പൊട്ടലു് കഴിഞ്ഞു് പ്രദേശംമുഴുവ൯ അപകടഭീഷണികളു് മാറാത്ത നിലയിലായതിനാലും തീ൪ത്ഥാടനത്തി൯റ്റെ അവസാനപാദങ്ങളിലു് സ൪ക്കാരൊരുക്കുന്ന വാഹന സൗകര്യങ്ങളു്മാത്രമേ തീ൪ത്ഥാടക൪ ഉപയോഗിക്കാവൂ എന്ന പോലീസി൯റ്റെ നിഷു്ക്ക൪ഷ തികച്ചും യുക്തിസ്സഹമാണു്. പൊതുജനങ്ങളോ തീ൪ത്ഥാടകരോ അതിലു് യാതൊരു കുഴപ്പവും ജനാധിപത്യവിരുദ്ധതയും സഞു്ചാരസ്വാതന്ത്ര്യ ലംഘനവും കാണുന്നില്ല. ഇതിലു് അസൗകര്യംതോന്നുന്നതു് അവിടെ കുഴപ്പമുണു്ടാക്കാ൯ പോകുന്ന തീവ്രവാദികളു്ക്കാണു്. അവ൪ക്കു് സ്വന്തം നാടുകളിലു്നിന്നും പ്രൈവറ്റു വാഹനങ്ങളിലു് ആവശ്യമുള്ള മസ്സിലു്പ്പവറിനെയും പുറത്തായ ബീജേപ്പീ സ൪ക്കുലറിലു്പ്പറയുന്നപോലെ ചില 'സാധനങ്ങളെയും' ലോഡുചെയു്തു് ഇരുമുടിക്കെട്ടുകളും തട്ടിക്കൂട്ടി പ്രതീക്ഷിച്ചപോലെ സന്നിധാനംവരെയും വാഹനമോടിച്ചുചെന്നു് സൗകര്യമായി കുഴപ്പമുണു്ടാക്കാ൯ കഴിയുന്നില്ല. ഇതു തടയാ൯തന്നെയാണു് പോലീസ്സും ഈ നിയന്ത്രണം കൊണു്ടുവന്നതെന്നു് കേരളത്തിനു് മുഴുവനുമറിയാം. കേരളത്തിലെ പ്രക്ഷോഭരംഗത്തുള്ള നേതാക്ക൯മാ൪ എന്തുചെയു്തിട്ടും ഈ തടസ്സം നീക്കിക്കൊടുക്കാ൯ കഴിയുന്നില്ല. അതിനു് കേന്ദ്രസഹായം അഭ്യ൪ത്ഥിച്ചു. കേന്ദ്രത്തിലെ ബീജേപ്പീ നേതാക്കളെ ഒന്നൊന്നായി വിളിച്ചുവരുത്തി ഇരുമുടിക്കെട്ടുകളും കെട്ടിച്ചു് മലയിലെത്തിച്ചു് അവരുവഴി ഈ ഗതാഗതതടസ്സം നീക്കി സുഗമമായി ശബരിമല പിടിച്ചെടുക്കാ൯ കഴിയുമോയെന്നു് ശ്രമം നടത്തിനോക്കി. പോലീസ്സി൯റ്റെ നിശ്ചയദാ൪ഢ്യം കാരണം ഒന്നും നടന്നില്ല. കേന്ദ്ര മന്ത്രിയല്ല ആരായാലും നിയന്ത്രണം മാറ്റാ൯പറ്റില്ലെന്ന നിലപാടിലു് പോലീസ്സു് ഉറച്ചുതന്നെനിന്നു. 'വി. ഐ. പി.ക്കു വേണമെങ്കിലു് സ്വന്തം വാഹനത്തിലു്പ്പോകാം, പക്ഷേ മറ്റുള്ളവ൪ക്കതു പറ്റില്ല' എന്നു് പോലീസ്സുദ്യോഗസ്ഥ൯മാ൪ വ്യക്തമാക്കിയതു് സ്വന്തം വ്യക്തിത്വത്തോടുള്ള വെല്ലുവിളിയായാണു് അടിമുടി അഹന്തയും അലു്പ്പത്തവും നിറഞ്ഞ ചില വീ. ഐ. പീ.കളു് കരുതിയതു്. അവ൪ക്കു് അസാമാന്യമായ കോപം വരുകയും ചെയു്തു. 'നിങ്ങളു് വന്നതു് കലാപകാരികളു്ക്കു് സുഗമമായ വാഹനസൗകര്യം സമ്പാദിച്ചുകൊടുക്കാനാണു് എന്നു് നന്നായി മനസ്സിലാക്കിക്കൊണു്ടുതന്നെയാണു് ഞങ്ങളു് പോലീസ്സും ഇവിടെ നിലു്ക്കുന്നതു്' എന്നു് പോലീസ്സു് മുഖത്തുനോക്കി പറഞ്ഞതുപോലെയാണു് ആ വീ. ഐ. പി.കളു്ക്കു് അവരുടെ മനസ്സിലു് തോന്നിയതു്. ചെയ്യാ൯വന്ന ഗൂഢോദ്ദേശം വളരെ സു്മാ൪ട്ടായി പോലീസ്സു് പൊളിച്ചു എന്ന തോന്നലുണു്ടായാലു് ആ൪ക്കാണു് കോപം വരാത്തതു്?

ഇവരീത്തരം പണികളു് പതിവായു്ച്ചെയു്തു് വിജയിച്ചുശീലിച്ച വടക്കേയി൯ഡൃയും തമിഴു്നാടുമൊന്നുമല്ലിതു്, പല വിദ്യകളും കൈയ്യിലുള്ള കേരളമാണെന്നു് അവ൪ ഓ൪മ്മിക്കാനും ഓ൪മ്മിച്ചാലു്ത്തന്നെ അംഗീകരിക്കാനും മറന്നു. ഇവരുടെ ആജ്ഞാനുവ൪ത്തികളും അകമ്പടിക്കാരുമായി കൂടെത്തന്നെ നിലു്ക്കുന്ന കേരളാ നേതാക്കളു് അവ൪തന്നെയാണു് കേന്ദ്രമന്ത്രിമാരും എംപീമാരുമായ ഈ വലിയവ൯മാരെവിളിച്ചു് അന്തസ്സുകെട്ട ഈപ്പണിക്കു് കൊണു്ടുവന്നതെന്നതിനാലു് തിരുത്താ൯പോകുമോ? സാധാരണയായി, പൊതുവിജ്ഞാനമുള്ള എംപീമാരോ മന്ത്രിമാരോ വരുകയാണെങ്കിലു് അവിടെ ഗതാഗത നിയന്ത്രണമുണു്ടെന്നു് അവ൪ക്കു് ആരും പറഞ്ഞുകൊടുക്കേണു്ടതില്ല. വിവരങ്ങളു് അവ൪ക്കു് ക്ഷണനേരംകൊണു്ടു് ലഭ്യമാണു്. പക്ഷേ ഉള്ള ഗതാഗത നിയന്ത്രണം ഇല്ലാതാക്കാ൯തന്നെയാണു് വന്നിരിക്കുന്നതെങ്കിലു് ഉടക്കാ൯തന്നെയല്ലേ നോക്കൂ. അതുതന്നെയാണു് വന്ന മുഴുവ൯മന്ത്രിമാരും എംപിമാരും പോലീസിനോടു് ചെയു്തതും. ബീജേപ്പീയുടെ ഒരു എംപീയോ കേന്ദ്രമന്ത്രിയോ ശബരിമലയിലേയു്ക്കു് പോരുന്നുവെന്നു് പറയുമ്പോളു്ത്തന്നെ ഇപ്പോളു് കേരളത്തിനറിയാം, സ്വന്തം മന്ത്രിസ്ഥാനവും എംപിസ്ഥാനവുമുപയോഗിച്ചു് പോലീസ്സിനെ ഭീഷണിപ്പെടുത്തി സന്നിധാനംവരെയുള്ള വാഹനനിയന്ത്രണവും പറ്റുമെങ്കിലു് പരിശോധനകളും പി൯വലിപ്പിച്ചു് തീവ്രവാദികളു്ക്കു് നേരേ സന്നിധാനത്തും പമ്പയിലും സ്വന്തം വാഹനങ്ങളിലു്ത്തന്നെ ചെന്നിറങ്ങി അമ്പലത്തിലു് അക്രമംനടത്തി ശബരിമലപിടിക്കാ൯ വഴിസൗകര്യമൊരുക്കാ൯ കഴിയുമോയെന്നു് നോക്കാനാണെന്നു്, അണഞ്ഞുപോയികൊണു്ടിരിക്കുന്ന വ൪ഗ്ഗീയകലാപ സാധ്യതകളു് ആളിക്കത്തിക്കാ൯ കഴിയുമോയെന്നു് ഒന്നുകൂടി വീണു്ടും ശ്രമിച്ചുനോക്കാനാണെന്നു്. ഇങ്ങനെ നഗ്നമായ മത-വ൪ഗ്ഗീയപ്പ്രകടനം നടത്തി ജയിക്കാ൯ ശ്രമിക്കുന്നതിലും തോറ്റുപോകുന്നതിലും ബീജേപ്പീയുടെ ഈ നേതാക്ക൯മാ൪ക്കു് നാണക്കേടൊന്നുംതന്നെ ഇല്ലേയെന്നു് കേരളത്തുകാ൪ അത്ഭുതപ്പെടുന്നതു് ബീജേപ്പീയുടെ ഇത്ര നഗ്നവും പരസ്യവുമായ വ൪ഗ്ഗീയനടനം അവ൪ ആദ്യമായാണു് കാണുന്നതെന്നതിനാലാണു്. അവ൪ ഭരണം നടത്തുന്ന സംസ്ഥാനങ്ങളു് ഇതെത്ര കണു്ടിരിക്കുന്നു! അല്ലെങ്കിലു്ത്തന്നെ അവരെന്തിനു് നാണിക്കണം? അഖിലേന്ത്യാ അധ്യക്ഷനും പ്രധാനമന്ത്രിയും വ൪ഗ്ഗീയ കലാപങ്ങളുണു്ടാക്കിയതുമായി ബന്ധപ്പെട്ട കേസ്സുകളു് നേരിട്ട പാ൪ട്ടിയല്ലേയതു്?

ശബരിമല ക്ഷേത്രത്തി൯റ്റെയും തീ൪ത്ഥാടനത്തി൯റ്റെയും സാമ്പത്തികത്തെ സംബന്ധിച്ചു് പരസു്പരവിരുദ്ധമായ കാര്യങ്ങളാണു് ഗവണു്മെ൯റ്റും ദേവസ്വം ബോ൪ഡും സാമുദായിക സംഘടനയായ എന്നെസ്സെസ്സും ഇടയു്ക്കിടെ കേരളത്തിലു് വന്നിട്ടുപോകുന്ന ബീജേപ്പീ നേതാക്കളായ അലു്ഫോണു്സു് കണ്ണന്താനത്തെപ്പോലുള്ളവരും പറയുന്നതു്. പ്രളയത്തിലു്ത്തക൪ന്ന പമ്പയെ പുനരുദ്ധരിക്കുന്നതിനും മറ്റു പ്രവ൪ത്തനങ്ങളു്ക്കുമായി നൂറുകോടി രൂപാ കേന്ദ്രം കൊടുത്തുവെന്നാണു് അലു്ഫോണു്സു് കണ്ണന്താനം കേരളത്തിലു്വന്നു് പ്രസംഗിച്ചുനടന്നതു്. ദേവസ്വം മന്ത്രിയും തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റും വെളിപ്പെടുത്തിയതു് ആറു്കോടിയേ അനുവദിച്ചിട്ടുള്ളൂ, എന്നിട്ടു് ഏകദേശം ഒന്നരക്കോടിയേ കൊടുത്തതുമുള്ളൂ എന്നാണു്. എന്തൊരന്തരം! ഇതിനു മറുപടിപറയാ൯ നിലു്ക്കാതെ കേന്ദ്രമന്ത്രിയായ അലു്ഫോണു്സു് കണ്ണന്താനം സ്ഥലംവിട്ടു.

ഒരു ക്ഷേത്രത്തിലു് നിത്യപൂജയു്ക്കുപോലും വകയില്ലാതാവുമ്പോളു് ആ ക്ഷേത്രം ദേവസ്വം ബോ൪ഡു് ഏറ്റെടുക്കണമെന്നു് പ്രാദേശികമായി പ്രക്ഷോഭമുയരും. ജനപ്പ്രതിനിധികളുടെ കടുത്ത സമ്മ൪ദ്ദം അതിനുപിന്നാലെവരും. അതോടെ ദേവസ്വം ബോ൪ഡു് അതേറ്റെടുക്കും. അവിടെനിന്നു് വരുമാനമൊന്നും ദേവസ്വം ബോ൪ഡിനു് ലഭിക്കില്ലെങ്കിലും അവിടത്തെ ജീവനക്കാരുടെ ശമ്പളമടക്കം മുഴുവ൯ ചെലവുകളും അതോടെ ദേവസ്വം ബോ൪ഡി൯റ്റെ ബാധ്യതയാകും. ഇങ്ങനെ ആയിരക്കണക്കിനു് ക്ഷേത്രങ്ങളാണു് വ൪ഷങ്ങളു്കൊണു്ടു് ബാധ്യതയായി ദേവസ്വം ബോ൪ഡി൯റ്റെ ചുമലിലു് വന്നുവീണതു്. നല്ല വരുമാനമുള്ള ക്ഷേത്രങ്ങളു്മാത്രം ദേവസ്വം ബോ൪ഡു് നോക്കിയാലു് മതിയോ? പോരാ. മുഴുവ൯ ക്ഷേത്രങ്ങളുടെയും ക്ഷേമം നോക്കാനല്ലേ ദേവസ്വം ബോ൪ഡു് ഉണു്ടാക്കിയിരിക്കുന്നതുതന്നെ? അതേ, അതേ. അതുകൊണു്ടു് വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനമെടുത്തു് വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ ക്ഷേമം ദേവസ്വം ബോ൪ഡു് നോക്കുന്നു.

ശബരിമല ക്ഷേത്രത്തി൯റ്റെ ഉടമസ്ഥരരായ തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനുപുറമേ കൊച്ചി, മലബാ൪, കൂടലു്മാണിക്ക്യം, ഗുരുവായൂ൪ എന്നീ ദേവസ്വങ്ങളു് വേറെയും കേരളത്തിലുണു്ട്. ഇവയെല്ലാംകൂടി മാനേജുചെയ്യുന്നതു് അയ്യായിരത്തിലേറെ ക്ഷേത്രങ്ങളാണു്. ഇതുകൂടാതെ മലബാറും കൂടലു്മാണിക്ക്യവും ഒഴിച്ചുള്ള ദേവസ്വങ്ങളു്ക്കെല്ലാം കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണു്ടു്. മറ്റു സംസ്ഥാനങ്ങളിലും ഹിന്ദു ക്ഷേത്രങ്ങളു് നോക്കാ൯ ദേവസ്വങ്ങളുണു്ടെങ്കിലും അവയൊന്നുംതന്നെ കേരളത്തിലെപ്പോലെ ശക്തമല്ല. 1248 ക്ഷേത്രങ്ങളുടെ ഭരണം നോക്കുന്ന തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനു് ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളായ ശബരിമലയിലു്നിന്നും 200 കോടിരൂപ, മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലു്നിന്നും 100 കോടിരൂപ, ഏറ്റുമാനൂ൪ മഹാദേവ ക്ഷേത്രത്തിലു്നിന്നും 60 കോടിരൂപ, മലയാലപ്പുഴ ദേവി ക്ഷേത്രത്തിലു്നിന്നും 6 കോടിരൂപ, മറ്റുള്ളിടങ്ങളിലു്നിന്നും ഗ്രാ൯റ്റായും 24 കോടിരൂപ, അങ്ങനെ മൊത്തം 290 കോടിരൂപയാണു് ഒരുവ൪ഷത്തെ വരുമാനം. ഈ വിഭവശേഷിയുപയോഗിച്ചു് 1248 അമ്പലങ്ങളുടെ ചെലവുനടത്തുകയും പന്ത്രണു്ടായിരത്തോളം ജീവനക്കാരെയവ൪ തീറ്റിപ്പോറ്റുകയും പെ൯ഷ൯ നലു്കുകയും ചെയ്യുന്നു. 2017 നവംബ൪ 17 നു് ആരംഭിച്ചു് 2018 ജനുവരി 14 നു് അവസാനിച്ച മണ്ഡല-മകരവിളക്കുകാലത്തോടെ ഈ വരുമാനം 255 കോടിരൂപയായി കുതിച്ചുയ൪ന്നു് റെക്കാ൪ഡിട്ടു- അതിനുമുമ്പത്തെ വ൪ഷത്തേക്കാളു് 45 കോടിരൂപ കൂടുതലു്.

സുഭിക്ഷതയുടെ കാര്യത്തിലു് ഗുരുവായൂരെന്ന ഒറ്റ അമ്പലത്തിലു്നിന്നുള്ള 400 കോടിരൂപാ വരുമാനംവെച്ചു് വെറും 12 ക്ഷേത്രങ്ങളുടെമാത്രം കാര്യംനോക്കുന്ന ഗുരുവായൂ൪ ദേവസ്വമാണു് മുന്നിലു്. കൂടലു്മാണിക്ക്യമെന്ന നല്ല വരുമാനമുള്ള ഒറ്റ ക്ഷേത്രത്തി൯റ്റെ കാര്യംമാത്രം നോക്കുന്ന കൂടലു്മാണിക്ക്യം ദേവസ്വത്തിനും പഞ്ഞമൊന്നുമില്ല. ചോറ്റാനിക്കര ദേവീക്ഷേത്രംപോലുള്ള ക്ഷേത്രങ്ങളിലെ 50 കോടിരൂപയുടെ വരുമാനമുപയോഗിച്ചു് 403 ക്ഷത്രങ്ങളെപ്പോറ്റുന്ന കൊച്ചി ദേവസ്വത്തി൯റ്റെ സ്ഥിതി വളരെ കഷ്ടമാണു്. കേരളത്തിലു് ഏറ്റവും ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമുള്ളതു് കാടാമ്പുഴ ശ്രീപാ൪വ്വതീ ക്ഷേത്രം പോലുള്ള ദേവസ്ഥാനങ്ങളിലു് നിന്നുള്ള വെറും 80 കോടിരൂപാ വരുമാനമുപയോഗിച്ചു് 1337 ക്ഷേത്രങ്ങളെപ്പോറ്റുന്ന മലബാ൪ ദേവസ്വമാണു്. ഈ ദയനീയ സ്ഥിതിയുടെ പശ്ചാത്തലത്തിലു് നോക്കുമ്പോളു് കേരളത്തിലെ ഒറ്റ അമ്പലത്തിലും ഒറ്റ രൂപപോലും ഭക്ത൪ കാണിക്കയിട്ടുപോകരുതെന്നു് പ്രസംഗിച്ചുനടന്ന ചലച്ചിത്രനടനും ഹിന്ദുനേതാവും ബീജേപ്പീയുടെ രാജ്യസഭാമെമ്പറുമായ സുരേഷു് ഗോപി എത്ര യാഥാ൪ത്ഥ്യബോധമില്ലാത്തവനാണെന്നു് ഓ൪ക്കുക. സ്വപു്നജീവികളായ ഇവരുടെ ആഹ്വാനഫലമായി ക്ഷേത്രങ്ങളിലെ വരുമാനം സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭ സമയത്തു് കുത്തനെ ഇടിഞ്ഞുവെന്നതും ഓ൪ക്കുക. 2018 നവംബ൪ 17നു് മണ്ഡല-മകരവിളക്കു് കാലത്തേയു്ക്കു് നടതുറന്നശേഷം സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭംമൂലം വെറും മൂന്നുദിവസംകൊണു്ടു് ശബരിമലയു്ക്കുമാത്രം പതിനേഴുകോടിരൂപ വരുമാനമിനത്തിലു് നഷ്ടപ്പെട്ടു. ഇതു് തിരുവിതാംകൂ൪ ദേവസ്വത്തി൯റ്റെമാത്രം കണക്കാണു്. മറ്റു ക്ഷേത്രങ്ങളും മറ്റു ദേവസ്വങ്ങളും അവ൪ക്കുണു്ടായ നഷ്ടങ്ങളുടെ കണക്കു് പുറത്തുവിട്ടിട്ടില്ല. അതായതു് 'ശബരിമലയിലു് പെണ്ണുങ്ങളു് കേറണു്ടാ, അവ൪ക്കുവേണു്ടിമാത്രമായി ഞാ൯ കൂറ്റനൊരമ്പലം കെട്ടുന്നുണു്'ടെന്നു് മാധ്യമങ്ങളിലൂടെ വീമ്പടിച്ച ഈ സിനിമാനടനെപ്പോലുള്ളവ൪ എലിയെക്കൊല്ലാനായി ഇല്ലംതന്നെചുടുന്നവരാണെന്നു് വ്യക്തം.

ഇങ്ങനെ ആയിരക്കണക്കിനു് ക്ഷേത്രങ്ങളുടെ ചെലവുകളു് ദേവസ്വംബോ൪ഡുകളു് നടത്തുമെങ്കിലു് ഈ ക്ഷേത്രങ്ങളുടെപേരിലു് ക്ഷേത്രസംരക്ഷണ സമിതികളും മറ്റുമുണു്ടാക്കി യാതൊരു സാമ്പത്തികബാധ്യതയുമില്ലാതെ പ്രവ൪ത്തിപ്പിക്കുന്നതു് ഒരു സുഖംതന്നെയാണു്. വരുമാനമൊന്നുമില്ലാത്ത ക്ഷേത്രങ്ങളുടെ ചെലവുകളു് ഏറ്റെടുക്കേണു്ടി വരുമായിരുന്നെങ്കിലു് ഇത്തരം ഒറ്റ സംഘടനപോലും കേരളത്തിലു് ഉണു്ടാകുമായിരുന്നില്ല. മിക്കപ്പോഴും വരുമാനമില്ലാത്ത ക്ഷേത്രങ്ങളെ ദേവസ്വം ബോ൪ഡു് ഏറ്റെടുക്കണമെന്നു് മുറവിളി കൂട്ടുന്നതും ഈ സംഘടനകളു് തന്നെയായിരിക്കും. എന്നിട്ടു് സുരേഷു് ഗോപിയെപ്പോലെ ഉള്ളവരുമാനം ഇല്ലാതാക്കാ൯ രാഷ്ട്രീയലക്ഷൃത്തോടെ യുദ്ധം ചെയ്യുന്നതും ഇതേ സംഘടനകളു് തന്നെയായിരിക്കും. ഈ പ്രകടമായ നിലപാടില്ലായു്മയും ഉത്തരവാദിത്വമില്ലായു്മയും ശബരിമല സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭത്തിലു് കേരളം നന്നായി കണു്ടതാണു്.

വരുമാനമുള്ളതും ഇല്ലാത്തതുമായ ഈ മുഴുവ൯ ക്ഷേത്രങ്ങളെയും ദേവസ്വം ബോ൪ഡുകളിലു്നിന്നും ഗവണു്മെ൯റ്റിലു്നിന്നും 'വിമോചിപ്പിച്ചു്' അവയെ 'ഭക്തരെ' ഏലു്പിച്ചുകൊടുക്കുന്നതു് ശബരിമലപ്പ്രക്ഷോഭകരുടെ പല അജണു്ടകളിലു് ഒന്നായി സ്വീകരിച്ചിരിക്കയാണെന്നാണു് അവ൪ക്കിപ്പോളു് നേതൃത്വം നലു്കാനിറങ്ങിയിരിക്കുന്ന പന്തളം കൊട്ടാരത്തിലെ ഒരു മുമ്പ൯റ്റെ വാക്കുകളിലു്നിന്നു് മനസ്സിലാകുന്നതു്. സുപ്രീം കോടതിയിലു് ഇതേ ആവശ്യമുന്നയിച്ചു് ഇവരുടെയാളുകളു് ഹ൪ജ്ജിയും നലു്കിയിരിക്കുകയാണു്. 144-ആം വകുപ്പനുസരിച്ചുള്ള നിരോധനം ലംഘിച്ചു് ശബരിമല സന്നിധാനത്തു് കൂട്ടംകൂടി പ്രതിഷേധനാമജപസമരം നടത്തി അറസു്റ്റിലായി ജയിലിലടയു്ക്കപ്പെട്ടു് ജാമ്യംനേടി പുറത്തിറങ്ങിയ 69 പേ൪ക്കു് പന്തളം കൊട്ടാരത്തിലു് നലു്കിയ രാജകീയ സ്വീകരണത്തിലു് ഈ മനുഷ്യ൯ പറഞ്ഞതു് ത൯റ്റെ കൊട്ടാരംകുടുംബം അങ്ങേയറ്റം ജനകീയമാണെന്നും എന്നാലു് പക്ഷേ ആദ്യമായിട്ടാണു് ജനങ്ങളെ നയിച്ചു് തെരുവിലു് സമരത്തിനിറങ്ങുന്നതെന്നും! എന്താണിതിന൪ത്ഥം? 'ഞാ൯ ബീജേപ്പീയുടെ സ്ഥാനാ൪ത്ഥിയായി തിരുവനന്തപുരത്തു് കേരളവ൪മ്മ നിന്നതുപോലെ പത്തനംതിട്ടയിലു് കേ. കേ. നായരുടെ തട്ടകത്തിലു് പാ൪ലമെ൯റ്റിലേയു്ക്കോ നിയമസഭയിലേയു്ക്കോ മത്സരിക്കാനാഗ്രഹിക്കുന്നു വോട്ട൪മാരേ, എന്നെസ്സെസ്സി൯റ്റെ സുകുമാര൯ നായരും ബീജേപ്പീയുടെ ശ്രീധര൯ നായരുമെല്ലാം എനിക്കു് പിന്തുണ ഉറപ്പിച്ചുകഴിഞ്ഞു, ഇനിയങ്ങോട്ടു് എനിക്കു് നിങ്ങളെപ്പോലുള്ള അടിമകളുടെ രക്തസാക്ഷിത്വം ആവശ്യമാണു്, ഇതതി൯റ്റെ തുടക്കമായിക്കരുതിക്കോ' എന്നു് സത്യസന്ധമായി ഒരു രാജാവിനെപ്പോലെ നേരേയങ്ങു് നിവ൪ന്നുനിന്നു് പറഞ്ഞാലു്പ്പോരേ? ഇത്തരം പാ൪ലമെണു്ടറി വ്യാമോഹത്തിലു് നിന്നുയ൪ന്നുവന്നു് കേരളജനതയുടെ സ്വാസ്ഥ്യം തക൪ക്കാ൯ ഈ കൊട്ടാരത്തിലു്നിന്നുതന്നെയുള്ള ഗൂഢാലോചനയിലൂടെ എയു്തുകേറ്റിവിട്ടതാണോ സു്ത്രീപ്പ്രവേശനവിരുദ്ധകലാപം?

ഇന്ത്യയു്ക്കു് സ്വാതന്ത്ര്യവും സ്വയം നി൪ണ്ണയാവകാശവും കിട്ടിയയുട൯ ഒരക്ഷരം മിണു്ടാതെ രാജകീയത്വം ഉപേക്ഷിച്ചു് രാഷ്ട്രീയസേവനത്തിലൂടെ രാജ്യസേവനത്തിനിറങ്ങി രാജത്വത്തിനു് പുതിയൊരധ്യായം എഴുതിച്ചേ൪ത്ത മധ്യപ്രദേശിലെ സിന്ധ്യമാരുടെ, ജിവാജിറാവുവും രാജാമാതാ വിജയരാജെയും വസുന്ധരാ രാജെയും യശോധരാ രാജെയും മാധവറാവുവും ജ്യോതിരാദിത്യയുമൊക്കെയായ സിന്ധ്യമാരുടെ, അതിസമ്പന്നരായ ഗ്വാളിയോ൪ രാജകുടുംബത്തോളം ആഢ്യത്തവും മര്യാദയും നമ്മളീ പന്തളം രാജകുടുംബത്തിലു്നിന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും തിരുവിതാംകൂ൪ രാജ കുടുംബത്തി൯റ്റെയാ അന്തസ്സുറ്റ മാതൃക പിന്തുട൪ന്നു് ജനങ്ങളെ അന്ധവിശ്വാസത്തി൯റ്റെയും മതത്തി൯റ്റെയും പേരിലു്ക്കൊല്ലിക്കുന്ന ആ കശു്മലത്വത്തിലു്നിന്നു് പി൯വാങ്ങിനിലു്ക്കുകയെങ്കിലും ചെയു്തുകൂടേ?

കൊട്ടാരമുറ്റത്തെ ഈ സ്വീകരണപരിപാടിയുടെ 44 മിനിറ്റുനീളുന്ന പത്തനംതിട്ട മീഡിയ എന്ന സംഘടനയുടെ വീഡിയോക്കവറേജു് കണു്ടശേഷം ഒരു മാ൪കു്സിസു്റ്റു് സുഹൃത്തു് പറഞ്ഞവാചകം അ൪ത്ഥഗ൪ഭമാണു്: 'മാ൪കു്സിസു്റ്റു് പാ൪ട്ടിയുടെ പോഷകമൂറ്റിക്കുടിച്ചു് തടിച്ചുകൊഴുത്തു് സ്വയം താഴെവീണ പത്തനംതിട്ട വനത്തിലെ രക്ത അട്ടകളു് എണീറ്റു് ഇനിയുള്ള കാലം മതത്തി൯റ്റെ രക്തമൂറ്റിക്കുടിച്ചു കഴിയാ൯ ശ്രമിക്കുന്നു!' മു൯പറഞ്ഞപോലെ ഇവ൪ക്കു് മുഴുവ൯ ക്ഷേത്രങ്ങളുടെയും ഭരണം ഏലു്പിച്ചുകൊടുത്താലു്, അല്ലെങ്കിലിവ൪ ഈപ്പറയുന്നപോലെ പിടിച്ചെടുത്താലു്, എത്ര വൃത്തിയായി 'ആചാരങ്ങളെയും അനുഷു്ഠാനങ്ങളെയും അണുവിടതെറ്റാതെ സംരക്ഷിക്കു'മെന്നു് ആ പ്രസംഗത്തിലു്ത്തന്നെ ഇയാളു് പറയുന്നുണു്ടു്. "നിങ്ങളു് സമരംകഴിഞ്ഞു് ജയിലിലു്നിന്നുവരുന്ന അറുപത്തൊമ്പതുപേരുടെയും പലയിടവും ചുറ്റിത്തിരിഞ്ഞു് സഞു്ചരിച്ചുകഴിഞ്ഞ ആ ഇരുമുടിക്കെട്ടുകളു് അഴുകിയതുവല്ലതും അതിനകത്തുണു്ടെങ്കിലു് അതുമാറ്റാ൯ നിങ്ങളു്ക്കവസരം തന്നിട്ടു് ആ കെട്ടുകളു്മുഴുവ൯ അതേപോലെ എത്രകാലം വേണമെങ്കിലും എ൯റ്റെയീ പന്തളം കൊട്ടാരത്തിലെ അയ്യപ്പ൯റ്റെ തിരുവാഭരണങ്ങളു് എന്നും വിളക്കുവെച്ചു് സൂക്ഷിച്ചിരിക്കുന്ന മുറിയിലു് അതി൯റ്റെ തൊട്ടടുത്തുതന്നെ വിളക്കുവെച്ചു് സൂക്ഷിച്ചുകൊള്ളാം!"

ശബരിമല തീ൪ത്ഥാടനത്തി൯റ്റെ പാരിസ്ഥിതികാഘാതമെത്രയാണു്? ഇതിനെക്കുറിച്ചാരെങ്കിലും പഠിച്ചു് ആ പഠനറിപ്പോ൪ട്ടു് പ്രസിദ്ധപ്പെടുത്തുമ്പോഴും അതിലെ ശുപാ൪ശ്ശകളു് ഗൗരവപൂ൪വ്വം ഉളു്ക്കൊണു്ടു് അവ നടപ്പാക്കാ൯ ഗവണു്മെ൯റ്റിറങ്ങുമ്പോഴും ഉണു്ടാകാ൯പോകുന്ന പ്രക്ഷോഭത്തി൯റ്റെ മുന്നിലു് സു്ത്രീപ്പ്രവേശനം അനുവദിച്ചുകൊണു്ടു് സുപ്രീം കോടതി ഉത്തരവിട്ടപ്പോഴുണു്ടായ പ്രക്ഷോഭം ഒന്നുംതന്നെയല്ല. ഇപ്പോളു്ത്തന്നെ ഉരുളു്പ്പൊട്ടലുകളിലൂടെയും മറ്റും പ്രകൃതി താളംതെറ്റിക്കിടക്കുന്ന ഒരു പ്രദേശത്തെക്കുറിച്ചു് പഠിക്കുമ്പോളു് ആദ്യ ശുപാ൪ശ്ശതന്നെ അവിടേയു്ക്കുപോകുന്ന ആളുകളുടെ എണ്ണം കുറയു്ക്കുകയെന്നുള്ളതായിരിക്കും. അതി൯മേലു് ആദ്യമെടുക്കുന്ന നടപടി ഒരാളു്ക്കു് കുറഞ്ഞതു് അഞു്ചുവ൪ഷത്തിലൊരിക്കലു് മാത്രമേ ശബരിമലദ൪ശനം അനുവദിക്കൂ എന്നുള്ളതുമായിരിക്കും. അതായതു് ഈ പ്രക്ഷോഭകാലത്തു് കണു്ടപോലെ ഓരോ ദിവസവുമെന്നല്ല ഓരോ വ൪ഷത്തിലൊരിക്കലു്പ്പോലും ശബരിമലയിലു് കയറിയിറങ്ങാ൯ കഴിയില്ല. ആദ്യദ൪ശനത്തിനു് വരുന്നവ൪ക്കൊഴികെ, ഒരു പ്രാവശ്യം മുഖം ഫേസു് റെക്കഗ്നിഷ൯ സോഫു്ടു്വെയറിലു് രേഖപ്പെടുത്തിക്കഴിഞ്ഞാലു് പിന്നെ അഞു്ചുവ൪ഷം കഴിഞ്ഞേ ആ മുഖം ശബരിമല ദ൪ശനത്തിനു് കമ്പ്യൂട്ട൪ നെറ്റു്വ൪ക്കുകളു് ഓക്കേ ചെയ്യുകയുള്ളൂ. കാട്ടിലു്ക്കൂടി കടന്നുവന്നുകൂടേ എന്നുചോദിക്കാം. ഇതു് നടപ്പാക്കുന്ന കാലമാകുമ്പോഴേയു്ക്കും ഫേസു് റെക്കഗ്നിഷ൯ സോഫു്ടു്വെയറുകളു് ഇരുപത്തിനാലുമണിക്കൂറും വനമേഖലകളിലു് ചുറ്റിത്തിരിയുന്ന ഡ്രോണുകളു്ക്കുള്ളിലായിക്കഴിയും സഹോദരാ! ശബരിമലദ൪ശനത്തിനെത്തുന്നവരുടെ എണ്ണം യോഹന്നാ൯ മുതലാളിയുടെ റബ്ബ൪ത്തോട്ടത്തിലു് വിമാനത്താവളവുമൊരുക്കി കാത്തിരിക്കുന്നവ൪ കൊതിക്കുന്നപോലെ മൂന്നുകോടിയിലു്നിന്നും നൂറുകോടിയായി ഉയരുമോ അതോ ഓരോ വ൪ഷവും പത്തുലക്ഷംവീതം കുറച്ചുകൊണു്ടുവന്നു് വെറും അമ്പതിനായിരത്തിലു് സു്റ്റെഡിയായി നി൪ത്തുമോ? ലോകത്തെ ഏറ്റവുംവലിയ തീ൪ത്ഥാടനമാണെന്നൊന്നും ചിലച്ചിട്ടു് കാര്യമുണു്ടാവില്ല. അന്താരാഷ്ട്ര കണു്വെ൯ഷനുകളു്ക്കനുസരിച്ചു് എക്കോ ബാല൯സു് തെറ്റാതിരിക്കാ൯ സഞു്ചാരികളു്ക്കും തീ൪ത്ഥാടക൪ക്കും നിയന്ത്രണമേ൪പ്പെടുത്താ൯ ഓരോ രാജ്യവും നി൪ബ്ബന്ധിതമാണു്. ‘ഇതു് ഇ൯ഡൃയാണു്, വിദേശരാജ്യങ്ങളേ ചോദിക്കാ൯ നിങ്ങളു്ക്കെന്തു കാര്യം’ എന്നു് പ്രതികരിക്കാനും പറ്റില്ല. മെകു്സിക്കോയിലേയും ഗ്രീസിലേയും വ൯ നഗരങ്ങളിലു് കാറുകളോടുന്നതി൯റ്റെ കാ൪ബണു് തരികളു് മെഡിറ്ററേനിയ൯ സമുദ്രം കടന്നു് കാറ്റി൯റ്റെ ചിറകിലേറി ഹിമാലയത്തി൯റ്റെ നിറുകയിലു് വന്നുപതിച്ചു് അകാലികമായി മഞ്ഞുരുകി ഇ൯ഡൃയുടേയും പാക്കിസ്ഥാ൯റ്റെയും ബ൪മ്മയുടെയും നേപ്പാളി൯റ്റെയും കാലാവസ്ഥ തകരുന്നുവെന്നു് വഴക്കുണു്ടാകുന്ന കാലമാണു്.

തീ൪ത്ഥാടകരുടെ എണ്ണം കുറയു്ക്കാനുള്ള നടപടികളാരംഭിക്കുമ്പോളു് ആദ്യം സമരവിഷയമാകാ൯ പോകുന്നതു് ഗുരുസ്വാമിമാരുടെ തെങ്ങുവെയു്പ്പാണു്. പതിനഞു്ചുവ൪ഷം മലചവിട്ടിയവ൪ക്കു് സന്നിധാനതൊരു തെങ്ങുവെയു്ക്കാം, പണു്ടു്. ഇപ്പോളു് ഓരോ മാസവും മലകയറി ഒന്നരവ൪ഷംകൊണു്ടു് ഗുരുസ്വാമിപ്പട്ടം അവകാശപ്പെട്ടു് തട്ടിയെടുക്കുന്ന കൃത്രിമികളുമുണു്ടു് ഇഷ്ടംപോലെ. അഞു്ചു് വ൪ഷത്തിലൊരിക്കലു് മാത്രമേ ശബരിമലദ൪ശനം ഇനി അനുവദിക്കൂവെന്ന സ്ഥിതിവരുമ്പോളു് എഴുപത്തഞു്ചു് വ൪ഷം കൊണു്ടേ ഒരാളു് ഗുരുസ്വാമിയാകൂ. പത്തുവയസ്സിലു് മലചവിട്ടാ൯ തുടങ്ങിയാലു് എണു്പതു് വയസ്സാകുമ്പോളു് ഗുരുസ്വാമിയാകാം. ആ൪ക്കും കുറ്റംപറയാ൯ പറ്റാത്ത, ആരും എണീറ്റുനിന്നു് ആദരിച്ചുപോവുന്ന മാന്യമായ പ്രായം! അയ്യപ്പ൯റ്റെപേരിലു് പ്രശു്നങ്ങളിലൊന്നും കൊണു്ടുചെന്നു് തലയിടാതെ, പെണ്ണുങ്ങളെത്തടയാനും സെക്രട്ടേറിയറ്റുപിടിക്കാനും പോകാതെ, അടിയും ഇടിയും കത്തിക്കുത്തും കൊലപാതകവും നടത്തി ജീവ൯ നഷ്ടപ്പെടുത്തി ഭക്തി വ്യ൪ത്ഥമാക്കാതെ, അയ്യപ്പ൯ കനിഞ്ഞാലു്മാത്രം, ജീവിച്ചിരുന്നാലു്മാത്രം, ഒരു ഗുരുസ്വാമിയാകാമെന്ന കടുത്ത ഗുണനിലവാരനിയന്ത്രണം ഓരോ വ൪ഷത്തെയും വിദേശീയരടക്കമുള്ള തീ൪ത്ഥാടകരുടെ എണ്ണത്തി൯റ്റെ നിയന്ത്രണത്തിലൂടെ അയ്യപ്പ൯തന്നെ കൊണു്ടുവരുന്നുവെന്ന൪ത്ഥം. അവിടെ മണ്ണി൯റ്റെമക്കളു്വാദം കൂടിയുയ൪ത്തി പ്രക്ഷോഭം നടത്താമെന്നും കരുതരുതു്.

അഗസു്ത്യകൂടത്തിലെ കന്യാവനങ്ങളെ ചവിട്ടിയരച്ചു് ഓരോവ൪ഷവും പതിനായിരക്കണക്കിനാളുകളു്വീതം കൂടിക്കൂടിവന്നപ്പോളു് ക൪ശ്ശന നിയന്ത്രണങ്ങളു് കൊണു്ടുവന്നു് കേനു്ദ്ര വനംവകുപ്പും സംസ്ഥാന വനംവകുപ്പുംകൂടി സഞു്ചാരികളുടെയും തീ൪ത്ഥാടകരുടെയും എണ്ണം പിടിച്ചുനി൪ത്തിയതു് കണു്ടില്ലേ? ആളുകളുടെ എണ്ണം ഓരോ വ൪ഷവും കൂടിവരുന്നതുകണു്ടു് ആദ്യം അവ൪ പ്രവേശനത്തിനു് എ൯ട്രി ഫീസ്സു് ഏ൪പ്പെടുത്തി. പിന്നെയതു് അഞ്ഞൂറുരൂപയായി കുത്തനെ കൂട്ടി. പിന്നെ ആളുകളുടെ എണ്ണം ആദ്യം ഓരോദിവസവും അഞ്ഞൂറായി നിജപ്പെടുത്തി. പിന്നെയതു് ഓരോദിവസവും ഇരുന്നൂറ്റമ്പതുമാത്രമാക്കി കുറച്ചു. വനപാലകരുടെ അകമ്പടിയോടെയല്ലാതെ പോകരുതെന്ന നിബന്ധനയും കൊണു്ടുവന്നു. ഓരോ ശിവരാത്രിയും കൊണു്ടവസാനിക്കുന്ന മുപ്പതുദിവസംമാത്രമേ ചെല്ലാനും പാടുള്ളൂ. അല്ലാത്തദിവസങ്ങളിലു് ആരെയെങ്കിലും വനത്തിനുള്ളിലു് കണു്ടാലു് നിയമംലംഘിച്ചു് റിസ൪വ്വു് വനത്തിനുള്ളിലു് പ്രവേശിച്ചതിനു് വനംവകുപ്പു് കേസ്സെടുക്കും. ബോണക്കാടുവഴി പോകാതെ തമിഴു്നാടു്ഭാഗംവഴി രഹസ്യമായി ചെന്നുകൂടേ എന്നു് ചോദിച്ചേയു്ക്കാം. തമിഴു്നാടിനും ഒരു ഫോറസു്റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുണു്ടെന്നോ൪ക്കുക. ഒരു സീസണിലു് ഏഴായിരത്തഞ്ഞൂറുപേരേ ഇപ്പോഴവിടെ പോകുന്നുള്ളൂ, ഇപ്പോഴവിടെ കാടുകത്തുന്നുമില്ല. ഇതുകൊണു്ടു് ഹിന്ദുമതത്തിനോ അഗസു്ത്യമുനിയു്ക്കോ എന്തെങ്കിലും സംഭവിച്ചോ എന്നുചോദിച്ചാലു് ഒന്നുംതന്നെ സംഭവിച്ചില്ലെന്നുമാത്രമല്ല, കാടു് രക്ഷപ്പെടുകയും ചെയു്തു. ആരെയും കാണാനിഷ്ടപ്പെടാത്തതുകൊണു്ടാണല്ലോ അഗസു്ത്യ൯ അപ്രാപ്യമായ ആ കൊടുമുടിയിലു്ത്തന്നെ ചെന്നിരുന്നതും, ഒരു കുളി൪കാറ്റുവീശിയാലു്പ്പോലും മേഘം മഴയായി പെയു്തിറങ്ങുന്നത്ര പരിസ്ഥിതിലോലമായ ആ പ്രദേശത്തു് സ്ഥിരമായി താമസമാക്കിയതും. അദ്ദേഹം അവിടെ സ്വസ്ഥമായിത്തന്നെയിരുന്നുകൊള്ളട്ടെ എന്നല്ലേ ഭക്തനും ചിന്തിക്കേണു്ടതു്? അഗസു്ത്യ൯ അവിടെ സ്വസ്ഥമായിരുന്നുകൊള്ളട്ടെ എന്നേ കേരളവും കരുതിയുള്ളൂ. ഇന്നു് പ്രക്ഷോഭത്തിനിറങ്ങിയവ൪ അന്നും പ്രക്ഷോഭത്തിനിറങ്ങാ൯ ശ്രമിച്ചു, പക്ഷേ പത്തി താഴു്ത്തേണു്ടിവന്നു. ഇന്നു് പെണ്ണുങ്ങളുടെ പുറത്തുകയറുന്നപോലെ എളുപ്പമായിരുന്നില്ല അന്നു് വനം നിയമങ്ങളുടെയും പരിസ്ഥിതി നിയമങ്ങളുടെയും പുറത്തുകയറുന്നതു്.

അഗസു്ത്യകൂടത്തി൯റ്റെ ഉദാഹരണം ഇവിടെപ്പറഞ്ഞതിനു് കാരണമുണു്ടു്. അഗസു്ത്യ കൂടത്തിനു് ബാധകമായ മുഴുവ൯ നിയമങ്ങളും അതി൯റ്റെ ഒരായിരമിരട്ടി ബാധകമായ പ്രദേശമാണു് ശബരിമല. മൂന്നുകോടി ആളുകളു് വരെയാണു് അവിടെ ഓരോ വ൪ഷവും കയറിയിറങ്ങുന്നതു്. അഞു്ചുകോടിയായെന്നും ഒരിക്കലു് കേട്ടിട്ടുണു്ടു്. അതു് പെരിയാറെന്ന ഒരപൂ൪വ്വ ടൈഗ൪ റിസ൪വ്വു് വനത്തി൯റ്റെ ഉള്ളിലാണെന്നു മാത്രമല്ല, ആ പരിസ്ഥിതിലോല വനത്തി൯റ്റെ കോ൪ ഭാഗത്തിനുള്ളിലാണു് ആ ക്ഷേത്രമിരിക്കുന്നതും. യഥാ൪ത്ഥത്തിലു് ക്ഷേത്രത്തിനുചുറ്റുമുള്ള അയ്യപ്പ൯റ്റെ പൂങ്കാവത്തെത്തന്നെയാണു് പെരിയാ൪ ടൈഗ൪ റിസ൪വ്വെന്നു പറയുന്നതു്. ഒരു പ്രൊട്ടക്ടഡു് റിസ൪വ്വു് വനത്തി൯റ്റെ കോ൪ പ്രദേശമെന്നു പറയുമ്പോളു് വനപാലകരല്ലാതെ ആ൪ക്കും ഒരിക്കലും പ്രവേശിക്കാ൯പാടില്ലാത്ത ഭാഗമെന്ന൪ത്ഥം. ഇതി൯റ്റെ അ൪ത്ഥമെന്തെന്നു് ലോകത്തിനുമുമ്പിലു് ഇ൯ഡൃയും കേരളവും അംഗീകരിക്കേണു്ടിവരുമ്പോളു് ഉണു്ടാവാ൯ പോകുന്ന പ്രശു്നങ്ങളു് എന്തൊക്കെയാണെന്നു് ചിന്തിക്കാ൯പോലും വിഷമമാണു്. കോടിക്കണക്കിനാളുകളു് കൊടുമുടികളിലൂടെയും നിബിഢവനങ്ങളിലൂടെയും ദശാബ്ദങ്ങളായി നി൪ബ്ബാധം ശബരിമലയിലു് കയറിയിറങ്ങുന്നതി൯റ്റെ ആഘാതങ്ങളു് പ്രകൃതി ഇപ്പോളു് നമുക്കു് കാണിച്ചുതന്നു തുടങ്ങുന്നതേയുള്ളൂ. അതിക൪ശ്ശന നിയന്ത്രണങ്ങളു് വരുകതന്നെയാണു്. ഒരുകാര്യംമാത്രം ഉറപ്പാണു്. ശബരിമലപ്പ്രശു്നം കൈകാര്യം ചെയ്യാ൯ വേണു്ടിമാത്രം ഒരു പ്രത്യേക വിഭാഗം തുടങ്ങാ൯ ഉദ്ദേശിക്കുന്ന ബീജേപ്പി, ശബരിമലയിലു് ഇനിയങ്ങോട്ടു് വരാ൯പോകുന്ന യഥാ൪ത്ഥ പ്രശു്നങ്ങളു് കൈകാര്യംചെയ്യാ൯വേണു്ടി മാത്രം ഒരു പുതിയ ബീജേപ്പീതന്നെ തുടങ്ങേണു്ടിവരും.

ഉപ്പും പഞു്ചസാരയും എവിടെക്കണു്ടാലും കാട്ടുമൃഗങ്ങളു് വിടുകയില്ല. ബിസു്ക്കറ്റും ലേയു്സ്സുമില്ലാതെ ഇന്നു് ആരാണു് ശബരിമലയിലു് പോകുന്നതു്?ഇതൊക്കെത്തിന്നിട്ടു് അവിടവിടെ വെച്ചിരിക്കുന്ന ബിന്നുകളിലിടാതെ കാട്ടിനകം മുഴുവ൯ വാരിവലിച്ചിടുന്ന ലക്ഷക്കണക്കിനു് കവറുകളു്, പ്ലാസു്റ്റിക്കും പ്ലാസു്റ്റിക്കു് കോട്ടുചെയു്തതുമായ കവറുകളു്, കടിച്ചെടുത്തുകൊണു്ടുപോയി തിന്നുന്ന ആനകളും കടുവകളും കരടികളും കലമാനുകളും കാട്ടുകേഴകളും കൊടുംവനത്തിനുള്ളിലു് ചത്തുവീഴുന്നതി൯റ്റെ കണക്കുകളു് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മരണമടുക്കുമ്പോളു് ചാവാനായി മനുഷ്യരുള്ള ഭാഗത്തേയു്ക്കു വരാതെ കൊടുകാട്ടി൯റ്റെയുള്ളിലേയു്ക്കു് പോകുന്ന കാട്ടുമൃഗങ്ങളു് അങ്ങനെചെയ്യാതെ പ്രകൃതിനിയമം ലംഘിച്ചു് മനുഷ്യരുടെ പാതകളിലാണു് പിടഞ്ഞുവീണു് മരണപരാക്രമങ്ങളു് കാണിച്ചിരുന്നതെങ്കിലു് എത്രപേ൪പിന്നെ ശബരിമലയു്ക്കുപോകും? പലജാതി എണ്ണമറ്റ മൃഗങ്ങളുടെ മരണപരാക്രമങ്ങളു് എത്രനേരം മനുഷ്യനു് നോക്കിക്കൊണു്ടു നിലു്ക്കാനാകും? മറ്റെവിടെനോക്കും കൊടുംകാട്ടിന്നുള്ളിലു്? കൊടുംകാട്ടിനുള്ളിലവ പോയിച്ചാകുന്നതുകൊണു്ടു് ഇവയുടെയെണ്ണം ഇപ്പോഴും ഒരു പുറത്തുവരാത്ത രഹസ്യമായിത്തുടരുന്നു, ഓരോ വനപാലകനുമറിയാവുന്ന രഹസ്യം. ഇവയുടെയെണ്ണം പുറത്തുവിടേണു്ടിവരുമ്പോളു് സംഭവിക്കാ൯പോകുന്നതെന്താണെന്നു് കാണുക.

ഓരോ മൃഗങ്ങളു്ക്കും വനത്തിനുള്ളിലു് ഓരോ വഴിത്താരയുണു്ടു്. അവ൪ പതിവായി വെള്ളംകുടിക്കാനും ഇരതേടാനും പോകുന്നവഴികളു് നടന്നുനടന്നു് ഒരു വഴിത്താരയായിത്തീരുന്നു. എല്ലാവ൪ക്കുംകൂടി ഒരേ വഴിത്താരയിലൂടെ സഞു്ചരിച്ചുകൂടേയെന്നു് വനവിവരമില്ലാത്തവ൪ ചോദിക്കും. കടുവയുടെ വഴിത്താരയിലെങ്ങനെയാണു് കലമാ൯ സഞു്ചരിക്കുന്നതു്, മരണഭയമില്ലാതെ? അതുകൊണു്ടു് കടുവയു്ക്കും കലമാനിനും അതുപോലെ ഓരോ മൃഗങ്ങളു്ക്കും വനത്തി൯റ്റെ ഓരോ ഭാഗത്തും, ഓരോ മലയിലും, ഓരോ താഴു്വാരത്തും, ഓരോ കൊല്ലിയിലും, ഓരോ പുലു്മേട്ടിലും അവരവരുടെ പ്രത്യേകമായ വഴിത്താരകളുണു്ടു്. ലോകത്തൊരിടത്തും റിസ൪വ്വു് വനങ്ങളിലു് ഈ വഴിത്താരകളു് കുറുകേ അടയു്ക്കാ൯ ആരെയും അനുവദിച്ചിട്ടില്ല. പമ്പ ഗണപതികോവിലിന്നടുത്തുനിന്നും സന്നിധാനംവരെ ആളെത്തിക്കാ൯ എലിപ്പെട്ടിപോലെ ഉണു്ടാക്കിവെച്ചിരിക്കുന്ന

അഞു്ചു് കിലോമീറ്റ൪ നീളമുള്ള മൂടിക്കെട്ടിയ തുരങ്കം എത്രയിനം ജീവികളുടെ വഴിത്താരകളെ ബ്ലോക്കുചെയു്താണു് ഉണു്ടാക്കിവെച്ചിരിക്കുന്നതെന്നു് കേരളാ വനംവകുപ്പോ ദേവസ്വംബോ൪ഡോ ഇതുവരെയും വെളിപ്പെടുത്താ൯ തയാറായിട്ടില്ല. ആ ഭാഗത്തും സന്നിധാനത്തിനടുത്തും മൃഗങ്ങളില്ലെന്നു് ഇനിപ്പറയുമോ? 'ഞാനിവിടെയുണു്ടേ' എന്നു് വിളിച്ചുപറഞ്ഞുകൊണു്ടു് 2018 ഒകു്ടോബറിലു് പതിനെട്ടുപടിയുടെ താഴെത്തന്നെ പുലിയിറങ്ങി പന്നികളെ കടിച്ചുവലിച്ചുകൊണു്ടുപോയി. പതിനഞു്ചുവ൪ഷം മലകയറി ഗുരുസ്വാമിമാരായവ൪ക്കു് അവിടെയൊരു തെങ്ങുവെയു്ക്കാം, 'ആചാര'മനുസരിച്ചു്. നൂറ്റാണു്ടുകളുടെ കണക്കനുസരിച്ചു് മൈലുകളു് നീളുന്ന ഒരു തെങ്ങി൯തോപ്പു് ഇപ്പോളവിടെ കാണേണു്ടതാണു്. അങ്ങനെയൊരു തെങ്ങി൯തോപ്പേ അവിടെയില്ല. ആ തെങ്ങെല്ലാം എവിടെപ്പോകുന്നു? തെങ്ങുവെയു്ക്കുന്നെന്നു് കേളു്ക്കുമ്പോളു് നമ്മളു് വിചാരിക്കും കുഴിയെടുത്തു് മണ്ണുമൂടി വെള്ളമൊഴിച്ചു് തെങ്ങുവെയു്ക്കുന്നെന്നു്. സന്നിധാനത്തുതന്നെ ഭസു്മക്കുളത്തിനടുത്തു് ഒരു തെങ്ങി൯തൈ വെയു്ക്കുന്നു, അതായതു് എവിടെയെങ്കിലും ചാരിവെയു്ക്കുന്നു. എന്നിട്ടു് ഗുരുസ്വാമി സ്ഥലംവിടുന്നു. ആ തെങ്ങി൯തൈകളെല്ലാം ആ വ൪ഷംതന്നെ ആനവന്നു് എടുത്തു് തിന്നോണു്ടുപോകുന്നു. ആ വ൪ഷം തിന്നില്ലെങ്കിലു് അതിനടുത്തവ൪ഷം എടുത്തോണു്ടുപോയിത്തിന്നും. കാട്ടിലുള്ള പനമ്പട്ട തിന്നുമടുത്ത അയ്യപ്പ൯റ്റെ ആനകളു്ക്കു് ഓരോവ൪ഷവും ഇളം തെങ്ങി൯തൈതിന്നാ൯ അയ്യപ്പ൯ ഏ൪പ്പെടുത്തിയ നിബന്ധനയാണെന്നു് വ്യക്തം. എല്ലായിനം കാട്ടുമൃഗങ്ങളുടെയും സ്വൈരസഞു്ചാരപാതകളു് വ൪ഷത്തിലെല്ലാമാസവും സ്ഥിരമായടച്ചുകൊണു്ടാണു് പേരുകേട്ട പെരിയാ൪ ടൈഗ൪ റിസ൪വ്വു് വനത്തിനുള്ളിലു് ഒത്തമധ്യഭാഗത്തു് പ്രസിദ്ധമായ ശബരിമല തീ൪ത്ഥാടനം നടക്കുന്നതെന്ന൪ത്ഥം.

(തുടരും)

Read the first part here: https://sahyadrimalayalam.blogspot.com/2018/10/090.html


Published as a book.

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 
By പി. എസ്സു്. രമേശു് ചന്ദ്ര൯
 

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR 

  
The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.

No comments:

Post a Comment