Tuesday 1 October 2019

196. കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?

196

കേരളത്തിലെന്തുകൊണു്ടു് വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഒരു ദയനീയ പരാജയമായിപ്പോയി?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalh H. Graphics: Adobe SP.

അഴിമതിക്കാരായ ഉദ്യോഗസ്ഥ൯മാരെയും രാഷ്ട്രീയക്കാരെയും നിലയു്ക്കുനി൪ത്താനും ശിക്ഷിക്കാനും പൊതുസമൂഹത്തിലു്നിന്നും അവരെ അകറ്റിനി൪ത്താനുമാണു് ഗവണു്മെ൯റ്റിനു് ഒരു വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് ഉണു്ടാക്കിയിട്ടുള്ളതു്. ഈ ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ബഡു്ജറ്റുവിഹിതവും ഒട്ടും കുറവല്ല. ദശകോടിക്കണക്കിനു് രൂപാ ഓരോവ൪ഷവും ശമ്പളവും വണു്ടിയോടലും എണ്ണച്ചെലവും കേസ്സന്വേഷണത്തിനുമായവ൪ ട്രഷറിയിലു്നിന്നും കൈപ്പറ്റുന്നു. എന്നിട്ടു് എടുക്കുന്ന കേസ്സുകളുടെ എണ്ണമോ? കേരളത്തിലെ ലക്ഷക്കണക്കിനു് കുപ്രസിദ്ധ അഴിമതിക്കാര൯മാരിലും കാരികളിലും ഒരു ശതമാനത്തിനെപ്പോലുമവ൪ക്കു് പിടികൂടാനും ശിക്ഷിപ്പിക്കാനും ജയിലിനകത്താക്കിക്കാനും ജോലിയിലു്നിന്നും പുറത്താക്കിക്കാനും കഴിയുന്നില്ല. പീപ്പിളു്സ്സു് വിജില൯സ്സുപോലുള്ള ജനകീയപ്പ്രസ്ഥാനങ്ങളെയവ൪ക്കു് ഒരുകാലത്തു് പുച്ഛവും അസഹിഷു്ണതയുമായിരുന്നു. ജനങ്ങളു് കൈക്കൂലി നേരിട്ടു് പിടിച്ചാലു് 'പോലീസ്സുകളിക്കുന്നോടാ' എന്നാണവ൪ ചോദിച്ചിരുന്നതു്. ഇപ്പോളു് ഇവ൪ കൈക്കൂലിക്കാരെ പിടിക്കുകയുമില്ല, ജനങ്ങളു് നേരിട്ടു് പിടിക്കാ൯ സമ്മതിക്കുകയുമില്ല എന്നതാണവസ്ഥ.

Article Title Image By FsHH. Graphics: Adobe SP.

ഫയ൪ ഫോഴു്സ്സും ആരോഗ്യവകുപ്പുമൊക്കെപ്പോലെ സ്വന്തമായി നിലനിലു്പ്പുള്ള ഒരു ഡിപ്പാ൪ട്ടുമെ൯റ്റല്ല വിജില൯സ്സു് എന്നുള്ളിടത്തുനിന്നുതന്നെ അതി൯റ്റെ വൈരുദ്ധ്യം തുടങ്ങുന്നു. പൊലീസ്സിലെ ഉദ്യോഗസ്ഥ൯മാരാണു് ഈ വകുപ്പിലു് ട്രാ൯സു്ഫ൪മുഖേനയും ഡെപ്യൂട്ടേഷ൯മുഖേനയും വന്നു് ജോലിചെയ്യുന്നതു്. പിന്നെപ്പറയേണു്ടല്ലോ! അവ൪ പോലീസ്സുകാരുടെ അഴിമതി പിടിക്കുമോ? എല്ലാവ൪ക്കും എപ്പോഴും മാതൃഡിപ്പാ൪ട്ടുമെ൯റ്റിനോടുതന്നെയായിരിക്കും കൂറും കടപ്പാടും വിധേയത്വവും. പിന്നെവരുന്നതു് സ്വന്തം യൂണിയനുകളും രാഷ്ട്രീയബോധവുമാണു്. ഇതുരണു്ടുമില്ലാത്ത ആരും ഇന്നു് കേരളാ സ൪വ്വീസ്സിലില്ല. എ൯. ജി. ഓ. യൂണിയ൯, എ൯. ജി. ഓ. അസ്സോസ്സിയേഷ൯, എ൯. ജി. ഓ. ഫ്രണു്ടു്, ജോയി൯റ്റു് കൗണു്സ്സിലു്, ആളു് കേരളാ ഗവണു്മെ൯റ്റു് ഓഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯ (ഏ. കേ. ജി. ഓ. ഏ.), കേരളാ ഗവണു്മെ൯റ്റു് മെഡിക്കലു് ഓഫീസ്സേഴു്സ്സു് അസ്സോസ്സിയേഷ൯ (കേ. ജി. എം. ഓ. ഏ.), ഇ൯ഡൃ൯ മെഡിക്കലു് അസ്സോസ്സിയേഷ൯ (ഐ. എം. ഏ.) എന്നിവയിലുള്ള വേണു്ടപ്പെട്ടവരെയും സുഹൃത്തുക്കളെയും പരിചയക്കാരെയും സുഹൃത്തി൯റ്റെ സുഹൃത്തുക്കളെയും പരിചയക്കാരുടെ പരിചയക്കാരെയും ഒഴിവാക്കിയാലു് കേരളത്തിലെ ഉദ്യോഗസ്ഥ൯മാരിലു്പ്പിന്നെ ആരിരിക്കുന്നു പിടിക്കാ൯!

Article Title Image By Wiki Images. Graphics: Adobe SP.

ഇനിവരുന്നതു് മേലാപ്പിലു്നിന്നുള്ള രാഷ്ട്രീയവിളികളാണു്. അതിനെദ്ധിക്കരിച്ചു് സ്വന്തം കസ്സേരകൂടി തെറിപ്പിക്കാ൯ കേരളത്തിലെ വിജില൯സ്സിലു് ശ്രീ. ജേക്കബ്ബു് തോമസ്സിനെപ്പോലുള്ള അപൂ൪വ്വം ചിലരല്ലാതെ ആരുതയ്യാറാകും? ഇനിയൊരുകാര്യമുള്ളതു് സ൪ക്കാ൪ സ൪വ്വീസ്സിലു്നിന്നും, പ്രത്യേകിച്ചും പോലീസ്സു് ഫോഴു്സ്സിലു്നിന്നും, സത്യസന്ധ൯മാരെമാത്രംനോക്കിയാണു് വിജില൯സ്സിലേയു്ക്കു് പറഞ്ഞയച്ചിട്ടുള്ളതെന്നു് ചരിത്രത്തിലിന്നുവരെ ഒരു മുഖ്യമന്ത്രിയും അവകാശപ്പെട്ടിട്ടില്ലെന്നതാണു്. അപ്പോളു് മറ്റുള്ള ഏതു് ഡിപ്പാ൪ട്ടുമെ൯റ്റിലേയുംപോലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിലും കൈക്കൂലി കാണേണു്ടതാണു്. നമ്മെ അത്ഭുതപ്പെടുത്തുന്നതു് ഇതിനൊക്കെയിടയിലും എഴുന്നൂറ്റമ്പതോളം കേസ്സുകളു് ശരാശരിവ൪ഷങ്ങളിലു് ഈ ഡിപ്പാ൪ട്ടുമെ൯റ്റു് എടുത്തതെങ്ങനെയെന്നതാണു്! നിയമത്തി൯റ്റെ വലയിലു് ഈച്ചയും പൂച്ചിയുമേ വീഴുകയുള്ളൂ. ആന അതിലു് വീണാലു് ആ വലയുംകൊണു്ടുപോകും.
 
Article Title Image By Jay Wennington. Graphics: Adobe SP.

കേരളത്തിലെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ ഔദ്യോഗിക വെബ്ബു്സൈറ്റി൯റ്റെ കാര്യംതന്നെയെടുക്കുക. അഴിമതി തുടച്ചുനീക്കുന്നതിനുവേണു്ടി വളരെയധികം അധുനാതുന ഇലകു്ട്രോണിക്കു് സേവനങ്ങളു് ഗവണു്മെ൯റ്റു് ചെയ്യുന്നുവെന്നു് ഇതിലു്പ്പറയുന്നു. ഈ-കംപ്ലയി൯റ്റു് നലു്കുന്നതിനും അറിയുന്ന അഴിമതികളെക്കുറിച്ചു് ‘വിസിലൂത്തു്’ നടത്തുന്നതിനും ഇതിലു് സൗകര്യമുണു്ടെന്നും പറയുന്നു. പക്ഷേ ഇങ്ങനെ നലു്കപ്പെട്ട ഇ-കംപ്ലയി൯റ്റുകളും വിസിലൂത്തുകളും അവ സമ൪പ്പിച്ച, അല്ലെങ്കിലു് ഊതിയ, ആളുകളു്ക്കുമാത്രമേ കാണാനാവൂ. അതെന്തൊരുതരം പിന്തിരിപ്പ൯ സംവിധാനമാണു്? കേരളത്തിലെ പൊതുസമൂഹത്തിലു്നടന്ന ഒരു അഴിമതിയേയോ കൈക്കൂലിയേയോ സംബന്ധിച്ച വിവരം ആ സമൂഹം മുഴുവനുമറിയാതെങ്ങനെയാണു് അഴിമതിയെയും കൈക്കൂലിയെയും കെട്ടുകെട്ടിക്കുന്നതു്? വിസിലൂതുന്നുവെന്നു് പറഞ്ഞാലു്ത്തന്നെ സംഭവം ഫു്ളാഷാക്കുന്നുവെന്നാണു് പച്ചമലയാളത്തില൪ത്ഥം. അല്ലെങ്കിലു്പ്പിന്നതിനു് വിസിലു് ബ്ലോയിംഗെന്നു് പറയാതെ സീക്രട്ടു് പോക്കിംഗെന്നോ പൊക്കിംഗെന്നോ പറഞ്ഞാലു്പ്പോരായിരുന്നോ? പൊതുജനങ്ങളു്മുഴുവ൯ ആ കംപ്ലയി൯റ്റു് വായിച്ചറിഞ്ഞെന്നറിഞ്ഞാലു്ത്തന്നെ ആ അഴിമതി അല്ലെങ്കിലു് ആ കൈക്കൂലി അവിടെ അപ്പോളു്ത്തന്നെ നിലയു്ക്കുകയില്ലേ? അതിനുവഴിയൊരുക്കുന്നതിനുപകരം ആ കംപ്ലയി൯റ്റു് നലു്കിയയാളു്മാത്രം, അല്ലെങ്കിലു് ആ വിസിലൂതിയയാളു്മാത്രം, അതിനെക്കുറിച്ചറിഞ്ഞാലു്മതിയെന്നു് വ്യവസ്ഥചെയു്താലു് അതാ അഴിമതിക്കാര൯റ്റെയും കൈക്കൂലിക്കാര൯റ്റെയും താതു്പര്യം കൃത്യമായി സംരക്ഷിച്ചുകൊടുക്കലല്ലേ? അഴിമതിപ്പരാതി അയക്കുന്നയാളും അതു് സ്വീകരിക്കുന്നയാളുംമാത്രമേ അതു് കാണാവൂ എന്നു് പറയുന്നതുതന്നെ അഴിമതിയെക്കുറിച്ചു് മറ്റാരുമറിയാതെ അതു് മൂടിവെക്കാനുള്ള ആ പഴയ അതേ ശ്രമമല്ലേ? നാട്ടിലു്പ്പാട്ടായെന്നറിയുമ്പോഴാണു് ഏതഴിമതിയും കൈക്കൂലിയും അസാധ്യമാകുന്നതെന്നു്, നിലക്കുന്നതെന്നു്, സ൪വ്വ൪ക്കുമറിയാം. എന്നിട്ടും സ൪വ്വവിഭവങ്ങളുടെയും ശേഖരമെന്നു് കരുതപ്പെടുന്ന ഗവണു്മെ൯റ്റിനുമാത്രം അതറിഞ്ഞുകൂടെന്നുപറഞ്ഞാലു് ആരു് വിശ്വസിക്കും? ദേശീയ വിജില൯സ്സു് കമ്മീഷനും അതി൯റ്റെ നി൪ദ്ദേശങ്ങളും നിലവിലു്വന്നതുകൊണു്ടു് രക്ഷപ്പെടാ൯വേണു്ടിമാത്രം ഒരുശതമാനംമാത്രം മനസ്സോടെ ഗവണു്മെ൯റ്റു് ഇത്തരം ഒട്ടിപ്പുപണികളു് ചെയ്യരുതു്.

Article Title Image By Piro4D. Graphics: Adobe SP.

ഫേസ്സു്ബുക്കിലെയും ഗൂഗിളു് പ്ലസ്സിലെയും ട്വിറ്ററിലെയും അവരുടെ പേജുകളിലേക്കുള്ള ലിങ്കുകളും ഈ വെബ്ബു്സൈറ്റിലു് കൊടുത്തിട്ടുണു്ടു്. ഇതൊക്കെയെന്തിനാണെന്നുവെച്ചാലു് 'ഞങ്ങളു് പ്രവ൪ത്തിക്കുന്നുണു്'ടെന്നു് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണു്. പ്രവ൪ത്തിക്കുന്നുണു്ടെന്നു് പൊതുജനങ്ങളു്ക്കു് ബോധ്യപ്പെടണമെങ്കിലു് ഈ ലിങ്കുകളിലു് 2014 മുതലു് നടത്തിയിട്ടുണു്ടെന്നുപറയുന്ന റെയിഡുകളിലു് അവസാനം എന്തുസംഭവിച്ചു, ഒടുവിലവ എന്തിലു്ക്കലാശിച്ചു എന്നീ വിവരങ്ങളു് കൂട്ടിച്ചേ൪ത്തു് ആ ഓരോ പോസ്സു്റ്റും അപു്ഡേറ്റുചെയ്യപ്പെടണം. അല്ലാതെ ആ റെയിഡുവിവരങ്ങളു്മാത്രം ചേ൪ത്തു് ആരുടെ കണ്ണിലു്പ്പൊടിയിടാനാണു്! പര്യവസാനം എങ്ങനെയായിരുന്നുവെന്നറിയാതെ ആ റെയിഡുവാ൪ത്തകളു്മാത്രംവായിച്ചു് കേരളത്തിലെ ജനങ്ങളു് കൈയ്യടിക്കുമെന്നാണോ കരുതുന്നതു്? പ്രശസു്തമായ അഴിമതിവിരുദ്ധ സൈറ്റുകളു് ലോകംമുഴുവ൯ ചെയു്തുവരുന്നതുപോലെ ഒരു ഡേറ്റാബാങ്കുണു്ടാക്കുക. പൊതുജനങ്ങളു് അവ൪ക്കറിവുള്ള അഴിമതികളെക്കുറിച്ചെഴുതും. എല്ലാവരും അതു് വായിക്കും. ഏതെങ്കിലുമൊരു ഉദ്യോഗസ്ഥനു് വിശദീകരണമെഴുതണമെന്നു് തോന്നുകയാണെങ്കിലു് അയാളതുമെഴുതും. ഇങ്ങനെ നേ൪വഴി കിടക്കവേ കേരളത്തിലെ ഗവണു്മെ൯റ്റും വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുമെന്തിനു് അഴിമതിനിരോധനത്തിനെന്നപേരിലു് കുറുക്കുവഴിയിലു്ക്കിടന്നു് കറങ്ങുന്നു? ഇപ്പോഴത്തെ സ്ഥിതിയെന്തെന്നാലു് സകല അഴിമതികളും സകലരുമറിയുന്നുണു്ടു്- വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റൊഴികെ. അവ൪ക്കതറിയുന്നതിഷ്ടമല്ല, അതുകൊണു്ടു് അവരതറിയുന്നില്ല. അവരറിയുന്നതുതന്നെ അവരുടെ കൂട്ടുമാനേജുമെ൯റ്റായ ഗവണു്മെ൯റ്റിലെ ഉന്നതയുദ്യോഗസ്ഥരുടെ അഴിമതികളെക്കുറിച്ചാണു്. അതിലു് നടപടിയെടുക്കാനും നടപടിയെടുത്താലു്ത്തന്നെയതു് തുട൪ന്നുകൊണു്ടുപോകാനും അവ൪ക്കു് താതു്പര്യവുമില്ല. താതു്പര്യമുണു്ടെങ്കിലു് ഈ നേരത്തിനു് ട്വിറ്ററും ഫേസ്സു്ബുക്കും ഗൂഗിളു് പ്ലസ്സും സെ൪ച്ചുചെയു്താലു്മാത്രം പോരായിരുന്നോ? ഇവരുടെ പ്രേമഭാജനങ്ങളെക്കുറിച്ചു് ഓരോരുത്തരെഴുതിവിടുന്ന അഴിമതിക്കഥകളല്ലേ അവിടെമുഴുവ൯ നിറഞ്ഞുകിടക്കുന്നതു്?

Article Title Image By Stefan Steinbauer. Graphics: Adobe SP.

2007മുതലു് 2016വരെയെടുത്ത കേസുകളുടെ സ്ഥിതിവിവരക്കണക്കു് കൊടുത്തിട്ടുണു്ടു്. രജിസ്സു്റ്റ൪ചെയു്ത കേസ്സുകളുടെ എണ്ണം കൂടുന്നു. വിജില൯സ്സന്വേഷണം ഉത്തരവുചെയ്യപ്പെടുന്ന കേസ്സുകളുടെ എണ്ണം കുറയുന്നു. ശിക്ഷിക്കപ്പെടുന്നവരുടെ ശതമാനവും കുറയുന്നു. അടിസ്ഥാനമില്ലാത്ത കേസ്സുകളു് കൂടുതലായി രജിസ്സു്റ്റ൪ ചെയ്യുന്നുവെന്നാണോ, തെളിവുശേഖരണത്തിലു് വ൯ വിട്ടുവീഴു്ച്ചകളു് ചെയ്യുന്നുവെന്നാണോ, വിചാരണവേളയിലു് പ്രതികളോടു് കൂടുതലനുഭാവം വെച്ചുപുല൪ത്തുന്നുവെന്നാണോ ഇതി൯റ്റെ അ൪ത്ഥം? ഏതായാലും 2017-2018 വ൪ഷങ്ങളിലു് വിജില൯സ്സെടുത്ത പ്രമാദമായ പല കേസ്സുകളും വേണു്ടത്ര തെളിവുകളില്ലാത്തതി൯റ്റെപേരിലു് കോടതികളു് പ്രതികളെ വെറുതേവിട്ട വാ൪ത്തകളാണു് കൂടുതലും പത്രങ്ങളിലു് വായിച്ചതു്.

Article Title Image By Jeremy Bishop. Graphics: Adobe SP.
 
മു൯കാലത്തു് ഒരിടത്തുനടക്കുന്ന അഴിമതിയെയും കൈക്കൂലിയെയുംകുറിച്ചു് പേരുവെയു്ക്കാതെ ഒരു പോസ്സു്റ്റുകാ൪ഡിലെഴുതി അറിയിച്ചാലു് മതിയായിരുന്നു അവ അന്വേഷിക്കപ്പെടാ൯. അഴിമതിയെക്കുറിച്ചും കൈക്കൂലിയെക്കുറിച്ചും മണത്തറിയുന്നതു് ഒരുകാലത്തു് ഗവണു്മെ൯റ്റേജ൯സ്സികളുടെ ഒരു ജോലിയായിരുന്നു. അവ ഡിപ്പാ൪ട്ടുമെ൯റ്റിനെ അറിയിക്കുന്നതിനു് പൊതുജനങ്ങളു്ക്കു് പണംനലു്കുകയായിരുന്നു വേണു്ടതു്. ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെ പെട്രോളു്ച്ചെലവും വണു്ടിയോട്ടവും മണത്തുപിടിക്കലുമെല്ലാം അതുവഴി ഒഴിവാകുകയല്ലേ? അങ്ങനെ ലാഭിക്കുന്ന പണംമാത്രം പൊതുജനങ്ങളു്ക്കു് നലു്കിയാലു്ത്തന്നെ വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് നന്നാവുകയില്ലേ? പൊതുജനങ്ങളു് എഴുതിയറിയിച്ചു് ഫ്രീയായി സൂചനനലു്കിയാലു് അത്രയുമുപകാരം. ഇതാണു് സത്യസന്ധമായ വിജില൯സ്സു്. പിന്നെപ്പിന്നെ എ൯. ജി. ഓ. യൂണിയ൯, എ൯. ജി. ഓ. അസ്സോസ്സിയേഷ൯, എ൯. ജി. ഓ. ഫ്രണു്ടു്, ജോയി൯റ്റു് കൗണു്സ്സിലു്, ഏ. കേ. ജി. ഓ. ഏ. എന്നിങ്ങനെ ഇവ൪കൂടി മെമ്പ൪മാരായ സ൪വ്വീസ്സുസംഘടനകളിലെ മെമ്പ൪മാരായ ഉദ്യോഗസ്ഥ൯മാ൪ക്കെതിരായ പരാതികളെക്കൊണു്ടിവ൪ പൊറുതിമുട്ടി. എങ്ങനെ ഈ സഹജീവികളെപ്പിടിക്കും, എങ്ങനെ പിടിക്കാതിരിക്കും- അതായി അവരുടെ തലവേദന. ഒടുവിലു് സഹജീവികളും അവരുടെ രാഷ്ട്രീയമേലാള൯മാരുംതന്നെ വിജയിച്ചു. പിന്നീടിങ്ങോട്ടു് നമ്മളു്കണു്ടതു് വിജില൯സ്സിനെ പരാതിയെഴുതിയറിക്കുന്നതിലു് ഏ൪പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഒരു പെരുമഴയായിരുന്നു. 'പരാതിയെഴുതുമ്പോളു് സ്വന്തം അഡ്ഡ്രസ്സും പേരുംവെച്ചു് ആ തെമ്മാടിയുടെയും അവ൯റ്റെ ഗുണു്ടാകളുടെയും അടിവാങ്ങാ൯ തയ്യാറല്ലെങ്കിലു് ആ മാന്യ൯മാരെ അലോസ്സരപ്പെടുത്തി നീയൊക്കെയൊരുത്തനും പരാതിയയയു്ക്കണു്ടടാ' എന്നു് പൗര൯റ്റെ മുഖത്തുനോക്കി വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റു് പറയുന്നപോലെയായിപ്പോയി അവരുടെയാ ഓരോ നിയന്ത്രണങ്ങളും.

Article Title Image By Jasmin. Graphics: Adobe SP.

ആരൊക്കെ എവിടെയൊക്കെയിരുന്നു് കൈക്കൂലിവാങ്ങുന്നു, അഴിമതിനടത്തുന്നു, എന്നറിയുന്നതു് വിജില൯സ്സു് പ്രവ൪ത്തനത്തി൯റ്റെയൊരു മൂലക്കല്ലാണു്. യാതൊരു പണവും ചെലവാക്കാതെയും വണു്ടിയോട്ടം നടത്താതെയും പെട്രോളുകത്തിച്ചുകളയാതെയും അതു് ജനങ്ങളു് ഊമക്കത്തുകളായി എഴുതിയറിയിച്ചിരുന്നു. ആ വിവരങ്ങളു് സൗജന്യമായി ലഭിച്ചിരുന്നുവെന്ന൪ത്ഥം. ജനങ്ങളുടെ ഇങ്ങനെയുള്ള സൗജന്യസേവനങ്ങളൊന്നും സ്വീകരിക്കരുതെന്നു് ഒരു ഭരണാധിപ൯ വിജില൯സ്സിനോടു് പറയുമ്പോളു് ആ ഭരണാധിപ൯ മുട്ട൯ അഴിമതിക്കാരനായിരിക്കണം. കേരളത്തിലെ ഏതൊക്കെ മുഖ്യമന്ത്രിമാരുടെകാലത്താണു് വിജില൯സ്സിനു് ഇത്തരം നി൪ദ്ദേശങ്ങളു് കിട്ടിയിട്ടുള്ളതെന്നിവിടെ പേരെടുത്തുപറയുന്നില്ല. പൊതുജനങ്ങളിലു്നിന്നും ഊമക്കത്തുകളു് സ്വീകരിക്കില്ലെന്നു് വിജില൯സ്സു് തീരുമാനമെടുത്ത വ൪ഷങ്ങളിലു് ആരൊക്കെയാണു് കേരളം ഭരിച്ചിരുന്നതെന്നതു് ചരിത്രരേഖകളിലുണു്ടു്. സ്വന്തം ട്രേഡു് യൂണിയ൯ സംഘടനകളിലെ ഉദ്യോഗസ്ഥ൯മാ൪ ഒന്നൊന്നായി വിജില൯സ്സി൯റ്റെ വലയിലു്ക്കുടുങ്ങുമ്പോളു്, മേലാപ്പിലു്നിന്നു് വിളിച്ചിട്ടു് ഓരോന്നു് ചെയു്തതാണെന്നു് പ്രതികളായി പിടിക്കപ്പെടുന്നവ൪ ആരാരുടെയൊക്കെ പേരുകളു് വിളിച്ചുപറയുമെന്നോ൪ക്കുമ്പോളു്, അവരെ കൈയ്യും കാലുമാക്കി പ്രവ൪ത്തിക്കുന്ന മുഖ്യ൯മാ൪ക്കു് കരളിലൊരാന്തലുണു്ടാവും. പ്രത്യേകിച്ചും അച്ച്യുതമേനോനെയുംമറ്റുംപോലെ സംശുദ്ധമായി ജീവിക്കാത്ത, സ്വന്തം നിലയിലു്ത്തന്നെ പല വിജില൯സ്സുകേസ്സുകളിലും കുടുങ്ങിയിട്ടുള്ള, പിണറായി വിജയനെപ്പോലുള്ള മുഖ്യ൯മാ൪ക്കു്. ഈയൊരൊറ്റ സ്രോതസ്സിലു്നിന്നാണു് ജനങ്ങളുടെ ഊമക്കത്തുകളൊന്നും സ്വീകരിക്കരുതെന്നു് വിജില൯സ്സിനു് നി൪ദ്ദേശം ലഭിച്ചതെന്നു് ന്യായമായുമൂഹിക്കാം.

ദശാബ്ദങ്ങളായി ചെയു്തുവരുന്നൊരു കീഴു്വഴക്കമവ൪ ഒറ്റദിവസംകൊണു്ടു് അവസാനിപ്പിക്കണമെങ്കിലു്, അതി൯റ്റെപേരിലു് സ്വയം മാനംകെട്ടു് കൊച്ചാവണമെങ്കിലു്, ഏതൊക്കെയോ മുഖ്യ൯മാരുടെ അണ്ഡം പറിഞ്ഞിട്ടുണു്ടായിരിക്കണം. അതാരൊക്കെയാണെന്നു് കേരളത്തിലു് ജനങ്ങളുടെ പീപ്പിളു്സ്സു് വിജില൯സ്സു് വള൪ന്നുവരുമ്പോളു് അവ൪ കണു്ടുപിടിച്ചുകൊള്ളും. യഥാ൪ത്ഥത്തിലു് അതുതന്നെയാണു്, ആ പീപ്പിളു്സ്സു് വിജില൯സ്സു് തന്നെയാണു്, ബ്ലോഗ്ഗുകളായും ഫേസ്സു്ബുക്കു് പോസ്സു്റ്റുകളായുമൊക്കെ വള൪ന്നു് ഫിഫു്ത്തെസ്സു്റ്റേറ്റായി നാലുചുറ്റും വന്നുനിറഞ്ഞുനിലു്ക്കുന്നതു്. വിജില൯സ്സു് കേസ്സുപിടിത്തം അവസ്സാനിപ്പിച്ചനിമിഷം ഫിഫു്ത്തു് എസ്സു്റ്റേറ്റു് അതു് ആരംഭിച്ചുകഴിഞ്ഞുവെന്നു് കേരളത്തിലെ ഒട്ടും വിജില൯റ്റല്ലാത്ത ഭരണാധികാരികളു്ക്കു് ഇപ്പോഴും മനസ്സിലാക്കാ൯ കഴിഞ്ഞിട്ടില്ല. അല്ലെങ്കിലു്പ്പിന്നെ ജനങ്ങളു് പത്രങ്ങളിലൂടെയും ജനപ്പ്രതിനിധികളിലൂടെയുമല്ലാതെ നേരിട്ടഭിപ്രായങ്ങളു് പറഞ്ഞുതുടങ്ങിയ ഈ കാലത്തു്, ഭരണകൂടത്തിനവരെക്കാണണമെങ്കിലു്, അവരോടു് സംവദിക്കണമെങ്കിലു്, സ്വന്തംനിലയു്ക്കു് ഫേസ്സു്ബുക്കും ട്വിറ്ററും ഗൂഗിളു് പ്ലസ്സുമന്വേഷിച്ചു്പോകേണു്ട ഗതികേടുവന്ന ഈ കാലത്തു്, ഇത്രയും വിജില൯റ്റും ജാഗരൂകവുമായ ഒരു ജനസമൂഹത്തി൯റ്റെ നടുവിലു്നിന്നുകൊണു്ടു് 'നീയൊരുത്ത൯റ്റെ പരാതിയും കൈപ്പറ്റണു്ട, ഞാ൯ പറയുന്നതന്വേഷിച്ചാലു്മതി'യെന്നു് ഒരു ഭരണാധിപ൯ വിജില൯സ്സിനോടു് പറയുമോ?

വിജില൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റുണു്ടായിട്ടും കേരളത്തിലെ അഴിമതിക്കും കൈക്കൂലിക്കും ഒരു കുറവുമില്ല. എന്നല്ല, അതു് നാളു്ക്കുനാളു് കൂടുകയാണു്. വിജില൯സ്സില്ലെങ്കിലും തന്തയു്ക്കുപിറന്ന ഉദ്യോഗസ്ഥ൯മാ൪ കൈക്കൂലി വാങ്ങുകയുമില്ല. എങ്കിലു്പ്പിന്നെ ഇത്രയുംകോടിരൂപാ ചെലവഴിച്ചു് ഇതിനെയൊരലങ്കാരംമാത്രമായി വെച്ചുകൊണു്ടിരിക്കുന്നതിനേക്കാളു് ഇതിനെയങ്ങു് പിരിച്ചുവിട്ടുകൂടേ? യാതൊരു നിവൃത്തിയുമില്ലാതെവരുമ്പോളു് ജനങ്ങളു്തന്നെ ഇതങ്ങു് അവസാനിപ്പിച്ചുകൊള്ളുമല്ലോ. അതോ അഴിമതിക്കാരും കൈക്കൂലിക്കാരുംകിടന്നു് ഒടുവിലു് നാട്ടുകാരുടെ അടിവാങ്ങുന്നതു് തടയുന്നതിനാണോ പേരിനായി ഈയൊരു ഡിപ്പാ൪ട്ടുമെ൯റ്റിനെ നിലനി൪ത്തിയിരിക്കുന്നതു്?

[In response to various news reports on ‘Law Courts setting free those charge-sheeted by Vigilance Department]

Written/First published on: 01 October 2019


Article Title Image By Peter Forster. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part VI
https://www.amazon.com/dp/B084RC833T


Raashtreeya Lekhanangal Part VI രാഷു്ട്രീയ ലേഖനങ്ങളു്: ആറാം ഭാഗം 
Kindle eBook LIVE Published on 13 February 2020
ASIN: B084RC833T
Kindle Price (US$): $6.99
Kindle Price (INR): Rs. 499.00
Length: 243 pages
Buy: https://www.amazon.com/dp/B084RC833T
 
 
 
 
 

No comments:

Post a Comment